പൊടിയോ, ഈര്‍പ്പമോ, മലിനീകരണമോ ഇല്ലാത്ത അണുവിമുക്തമായ ഒരു സ്ഥലം ഏതൊരു ചിപ്പ് നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്. പ്രകൃതിദത്തമായ അത്തരമൊരു സ്ഥലം ആണ് ചന്ദ്രന്‍. നിങ്ങളുടെ പുതിയ ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുമ്പോള്‍ അതിന്റെ കെയ്സില്‍ ‘Manufactured in The Moon’ എന്ന് കൊത്തിവച്ചിരിക്കുന്നത് കാണുന്നത് സങ്കല്‍പ്പിക്കുക. ഭാവിയില്‍ അത് സംഭവിച്ചേക്കാം.-രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു.
ബിഗ് ബാംഗ് തിയറി സീരിസിലെ ഒരു എപ്പിസോഡില്‍ ലെനാര്‍ഡും ഹൊവാര്‍ഡും തങ്ങളുടെ യൂണിവേഴ്‌സിറ്റിയിലെ ക്ലീന്‍ റൂമില്‍ ഒരു പരീക്ഷണം നടത്തുന്നതിനിടയില്‍, ഒരു പക്ഷി അതിലേക്ക് പറന്ന് വരുന്നത് കണ്ടപ്പോള്‍ ആണ് ക്ലീന്‍ റൂമുകളെക്കുറിച്ചറിയാന്‍ എനിക്ക് കൗതുകമുണ്ടായത്. അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ വില്ലിസ് വിറ്റ്ഫീല്‍ഡാണ് 1960-കളില്‍ ആധുനിക ക്ലീന്‍ റൂം കണ്ടുപിടിച്ചത്. വായുവിലൂടെയുള്ള കണികകളുടെ സാന്ദ്രത വളരെ കുറഞ്ഞ അളവില്‍ നിലനിര്‍ത്തുന്ന ഒരു സ്ഥലമാണ് ക്ലീന്‍ റൂം. ശാസ്ത്രീയ ഗവേഷണത്തിനും, സെമികണ്ടക്ടര്‍ ഉപകരണ നിര്‍മ്മാണം പോലുള്ള എല്ലാ നാനോസ്‌കെയില്‍ പ്രക്രിയകള്‍ക്കും ഇത്തരം മുറികള്‍ ആവശ്യമാണ്.
തായ്വാന്‍ സെമികണ്ടക്ടര്‍ പോലുള്ള ചിപ്പ് നിര്‍മ്മാതാക്കള്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളര്‍, ഇത്തരത്തില്‍ ഉള്ള പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ ചെലവഴിക്കുന്നു. ഈ പ്ലാന്റുകള്‍ക്ക് കുറ്റമറ്റ ശുചിത്വം ആവശ്യമാണ്. ഒരു അണുവിനേക്കാള്‍ ചെറിയ പൊടിപടലത്തിന് സിലിക്കണ്‍ വേഫറുകളില്‍ കൊത്തിവച്ചിരിക്കുന്ന സങ്കീര്‍ണ്ണമായ പാറ്റേണുകളെ അട്ടിമറിക്കാന്‍ കഴിയും. ആശുപത്രി ഓപ്പറേറ്റിംഗ് റൂമുകളേക്കാള്‍ 10,000 മടങ്ങ് വരെ ശുദ്ധവായു ഉള്ള ക്ലീന്‍ റൂമുകളില്‍ എഞ്ചിനീയര്‍മാര്‍ ബണ്ണി സ്യൂട്ടുകള്‍ ധരിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നു.
പൊടിയോ, ഈര്‍പ്പമോ, മലിനീകരണമോ ഇല്ലാത്ത അണുവിമുക്തമായ ഒരു സ്ഥലം ഏതൊരു ചിപ്പ് നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്. പ്രകൃതിദത്തമായ അത്തരമൊരു സ്ഥലം ആണ് ചന്ദ്രന്‍. നിങ്ങളുടെ പുതിയ ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുമ്പോള്‍ അതിന്റെ കെയ്സില്‍ ‘Manufactured in The Moon’ എന്ന് കൊത്തിവച്ചിരിക്കുന്നത് കാണുന്നത് സങ്കല്‍പ്പിക്കുക. ഭാവിയില്‍ അത് സംഭവിച്ചേക്കാം.
മസ്‌ക്ക് കൊണ്ടുവന്ന മാറ്റം
1961-ല്‍ ജോണ്‍ എഫ് കെന്നഡി അമേരിക്കക്കാരോട്, ഈ ദശകത്തില്‍ നമ്മള്‍ ചന്ദ്രനിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍, അമേരിക്കയ്ക്ക് മനുഷ്യനെക്കൊണ്ട് വെറും 15 മിനിറ്റ് ബഹിരാകാശ യാത്രാ അനുഭവം ആണ് ഉണ്ടായിരുന്നത്. ആളുകളെ എങ്ങനെ ചന്ദ്രനിലേക്ക് പറത്താമെന്നോ , അതില്‍ എങ്ങനെ ഇറങ്ങാമെന്നോ, തിരികെ വരാമെന്നോ ഒരു ധാരണയുമില്ലായിരുന്നു. എന്നാല്‍ വെറും എട്ട് വര്‍ഷത്തിന് ശേഷം, നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് കാലെടുത്തു വച്ചു ചരിത്രം സൃഷ്ട്ടിച്ചു.
ചെറുകിട സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫയര്‍ഫ്‌ലൈ എയ്റോസ്പേസിന്റെ ‘ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍’ കഴിഞ്ഞ മാര്‍ച്ച് മൂന്നാം തിയതി ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രന്റെ മണ്ണില്‍ കുഴിച്ചു. അവിടെ സ്ഥിരമായ താവളങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഡാറ്റ ശേഖരിക്കാനുമുള്ള നാസ ഉപകരണങ്ങള്‍ ഇത് വഹിക്കുന്നു. റഷ്യ, യുഎസ്, ചൈന, ഇന്ത്യ, ജപ്പാന്‍ എന്നിവര്‍ക്ക് മാത്രം സാധിച്ചതും ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും ഇന്നും അസാധ്യമായ ഒരു കാര്യമാണ്,് സുഗമമായ ലാന്‍ഡിങ്ങിലൂടെ വെറും പത്തു വര്‍ഷം മുമ്പ് സ്ഥാപിതമായ ഫയര്‍ഫ്‌ലൈ സാധിച്ചെടുത്തത്. മറ്റൊരു കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സിന്റെ ‘അഥീന’ ചന്ദ്രനിലേക്ക് 2,38,000 മൈല്‍ പറന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് അപൂര്‍ണ്ണമായ ഒരു ലാന്‍ഡിംഗ് കാരണം അതിന്റെ ദൗത്യം നിറവേറിയില്ല. ചന്ദ്രനിലെ പാറകള്‍ ശേഖരിക്കാനുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ച ജാപ്പനീസ് കമ്പനിയായ ഐസ്പേസിന്റെ ‘റെസിലിയന്‍സ് റോവര്‍’ ജൂണ്‍ 5 ന് ചന്ദ്രനില്‍ ഇറങ്ങും.
2021-ല്‍ ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായി സ്ഥാപിതമായ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വര്‍ദ സ്‌പേസ് ഇന്‍ഡസ്ട്രീസ്, ബഹിരാകാശത്ത് വസ്തുക്കള്‍ നിര്‍മ്മിച്ച് ഭൂമിയിലേക്ക് തിരികെ അയയ്ക്കാന്‍ കഴിയുമെന്ന് നമുക്ക് കാണിച്ചു തന്നു. ഭൂമിയില്‍ നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടുള്ള മരുന്നുകള്‍ വര്‍ദ ബഹിരാകാശത്ത് നിര്‍മ്മിക്കുന്നു. മൈക്രോഗ്രാവിറ്റിയില്‍ നിര്‍മ്മിച്ച മരുന്നുകള്‍ വഹിച്ചുകൊണ്ട് അവരുടെ രണ്ടാമത്തെ ബഹിരാകാശ ഫാക്ടറി കഴിഞ്ഞ മാസം ഭൂമിയിലേക്ക് തിരിച്ചു വന്നു.
2022-ല്‍ ആരംഭിച്ച കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ആസ്‌ട്രോഫോര്‍ജ് എന്ന കമ്പനി, ലോഹങ്ങളാല്‍ സമ്പന്നമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി 300 ദിവസത്തെ യാത്രക്കായി അവരുടെ ആദ്യത്തെ ഛിന്നഗ്രഹ ഖനന പ്രോസ്‌പെക്ടര്‍ വിക്ഷേപിച്ചിട്ടുണ്ട്.
മുന്‍ സ്‌പേസ്എക്‌സ് എഞ്ചിനീയര്‍ ഡഗ് ബെര്‍ണൗവറാണ് റേഡിയന്റ് ന്യൂക്ലിയര്‍ സ്ഥാപിച്ചത്. ചൊവ്വയിലെ കോളനിവല്‍ക്കരണത്തിനുള്ള ഊര്‍ജ്ജ പരിഹാരങ്ങള്‍ പര്യവേക്ഷണം ചെയ്യുമ്പോള്‍ ആണവോര്‍ജ്ജത്തിന്റെ സാധ്യതകള്‍ അദ്ദേഹം തിരിച്ചറിഞ്ഞു. ഈ കമ്പനി ട്രക്കില്‍ കൊണ്ടുപോകാന്‍ കഴിയുന്നത്ര ചെറിയ ന്യൂക്ലിയര്‍ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നു.
ഇതെല്ലാം എത്ര വേഗത്തിലാണ് സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചപ്പോള്‍ ആണ് മനസ്സിലായത്, എലോണ്‍ മസ്‌ക് ബഹിരാകാശ വ്യവസായത്തില്‍ പുതിയ ഒരു വിപ്ലവം സൃഷ്ട്ടിച്ച ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്. സ്പേസ് എക്സിന്റെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ വഴി പേലോഡ് ബഹിരാകാശത്ത് എത്തുന്നതിനുള്ള ചെലവ് ഏതാണ്ട് അര കിലോക്ക് 30,000 ഡോളര്‍ എന്നതില്‍ നിന്ന് 1,200 ഡോളര്‍ ആയി കുറഞ്ഞിരിക്കുന്നു. ഏതാണ്ട് 96% ചിലവ് കുറവ്!
സ്‌പേസ്, സ്റ്റാര്‍ട്ടപ്പുകളുടെ കളിസ്ഥലം!
ഒരു റോക്കറ്റ് ബഹിരാകാശത്തേക്ക് അയയ്ക്കുമ്പോഴെല്ലാം പലരും ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്: ‘ഭൂമിയിലെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ത്തിട്ട് ബഹിരാകാശത്തെക്കുറിച്ചു ചിന്തിച്ചാല്‍ പോരേ?’ പോരാ…
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ കാപ്സ്യൂളിനായി ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ രൂപകല്‍പ്പന ചെയ്ത സ്പേസ് എക്സ് എഞ്ചിനീയര്‍മാരുടെ മറ്റൊരു സംഘം ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. ആശുപത്രികള്‍ക്കായി അത്യന്താപേക്ഷിതമായ വായു ശുദ്ധീകരണ സംവിധാനങ്ങള്‍ സൃഷ്ട്ടിച്ചത് വഴി അണുബാധ നിരക്ക് 47% കുറയ്ക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക്, ഭൂമിയുടെ ഏറ്റവും വിദൂര കോണുകളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് നല്‍കി ലോകമെമ്പാടുമുള്ള 4.6 ദശലക്ഷം ഉപഭോക്താക്കളെ ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് എവിടെയും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കാനായി സ്റ്റാര്‍ലിങ്ക് അടുത്തിടെ ടി-മൊബൈലുമായി ഒരു കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഒരു സ്റ്റാര്‍ലിങ്ക് ഡിഷ് ആകാശത്തേക്ക് ചൂണ്ടിക്കാണിച്ചാല്‍ അതിവേഗ ബ്രോഡ്ബാന്‍ഡ്.
വാട്ടര്‍ ഫില്‍ട്ടറുകള്‍, ലാസിക് നേത്ര ശസ്ത്രക്രിയ, ജിപിഎസ്, കോര്‍ഡ്ലെസ് ഉപകരണങ്ങള്‍, സ്‌മോക്ക് ഡിറ്റക്ടറുകള്‍ എന്നിവയ്ക്ക് പൊതുവായി എന്താണുള്ളത്? നമ്മള്‍ ബഹിരാകാശത്തേക്ക് പോയതുകൊണ്ട് മാത്രമാണ് നമുക്ക് അവ ലഭിച്ചത്. നമ്മള്‍ ഇതുവരെ ബഹിരാകാശത്ത് ജീവിക്കാന്‍ തുടങ്ങിയില്ലെങ്കിലും ബഹിരാകാശത്തേക്ക് പോകുന്നത് നൂതനമായ കണ്ടെത്തലുകള്‍ക്കുള്ള സമ്മര്‍ദ്ദം നല്‍കുന്നു. ബഹിരാകാശ പര്യവേക്ഷണം ഭൂമിക്ക് ഒരു ഗവേഷണ-വികസന ലാബ് പോലെയാണ്. ബഹിരാകാശ പേടക സീറ്റ് തലയണകള്‍ക്കായി നാസ മെമ്മറി ഫോം വികസിപ്പിച്ചെടുത്തു. ബഹിരാകാശയാത്രികരുടെ ഹെല്‍മെറ്റ് വിസറുകള്‍ക്കായി പോറലുകളെ പ്രതിരോധിക്കുന്ന ലെന്‍സുകള്‍ നിര്‍മ്മിച്ചു. റോക്കറ്റുകള്‍ക്കായി നിര്‍മ്മിച്ച റേഡിയോ സിസ്റ്റങ്ങളില്‍ നിന്നാണ് വയര്‍ലെസ് ഹെഡ്ഫോണുകള്‍ ഉത്ഭവിച്ചത്. വിദൂര ഗ്രഹങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സെന്‍സറുകളുടെ നേരിട്ടുള്ള പിന്‍ഗാമിയാണ് നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ക്യാമറ. നിങ്ങളുടെ വീട്ടില്‍ കുറഞ്ഞത് ഒരു ഡസന്‍ വസ്തുക്കളെങ്കിലും നിലനില്‍ക്കുന്നത്, ബഹിരാകാശത്ത് അസാധ്യമായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ഏതോ എഞ്ചിനീയര്‍ക്ക് തന്റെ തലച്ചോര്‍ കാര്യമായി ഉപയോഗിക്കേണ്ടിവന്നത് കൊണ്ടാണ്!
മുമ്പ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം പ്രാപ്യമായ ബഹിരാകാശം ഇന്ന് സ്റ്റാര്‍ട്ടപ്പുകളുടെ ഒരു കളിസ്ഥലമാണ്. വിക്ഷേപണ ദാതാക്കളും ഉപഗ്രഹ സേവനങ്ങളും മുതല്‍ ബഹിരാകാശ ഖനനം, ഓര്‍ബിറ്റല്‍ നിര്‍മ്മാണം വരെ, ബഹിരാകാശ സമ്പദ്വ്യവസ്ഥ ഇനിയങ്ങോട്ട് ട്രില്യണ്‍ കണക്കിന് മൂല്യമുള്ളതായിരിക്കും. വലുതാകുമ്പോള്‍ ആരാകണമെന്ന് അമേരിക്കന്‍ കൗമാരക്കാര്‍ക്കിടയില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തിലെ ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വന്ന ഉത്തരം ‘യൂട്യൂബര്‍’ എന്നതാണ്. പോരാ… നമുക്ക് മികച്ച ഹീറോകള്‍ വേണം!