മരങ്ങള്‍ നട്ട് ഓക്‌സിജന്‍ വര്‍ധിപ്പിക്കാമെന്നത് ഒരു അന്ധവിശ്വാസം മാത്രമാണ്; ലൈഫ്‌-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു


‘നമ്മളില്‍ ബഹുഭൂരിപക്ഷവും വൃക്ഷങ്ങളെയും വനങ്ങളെയും അതില്‍ വസിക്കുന്ന കിളികളെയും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ കഥ അറിയാതെ ആടുന്നവരും അതിന് താളം പിടിക്കുന്നവരും ആയ ചില പ്രകൃതിസ്‌നേഹികളെയും നമുക്കിടയില്‍ കാണാന്‍ കഴിയും. അവരുടെ പ്രകൃതിസ്‌നേഹവും മരം ചുറ്റലും ഒക്കെ ഓക്‌സിജനുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളില്‍നിന്നും ഉണ്ടാകുന്നതാണ് എന്നതാണ് വാസ്തവം. പ്രത്യേകിച്ചും ആല്‍മരങ്ങളെ ചുറ്റിപ്പറ്റിയുള്ളവ. അന്ധവിശ്വാസങ്ങളെ പ്രമോട്ട് ചെയ്യുന്ന ചില സൈറ്റുകളും ഇതുപോലുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.’- ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു
ശരിക്കും മരങ്ങള്‍ നമുക്ക് പ്രാണവായു തരുന്നുണ്ടോ?

പ്രകൃതിയെ ചൂഷണം ചെയ്യാതെ മനുഷ്യസമൂഹത്തിന് ഒരു ദിവസത്തെ അതിജീവനം പോലും സാദ്ധ്യമല്ലെന്ന സത്യം അംഗീകരിക്കുമ്പോഴും, പരിസ്ഥിതി സംരക്ഷണം എന്നത് ഒരു മഹത്തായ ആശയത്തിനപ്പുറം ഭൂമിയിലെ നാളത്തെ ജീവന്റെ നിലനില്പിനെ നേരിട്ട് ബാധിക്കുന്ന യാഥാര്‍ഥ്യം കൂടിയാണ്. എന്നാല്‍ കേരളം പോലെ സസ്സ്യ ശ്യാമളാ കോമളമായ ഒരു ദേശത്ത് പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും മരങ്ങള്‍ നട്ട് ഫോട്ടോ പിടിക്കാന്‍ നടക്കുന്നതും, അപകടം വരുത്തിവെക്കാനിടയുള്ളതും അവശ്യം മുറിച്ചുമാറ്റേണ്ടതുമായ മരങ്ങള്‍ പോലും മുറിച്ച് മാറ്റാനാനുവദിക്കാതെയുമുള്ള പരിസ്ഥിതി സംരക്ഷണം, തമിഴ്നാട്ടിലെ ജലക്ഷാമത്തിന് കുട്ടനാട്ടില്‍ സേവ് വാട്ടര്‍ നടപ്പാക്കുന്നത്‌പോലെയാണ്.

നമ്മളില്‍ ബഹുഭൂരിപക്ഷവും വൃക്ഷങ്ങളെയും വനങ്ങളെയും അതില്‍ വസിക്കുന്ന കിളികളെയും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ കഥ അറിയാതെ ആടുന്നവരും അതിന് താളം പിടിക്കുന്നവരും ആയ ചില പ്രകൃതിസ്‌നേഹികളെയും നമുക്കിടയില്‍ കാണാന്‍ കഴിയും. അവരുടെ പ്രകൃതിസ്‌നേഹവും മരം ചുറ്റലും ഒക്കെ ഓക്‌സിജനുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളില്‍നിന്നും ഉണ്ടാകുന്നതാണ് എന്നതാണ് വാസ്തവം. പ്രത്യേകിച്ചും ആല്‍മരങ്ങളെ ചുറ്റിപ്പറ്റിയുള്ളവ. അന്ധവിശ്വാസങ്ങളെ പ്രമോട്ട് ചെയ്യുന്ന ചില സൈറ്റുകളും ഇതുപോലുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ആദ്യകാലത്ത് ഓക്‌സിജന്‍ വിഷവാതകം ആയിരുന്നു

ഭൂമിയില്‍ ജീവന്‍ ഉടലെടുത്തതിന് ശേഷവും ഏതാണ്ട് 150 കോടി വര്‍ഷക്കാലത്തോളം ഭൂമി ഫ്രീ ഓക്‌സിജന്‍ ഇല്ലാത്ത ഒരു ഗ്രഹമായിരുന്നു. ഓക്‌സിജന്‍ ആവശ്യമില്ലാത്ത സൂക്ഷ്മജീവികളാണ് അന്നുണ്ടായിരുന്നത്. അന്ന് ഭൂമിയിലെ ഓക്‌സിജന്‍ മുഴുവന്‍ വെള്ളത്തിന്റെയും ഐസിന്റെയും രൂപത്തില്‍ (H2ഛ) കടലിലും കരയിലും ആയിരുന്നു. ഏതാണ്ട് 240 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ഫോട്ടോസിന്തസിസ് (പ്രകാശ സംശ്ലേഷണം) എന്ന പ്രക്രിയയിലൂടെ കടല്‍ ജലത്തെ വിഘടിപ്പിച്ചുകൊണ്ട് ഹൈഡ്രജന്‍ സ്വീകരിക്കുകയും ഓക്‌സിജനെ സ്വാതന്ത്രമാക്കുകയും ചെയ്യാന്‍ കഴിവുള്ള സൈനോബാക്ടീരിയകള്‍ പരിണമിക്കുന്നത്. അതിനും മുന്‍പുതന്നെ സൈനോബാക്ടീരിയകളുടെ പൂര്‍വ്വരൂപങ്ങള്‍ (ancestors) ഈ പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കാമെങ്കിലും വെള്ളത്തിലും അന്തരീക്ഷത്തിലും ഫ്രീ ഓക്‌സിജന്‍ നിറഞ്ഞു തുടങ്ങുന്നത് കഴിഞ്ഞ 240 കോടി വര്‍ഷങ്ങള്‍ക്കടുത്താണ്.

ഓക്‌സിജന്റെ അഭാവത്തില്‍ ഉരുത്തിരിഞ്ഞ ആദ്യകാല സൂക്ഷ്മ ജൈവ രൂപങ്ങള്‍ക്ക് ഓക്‌സിജന്‍ വിഷവാതകമായിരുന്നു. അതിന്റെ ഫലമായി 240 കോടി വര്‍ഷം മുന്‍പ് ഭൂമിയില്‍ ആദ്യത്തേതും ഏറ്റവും വലുതുമായ കൂട്ട മരണം (great extinction) അരങ്ങേറി. അന്ന് ഭൂമിയില്‍ ഉണ്ടായിരുന്ന 99 ശതമാനം സൂക്ഷ്മ ജീവികളും oxygen toxicity കാരണം കൂട്ടത്തോടെ ചത്തൊടുങ്ങി. (കടലില്‍ മാത്രമാണ് അന്ന് ജീവന്‍ ഉണ്ടായിരുന്നത്) ശേഷിച്ചതും ഓക്‌സിജനെ അതിജീവിക്കാന്‍ ശേഷി നേടിയതുമായ ഒരുശതമാനവുമായി പരിണാമം വീണ്ടു മുന്നേറി.

60 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയിലെ ഇന്നത്തെ ഓക്‌സിജന്‍ ലെവല്‍ ആയ 21% ത്തിലേക്ക് ഭൂമി എത്തിച്ചേരുമ്പോള്‍ കരയില്‍ ആല്‍മരങ്ങള്‍ പോയിട്ട് സസ്യങ്ങള്‍ തന്നെ പരിണമിച്ചിട്ടില്ലായിരുന്നു എന്നത് ചില പരിസ്ഥിതി വാദികള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.കരയില്‍ വളരുന്ന ആദ്യത്തെ തണ്ടുള്ള സസ്സ്യം രൂപപ്പെട്ടത് തന്നെ ഏതാണ്ട് 42 കോടി വര്‍ഷം മുന്‍പ് മാത്രമാണ്. രണ്ടര ഇഞ്ച് മാത്രം ഉയരമുള്ള Cooksonia ആണത്.

മരങ്ങളല്ല കടല്‍ സസ്യങ്ങളാണ് ഓക്‌സിജന്‍ ഉണ്ടാക്കുന്നത്

ഭൂമിയിലെ ഓക്‌സിജന്റെ ഏതാണ്ട് 71 ശതമാനവും പ്രദാനം ചെയ്യുന്നത് കടലിലെ സൂക്ഷ്മ ജീവികളും ആല്‍ഗകളും മറ്റ് കടല്‍ സസ്സ്യങ്ങളുമാണ്. സമുദ്രതലത്തില്‍നിന്നും അധികം ഉയരത്തിലല്ലാതെ സ്ഥിതിചെയ്യുന്ന പുല്ലുപോലും മുളക്കാത്ത ഒരു മരുഭൂമിയില്‍ നിങ്ങള്‍ക്ക് 21 ശതമാനം ഓക്‌സിജന്‍ ലഭിക്കുമ്പോള്‍ ഊട്ടിയെപോലെ സമുദ്രനിരപ്പില്‍നിന്നും 8000 അടി ഉയരത്തിലുള്ള ഒരു വനത്തിനുള്ളില്‍ നിങ്ങള്ക്ക് 16 ശതസമാനം ഓക്‌സിജന്‍ മാത്രമേ ലഭിക്കുകയുള്ളു.

ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകുംതോറും ഉയരത്തിന് ആനുപാതികമായി അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ രക്തത്തിലെ ഹിമോഗ്ലോബിന്‍ വര്‍ധിപ്പിച്ചുകൊണ്ട് ഒരു പരിധിവരെ കുറഞ്ഞ ഓക്‌സിജന്‍ ലെവലിലും അതിജീവിക്കുവാന്‍ മനുഷ്യരും മറ്റ് ജീവജാലങ്ങളും ശേഷി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ 21 ശതമാനത്തില്‍ കൂടിയ ഓക്‌സിജന്‍ ലെവല്‍ ഭൂമിയില്‍ എവിടെയും ഇല്ലാത്തതുകാരണം അങ്ങിനെ ഒരവസ്ഥയെ അതിജീവിക്കാന്‍ നമ്മുടെ എയ്റോബിക് മെറ്റബോളിസം സജ്ജമല്ല. അതുകൊണ്ട് ഏതെങ്കിലും രീതിയില്‍ 21 ശതമാനത്തില്‍ കൂടിയ അളവില്‍ ഓക്‌സിജന്‍ തുടര്‍ച്ചയായി ശ്വസിക്കുന്നത് Oxygen toxicity ക്ക് കാരണമാവുകയും അത് ശ്വാസകോശത്തെ തകരാറിലാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.

വേഗതയിലും ഉയര്‍ന്ന തോതിലും സസ്സ്യങ്ങളില്‍ ഫോട്ടോസിന്തസിസ് നടത്തി ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഘടകങ്ങളില്‍ പ്രധാനം, ഏത് ദിശയില്‍നിന്നും വരുന്ന സൂര്യപ്രകാശത്തെയും ആഗിരണം ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള ഇലകളുടെ ക്രമീകരണവും വെള്ളത്തിന് ഇലകളിലേക്കുള്ള കുറഞ്ഞ ദൂരംവും ആണ്. ഇത് ആല്‍ഗകളിലെയും കടല്‍ സസ്സ്യങ്ങളിലെയും പ്രകാശ സംശ്ലേഷണത്തെ ത്വരിതപ്പെടുത്തുന്നു. കരയില്‍ പുല്ല് വര്‍ഗങ്ങളിലാണ് ഈ ഏറിയ സാദ്ധ്യത കാണുന്നത്. അതുകൊണ്ടുതന്നെ കൂടുതലായി കാര്‍ബോ ഹൈഡ്രേറ്റ് ഉല്പാദിപ്പിക്കുന്ന സസ്യങ്ങളായ നെല്ല് , ഗോതമ്പ് , കരിമ്പ് , ചോളം , റാഗി , ബാര്‍ലി , ഓട്‌സ്, തിന തുടങ്ങിയവയെല്ലാം പുല്ല് വര്‍ഗ്ഗങ്ങളാണെന്ന് കാണാം. മനുഷ്യര്‍ കൃഷിചെയ്യുന്ന എല്ലാ ധാന്യ വിളകളും, ധാന്യ ഇതര വിളകളും ചുരുങ്ങിയ പക്ഷം അവയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന് ആനുപാതികമായ അളവില്‍ ഓക്‌സിജന്‍ സംഭാവന ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ വലിയ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല.

വൃക്ഷങ്ങള്‍ നട്ട് ഓക്‌സിജന്‍ നിര്‍മ്മിക്കേണ്ടതില്ല

കഴിഞ്ഞ 60 കോടി വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഭൂമിയുടെ ഓക്‌സിജന്‍ ലെവല്‍ വലിയ ജീവജാലങ്ങള്‍ക്ക് പരിണമിക്കാനാവശ്യമായ 21 ശതമാനത്തിലേക്ക് എത്തിച്ചേര്‍ന്നതെങ്കിലും, 35 എന്ന ഉയര്‍ന്ന ശതമാനത്തിനും 15 എന്ന നിമ്‌ന അവസ്ഥക്കും ഇടയിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഓക്‌സിജന്‍ നിലവിലെ 21ശതമാനത്തില്‍ എത്തി നില്‍ക്കുന്നത്. ഓക്‌സിജന്റെ അളവിലെ ഈ ഏറ്റക്കുറച്ചിലുകള്‍ നടക്കുന്നത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ സമയമെടുക്കുന്ന ഒരു നീണ്ട കാലയളവിലെ പ്രക്രിയ ആയതുകൊണ്ട് അതത് കാലഘട്ടങ്ങളിലെ ഓക്‌സിജന്‍ ലവലിന് അനുഗുണമായ ജീവജാലങ്ങള്‍ അതത് കാലങ്ങളില്‍ പരിണമിച്ചു.

മഴ കുറഞ്ഞ ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ അന്നത്തെ നല്ലവരായ രാജാക്കന്മാര്‍ വഴിയോരങ്ങളില്‍ തണല്‍ വൃക്ഷങ്ങല്‍ നട്ടുപിടിപ്പിച്ച ചരിത്രങ്ങള്‍ വായിച്ചും കേട്ടും വളര്‍ന്ന നമുക്കൊക്കെ അങ്ങനെ ചെയ്യുന്നത് ഒരു മഹത്തായ പ്രവര്‍ത്തിയാണെന്ന് തോന്നുന്നത് സ്വാഭാവികമാണ്. അതങ്ങിനെ ആണ് താനും. എന്നാല്‍ നാം രാജസ്ഥാനിലോ മറ്റേതെങ്കിലും വരണ്ട പ്രദേശങ്ങളിലോ അല്ലെന്നും, വൃക്ഷങ്ങല്‍ അതിവേഗം തഴച്ചുവളരുന്ന ജനനിബിഡമായ ഒരു ഇടുങ്ങിയ പ്രദേശമാണിതെന്നുമുള്ള യാഥാര്‍ഥ്യബോധവുംകൂടി നമുക്കുണ്ടായിരിക്കേണ്ടതാണ്. കേരളത്തില്‍ ഇന്ന് കാണുന്ന ഭൂരിഭാഗം റോഡുകളും പണ്ടത്തെ ഇടവഴികള്‍ പരിണമിച്ചുണ്ടായവയാണ്. അതുകൊണ്ടുതന്നെ ഇരുവശത്തേയും പറമ്പുകളിലെ വൃക്ഷങ്ങള്‍ റോഡിലെ വൈദ്യുത കമ്പികളിലേക്ക് ചാഞ്ഞിരിക്കുന്നത് കണാം. അതിന് പുറമെ വേണ്ടിടത്തും വേണ്ടാത്തിടത്തും തണല്‍ വൃക്ഷങ്ങളും കൂടി തിരുകി വെക്കുന്നതുകൊണ്ട് മഴക്കാലത്ത് ഇരുട്ടത്തിരിക്കാമെന്നല്ലാതെ വേറെ എന്തെങ്കിലും ഗുണമുണ്ടെന്ന് തോന്നുന്നില്ല. ഓക്‌സിജന്റെ നിര്‍മ്മാണമാണ് ഉദ്ദേശമെങ്കില്‍ അത് നിങ്ങളുടെ കൃഷിയിടങ്ങളിലും നടക്കുന്നുണ്ട്. അതിനുവേണ്ടി മരം ചുറ്റണമെന്നില്ല.

എന്നാല്‍ അനുയോജ്യമായ ഇടങ്ങളിലും തണലില്ലാത്ത വഴിയോരങ്ങളിലും ഉദ്യാനങ്ങളിലും തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടത് ആവശ്യമാണ്. വനങ്ങള്‍ സംരക്ഷിക്കേണ്ടതും മുറിച്ചുമാറ്റിയ വനമേഖലകള്‍ കണ്ടെത്തി വനവല്‍ക്കരിക്കുകയും വഴി മരങ്ങളിലും കാടുകളിലും പാര്‍ക്കുന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ ഉറപ്പ് വരുത്തേണ്ടതുമാണ്.വികസിത രാജ്യങ്ങളില്‍ ഉയരവും രൂപവും കൃത്യമായി നിശ്ചയിച്ചും നിയന്ത്രിച്ചുമാണ് വഴിയോരങ്ങളില്‍ തണല്‍വൃക്ഷങ്ങള്‍ വളര്‍ത്തുന്നത്. സ്വകാര്യ വ്യക്തികളുടെ വൃക്ഷങ്ങളുടെ ഒരു ശാഖ പോലും റോഡുകളോ പൊതു ഇടങ്ങളോ കയ്യേറാന്‍ അവര്‍ അനുവദിക്കാറില്ല. നമുക്കും അങ്ങിനെ ചെയ്യാവുന്നതാണ്.

Loading


About Life-Win Surendran (V C Surendran)

View all posts by Life-Win Surendran (V C Surendran) →