പ്രളയകാലത്തെ മഴക്ഷാമം


2008 ബീജിംഗ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങ് നടന്ന കിളിക്കൂട് (Bird’s Nest’) എന്ന് നാമകരണംചെയ്ത മേല്‍ക്കൂരയില്ലാത്ത മുഖ്യ സ്റ്റേഡിയത്തിന് മുകളില്‍ നിന്ന് മഴയെ ആട്ടിയോടിച്ചത് അക്കാലത്ത് വാര്‍ത്ത ആയിരുന്നു. മഴമേഘങ്ങള്‍ ‘കിളിക്കൂടി’ന് മുകളില്‍ എത്തുന്നത് തടയാന്‍ സില്‍വര്‍ അയഡൈഡ് (silver iodide) കലര്‍ന്ന മിശ്രിതം സമീപ പ്രദേശങ്ങളില്‍ വിതറാന്‍ 21 കേന്ദ്രങ്ങളില്‍ നിന്നും 1110 റോക്കറ്റുകളാണ് സംഘാടകര്‍ ഉദ്ഘാടനത്തിന് തലേദിവസം മുതല്‍ തൊടുത്തുവിട്ടത്. ദൗത്യം വിജയമായി. മഴമേഘങ്ങള്‍ ബീജിംഗില്‍ എത്തുന്നതിന് മുമ്പ് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പെയ്‌തൊഴിഞ്ഞു, ചടങ്ങ് ഈര്‍പ്പരഹിതമായി അരങ്ങേറി. ചൈന പല അവധിദിവസങ്ങളിലും ഈ തന്ത്രം ആവിഷ്‌ക്കരിക്കാറുണ്ട്. അമേരിക്ക ഉള്‍പ്പടെ 52 രാജ്യങ്ങള്‍ മഴ സൃഷ്ടിക്കാനും തടയാനുമുള്ള(stop or control) ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് വേള്‍ മീറ്റിരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (World Meteorological Organization) പറയുന്നത്. കൃത്യമായ ഗൃഹപാഠം ചെയ്താല്‍ വ്യക്തമായ കാലാവസ്ഥാ പ്രവചനവും നിയന്ത്രണവും സാധ്യമാണ്. ചൈനയില്‍ തെളിഞ്ഞ കാലവസ്ഥ ഉള്ള ദിവസങ്ങളിലും രാവിലെ ഓഫീസില്‍ കുടയുമായി ജോലിക്കെത്തുന്ന സഹപ്രവര്‍ത്തകരെ കണ്ടിട്ടുണ്ടെന്ന് അടുത്തിടെ ഒരു സുഹൃത്ത് എഴുതി കണ്ടു. ഉച്ചയ്ക്ക് ശേഷം മഴയുണ്ടെന്ന കാലാവസ്ഥാ പ്രവചനമാണ് ഈ കരുതലിന് കാരണം. പ്രവചനം അനുസരിച്ച് മഴ പെയ്യുകയും ചെയ്യുമത്രെ. യാഗത്തിന്റെ അന്ത്യദിനം മഴ പ്രതീക്ഷിച്ച് കുട കൊണ്ടുപോകുന്ന കൊടുംഭക്തരെ കണ്ടിട്ടുണ്ടോ? വിശ്വസിക്കുന്ന കാര്യങ്ങളില്‍ കാര്യമായ പ്രതീക്ഷ വെച്ചു പുലര്‍ത്താതാണ് മിക്കവരും ജീവിതാവസാനംവരെ അന്ധവിശ്വാസികളായി തുടരാന്‍ കാരണം. ഈയിടെ കേരളത്തിലെ ഒരു അറിയപ്പെടുന്ന ജ്യോതിഷി പ്രളയകാലത്ത് മഴക്ഷാമം പ്രവചിച്ച് വാര്‍ത്തകളിലേക്ക് ഒഴുകിയെത്തിയതോര്‍ക്കുക. മഴ പെയ്യുമോ എന്ന് കൃത്യമായി പറയാന്‍ നമ്മുടെ കാലവസ്ഥാ നിരീക്ഷകര്‍ ചിലപ്പോള്‍ പരാജയപ്പെടാറുണ്ട്. ”പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്”എന്നാണവര്‍ പറയാറ്, പിന്നെന്തിനാ ജ്യോതിഷത്തെ കുറ്റപ്പെടുത്തുന്നത് എന്നൊരു മറുചോദ്യം ജ്യോതിഷപ്രവചനങ്ങള്‍ തെറ്റുമ്പോള്‍ ഉയരുക പതിവാണ്. സയന്‍സിലും തെറ്റുവരാം, ജ്യോതിഷത്തിലും തെറ്റുവരാം എന്ന രീതിയിലുള്ള ഒരുതരം മയക്കുവെടിയാണിത്. വാസ്തവത്തില്‍ ജ്യോതിഷപ്രവചനവും കാലാവസ്ഥാപ്രവചനവും താരതമ്യപ്പെടുത്താനാവില്ല. കാലാവസ്ഥപ്രവചനം മനുഷ്യരുടെ വൈയക്തികവികാരങ്ങളെയോ ജീവിതാനുഭവങ്ങളെയോ സംബന്ധിച്ച ഊഹാപോഹമല്ല. അതില്‍ നിഗൂഡവും അജ്ഞേയവുമായ ശക്തികളുടെ സാന്നിധ്യവുമില്ല. വസ്തുനിഷ്ഠമായ വിവിധയിനം വിവരങ്ങള്‍ വിശകലനം ചെയ്താണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞരിലും മിക്കവരും ഒന്നാംകിട അന്ധവിശ്വാസികളായിരിക്കാം 🙂 പക്ഷെ, അവര്‍ ചെയ്യുന്ന ജോലി സയന്‍സിന്റെ രീതിശാസ്ത്രം ആധാരമാക്കിയാണ്. അവിടെ ദിവ്യജ്ഞാനമോ അജ്ഞാതസ്വാധീനങ്ങളോ കടന്നുവരുന്നില്ല. നിര്‍ധാരണത്തില്‍ സംഭവിക്കുന്ന മനുഷ്യസഹജമായ തെറ്റുകളും ഉപകരണങ്ങളുടെ ന്യൂനതകളുമൊക്കെ പ്രവചനങ്ങളുടെ കൃത്യത കുറച്ചേക്കാം. എന്നാല്‍ ‘ദിവ്യത്വം’ അവകാശപ്പെടുന്ന ജ്യോതിഷ പ്രവചനങ്ങളില്‍ തെറ്റോ കൃത്യതക്കുറവോ പാടില്ല. ജ്യോതിഷം ദിവ്യമാണെങ്കില്‍ അത് വ്യക്തിനിഷ്ഠമായി വ്യതിയാനപ്പെടില്ല. എന്നാല്‍ മനുഷ്യന്റെ ഭാവനാവിലാസങ്ങള്‍ക്ക് അനുസൃതമായി വികസിപ്പിച്ചെടുത്ത ഒരു കപടവിദ്യായാണെങ്കില്‍ അങ്ങനെ സംഭവിക്കാം. അതാണ് ജ്യോതിഷപ്രവചനങ്ങളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. കാലവസ്ഥപ്രവചനത്തിന്റെ ഒരു മാതൃക നോക്കാം: ”ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദ്ദം കാറ്റിന്റെ ഗതിയനുസരിച്ച് ആന്ധ്രാതീരവും കടന്ന് കേരളത്തിലേക്ക് വരുന്നതിനാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളിലും ദക്ഷിണജില്ലകളിലും പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” കാലവസ്ഥാപ്രവചനത്തില്‍ പൂര്‍ണ്ണമായ കൃത്യത എളുപ്പമാകാത്തതിന്റെ കാരണമെന്താണ്? അന്തരീക്ഷം അക്ഷരാര്‍ത്ഥത്തില്‍ പ്രവചനാതീതമാണ്. സൂര്യപ്രകാശം വഴിയുള്ള ഊര്‍ജ്ജവിതരണക്രമം(Rate of Solar radiation) സ്ഥിരമല്ല. നിരന്തരം വ്യതിയാനപ്പെടുന്ന വായുപ്രവാഹങ്ങളുടെ കാര്യം പറയുകയും വേണ്ട. ആര്‍ദ്രത(humidity), ചൂട്(temperature), മര്‍ദ്ദം(pressure), കാറ്റിന്റെ ഗതിയുംപ്രവാഹവും തുടങ്ങിയ ഒട്ടനവധി അസ്ഥിരഘടകങ്ങള്‍(variables) ഫലത്തെ സ്വാധീനിക്കും. കാലവസ്ഥാപ്രവചനത്തില്‍ പരിഗണിക്കുന്ന ഘടകങ്ങളും(factors) ഉപയോഗിക്കുന്ന വേരിയബിളുകളും(variables) ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടവയാണ്. പക്ഷെ അവയില്‍ പലതും ചഞ്ചല(fluctuating)മാണെന്നതാണ് പ്രശ്‌നം. മുകളില്‍ കൊടുത്തിരിക്കുന്ന പ്രവചനം തന്നെ ശ്രദ്ധിക്കുക. ഇവിടെ ഒരു സുപ്രധാന ഘടകം കാറ്റിന്റെ ഗതിയാണ്. കാറ്റടിച്ച് ന്യൂനമര്‍ദ്ദം കേരള തീരത്തിലെത്തിയാല്‍ മഴ പെയ്യും. പക്ഷെ കാറ്റിന്റെ ഗതി മാറുകയോ ദുര്‍ബലപ്പെടുകയോ ന്യൂനമര്‍ദ്ദം തന്നെ അസ്ഥിരപ്പെടുകയോ ചെയ്താല്‍ കേരളത്തില്‍ പ്രതീക്ഷിച്ചപോലെ മഴയുണ്ടാവില്ല. സദാ വ്യതിയാനപ്പെടാന്‍ സാധ്യതയുള്ള ഘടകങ്ങളെ ആധാരമാക്കി പ്രവചനം നടത്തേണ്ടിവരുന്നത് ഓടുന്ന കുതിരയുടെ പുറത്തിരുന്ന് ചായ കുടിക്കുന്നത് പോലെ ദുഷ്‌ക്കരമാണ്. കാലാവസ്ഥപ്രവചനം നമുക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. കൃഷി, മത്സ്യബന്ധനം, ജലഗതാഗതം, വ്യോമയാനം തുടങ്ങി സര്‍വ മേഖലകളിലും അത് അത്യന്താപേക്ഷിതമാണത്. പക്ഷെ ഇതാണോ ജ്യോതിഷത്തിന്റെ കാര്യം? അത് അനിവാര്യമല്ലെന്ന് മാത്രമല്ല അനാവശ്യവും ഭൂലോക തട്ടിപ്പുമാണ്. അതുണ്ടാക്കുന്ന ലഹരി മദ്യത്തെയും മയക്കുമരുന്നിനെയുംകാളും മാരകമാണ്. വസ്തുനിഷ്ഠമായി സ്ഥിരീകരിക്കപ്പെട്ട വേരിയബിളുകള്‍ ജ്യോതിഷത്തിലില്ല. ചൊവ്വയും ശനിയും പാപികളാകുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ”ചുമ്മാ…” എന്നോ ”ആ..” എന്നോ രണ്ടു ഉത്തരങ്ങളേ സാധ്യമാകൂ. ജ്യോതിഷം പരിഗണിക്കുന്ന വേരിയബിളുകള്‍ ചഞ്ചലമല്ലെന്നതും ശ്രദ്ധിക്കണം. ഗ്രഹങ്ങളുടെ ഭ്രമണദിശയോ വേഗതയോ ഗതിയോ വലുപ്പമോ രാശിമാറ്റമോ ചഞ്ചലമല്ല. ഇതാ ഒരു പ്രവചനം: ”അഷ്ടമാധിപന്‍ മൂന്നാം ഭാവാധിപനോടു കൂടി അഞ്ചാംഭാവത്തില്‍ വരികയും അഷ്ടമത്തില്‍ ചൊവ്വ ശനിയോട് നില്‍ക്കുകയും ചെയ്താല്‍ സഹോദരകോപം കൊണ്ട് പുത്രനാശം സംഭവിക്കാം”(പേജ് 96, ജ്യോതിഷബ്രഹ്മരഹസ്യം, ദേവി ബുക്ക് സ്റ്റോള്‍, കൊടുങ്ങല്ലൂര്‍). ഇവിടെ പറയുന്ന ഗ്രഹചലനങ്ങളൊക്കെ പ്രതീക്ഷിതവും സ്ഥിരവുമാണ്. അഷ്ടമത്തിന്റെ അധിപനായ ഗ്രഹം അഞ്ചാം ഭാവത്തില്‍ വരുമെന്ന് പറയുന്ന സമയത്തുതന്നെ വന്നിരിക്കും. കാറ്റ് പോലെയോ ന്യൂനമര്‍ദ്ദം പോലെയോ അത് മാറിപ്പോകില്ല. ബാക്കി ഗ്രഹചലനങ്ങളെല്ലാം അങ്ങനെതന്നെ. പക്ഷെ മേല്‍പ്പറഞ്ഞ ഗ്രഹങ്ങള്‍ പരാമര്‍ശിക്കുന്ന സ്ഥാനങ്ങളില്‍ വന്നാല്‍ കുട്ടി മരിക്കുമോ എന്നതാണ് വിഷയം. കാലവസ്ഥാശാസ്ത്രത്തിന് പിഴവ് പറ്റാന്‍ മുഖ്യകാരണം ഭൗമാന്തരീക്ഷത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളാണെങ്കില്‍ ജ്യോതിഷത്തില്‍ അങ്ങനെയൊരു പ്രശ്‌നമില്ലെന്ന് സാരം. പ്രവചനത്തിന് ആധാരമാക്കുന്ന നക്ഷത്ര-ഗ്രഹചലനങ്ങളും അവയുടെ സ്ഥാനങ്ങളും സ്ഥിരവും ആവര്‍ത്തനസ്വഭാവമുള്ളവയുമാണ്. ഗ്രഹങ്ങള്‍ ഇന്നയിന്ന സമയത്ത് ഇന്നയിന്ന സ്ഥാനത്ത് വരുമെന്നത് ഉറപ്പായ കാര്യമാണ്. പക്ഷെ വന്നാലും പ്രവചിക്കുന്നതുപോലെ സംഭവിക്കുമെന്ന കാര്യത്തിലാണ് ഉറപ്പില്ല. കാലാവസ്ഥപ്രവചനത്തില്‍ അപ്രതീക്ഷതിമായ അന്തരീക്ഷമാറ്റങ്ങള്‍ ഒഴികഴിവായി ഉന്നയിക്കാം. പക്ഷെ ജ്യോതിഷിക്ക് അങ്ങനെയൊരു രക്ഷാമാര്‍ഗ്ഗമില്ല. വ്യാഴം ഇന്ന സമയത്ത് ഇന്ന രാശിയില്‍ വന്നില്ലെന്നോ ചന്ദ്രന്‍ ഇന്ന നക്ഷത്രത്തിനൊപ്പം ചേര്‍ന്നില്ലെന്നോ പറയാനാവില്ല. കാലവസ്ഥപ്രവചനം കേവലം ജ്യോതിഷപ്രവചനം പോലെയാണെന്ന് ധരിക്കരുത്. മിക്കപ്പോഴും കൃത്യമായ ഫലം പ്രവചിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. വമ്പന്‍ കൊടുങ്കാറ്റുകള്‍ രണ്ടാഴ്ചയ്ക്ക് മുമ്പേ കൃത്യമായി പ്രവചിക്കപ്പെടാറുണ്ട്. കൃത്യം എന്നാല്‍ ഏകദേശകൃത്യത(approximate accuracy) എന്നു കാണണം. രസകരമായ കാര്യമെന്തെന്നാല്‍, ജ്യോതിഷം പിറവിയെടുക്കുന്നത് പ്രാചീനമായ കാലാവസ്ഥപ്രവചനശാസ്ത്രത്തില്‍ നിന്നാണ്. ഒരിക്കല്‍ കാലാവസ്ഥപ്രവചനത്തിന് ഉപയോഗിച്ചിരുന്ന സാങ്കേതികവിജ്ഞാനത്തിലേക്ക് ഉച്ചക്കിറുക്കുകളും യക്ഷിക്കഥകളും കുത്തിത്തിരുകി മനുഷ്യജീവിതം പ്രവചിക്കാനാണ് ഫലഭാഗജ്യോതിഷം ഉദ്യമിക്കുന്നത്. അപ്പോള്‍ മറു ചോദ്യമുയരാം: ചിലപ്പോഴൊക്കെ ഫലം കൃത്യമാക്കാന്‍ ജ്യോതിഷികള്‍ക്ക് കഴിയുന്നതെങ്ങനെ? ഇവിടെ ചോദ്യം തന്നെ തെറ്റാണ്. കാലാവസ്ഥപ്രവചനത്തിലെന്നപോലെ വ്യക്തമായ പ്രവചനം ജ്യോതിഷം നടത്താറില്ല. ”അടുത്ത 24 മണിക്കൂറിനുള്ളില്‍ കൊല്ലം പട്ടണത്തില്‍ മഴയെത്തും”എന്നു പ്രവചിക്കുന്നതു പോലെയല്ല ”ഈ ആഴ്ച മാനഹാനി ഉണ്ടാകാം, അടുത്ത മാസം തൊഴില്‍ തടസ്സമുണ്ടാകാം, വിഷു കഴിഞ്ഞ് സാമ്പത്തികനേട്ടമുണ്ടാകാം, സുഹൃത്തുകളില്‍ നിന്ന് മോശം അനുഭവം ഉണ്ടാകാം…”തുടങ്ങിയ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അവ്യക്തമായ പൊതുപ്രസ്താവങ്ങള്‍. ‘മഴ’ എന്നാല്‍ ഒരര്‍ത്ഥമേയുള്ളു. കാലാവസ്ഥപ്രവചനം തെറ്റിയാല്‍ നമുക്കത് കൃത്യമായി അറിയാനാവും. It is falsifiable. ജ്യോതിഷത്തെ സംബന്ധിച്ച് അത് പ്രയാസമാണ്. കാരണം ലളിതമാണ്-ജ്യോതിഷി ഒന്നും പ്രവചിക്കുന്നില്ല. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന കുറെ തട്ടിക്കൂട്ടലുകളും ഊഹാപോഹങ്ങളും കൊണ്ടുനിര്‍മ്മിച്ച ചങ്ങലയിലാണ് അയാള്‍ ജ്യോതിഷവിശ്വാസികളെ തളയ്ക്കുന്നത്. അവിടെ ശരിതെറ്റുകളില്ല, അന്ധവിശ്വാസം മാത്രം. സുഖദു:ഖ സമ്മിശ്രമായ മനുഷ്യജീവിതത്തില്‍ ഇന്നയിന്ന പ്രശ്‌നങ്ങളുണ്ടായത് ഇന്നയിന്ന ഗ്രഹസവിശേഷതകള്‍ കൊണ്ടാണ് എന്നുപറഞ്ഞാല്‍ ഒത്തുനോക്കുമ്പോള്‍ പലതും ശരിയാണെന്ന് വിശ്വാസികള്‍ക്ക് ‘തോന്നുക’സ്വാഭാവികമാണ്. അവയ്‌ക്കൊന്നും വസ്തുനിഷ്ഠമായ സ്ഥിരീകരണമോ തെളിവോ വിശ്വാസി ആവശ്യപ്പെടുന്നില്ല. ഇത്തരം’പ്രവചനം’നടത്താന്‍ ഗ്രഹങ്ങളോ കൈരേഖയോ വെറ്റിലയോ സംഖ്യകളോ അക്ഷരങ്ങളോ നിര്‍ബന്ധമില്ല. പ്രവചന വ്യവസ്ഥയില്ലാതെ ഊഹാപോഹം നടത്തിയാലും സമാന നിരക്കിലുള്ള വിജയം സുനിശ്ചിതമാണ്. പക്ഷെ വെറുതെ പ്രവചനം നടത്തിയാല്‍ ആരും കാര്യമായെടുക്കില്ല. എന്നാല്‍ വെറ്റിലയും സംഖ്യകളും കൈരേഖയും ഗ്രഹനിലയുമൊക്കെ അകമ്പടിയാകുമ്പോള്‍ പിറകില്‍ എന്തോ കൂട്ടൂസശക്തിയുണ്ടെന്ന് വിശ്വാസികള്‍ തെറ്റിദ്ധരിക്കുന്നു. ഇവിടെ നൂറ് ശതമാനം അന്ധവിശ്വാസിയും ഒരു ശതമാനം അന്ധവിശ്വാസിയും ഐ.എ.എസ് അന്ധവിശ്വാസിയും നിരക്ഷരഅന്ധവിശ്വാസിയും തമ്മില്‍ വ്യത്യാസമില്ല. എല്ലാവിഭാഗക്കാരും ചിന്തിക്കുന്നത് ഒരുപോലെയായിരിക്കും. ഏതാനും പ്രവചനങ്ങള്‍ ശരിയായാല്‍ പ്രവചനവിദ്യ ശരിയാണെന്നു വരുന്നില്ല;കുറെ പ്രവചനങ്ങള്‍ തെറ്റായതുകൊണ്ട് അപ്പാടെ തെറ്റാണെന്നും പറയാനാവില്ല. സമ്പൂര്‍ണ്ണമായി തെറ്റാകാനും സമ്പൂര്‍ണ്ണമായി ശരിയാകാനും ആര്‍ക്കും സാധ്യമല്ല. അചിന്ത്യമായ കാര്യമാണത്!! ചത്തിരിക്കുന്ന ഒരു ഘടികാരം പോലും ഒരു ദിവസം രണ്ടു പ്രാവശ്യം ശരിയായ സമയം കാണിക്കുമെന്നോര്‍ക്കുക. ഏതാനും സ്വീഡിഷ് വാക്കുകള്‍ കൃത്യമായി പറഞ്ഞുവെന്ന് കരുതി ആരും സ്വീഡിഷ് പ്രൊഫസറാകില്ല. ജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് നല്ലൊരു പങ്ക് പ്രവചനങ്ങളും പാളിപ്പോകുന്നതുകൊണ്ടല്ല. തീര്‍ച്ചയായും ജ്യോതിഷപ്രവചനങ്ങള്‍ പരിഹാസ്യമായ രീതിയില്‍ തെറ്റാറുണ്ട്. അക്കാര്യം തെല്ലു ജാള്യതയോടെ ജ്യോതിഷികളും സമ്മതിക്കാറുണ്ട്. ”എന്നെ പഴിച്ചോളൂ, ജ്യോതിഷത്തെ നിന്ദിക്കരുത്” എന്ന ന്യായീകരണവും സാധാരണമാണ്. അങ്ങിങ്ങ് കുറെ പ്രവചനങ്ങള്‍ ശരിയായി എന്ന പ്രതീതി ജനിപ്പിക്കാനും ജ്യോതിഷികള്‍ക്ക് കഴിയും-അതും സ്വാഭാവികം. പക്ഷെ അതുകൊണ്ടുമാത്രം ജ്യോതിഷത്തിന് സംശയത്തിന്റെ ആനുകൂല്യം നല്‍കാനാവില്ല. അങ്ങനെയൊരു നിലപാട് സ്വീകരിച്ചാല്‍ ലോകത്തെ ഒരു തട്ടിപ്പും നിരാകരിക്കാനാവില്ല, ഒരു തിന്മയും വര്‍ജ്ജിക്കാനുമാവില്ല. ഏറെ തെറ്റുകയും അപൂര്‍വമായി ശരിയാകുകയും ചെയ്യുക എന്നത് കപടവിദ്യകളുടെ പൊതുസ്വഭാവമാണ്. ജീര്‍ണ്ണിച്ച ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കാം;ഛര്‍ദ്ദിക്കണമെന്നുമില്ല. പക്ഷെ അപ്പോഴും അത് മലിനമല്ലാതാകുന്നില്ല. പ്രവചനം തെറ്റിയാല്‍ മാത്രമല്ല ശരിയായാലും ജ്യോതിഷം തട്ടിപ്പാണ്‌. It is as simple as that.

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *