ഗൌരി ലെങ്കെഷിന്റെ വീട്ടിലേക്ക്…


ബാഗ്ലൂരിലെ രാജരാജേശ്വരി നഗറിൽ നിന്ന് തിരിഞ്ഞ് ഇടറോഡുകളുകൾ പലത് താണ്ടി വേണം ഗൗരിലങ്കേഷിന്റെ വീട്ടിലെത്താൻ. തുറന്നിരിക്കുന്ന കടയോ വഴിപോക്കരോ സർവ്വസാധാരണമല്ലാത്ത മുൻവശത്തുള്ള വഴിയിൽ മണിക്കൂറുകളോളം ആക്രമികൾക്കു കാത്തു നിൽക്കാം . ആരും ചോദിക്കില്ല. വെടി ശബ്ദം കേട്ടാലല്ലാതെ അയൽപ്പക്കത്തുള്ള ജനാലകൾ തുറക്കുകയുമില്ല. സാക്ഷികളില്ലാതെ കൃത്യം നിർവ്വഹിക്കാൻ ആക്രമികൾക്ക് കഴിഞ്ഞത് മറ്റൊന്നും കൊണ്ടല്ല. ഞാനും , ബാംഗ്ലൂരിലെ എസ്സൻസ് ഫ്രീ തിങ്കെഴ്സ്ക്ലബ്ബ് സുഹൃത്തുക്കളായ രമേഷ് രാജശേഖരൻ , അനൂപ് , രാഹുൽ പോളക്കൽ എന്നിവരും അവിടെ ചെല്ലുമ്പോൾ സ്വീകരിക്കാൻ പോലീസുകാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സ്വീകരിക്കാനായിരുന്നില്ല പറഞ്ഞു വിടാനായിരുന്നു അവര്‍ക്ക് താൽപ്പര്യം. വീട് പൂട്ടിയിരിക്കുന്നു. ഗൗരിക്ക് മക്കളില്ല. ഭർത്താവുമില്ല. അമ്മ അവരുടെ വീട്ടിലാണ് താമസം. ആരെയും കാണാനുള്ള മാനസികാവസ്ഥയിലല്ല അവർ. സഹോദരൻ ഇന്ദ്രജിത്തിന് അതിർത്തിയിലെ പട്ടാളക്കാരുടെ കാര്യമോർത്താണ് കൂടുതൽ സങ്കടം. സഹോദരി കവിത മാധ്യമ വിശദീകരണങ്ങളുമായി തിരക്കിലാണ്. പോലീസ് എൻക്വയറിയുമായും അവർക്ക് സഹകരിക്കേണ്ടതുണ്ട്. സുഹൃത്തായ Dr. KS ഭഗവാനുമായി ബന്ധപ്പെട്ട് ഞങ്ങൾ സഹോദരിയെ വിളിച്ചു. കുറച്ചു നേരം അവരുമായി ഫോണിൽ സംസാരിച്ചു. കേരളത്തിലെ സ്വതന്ത്രചിന്തകരുടെ ഉത്കണ്ഠയും സങ്കടവും ആദരാഞ്ജലികളും ഞങ്ങൾ അവരെ അറിയിച്ചു. കൂടുതൽ സംസാരിക്കാനായി മറ്റൊരു ദിവസം കൂടിക്കാഴ്ചക്കായി അവർ അനുവദിച്ചു. തീവ്രമതവിശ്വാസം ഒരു വ്യക്തിയിൽ കടുത്തു വരുന്നത് ഭരണാധികാരവുമായി ബന്ധപ്പെട്ടല്ല. മതവിശ്വാസം തീവ്രമതവിശ്വാസത്തിലേക്കും മതമൗലികവാദത്തിലേക്കും വളരുന്നു. ഒരു സംസ്ഥാനത്തോ ജില്ലയിലോ പോലും നിർണ്ണായക ഭൂരിപക്ഷമുണ്ടെന്നു പറയാൻ കഴിയാത്ത കാലത്താണ് കുറച്ചു ഹിന്ദു മഹാസഭാ ബ്രാഹ്മണന്മാർ ഗാന്ധിയെ പരസ്യമായി കൊല്ലുന്നത്. അവരുടെ മതത്തിനും വിശ്വാസത്തിനുമായി എന്തോ മഹത് കൃത്യം ചെയ്ത ഭാവത്തിൽ അവർ എതിർപ്പുകൾ നേരിട്ടു. സന്തോഷപൂർവ്വം അവർ കൊലക്കയർ കഴുത്തിലിട്ടു. ജോസഫ് മാഷുടെ കൈ വെട്ടിയവരെ പറ്റിയും നമുക്കോർക്കാം.ഒരു പടക്കം പൊട്ടിച്ച് ആളെയറിച്ചാണവർ പരസ്യമായി പള്ളിക്കു മുന്നിൽ വെച്ച് കൈവെട്ടിയെടുക്കുന്നത് . ഈ മതവാദികൾ ജയിലിൽ പോകുന്ന സമയം എത്രമാത്രം സന്തോഷം പങ്കുവെച്ചാണ് അവർ ഫോട്ടോക്ക് പോസ്സു ചെയ്തത് എന്നോര്‍ക്കാം . മത സാഹിത്യം വായിച്ച് സ്വയം ചാവേറിനു തയ്യാറെടുക്കുന്നവരെ ഒറ്റപ്പെട്ട ചെന്നായകൾ എന്നാണ് വിളിച്ചു വരുന്നത്. തങ്ങളുടെ മതത്തെയും വിശ്വാസത്തെയും തകർക്കാൻ മാത്രമായി നടക്കുന്ന അപരരുടെ ഒരു കൂട്ടത്തെ അവർ ചുറ്റിലും മായക്കാഴ്ചയിൽ കാണുന്നു. അനന്തരം അവർ ട്രക്കിടിച്ച് ആൾക്കൂട്ടത്തിലേക്ക് കയറ്റുന്നു. അല്ലെങ്കിൽ ഒരു തോക്കെടുത്ത് ആൾക്കൂട്ടത്തിനിടയിലേക്ക് തലങ്ങും വിലങ്ങും വെടിവെക്കുന്നു. ഫാറൂഖിനെ സ്വന്തം മതക്കാര്‍ വകവരുത്തിയത് രാത്രിയുടെ മറവിലാണെങ്കിലും പകല്‍ വെളിച്ചത്ത് ആക്രമികള്‍ പോലീസ്സ് സ്റ്റേഷനില്‍ കയറിച്ചെന്ന് അവര്‍ ആഹ്ലാദം പങ്കുവെക്കുകയുണ്ടായി . “അല്ലാഹുവിനുവേണ്ടി ഒരുത്തരവാദിത്വം നിറവേറ്റി” അവര്‍ പറഞ്ഞു . ബീഫ് കൊലകള്‍ ഉത്സവ ഘോഷത്തോടെയാണ് നടപ്പാക്കപ്പെടുന്നത് . വടക്കും പടിഞ്ഞാറുമുള്ള cow belt എന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ അങ്ങേയറ്റം ജനപിന്തുണ അതിനുറപ്പുവരുത്താന്‍ പുരോഹിതന്മാര്‍ മുന്നിട്ടിറങ്ങുന്നു . മുഹമ്മദ്‌ അത്ലാക്കിനെ കൊല്ലാന്‍ അമ്പലത്തിലെ ഉച്ചഭാഷിയാണ് നിലവിളിച്ചതെന്നോര്‍ക്കുക . പ്രവാചകനിന്ദക്ക് പകരമായി പശുനിന്ദയെ അവര്‍ ഉയര്‍ത്തി കൊണ്ടുവരുന്നു . ഇവിടെ ഉണര്‍ന്ന ഹിന്ദു ആവശ്യപ്പെടുന്നത് ഇസ്ലാമിന്റെ സ്റ്റാറ്റസ് ആണ് . പ്രവാചകന്‍റെ സ്ഥാനത്തേക്ക് പശുവിനെ കൊണ്ടുവരിക . പ്രവാചകനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇസ്ലാം സമുദായത്തെ പേടിച്ചുകൊണ്ട് ഒരു മതേതരന്‍ എങ്ങിനെയാണോ വിഴുങ്ങുന്നത് അതെപോലെ ഹൈന്ദവബിബങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും വിഴുങ്ങുക . വിമര്‍ശനാതീത പദവിയിലേക്ക് മതബിംബങ്ങളെ ഉയര്‍ത്തുക . ആദ്യം പശു , പിന്നെ രാമന്‍ , കൃഷ്ണന്‍ അവസാനം കുട്ടിച്ചാത്തന്‍ വരെ . നരേന്ദ്ര ധബോൽക്കർ മുതലുള്ള ഒറ്റപ്പെട്ട കൊലകൾക്ക് മേൽ വിവരിച്ച പ്രകാരമുള്ള ആഹ്ലാദങ്ങളൊന്നും ദ്രിശ്യമല്ല . ഇവിടെയൊന്നും ആരു ഭരിക്കുന്നു എന്നത് ആക്രമികള്‍ കാര്യമാക്കിയീട്ടില്ല . ധബോല്‍ക്കാര്‍ കൊല്ലപ്പെടുമ്പോള്‍ ഭരണാധികാരികള്‍ കോണ്‍ഗ്രസ്‌ ആയിരുന്നല്ലോ .. ഭരണാധികാരികള്‍ക്ക് വേണമെങ്കില്‍ അവരെ പിന്തുണക്കാം എന്നാണവരുടെ മനോഭാവം . ഹെല്‍മെറ്റൊക്കെ ഇട്ടു വന്നു വെടിവെച്ചു അവര്‍ പോയി . പനസാരെ വധത്തിലും ഇതാവര്‍ത്തിച്ചു . കല്ബുര്‍ഗ്ഗി , ഇപ്പോഴിതാ ഗൌരിയും . ഇത്തരം വധങ്ങളുടെ ശ്രേണിയില്‍ കേരളത്തില്‍ പരാമര്‍ശയോഗ്യമായ ഒരു കൊല തീര്‍ച്ചയായും ടി പി ചന്ദ്രശേഖരന്റെതാണ്. ഇരുട്ടിന്റെ മറവില്‍ അത് നടന്നു . തിരിച്ചറിയപ്പെടാതിരിക്കാനായി കൊലപാതകികള്‍ വന്ന വണ്ടിയുടെ മേല്‍ “മാഷ അള്ള” സ്റ്റിക്കര്‍ പതിച്ചു . അനന്തരം അവര്‍ ഒരജ്ഞാത കേന്ദ്രത്തില്‍ പോയൊളിച്ചു . കുട്ടികളുടെയും വിദ്യാര്‍ഥികളുടെയും അച്ഛനമ്മമാരുടെയും മുന്നിലിട്ട് പരസ്യമായി വെട്ടിക്കൊല്ലുന്ന മാര്‍ക്സിസ്റ്റു – ആര്‍ എസ് എസ് ശൈലിക്ക് അപരിചിതമായ ഒന്നായിരുന്നു ടിപി.യുടെ രഹസ്യ വധം . നടപ്പുകൊലകളുടെ ന്യായീകരണം പോലെ മുന്‍പ് കൊന്നതിന്റെ ഒരു കണക്കും ആസൂത്രകര്‍ക്ക് പറയാനുണ്ടായിരുന്നില്ല. കാരണം ധബോല്‍ക്കാര്‍ , പനസാരെ , കല്ബുര്‍ഗ്ഗി , ഗൌരി എന്നിവര്‍ക്കെതിരെ എന്നപോലെ ആ കൊല ഒരാശയത്തെ പ്രതിരോധിക്കാനായിരുന്നു . സര്‍വ്വനാശം വിതക്കാന്‍ കഴിവുള്ള മതങ്ങള്‍ക്കെതിരെ നിര്‍ഭയം സംസാരിക്കാനുള്ള സ്വാതന്ത്യം എന്ന ആശയമാണ് സ്വതന്ത്ര ചിന്തകര്‍ ഉയര്‍ത്തിയതെങ്കില്‍ കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെട്ട മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ത്ത് മാര്ക്സിസത്തിന്റെ തൊഴിലാളി വര്‍ഗാഭിമുഖ്യം തിരിച്ചു പിടിക്കുക എന്ന ആശയമാണ് ടിപി ഉയര്‍ത്തിയത്‌ . (വര്‍ഗ്ഗ രാഷ്ട്രീയം തന്നെ ശരിയല്ലെന്ന് കരുതുന്നതിനാല്‍ ആ ആശയത്തോട് എനിക്ക്ഒരു യോജിപ്പുമില്ലെന്നു വ്യക്തമാക്കി കൊള്ളുന്നു) ഈ രണ്ടാശയങ്ങളെയും ആശയതലത്തില്‍ നേരിടാന്‍ മതത്തിനോ പ്രത്യയശാസ്ത്ര പ്രചാരകര്‍ക്കോ ആവില്ലെന്ന് മാത്രമല്ല പൊതുസമൂഹത്തിനു ഇത്തരം പുരോഗമന ആശയങ്ങളോടുള്ള താലപ്പര്യത്തെ അവര്‍ ഭയക്കുകയും ചെയ്യുന്നു. ഇരുട്ടിന്റെ മറയും ഹെല്‍മെറ്റും മാഷ അള്ള സ്റ്റിക്കറും വേണ്ടിവരുന്നത് അപ്പോഴാണ്‌ . അതുകൊണ്ടാണ് . വികസിത ലോകം മതനിരാസത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ ഇന്ത്യ മതാധിപത്യത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്നു . മതത്തെ നിഷേധിക്കുന്നിടത്തു നിന്നാണ് ആധുനികതയുടെ ലോകവീക്ഷണം ആരംഭിക്കുന്നത് എന്ന് സ്വതന്ത്ര ചിന്തകര്‍ നിരീക്ഷിക്കുമ്പോള്‍ ശ്രീകൃഷ്ണനെ സബ്മേഴ്സീവ് പൊട്ടന്‍ഷ്യല്‍ ഉള്ള ദൈവമായി പ്രത്യയശാസ്ത്ര വിശാരദര്‍ കണ്ടെടുക്കുന്നു . മാര്‍ക്സിസത്തെ സ്വതന്ത്ര ചിന്തയേക്കാള്‍ കൂടിയ സാധനമായി കാണുന്ന ജാതി അത്ഭുത മനുഷ്യരുള്ള ലോകത്തിലെ ഏക തുരുത്തായ കേരളത്തില്‍ അങ്ങിനെ സബ്മേഴ്സീവ് പൊട്ടന്‍ഷ്യല്‍ ഉള്ള നേതാവായി മോദി മാറുന്നു . മതപ്രീണനക്കാരുടെ ക്യു ബീവറെജിലെ ക്യുവിനെക്കാള്‍ വലുതാകുന്നു . സച്ചിതാനന്ദനെ പോലുള്ള ഉയര്‍ന്ന തരം കവികള്‍ പോലും ആ ക്യുവിന്റെ പിന്നില്‍ പോയി നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നു . ക്യുവിന്‍റെ നീളം വര്‍ദ്ധിക്കുമ്പോള്‍ കുറയുന്നത് എന്തായിരിക്കും . തീര്‍ച്ചയായും സംവാദങ്ങള്‍ സാധ്യമായിരുന്ന പൊതു ഇടത്തിന്റെ വിസ്ത്രിതി തന്നെ .അത് ഭയാനകമാം വിധം നേര്‍ത്തുനേര്‍ത്തു വരുന്നു . പ്രവാചകന്‍റെ പേരില്‍ തുടങ്ങി കുട്ടിച്ചാത്തന്‍റെ പേരില്‍ വരെ കുരുപൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന സബ്മേഴ്സീവ് പൊട്ടന്‍ഷ്യലിസ്റ്റുകള്‍ തുറന്ന ഇടത്തെ ഇറുക്കിയടക്കുന്നു . സ്വതന്ത്ര ചിന്തകര്‍ക്കിവിടെ പ്രത്യേക റോള്‍ ഒന്നുമില്ല . അത് ഉറപ്പിച്ചു ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരിക്കാം ഇടയ്ക്കിടയ്ക്ക് തോക്കുകള്‍ ഗര്‍ജ്ജിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *