എന്താണ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍! വിഷ്ണു അജിത്ത് എഴുതുന്നു


“ക്യാപിറ്റലിസത്തിനുവേണ്ടി വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍, എല്ലാവര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉള്ള കച്ചവടത്തിലും ഇടപാടുകളിലും ഏര്‍പ്പെടുവാന്‍ ഉള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആണ് വാദിക്കുന്നത്. സ്വതന്ത്ര വിപണിക്കുവേണ്ടിയുള്ള വാദം എന്നാല്‍ വലിപ്പ ചെറുപ്പം ഇല്ലാതെ ആര്‍ക്കും അവരുടെ കഴിവിനും താല്‍പ്പര്യത്തിനും, അനുസരിച്ച് കച്ചവടം ചെയ്യുവാന്‍ ഉള്ള സ്വാതന്ത്ര്യം ആണ്. ഇത് യഥാര്‍ത്ഥത്തില്‍ നിലവില്‍ ഉള്ള മുതലാളിമാര്‍ക്ക് ഒട്ടും നേട്ടം ഉണ്ടാക്കാന്‍ പോകുന്ന വാദം അല്ല”

കമ്മ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍

കേരളത്തിലെ ആളുകള്‍ക്കിടയില്‍ വേരുറച്ച് പോയ കമ്മ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ് സാമ്പത്തിക അന്ധ വിശ്വാസങ്ങള്‍ പൊളിച്ചടുക്കപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങള്‍ ആയി. കാലഹരണപ്പെട്ട മാര്‍ക്സിയന്‍ മിച്ചമൂല്യ സിദ്ധാന്തം അടക്കമുള്ള മനോഭാവനകളെ തെളിവുകളും യുക്തിയും ഉപയോഗിച്ച് ചോദ്യം ചെയ്യുന്നത് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ക്ക് ഒരുപാട് പ്രയാസം ഉണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ ഉള്ള മാര്‍ക്സിയന്‍ അനുകൂലികള്‍ ഈ അടുത്തായി ഉന്നയിക്കുന്ന ഒരു വാദം ആണ് സാമ്പത്തിക അന്ധവിശ്വാസം എന്നൊന്നില്ല, മറിച്ച് അങ്ങിനെ പറയുന്നത് ഒരു ഉഡായിപ്പ് വാദം ആണ് എന്നത്.

അതിനു കാരണം ആയി പറയുന്നത് ഇക്കണോമിക്സ് ഒരു സോഷ്യല്‍ സയന്‍സ് ആയതുകൊണ്ട് വിവിധ നിലപാടുകള്‍ സാധ്യമാണ്, ഒന്ന് അന്ധവിശ്വാസം എന്ന് പറയാനാകില്ല എന്നത് ആണ്. ഈ വാദം അനുസരിച്ച് നോക്കുകയാണെങ്കില്‍ ഇത്ര കാലവും, ക്യാപിറ്റലിസത്തിനെ ഒരു ദുര്‍ഭൂതം ആയി ചിത്രീകരിച്ചത് വെറുതെ ആയി എന്ന് സമ്മതിക്കേണ്ടി വരും. കാരണം എല്ലാം വിവിധ നിലപാടുകള്‍ മാത്രം ആയി കണ്ടു കൊണ്ട് ഇരിക്കുന്നവര്‍ക്ക് തങ്ങളുടേത് അല്ലാത്ത ഒരു നിലപാട് തെറ്റാണ് എന്നും നരബലി പോലും ക്യാപിറ്റിലസം കാരണം ആണ്, ക്യാപിറ്റിലിസത്തെ അനുകൂലിക്കുന്നവര്‍ കരുണ ഇല്ലാത്ത ദുഷ്ടന്മാരും ചൂഷകരും ആണ് എന്നുമൊക്കെ എങ്ങനെ പറയാന്‍ കഴിയും?

അത്കൊണ്ട് തന്നെ തങ്ങളുടെ ആശയത്തെ ചോദ്യം ചെയ്യുന്നവരെ ആശയപരമായി പ്രതിരോധിക്കാന്‍ കഴിയാത്തത് കൊണ്ട് എല്ലാം വ്യത്യസ്ത നിലപാടുകള്‍ മാത്രം ആണ് എന്ന് വരുത്തി തീര്‍ത്ത് കൊണ്ട് തങ്ങളുടെ ചക്കര വിശ്വാസങ്ങള്‍ സംരക്ഷിക്കുവാന്‍ ഉള്ള വികലമായ മറ്റൊരു ശ്രമം മാത്രമായേ ഇതിനെ കാണുവാന്‍ കഴിയൂ.

പ്രധാന അന്ധവിശ്വാസങ്ങളെ അറിയാം

എന്തൊക്കെ ആണ് സാമ്പത്തിക അന്ധ വിശ്വാസങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? പ്രശസ്തമായ ചില സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ നമുക്ക് ഒന്ന് പരിശോധിക്കാം.

1. ഒരു വസ്തുവിന്റെ വില എന്നത് അതിന് വേണ്ട അധ്വാനത്തിന്റെ അളവാണ്.

2. ലോകത്തിന്റെ സമ്പത്ത് സ്ഥിരമാണ്.

3. വെല്‍ത്ത് ജനറേഷന്‍ എന്നത് ഒരു സീറോ സം ഗെയിം ആണ് (ഒരു വ്യക്തിയ്ക്ക് സമ്പത്ത് ഉണ്ടാകണം എങ്കില്‍ മറ്റൊരു വ്യക്തിയുടെ കൈയ്യിലെ സമ്പത്ത് കവര്‍ന്നെടുത്തു കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ)

4. സമ്പന്നരായ ആളുകള്‍ എല്ലാം പാവപെട്ട ആളുകളെ ചൂഷണം ചെയ്തും കൊള്ള അടിച്ചും ആണ് സമ്പന്നര്‍ ആയത്.

5. ലാഭം എന്നത് ചൂഷണം ആണ്.

6. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ തികച്ചും സൗജന്യം ആണ്.

തുടങ്ങിയ ഒരുപിടി തെറ്റായ വിശ്വാസങ്ങള്‍ മലയാളികള്‍ക്ക് ഇടയില്‍ ഉണ്ട്. എന്ത്കൊണ്ട് ആണ് ഇവ അന്ധ വിശ്വാസം (‘അന്ത’വിശ്വാസം എന്ന് പറഞ്ഞാലും തെറ്റില്ല) ആണ് എന്ന് പറയുന്നത്?

ഒരു വസ്തുവിന്റെ വില എന്നത് അധ്വാനവും ആയി യാതൊരു തരത്തിലും ബന്ധപ്പെട്ട് കിടക്കുന്ന ഒന്ന് അല്ല. അത് കായികമായ അധ്വാനം ആണെങ്കിലും ബൗദ്ധികമായ അധ്വാനം ആണെങ്കിലും മൂല്യം, നിര്‍ണയിക്കുന്നതില്‍ അതിന് യാതൊരു പങ്കും ഇല്ല. അത് തികച്ചും സബ്ജക്റ്റീവ് ആയ ഒരു കാര്യം ആണ്. വിപണിയില്‍ ഓരോ ഉത്പന്നത്തിന്റെയും ആവശ്യകതയും സപ്ലൈയും അനുസരിച്ച് മാത്രം ആണ് മൂല്യം നിശ്ചയിക്കപ്പെടുന്നത്. വിപണി എങ്ങിനെ പ്രവര്‍ത്തിക്കുന്നു, എന്നതിനെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത ആളുകള്‍ ആണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത്.

നിങ്ങള്‍ നിങ്ങളുടെ ബുദ്ധിയും അധ്വാനവും എല്ലാം കുറെ ഉപയോഗിച്ച് ഒരു സാധനം ഉണ്ടാക്കി എന്നത് കൊണ്ട് ആരും അതിന് വില കല്‍പ്പിക്കില്ല. അത് കൊണ്ട് ആളുകള്‍ക്ക് എന്തെങ്കിലും ഉപകാരം ഉണ്ട് എന്ന് അവര്‍ക്ക് തോന്നുന്നു എങ്കില്‍ മാത്രമേ അവര്‍ വില കല്‍പിക്കുകയുള്ളൂ. നേരെ മറിച്ച് യാതൊരു ബുദ്ധിയും അധ്വാനവും ഇല്ലാതെ തന്നെ നിങ്ങൾ ഒരു കാര്യം ചെയ്യുകയും, അത് ആളുകള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്താല്‍ അതിന് കൂടുതല്‍ വില കൊടുക്കുവാന്‍ ആളുകള്‍ സ്വമേധയാ തയ്യാറാകും.

ഉദാഹരണത്തിന് നിരൂപക പ്രശംസ നേടുന്ന സംവിധായകര്‍ വാങ്ങുന്ന പ്രതിഫലത്തേക്കാളും കൂടുതല്‍, സ്ഥിരം ഫോര്‍മാറ്റില്‍ മാസ്സ് ഓഡിയന്‍സിനെ തൃപ്തിപെടുത്താന്‍ സിനിമ എടുക്കുന്ന സംവിധായകന് കിട്ടും. അയാള്‍ക്ക് മറ്റെ വ്യക്തി ഉപയോഗിക്കുന്ന ബൗദ്ധിക അധ്വാനത്തിന്റെ പകുതി പോലും വേണ്ടി വരില്ല. എന്നാലും പ്രതിഫലം 10 ഇരട്ടി വരെ എത്തും. അതിന്റെ കാരണം ആളുകള്‍ ഈ സംവിധായകന്റെ സിനിമ കാണാന്‍ സ്വമേധയാ കാശു കൊടുക്കുവാന്‍ തയ്യാറാകുന്നു, മറിച്ച് ബുദ്ധിപരമായ അധ്വാനം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നത്തിന് അവര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നത് കൊണ്ടാണ്.

ലാഭം ചൂഷണത്തിലൂടെയല്ല

തൊഴിലാളികളുടെ അധ്വാനത്തിന്റെ വിലയും, ഇങ്ങനെ വിപണിയിലെ ഡിമാന്‍ഡ് ആന്‍ഡ് സപ്ളെ അനുസരിച്ച് ആണ് നിശ്ചയിക്കപ്പെടുന്നത്. അല്ലാതെ മുതലാളിമാര്‍ ചൂഷണം ചെയ്യുന്നത് കൊണ്ടല്ല, കുറഞ്ഞ വേതനം ആയി മാറുന്നത്. മറിച്ച് ഒരു തൊഴിലാളി ചെയ്യുന്ന ജോലിയുടെ ആവശ്യക്കാരേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ അത്തരം ജോലി ചെയ്യുവാന്‍ തയ്യാറായി വരുന്നു എന്നതാണ്. വേതനം കുറയുക എന്നതിന് പരിഹാരം ആവശ്യക്കാര്‍ കുറവായ ജോലികളില്‍ നിന്ന് മാറി ആളുകള്‍ക്ക് കൂടുതല്‍ ആവശ്യം ഉള്ള മറ്റ് സേവനങ്ങള്‍ കണ്ടെത്തി അത് നിറവേറ്റാന്‍ വേണ്ട കഴിവുകള്‍ സ്വായത്തമാക്കുക എന്നത് ആണ്. എന്നാല്‍ സാമ്പത്തിക അന്ധ വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത്, കുറഞ്ഞ വേതനം എന്നത് മുതലാളിമാരുടെ ചൂഷണം ആണ് അതുകൊണ്ട് അവനെ വെറുക്കണം, അവനെ ഈ നാട്ടില്‍ സംരംഭം നടത്തുവാന്‍ സമ്മതിക്കരുത് എന്നൊക്കെ ആണ്.

ഈ ഒരു മനോഭാവം കൂടുതല്‍ ആളുകളില്‍ ഉള്ളത് കൊണ്ടാണ് പല സംരംഭകര്‍ക്കും കേരളത്തില്‍ തുടര്‍ന്ന് പോകുവാന്‍ കഴിയാതെ നിര്‍ത്തേണ്ടി വരുന്നത്. അതിന്റെ നഷ്ടം വഹിക്കുന്നത് ഇത്തരം സംരഭകര്‍ മാത്രം അല്ല, ഇവിടത്തെ തന്നെ പാവപെട്ട ആളുകള്‍ കൂടി ആണ്. അവര്‍ക്ക് കിട്ടുമായിരുന്നു തൊഴിലുകള്‍ കൂടെ ആണ് ഇല്ലാതെ ആകുന്നത്.

അത് പോലെ തന്നെ ഉള്ള മറ്റൊരു അന്ധവിശ്വാസം ആണ് ഒരാളുടെ സമ്പത്ത് എന്നത് മറ്റൊരാളെ ചൂഷണം ചെയ്ത് നേടുന്നത് ആണ് എന്നത്. ഈ ഒരു അന്ധവിശ്വാസം ആണ് പണം സമ്പാദിക്കുന്ന ആളുകളെ വെറുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. എന്നാല്‍ സത്യത്തില്‍ അങ്ങിനെ ആണോ?
നിങ്ങള്‍ ഒരു കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍, വാങ്ങുന്ന ആള്‍ ആയാലും വില്‍ക്കുന്ന ആള്‍ ആയാലും നിങ്ങള്‍ക്ക് ലാഭം ആണ് ഉണ്ടാകുന്നത്. നിങ്ങളുടെ കയ്യില്‍ ഉള്ള പണം കൊടുത്ത് ഒരു സാധനം വാങ്ങുന്നത് സ്വമേധയാ എടുക്കുന്ന തീരുമാനം ആണ്. അത് ആരുടെയും നിര്‍ബന്ധം കൊണ്ടോ ബലപ്രയോഗം കൊണ്ടോ അല്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ കൈയ്യിലെ പണത്തേക്കാല്‍ മൂല്യം നിങ്ങൾ വാങ്ങുന്ന സാധന സേവനങ്ങള്‍ക്ക് കിട്ടും എന്ന് നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍ മാത്രം ആണ് നിങ്ങൾ അത് വാങ്ങുക.

ഉദാഹരണത്തിന് നിങ്ങൾ ഒരു ഫോണ്‍ 20,000 രൂപ കൊടുത്ത് വാങ്ങുന്നത് ആ ഫോണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഉണ്ടാകുന്ന ഉപകാരങ്ങളും സൗകര്യങ്ങളും 20,000 രുപയേക്കാള്‍ വിലമതിപ്പ് ഉള്ളത് ആണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നത് കൊണ്ടാണ്. നേരെ മറിച്ച് കടക്കാരന്റെ കാര്യം എടുത്താല്‍ ആ ഫോണ്‍ അയാളുടെ കൈയില്‍ ഉണ്ടാകുന്നതിനെക്കാള്‍ അയാള്‍ വില മതിക്കുന്നത് 20,000 രൂപ കിട്ടുന്നത് ആണ്. അതുകൊണ്ട് തന്നെ ഇവിടെ കടക്കാരനും നിങ്ങളും ഈ കച്ചവടം നടക്കുന്നതിന് മുന്നേ ഉള്ള അവസ്ഥയില്‍നിന്ന് മെച്ചം ഉണ്ടാക്കി ഇരിക്കുന്നു. ഇവിടെ വേറെ ആര്‍ക്കും നഷ്ടം ഉണ്ടാകാതെ നിങ്ങള്‍ രണ്ടുപേര്‍ക്കും ലാഭം ഉണ്ടായി. അതായത് ലോകത്തിലെ മൊത്തം സമ്പത്ത് കൂടി.

ഇങ്ങനെ ശതകോടിക്കണക്കിന് കച്ചവടങ്ങള്‍ ലോകത്ത് ദിനം പ്രതി നടക്കുന്നു. ഇവയെല്ലാം സ്വമേധയാ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകള്‍ ആയിരിക്കുന്ന കാലത്തോളം അത് രണ്ടു കൂട്ടര്‍ക്കും ലാഭം കൊടുക്കുന്ന പരിപാടി ആണ്. അത് കൊണ്ട് തന്നെ അത്തരം ഇടപാടുകള്‍ എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നു. ഇവിടെ ആരുടെയും ചൂഷണം നടക്കുന്നില്ല.

സ്വമേധയാ നടക്കാത്ത, ഒരു വ്യക്തി യുടെ ഇഷ്ടങ്ങള്‍ക്ക് എതിരായി നടക്കുന്ന ഇടപാടുകള്‍ ആണ് ഒരാളുടെ മാത്രം ലഭത്തിനും മറ്റൊരാളുടെ ചൂഷണത്തിനും ഇടയാക്കുക. കച്ചവടത്തില്‍ എല്ലാം സ്വമേധയാ ഉള്ള ഇടപാടുകള്‍ ആണ്, അത് കൊണ്ട് തന്നെ അത് ചൂഷണം ആകുന്നില്ല എന്ന് മാത്രം അല്ല ഇരു കൂട്ടരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ഒന്നാണ്.

എന്തുകൊണ്ട് ക്യാപിറ്റലിസത്തിനൊപ്പം?

എന്നാല്‍ ഇത് മനസ്സിലാക്കാതെ ഇത്തരം അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍, സ്വമേധയാ നടക്കുന്ന നിരവധി കൊടുക്കല്‍ വാങ്ങലുകള്‍ ആണ് ഇല്ലാതെയാക്കുന്നത്. അത് കൊണ്ട് ഉണ്ടാകുന്ന നഷ്ടം ആ ഇടപാടുകളില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും നഷ്ടം ആണ്. ഈ ഒരു കാര്യം കൊണ്ടാണ് സ്വമേധയാ ഉള്ള ഇടപാടുകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന രാജ്യങ്ങള്‍ കൂടുതല്‍ സമ്പന്നര്‍ ആകുന്നതും, അവിടത്തെ എല്ലാ ശ്രേണിയില്‍ പെട്ട ജനങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് എത്തുന്നതും.

നേരെ മറിച്ച് ഇത്തരം അന്ധ വിശ്വാസങ്ങള്‍ കൊണ്ട് നടക്കുന്ന സോഷ്യലിസ്റ്റ് -കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ അതി ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുന്നതും ഇത്തരം അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് കൊണ്ടാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വിളിച്ച് പറഞ്ഞു കൊണ്ട്, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് അന്ധ വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങള്‍ വിളിച്ച് പറയുന്നവരെ, പണക്കാരുടെ മാത്രം ആളുകള്‍ എന്നും പാവങ്ങളോട് കരുണ ഇല്ലത്തവര്‍ എന്നും പറഞ്ഞു കൊണ്ട് വ്യക്തിഹത്യ നടത്തുവാന്‍ ആണ് ‘അന്തം വിശ്വാസികള്‍’ ശ്രമിക്കാറുള്ളത്. ഇവര്‍ ഉന്നയിക്കുന്ന ഒരു പ്രധാന ആരോപണം എന്നത് ക്യാപിറ്റലിസം പ്രമോട്ട് ചെയ്യുന്നവര്‍ മുതലാളിമാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ആണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്നാണ്.

അതുകൊണ്ട് ആണ് മൂലധന സമ്പദ് വ്യവസ്ഥ എന്ന വാക്കിന് പകരം മുതലാളിത്തം എന്ന് പറഞ്ഞു കൊണ്ട് ക്യാപിറ്റലിസത്തെ മോശമായി ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നത്. എന്നാല് മറ്റു അന്ധ വിശ്വാസങ്ങളെ പോലെ തന്നെ ഇതും ഒരു അബദ്ധധാരണ (അല്ലെങ്കില്‍ ആസൂത്രിതമായ തെറ്റിദ്ധരിപ്പിക്കല്‍) മാത്രം ആണ്.

ക്യാപിറ്റലിസത്തിനുവേണ്ടി വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍, എല്ലാവര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉള്ള കച്ചവടത്തിലും ഇടപാടുകളിലും ഏര്‍പ്പെടുവാന്‍ ഉള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആണ് വാദിക്കുന്നത്. സ്വതന്ത്ര വിപണിക്കുവേണ്ടിയുള്ള വാദം എന്നാല്‍ വലിപ്പ ചെറുപ്പം ഇല്ലാതെ ആര്‍ക്കും അവരുടെ കഴിവിനും താല്‍പ്പര്യത്തിനും, അനുസരിച്ച് കച്ചവടം ചെയ്യുവാന്‍ ഉള്ള സ്വാതന്ത്ര്യം ആണ്. ഇത് യഥാര്‍ത്ഥത്തില്‍ നിലവില്‍ ഉള്ള മുതലാളിമാര്‍ക്ക് ഒട്ടും നേട്ടം ഉണ്ടാക്കാന്‍ പോകുന്ന വാദം അല്ല. അങ്ങനെ എല്ലാവരും മത്സരിക്കുമ്പോള്‍ അത് നിലവില്‍ സര്‍ക്കാരിനെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ച് കൊണ്ട് മത്സരം ഇല്ലാതെ ആക്കി, തങ്ങള്‍ക്ക് അനുകൂലം ആകുന്ന രീതിയില്‍ നിയമങ്ങള്‍ ഉണ്ടാക്കിയും അവ വ്യാഖ്യാനിച്ചും നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മുതലാളിമാരെ ദോഷകരം ആയി ബാധിക്കുന്ന ഒന്ന് കൂടി ആണ്.

മില്‍മ ഇവിടെ പുറത്ത് നിന്ന് കുറഞ്ഞ വിലയില്‍ ഗുണമേന്മ ഉള്ള പാല്‍ വില്‍ക്കുവാന്‍ വരുന്ന നന്ദിനിയെ വിലക്കുവാന്‍ സര്‍ക്കാരിനെ കൂട്ട് പിടിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കാണുന്നുണ്ടല്ലോ. മത്സരം വരുമ്പോള്‍ കൊണ്ട് തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന കുത്തക ഇല്ലാതെ ആകും എന്ന് അവര്‍ ഭയപ്പെടുന്നു. അതിനാല്‍ ആണ് അവര്‍ നന്ദിനി ഇവിടെ പാല്‍ വില്‍ക്കുന്നത് തടയാന്‍ ശ്രമിക്കുന്നത്. ഇവിടേക്ക് വരുവാന്‍ ആഗ്രഹിക്കുന്ന നന്ദിനി കര്‍ണാടകയില്‍ അമുല്‍ വരുന്നത് ഇഷ്ടപ്പെടുന്നുമില്ല. ഇതേ പോലെ ആണ് ഏതൊരു വിപണിയിലെയും നിലവില്‍ മുന്നേറുന്ന ആളുകള്‍ ചിന്തിക്കുക. അവര്‍ കച്ചവടം ചെയ്യാന്‍ ഉള്ള സ്വാതന്ത്രം ഇഷ്ടപ്പെടുമ്പോള്‍ തന്നെ അവര്‍ക്ക് ഒരു അധിക പരിഗണന ലഭിക്കണം എന്നും പുതിയ ആളുകള്‍ മത്സരത്തിന് ഉണ്ടാകരുത് എന്നും ആഗ്രഹിക്കുന്നു.

എന്നാല് സ്വതന്ത്ര വിപണി, Capitalism, Neo-liberalism എല്ലാം ഇവർക്ക് അത്തരം കുരുക്ക് വഴികളിലൂടെ നേട്ടം ഉണ്ടാക്കുന്നതിന് വിലങ്ങു തടി ആകുകയാണ്. അത്കൊണ്ട് തന്നെ സര്ക്കാര് നിയന്ത്രണങ്ങൾ വേണം എന്നും Capitalism, Neoliberalism എന്നിവ വേണ്ട എന്നും ആഗ്രഹിക്കുന്നവരിൽ ഒരു കൂട്ടം ഇത്തരം മുതലാളിമാർ കൂടെ ആയിരിക്കും. ചുരുക്കി പറഞ്ഞാല് Capitalism എന്ന് പറഞ്ഞാല് Pro Free enterprise ആണ് അല്ലാതെ Pro മുതലാളിമാർ അല്ല.

നേരെ മറിച്ച് എല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആയിരിക്കണം എന്നും പൊതു മേഖല കൂടുതല്‍ കാര്യങ്ങല്‍ ചെയ്യണം എന്നും വാദിക്കുന്നവര്‍ ആണ് കുത്തകകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും അത് വഴി തങ്ങളുടെ ജോലി നില നിര്‍ത്തുവാനും കീശ വര്‍ദ്ധിപ്പിക്കുവാനും ശ്രമിക്കുന്നത്.മേല്‍പറഞ്ഞ എല്ലാ കാരണങ്ങള്‍ കൊണ്ടും സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത്, മെച്ചപ്പെട്ട ജീവിതവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും ആവശ്യകത തന്നെ ആണ്.

Loading