ഹൈഡ്രോ പ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ് – ഗോപകുമാർ ജി എഴുതുന്നു


റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു വാഹനവും വലിയ അപകടങ്ങളിൽപെടാൻ സാധ്യതയുള്ള ഒരു സാഹചര്യമാണ് അക്വാപ്ലെയിനിങ്. ആലപ്പുഴ കളർകോട് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തോടുകൂടി ഇത് വീണ്ടും ചർച്ചയാകുകയാണ്. നാലുവർഷം മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ തെറ്റി വിമാന ദുരന്തം ഉണ്ടായ സമയത്തും ഇത് ചർച്ച ചെയ്തിരുന്നു.

സാധാരണഗതിയിൽ റോഡിൻറെ ഉപരിതലത്തിനും വാഹനങ്ങളുടെ ടയറുകൾക്കും ഇടയിലുള്ള ഘർഷണമാണ് (friction) റോഡിലെ വാഹനത്തിന്റെ പിടുത്തം (Grip) എന്നു പറയുന്നത്. എന്നാൽ റോഡിൽ വെള്ളക്കെട്ടുള്ളപ്പോഴോ മഴ പെയ്യുമ്പോഴോ വാഹനത്തിൻറെ ടയറിനും റോഡിനുമിടയിൽ ജലത്തിൻറെ ഒരു പാളി (layer) രൂപം കൊള്ളുകയും റോഡും ടയറും തമ്മിലുള്ള പിടുത്തം ഇല്ലാതാകുകയും വാഹനത്തെ നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യും. ഓട്ടത്തിൽ തന്നെ വാഹനം ഏതെങ്കിലും ഒരു വശത്തേക്ക് നീങ്ങുന്നതായി കാണാം. ഈ സമയത്ത് ബ്രേക്ക് ചവിട്ടിയാൽ വാഹനം തെന്നി പോകുന്നതും കാണാം. ഇത്തരം സാഹചര്യങ്ങളിൽ ജലം ഘർഷണം ഒഴിവാക്കുന്ന ഒരു സ്നിഗ്ദ്ധക (lubricant) പ്രവർത്തിക്കുന്നു. അതായത് എണ്ണമയമുള്ളതോ നനഞ്ഞതോ ആയ പ്രതലങ്ങളിൽ ചവിട്ടുന്ന മനുഷ്യർ വീഴുന്നതുപോലെ. കുളിമുറിയിലെ നനവിൽ മനുഷ്യൻ തെന്നി വീഴുന്നതു പോലെ റോഡിലെ വെള്ളത്തിൽ വാഹനങ്ങളും തെന്നി മാറുന്നു എന്നർത്ഥം.

ഈ അക്വാപ്ലെയിനിങ് ഒരേസമയം എല്ലാ ടയറുകളിലും സംഭവിച്ചാൽ അപകടത്തിന്റെ ആഘാതം വർദ്ധിക്കുകയും ചെയ്യും. അക്വാപ്ലെയിനിങ് സംഭവിക്കുന്നതിന് അനുകൂലമായ ധാരാളം ഘടകങ്ങൾ ഉണ്ട്.

1. റോഡുകളുടെ പരുക്കൻ സ്വഭാവത്തിലെ (roughness or porosity) മാറ്റം. മിനുസമുള്ള പ്രതലങ്ങളിൽ അക്വാപ്ലെയിനിങ് വർദ്ധിക്കും

2. റോഡിലെ വളവുകൾ, ചരിവുകൾ, നീർച്ചാലുകൾ. ഇവ റോഡിൽ കൂടുതൽ വെള്ളക്കെട്ടുകൾ ഉണ്ടാകാൻ ഇടയാക്കും

3. വീതി കൂടിയ റോഡുകളിൽ വശങ്ങളിലേക്കുള്ള ചരിവിന്റെ കുറവ്. റോഡിൽ വീഴുന്ന വെള്ളം പെട്ടെന്ന് വാർന്നുപോകുന്നതിന് മധ്യഭാഗത്തുനിന്നും വശങ്ങളിലേക്ക് ചരിവ് ആവശ്യമാണ്

4. വാഹനത്തിൻറെ വേഗത വർദ്ധിച്ചാൽ അപകട സാധ്യതയും വർദ്ധിക്കും. ചക്രങ്ങളുടെ കറക്കം കൂടുന്നതനുസരിച്ച് കൂടുതൽ ജലം ടയറിൽ പറ്റിപ്പിടിപ്പിക്കും

5. ടയറുകളുടെ തേയ്മാനം

6. ടയറുകളുടെ വീതി കുറയുന്നതും വായുമർദ്ദം കൂടുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു

റോഡും ടയറുമായുള്ള പിടുത്തമാണ് ഒരു വാഹനത്തിൻറെ ഗതി നിയന്ത്രിക്കുന്നത്. അക്വാപ്ലെയിനിങ്ങോ എണ്ണമയമോ പെയിൻറിങ് മൂലമുള്ള മിനുസമോ പ്ലാസ്റ്റിക് പോലുള്ള പദാർത്ഥങ്ങളോ റോഡിൽ ഉണ്ടെങ്കിൽ ഒരു ഡ്രൈവർ കണക്കുകൂട്ടുന്ന ഘർഷണം അവിടെ ഉണ്ടാകില്ല. ഇത് മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിഞ്ഞാൽ മേൽപ്പറഞ്ഞ തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.

വേഗത കുറഞ്ഞ സാഹചര്യങ്ങളിലും അക്വാപ്ലെയിനിങ് സംഭവിക്കാറുണ്ട്. ചിലപ്പോൾ റോഡിന് കുറുകെ തോടുകളോ നദികളോ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യങ്ങളിൽ ഇത് വകവയ്ക്കാതെ വാഹനവുമായി ചിലർ മുന്നോട്ടുപോകാറുണ്ട്. പക്ഷേ വാഹനത്തിൻറെ ടയറിന് അടിയിലൂടെ ഒഴുകി നീങ്ങുന്ന വെള്ളം ടയറിന്റെ ഘർഷണത്തിൽ കുറവ് വരുത്തുകയും സ്റ്റിയറിംഗ് നേരെ പിടിച്ചാലും വാഹനം തെന്നി മാറുകയും ഏതെങ്കിലും ഒരു വശത്തേക്ക് നീങ്ങി വെള്ളക്കെട്ടിൽ വീണ് അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൻറെ വീഡിയോകൾ പലരും കണ്ടിട്ടുണ്ടാവും. ഇതും അക്വാപ്ലെയിനിംഗ് തന്നെയാണ്.

കാർ റേസിംഗ് നടക്കുന്ന ഗ്രൗണ്ടുകളിൽ മഴക്കാലത്ത് വാഹനങ്ങൾ തുരുതുരെ കൂട്ടിയിടിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും. കാരണം അക്വാപ്ലെയിനിങ് തന്നെയാണ്.

നേർത്ത കനത്തിലുള്ള ജലപാളി പോലും അപകടമുണ്ടാക്കും എന്നുള്ളത് കൊണ്ട് ചാറ്റൽ മഴയത്തും പെരുമഴയത്തും ഒരുപോലെ സുരക്ഷിതമായി വാഹനങ്ങൾ ഉപയോഗിക്കുക. കൂടാതെ മഴ സമയങ്ങളിൽ മുന്നിൽ പോകുന്ന വാഹനങ്ങളുടെ ദ്രുതചലനം മൂലം ഉണ്ടാകുന്ന ജല ധൂളികൾ (droplets) നിങ്ങളുടെ കാഴ്ച തടസ്സപ്പെടുത്താറുണ്ട്.

മേൽപ്പറഞ്ഞ കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ച് ജാഗ്രതയോടെ യാത്ര ചെയ്യുക

വരുംതലമുറകൾക്ക് വാഗ്ദാനമാകാൻ കഴിയാതെ അകാലത്തിൽ പൊഴിഞ്ഞുപോയ മെഡിക്കൽ വിദ്യാർഥികൾക്ക് ആദരാഞ്ജലികൾ 🌹🌹

Loading