മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമോ; അർമീനിയൻ വംശഹത്യയും ബനൂ ഖുറൈള പ്രമാണവിധിയും; ഫൈസൽ സി. കെ. എഴുതുന്നു


“അർമീനിയൻ വംശഹത്യ നടത്തിയ ഒട്ടോമൻ സാമ്രാജ്യവും സുൽത്താനും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കേവലം ഭൗതിക ലോകത്തെ രാഷ്ട്രീയ അധികാരികൾ മാത്രമായിരുന്നില്ല. ലോക മുസ്ലിം ഉമ്മത്തിൻ്റെ ഖലീഫയും ആത്മീയ നേതൃത്വവുമായിരുന്നു തുർക്കി ഭരണാധികാരികൾ. മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമോ എന്ന സംശയം ഏതൊരാൾക്കും ന്യായമായും ഉണ്ടാകാം, ഇസ്ലാമും പ്രവാചകനും ഇത്തരം ക്രൂരതകളോട് പുലർത്തുന്ന സമീപനത്തെ സംബന്ധിച്ചും സംശയം സ്വാഭാവികമാണ്.”
അർമീനിയൻ വംശഹത്യയും ബനൂ ഖുറൈള പ്രമാണവിധിയും

അർമീനിയൻ വംശഹത്യയുടെ പ്രേതം ഇന്നും തുർക്കിയെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. 1915-16 വർഷങ്ങളിലാണ് ഓട്ടോമൻ തുർക്കികൾ അർമീനിയൻ വംശജർക്ക് നേരെ കൂട്ടക്കുരുതി അഴിച്ചുവിടുന്നത്. ഇതിൻ്റെ ഓർമ പുതുക്കുന്ന ദിനത്തിൽ (Armenian Genocide Remembrance Day) അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഈ കൂട്ടക്കുരുതിയെ ഒരു ‘വംശഹത്യാകൃത്യ’മായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്, ചരിത്രത്തെ മറവിയുടെ തിരശ്ശീല പുതച്ച് തമസ്കരിക്കാൻ ശ്രമിക്കുന്ന തുർക്കിക്ക് ഒരു തിരിച്ചടിയായിരിക്കുകയാണ്. ഏകദേശം ഒന്നര ദശലക്ഷം അർമീനിയൻ വംശജരാണ് ഒന്നാം ലോക മഹായുദ്ധത്തിൻ്റെ ആദ്യഘട്ടത്തിൽ ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ അധീനതയിലുളള ഭൂപ്രദേശത്ത് കൂട്ടക്കുരുതിക്ക് ഇരയായത്. ഈയൊരു ചരിത്ര വസ്തുതയെ നിർലജ്ജം നിരാകരിക്കാനാണ് തുർക്കിയുടെ ഇന്നത്തെ ഭരണാധികാരി റജബ് ത്വയ്യിബ് എർദോഗാൻ ശ്രമിക്കുന്നത്.

വംശഹത്യ എന്ന കൃത്യത്തിന് ജൂതവംശജനായ പോളീഷ് നിയമജ്ഞൻ റാഫേൽ ലെംകിൻ നൽകിയ നിർവചനം ഇങ്ങനെയാണ് ; “പ്രത്യേക ദേശീയ സ്വത്വം ഉൾകൊള്ളുന്ന ഒരു വിഭാഗത്തിനെതിരെ അവരുടെ സ്വത്വത്തിൻ്റെ പേരിൽ മറ്റു വ്യക്തിപരമായ കാരണങ്ങളൊന്നും കൂടാതെ അതിലെ വ്യക്തികളുടെ ഉന്മൂലനം മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന പ്രവർത്തനങ്ങളാണ് വംശഹത്യ.” (Axis Rule in Occupied Europe: Laws of Occupation, Analysis of Government, Proposals for Redress, 2nd ed. (2008, p. 79). 1920 കളിൽ താനൊരു സർവകലാശാല വിദ്യാർത്ഥി ആയിരിക്കെയാണ് ലെംകിൻ ആദ്യമായി അർമീനിയയിലെ ആസൂത്രിത കൂട്ടക്കുരുതിയെ കുറിച്ച് പഠിക്കുന്നത്. പിന്നീട് ലെംകിൻ്റെ കുടുംബത്തിലെ നാൽപ്പത്തൊമ്പത് പേർ ഹോളോകോസ്റ്റ് ഭീകരതയിൽ കൊല്ലപ്പെടുകയുണ്ടായി. 1944 ലാണ് ലെംകിൻ മാനവികതയുടെ കിരാത ധ്വംസനമായ ഇത്തരം കുറ്റകൃത്യങ്ങളെ വിശേഷിപ്പിക്കുവാൻ ‘ജെനസൈഡ്’ (വംശഹത്യ) എന്ന പദം സംഭാവന ചെയ്യുന്നത്.

1948 ഡിസംസബർ 9 ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ജെനസൈഡ് കൺവൻഷനിലെ ആർട്ടിക്കിൾ II വംശഹത്യയെ നിർവചിക്കുന്നത് ഇങ്ങനെയാണ്; ദേശീയമായോ വർഗപരമായോ, ഗോത്രീയമായോ മതപരമായോ ഒരു പ്രത്യേക വിഭാഗമായി രൂപംകൊണ്ട ഒരു സാമൂഹത്തെ ഭാഗികമായോ പൂർണ്ണമായോ ഉന്മൂലനം ചെയ്യാൻ താഴെ കൊടുത്തവയിൽ നിന്ന് പ്രയോഗിക്കുന്ന ഏതൊരു നടപടിയെയും വംശഹത്യയായി കണക്കാക്കുന്നതാണ് ;
(a) ആ വിഭാഗത്തിലെ അംഗങ്ങളെ വധിക്കുക; (b) അവർക്കു നേരെ ശാരീരികമോ മാനസികമോ ആയ ഉപദ്രവം ഏൽപിക്കുക, (c) അവരുടെ ജീവിതത്തെ ഭാഗികമായോ പൂർണ്ണമായോ തകർക്കും വിധം ജീവിത ചുറ്റുപാടുകളെ അപകടത്തിൽ പെടുത്തുക, (d) അവരുടെ ജനനനിരക്ക് ഇല്ലാതാക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്യുക, (e) അവരിലെ കുട്ടികളെ മറ്റൊരു വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യുക, തുടങ്ങിയ കാര്യങ്ങൾ. ഈ കാര്യങ്ങൾ മുൻനിർത്തി അർമീനിയയിൽ നടന്ന കൂട്ടക്കുരുതി വംശഹത്യയാണെന്ന് നിസ്സംശയം പറയാം.

ഏതൻ തോട്ടത്തിൽ നിന്ന് മരണഭൂമിയിലേക്കുള്ള പ്രയാണം

എഴുത്തുകാരൻ മാട്ട് ക്ലൈറ്റൻ തൻ്റെ ‘The Armenian Genocide: A Captive Guide to the Massacre of Armenians by the Turks of the Ottoman Empire (2019, p.1)’ എന്ന പുസ്തകത്തിൽ അർമീനിയൻ വംശഹത്യയെ വിവരിക്കുന്നത് ഇങ്ങനെയാണ് ; “കാലങ്ങളായി തങ്ങൾ ജീവിച്ചു പോരുന്ന ഭൂമിയിൽ നിന്ന് അവരെ പറിച്ചു മാറ്റി.  ചരിത്രാതീതകാലത്തോളം പഴക്കമുള്ളതായിരുന്നു അവരുടെ ജന്മ നാടുകൾ, ആദമിൻ്റെ ഏതൻ തോട്ടം അവിടെയായിരുന്നുവെന്ന കഥകളും അവർക്കിടയിൽ പറഞ്ഞു വരാറുണ്ട്.  പൊള്ളുന്ന സിറിയൻ മരുഭൂമിയിലേക്ക് കൂട്ടം കൂട്ടമായി അവരെ ആട്ടിത്തെളിച്ചു. അവിടെ അവർ മരണത്തെ അഭിമുഖീകരിച്ചു. അവർ അവരുടെ വീടുകളുടെ ഉമ്മറപ്പടികളിൽ വെടിയേറ്റു വീഴുകയുണ്ടായി. അവിടെയായിരുന്നു അവർ അവരുടെ മക്കളെ കൊഞ്ചിച്ച് വളർത്തിയിരുന്നത്. വാൾമുനകളിൽ അവർ ഇഞ്ചിഞ്ചായി കശാപ്പു ചെയ്യപ്പെട്ടു, അവശേഷിക്കുന്ന ജനതയെ ആത്മവീര്യം കെടുത്തി ഇല്ലാതാക്കാൻ വേണ്ടി കൂടിയായിരുന്നു ഇത്. കോൺസൺട്രേഷൻ ക്യാമ്പുകളിൽ അവരെ പട്ടിണിക്കിട്ട്‌ നരകിപ്പിച്ചു. ചിലരെ മരണം വരെ ആയിരങ്ങൾ കൂട്ടം ചേർന്ന് അടിച്ചു കൊന്നു, ചിലരെ ജീവനോടെ അഗ്നിക്കിരയാക്കി, ചിലരെ വെളളത്തിൽ മുക്കിക്കൊന്നു. അവരുടെ വിവസ്ത്രമായ, നഗ്നമായ ശരീരങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ച് പല ഭാഗങ്ങളിൽ ചിതറിക്കിടന്നു… ചുരുക്കത്തിൽ, ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ അധിപന്മാരായ മൂന്ന് പാഷമാർക്ക് കീഴിൽ അർമീനിയൻ ജനതയെ ഒന്നടങ്കം ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാൻ സാധ്യമായ എല്ലാ കുരുതികളും നിറവേറ്റി. ഒരു നാഗരികതയെ നിർമൂലനം ചെയ്യാൻ നടത്തിയ ഈ ക്രൂര നരഹത്യയിൽ നിന്നാണ് പിന്നീട് ‘വംശഹത്യ’ എന്ന പദം ജനിക്കുന്നത്.”

‘റെഡ് സുൽത്താൻ’ എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുൾ ഹമീദ് രണ്ടാമൻ്റെ കാലത്താണ് ഏറ്റവും കൂടുതൽ അർമീനിയക്കാർ അടിച്ചമർത്തപ്പെട്ടത്. 1894- 96 കാലങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഏകദേശം 3,00,000 അർമീനിയൻ വംശജരെ സുൽത്താൻ ഹമീദ്ൻ്റെ ഹാമിദിയ്യ സൈന്യം കശാപ്പ് ചെയ്തു. ചരിത്രത്തിൽ ഇത് ഹാമീദിയൻ കൂട്ടക്കുരുതി (Hamidian Massacre) എന്ന് അറിയപ്പെടുന്നു. അക്രമങ്ങൾ അവസാനിച്ചപ്പോൾ അർമീനിയൻ ജനത പത്തിൽ ഒന്നായി ചുരുങ്ങിയിരുന്നു. പക്ഷേ അത് കുരുതി കൊണ്ട് മാത്രമായിരുന്നില്ല, മറിച്ച് നൂറു കണക്കിന് അർമീനിയൻ ഗ്രാമങ്ങളെ ഹാമീദിയ സൈന്യം ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനം നടത്തുകയായിരുന്നു. അനുസരിക്കാത്തവരെ തൽക്ഷണം വധിക്കുമായിരുന്നു. പിന്നീട് മൂന്ന് പാഷകളുടെ നേതൃത്വത്തിൽ യുവതുർക്കികൾ സുൽത്താനിൽ നിന്ന് ഭരണം പിടിച്ചെടുത്തു. ഈ മൂന്നു പാഷമാരാണ് വംശഹത്യയുടെ നായകത്വം നിർവഹിച്ചത്. തങ്ങളുടെ സാമ്രാജ്യത്തിൻ്റെ ‘തുർക്കിവൽക്കരണം’ ലക്ഷ്യം വെച്ച യുവതുർക്കികൾ അതിനു വേണ്ടി അർമീനിയക്കാരെ കുരുതി നടത്താൻ തീരുമാനിക്കുകയായിരുന്നു.

അർമീനിയൻ വംശഹത്യ നടത്തിയ ഒട്ടോമൻ സാമ്രാജ്യവും സുൽത്താനും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കേവലം ഭൗതിക ലോകത്തെ രാഷ്ട്രീയ അധികാരികൾ മാത്രമായിരുന്നില്ല. ലോക മുസ്ലിം ഉമ്മത്തിൻ്റെ ഖലീഫയും ആത്മീയ നേതൃത്വവുമായിരുന്നു തുർക്കി ഭരണാധികാരികൾ. മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമോ എന്ന സംശയം ഏതൊരാൾക്കും ന്യായമായും ഉണ്ടാകാം, ഇസ്ലാമും പ്രവാചകനും ഇത്തരം ക്രൂരതകളോട് പുലർത്തുന്ന സമീപനത്തെ സംബന്ധിച്ചും സംശയം സ്വാഭാവികമാണ്. അവർ മനസിലാക്കേണ്ടത് ; ഇസ്ലാമിൽ പ്രവാചകൻ്റെ വാക്കുകൾ, പ്രവൃത്തികൾ പ്രവാചക ചര്യകൾ തുടങ്ങിയ കാര്യങ്ങൾ കുറിച്ചു വെക്കുന്ന മത പാരമ്പര്യത്തിന് പറയുന്ന പേരാണ് സുന്ന. ഒരു മുസ്ലിം തൻ്റെ ജീവിതത്തിൽ കുടുംബം മുതൽ രാഷ്ട്രം വരെയുള്ള വ്യവസ്ഥിതികളിൽ പാലിക്കേണ്ട നിയമങ്ങളും യുദ്ധകാലത്തും അല്ലാതെയും പിന്തുടരേണ്ട മര്യാദകളും സുന്നയിൽ നിന്നാണ് പഠിക്കുന്നത്. എന്നാൽ ഈ സുന്ന വംശഹത്യയെ കൃത്യമായി പിന്തുണക്കുന്നു എന്ന കാര്യം സൗകര്യപൂർവ്വം മറച്ചു പിടിച്ച ഭീകര യാഥാർത്ഥ്യമാണ്. ബനൂഖുറൈള ഗോത്രത്തോട് മുഹമ്മദും അനുയായികളും CE 627 ൽ നടത്തിയ കൂട്ടക്കുരുതി വ്യക്തമായും വംശഹത്യക്ക് മതം നൽകുന്ന അംഗീകാരത്തെ കാണിച്ചുതരുന്നുണ്ട്.

 ബനൂഖുറൈള: വിശുദ്ധമായ വംശഹത്യ

മുഹമ്മദിൻ്റെ കാലത്ത് മദീനയിൽ താമസിച്ചിരുന്ന ജൂത ഗോത്രമായിരുന്നു ബനൂഖുറൈള. AD 627 ൽ മക്കയിൽ നിന്ന് ഖുറൈശികളുടെ നേതൃത്വത്തിലുള്ള യുദ്ധസഖ്യം മുസ്ലിംകൾ കയ്യടക്കിയിട്ടുള്ള മദീനയെ ഉപരോധിച്ചപ്പോൾ മുസ്ലിംകൾക്ക് സഹായവുമായി എത്തിയവരായിരുന്നു ബനൂഖുറൈള ഗോത്രം. ഒരു കിടങ്ങ് നിർമിച്ചു കൊണ്ടായിരുന്നു മുസ്ലിംകൾ അന്ന് ഖുറൈശി സഖ്യത്തെ പ്രതിരോധിച്ചത്. ഈ ഏറ്റുമുട്ടൽ ‘ഖൻദഖ്’ (കിടങ്ങ് ) യുദ്ധം എന്ന പേരിലാണ് അറിയപ്പെടുന്നത്. യുദ്ധത്തിൽ മുസ്ലിംകൾക്ക് കിടങ്ങ് കുഴിക്കാൻ ആവശ്യമായ പണി ആയുധങ്ങൾ നൽകിയാണ് ബനൂഖുറൈള ഗോത്രം സഹായിച്ചത്. മാർട്ടിൻ ലിംഗ്സ് തൻ്റെ പ്രവാചക കീർത്തന ഗ്രന്ഥമായ ‘Muhammad: His Life Based on the Earliest Sources (2006, p.228)’ ൽ മക്കാ ഖുറൈശികൾ ബനൂനളീറ ഗോത്രക്കാരനായ ഹുയൈയിനെ നിയോഗിച്ചു കൊണ്ട് ബനൂഖുറൈള ഗോത്രക്കാരുടെ പിന്തുണ നേടാൻ ശ്രമിച്ചത് സംബന്ധിച്ച സംഭവങ്ങൾ വിവരിക്കുന്നുണ്ട്. ഇതിൽ ബനൂഖുറൈള ഗോത്രത്തലവനായ കഅബ് ബ്നു അസദ് നൽകുന്ന മറുപടി ഇങ്ങനെയാണ് ; “നിങ്ങൾ എനിക്ക് എല്ലാ കാലത്തും അപമാനം മാത്രമേ വരുത്തിയിട്ടുള്ളൂ, എന്നെ വിടൂ, എനിക്കറിയാം എന്തു ചെയ്യണമെന്ന്.” മാർട്ടിൻ ലിംഗ്സ് പുസ്തകത്തിൽ മുന്നോട്ടു വെക്കുന്ന അനുമാനം ബനൂഖുറൈള ഗോത്രക്കാർ മക്കയിലെ യുദ്ധസഖ്യവുമായി ഗൂഢാലോചനയിൽ എർപ്പെട്ട് മുസ്ലിംകളെ ചതിച്ചു എന്നാണ്. എന്നാൽ ഈയൊരു അനുമാനം ഇപ്പോഴും പ്രാമാണികമായി തെളിയിക്കാനാകാത്ത കെട്ടുകഥയായി നിലനിൽക്കുന്നു.

യുദ്ധാവസാനം, ബനൂഖുറൈളക്കാർ തങ്ങളെ ചതിച്ചു എന്ന സംശയം മുഹമ്മദിനെ പ്രകോപിപ്പിക്കുകയുണ്ടായി. മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ മൂവായിരം പേരടങ്ങുന്ന സൈന്യത്തെ ബനൂഖുറൈളക്കാരുടെ കോട്ട കീഴടക്കാൻ നിയോഗിച്ചു. ഇരുപത്തഞ്ച് ദിവസം മുസ്ലിം സൈന്യം ബനൂഖുറൈളയെ ഉപരോധിച്ചു. ഒടുവിൽ ബനൂഖുറൈളയുമായി സഖ്യമുള്ള ഔസ് ഗോത്രത്തിൻ്റെ തലവൻ അബുലുബാബയുമായി സംസാരിച്ച് ഒത്തു തീർപ്പിലെത്താൻ മുഹമ്മദ് അവരെ അനുവദിച്ചു. മുഹമ്മദിനു മുന്നിൽ കീഴടങ്ങാൻ സമ്മതരാണെന്ന് ബനൂഖുറൈളക്കാർ അബുലുബാബയെ അറിയിച്ചെങ്കിലും കീഴടങ്ങുക എന്നാൽ മുഹമ്മദിൻ്റെ അടുക്കൽ, കൊല ചെയ്യപ്പെടാൻ തയ്യാറാവുക എന്നാണ് ഉദ്ദേശ്യമെന്ന് അബൂലുബാബ അവർക്ക് മുന്നറിയിപ്പ് നൽകി. (Martin Lings, ibid, p. 237). ഇതിൽ വ്യക്തമാകുന്ന വസ്തുത, കുരുതി ആദ്യമേ ആസൂത്രണം ചെയ്തതായിരുന്നു. പക്ഷേ തങ്ങളുടെ ജീവൻ തന്നെ വില കൊടുക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ബനൂഖുറൈളക്കാർ തങ്ങളുടെ തോറയിലുള്ള വിശ്വാസം വെടിയാൻ തയ്യാറായില്ല. അവർ കുരുതിയെ നിസ്സങ്കോചം അഭിമുഖീകരിച്ചു.

ഒട്ടും പ്രതിരോധിക്കാതെ കോട്ടവാതിൽ തുറന്ന് മുഹമ്മദിനു മുന്നിൽ കീഴടങ്ങാൻ അവർ തീരുമാനിച്ചു. മുസ്ലിം സൈന്യം അവരിലെ പുരുഷന്മാരെ പിന്നിലേക്ക് കൈ വലിഞ്ഞു കെട്ടി ഒരു ഭാഗത്ത് പാർപ്പിച്ചു. മറ്റൊരു ഭാഗത്ത് സ്ത്രീകളെയും കുട്ടികളെയും ഒരുമിച്ചു കൂട്ടി. നിസ്സഹായരായി നിൽക്കുന്ന ഗോത്രക്കാരുടെ മേൽ വിധി വായിക്കാൻ ഔസ് ഗോത്രക്കാരനായ സഅദ് ബ്നു മുആദിനെ മുഹമ്മദ് നിയോഗിച്ചു. “പുരുഷന്മാർ കൊല്ലപ്പെട്ടണം, സ്വത്ത് വീതിക്കണം, സ്ത്രീകളും കുട്ടികളും യുദ്ധത്തടവുകാരായ അടിമകളാണ്,” സഅദ് പ്രഖ്യാപിച്ചു. “ഏഴാകാശത്തിനപ്പുറമുള്ള ദൈവത്തിൻ്റെ വിധിയാണ് നീ വായിച്ചത്,” പ്രവാചകൻ സഅദിനോട് മൊഴിഞ്ഞു. (Martin Lings, ibid, p. 240).

ബനൂഖുറൈളയിലെ പുരുഷന്മാർ ആ രാത്രിയിൽ ക്യാമ്പിൽ തന്നെ കഴിഞ്ഞു. തോറ ഉരുവിട്ടും പരസ്പരം ധൈര്യം പകർന്നും അവർ സമാശ്വാസം കൊണ്ടു. പിറ്റേന്ന് രാവിലെ മുഹമ്മദ് അങ്ങാടിയിൽ കിടങ്ങുകൾ കുഴിക്കാൻ ഉത്തരവിട്ടു ; ആഴത്തിലുള്ള ഇടുങ്ങിയതും നല്ല നീളമുള്ളതുമായ കിടങ്ങുകൾ. ഏകദേശം എഴുനൂറോളം പുരുഷന്മാരെ ചെറു ഗ്രൂപ്പുകളായി കിടങ്ങിനടുത്തേക്ക് നടത്തിച്ചു. അവരെ കിടങ്ങിൻ്റെ വശങ്ങളിൽ നിരനിരയായി ഇരുത്തിയ ശേഷം അലിയും സുബൈറും അടങ്ങുന്ന പ്രവാചക അനുയായികൾ വാളുയർത്തി അവരുടെ ശിരസ്സുകൾ വെട്ടിത്തുടങ്ങി. ബന്ധികളായ സ്ത്രീകളും സ്വത്തുക്കളും ആക്രമണത്തിൽ പങ്കാളികളായ മുസ്ലിം സൈനികർക്കിടയിൽ വീതിച്ചു. മുഹമ്മദിന് റൈഹാന എന്ന സുന്ദരിയായ അടിമയെ ലഭിച്ചു.

ബനൂഖുറൈളയിലെ പുരുഷന്മാർ കൂട്ടത്തോടെയായിരുന്നു കൊല ചെയ്യപ്പെട്ടത് വ്യക്തിപരമായ അപരാധം കൊണ്ടോ വൈരാഗ്യം തീർക്കാനോ ശത്രുത കാരണമോ ആയിരുന്നില്ല, അവർ ഒരു ഗോത്രീയസ്വത്വത്തിൻ്റെ ഭാഗമായതു കൊണ്ടുള്ള  ശിക്ഷയായിരുന്നു. കൂട്ടത്തിൽ ചിലരിൽ സംശയിക്കപ്പെട്ട വഞ്ചനയുടെ പേരിൽ ഒരു ഗോത്രം ഒന്നടങ്കമായിരുന്നു ഇത്രയും നൃശംസനീയമായ കുരുതിക്ക് ഇരയായത്. സ്വജീവൻ രക്ഷപ്പെടുത്താൻ ഇസ്ലാം സ്വീകരിച്ചതിനാൽ മൂന്നു പുരുഷന്മാർ മാത്രമാണ് ജീവനോടെ അവശേഷിച്ചത്. അതിപൈശാചികമായ ഈ സംഭവം ഏതു മാനദണ്ഡം വെച്ച് അളന്നാലും വംശഹത്യയുടെ പരിധിയിൽ നിന്ന് പുറത്ത് പോകില്ല. ഈ പശ്ചാത്തലത്തിൽ ഉയർന്നു വരുന്ന ഭീതിപ്പെടുത്തുന്ന ചോദ്യം ഇതാണ്; ഒരു മതം പ്രാമാണികമായിത്തന്നെ വംശഹത്യക്ക് അംഗീകാരം നൽകുമ്പോൾ മാനവികതയുടെ മുന്നിൽ വംശഹത്യ തടഞ്ഞു നിർത്താനുള്ള മാർഗങ്ങൾ അത്ര ലളിതമാണോ?


Leave a Reply

Your email address will not be published. Required fields are marked *