ശബ്ദമലിനീകരണ നിയന്ത്രണവും സംരക്ഷണവും സർക്കാരും; മനു കൊല്ലം എഴുതുന്നു


“ഓരോ പ്രദേശത്തും വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും ഉത്പാദിപ്പിക്കാവുന്ന ശബ്ദനിലകൾ കൃത്യവും വ്യക്തവുമായി ചട്ടത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ശബ്ദം ഉത്പാദിപ്പിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങൾ (റോഡുകൾ, പൊതു വാഹനങ്ങൾ), ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അംഗൻവാടികൾ ഉൾപ്പെടെ), ആരാധനാലയങ്ങൾ, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, കോടതികൾ, ഓഫീസുകൾ എന്നിവ പ്രത്യേകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.” – എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ശബ്ദമലിനീകരണത്തിനെതിരെ നടത്തിവരുന്ന Silence The Noise എന്ന ക്യാമ്പെയിനിന്റെ കോഡിനേറ്ററായ മനു കൊല്ലം എഴുതുന്നു.

ശബ്ദമലിനീകരണ നിയമം

ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 പരിസ്ഥിതി സംരക്ഷണ നിയമം 1986-ന് അനുബന്ധമായി വന്ന ഒരു നിയമമാണ്. ഇന്ത്യയിൽ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഈ ചട്ടം പ്രകാരം, നിയമം ലംഘിക്കുന്നവർക്ക് പരിസ്ഥിതി സംരക്ഷണ നിയമം 1986 വകുപ്പ് 15 പ്രകാരം 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാം.

കേരളത്തിലെ വിവിധ ജില്ലകളിലെ ബന്ധപ്പെട്ട അധികാരികൾ ചട്ടം ലംഘിക്കുന്നവർക്കെതിരെ ഈ നിയമപ്രകാരം കോടതിയിൽ കേസ് ഫയൽ ചെയ്യുന്നുമുണ്ട്. ശബ്ദമലിനീകരണം നടത്താൻ ആർക്കും അവകാശമില്ല എന്നും, ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും ശബ്ദം ഉത്പാദിപ്പിക്കുന്നത് ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 പ്രകാരം മാത്രമേ പാടുള്ളു എന്നും വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ ഓരോ പൗരനും അവരുടെ മൗലിക അവകാശമായ ആർട്ടിക്കിൾ 21 പ്രകാരം സ്വന്തം ഭവനങ്ങളിലും പൊതു ഇടങ്ങളിലും ശാന്തമായി ജീവിക്കുവാനുള്ള അവകാശം ഉണ്ട്. ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 ഈ അവകാശത്തെ സംരക്ഷിക്കുന്നു. പൊതുജനങ്ങളുടെ ആരോഗ്യം പൊതുവിഷയമാണ്, അത് ഈ രാജ്യത്തെ ജനങ്ങളുടെ അവകാശവുമാണ്. ആർക്കാണ് ഈ ശാന്തത വേണ്ടാത്തത്? ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 നിലവിൽ വന്നിട്ട് 24 വർഷം കഴിഞ്ഞിരിക്കുന്നു. ഇത് രാജ്യത്ത് നിലവിലുള്ള ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടമാണ്.

ഓരോ പ്രദേശത്തും വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും ഉത്പാദിപ്പിക്കാവുന്ന ശബ്ദനിലകൾ കൃത്യവും വ്യക്തവുമായി ചട്ടത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ശബ്ദം ഉത്പാദിപ്പിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങൾ (റോഡുകൾ, പൊതു വാഹനങ്ങൾ), ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അംഗൻവാടികൾ ഉൾപ്പെടെ), ആരാധനാലയങ്ങൾ, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, കോടതികൾ, ഓഫീസുകൾ എന്നിവ പ്രത്യേകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

രേഖാമൂലം അനുമതിയില്ലാതെ ഒരാൾക്കും/സ്ഥാപനങ്ങൾക്കും ലൗഡ്സ്പീക്കർ ഉപയോഗിക്കാൻ അനുവാദമില്ല. 24 വർഷം മുമ്പുള്ള സുപ്രീം കോടതി ഉത്തരവിൽ ഉൾപ്പെടെ ജനങ്ങളെ, വിദ്യാർഥികളെ, ആരോഗ്യ പ്രവർത്തകരെ ശബ്ദമലിനീകരണത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരിക്കാൻ സർക്കാരുകളോട് പറഞ്ഞിരിക്കുന്നു. എന്നാൽ, നാളിന്നുവരെ ഗവൺമെന്റ് സംവിധാനങ്ങൾക്ക് ഇതിനായി എൻ.ജി.ഓ. കളെ കൂടി ഉൾപ്പെടുത്തി നടപടി സ്വീകരിക്കാൻ സാധിച്ചിട്ടില്ല.

2015-ൽ ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വകുപ്പുകൾക്ക് വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവുകൾ പുറപ്പെടുവിക്കപ്പെട്ടിരുന്നു.

GO(P) No. 06/2015/Env തീയതി 28.04.2015 പ്രകാരം ജനങ്ങളെ ബോധവൽക്കരിക്കുവാനും സൈൻ ബോർഡുകൾ സ്ഥാപിക്കാനും, ലഘുലേഖകൾ വിതരണം ചെയ്യാനും, ആരോഗ്യ വകുപ്പും പരിസ്ഥിതി വകുപ്പുമായി ചേർന്ന് ചെയ്യാനും, അതിനായി എൻ.ജി.ഓ. കളെ കൂടി കൂട്ടാൻ പറഞ്ഞിരിക്കുന്ന ഉത്തരവാണ്. കൂടാതെ GO(P) No. 64/02 തീയതി 20.04.2002 (SRO No. 289/2002) പ്രകാരമുള്ള സോൺ തിരിച്ചുള്ള ഉത്തരവ് കേരള ഗവൺമെന്റിന്റേതാണ്. ഇത് ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 അനുസരിച്ച് കേരളത്തിൽ സോൺ തിരിച്ചിട്ടുള്ള ഉത്തരവാണ്. ഇതു പ്രകാരം കേരളത്തിലെ ആരാധനാലയങ്ങളെല്ലാം നിശബ്ദ മേഖലയിലാണ്. ഇവിടെ ലൌഡ്സ്പീക്കർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതാണ്.

വിശ്വാസത്തിന്റെ പേരിൽ അന്ധവിശ്വാസവും അനാചാരവുമൊക്കെ പ്രചരിപ്പിക്കാൻ, മനുഷ്യരും ജീവജാലങ്ങളും ഉറങ്ങുന്ന പ്രഭാതത്തിൽ 4:45 മുതൽ പാതിരാത്രി വരെ നിരന്തരം ലൗഡ്സ്പീക്കർ ഉപയോഗിച്ച് ശബ്ദമലിനീകരണം നടത്തുന്ന ആരാധനാലയങ്ങളെയും, ഭക്തന്മാരെയും, ശബ്ദമലിനീകരണത്തിന്റെ ആരോഗ്യ പ്രശ്നങ്ങളും, മാനവിക പ്രശ്നങ്ങളും, ഭരണഘടനാ വിരുദ്ധതയും മനസ്സിലാക്കേണ്ടതുണ്ട്.

നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ കേരള പൊലൂഷ്യൻ കൺട്രോൾ ബോഡിന്റെ കൈവശം 19.05.2021 തീയതി വന്ന PCB/HO/EE3/NGT/OA No 681/2018/24/19(M), 06.01.2023 ന് സർക്കാരിലേക്ക് അയച്ച PCB/HO/EE3/NGT/OA No 681/2018/30/19 കത്തും അതോടൊപ്പമുള്ള ശബ്ദമലിനീകരണ ചട്ടം ലംഘിച്ചാൽ ഉണ്ടാകുന്ന ശിക്ഷകളും അടങ്ങിയ NGT ഉത്തരവും എന്തേ വെളിച്ചം കണ്ടില്ല. ഇതൊക്കെ ഭരണഘടനാ വിരുദ്ധമാണ്. ജനങ്ങളുടെ മൗലികാവകാശത്തിനു നേരെയുള്ള കൊഞ്ഞനം കുത്തലാണ്.

ടി ഉത്തരവുകളിൽ ഉള്ള ശബ്ദമലിനീകരണം ചട്ടം ലംഘിച്ചാൽ ഉള്ള പുതുക്കിയ ശിക്ഷാ വിവരങ്ങൾ ഇവിടെ ചേർക്കുന്നു.

NGT Order 14-11-2019 ന്റെ പൂർണരൂപം ഇവിടെ ഡൗൺലോഡ് ചെയ്യാം.

സർക്കാരിനോട് പറയാനുള്ളത്:

ഗ്രീൻ ട്രൈബ്യൂണലിന്റെ ഈ പുതിയ ഉത്തരവിലെ ശിക്ഷകളും ഇന്ന് തന്നെ നടപ്പിലാക്കി ജനങ്ങളുടെ ആരോഗ്യവും നന്മയും ഉറപ്പാക്കണം.

ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 ന്റെ നിബന്ധനകൾ ലംഘിക്കുന്നവർക്ക് ഈ ശിക്ഷ നടപ്പിലാക്കി, പിടിച്ചെടുക്കുന്ന ഉപകരണങ്ങൾ സഹിതം പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം നടപടി സ്വീകരിക്കാൻ പോലീസിനെ ചുമതലപ്പെടുത്തുകയും അതിനാവശ്യമായ പരിഷ്കാരങ്ങൾ പോലീസ് നിയമങ്ങളിൽ വരുത്തുകയും ചെയ്യണം.

ശബ്ദമലിനീകരണം നിയന്ത്രണത്തിൽ വരുത്തുന്നതിനുവേണ്ടി നിസ്വാർത്ഥം പ്രവർത്തിക്കുന്ന, സ്വതന്ത്ര സംഘടനകളും, വ്യക്തികളും കേരളത്തിൽ നിരവധിയായി ഉണ്ട്. ഇവരെല്ലാം ചെയ്യുന്നത് പരാതിക്കാരൻ അവൻറെ/അവളുടെ ഭരണഘടനാ അവകാശമായ ആർട്ടിക്കിൾ 21 സംരക്ഷയ്ക്കായി സ്വയം പരാതിക്കാരാകാൻ പ്രേരിപ്പിക്കൽ ആണ്. പരാതി നൽകാൻ എന്തു ചെയ്യണം എന്നു ബോദ്ധ്യപ്പെടുത്തൽ, പരാതികളിൽ ഉറച്ചുനിൽക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ, ശബ്ദമലിനീകരണ ക്രിമിനലുകളുടെ അക്രമണമോ ഭീഷണിയോ ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, വേണ്ടിവന്നാൽ നിയമസഹായവും ഒക്കെ ചെയ്തുകൊടുക്കലാണ്.

ശബ്ദമലിനീകരണത്തിന്റെ ആരോഗ്യ പ്രശ്നങ്ങളും സാമൂഹികപ്രശ്നങ്ങളും കേരളീയരെ മനസ്സിലാക്കിയും പരാതിപ്പെടാൻ പരമാവധി ആൾക്കാരെ പ്രേരിപ്പിച്ചും ആണ് മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുന്നത്.

ചട്ടലംഘനം എവിടെ കണ്ടാലും ഫോട്ടോയും, വീഡിയോയും ചിത്രങ്ങളും സഹിതം ഉടൻ രേഖാമൂലം പരാതി തയ്യാറാക്കി സംസ്ഥാന പോലീസ് മേധാവിയ്ക്കോ, ജില്ലാ പോലീസ് മേധാവിയ്ക്കോ, സബ്ഡിവിഷണൽ പോലീസ് അധികാരിയ്ക്കോ നൽകണം.

വൈദ്യുതി പോസ്റ്റുകൾ അനധികൃതമായി ശബ്ദമലിനീകരണത്തിനോ വയറുകൾ വലിക്കുന്നതിനോ ഉപയോഗിച്ചാൽ കെ.എസ്.ഇ.ബി.ക്കും ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിനും പരാതി നൽകണം.

പൊതു നിരത്തുകൾ, ഓടുന്ന വാഹനങ്ങൾ ഇവ ശബ്ദായമാനമാക്കിയാലും, വാഹനത്തിൽ നിന്നും പുറത്തുവരുന്ന രീതിയിൽ ശബ്ദം ഉണ്ടാക്കിയാലും തെളിവ് ചിത്രങ്ങളും, വീഡിയോയും സഹിതം പരാതി നൽകണം.

ഈ പരാതികളൊക്കെ കൃത്യമായി ഫോളോ-അപ്പ് ചെയ്യാനും, വിവരാവകാശം നൽകി നടപടികൾ നിരീക്ഷിക്കാനും തയ്യാറാകേണ്ടത് നമ്മുടെ ഭരണഘടനാ ബാദ്ധ്യതയും ഉത്തവാദിത്തവുമാണ്.

റോഡ് തടയലും, പൊതു ഇടത്ത സമരങ്ങളും മെല്ലാം ശബ്ദമലീമസമാക്കാതെ ചട്ടം പരിപാലിക്കുന്ന ഒരു പരിഷ്കൃത ലോകം നമുക്ക് രൂപപ്പെടുത്തിയെടുക്കാം. ആചാരങ്ങളും, ആഘോഷങ്ങളും, ശബ്ദമലിനീകരണവും പൊതു ഇടങ്ങളിലും താമസമേഖലയിലും അല്ലാതെ അതു നടത്തുന്നവരുടെ സ്വപരിധിക്കകത്തും, അടച്ചുമൂടിയ ആഡിറ്റോറിയങ്ങൾക്കകത്തും ആക്കി മാറ്റാം.

രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെ പൊതു നിരത്തുകളിൽ അവകാശം പോലെ നടത്തുന്ന എല്ലാ ലൌഡ്സ്പീക്കർ വച്ചുള്ള പരിപാടികളും ശബ്ദമലിനീകരണം നിയന്ത്രണവും സംരക്ഷണവും ചട്ടം 2000 ൻറെ നഗ്നമായ ലംഘനമാണ്. സ്വപരിധിയിൽ നിറുത്താൻ കഴിയാത്ത എല്ലാ ശബ്ദ പരിപാടികളും അടച്ചുമൂടിയ ആഡിറ്റോറിയത്തിൽ നടത്തണം എന്നതാണ് ചട്ടം.

ശബ്ദ ഉപകരണങ്ങൾ സ്ഥാപിക്കുന്നവരും ശബ്ദമലിനീകരണം നടത്തി ഉപജീവനം നടത്തുന്നവരുമായവരിൽ ഭൂരിഭാഗം പേരും കേൾവിക്കുറവുള്ളവരും, മറ്റു നിരവധി അനുബന്ധ രേഗങ്ങൾക്കടിമകളുമാണ്, ഇത്രയും ഭീകര ശബ്ദത്തിൽ നിൽക്കുന്ന സ്റ്റേജ് കലാകാരന്മാരുടെയും അവസ്ഥ വ്യത്യസ്തമല്ല. ഇവരെയൊക്കെ ബോധവത്കരിച്ച് പിൻമാറ്റാൻ നമുക്ക് കഴിയണം.

ശാന്തമായി സ്വഭവനങ്ങളിലും, പൊതു ഇടങ്ങളിലും, ജീവിക്കൽ ഓരോ പൌരൻറെയും അവകാശമാണ്. അതിനു വേണ്ടി തന്നെയാണ് ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 നിലവിൽ വന്നതും. പൂർണ്ണമായ അർത്ഥത്തിൽ അത് നടപ്പിലാക്കപ്പെടണം.

അവസാനമായി ഒന്നുകൂടി ശബ്ദശല്യം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളെ കുറിച്ച് 25.4.2017 ന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞ വിവരങ്ങൾ സഭാ രേഖകളിൽ കാണും അവകൂടി എടുത്ത് പരിശോധിച്ചാൽ ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 ആണ് കേരളത്തിലങ്ങോളം ഇങ്ങോളം നിലനിൽക്കുന്ന ശബ്ദ നിയമം എന്നു മനസ്സിലാക്കാം.

കേരളത്തിൽ ലൌഡ്സ്പീക്കർ ശബ്ദമലിനീകരണ ചട്ടം നടപ്പിലാക്കേണ്ട അധികാരികൾ ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് മേധാവി, സബ്ഡിവിഷണൽ പോലീസ് മേധാവി (ഡി.വൈ.എസ്പി/എ.സി.പി.) എന്നിവരാണ്. ലൌഡ്സ്പീക്കർ ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ അതിന് ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 നിബന്ധനകൾ പാലിച്ചും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയും രേഖാമൂലം അനുമതി നൽകേണ്ടതും, ശബ്ദമലിനീകരണം ശ്രദ്ധയിൽ പെട്ടാൽ നാം പരാതി നൽകേണ്ടതും ഈ ഉദ്യോഗസ്ഥർക്ക് തന്നെയാണ്. നടപടി എടുക്കേണ്ടതും ഇവർ തന്നെയാണ്.

പഠിക്കുന്ന കുട്ടികളോട്, അവരുടെ രക്ഷകർത്താക്കളോട്, രോഗികളോട്, വീടുകളിലിരുന്നു ജോലി ചെയ്യുന്നവരോട്, പൊതു നിരത്തിൽ ഓരോ ആവശ്യങ്ങൾക്കായി പോകുന്നവരോട് ഒക്കെയുള്ള മാനുഷികമായ പരിഗണനയും അവരുടെ മൌലിക അവകാശമായ ആർട്ടിക്കിൾ 21 ൻറെ ലംഘനം ആണ് ഇവിടെ നടക്കുന്ന ഓരോ ശബ്ദമലിനീകരണവും.

ഇവിടെ നൽകിയിരിക്കുന്ന നാഷണൽ ഗ്രീൻ ട്രൈബ്യൂണലിൻറെ ഏറ്റവും പുതിയ ഉത്തരവിലെ ശിക്ഷാ വിധികൾ നടപ്പിലാക്കാൻ പോലീസ് നിയമങ്ങളിൽ വേണ്ട പരിഷ്കാരങ്ങൾ നടത്താനും ശബ്ദമലിനീകരണം (നിയന്ത്രണവം സംരക്ഷണവും) ചട്ടം ലംഘിച്ചാൽ ഉണ്ടാകുന്ന ശിക്ഷകളായി ചേർക്കാനും ഇതുമായി ബന്ധപ്പെട്ട ഒരു സ്റ്റാൻറേർഡ് ഓപ്പറേഷൻ പ്രോസീജിയർ (SOP) ഇറക്കാനും സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ട് നിറുത്തുന്നു.

ശബ്ദമലിനീകരണ ബാധിതരായ ജനങ്ങളോട് പറയാനുള്ളത്:

പൊതുജനങ്ങൾക്ക്, വിദ്യാർത്ഥികൾക്ക്, രക്ഷകർത്താക്കൾക്ക്, രോഗികൾക്ക് അങ്ങനെ അങ്ങനെ ഏതൊരു വ്യക്തിക്കും ശബ്ദമലിനീകരണം അനുഭവപ്പെട്ടാൽ ഉടൻ പോലീസ് എമർജൻസി റസ്പോണ്സ് സർവ്വീസ് സിസ്റ്റം ആയ 112 ൽ വിളിച്ച് ശബ്ദമലിനീകരണം പരാതിപ്പെടണം.

നിങ്ങളുടെ പേരു വിവരം പറയാൻ താൽപര്യമില്ലെങ്കിൽ അത് പറയാൻ താൽപര്യമില്ല എന്നു പറഞ്ഞുതന്നെ പരാതി വിഷയം പറയുക.

പോലീസ് എത്തിയില്ലെങ്കിൽ വിഷയം പരിഹരിച്ചില്ലെങ്കിൽ വീണ്ടും പരാതിപ്പെടുക.

പോലീസ് തന്നെയാണ് ലൌഡ്സ്പീക്കർ ശബ്ദമലിനീകരണം തടയേണ്ട അധികാരികൾ.

നിയമവിരുദ്ധമായി പടക്കം പൊട്ടിക്കുന്നത് പോലും കുറ്റകരമാണ്.

ശബ്ദമലിനീകരണം മതമോ ആചാരമോ വിശാവസമോ രാഷ്ട്രീയമോ ഇല്ലാത്ത കുറ്റൃത്യമാണ്. നിങ്ങളെ രോഗിയാക്കാൻ ഉപകരിക്കുന്ന ഈ കുറ്റകൃത്യം തടയപ്പെടേണ്ടത് നാമോരുത്തരുടെയും കടമയാണ്. ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 നമ്മുടെ ആരോഗ്യ സുരക്ഷയ്ക്കായി രൂപപ്പെടുത്തിയതാണ്.

പരാതികൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:

പരാതി നൽകാൻ: https://essenseglobal.com/activism/silence-the-noise/#b
ഫേസ്ബുക്ക് ഗ്രൂപ്പ്: https://www.facebook.com/groups/silencethenoise
ഔദ്യോഗിക രേഖകൾ അടങ്ങിയ ബ്ലോഗ്: https://noisepollusioncontrol.org/
വാട്സ്ആപ്പ് ഗ്രൂപ്പ്: https://chat.whatsapp.com/KnrCfFOyQuB86i2sKNsyf4
വിവരങ്ങൾക്കുള്ള വാട്സ്ആപ്പ് ചാനൽ: https://whatsapp.com/channel/0029VaswP7NHLHQWWXDfXI15
യൂട്യൂബ് ഇൻഫോ ചാനൽ: https://www.youtube.com/@silence-the-noise-SIN
ജി.പി.എസ്. ആൻഡ്രോയ്ഡ് APK https://play.google.com/store/apps/details?id=com.smarternoise.splcam
https://play.google.com/store/apps/details?id=com.jeyluta.timestampcamerafree&hl=en_IN

നിങ്ങളുടെ പരാതികളിൽ തുടർ നടപടികൾക്കായി ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും.

നന്ദി,
മനു കൊല്ലം
Silence the Noise

Silence the Noise: File Your Complaint Today!

Loading