“2022-ൽ ‘നോയിസ് പൊല്യൂഷൻ കൺട്രോൾ ഓർഗനൈസേഷൻ’ എന്ന പേരിൽ ശാസ്ത്രീയവും ഭരണഘടനാപരവുമായ അവബോധത്തോടെ തുടക്കമിട്ട പൗരമുന്നേറ്റം, 2024-ൽ എസ്സെൻസ് ഗ്ലോബലിന്റെ പങ്കാളിത്തത്തോടെ ‘സൈലൻസ് ദി നോയിസ്’ (Silence the Noise – STN) ക്യാമ്പയിനായി രൂപാന്തരപ്പെടുകയാണുണ്ടായത്. തുടർന്ന് 2025–26 കാലയളവിൽ നിർണായകമായൊരു തന്ത്രപരമായ വഴിത്തിരിവിലേക്ക് കടന്ന ഈ മുന്നേറ്റം, കേവല അപേക്ഷകളിലും നിവേദനങ്ങളിലും ഒതുങ്ങിനിന്ന മുൻകാല രീതികളിൽനിന്ന് മാറി, നിയമലംഘനം തടയാത്ത ഉദ്യോഗസ്ഥരെ വ്യക്തിഗത ഉത്തരവാദിത്തത്തിന്റെയും പരോക്ഷ ബാധ്യതയുടെയും പരിധിയിൽ കൊണ്ടുവരുന്ന വ്യവസ്ഥാപിതമായൊരു നിയമപോരാട്ടമായി മുന്നോട്ടുപോയി.”
ശബ്ദമലിനീകരണത്തിനെതിരായ വ്യവസ്ഥാപിത നിയമപോരാട്ടവും പൗരശാക്തീകരണവും
‘സൈലൻസ് ദി നോയിസ്’ (STN) വാർഷിക റിപ്പോർട്ട് 2025–26
The civic movement that began as Noise Pollution Control Organisation in 2022 evolved into the “Silence the Noise” campaign in 2024, with the campaign subsequently being carried forward in association with esSENSE Global.
ആമുഖം: ശാസ്ത്രവും ഭരണഘടനയും ഒരേ സ്വരത്തിൽ
ശബ്ദമലിനീകരണം ഒരു വ്യക്തിഗത അസൗകര്യമോ ക്ഷണികമായ അലോസരമോ അല്ല. അത് മനുഷ്യന്റെ ശാരീരികവും മാനസികവുമായ നിലനിൽപ്പിനെത്തന്നെ കാർന്നുതിന്നുന്ന ഒരു പാരിസ്ഥിതിക കുറ്റകൃത്യമാണ്; ജീവിക്കാനുള്ള മൗലികാവകാശത്തിന്മേലുള്ള നിരന്തരമായ കടന്നുകയറ്റമാണ്. ലോകാരോഗ്യ സംഘടനയുടെ ‘Guidelines for Community Noise’, ‘Night Noise Guidelines for Europe’ എന്നീ ആധികാരിക രേഖകൾ ഇക്കാര്യത്തിൽ വ്യക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്; സുഖകരമായ നിദ്രയ്ക്ക് കിടപ്പുമുറികൾക്കുള്ളിലെ ശബ്ദപരിധി 30 dB(A)-ൽ താഴെയായിരിക്കണം, പാർപ്പിട മേഖലകളിലെ രാത്രികാല ബാഹ്യശബ്ദം 40 dB(A) കടക്കരുത്. തുടർച്ചയായി 65 dB(A)-ന് മുകളിലുള്ള ശബ്ദം കേൾക്കുന്നത് രക്തസമ്മർദ്ദത്തിനും ഹൃദ്രോഗങ്ങൾക്കും സ്ട്രെസ് ഹോർമോണുകളുടെ അമിത ഉൽപ്പാദനത്തിനും വഴിവെക്കുമെന്ന് വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലും വീടുകളിലും അലയടിക്കുന്ന ശബ്ദകോലാഹലങ്ങൾ കുട്ടികളുടെ ഏകാഗ്രതയെയും പഠനശേഷിയെയും ഗുരുതരമായി ബാധിക്കുന്നു എന്നതും തെളിയിക്കപ്പെട്ട വസ്തുതയാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ ശബ്ദമലിനീകരണമില്ലാത്ത ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശവും അന്തർലീനമാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. Church of God (Full Gospel) in India v. K.K.R. Majestic Colony Welfare Association (2000) കേസിൽ, ഒരു മതവും തങ്ങളുടെ പ്രാർത്ഥനകൾ ഉച്ചഭാഷിണികളിലൂടെയോ വാദ്യമേളങ്ങളിലൂടെയോ മറ്റുള്ളവർക്ക് ശല്യമാകുംവിധം നടത്തണമെന്ന് അനുശാസിക്കുന്നില്ലെന്ന് സുപ്രീം കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു; രോഗികൾക്കും പ്രായമായവർക്കും വിദ്യാർത്ഥികൾക്കും സമാധാനമായി ജീവിക്കാനുള്ള ആർട്ടിക്കിൾ 21-ലെ അവകാശം മതസ്വാതന്ത്ര്യത്തിനായുള്ള ആർട്ടിക്കിൾ 25-നേക്കാൾ പരമപ്രധാനമാണെന്ന് കോടതി അടിവരയിട്ടു. In Re: Noise Pollution (2005) വിധിയിലൂടെ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയുള്ള ഉച്ചഭാഷിണി ഉപയോഗം പൂർണ്ണമായി നിരോധിക്കുകയും പൊതുജനങ്ങളുടെ സ്വസ്ഥത കാത്തുസൂക്ഷിക്കൽ ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
നിയമത്തിന്റെ അതിർവരമ്പുകൾ
കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമം (EPA) 1986-ഉം, ശബ്ദമലിനീകരണ (നിയന്ത്രണവും സംരക്ഷണവും) ചട്ടങ്ങൾ 2000-ഉം വിവിധ മേഖലകളിലെ അനുവദനീയമായ ശബ്ദപരിധികൾ ഇപ്രകാരം നിജപ്പെടുത്തിയിരിക്കുന്നു:
|
മേഖല |
പകൽ പരിധി (6am–10pm) |
രാത്രി പരിധി (10pm–6am) |
|
വ്യാവസായിക മേഖല |
75 dB(A) Leq |
70 dB(A) Leq |
|
വാണിജ്യ മേഖല |
65 dB(A) Leq |
55 dB(A) Leq |
|
പാർപ്പിട മേഖല |
55 dB(A) Leq |
45 dB(A) Leq |
|
നിശ്ശബ്ദ മേഖല |
50 dB(A) Leq |
40 dB(A) Leq |
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവ് നിയമപ്രകാരം നിശ്ശബ്ദമേഖലയാണ്; അവിടെ പകൽ സമയത്തുപോലും 50 dB(A)-ൽ കൂടുതൽ ശബ്ദം അനുവദനീയമല്ല. ചട്ടം 5(1) പ്രകാരം ഉച്ചഭാഷിണി ഉപയോഗത്തിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി അനിവാര്യമാണ്; ചട്ടം 5(2) പ്രകാരം രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി പ്രവർത്തനം പൂർണ്ണമായി വിലക്കിയിരിക്കുന്നു. ചട്ടം 5(4), 5(5) പ്രകാരം ഒരു സ്ഥാപനത്തിനും തങ്ങളുടെ പരിസരത്തിന്റെ റവന്യൂ അതിർത്തിക്ക് പുറത്തേക്ക് ശബ്ദം വ്യാപിപ്പിക്കാൻ അവകാശമില്ല. ചട്ടം 8 പ്രകാരം അനധികൃത ശബ്ദ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ പോലീസിനും മജിസ്ട്രേറ്റിനും അധികാരമുണ്ട്. EPA-യിലെ സെക്ഷൻ 15 നിയമലംഘനത്തെ ക്രിമിനൽ കുറ്റമാക്കുമ്പോൾ, സെക്ഷൻ 17 സ്ഥാപന മേധാവികളുടെ പരോക്ഷ ബാധ്യത (Vicarious Liability) ഉറപ്പാക്കുന്നു; സെക്ഷൻ 19(b) പ്രകാരം നിയമലംഘനങ്ങൾക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ പൗരന്മാർക്ക് അവകാശവുമുണ്ട്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (NGT) ഉത്തരവുകൾ പ്രകാരം ശിക്ഷാ നടപടികൾ പരിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ശബ്ദമലിനീകരണമുണ്ടാക്കുന്ന ഉപകരണങ്ങൾ ഉടനടി കണ്ടുകെട്ടാനും, ₹10,000 രൂപയ്ക്ക് മുകളിൽ പിഴ ഈടാക്കാനും നിർദേശമുണ്ട്. കൂടാതെ, തുറസ്സായ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ ശബ്ദ ഉപകരണങ്ങളിലും ‘നോയിസ് ലിമിറ്റർ‘ (Noise Limiter) ഘടിപ്പിക്കണമെന്നും ഉത്തരവുണ്ട്. 2023-ൽ ‘ജൻ വിശ്വാസ്‘ (Jan Vishwas Act) നിയമം നിലവിൽ വന്നതോടെ, പരിസ്ഥിതി സംരക്ഷണ നിയമലംഘനങ്ങൾക്കുള്ള 5 വർഷം വരെയുള്ള തടവുശിക്ഷ ഒഴിവാക്കുകയും, പകരം പരമാവധി 15 കോടി രൂപ വരെയുള്ള സാമ്പത്തിക പിഴയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
ഈ നിയമാവലികൾ പ്രാബല്യത്തിൽ വന്നിട്ട് കാൽനൂറ്റാണ്ടായെങ്കിലും, ഉദ്യോഗസ്ഥരുടെ അനാസ്ഥയും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുടെ കുറവും കാരണം അവ ഫലപ്രദമായി നടപ്പായില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുകൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയില്ലായ്മയും രാഷ്ട്രീയ-സാമുദായിക സമ്മർദ്ദങ്ങളും കൂടിയായപ്പോൾ, വിദ്യാലയങ്ങളും ആശുപത്രി പരിസരങ്ങളും പൊതുനിരത്തുകളും അനിയന്ത്രിതമായ ശബ്ദമലിനീകരണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു.
ഒരു മുന്നേറ്റത്തിന്റെ വഴിത്തിരിവ്
2022-ൽ ‘നോയിസ് പൊല്യൂഷൻ കൺട്രോൾ ഓർഗനൈസേഷൻ’ എന്ന പേരിൽ ശാസ്ത്രീയവും ഭരണഘടനാപരവുമായ അവബോധത്തോടെ തുടക്കമിട്ട പൗരമുന്നേറ്റം, 2024-ൽ എസ്സെൻസ് ഗ്ലോബലിന്റെ പങ്കാളിത്തത്തോടെ ‘സൈലൻസ് ദി നോയിസ്’ (Silence the Noise – STN) ക്യാമ്പയിനായി രൂപാന്തരപ്പെടുകയാണുണ്ടായത്. തുടർന്ന് 2025–26 കാലയളവിൽ നിർണായകമായൊരു തന്ത്രപരമായ വഴിത്തിരിവിലേക്ക് കടന്ന ഈ മുന്നേറ്റം, കേവല അപേക്ഷകളിലും നിവേദനങ്ങളിലും ഒതുങ്ങിനിന്ന മുൻകാല രീതികളിൽനിന്ന് മാറി, നിയമലംഘനം തടയാത്ത ഉദ്യോഗസ്ഥരെ വ്യക്തിഗത ഉത്തരവാദിത്തത്തിന്റെയും പരോക്ഷ ബാധ്യതയുടെയും പരിധിയിൽ കൊണ്ടുവരുന്ന വ്യവസ്ഥാപിതമായൊരു നിയമപോരാട്ടമായി മുന്നോട്ടുപോയി.

ഭരണകൂടത്തിന്റെ വാതിലുകളിൽ മുട്ടിയ ഒരു വർഷം
ക്യാമ്പയിന്റെ കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനമായ ‘GrievanceHub’-ഉം silencethenoise.in പോർട്ടലും വഴി 2025 സെപ്റ്റംബർ മുതൽ 2026 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലയളവിൽ സംസ്ഥാന ഭരണസംവിധാനങ്ങളിലേക്ക് അയച്ച കത്തിടപാടുകൾ ഔദ്യോഗിക രേഖകളായി ഭരണതലത്തിൽ നിലനിൽക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലെ വകുപ്പുതല മേധാവികൾ മുതൽ താഴെത്തട്ടിലെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വരെയുള്ള 1,495 വ്യത്യസ്ത വിലാസങ്ങളിലേക്കായി 2,222 ഔദ്യോഗിക കത്തുകളും പരാതികളും നിവേദനങ്ങളുമാണ് സമർപ്പിച്ചത്. ഇവയിൽ 1,206 വിലാസങ്ങളും kerala.gov.in, nic.in എന്നീ ഔദ്യോഗിക സർക്കാർ ഡൊമെയ്നുകളിലുള്ളവയായിരുന്നു.
|
ഭരണപരമായ ഇടപെടൽ മേഖല |
കത്തുകൾ/പരാതികൾ |
ലക്ഷ്യമിട്ട അധികാര കേന്ദ്രങ്ങൾ |
|
‘Repeat Offences’ കർമ്മപദ്ധതി |
564 |
സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളും കമ്മീഷണറേറ്റുകളും |
|
RTI വകുപ്പ് 19(1) സംയോജിത ഒന്നാം അപ്പീലുകൾ |
541 |
വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ അധികാരികൾ |
|
തദ്ദേശ തിരഞ്ഞെടുപ്പ് ശബ്ദനിയന്ത്രണം |
336 |
പോലീസ് സൂപ്രണ്ടുമാർ, ഡിവൈഎസ്പിമാർ, MVD ഉദ്യോഗസ്ഥർ |
|
സ്കൂളുകളിലെ നിരോധിത കോളാമ്പി/ബോക്സ് സ്പീക്കർ നീക്കം |
300 |
ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, പ്രധാനാധ്യാപകർ |
|
അനധികൃത ഡി.ജെ. ലോറികൾ, മോഡിഫിക്കേഷൻ, വെഹിക്കിൾ മൈക്ക് |
270 |
ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ്, RTO, പോലീസ് |
|
വാർഷിക പരീക്ഷാക്കാല ശബ്ദനിയന്ത്രണം |
126 |
വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ |
|
സ്കൂളുകളിലേക്ക് ബാഹ്യശബ്ദം കടക്കുന്നത് തടയൽ |
114 |
ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ (DEO) |
|
‘കോളാമ്പി ഔട്ട് കംപ്ലീറ്റിലി #3’ തുടർപരാതി |
445 കേന്ദ്രങ്ങൾ |
മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര വകുപ്പ് |
|
ഓണക്കാല മുൻകരുതൽ സ്റ്റാറ്റ്യൂട്ടറി ഉത്തരവുകൾ |
43 |
ജില്ലാ കളക്ടർമാർ, ജില്ലാ മജിസ്ട്രേറ്റുമാർ, സിറ്റി പോലീസ് കമ്മീഷണർമാർ |
|
ക്രിസ്മസ്–പുതുവത്സര ശബ്ദനിയന്ത്രണ നോട്ടീസുകൾ |
27 |
ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ |
|
വിദ്യാലയങ്ങൾക്ക് ചുറ്റും 100 മീ. നിശ്ശബ്ദമേഖലാ വിജ്ഞാപനം |
14 |
ജില്ലാ കളക്ടർമാർ / ജില്ലാ മജിസ്ട്രേറ്റുമാർ |
|
മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) നേരിട്ടുള്ള പരാതികൾ |
48 |
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ |
|
‘സി.എം. വിത്ത് മി’ സിറ്റിസൺ കണക്ട് പരാതികൾ |
22 |
പബ്ലിക് റിലേഷൻസ് വകുപ്പ് / മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ |
“Category-wise figures indicate thematic, often overlapping interventions, while 2,222 is the total count of official communications/complaints.”
5.4% എന്ന സംഖ്യ പറയുന്ന കഥ
ഈ ബൃഹത്തായ വിനിമയ ശൃംഖലയിൽ നിന്ന് ലഭിച്ച ഔദ്യോഗിക പ്രതികരണങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഭരണസംവിധാനം പുലർത്തുന്ന നിസ്സംഗത വ്യക്തമാകുന്നു. സമർപ്പിക്കപ്പെട്ട 2,222 ഔദ്യോഗിക കത്തുകളിൽ കേവലം 120 സർക്കാർ ഉറവിടങ്ങളിൽ നിന്നു മാത്രമാണ് ഔദ്യോഗിക മറുപടിയോ അക്നോളജ്മെന്റോ ലഭ്യമായത് – ആകെ ഇടപെടലുകളുടെ 5.4 ശതമാനം മാത്രം. സർക്കാർ ഓഫീസുകളിലെ e-Office CRU സംവിധാനം വഴി ഫയൽ നമ്പറുകൾ രേഖപ്പെടുത്തപ്പെടുന്നുണ്ടെങ്കിലും, ബ്യൂറോക്രാറ്റിക് തലത്തിൽ നിയമാനുസൃതമായ തുടർനടപടികളും തീർപ്പുകൽപ്പിക്കലുകളും ഉണ്ടാകുന്നില്ലെന്നതാണ് ഈ കണക്കുകൾ വെളിപ്പെടുത്തുന്നത്.
എന്നാൽ, ഭരണകൂടത്തിന്റെ ഈ മൗനത്തെ പരാജയമായല്ല ക്യാമ്പയിൻ നോക്കിക്കണ്ടത്. നിയമലംഘനം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നതിന് e-Office ഫയൽ നമ്പറുകളും കൈപ്പറ്റ് രസീതുകളും മായാത്ത തെളിവുകളായി മാറി. ഉദ്യോഗസ്ഥരുടെ വീഴ്ചകൾക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി, ലോകായുക്ത എന്നിവയെ സമീപിച്ചപ്പോൾ, “നിയമലംഘനം നടന്ന വിവരം അറിഞ്ഞില്ല” എന്ന പോലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും പതിവ് വാദമുഖങ്ങളെ നിഷ്പ്രഭമാക്കാൻ ഈ 5.4% മറുപടികളും ബാക്കി വന്ന ഔദ്യോഗിക സ്വീകരണ രേഖകളും പ്രധാന ആയുധമായി മാറി.
കൊല്ലത്തെ കോടതികളിൽ: നിയമം താഴെത്തട്ടിൽ പ്രവർത്തിക്കുമ്പോൾ
ആരാധനാലയങ്ങളും ക്ലബ്ബുകളും രാഷ്ട്രീയ പാർട്ടികളും ഉച്ചഭാഷിണി ഉപയോഗം തങ്ങളുടെ അനിയന്ത്രിതമായ അവകാശമാണെന്ന മട്ടിൽ പ്രവർത്തിച്ചപ്പോൾ, ക്യാമ്പയിൻ പ്രവർത്തകർ നിയമസാധ്യതകളെ പഴുതടച്ച് പ്രയോജനപ്പെടുത്തി. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലുമായി 29 കോടതി പരാതികളും (CMP), 8 ക്രൈം കേസുകളും പോലീസിനെക്കൊണ്ട് നേരിട്ട് രജിസ്റ്റർ ചെയ്യിക്കാൻ സാധിച്ചു. ജില്ലയിലെ ചട്ടം ലംഘന കേസുകളുടെ അന്തിമ ലിസ്റ്റ് ഇതിൻറെ 3 ഇരട്ടിയിലധികം വരും, 1000 ൽ അധികം നോട്ടീസുകൾ കൊല്ലം ജില്ലയിലെ ആരാധനാലയങ്ങൾ നാളിന്നുവരെ വാങ്ങിയിട്ടുണ്ട്.
Noise Pollution (Regulation and Control) Rules, 2000-ലെ Rule 2(c) പ്രകാരമുള്ള നിയുക്ത അധികാരികൾ വഴി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിൽ നേരിട്ട് പരാതികൾ ഫയൽ ചെയ്യിക്കാൻ ക്യാമ്പയിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞു. മുൻകൂർ അനുമതി തേടാതിരിക്കൽ (Rule 5(1)), നിരോധിത സമയത്ത് ഉച്ചഭാഷിണി പ്രവർത്തിപ്പിക്കൽ (Rule 5(2)), റവന്യൂ അതിർത്തിക്ക് പുറത്തേക്ക് ശബ്ദം വ്യാപിപ്പിക്കൽ (Rule 5(4), 5(5)), അനധികൃതമായി കോളാമ്പി മൈക്കുകൾ ഉപയോഗിക്കൽ, രാവിലെ 6 മണിക്ക് മുൻപ് പ്രവർത്തിപ്പിക്കൽ (Rule 8) എന്നിവയ്ക്കൊപ്പം EPA സെക്ഷൻ 15, 17 എന്നിവയുമാണ് പ്രധാനമായും ഈ കേസുകൾക്ക് ആധാരമായത്.
കോടതിയിലെത്തിയ 29 പരാതികൾ
|
കേസ് നമ്പർ |
സ്റ്റേഷൻ പരിധി |
എതിർകക്ഷി |
വിഷയം |
|
CMP 110/2025 |
കുണ്ടറ |
ഇളംപള്ളൂർ ഖാജാ മുഹിയുദ്ദീൻ അജ്മീരി മസ്ജിദ് |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം പുലർച്ചെ ഉച്ചഭാഷിണി, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 111/2025 |
കുണ്ടറ |
ഇളംപള്ളൂർ ഫാത്തിമ (മന്നാനിയാ) മസ്ജിദ് |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം പുലർച്ചെ ഉച്ചഭാഷിണി, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 112/2025 |
കുണ്ടറ |
കേരളപുരം ജുമാ മസ്ജിദ് |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 113/2025 |
കുണ്ടറ |
ഇളംപള്ളൂർ ജുമാ മസ്ജിദ് |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 114/2025 |
കുണ്ടറ |
പെരുമ്പുഴ സെന്റ് മാർട്ടിൻ ഡിഫോറസ് ചർച്ച് |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 115/2025 |
കുണ്ടറ |
കരീപ്പള്ളി ടൗൺ മസ്ജിദ് |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 116/2025 |
കുണ്ടറ |
പെരുമ്പുഴ ടൗൺ മസ്ജിദ് |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 117/2025 |
കുണ്ടറ |
ചന്ദനത്തോപ്പ് വരട്ടുചിറ കൊച്ചു മണ്ടയ്ക്കാട് ദേവി ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
CMP 177/2025 |
കുണ്ടറ |
പെരുമ്പുഴ തൃക്കോയിക്കൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
CMP 178/2025 |
കുണ്ടറ |
മാമ്മൂട് ജുമാ മസ്ജിദ് |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 179/2025 |
കുണ്ടറ |
കാമ്പിക്കട റിഫായി മസ്ജിദ് & മദ്രസ |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 180/2025 |
കുണ്ടറ |
ഇളംപള്ളൂർ ശ്രീ മഹാദേവി ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
CMP 2727/2025 |
കുണ്ടറ |
ഇളംപള്ളൂർ ശ്രീ മഹാദേവി ക്ഷേത്രം |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 2947/2025 |
കുണ്ടറ |
കുണ്ടറ ചർച്ച് ഓഫ് ഗോഡ് |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 4844/2025 |
കുണ്ടറ |
പെരുമ്പുഴ ഉടയൻകാവ് ശ്രീമഹാദേവ ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
നമ്പർ ലഭ്യമല്ല |
കുണ്ടറ |
മാടൻ കാവ് ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
നമ്പർ ലഭ്യമല്ല (2) |
കുണ്ടറ |
കേരളപുരം ചിറയടി ശ്രീ മഹാദേവർ ക്ഷേത്രം |
11 ദിവസ ഉത്സവ ലംഘനം, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
നമ്പർ ലഭ്യമല്ല |
കുണ്ടറ |
Lalu Audios (KL-02-AU-6722) |
അനധികൃത മൊബൈൽ അനൗൺസ്മെന്റ്, Rule 5(2), 5(4), 5(5), 5A, 6 |
|
നമ്പർ ലഭ്യമല്ല |
കുണ്ടറ |
പെരുമ്പുഴ തലപ്പറമ്പ് യുവജന വേദി |
Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
നമ്പർ ലഭ്യമല്ല |
കുണ്ടറ |
പുനക്കന്നൂർ മാടൻകാവ് മഹാദേവ ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
നമ്പർ ലഭ്യമല്ല |
കുണ്ടറ |
കൊറ്റംകര മനക്കര മേലൂട്ട്കാവ് ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
നമ്പർ ലഭ്യമല്ല |
കുണ്ടറ |
LWSAK, ഇളന്പള്ളൂർ സ്കകൂൾ, ക്ഷേത്ര മൈതാനം, കാന്പയിൻ അംഗങ്ങളെ ഭീഷണിപ്പെടുത്താൻ നടത്തിയത് |
നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 3211/2024 |
ഈസ്റ്റ് കല്ലട |
മൺട്രോതുരുത്ത് മുളച്ചന്തറ ക്ഷേത്രം |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 577/2025 |
ഈസ്റ്റ് കല്ലട |
ചിറ്റുമല ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രം |
കോളാമ്പി മൈക്കുകൾ, നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
നമ്പർ ലഭ്യമല്ല |
ഈസ്റ്റ് കല്ലട |
ഇലവൂർക്കാവ് ശ്രീകണ്ഠകർണ്ണസ്വാമി ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
CMP 374/2025 |
ശൂരനാട് |
പോരുവഴി ഇടയ്ക്കാട് ശ്രീ മുരുകാ ഭദ്രാ ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
നമ്പർ ലഭ്യമല്ല |
ശാസ്താംകോട്ട |
നിലയ്ക്കൽ മഹാദേവ ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
നമ്പർ ലഭ്യമല്ല |
പുത്തൂർ |
വെണ്ടാർ ശ്രീഭൂതനാഥ സ്വാമി ക്ഷേത്രം |
ഉത്സവകാല നിശ്ശബ്ദമേഖലാ ലംഘനം, Rule 5(2), 5(4), 5(5), 5A, 6 |
|
CMP No. 39/2026 |
കൊട്ടാരക്കര/ശാസ്താംകോട്ട |
സ്കൂൾ പ്രധാനാധ്യാപകനും മാനേജ്മെന്റും |
നിശ്ശബ്ദമേഖലാ ലംഘനം, Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CMP 5401–5404/2024 |
കൊല്ലം JFMC-2 |
കൊല്ലം സിറ്റി പരിധിയിലെ എതിർകക്ഷികൾ |
Rule 5(1), 5(2), 5(4), 5(5), 5A, 6 |
|
CC 821/2025 |
കരുനാഗപ്പള്ളി |
കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതി |
Rule 5(1), 5(2), 5(4), 5(5), 5A, 6 |
ഈ നിരന്തര പ്രവർത്തനങ്ങളുടെ നേരിട്ടുള്ള ഫലമായി, ചട്ടവിരുദ്ധമായി സ്ഥിരമായി കോളാമ്പികൾ സ്ഥാപിച്ചിരുന്ന പല കേന്ദ്രങ്ങളിലും പ്രവർത്തനം അവരാനിപ്പിച്ചുണ്ട്. നിയമനടപടികൾ ഭയന്ന് പല സ്ഥാപനങ്ങൾക്കും പതിറ്റാണ്ടുകളായി സ്ഥാപിച്ചിരുന്ന കോളാമ്പി സ്പീക്കറുകൾ സ്വമേധയാ അഴിച്ചുമാറ്റേണ്ടി വന്നു എന്നത് സാധാരണ പൗരന്റെ നിയമപോരാട്ടത്തിന്റെ തിളക്കമാർന്ന വിജയമാണ്.
പോലീസ് രജിസ്റ്റർ ചെയ്ത 8 ക്രൈം കേസുകൾ
കോടതി നടപടികൾക്ക് പുറമെ, കൊല്ലം റൂറൽ പോലീസ് ജില്ലയിൽ ക്യാമ്പയിൻ അംഗങ്ങളുടെ ശക്തമായ ഇടപെടലുകളെ തുടർന്ന് ഭാരതീയ ന്യായ സംഹിത (BNS), കേരള പോലീസ് ആക്ട്, ഇലക്ട്രിസിറ്റി ആക്ട് എന്നിവ പ്രകാരം പോലീസ് 8 ക്രൈം കേസുകൾ രജിസ്റ്റർ ചെയ്തു:
|
ക്രൈം നമ്പർ |
സ്റ്റേഷൻ |
സ്വഭാവം |
|
Cr. 1477/2024 |
കുണ്ടറ |
വൈദ്യുതിത്തൂണിൽ അപകടകരമായ സ്പീക്കർ, വൈദ്യുതി മോഷണം (Electricity Act 138,151) |
|
Cr. 414/2026 |
കുണ്ടറ |
നിയമാനുസൃത ഉത്തരവ് ലംഘിച്ച് പൊതുജനശല്യം (BNS 292,223) |
|
Cr. 418/2026 |
കുണ്ടറ |
ഉത്സവഘോഷയാത്രയിൽ ജനറേറ്ററും ഡി.ജെ.യും |
|
Cr. 476/2026 |
കുണ്ടറ |
രാത്രി 10-ന് ശേഷം അനധികൃത സൗണ്ട് ബോക്സ് |
|
Cr. 477/2026 |
കുണ്ടറ |
ഗതാഗത തടസ്സവും ശബ്ദമലിനീകരണവും |
|
Cr. 1310/2024 |
ഈസ്റ്റ് കല്ലട |
നിയമനടപടി തടസ്സപ്പെടുത്തി പ്രതിഷേധം (BNS 189,191,285,190) |
|
Cr. 369/2026 |
ഈസ്റ്റ് കല്ലട |
അപകടകരമായി സ്പീക്കർ സ്ഥാപിച്ച് വാഹനമോടിച്ചത് |
|
Cr. 511/2026 |
ശാസ്താംകോട്ട |
ജീവനും സ്വത്തിനും ഭീഷണിയായ മൊബൈൽ ഡി.ജെ. |
|
Cr. 323/2026 |
എഴുകോൺ |
ഉത്സവഘോഷയാത്രയിൽ വാഹനത്തിൽ (KL 24 L 8756) ഡി.ജെ., അമിത ശബ്ദമലിനീകരണം (BNS 292, KP Act 77(a), 121, 118(e)) |
|
Cr. 324/2026 |
എഴുകോൺ |
ഉത്സവഘോഷയാത്രയിൽ വാഹനത്തിൽ (TN 75 L 0450) ഡി.ജെ., അമിത ശബ്ദമലിനീകരണം (BNS 292, KP Act 77(a), 121, 118(e)) |
|
Cr. 326/2026 |
എഴുകോൺ |
ഉത്സവഘോഷയാത്രയിൽ വാഹനത്തിൽ (KL 31 U 3196) ഡി.ജെ., അമിത ശബ്ദമലിനീകരണം (BNS 292, KP Act 77(a), 121, 118(e)) |
|
Cr. 327/2026 |
എഴുകോൺ |
ഉത്സവഘോഷയാത്രയിൽ വാഹനത്തിൽ (KL 24 T 3385) ഡി.ജെ., അമിത ശബ്ദമലിനീകരണം (BNS 292, KP Act 77(a), 121, 118(e)) |
|
Cr. 716/2026 |
കൊട്ടാരക്കര |
ഉത്സവഘോഷയാത്രയിൽ ലോറിയിൽ (KL 82 0889) ഡി.ജെ., അമിത ശബ്ദമലിനീകരണം (BNS 292, KP Act 77(a), 121, 118(e)) |
താഴെത്തട്ടിൽ പൗരന്മാർ നിയമപരമായ തെളിവുകളോടെ ഉറച്ചുനിന്നാൽ ഏതൊരു വൻകിട സംവിധാനത്തെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഈ ക്രിമിനൽ നടപടികൾ വ്യക്തമാക്കുന്നത്. നൂറിലധികം സമാന കേസുകളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവ പൂർണ്ണമായി വെളിപ്പെടുത്താൻ അധികാരികൾ ഇനിയും തയ്യാറായിട്ടില്ല.

വിദ്യാലയങ്ങൾക്ക് ചുറ്റുമുള്ള നിശ്ശബ്ദത: ഒരു വ്യവസ്ഥയുടെ പരാജയം
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവ് നിശ്ശബ്ദമേഖലയായി നിലനിർത്തേണ്ടത് കുട്ടികളുടെ പഠനത്തിനും മാനസികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണെന്നിരിക്കെ, കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും സ്കൂൾ അധികാരികളും ഈ വിഷയത്തിൽ പുലർത്തുന്ന അനാസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. വിദ്യാലയങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കോളാമ്പികളും ബോക്സ് സ്പീക്കറുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ ഉത്തരവുകൾ (F1/92/1993/Home, G.O.(Rt) No.3395/2023/Home) മുൻനിർത്തി ക്യാമ്പയിൻ സംസ്ഥാനത്തെ 300 വിദ്യാഭ്യാസ ഓഫീസർമാർക്ക് കത്തയച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (KER) അധ്യായം 14A ചട്ടം 30, അധ്യായം 9 ചട്ടം 11 എന്നിവ പ്രകാരം വിദ്യാലയ അന്തരീക്ഷം ആരോഗ്യകരമായി സൂക്ഷിക്കാൻ പ്രധാനാധ്യാപകന് വ്യക്തിപരമായ ബാധ്യതയുണ്ട്. പി.ടി.എ. കമ്മിറ്റിയോ സംഘാടകരോ ആണ് ഉച്ചഭാഷിണി സ്ഥാപിച്ചതെന്ന ന്യായം പറഞ്ഞ് EPA സെക്ഷൻ 17-ലെ പരോക്ഷ ക്രിമിനൽ ബാധ്യതയിൽ നിന്ന് സ്കൂൾ അധികാരികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ക്യാമ്പയിൻ ചൂണ്ടിക്കാട്ടി.
നിശ്ശബ്ദമേഖലാ പരിപാലന രേഖകൾ ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നൽകിയ വിവരാവകാശ അപേക്ഷയിൽ (RTI/33776/2025) അപൂർണ്ണ മറുപടി ലഭിച്ചതിനെത്തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഇടപെടുകയും 20 ദിവസത്തിനകം വിവരം ക്രോഡീകരിച്ച് നൽകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, വിവരം ക്രോഡീകരിക്കുന്നതിന് പകരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (SPIO) ആ അപേക്ഷ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും സെക്ഷൻ 6(3) പ്രകാരം കൈമാറി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി.
ഈ വ്യവസ്ഥാപിത വീഴ്ചയ്ക്കെതിരെ 2026 ജൂലൈയിൽ 541 ഒന്നാം അപ്പലേറ്റ് അധികാരികൾക്ക് ഒരേസമയം സംയോജിത അപ്പീലുകൾ സമർപ്പിക്കപ്പെട്ടു. ലഭിച്ച 105 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെയും (AEO) 200-ലധികം സ്കൂളുകളുടെയും മറുപടികൾ വിശകലനം ചെയ്തപ്പോൾ വെളിപ്പെട്ടത് വിദ്യാഭ്യാസ ഭരണസംവിധാനത്തിന്റെ സമ്പൂർണ്ണ തകർച്ചയാണ്:
|
വിശകലന വിഭാഗം |
ശതമാനം/എണ്ണം |
വിശദീകരണം |
|
AEO തലത്തിലെ ഉത്തരവാദിത്ത നിഷേധം |
92.4% (105-ൽ 97) |
വിവരങ്ങൾ ലഭ്യമല്ലെന്നും അപേക്ഷ സ്കൂളുകളിലേക്ക് കൈമാറിയെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി |
|
‘ബാധകമല്ല’ എന്ന മറുപടി |
33% സ്കൂളുകൾ |
നിശ്ശബ്ദമേഖലയാണെങ്കിലും ചട്ടം ബാധകമല്ലെന്ന വ്യാജ വാദം |
|
രേഖകൾ സൂക്ഷിച്ചിട്ടില്ല |
42% സ്കൂളുകൾ |
കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ഒരു രേഖയും പരിപാലിക്കപ്പെടുന്നില്ല |
|
ബോധവൽക്കരണം നടത്തിയിട്ടില്ല |
80% സ്കൂളുകൾ |
ശബ്ദമലിനീകരണ വിരുദ്ധ ബോധവൽക്കരണം നടന്നിട്ടില്ല |
|
ശൂന്യമായ/അലക്ഷ്യമായ മറുപടികൾ |
13% സ്കൂളുകൾ |
മാലിന്യ അക്ഷരങ്ങളോടെയുള്ള ഉത്തരവാദിത്തമില്ലാത്ത പ്രതികരണം |
|
ഭാഗിക വിവരം മാത്രം |
12% സ്കൂളുകൾ |
ചില ചോദ്യങ്ങൾക്ക് മാത്രം ഉത്തരം |
2005-ലെ സുപ്രീം കോടതി ഉത്തരവിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ശബ്ദമലിനീകരണ നിയന്ത്രണം ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അധ്യാപകർക്കോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കോ പോലും ഈ വിഷയത്തിന്റെ ഗൗരവം ബോധ്യമില്ലെന്നാണ് ഈ മറുപടികൾ വ്യക്തമാക്കിയത്. വിവരാവകാശ നിയമം സെക്ഷൻ 4(1)(a), 4(1)(b) പ്രകാരമുള്ള സ്വമേധയാ വെളിപ്പെടുത്തൽ ബാധ്യതകൾ വിദ്യാഭ്യാസ വകുപ്പ് പൂർണ്ണമായി കാറ്റിൽപ്പറത്തി.
രണ്ട് ചരിത്രപരമായ നയപരമായ ഉത്തരവുകൾ
ഈ കടുത്ത പരാജയങ്ങൾ തുറന്നുകാട്ടി ക്യാമ്പയിൻ നടത്തിയ ഇടപെടലുകൾ ഭരണതലത്തിൽ രണ്ട് സുപ്രധാന നയപരമായ ഉത്തരവുകൾക്ക് കാരണമായി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് 2026 മെയ് 7-ന് പുറപ്പെടുവിച്ച ശുപാർശയിലൂടെ (DGE/7524/2026-M4) വിദ്യാലയങ്ങൾക്ക് ചുറ്റും 100 മീറ്റർ നിശ്ശബ്ദമേഖലയാണെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കുക, സ്കൂൾ പരിപാടികളിലെ ഉച്ചഭാഷിണികളിൽ ശബ്ദപരിധി നിയന്ത്രിക്കാൻ ‘സൗണ്ട് ലെവൽ ലിമിറ്ററുകൾ’ നിർബന്ധമാക്കുക, സ്കൂൾ വാഹനങ്ങളിലെ എയർ ഹോണുകളും ഹൈ-പവർ മ്യൂസിക് സിസ്റ്റങ്ങളും പൂർണ്ണമായി നിരോധിക്കുക, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്കും (SPG) പി.ടി.എ. സമിതികൾക്കും ലംഘനങ്ങൾ നിരീക്ഷിക്കാൻ ചുമതല നൽകുക എന്നിവ ഉൾപ്പെടുന്ന സംസ്ഥാനവ്യാപക ഏകീകൃത SOP ശുപാർശ ചെയ്യപ്പെട്ടു. ഹയർ സെക്കന്ററി ജോയിന്റ് ഡയറക്ടർ 2026 മെയ് 16-ന് (HSE/3040/2026-Acd C5) ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഉത്തരവ് (CEI/6179/2024-B2) അടിസ്ഥാനമാക്കി പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, സ്കൂൾ പരിപാടികളിൽ 100-ലധികം ആളുകൾ ഒത്തുചേരുന്നുണ്ടെങ്കിൽ താൽക്കാലിക വൈദ്യുതീകരണങ്ങൾക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരിക്കണം ഉച്ചഭാഷിണികളും ജനറേറ്ററുകളും അനധികൃതമായി സ്ഥാപിക്കുന്നത് തടയാൻ ഇത് വഴിതുറന്നു.
ഈ ഇടപെടലുകളുടെ നേരിട്ടുള്ള ഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ അധികാരികൾ കോളാമ്പി / സ്പീക്കർ ബോക്സുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി. കൊല്ലം ജില്ലയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപകനും മാനേജ്മെന്റിനുമെതിരെ സ്കൂളിൽ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം ലംഘിച്ച് ഉച്ഛഭാഷിണി പ്രവർത്തിപ്പിച്ചതിന് ശാസ്താംകോട്ട/കൊട്ടാരക്കര കോടതിയിൽ EPA പ്രകാരം ക്രിമിനൽ കേസ് (CMP No. 39/2026) ഫയൽ ചെയ്യപ്പെട്ടതും ക്യാമ്പയിന്റെ നിർണ്ണായക മുന്നേറ്റമാണ്.
ആശുപത്രികളും തെരഞ്ഞെടുപ്പുകളും ഉത്സവങ്ങളും: ഇളവില്ലാത്ത നിരീക്ഷണം
ഏറ്റവും ഉയർന്ന സംരക്ഷണം ലഭിക്കേണ്ട ആശുപത്രി പരിസരങ്ങൾ പോലും നിഷ്ഠൂരമായ ശബ്ദമലിനീകരണത്തിന് ഇരയാക്കപ്പെടുന്ന അവസ്ഥയ്ക്കെതിരെ ക്യാമ്പയിൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടന്നു. വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട ഉദ്ഘാടന വേളയിൽ, പ്രധാന ആശുപത്രി ബ്ലോക്കിൽ നിന്ന് കേവലം 60 മീറ്റർ അകലെ പടക്കം പൊട്ടിക്കുകയും ചെണ്ടമേളം നടത്തുകയും ചെയ്തു. ക്യാമ്പയിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച രേഖാമൂലം സമ്മതിക്കേണ്ടിവന്നു.
എന്നാൽ ഇതേ കുറ്റകൃത്യം കൊല്ലം ജില്ലയിലെ കുണ്ടറ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടന വേളയിലും (2026 ജനുവരി 19) ആവർത്തിക്കപ്പെട്ടു. ജില്ലാതല അന്വേഷണത്തിൽ ചട്ടലംഘനം സമ്മതിച്ചെങ്കിലും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും പരാതിക്കാരൻ വേണമെങ്കിൽ കോടതിയിൽ പോകട്ടെ എന്നുമുള്ള നിഷേധാത്മകമായ നിലപാടാണ് അധികാരികൾ സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥ നിലപാടിനെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് (VACB) ക്യാമ്പയിൻ നേരിട്ട് പരാതി നൽകി. തുടർന്ന് 2026 ജൂൺ 1-ന് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് ആശുപത്രികളിലെ നിശ്ശബ്ദമേഖല കർശനമായി സംരക്ഷിക്കാൻ SOP ആവശ്യപ്പെട്ട് സമഗ്ര നിവേദനം സമർപ്പിച്ചു.
തിരഞ്ഞെടുപ്പുകളും ഉത്സവങ്ങളും നിയമം ലംഘിക്കാനുള്ള ലൈസൻസുകളല്ലെന്ന് ക്യാമ്പയിൻ ഭരണകൂടത്തെ ഓർമ്മിപ്പിച്ചു. 2025 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, 336 പോലീസ്-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും 14 ജില്ലാ കളക്ടർമാർക്കും നിയമ നോട്ടീസുകൾ അയച്ചു; ക്യാമ്പയിൻ നൽകിയ പരാതിയിൽ ഇലക്ഷൻ കമ്മീഷൻ പെരുമാറ്റച്ചട്ടത്തിൽ നോയിസ് റൂൾസ് ഉൾപ്പെടുത്തി ഉത്തരവിറക്കി. ഉത്സവകാലങ്ങളിലെ ശബ്ദമലിനീകരണത്തിനെതിരെ 2025 ഡിസംബറിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി 27 ജില്ലാ കളക്ടർമാർക്കും, 2026 ഓഗസ്റ്റിൽ ഓണാഘോഷത്തിന് മുന്നോടിയായി 43 ഭരണാധികാരികൾക്കും മുൻകൂർ നോട്ടീസുകൾ അയച്ചു; വാഹനം മോഡിഫിക്കേഷൻ ചെയ്ത് ഓടുന്ന സമയത്ത് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ 270 പരാതികളാണ് ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് സമർപ്പിച്ചത്.
അൻപത് വാതിലുകൾ, ഒരു ലക്ഷ്യം
2025 ഓഗസ്റ്റ് മുതൽ 2026 സെപ്റ്റംബർ വരെയുള്ള കാലയളവിൽ, ഒരു വാതിൽ അടയുമ്പോൾ അടുത്ത ഉയർന്ന വാതിലിൽ മുട്ടുക എന്ന തന്ത്രത്തിലൂടെ 7-ലധികം ഭരണ, അർദ്ധ-ജുഡീഷ്യൽ, ജുഡീഷ്യൽ ഫോറങ്ങളിലായി 50 സുപ്രധാന ഔദ്യോഗിക പ്രതിനിധാനങ്ങളും ഹർജികളും ക്യാമ്പയിൻ സമർപ്പിച്ചു:
|
ക്രമം |
അധികാര കേന്ദ്രം / ഫോറം |
എണ്ണം |
ഇടപെടലിന്റെ സ്വഭാവം |
|
1 |
RTI / സംസ്ഥാന വിവരാവകാശ കമ്മീഷൻ |
111 |
സെക്ഷൻ 6(3),18(1),19(1),19(3),20 പ്രകാരമുള്ള അപ്പീലുകൾ |
|
2 |
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ |
18 |
PCA 1988, BNS 2023 പ്രകാരമുള്ള ക്രിമിനൽ പരാതികൾ |
|
3 |
ജില്ലാ പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി |
15 |
പോലീസ് ദുർനടപടികൾക്കെതിരായ ഹർജികൾ |
|
4 |
സംസ്ഥാന പോലീസ് മേധാവി / ആഭ്യന്തര വകുപ്പ് |
12 |
ADGP (Law & Order)-ന് അടിയന്തര ഹർജി |
|
5 |
അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴികൾ |
41 |
ക്രൈംബ്രാഞ്ച്, അഡീഷണൽ SP-ക്ക് മൊഴികൾ |
|
6 |
കേരള നിയമസഭാ ഹർജി സമിതി |
3 |
ഏകീകൃത Enforcement Protocol ആവശ്യപ്പെട്ടുള്ള മൊഴി |
|
7 |
കേരള ലോകായുക്ത |
1 |
Comp. No. 277/2025 D-യിൽ കക്ഷിചേരൽ ഹർജി |
|
8 |
EPA സ്റ്റാറ്റ്യൂട്ടറി ലീഗൽ നോട്ടീസ് |
14 |
സെക്ഷൻ 19(b) പ്രകാരം മാൾ മാനേജ്മെന്റിന് നോട്ടീസ് |
|
9 |
മുഖ്യമന്ത്രി, മന്ത്രിമാർ, ജില്ലാ ഭരണകൂടം |
17 |
ആശുപത്രി, സ്കൂൾ, ഉത്സവ-തിരഞ്ഞെടുപ്പ് നിവേദനങ്ങൾ |
|
10 |
കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ |
23 |
SOP പുനഃപരിശോധനാ ഹർജികൾ |
|
11 |
തമിഴ്നാട് സർക്കാർ |
3 |
വെടിക്കെട്ട് ദുരന്തങ്ങളിലെ അടിയന്തര നടപടി |
|
12 |
IMA കേരള ഘടകം (മൂന്നാം കക്ഷി പിന്തുണ) |
1 |
രാത്രികാല ഇളവുകൾക്കെതിരായ കത്ത് |
|
13 |
ലഭിച്ച സുപ്രധാന മറുപടികളും ഉത്തരവുകളും |
6 |
SIC, KSPCB, ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ ഉത്തരവുകൾ |
ഇവയിൽ ചില സംഭവങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്:
കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിലെ ചില ആരാധനാലയങ്ങളിൽ 11 ദിവസം തുടർച്ചയായി അനുമതി വ്യവസ്ഥകൾ ലംഘിച്ച് ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചപ്പോൾ, ‘112’ എന്ന അടിയന്തര നമ്പറിലേക്ക് 12-ലധികം തവണ വിളികൾ പോയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. 2023-ലെ ‘ജൻ വിശ്വാസ്’ നിയമത്തിലെ വ്യവസ്ഥകൾ ദുർവ്യാഖ്യാനം ചെയ്ത് കുറ്റക്കാരെ സംരക്ഷിച്ച പോലീസുകാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ വിജിലൻസിനോട് (VACB) ആവശ്യപ്പെട്ടു.
കൂടാതെ, പെരുമ്പുഴ ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ ഒരു സ്വകാര്യ ആരാധനാലയത്തിൽ നടന്ന അനധികൃത വൈദ്യുതി ഉപയോഗവും വൈദ്യുതി മോഷണ സാധ്യതയും ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതി വിജിലൻസ് ഔദ്യോഗികമായി ഫയലിൽ സ്വീകരിച്ചു (File No. KLM/471/2026-CPSP). ചവറ വൃശ്ചിക മഹോത്സവത്തിലെ നിയമലംഘനങ്ങൾ, കുണ്ടറ ആശുപത്രി ഉദ്ഘാടന വേളയിലെ വീഴ്ചകൾ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുണ്ടറ നിയോജകമണ്ഡലത്തിൽ ഡി.ജെ. വാഹനങ്ങൾ ഉപയോഗിച്ചതിനെതിരെ ‘cVIGIL’ ആപ്പ് വഴി പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന സംഭവം എന്നിവയിലും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി മുമ്പാകെ, 112 വഴി പരാതി നൽകിയ പൗരനെതിരെ പോലീസുകാർ പ്രതികാര നടപടിക്ക് ശ്രമിച്ചതിനെതിരെയും വ്യാജ കേസിൽ കുടുക്കാൻ നോക്കിയതിനെതിരെയും പരാതി നൽകി (Complaint No. 16/2026); ചട്ടവിരുദ്ധമായി ഉച്ചഭാഷിണി ലൈസൻസുകൾ നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ സമർപ്പിച്ച പരാതിയിൽ (No. 17/2026) അതോറിറ്റിയുടെ സിവിൽ കോടതി അധികാരം ഉപയോഗിച്ച് ലൈസൻസ് ഫയലുകൾ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. കേരള ലോകായുക്തയിൽ ശബ്ദമലിനീകരണ ലംഘനങ്ങളിൽ കണ്ണടച്ച കൊല്ലത്തെ പോലീസ് മേലുദ്യോഗസ്ഥർക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ കേസിന്റെ ഗൗരവം മനസ്സിലാക്കിയ ലോകായുക്ത സ്വമേധയാ അധിക കക്ഷികളെ വിളിച്ചുവരുത്തി നടപടികൾ തുടരുകയാണ്.
സംസ്ഥാന വൈദ്യുതി ഓംബുഡ്സ്മാൻ 2026 ഓഗസ്റ്റ് 20-ന് പുറപ്പെടുവിച്ച ഉത്തരവിൽ (P/036/2026), പെരുമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 24 മണിക്കൂർ മുൻകൂർ നോട്ടീസ് നൽകാതെ 1 മണിക്കൂർ മുൻപ് മാത്രം SMS നൽകി വൈദ്യുതി തടസ്സപ്പെടുത്തിയത് ചട്ടലംഘനമാണെന്ന് കണ്ട്, പരാതിക്കാരനായ പൗരന് കെ.എസ്.ഇ.ബി. ₹100 നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. തുക ചെറുതാണെങ്കിലും, പൗരന്റെ പരാതിയിൽ പൊതുമേഖലാ സ്ഥാപനത്തിന് പിഴയൊടുക്കേണ്ടി വന്നു എന്ന തത്വം ഭരണസംവിധാനത്തിന് വലിയൊരു താക്കീതാണ്.
തിരുവനന്തപുരത്തെ ഒരു പ്രമുഖ മാളിൽ നടന്ന സംഗീത പരിപാടിയിൽ ശബ്ദപരിധി 80–87 dB(A) കടന്നതിനെതിരെ ചട്ടം 5(1), 5(4), 5(5), 5A, എന്നിവയുടെ ലംഘനത്തിന് EPA സെക്ഷൻ 19(b) പ്രകാരം കളക്ടർക്കും സിറ്റി പോലീസ് കമ്മീഷണർക്കും മാൾ അധികൃതർക്കും നിയമ നോട്ടീസ് അയച്ചു. ദക്ഷിണേന്ത്യയിലുടനീളം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 63-ലധികം ജീവൻ അപഹരിച്ച വെടിക്കെട്ട് ദുരന്തപരമ്പരകൾ ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രിക്ക് 2026 ജൂൺ 23-ന് നിവേദനം നൽകി. രാത്രി 10 മണിക്ക് ശേഷമുള്ള മൈക്ക് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കേരള ഘടകം സാംസ്കാരിക മന്ത്രിക്ക് കത്തയച്ച് ക്യാമ്പയിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
സെപ്റ്റംബർ 2026: രണ്ട് ചരിത്ര മുഹൂർത്തങ്ങൾ
2026 സെപ്റ്റംബർ മാസം ക്യാമ്പയിന്റെ പോരാട്ട ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ രണ്ട് വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിച്ചു.
ശബ്ദമലിനീകരണത്തിനെതിരെ തിരുവനന്തപുരം സ്വദേശിയായ സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിന്മേൽ (O.A. No. 221 of 2025 (SZ)), ചെന്നൈ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സതേൺ സോൺ ബെഞ്ച് 2026 സെപ്റ്റംബർ 10-ന് പുറപ്പെടുവിച്ച വിധി, ശബ്ദമലിനീകരണ നിയന്ത്രണത്തിൽ കേരള സർക്കാരിന് കർശനമായ ഭരണഘടനാ ബാധ്യതകൾ നിഷ്കർഷിക്കുന്നതാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ‘Noise Pollution Environmental Compensation Scheme’ കേരള സർക്കാർ രണ്ട് മാസത്തിനകം നടപ്പിലാക്കണമെന്ന് ട്രിബ്യൂണൽ അസന്ദിഗ്ദ്ധമായി ഉത്തരവിട്ടു. കൂടാതെ, ശബ്ദമലിനീകരണ പരാതികൾ ലഭിച്ചാൽ നിയുക്ത അധികാരികൾ സ്ഥലത്തെത്തി ഉടനടി നടപടി സ്വീകരിക്കണമെന്നും, ശബ്ദപരിധി അളക്കുന്നതിന് ആവശ്യമായ ആധുനിക ഉപകരണങ്ങൾ KSPCB പോലീസിന് സമയബന്ധിതമായി കൈമാറണമെന്നും, ഈ ഉത്തരവുകൾ നടപ്പാക്കുന്നതിന്റെ പുരോഗതി CPCB നേരിട്ട് വിലയിരുത്തണമെന്നും ട്രിബ്യൂണൽ വിധിച്ചു. നവംബർ മാസത്തിൽ അവസാനിക്കുന്ന ഈ രണ്ട് മാസത്തെ സമയപരിധി കഴിഞ്ഞിട്ടും നഷ്ടപരിഹാര പദ്ധതി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കാനുള്ള നിയമപരമായ അധികാരം ഈ വിധിയിലൂടെ ക്യാമ്പയിന് ലഭിച്ചു.
സംസ്ഥാനത്തെ ആരാധനാലയങ്ങളിലും ക്ലബ്ബുകളിലും നടക്കുന്ന നിയമവിരുദ്ധ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ജനങ്ങളിൽ നിന്ന് നേരിട്ട് തെളിവുകൾ ശേഖരിച്ച് സമർപ്പിക്കുന്ന ബഹുജന മുന്നേറ്റമാണ് ‘കോളാമ്പി ഔട്ട് കംപ്ലീറ്റിലി’. പ്രാദേശിക പരാതികൾ താഴെത്തട്ടിൽ ഒതുക്കിത്തീർക്കുന്ന സാഹചര്യത്തിൽ, ആവർത്തിച്ച് ലംഘനം നടത്തുന്ന 445 സ്ഥാപനങ്ങളുടെയും പ്രദേശങ്ങളുടെയും കൃത്യമായ വിവരങ്ങൾ ക്രോഡീകരിച്ച് ‘Follow-up Complaint #3’ (E.ptn 10342/2026) 2026 സെപ്റ്റംബർ 13-ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു; ഉച്ചഭാഷിണികൾ പിടിച്ചെടുക്കുന്നതിൽ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സർക്കാരുകൾ നടപ്പാക്കിയ കർശന എൻഫോഴ്സ്മെന്റ് രീതികളാണ് ഇതിൽ ചൂണ്ടിക്കാട്ടിയത്.
തുടർന്ന്, പരാതി സമർപ്പിച്ച് വെറും 48 മണിക്കൂറിനകം, 2026 സെപ്റ്റംബർ 15-ന് പോലീസ് ആസ്ഥാനത്തുനിന്ന് (PHQ) നിർണായകമായ ഉത്തരവിറങ്ങി. അടിയന്തര അന്വേഷണത്തിനും തുടർ നിയമനടപടികൾക്കുമായി സംസ്ഥാന പോലീസ് മേധാവി ഈ പരാതി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ദക്ഷിണ മേഖല), ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഉത്തര മേഖല) എന്നിവർക്ക് നേരിട്ട് കൈമാറി. ഇതോടെ, പ്രാദേശിക സ്വാധീനങ്ങൾക്ക് വഴങ്ങി പരാതികൾ മുക്കിയിരുന്ന കീഴ്ഘടകങ്ങളെ മറികടന്ന്, 445 ലംഘന കേന്ദ്രങ്ങളുടെയും ഫയലുകൾ രണ്ട് ഐ.ജി.മാരുടെ മേശപ്പുറത്ത് നേരിട്ടെത്തി.
ഒരു വർഷത്തെ നാൾവഴി:
|
തീയതി / കാലഘട്ടം |
ഔദ്യോഗിക സംഭവം |
അനന്തരഫലം |
|
2025 ഓഗസ്റ്റ് 21–31 |
ക്ഷേത്രോത്സവത്തിലെ 11 ദിവസ ലംഘനം |
12-ലധികം കോളുകൾ പോയിട്ടും നടപടിയില്ല; വിജിലൻസ് കേസുകൾക്ക് വഴിതുറന്നു |
|
2025 ഒക്ടോബർ 25 |
വെടിക്കെട്ട് ദുരന്തങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം |
ദക്ഷിണേന്ത്യൻ വെടിക്കെട്ട് സുരക്ഷാ ക്യാമ്പയിൻ തുടക്കം |
|
2025 ഒക്ടോബർ–നവംബർ |
തദ്ദേശ തിരഞ്ഞെടുപ്പ്: 336 ഉദ്യോഗസ്ഥർക്ക് നോട്ടീസ് |
ഇലക്ഷൻ കമ്മീഷൻ പെരുമാറ്റച്ചട്ടത്തിൽ നോയിസ് റൂൾസ് ഉൾപ്പെടുത്തി |
|
2025 ഡിസംബർ |
ക്രിസ്മസ്-പുതുവത്സരം: 27 കളക്ടർമാർക്ക് കത്ത് |
ഉത്സവകാല മുൻകൂർ പ്രതിരോധ നോട്ടീസുകൾ ഫയൽ ചെയ്യപ്പെട്ടു |
|
2026 ജനുവരി |
‘Repeat Offences’ കർമ്മപദ്ധതി; 564 പോലീസ് ഓഫീസുകൾക്ക് മുന്നറിയിപ്പ് |
SHO-മാരുടെ വ്യക്തിഗത ഉത്തരവാദിത്തം ചോദ്യം ചെയ്യപ്പെട്ടു |
|
2026 ജനുവരി 19 |
കുണ്ടറ താലൂക്ക് ആശുപത്രി ഉദ്ഘാടനത്തിലെ ലംഘനം |
കുറ്റം സമ്മതിച്ചെങ്കിലും നടപടിയില്ല; പിന്നീട് വിജിലൻസ് പരാതി |
|
2026 ഫെബ്രുവരി 3 |
PCA മുമ്പാകെ രണ്ട് ഹർജികൾ |
പരാതിക്കാർക്കുള്ള സംരക്ഷണവും ലൈസൻസുകളുടെ ഓഡിറ്റും ആവശ്യപ്പെട്ടു |
|
2026 ഏപ്രിൽ 14 |
‘സി.എം. വിത്ത് മി’ 22 പരാതികളുടെ RTI |
സർക്കാർ പരാതി പരിഹാര ശേഷി പരിശോധിക്കപ്പെട്ടു |
|
2026 ഏപ്രിൽ 15 & 17 |
മാളിലെ ലംഘനം (80-87 dB); EPA നോട്ടീസ് |
സെക്ഷൻ 19(b) പ്രകാരം നിയമനടപടിക്ക് തുടക്കം |
|
2026 മെയ് 4 |
‘സി.എം. വിത്ത് മി’ സംവിധാനം അവസാനിപ്പിച്ചു |
ജീവനക്കാരെ മാതൃവകുപ്പിലേക്ക് തിരിച്ചയച്ചു |
|
2026 മെയ് 7 |
DGE ഏകീകൃത SOP ശുപാർശ ചെയ്തു |
സ്കൂളുകളിൽ ലിമിറ്ററുകളും സൈലൻസ് ബോർഡുകളും നിർബന്ധമാക്കി |
|
2026 മെയ് 16 |
HSE ജോയിന്റ് ഡയറക്ടറുടെ സുരക്ഷാ സർക്കുലർ |
100+ പേരുടെ സ്കൂൾ പരിപാടികളിൽ മുൻകൂർ വൈദ്യുതി അനുമതി നിർബന്ധം |
|
2026 ജൂൺ 1 |
ആശുപത്രി നിശ്ശബ്ദമേഖലയ്ക്കായി മുഖ്യമന്ത്രിക്ക് നിവേദനം |
സമഗ്ര പ്രോട്ടോക്കോൾ ആവശ്യപ്പെട്ടു |
|
2026 ജൂൺ 23 |
തമിഴ്നാട് മുഖ്യമന്ത്രിക്ക് വെടിക്കെട്ട് നിവേദനം |
KClO₃ നിർമ്മാണം, PESO ഓഡിറ്റ് എന്നിവയിൽ അന്തർസംസ്ഥാന ഇടപെടൽ |
|
2026 ജൂലൈ |
541 വിദ്യാഭ്യാസ അധികാരികൾക്ക് RTI അപ്പീലുകൾ |
സ്കൂളുകളിലെ വീഴ്ചകൾ തുറന്നുകാട്ടിയ സർവ്വേ പുറത്തുവന്നു |
|
2026 ജൂലൈ 14 |
IMA കേരള ഘടകത്തിന്റെ കത്ത് |
രാത്രി നിയന്ത്രണ ഇളവിനെതിരെ പൂർണ്ണ പിന്തുണ |
|
2026 ജൂലൈ 26 |
SIC ഉത്തരവ് (SIC-CP/217/2026-G4) |
NGT നടപടി റിപ്പോർട്ട് സമർപ്പിക്കാൻ KSPCB-ക്ക് നിർദ്ദേശം |
|
2026 ഓഗസ്റ്റ് 6 |
KSPCB, PHQ, ആഭ്യന്തര വകുപ്പിനോട് ATR ആവശ്യപ്പെട്ടു |
NGT ഉത്തരവുകൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് തേടി |
|
2026 ഓഗസ്റ്റ് 20 |
വൈദ്യുതി ഓംബുഡ്സ്മാൻ വിധി (P/036/2026) |
KSEB ₹100 നഷ്ടപരിഹാരം നൽകാൻ ഉത്തരവ് |
|
2026 ഓഗസ്റ്റ് |
300 വിദ്യാഭ്യാസ ഓഫീസർമാർക്ക് സ്പീക്കർ നീക്കാൻ കത്ത് |
പ്രധാനാധ്യാപകരുടെ പരോക്ഷ ബാധ്യത ചൂണ്ടിക്കാട്ടി |
|
2026 സെപ്റ്റംബർ 10 |
NGT ചരിത്രവിധി |
നഷ്ടപരിഹാര പദ്ധതി 2 മാസത്തിനകം നടപ്പാക്കാൻ കർശന നിർദ്ദേശം |
|
2026 സെപ്റ്റംബർ 13 |
‘കോളാമ്പി ഔട്ട് #3’ സമർപ്പിച്ചു (445 കേന്ദ്രങ്ങൾ) |
അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി |
|
2026 സെപ്റ്റംബർ 15 |
PHQ അന്വേഷണം രണ്ട് IG-മാർക്ക് കൈമാറി |
48 മണിക്കൂറിനകം അന്വേഷണ ഉത്തരവിറങ്ങി |
|
2026 സെപ്റ്റംബർ 17 |
വൈദ്യുതി ക്രമക്കേട് VACB പരാതി രജിസ്റ്റർ |
File No. KLM/471/2026-CPSP പ്രകാരം പ്രാഥമിക അന്വേഷണം തുടങ്ങി |
|
സ്ഥലപരിമിതിമൂലം വളരെ ചുരുങ്ങിയ വിവരങ്ങൾ മാത്രമാണ് ചേർത്തിരിക്കുന്നത് silencethenoise.in ൽ അംഗമാകൂ. കൂടുതൽ വിവരങ്ങളും മറ്റും കരസ്തമാക്കൂ. |
||
‘Meet the Officer’: ഓരോ പൗരനും ഒരു നിയമപോരാളി
ഈ പോരാട്ടം ഏതാനും സന്നദ്ധപ്രവർത്തകരിലോ ഒരു കേന്ദ്രീകൃത ഓഫീസിലോ ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല; മറിച്ച്, ശബ്ദമലിനീകരണത്താൽ വീർപ്പുമുട്ടുന്ന ഓരോ സാധാരണ പൗരനും സ്വന്തം പ്രദേശത്ത് നിയമം നടപ്പിലാക്കാൻ അധികാരം നൽകുന്ന ജനകീയ മാതൃകയാണ് ‘സൈലൻസ് ദി നോയിസ്’ മുന്നോട്ടുവെക്കുന്നത്. അതിനായി രൂപകൽപ്പന ചെയ്ത പ്രായോഗിക കർമ്മപദ്ധതിയാണ് ‘Meet the Officer’.
നിയമം ലംഘിക്കപ്പെടുമ്പോൾ മാത്രം പോലീസിനെ വിളിച്ചിട്ട് കാര്യമില്ല; ലംഘനത്തിന് മുൻപ് തന്നെ അധികാരികളെ തങ്ങളുടെ നിയമപരമായ ചുമതലകൾ രേഖാമൂലം ഓർമ്മിപ്പിച്ച് വ്യക്തിഗത ഉത്തരവാദിത്തത്തിൽ പൂട്ടുകയാണ് ഇതിന്റെ അടിസ്ഥാന തന്ത്രം. silencethenoise.in എന്ന പോർട്ടലിൽ പ്രവേശിച്ച് ഏതൊരു പൗരനും സ്വന്തം പ്രദേശത്തെ വിവരങ്ങളും ഉത്സവ-പരിപാടി സാധ്യതകളും രേഖപ്പെടുത്താം. തുടർന്ന് സിസ്റ്റം തനിയെ ഉച്ചഭാഷിണി ലൈസൻസ് ചട്ടങ്ങളും, സുപ്രീം കോടതി ഉത്തരവുകളും, പോലീസ് സർക്കുലർ 17/2002 പ്രകാരമുള്ള ഉദ്യോഗസ്ഥന്റെ വ്യക്തിഗത ബാധ്യതയും വ്യക്തമാക്കുന്ന സമഗ്രമായ 3 പേജ് ഔദ്യോഗിക നിയമ നോട്ടീസ് തയ്യാറാക്കി നൽകുന്നു. ഈ കത്ത് പ്രദേശത്തെ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി (SP/Commissioner), ഡിവൈഎസ്പി, സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) എന്നിവർക്ക് നേരിട്ടോ ‘Kerala Police Thuna’ ആപ്പ് വഴിയോ സമർപ്പിച്ച് അക്നോളജ്മെന്റ് രസീത് അല്ലെങ്കിൽ സ്വീകരണ നമ്പർ സുരക്ഷിതമായി സൂക്ഷിക്കണം.
ഈ രസീത് ഒരു വെറും കടലാസല്ല; ഭാവിയിൽ ആ പ്രദേശത്ത് ശബ്ദലംഘനമുണ്ടാകുമ്പോൾ അധികാരികളുടെ കൈകാലുകൾ ബന്ധിക്കുന്ന ഭരണഘടനാപരമായ തെളിവാണ്. നിയമലംഘനമുണ്ടാകുമ്പോൾ 112-ൽ അറിയിക്കുകയും, പോലീസ് നടപടിയെടുക്കാൻ മടിച്ചാൽ “ഈ നിയമലംഘന സാധ്യതയെക്കുറിച്ച് ഞാൻ മുൻകൂട്ടി ഔദ്യോഗികമായി അറിയിച്ചിരുന്നതാണ്, എന്നിട്ടും താങ്കൾ കൃത്യവിലോപം കാട്ടി” എന്ന് കാണിച്ച് ആ രസീത് ഉയർത്തിക്കാട്ടുകയും ചെയ്യാം. തുടർന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് സർക്കുലർ 17/2002/PHQ, 5/2026/PHQ G.O.(P) No.111/2002/Home എന്നിവ പ്രകാരം നടപടിയെടുക്കാത്ത ഉദ്യോഗസ്ഥനെതിരെ നേരിട്ട് വിജിലൻസിനെയോ പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റിയെയോ ലോകായുക്തയെയോ സമീപിച്ച് ഔദ്യോഗിക ജീവിതത്തിൽ അച്ചടക്കനടപടി ഉറപ്പാക്കാൻ ഈ ഒരൊറ്റ രസീത് പൗരന് കരുത്തുനൽകുന്നു.
നമ്മുടെ നാട്ടിൽ നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല ശബ്ദമലിനീകരണം ഉണ്ടാകുന്നത്; നിയമം നടപ്പാക്കാൻ ബാധ്യസ്ഥരായവരെ ചോദ്യം ചെയ്യാൻ ജനങ്ങൾ ഭയപ്പെടുകയോ മടിക്കുകയോ ചെയ്യുന്നത് കൊണ്ടാണ്. നിശ്ശബ്ദത എന്നത് ആരുടെയും ഔദാര്യമല്ല, ആർട്ടിക്കിൾ 21 പ്രകാരം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. രാത്രിയിലെ സുഖനിദ്രയോ, നിങ്ങളുടെ മക്കളുടെ പഠനമോ, രോഗിയായ മാതാപിതാക്കളുടെ വിശ്രമമോ ഏതെങ്കിലും ഉത്സവക്കമ്മിറ്റിയുടെയോ രാഷ്ട്രീയ ജാഥയുടെയോ അഹങ്കാരത്തിന് മുന്നിൽ അടിയറവ് വെക്കേണ്ടതല്ല. കൊല്ലം ജില്ലയിൽ 29 കോടതി കേസുകളിലൂടെയും 8 ക്രൈം കേസുകളിലൂടെയും തെളിയിക്കപ്പെട്ടത് സാധാരണ പൗരന്റെ ഈ നിയമശക്തിയാണ്. നിസ്സംഗത വെടിയുക; സഹിക്കുന്നത് അവസാനിപ്പിക്കുക.
നിങ്ങൾ സമർപ്പിക്കുന്ന ഒരൊറ്റ കത്ത്, നിങ്ങൾ സൂക്ഷിക്കുന്ന ഒരൊറ്റ രസീത് — അവയുടെ ആകെത്തുകയാണ് ഭരണകൂടത്തെ ഉലയ്ക്കുന്ന വലിയൊരു ജനകീയ ശക്തിയായി മാറുന്നത്. ഇന്നുതന്നെ https://silencethenoise.in/ സന്ദർശിക്കുക, ക്യാമ്പയിനിൽ സജീവ അംഗമാകുക, സ്വന്തം അവകാശങ്ങൾക്കായി ഒരു ഔദ്യോഗിക കത്ത് സൃഷ്ടിക്കുക. നിശ്ശബ്ദത വീണ്ടെടുക്കാൻ നമുക്ക് നിയമത്തിന്റെ ഭാഷയിൽ ഒരുമിച്ചു ശബ്ദമുയർത്താം.
ഉപസംഹാരം: നിയമപരമായ ശാക്തീകരണത്തിൽ നിന്ന് സാമൂഹിക വീണ്ടെടുപ്പിലേക്ക്
2025–26 പ്രവർത്തന വർഷത്തിലെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്, ശബ്ദമലിനീകരണത്തിനെതിരായ പൗരമുന്നേറ്റങ്ങൾ കേവലമായ അപേക്ഷകളിലല്ല, കൃത്യമായ നിയമസാധുതകളോടെ ഭരണകൂട സംവിധാനങ്ങളെ നേരിടുമ്പോഴാണ് ഫലം കാണുന്നത് എന്നാണ്. വ്യക്തിഗത പരാതികളിൽ ഒതുങ്ങിനിന്ന ഒരു പ്രസ്ഥാനം, ഭരണകൂടത്തിന്റെ വിവേചനപരമായ നിഷ്ക്രിയത്വത്തെയും ഉദ്യോഗസ്ഥരുടെ ബോധപൂർവ്വമായ വീഴ്ചകളെയും നിയമപരമായി വിചാരണ ചെയ്യുന്ന തലത്തിലേക്ക് ഉയർന്നുവന്നത് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടമാണ്. 2,222 ഔദ്യോഗിക കത്തിടപാടുകളും, വിവിധ ജുഡീഷ്യൽ ഫോറങ്ങളിലായി സമർപ്പിച്ച 50 പ്രതിനിധാനങ്ങളും, കൊല്ലം റൂറൽ പോലീസ് ജില്ലയിൽ ഉൾപ്പെടെ നടന്ന 29 കോടതി നടപടികളും 8 ക്രിമിനൽ കേസുകളും വഴി ഭരണകൂട സംവിധാനത്തിന് മേൽ ശക്തമായ നിയമസമ്മർദ്ദം ചെലുത്താൻ സാധിച്ചു.
വരും മാസങ്ങളിൽ ക്യാമ്പയിൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂന്ന് നിർണായക ദൗത്യങ്ങളിലാണ്: ഒന്ന്, പൊതുവിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്ത ഏകീകൃത SOP-യും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മുൻകൂർ സുരക്ഷാ അനുമതി സർക്കുലറും സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കടലാസിലൊതുങ്ങാതെ താഴെത്തട്ടിൽ പൂർണ്ണമായി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക. രണ്ട്, ദേശീയ ഹരിത ട്രിബ്യൂണൽ നിഷ്കർഷിച്ച രണ്ട് മാസത്തെ സമയപരിധി പൂർത്തിയാകുമ്പോൾ, പാരിസ്ഥിതിക നഷ്ടപരിഹാര പദ്ധതി നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ട്രിബ്യൂണലിലും ഹൈക്കോടതിയിലും നേരിട്ട് കോടതിയലക്ഷ്യ ഹർജികൾ ഫയൽ ചെയ്യുക. മൂന്ന്, ‘കോളാമ്പി ഔട്ട് കംപ്ലീറ്റിലി #3’-ൽ ഉൾപ്പെട്ട 445 ലംഘന കേന്ദ്രങ്ങളിൽ പോലീസ് ആസ്ഥാനം ഉത്തരവിട്ട ഐ.ജി. തല അന്വേഷണത്തിന്റെ പുരോഗതി രണ്ട് മേഖലാ ഐ.ജി.മാരുടെ ഓഫീസുകളിലും കർശനമായി നിരീക്ഷിക്കുകയും തുടർനടപടികൾ പരസ്യപ്പെടുത്തുകയും ചെയ്യുക.
വ്യവസ്ഥാപിതമായ വീഴ്ചകളെ വ്യവസ്ഥാപിതമായ നിയമമാർഗ്ഗങ്ങളിലൂടെത്തന്നെ തിരുത്താൻ സാധിക്കും എന്ന വലിയ പാഠമാണ് ഈ പോരാട്ടം പൊതുസമൂഹത്തിന് നൽകുന്നത്. ശാന്തവും സ്വസ്ഥവുമായ ഒരു കേരളത്തെ വീണ്ടെടുക്കാനുള്ള ഈ മഹത്തായ മുന്നേറ്റത്തിൽ ഓരോ പൗരനും പങ്കാളിയാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
![]()


