ഫ്രെഡറിക് നീഷേ പറഞ്ഞു : ‘ദൈവം മരിച്ചു’.
ടോമി സെബാസ്റ്റ്യന്‍ പറയുന്നു. ‘ദൈവങ്ങള്‍ മരിച്ചു, പക്ഷേ പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ ദൈവങ്ങള്‍ പരിണമിച്ചു കൊണ്ടിരിക്കുകയാണ്’- ഭൂമിയില്‍ ഇന്ന് വരെ ഉണ്ടായ മതങ്ങളുടെയും ദൈവങ്ങളുടെയും ആചാരങ്ങളുടെയും അത്തരം കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രം ലളിതമായി വിവരിക്കുന്നയാണ് ഈ പുസ്തകം. ടോമി സെബ്യാസ്റ്റിയന്‍ എഴുതിയ, ‘വേഷം മാറുന്ന ദൈവങ്ങള്‍’ എന്ന പുസ്തകത്തെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു.
‘അതിനോട സത്തിയം എന്നാ’
ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഖസാക്കുകാര്‍ ഒന്നടങ്കം ചോദിക്കുകയാണ്. ഖസാക്കിലെ മൊല്ലാക്ക അള്ളാപിച്ച ആയിരുന്നു അവിടുത്തെ പ്രധാന ദൈവ പുരോഹിതന്‍. താന്‍ എടുത്തു വളര്‍ത്തിയ നൈസാമലി അയാളോട് പിണങ്ങി തെറ്റി പുതിയൊരു പ്രവാചകനായി അവതരിച്ചിരിക്കുകയാണ്. ഷെയിഖിന്റെ ഖാലിയാര്‍ എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. സാധാരണ മനുഷ്യരിലും വ്യത്യസ്ഥമായി അയാള്‍ ജീവിതശൈലി പിന്‍തുടരുന്നു.
അള്ളാപിച്ച, നൈസാമലിയെ മണ്ണ് വാരി എറിഞ്ഞു ശപിക്കുമ്പോള്‍ അയാളാണ് അടിതെറ്റിയത്. അതു കണ്ടാണ് ആ നാട്ടുകാര്‍ ചോദിക്കുന്നത്. എന്താണ് അവന്റെ സത്യം. അവര്‍ ആശ്വസിക്കുന്നു. എല്ലാം സത്യമാണ്. മൊല്ലാക്കയും, നൈസാമലിയും എല്ലാം.
ഖസാക്കില്‍ പിന്നെയും ദൈവങ്ങള്‍ ഉണ്ട്. അമ്മ ഭഗവതി, പുളിങ്കൊമ്പത്തെ പോതി, പ്രേതങ്ങള്‍, ഭൂതങ്ങള്‍ – ഇതെല്ലാം കൂടി കുഴഞ്ഞ് എല്ലാവരും എല്ലാറ്റിലും വിശ്വസിക്കുന്നു. അവര്‍ക്കെല്ലാം കൊടുക്കല്‍ വാങ്ങലുകള്‍ അന്യോന്യമുണ്ട്.
നമ്മുടെ ഭൂമിയില്‍ ഇന്ന് വരെ ഉണ്ടായ മതങ്ങളുടെയും ദൈവങ്ങളുടെയും ആചാരങ്ങളുടെയും അത്തരം കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രം ലളിതമായി വിവരിക്കുന്ന ടോമി സെബാസ്റ്റ്യന്‍ എഴുതിയ വേഷം മാറുന്ന ദൈവങ്ങള്‍ എന്ന പുസ്തകത്തെ കുറിച്ചുള്ള പരിചയപ്പെടുത്തലാണ് ഈ കുറിപ്പ്.
ദൈവങ്ങളുടെ പരിണാമം
ദീര്‍ഘമായ ഒരു പുസ്തകമാണ് ടോമി സെബാസ്റ്റ്യന്‍ എഴുതിയ ‘ വേഷം മാറുന്ന ദൈവങ്ങള്‍’. അതേ സമയം സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം വളരെ ലളിതവും കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി ചിത്രങ്ങളും ഉള്‍പ്പെടുത്തിയ ഈ ഗ്രന്ഥം യുക്തിപരമായി കാര്യങ്ങളെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു വായനാ അനുഭവമാണ്. അതിനായി ചരിത്രത്തില്‍ സംസ്‌കാരം ഉടലെടുത്ത കാലത്തോളം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. പിന്‍തിരിഞ്ഞുള്ള ആ യാത്രയില്‍ തകര്‍ന്നു പോയ ദൈവങ്ങളുടെയും മതങ്ങളുടെയും അസ്ഥിപഞ്ചരങ്ങള്‍ നിങ്ങള്‍ക്കു കാണാം.
ഫ്രെഡറിക് നീഷേ പറഞ്ഞു : “ദൈവം മരിച്ചു.”
ടോമി സെബാസ്റ്റ്യന്‍ പറയുന്നു. “ദൈവങ്ങള്‍ മരിച്ചു, പക്ഷേ പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ ദൈവങ്ങള്‍ പരിണമിച്ചു കൊണ്ടിരിക്കുകയാണ്.”
ദൈവങ്ങളുടെ ശവപ്പറമ്പ്
ദൈവങ്ങളുടെ ശവപ്പറമ്പിലൂടെയാണ് നാം സഞ്ചരിക്കുന്നത്. പക്ഷേ ആ ദൈവങ്ങളുടെ വേണ്ട ചില അംശങ്ങള്‍ സ്വഭാവികമായ നിര്‍ദ്ധാരണത്തിലൂടെ പുതിയ ചില ദൈവങ്ങളിലേക്കു പ്രവേശിക്കുകയും, കാലാന്തരത്തില്‍ അവയില്‍ പലതും ആദ്യ ഗുണങ്ങളില്‍ നിന്നും വേറിട്ടു പോവുകയും എന്നാല്‍ അതിന്റെ മാതൃ ഡിഎന്‍എ ഇപ്പോഴും നിലനില്‍ക്കുന്നതും നമുക്കു കാണാം.
ആഫ്രിക്കയില്‍ നിന്നും പുറപ്പെട്ട ഹോമോ സാപിയന്‍ എന്ന ജീവിവര്‍ഗ്ഗം അതിജീവിച്ചത് കഥകളില്‍ കൂടിയായിരുന്നു. അവരെ ഒരുമിച്ച് നിര്‍ത്തിയിരുന്നത് കഥകളായിരുന്നു. ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ചേര്‍ത്ത് അവര്‍ കഥകളുണ്ടാക്കി. ആ കഥകള്‍ അവരെ യാത്രയില്‍ ദിശ കാട്ടി. മഴയും പ്രളയവും വേനലും നേരത്തെ മനസ്സിലാക്കാന്‍ സഹായിച്ചു.
ആകാശത്ത് അവര്‍ കണ്ടെത്തിയ നക്ഷത്രങ്ങളുടെ കഥ പിന്നീട് പല വഴി കൈമറിഞ്ഞ് സംസ്‌കാരം രൂപപ്പെട്ട കാലത്ത് മതങ്ങളും ദൈവങ്ങളുമായി. അവ സംസ്‌കാരങ്ങളെ സൃഷ്ടിച്ചു. പഴയ ദൈവങ്ങള്‍ കാലഹരണപ്പെട്ടപ്പോള്‍ അവക്ക് പുതിയ രൂപങ്ങള്‍ ഉണ്ടായി. പല കാലങ്ങളില്‍ പല ദേശങ്ങളിലേക്ക് സഞ്ചരിച്ച ഓരോ കൂട്ടവും കഥകള്‍ കൈ മാറി കൊണ്ടിരുന്നു. ആദ്യ ദൈവങ്ങളുടെ ശവകുടീരങ്ങളില്‍ ചവുട്ടി നിന്ന് അവര്‍ പുതിയ പുതിയ ദൈവങ്ങളെ സൃഷ്ടിച്ചു കൊണ്ടിരുന്നു. പക്ഷേ അതിന്റെയെല്ലാം അടിസ്ഥാനം ഒന്നു മാത്രമായിരുന്നു. കൊതിയും പേടിയും!
ദൈവ ചരിത്രം
ഇതിഹാസങ്ങള്‍ സുമേരിയയില്‍ നിന്നാരംഭിക്കുന്നു. ‘നിന്‍ഹൂര്‍ സാഗ്’ എന്ന ദേവതയില്‍ നിന്ന്. ദൈവത്തിന്റെ ഫോസിലുകള്‍ പെറുക്കിയെടുത്ത് മെസോപ്പൊട്ടേമിയന്‍ സംസ്‌കാരത്തിലൂടെ കടന്ന, യൂറോപ്പും മദ്ധ്യേഷ്യയും കടന്ന് ആധുനിക കാലം വരെയുള്ള ദീര്‍ഘമായ ഒരു അന്വേക്ഷണമാണ് ഈ ഗ്രന്ഥം.
ഡിസംബര്‍ 25-ന് ജനിച്ച പത്തു ദൈവങ്ങള്‍ എങ്കിലും ചരിത്രത്തില്‍ ഉണ്ട്. മരിച്ച് ഉയിര്‍ത്തെണീറ്റ പത്തിരുപത് ദൈവങ്ങള്‍ വേറെയുണ്ട്. ചന്ദ്രദൈവമായ അല്‍ – ലാഹ് – അള്ളാഹുവായ ചരിത്രമുണ്ട്. യേശു ചരിത്ര പുരുഷനാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ തിരിമറികളുടെ ചരിത്രമുണ്ട്.
ഒരു മുഖം, പല കഥകള്‍, പല വേഷങ്ങള്‍
സുമേരിയന്‍ , ബാബിലോണിയന്‍, മെസോപ്പൊട്ടേമിയന്‍, ഈജിപ്ഷ്യന്‍, ഗ്രീക്ക്, റോമന്‍ തുടങ്ങി ഇങ്ങ് ഇന്ത്യയിലെ ഹൈന്ദവ ദൈവങ്ങളെ വരെ ഈ ഗ്രന്ഥത്തില്‍ നിങ്ങള്‍ പരിചയപ്പെടും. ഋഗ്വേദത്തിലെ സോമരസം കുടിക്കാനെത്തുന്ന ഇന്ദ്രന്‍ എന്ന ദൈവം ഇന്ന് മരണ കിടക്കയിലായിരിക്കുന്നു. ഗ്രീക്ക്, റോമന്‍ മതങ്ങളില്‍ ഉഗ്രപ്രതാപിയായ ഇന്ദ്രന്റെ വകഭേദങ്ങള്‍ വേറെ ഉണ്ടായിരുന്നു.
പശുവിനെ വാങ്ങാന്‍ സോമലത കൊടുത്തിരുന്ന പഴയ കാല ആചാരം അര്‍ത്ഥമറിയാതെ മന്ത്രമായി ഉരുവിട്ട് സോമയാഗം നടത്തുമ്പോള്‍, അത് പഠിക്കാന്‍ വന്ന കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്ന ഫ്രിറ്റ്സ്റ്റാള്‍ അവരോട് ചോദിച്ചു – “ഈ മന്ത്രങ്ങളുടെ അര്‍ത്ഥം അറിയാമോ?”
ദേവഭാഷയായതിനാല്‍ ഇതിന്റെ അര്‍ത്ഥം മനുഷ്യര്‍ക്കറിയില്ലായിരുന്നു എന്നാണ് പുരാഹിതര്‍ മറുപടി കൊടുത്തത്.
ഫ്രിറ്റ് സ്റ്റാള്‍ എല്ലാം റെക്കോഡ് ചെയ്ത് വര്‍ഷങ്ങളോളം പഠനം നടത്തിയപ്പോള്‍ മനസ്സിലായത് പഴയ കാലത്ത് സോമരസം ലഭിക്കാനായി പശുവിനെ വില്‍ക്കുന്ന കാര്യമാണ് അര്‍ത്ഥം അറിയാതെ ഈ കൊട്ടിഘോഷിക്കുന്നത് എന്നാണ്. ഇപ്പോ എങ്ങിനിരിക്കുന്നു!
ആകാശ പഠനങ്ങള്‍
പുരാതന കാലത്ത് മനുഷ്യന് ഏക അറിവ് ആകാശത്തു നിന്നായിരുന്നു. രാശിയും നക്ഷത്രങ്ങളുടെ സ്ഥാനവുമെല്ലാം അവരുടെ ജീവിതത്തെ സ്വാധീനിച്ചു. അവയുടെ സ്ഥാനം വച്ച് അതിനെല്ലാം ഓരോ രൂപങ്ങള്‍ അവര്‍ കല്‍പ്പിച്ചു നല്‍കുകയും കഥകള്‍ നിര്‍മ്മിക്കുകയും അവര്‍ ചെയ്തു. ആ കഥകള്‍ ദേശങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുകയും അതില്‍ കാലദേശാന്തരങ്ങളുടെ പുതിയ കുട്ടിച്ചേര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തു. ഇത്തരം കഥകളില്‍ പലതും പിന്നീട് മത കഥകളില്‍ പുതുമയുള്ളതായി വന്നു. പ്രിയദര്‍ശന്റെ ചില സിനിമകള്‍ പോലെ. ഒറിജിനല്‍ കാണാത്തവര്‍ക്ക് അതൊരു പ്രശ്‌നമല്ലല്ലോ.
ലൂസിഫറും അസുരനും
ഏറെ കൗതുകകരമായ ഒരു കാര്യം ലൂസിഫര്‍ എന്ന പിശാച് ഒരു കാലത്ത് ദൈവമായി ചരിത്രത്തില്‍ ആരാധിച്ചിരുന്നതാണ് എന്നതാണ്. ലൂസിഫര്‍ എന്നാല്‍ ‘പ്രകാശം കൊണ്ടുവരുന്നവന്‍’ എന്നാണ് അര്‍ത്ഥം. ലൂസിഫര്‍ സിനിമ ഇത്ര വിജയിക്കാന്‍ ഇനി ഇതാണോ കാരണം എന്ന് ആരെങ്കിലും സംശയിച്ചാല്‍ അതില്‍ തെറ്റു പറയാന്‍ കഴിയുമോ?
അതു പോലെ ദേവന്‍മാര്‍ മോശപ്പെട്ടവരും അസുരന്‍മാര്‍ നല്ലവരും ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ത്യയിലെത്തിയപ്പോള്‍ അത് തല തിരിഞ്ഞു. വേദങ്ങളില്‍ പ്രാധാന്യം കുറഞ്ഞ വിഷ്ണുവും ശിവനും പില്‍ക്കാലത്ത് വലിയ ദൈവങ്ങളായി. ഇന്ദ്രന്‍ എന്ന സോമരസം കുടിക്കുന്ന പ്രധാന ദൈവം ലിവര്‍ സിറോസിസ് വന്നതുകൊണ്ടാവണം ഇപ്പോ അത്ര ആക്ടീവല്ല.
ലോകമെമ്പാടും പ്രചാരത്തിലുള്ള അനവധി നിരവധി രാമായണങ്ങളെ ടോമി ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. അതിലെ കഥകളെല്ലാം തന്നെ പരസ്പര വിരുദ്ധമാണ്. എന്തിന് മാപ്പിള രാമായണവും അറബി രാമായണവും വരെയുണ്ട്.
ഈ കുറിപ്പില്‍ ഗ്രന്ഥത്തെ സംബന്ധിച്ച് ഒരു മഞ്ഞുമലയുടെ വെള്ളത്തിനു മുകളിലെ മുനയെ കുറിച്ച് മാത്രമാണ് പറഞ്ഞു പോകുന്നത്. വിശദമായി വായിച്ച് മനസ്സിലാക്കേണ്ട ഒരു കുന്നോളം കാര്യങ്ങള്‍ പുസ്തകം പറയുന്നു. ഇപ്പോള്‍ പ്രബല മതങ്ങളായ ക്രിസ്ത്യന്‍, ഇസ്ലാം, ഹിന്ദു മതക്കാര്‍ ഈ ഗ്രന്ഥം വായിച്ചാല്‍ തങ്ങളുടെ ദൈവങ്ങളുടെ യഥാര്‍ത്ഥ ഡിഎന്‍എ എവിടെയാണ് കിടക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാകും, അവരതൊരിക്കലും സമ്മതിക്കുകയില്ലെങ്കില്‍ കൂടി.
എങ്ങിനെയാണ് ദൈവങ്ങള്‍ ഉണ്ടാകുന്നതെന്ന് ചരിത്രത്തില്‍ വളരെയടുത്ത കാലത്ത് നടന്ന ‘കാര്‍ഗോ കള്‍ട്ട് ‘ എന്ന വിശ്വാസപ്രമാണം അടിസ്ഥാനമാക്കി പുസ്തകത്തില്‍ അവസാന ഭാഗത്ത് വിവരിക്കുന്നുണ്ട്.
ഷുഗറു കൂടി അറ്റാക്ക് വന്ന് മരിച്ചയാള്‍ സമാധിയായി ദൈവമാകുന്ന കാലത്ത് നമുക്ക് പുതിയ തെളിവ് വേണ്ടെങ്കിലും!