“മറ്റു മൃഗങ്ങളിൽ നിന്നു വ്യത്യസ്ഥമായി സ്വന്തം ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാതെ മറ്റു മനുഷ്യരുടെ ഇന്ദ്രിയങ്ങളെയും, അതിലെ ഡാറ്റയേയും ഉപയോഗിച്ചുകൊണ്ട് താന്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള മെന്റൽ മാപ്പ് നിര്‍മ്മിക്കുന്നതാണ് മനുഷ്യന്റെ പ്രത്യേകത തന്നെ. ഒരു പട്ടിക്കോ, പൂച്ചക്കോ എല്ലാ കാര്യങ്ങളും സ്വന്തം അനുഭവത്തിൽ നിന്നുതന്നെ പഠിക്കേണ്ടി വരുമ്പോൾ മനുഷ്യന് അതിന്റെ ആവശ്യമില്ല. വിശ്വാസം എന്ന പ്രോഗ്രാം മാത്രം മതി.”
വിശ്വാസം
ശരിക്കു പറഞ്ഞാൽ വിശ്വാസം, അന്ധവിശ്വാസം എന്നൊന്നുമില്ല. എല്ലാം വിശ്വാസം തന്നെയാണ്. എല്ലാ വിശ്വസവും അന്ധമാണ്. അന്ധമല്ലാത്തത് അഥവാ തെളിവുള്ളത് വിശ്വാസമല്ല, വസ്തുതയാണ്. വിശ്വാസം എന്ന വാക്കിന് ഇപ്പോൾ ആവശ്യത്തിന് ചീത്തപ്പേരുണ്ട്. അപ്പോൾ എന്താണ് വിശ്വാസം? വിശ്വാസത്തിന്റെ ജൈവശാസ്ത്രപരമായ ആവശ്യമെന്ത്?
ഏറ്റവും ലഘുവായി പറഞ്ഞാല്‍ വിശ്വാസം എന്നത് ഇന്ദ്രിയങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കാനുള്ള ഒരു സബ്ബ് പ്രോഗ്രാമാണ്. വിശദീകരിക്കാം… എല്ലാവര്‍ക്കും അറിയുന്നപോലെ തലച്ചോറിന്റെ മെയിന്‍ പണി നമ്മുടെ അതിജീവനത്തെ സഹായിക്കുക എന്നതാണ്. തലച്ചോര്‍ ഈ കാര്യം സാധിക്കുന്നത് ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്താണ്. പക്ഷേ ഈ ഇന്ദ്രിയങ്ങള്‍ക്ക് പരിമിതികളുണ്ടല്ലോ. പുറത്തുനിന്നുള്ള വളരെ കുറച്ചു സൂചനകളെ ഇന്ദ്രിയങ്ങള്‍ വഴി ലഭിക്കൂ. ഒരിക്കലും പൂര്‍ണ്ണമല്ലാത്തതും, പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതുമായ സൂചനകള്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്നത് പ്രോസ്സസ് ചെയ്ത് ഈ ലോകത്തെക്കുറിച്ച് ഒരു മനോചിത്രമുണ്ടാക്കണം. ചുറ്റുപാടുകളെ കുറിച്ചുള്ള ഈ മെന്റല്‍ മാപ്പിലെ വിടവുകള്‍ വിശ്വാസം എന്ന ചില ഊഹങ്ങള്‍കൊണ്ട്, നമ്മുടെ പൂർവ്വികരുടെ കാര്യത്തിൽ ഏതാണ്ടൊക്കെ ശരിയായി വന്നിരുന്ന ഊഹങ്ങൾ കൊണ്ട് (ഊഹങ്ങൾ തെറ്റിയിരുന്നെകിൽ ആ പൂർവികരും ഉണ്ടാകില്ല, എങ്കിൽ നിങ്ങളും ഉണ്ടാകില്ല എന്നു വ്യക്തമാണല്ലോ.) പൂരിപ്പിക്കുന്നു.
പഞ്ചേന്ദ്രിയങ്ങൾ വേണ്ടത്ര ഡാറ്റ തന്നില്ലെങ്കിലും, മുന്‍പ് കിട്ടിയ ‘പഴയ’ സൂചനകള്‍ക്കനുസരിച്ചും തലച്ചോറിനു നിഗമനങ്ങളിലെത്താം എന്നൊരു ഗുണവും ഇതുകൊണ്ടുണ്ട്. ഞാന്‍ ഒരു മണിക്കൂര്‍ മുന്‍പ് പുറത്തു പാര്‍ക്ക് ചെയ്ത കാറിനെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിവരങ്ങളൊന്നും എന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമല്ലെങ്കിലും അതവിടെത്തന്നെ ഉണ്ടാകും എന്ന് എന്റെ തലച്ചോര്‍ വിശ്വസിക്കുന്നു. എന്റെ കണ്‍വെട്ടത്തില്ലാത്ത കാര്‍ ഇനി വീണ്ടും കണ്ടെത്തണമെങ്കില്‍ എന്റെ ഇന്ദ്രിയങ്ങള്‍ പോര. അതിന്റെ സ്ഥാനം കണ്ടെത്താന്‍ ഒരു മണിക്കൂര്‍ മുന്‍പ് കാര്‍ നിര്‍ത്തിയ സ്ഥലത്തെക്കുറിച്ച് ആ സമയത്തെ ഡാറ്റയാണ് വേണ്ടത്. Object permanence (ഒരു വസ്തുവിനെക്കുറിച്ച് നിങ്ങളുടെ ഇന്ദ്രിയങ്ങൾ ഡാറ്റ ഒന്നും തരുന്നില്ലെങ്കിലും അത് എവിടെയും പോയിട്ടില്ല, അത് അവിടെത്തന്നെ ഉണ്ടാകും.) എന്ന ഈ ധാരണ ഒരു വിശ്വാസമാണ്.
എന്നാല്‍ തലച്ചോറിന്റെ വളര്‍ച്ച പൂര്‍ണ്ണമാവാത്ത ശിശുക്കളുടെ കാര്യം അങ്ങനെയല്ല. അവരെ സംബന്ധച്ചിടത്തോളം കണ്മുന്നിലില്ലാത്തത് ഇല്ലാത്തതുതന്നെയാണ്. വെറുതെ കണ്ണടച്ചാല്‍ ലോകം ഇല്ലാതാകുന്നു. കുഞ്ഞുങ്ങളുമായി ഒളിച്ചു കളിച്ചിട്ടുള്ളവര്‍ക്കറിയാം, അവര്‍ക്ക് എട്ടൊന്‍പതു മാസം പ്രായമാകുന്നതുവരെ വസ്തു സ്ഥിരത (Object permanence) എന്നൊന്നില്ല. അവർ കണ്ണടച്ചാൽ അല്ലെങ്കിൽ നിങ്ങൾ ഒരു പുതപ്പ് തലവഴി മൂടിയാൽ നിങ്ങൾ ഇല്ലാതാകുന്നു. പുതപ്പു മാറ്റിയാൽ നിങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നു. തലച്ചോറിനു ചില ക്ഷതങ്ങള്‍ പറ്റിയവര്‍ക്കും ഈ വസ്തു സ്ഥിരത ഉണ്ടാകില്ല.
ഈ വസ്തു സ്ഥിരതയാണ് പല മാജിക്ക് വിദ്യകളും നമുക്ക് ആസ്വാദ്യമാക്കുന്നത്. മാന്ത്രികന്‍ ഒരു നാണയം തന്റെ കൈയില്‍ വച്ച് ചുരുട്ടിപിടിക്കുന്നതായി കാണിക്കുന്നു. മാന്ത്രികന്‍ നാണയം കൈയിലേക്ക് മാറ്റുന്നപോലെ ആക്ഷന്‍ കാണിക്കുമ്പോള്‍ തന്നെ, നാണയം കൈയിലെത്തി എന്നും അതിനി അവിടെത്തന്നെ ഉണ്ടാകുമെന്നും മുഴുവന്‍ കാണുന്നതിനു മുന്‍പുതന്നെ തലച്ചോര്‍ ഊഹിച്ചു കളയും. (theory of object permanence in action). നിങ്ങളുടെ തലച്ചോറിന് അങ്ങനെ വിശ്വസിക്കാതിരിക്കാനാകില്ല. നമ്മള്‍ ‘കാണുന്നത്’ അല്ലെങ്കിൽ വിശ്വസിക്കുന്നത് യാഥാര്‍ത്ഥത്തില്‍ തലച്ചോര്‍ ഊഹിക്കുന്ന കാര്യമാണ്, അല്ലാതെ യഥാര്‍ത്ഥത്തില്‍ കണ്‍മുന്നില്‍ നടക്കുന്നതല്ല. മാന്ത്രികന്‍ നാണയം മാറ്റിയിട്ടില്ല എന്ന് നമ്മള്‍ കാണില്ല. പിന്നീട് നാണയം അവിടെ ഇല്ല എന്ന് കാണുമ്പോള്‍ തലച്ചോര്‍ അതിന്റെ പ്രഡിക്ഷന്‍ തെറ്റിയത് അത്ഭുതമായി പ്രകടിപ്പിക്കുന്നു.
അതായത് പറഞ്ഞുവന്നത്, വിശ്വാസം എന്നത് ഇന്ദ്രിയങ്ങള്‍ തരുന്ന ലേറ്റസ്റ്റ് വിവരങ്ങള്‍ അവഗണിച്ചും, അതിന് വലിയ പ്രാധാന്യം കൊടുക്കാതെയും സ്വതന്ത്രമായി നിഗമനങ്ങളിലെത്താനുള്ള ഒരു പ്രോഗ്രാമാണ്. വിശ്വാസം ലേറ്റസ്റ്റ് ഡാറ്റ ഉപയോഗിച്ചല്ല ഉണ്ടാക്കിയത് എന്നതുകൊണ്ടുതന്നെ പുതിയ ഒരു ഡാറ്റ കിട്ടുന്നതോടുകൂടി മറ്റേണ്ട കാര്യമില്ല. അതുകൊണ്ട് ഒരിക്കല്‍ ഒരു വിശ്വാസം രൂപപ്പെട്ടു കഴിഞ്ഞാല്‍ അത് മാറ്റാന്‍ വളരെ ശ്രമകരമായിരിക്കും. ഒരിക്കൽ രൂപപ്പെട്ട വിശ്വാസം മാറരുത് എന്നർത്ഥം. എന്നാലേ വിശ്വാസം കൊണ്ട് പ്രയോജനമുള്ളൂ. കൂടെ കൂടെ അഭിപ്രായം മാറ്റുന്ന ഒരു തലച്ചോറുകൊണ്ട് എന്ത് പ്രയോജനം? ഇന്ദ്രിയങ്ങള്‍ നല്‍കുന്ന ലേറ്റസ്റ്റ് വിവരങ്ങള്‍ക്കനുസരിച്ചല്ല വിശ്വസം എന്നതു കൊണ്ടാണ് അത് അതിജീവനത്തെ സഹായിക്കുന്നതും.
ഇതില്‍നിന്നു ഒരു കാര്യം വ്യക്തമാണ്. വിശ്വാസത്തിന് തലച്ചോറിലെ മറ്റു അറിവുകളുമായോ, അതിന്റെ തന്നെ മറ്റു വിശ്വാസങ്ങളുമായോ യോജിച്ചു പോകണമെന്നു ഒരു നിര്‍ബന്ധവുമില്ല. അതൊരു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമാണ്. അങ്ങനെയല്ലെങ്കില്‍ അതുകൊണ്ട് പ്രയോജനമൊന്നുമില്ല താനും. നിങ്ങൾക്ക് ഒരേ സമയം പരസ്പരവിരുദ്ധമായ അനേകം കാര്യങ്ങൾ വിശ്വസിക്കാം. നിങ്ങൾക്ക് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്കയക്കാൻ ന്യൂട്ടന്റെ നിയമങ്ങൾ അനുസരിക്കുന്ന ഒരു റോക്കറ്റ് ഡിസൈൻ ചെയ്യാം, ആ നിയമങ്ങൾ ശരിയായി പാലിക്കപ്പെടാൻ ആ റോക്കറ്റിൽ ചെറുനാരങ്ങയും, പച്ചമുളകും തൂക്കിയിടുകയും ചെയ്യാം. കെമിസ്ട്രി പ്രൊഫസർക്ക് ഹോമിയോപ്പതിയിൽ വിശ്വസിക്കാം. ഒരു പ്രശ്‌നവുമില്ല.
ഒരു വിശ്വാസത്തെ ഒരിക്കൽ തലച്ചോറിലെ ഡാറ്റാബാങ്കിലേക്ക് സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവയും സ്വന്തം ഇന്ദ്രിയങ്ങളില്‍നിന്നു ലഭിച്ച അറിവുകളും തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടാകില്ല. എല്ലാം സ്വന്തം അറിവ് തന്നെ.
ഇത് ഒരല്‍പം ഓവര്‍ സിംപ്ലിഫിക്കേഷനാണ്. ശരിക്കു പറഞ്ഞാൽ നമുക്ക് നേരത്തെയുള്ള അറിവുകൾ അവഗണിക്കാൻ പാടില്ല. പഴയൊരു തമാശയുണ്ട്. കണക്ക് മാഷ് കുട്ടിയോട് ചോദിക്കുന്നു.”ഒരു മരത്തിൽ പത്തു കിളികൾ ഇരിക്കുന്നു. ഒരു വേട്ടക്കാരൻ അതില്‍ ഒന്നിനെ വെടിവച്ചു വീഴ്ത്തി. മരത്തില്‍ ബാക്കി എത്ര കിളികളുണ്ട്? കുട്ടി:”ഒന്നുമില്ല,എല്ലാം വെടിശബ്ദം കേട്ട് പറന്നു പോയി.” ഈ കഥയിലെ മണ്ടൻ കുട്ടിയെ ആലോചിച്ചു ചിരിക്കുന്നവരോട്… കുട്ടി പറഞ്ഞതിൽ ഒരു തെറ്റുമില്ല. മാഷ് ഉദ്ദേശിക്കുന്ന ഉത്തരമല്ല കുട്ടി പറഞ്ഞതെന്നു മാത്രം.
ശാസ്ത്രം/ഗണിതം മുതലായവ മനസ്സിലാക്കുന്നത് ലോകത്തേക്കുറിച്ച് നമുക്കുള്ള മുൻ അറിവുകൾ മാറ്റിവച്ചുകൊണ്ട് ചില പൊതു നിയമങ്ങൾ പഠിച്ചു കൊണ്ടാണ്. മുന്നറിവുകൾ മാറ്റിവച്ചു ചിന്തിക്കുക എന്നത് ട്രെയിനിംഗിന്റെ ഭാഗമാണ്. അല്ലാതെ സ്വാഭാവികമായി വരുന്നതല്ല. ഇവിടെ മാഷുടെ ചോദ്യത്തിലെ പക്ഷി സാധാരണ പക്ഷിയല്ല, മറിച്ച് താല്‍ക്കാലികമായി ഒരു അജൈവ വസ്തുവിനെപോലെ പെരുമാറുന്ന സ്പെഷ്യൽ പക്ഷിയാണ് എന്ന് കരുതി വേണം ഉത്തരം പറയാൻ. ഈ ലോകത്തെവിടെയും നിലവിലില്ലാത്ത ‘friction less plane’, ‘perfect black body’ എന്നിവയൊക്കെ ഉണ്ടെന്നു സങ്കല്‍പ്പിച്ചാണ് നമ്മൾ ഫിസിക്സ് പഠിക്കുന്നത്. യഥാര്‍ത്ഥ ലോകത്ത് എവിടെയും ഒരു തൂവലും, ഒരു ഇരുമ്പു കട്ടിയും കൂടി താഴേക്കിട്ടാൽ രണ്ടും ഒരുമിച്ചു താഴേക്കെത്തില്ല. ഘര്‍ഷണമില്ലാത്ത ഒരു അവസ്ഥ സങ്കൽപ്പിച്ചാണ് രണ്ടും ഒരേ സമയം ഭൂമിയിലെത്തും എന്ന് പഠിക്കുന്നത്. ഇങ്ങനെ ‘തെറ്റായി’ പഠിച്ച ഫിസിക്സ് ഉപയോഗിച്ച് സൌരയൂഥത്തിനു പുറത്തേക്കു പോലും പേടകങ്ങളെ കൃത്യമായി അയക്കാനും നമുക്ക് കഴിയും. ഒന്നും ഒന്നും കൂടിയാല്‍ ഇമ്മണി ബല്യ ഒന്ന് എന്ന ബാലബുദ്ധി സത്യത്തിൽ വിഡ്ഢിത്തമല്ല. ഒന്നും ഒന്നും കൂടിയാൽ രണ്ടാകുന്നത് ഗണിതത്തിൽ മാത്രമാണ്. അയഥാർത്ഥമായ ഒരു ലോകത്തു മാത്രമാണ്. യഥാർത്ഥ ലോകത്ത് മിക്കവാറും അവസരങ്ങളിലും അതൊരു കൂടുതല്‍ വലിയ ഒന്നു തന്നെയായിരിക്കും. വിദ്യാഭ്യാസമില്ലാത്ത അപരിഷ്കൃതരായ ആദിവാസി ജനങ്ങള്‍ ഇതു പോലുള്ള ചോദ്യങ്ങള്‍ക്ക് കണക്കു ക്‌ളാസ്സിലെ കുട്ടി പറഞ്ഞ പോലെയുള്ള ‘മണ്ടന്‍’ ഉത്തരങ്ങളാണ് പറയുകയെന്ന് അന്ത്രോപ്പോളജി പഠനങ്ങളില്‍ കാണുന്നുണ്ട്.
നമ്മുടെ തലച്ചോറിന്റേത് വളരെ പ്രാകൃതമായ ചില ഷോർട്ട് കട്ടുകളാണ്. വസ്തുതകൾക്ക് വലിയ പ്രാധാന്യമൊന്നുമില്ല. കാര്യങ്ങൾ കഷ്ടിച്ചു നടന്നു പോണം, അത്ര തന്നെ. ഈ രീതിയെ പൊതുവായി വിളിക്കുന്ന പേരാണ് magical thinking. ഇതാണ് നമ്മുടെ ഡിഫോള്‍ട്ട് പ്രോഗ്രാം. മിക്കവാറും എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കുന്നതും ഈ രീതിയാണ്. നമ്മൾ കോമണ്‍ സെന്‍സ് എന്ന് പറയുന്നതിന്റെ പുറകിലും സൂക്ഷ്മമായി ചിന്തിച്ചാല്‍ ഈ മാജിക്കല്‍ തിങ്കിംഗിന്റെ സ്വാധീനം കാണാം. പ്രത്യേക പരിശീലനമൊന്നും കൂടാതെ ഈ രീതിയിൽ ചിന്തിക്കാം എന്നര്‍ത്ഥം. (ശാസ്ത്രീയ വിശ്വാസങ്ങൾ രൂപപ്പെടുത്തുന്നത് നമ്മുടെ തലച്ചോറിന്റെ ഈ ഡിഫോള്‍ട്ട് പ്രോഗ്രാമുകൾ ഉപയോഗിച്ചല്ല. അല്പം അണ്‍ നാച്യുറലായ ബോധപൂര്‍വം ശ്രമിക്കേണ്ട ആ രീതിയാണ് Scientific method എന്നറിയപ്പെടുന്നത്.)
വിശ്വാസം ആവശ്യമുള്ള ഒരു സോഫ്റ്റ്‌വെയർ തന്നെയാണ്. പക്ഷെ അത് ശാസ്ത്രവുമായി തെറ്റിദ്ധരിക്കുന്നതാണ് പ്രശ്നം. വിശ്വാസത്തിന്റെ ചില ഷോര്‍ട്ട് കട്ടുകൾ ഇവയാണ് – കൂടുതല്‍ പ്രായമുള്ളവർ പറയുന്നത് വിശ്വസിക്കുക. അതായത് പ്രായത്തെ ബഹുമാനിക്കുക. അവരുടെ അഭിപ്രായം സ്വീകരിക്കുക. ഇതിനോട് ബന്ധപ്പെട്ട മറ്റൊരു കാര്യം – പ്രായം കൂടുംതോറും പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള അവരുടെ കഴിവ് കുറയുകയും, അവര്‍ക്ക് പല കാര്യങ്ങളിലും അഭിപ്രായം മാറ്റാനും പ്രയാസമായിരിക്കും എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? You can’t teach old dog new tricks എന്ന് കേട്ടിട്ടില്ലെ? അതിനും പരിണാമപരമായ വിശദീകരണമുണ്ട്. ഒരാൾ ഇത്രയും കാലം ജീവിച്ചു എന്നതിനര്‍ത്ഥം അയാളുടെ വിശ്വാസങ്ങൾ വലിയ തെറ്റില്ലാത്തതാണ് എന്നതിന്റെ സൂചനയാണ്. അതിൽ ഇനി മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നത് അബദ്ധമാകാനാണ് വഴി. അതായത് പ്രായമാകും തോറും പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ വിസമ്മതിക്കുന്ന തലച്ചോറിന് കൂടുതൽ അതിജീവന മൂല്യമുണ്ട്. അത്തരം തലച്ചോറുണ്ടായിരുന്ന പൂർവ്വികരുടെ പിൻഗാമികളാണ് നമ്മൾ.
വിശ്വാസത്തിന്റെ മറ്റൊരു ഷോർട്ട് കട്ട് കൂടുതല്‍ പേർ പറയുന്ന അഭിപ്രായം തന്നെ സ്വീകരിക്കുക എന്നതാണ്. അതും മുകളിൽ പറഞ്ഞ പോലെ ഒരേ അഭിപ്രായമുള്ള കുറെ പേർ നിങ്ങളുടെ ചുറ്റും ഉണ്ട് എന്നതിനർത്ഥം അവരൊക്കെ ആ അറിവുകൾ കൊണ്ട് ഇത്രയും കാലം അതിജീവനം നേടി എന്നാണ്. അവരെ അനുകരിക്കുന്നത് നല്ലതാകാം.
മുകളിൽ പറഞ്ഞ രണ്ടു സ്വഭാവികമായ രീതികളും, കൂടുതൽ പഴക്കമുള്ള വിശ്വാസത്തെ അംഗീകരിക്കുക, കൂടുതൽ പേർ അംഗീകരിക്കുന്ന വിശ്വാസത്തെ അംഗീകരിക്കുക ഇവ രണ്ടും വളരെ നല്ല അല്‍ഗോരിതങ്ങൾ തന്നെയാണ്. പക്ഷെ പ്രശ്‌നം വരുന്നത് വിശ്വാസം എന്ന വാതിലിലൂടെ പല വിധ അബദ്ധ വിശ്വാസങ്ങളും അകത്തു കടക്കും എന്നതാണ്. ശരിക്കും സത്യം മനസ്സിലാക്കാൻ ഇതൊന്നും പോരാ. ഇവ രണ്ടും അറിയപ്പെടുന്ന യുക്തി ഭംഗങ്ങളാണ്. ആദ്യത്തേത് ‘argumentum ad antiquitatem,’ ‘Appeal to tradition’ എന്നൊക്കെ അറിയപ്പെടുന്നതാണ്. രണ്ടാമത്തേത് ‘argumentum ad populum,’ ‘appeal to the majority,’ ‘bandwagon effect’,’conformity bias’ എന്നൊക്കെയും. ഏതു ചര്‍ച്ചയിലും ഏറ്റവും അധികം ഉപയോഗിക്കുന്ന വാദങ്ങൾ ഈ രണ്ടു യുക്തിഭംഗങ്ങളുമാണ്. എവിടെ നോക്കിയാലും ഇവക്കുള്ള ഉദാഹരണങ്ങൾ കിട്ടും.
അങ്ങിനെ നോക്കിയാൽ സയൻസ് പോലും ശരിക്കും വിശ്വാസമാണ് എന്നു പറയേണ്ടിവരും. ഭൂമി ഗോളമാണെന്നു കരുതുന്നവരെയും, ഭൂമി പരന്ന തളികയാണെന്നു കരുതുന്നവരെയും എടുത്താൽ, രണ്ടു കൂട്ടരിലും ഭൂരിഭാഗവും അതിന്റെ കാരണങ്ങളെക്കുറിച്ച് അറിവുള്ളവരല്ല. രണ്ടു കൂട്ടരുടെയും വിശ്വാസത്തിന്റെ കാരണങ്ങൾ ഏറെക്കുറെ ഒന്നാണുതാനും. രണ്ട് കൂട്ടിത്തരും വെവ്വേറെ ആളുകളെയാണ് പ്രാമാണികരായി അംഗീകരിക്കുന്നത് എന്നുമാത്രം.
എല്ലാ വിശ്വാസവും അന്ധമാണ്, ശാസ്ത്രവും വെറുമൊരു വിശ്വാസം മാത്രമാണ് എന്നൊക്കെയുള്ള സ്ഥിരം മണ്ടന്‍ വാദങ്ങളെയാണ് ഞാൻ അനുകൂലിക്കുന്നത് എന്നു തോന്നാം. അതുകൊണ്ട് ശാസ്ത്രീയ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസം അല്പം വിശദമാക്കാം. ശാസ്ത്രീയ വിശ്വാസങ്ങൾ ആര്‍ക്കു വേണമെങ്കിലും പരീക്ഷണ വിധേയമാക്കാവുന്ന, യാഥാര്‍ഥ്യത്തെ അടിസ്ഥാനപ്പെടുത്തിയ വിശ്വാസങ്ങളാണ്. അത് ഒരിക്കലും പരസ്പര വിരുദ്ധമായ കുറെ വിശ്വാസങ്ങളുടെ കൂട്ടമല്ല. ഒരു ഉപമ പറയാമെങ്കിൽ ശാസ്ത്രീയ വിശ്വാസവും, അന്ധവിശ്വാസവും നല്ല കറന്‍സി നോട്ടും, കള്ളനോട്ടും പോലെയാണ്. രണ്ടും കാഴ്ചക്ക് ഒരുപോലെത്തന്നെ. വിചിത്രമായ ചില ഡിസൈനുകള്‍ അച്ചടിച്ച കടലാസുകൾ. ഭൂരിഭാഗം പേർക്കും രണ്ടും തിരിച്ചറിയാനുള്ള വൈദഗ്ധ്യവുമില്ല. എന്നാൽ യഥാര്‍ത്ഥ നോട്ടിന് മൂല്യമുണ്ട് എന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസം. മൂല്യത്തിന് അടിസ്ഥാനമായ വിഭവം/സ്വര്‍ണം രാജ്യത്തിന്റെ കൈവശമുണ്ട്. തക്കതായ അടിസ്ഥാനമില്ലാതെ വെറുതെ നോട്ടടിക്കാൻ സാധ്യമല്ലാത്ത വിധം സംവിധാനങ്ങളുണ്ട്. അതിന്റെ നടത്തിപ്പുകാർക്ക് കള്ളത്തരം കാണിക്കാൻ പറ്റിയേക്കാമെങ്കിലും അതൊക്കെ കണ്ടുപിടിക്കാനും തിരുത്താനും, അതിൽ തന്നെ സംവിധാനങ്ങളുണ്ട്. ഈ സംവിധാനങ്ങളൊക്കെ ആര്‍ക്കും പരിശോധിക്കാവുന്നതും എല്ലാവരുടെയും ഉത്തരവാദിത്ത്വത്തിലുമുള്ളതാണ്. ഈ സുതാര്യതയാണ് നല്ല കറന്‍സിയുടെ ഗ്യാരണ്ടിയും. എന്നാല്‍ കള്ളനോട്ടിന് ഇങ്ങനെയുള്ള ഗ്യരണ്ടികളൊന്നുമില്ല.
നമ്മുടെ തലച്ചോർ ഒരു പ്രവചന യന്ത്രമാണ്, (prediction machine). ചുറ്റുപാടുകളെക്കുറിച്ച് ഏറ്റവും കുറഞ്ഞ ചെലവിലും അധ്വാനത്തിലും സാമാന്യം ഉപകാരപ്രദമായ ഒരു മെന്റൽ മാപ്പ് ഉണ്ടാക്കുക. അല്ലാതെ സത്യം കണ്ടുപിടിച്ച് നമ്മെ ബോധിപ്പിക്കാനുള്ള യന്ത്രമല്ല. അതിന് ഈ വിശ്വാസം എന്ന സോഫ്റ്റ് വെയർ ഇല്ലാതെ പറ്റില്ല. മനുഷ്യന്റെ ഉയര്‍ന്ന ഇന്റലിജന്‍സിന്റെ കാരണം ഈ വിശ്വാസം എന്ന സോഫ്റ്റ് വെയറാണെന്നും പറയേണ്ടിവരും.
മറ്റു മൃഗങ്ങളിൽ നിന്നു വ്യത്യസ്ഥമായി സ്വന്തം ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാതെ മറ്റു മനുഷ്യരുടെ ഇന്ദ്രിയങ്ങളെയും, അതിലെ ഡാറ്റയേയും ഉപയോഗിച്ചുകൊണ്ട് താന്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള മെന്റൽ മാപ്പ് നിര്‍മ്മിക്കുന്നതാണ് മനുഷ്യന്റെ പ്രത്യേകത തന്നെ. ഒരു പട്ടിക്കോ, പൂച്ചക്കോ എല്ലാ കാര്യങ്ങളും സ്വന്തം അനുഭവത്തിൽ നിന്നുതന്നെ പഠിക്കേണ്ടി വരുമ്പോൾ മനുഷ്യന് അതിന്റെ ആവശ്യമില്ല. വിശ്വാസം എന്ന പ്രോഗ്രാം മാത്രം മതി. ജീവിതത്തിൽ ഒരിക്കലും ഷോക്കടിച്ചിട്ടില്ലാത്ത എനിക്ക് വൈദ്യുതി അപകടം പിടിച്ച സാധനമാണെന്ന അറിവുള്ളത് വിശ്വാസം കൊണ്ടാണ്. എല്ലാം സ്വയം അനുഭവിച്ചുതന്നെ പഠിക്കണം എന്നായിരുന്നെങ്കില്‍ നമ്മള്‍ ഇപ്പോഴും മരഞ്ചാടികളായിത്തന്നെ ജീവിച്ചേനേ.
മനുഷ്യൻ എന്നെങ്കിലും കൃത്രിമ ബുദ്ധി (artificial intelligence) സൃഷ്ടിക്കുകയാണെങ്കിൽ അതിനും വിശ്വാസം എന്നൊരു സബ് പ്രോഗ്രാം ഉണ്ടായിരിക്കും എന്ന് ഞാന്‍ പറയുന്നു. ബുദ്ധിയുള്ള ഒരു റോബോട്ട് ഒരു വിശ്വാസി കൂടിയായിരിക്കും. സയിന്റിഫിക്ക് മെത്തേഡ് എന്ന സബ് പ്രോഗ്രാം കൂടി പിന്നീട് കൊടുത്തില്ലെങ്കിൽ ബുദ്ധിയുള്ള റോബോട്ട് മനുഷ്യരെപ്പോലെ അന്ധവിശ്വസിയായും മാറും എന്നാണ് എന്റെ അഭിപ്രായം.
ശാസ്ത്രീയമായി നിലനില്പില്ലാത്ത വിശ്വാസങ്ങൾ എന്ന അന്ധവിശ്വാസത്തിനു കാരണം ഇവിടെ വിവരിച്ച മാജിക്കള്‍ തിങ്കിംഗ് ആണ്. അത് ‘നോര്‍മൽ’ ആണ് താനും. എല്ലാ വിശ്വാസങ്ങളുടെ പുറകിലും magical thinking ഉണ്ടായിരിക്കും. എന്തെങ്കിലും രീതിയില്‍ സംഘടിത മതം ഇല്ലാതാക്കിയാലും മാജിക്കല്‍ തിങ്കിംഗ് ഇല്ലാതാവില്ല, അന്ധ വിശ്വാസങ്ങളും. കാരണം അതൊരു അടിസ്ഥാന സോഫ്റ്റ് വെയർ ആണെന്നതുതന്നെ കാരണം. നിങ്ങളുടെ കംപ്യൂട്ടറിന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ ഒരു കമ്പ്യൂട്ടർ വൈറസ്സ് കൂടിയാണെങ്കിലോ?
ആളുകൾക്ക് കൂടുതൽ വിദ്യാഭ്യാസമുണ്ടാകുമ്പോൾ അന്ധവിശ്വാസം കുറയും എന്നത് നമ്മുടെ തെറ്റിദ്ധാരണയാണ്. ആളുകളുടെ വിദ്യാഭ്യാസം കൂടുമ്പോള്‍ മത/ദൈവ വിശ്വാസം കുറയുന്നു എന്നൊക്കെയുള്ള നോർവേ/സ്വീഡൻ ഉദാഹരണങ്ങൾ ആരെങ്കിലും സൂചിപ്പിക്കും എന്നറിയാം. അന്ധവിശ്വാസം എന്നാല്‍ മത/ദൈവ വിശ്വാസം മാത്രമല്ല. മതവിശ്വാസം കുറവുള്ള ഈ പറയുന്ന നോർവേ/സ്വീഡൻ രാജ്യങ്ങളിൽ പോലും UFO, ന്യൂ ഏജ് വിശ്വാസങ്ങള്‍, ഹോമിയോപ്പതി മുതലായവക്കൊക്കെ ധാരാളം ആരാധകരുണ്ട്. ഒരു കാലിലെ മന്ത് മറ്റേക്കാലിലേക്ക് മാറുന്നു എന്നെയുള്ളൂ. നിയമം മൂലം നിരോധിക്കാനാണെങ്കിൽ എന്തൊക്കെ നിരോധിക്കും?
“When people stop believing in God, they don’t believe in nothing — they believe in anything.” G.K. Chesterton