ഞാൻ ഒരു വടി എടുക്കുന്നു. അതുകൊണ്ട് ചുറ്റും അളക്കുന്നു. കിട്ടുന്ന അളവിനെ “വടി ദൂരം” എന്ന് വിളിക്കുന്നു. എന്നിട്ട് പ്രഖ്യാപിക്കുന്നു ഇതാ, എൻ്റെ വടിക്ക് ഒരു വടി നീളമുണ്ടെന്ന് ഞാൻ എംപിരിക്കലായി തെളിയിച്ചു എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും?
നിലവിൽ ലോകത്തിൽ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ എന്ന് സ്വയം നടിക്കുന്നവർ അല്ലാതെ ആരും തന്നെ മാർക്സിസം ശാസ്ത്രീയമാണ് എന്ന് വിശ്വസിക്കുന്നില്ല.
പക്ഷെ കേരളത്തിന്റെ ബൗദ്ധിക പരിസരം കാലങ്ങൾ ആയി കമ്മ്യൂണിസ്റ്റുകൾ ഹൈജാക്ക് ചെയ്തു വച്ചിരുന്നത് കൊണ്ട് കേരളത്തിൽ കമ്മ്യൂണിസത്തെ എന്തോ മഹത്തായ ശാസ്ത്ര സത്യമായി കരുതി പോന്നിരുന്നു, കുറച്ചു കാലം മുൻപ് വരെ.
പിന്നീടാണ് സ്വതന്ത്ര ചിന്തകരിൽ തന്നെ തന്നെ ഒരു വിഭാഗം കമ്മ്യൂണിസത്തെ വിമർശനാത്മകമായി സമീപിക്കുകയും അതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തതു. ഉദാഹരണത്തിന് ഡോക്ടർ സി വിശ്വനാഥൻ, രവിചന്ദ്രൻ സി തുടങ്ങിയവർ. അങ്ങനെ കമ്മ്യൂണിസത്തിന്റെ ശാസ്ത്രീയതയും ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും ഏതാണ്ട് ഒരുപോലെയാണ് എന്ന് പൊതുജനങ്ങൾക്ക് മനസ്സിലായി.
അപ്പോഴാണ് ചില പുതിയ ഗ്രൂപ്പുകൾ വീണ്ടും ഇതേ ആശയം ശാസ്ത്രീയമാണ് എന്ന് സ്ഥാപിച്ചു കൊണ്ടുവരുന്നത്.
ഒരു കാര്യം ആദ്യമേ പറയാം. മാർക്സിനെ അധിക്ഷേപിക്കാനോ അദ്ദേഹത്തെ ചെറുതാക്കി കാണിക്കാനോ ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നില്ല. കാരണം മാർക്സിന്റെ ആശയം ധാർമ്മിക തലത്തിൽ അംഗീകരിച്ചു കൊണ്ട് ആണ് ഞാൻ ഇവിടെ മറുപടി നൽകുന്നത്.
ഒരു കസേരയ്ക്ക് ഒരു പേനയേക്കാൾ വില കൂടുതലാണ്, കാരണം കസേര ഉണ്ടാക്കാൻ കൂടുതൽ മനുഷ്യാധ്വാനം വേണം. നിങ്ങൾ എന്നെ ഒരു ദിവസത്തേക്ക് ജോലിക്ക് വെക്കുന്നു, ദിവസത്തിന്റെ ആദ്യ പകുതിയിൽ ഞാൻ എന്റെ കൂലിക്ക് ജോലി ചെയ്യുന്നു, രണ്ടാം പകുതിയിലെ എൻ്റെ ജോലി, നിങ്ങളുടെ ലാഭമാകുന്നു. ലോകത്തിലെ എല്ലാ ലാഭവും ആരുടെയോ കൂലി കിട്ടാത്ത ഉച്ചകഴിഞ്ഞ സമയമാണ്.
ഈ ആശയം ആളുകളെ ചലിപ്പിച്ചതിൽ അത്ഭുതമില്ല.
മാർക്സ് ഒരിക്കലും മുതലാളിമാരെ കള്ളന്മാർ എന്ന് വിളിച്ചിരുന്നില്ല. മാർക്സ് ഈ വ്യവസ്ഥിതിയെയാണ് പ്രശ്നക്കാരനായി ചൂണ്ടി കാണിച്ചത്. വ്യവസ്ഥിതി തന്നെ നിശ്ശബ്ദമായി, നിയമപരമായി, എല്ലാ ദിവസവും തൊഴിലാളികളുടെ അധ്വാനം ഊറ്റിയെടുക്കുന്നു എന്നാണ് മാർക്സ് പറഞ്ഞത്.
ഇവിടെ പ്രശ്നം മാർക്സിൻ്റെ ആശയത്തിലല്ല. കാരണം ചൂഷണം എന്നത് മിക്ക മേഖലയിലും നടക്കുന്ന ഒന്നാണ്. പ്രശ്നം അത് ശാസ്ത്രമാണെന്ന അവകാശവാദത്തിലാണ്.
ഒന്നാമത്തെ പ്രശ്നം, അധ്വാനം എന്നത് നമ്മക്ക് ഒരിക്കലും കാണാൻ കഴിയില്ല എന്നതാണ്.
ഒരു കസേര എടുത്തുനോക്കൂ. നമ്മൾ കാണുന്നത് അതിൻറെ വിലയാണ്, അതിൽ അടങ്ങിയിരിക്കുന്ന അധ്വാനം എത്രയുണ്ട് എന്നല്ല.
ഒരു വസ്തുവിനുള്ളിലെ അധ്വാനം അളക്കുന്ന ഒരു ഉപകരണവും ലോകത്തില്ല. നമ്മളെ സംബന്ധിച്ച് ലഭ്യമായ ഏക സംഖ്യ വിലയാണ്.
രണ്ടാമത്തെ പ്രശ്നം, ഇത് ശാസ്ത്രീയമാണ് എന്ന് തെളിയിക്കാൻ ഇവർ തന്നെ ഉണ്ടാക്കുന്ന ഗണിത സൂത്രങ്ങളാണ്.
അധ്വാനിക്കുന്ന മണിക്കൂറും രൂപയും ബന്ധിപ്പിക്കാൻ ഒരു നിരക്ക് വേണം. അതിനായി ആധുനിക മാർക്സിസ്റ്റുകൾ പുതിയൊരു കണക്ക് ഉണ്ടാക്കി. രാജ്യത്തെ മൊത്തം മൂല്യവർധനവ് എടുത്ത്, മൊത്തം തൊഴിൽ മണിക്കൂർ കൊണ്ട് ഹരിക്കുക. അങ്ങനെ ഹരിച്ചപ്പോൾ മണിക്കൂറിന് 200 രൂപ എന്ന് കിട്ടി എന്നിരിക്കട്ടെ. എന്നിട്ട് അവർ പ്രഖ്യാപിക്കുന്നു: രാജ്യത്തെ മൊത്തം പണം മൊത്തം അധ്വാനത്തിന് തുല്യമാണ്. സിദ്ധാന്തം ശരിയാണ്.
പക്ഷേ എന്താണ് സംഭവിച്ചത് എന്ന് നോക്കിയാൽ നിങ്ങൾക്ക് ഇതിലെ അബദ്ധം മനസ്സിലാവും. പണത്തെ മണിക്കൂർ കൊണ്ട് ഹരിച്ചാണ് ആ നിരക്ക് ഉണ്ടാക്കിയത്. എന്നിട്ട് ആ നിരക്ക് ഉപയോഗിച്ച് പണവും മണിക്കൂറും ഒത്തുപോകുന്നു എന്ന് തെളിയിക്കുന്നു.
ഞാൻ ഒരു വടി എടുക്കുന്നു. അതുകൊണ്ട് ചുറ്റും അളക്കുന്നു. കിട്ടുന്ന അളവിനെ “വടി ദൂരം” എന്ന് വിളിക്കുന്നു. എന്നിട്ട് പ്രഖ്യാപിക്കുന്നു ഇതാ, എൻ്റെ വടിക്ക് ഒരു വടി നീളമുണ്ടെന്ന് ഞാൻ എംപിരിക്കലായി തെളിയിച്ചു എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും? അതാണ് ആശാന്മാർ ചെയ്തത്.
ലോകത്തിലെ ഒരു ഡാറ്റയ്ക്കും ഈ ഫലം മാറ്റാൻ കഴിയില്ല. അതുകൊണ്ടുതന്നെ അതൊരു കണ്ടെത്തലുമല്ല.
മൂന്നാമത്തെ പ്രശ്നം, അവരുടെ എംപിരിക്കൽ പഠനങ്ങൾ ആണ്. ലേബർ തിയറി ശാസ്ത്രീയമാണ് എന്ന് തെളിയിക്കാൻ ഉള്ള സർക്കസ് ആണ് രസകരം. മാർക്സിന് ഇത് നൽകാൻ കഴിഞ്ഞിരുന്നില്ല, അദ്ദേഹത്തിൻറെ വ്യാഖ്യാതാക്കളാണ് ഈ ഡേറ്റകൾ സൃഷ്ടിച്ചത്.
കോക്ക്ഷോട്ട്, കോട്രെൽ, ഷെയ്ഖ്, ഒച്ചോവ തുടങ്ങിയവർ ഇൻപുട്ട്-ഔട്ട്പുട്ട് പട്ടികകൾ ഉപയോഗിച്ച് വിവിധ വ്യവസായ മേഖലകളിലെ അധ്വാന ഉള്ളടക്കവും വിലയും താരതമ്യം ചെയ്തു. അങ്ങനെ ചെയ്തപ്പോൾ, കോറിലേഷൻ 0.90-നും മുകളിൽ എന്ന് കണ്ടു.
ഇവിടെ ലേബറിന് പകരം ഉരുക്കോ വൈദ്യുതിയോ അങ്ങനെ ഇൻപുട്ടിൽ വരുന്ന എന്തു വച്ചാലും ഈ ഒരു കോറിലേഷൻ നമുക്ക് ലഭിക്കും. പക്ഷേ തൊഴിലാളികളെ വെക്കുമ്പോൾ ആ കോറിലേഷൻ കൂടുതൽ കൃത്യമായി ലഭിക്കും.
അപ്പോൾ ഇവരുടെ കണ്ടെത്തൽ ശരിയാണ് എന്നാണോ? അല്ല. ഇവിടെ യഥാർത്ഥ പ്രശ്നം ഈ അളക്കുന്ന വ്യവസായത്തിന്റെ വലിപ്പമാണ്. ഈ പഠനങ്ങൾ താരതമ്യം ചെയ്യുന്നത് ഓരോ മേഖലയുടെയും ആകെ തുകകളാണ്. ആകെ തൊഴിൽ മണിക്കൂർ, ആകെ ഉൽപ്പാദന മൂല്യം.
ഉദാഹരണത്തിന്, തീപ്പെട്ടി വ്യവസായം, 50,000 മണിക്കൂർ, 2 കോടി രൂപ.
നിർമ്മാണ മേഖല, 5 കോടി മണിക്കൂർ, 2 ലക്ഷം കോടി രൂപ.
ഇവ ഒത്തുപോകുന്നതിൽ അത്ഭുതമുണ്ടോ? വലിയ മേഖലയിൽ ധാരാളം തൊഴിലാളികളും ധാരാളം ഉൽപ്പാദനവുമുണ്ട്. ചെറിയ മേഖലയിൽ രണ്ടും കുറവ്. കോറിലേഷൻ കണ്ടെത്തുന്നത് അധ്വാനവും മൂല്യവും തമ്മിലുള്ള ബന്ധമല്ല, വലിയ സാധനങ്ങൾ വലുതാണ് എന്ന കാര്യമാണ്. ഇതാണ് സത്യത്തിൽ ഈ പഠനം തെളിയിക്കുന്നത്. അതായത് നമ്മൾ എപ്പോഴും പറയുന്ന കാര്യം, Correlation does not imply causation.
ഒരു ജില്ലയിൽ സ്കൂളുകളുടെ എണ്ണവും ആശുപത്രികളുടെ എണ്ണവും എടുത്താലും ഇതുപോലെ ഒത്തുപോകുന്നതായി കാണാൻ സാധിക്കും. സ്കൂൾ ആശുപത്രി ഉണ്ടാക്കുന്നു എന്ന് ആരും കരുതില്ല. രണ്ടും ജനസംഖ്യയെ ആശ്രയിക്കുന്നു എന്നതാണ് കാര്യം.
ഇത് ചൂണ്ടിക്കാണിച്ചത് മാർക്സിസ്റ്റ് തന്നെയായ ആൻഡ്രൂ ക്ലൈമാൻ ആണ്. അദ്ദേഹം ഇതിൻറെ ഒരു സിമിലേഷൻ നടത്തുന്നുണ്ട്, അതിൽ മൂല്യവും വിലയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത, തീർത്തും വ്യത്യസ്തമായ സംഖ്യകൾ എടുത്ത് മേഖലാ തലത്തിലേക്ക് കൂട്ടിയാൽ പോലും ഇതേ ഉയർന്ന കോറിലേഷൻ കിട്ടും.
അതായത് ഈ കോറിലേഷന്റെ വലിയൊരു പങ്കും നിങ്ങൾ പരിശോധിക്കാൻ എടുക്കുന്ന ഇൻഡസ്ട്രിയുടെ വലിപ്പത്തിന്റെ റിസൾട്ട് ആണ്. അത്കൊണ്ട് ഇത് മാർക്സിസ്റ്റുകൾക്കിടയിൽ തന്നെ തർക്കവിഷയമാണ്.
ഇനീം, നാലാമത്തെ പ്രശ്നം, ഇവിടെയാണ് ശരിക്കും മാർക്സിസ്റ്റുകൾക്ക് അടിപതറിയത്. സത്യത്തിൽ ഇങ്ങനെയൊരു സിദ്ധാന്തത്തിന്റെ ആവശ്യമേയില്ല എന്നതാണ് യാഥാർത്ഥ്യം.
1960-ൽ കേംബ്രിഡ്ജിലെ ഇറ്റാലിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ പിയേറോ സ്രാഫ, “മാർക്സ് തെറ്റാണ്” എന്ന് പറയുന്നതിന് പകരം മാർക്സിനെ ആവശ്യമേയില്ല എന്ന് തെളിയിച്ചു.
വെറും രണ്ട് കാര്യങ്ങൾ മാത്രം ഉപയോഗിച്ച് ഒരു സമ്പദ്വ്യവസ്ഥയിലെ എല്ലാ വിലയും ലാഭനിരക്കും കണക്കാക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ഓരോ വ്യവസായത്തിനും വേണ്ട ഭൗതിക വസ്തുക്കൾ, പിന്നെ കൂലി. ഈ കണക്കുകൂട്ടലിൽ അധ്വാന മൂല്യം എവിടെയുമില്ല. എന്നിട്ടും ഉത്തരങ്ങൾ ശരിയാകുന്നു.
അതായത് സിദ്ധാന്തം തെറ്റാണെന്നല്ല, ആവശ്യമേ ഇല്ലാത്തതാണ് എന്നാണ് തെളിഞ്ഞത്. പക്ഷേ ജഗതി പറഞ്ഞതുപോലെ നിങ്ങളുടെ അനാവശ്യം അവരുടെ ആവശ്യമായിരിക്കും.
അറുപത് വർഷമായി ഈ ചോദ്യത്തിന് ആരും വ്യക്തമായ ഉത്തരം നൽകിയിട്ടില്ല, അധ്വാന മൂല്യ സിദ്ധാന്തം പ്രവചിക്കുന്നതും സ്രാഫയുടെ കണക്കിന് പ്രവചിക്കാൻ കഴിയാത്തതുമായ ഒരു കാര്യം പറയൂ എന്ന ചോദ്യത്തിന് ഉത്തരം ഇല്ല.
അഞ്ചാമത്തെ പ്രശ്നം, ഈ തിയറി വെച്ച് നമ്മക്ക് ഒരു നെല്ലു വാല്യൂ തിയറി ഉണ്ടാക്കാം. .
തൊഴിലാളികൾ അവർക്ക് ചെലവാകുന്നതിനേക്കാൾ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നു, ആ വിടവാണ് ലാഭം അല്ലങ്കിൽ സർപ്ലസ് എന്ന് മാർക്സ് പറയുന്നു.
പക്ഷേ നെല്ലും വിതച്ചതിനേക്കാൾ കൂടുതൽ നെല്ല് ഉണ്ടാക്കുന്നു. ഉരുക്ക് കൂടുതൽ ഉരുക്ക് ഉണ്ടാക്കുന്നു. ഉപയോഗപ്രദമായ ഏതൊരു ഉൽപ്പാദന ഘടകവും അത് ഉപഭോഗിക്കുന്നതിനേക്കാൾ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നു. അല്ലെങ്കിൽ ആരും അത് ഉപയോഗിക്കില്ലല്ലോ?
അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ റോമർ ഇത് ഗണിതപരമായി തെളിയിച്ചു. മാർക്സിന്റെ സമവാക്യങ്ങളിൽ നിന്ന് അധ്വാനം മാറ്റി നെല്ല് ഇടുക. എല്ലാം അതേപടി പ്രവർത്തിക്കും. സ്ട്രക്ചർലി സമാനമായ, ഒരു നെല്ല് ചൂഷണ സിദ്ധാന്തം കിട്ടും.
അതായത് അധ്വാനത്തിന് മാത്രം എന്തെങ്കിലും പ്രത്യേകതയുള്ളതാണെന്ന് കണക്ക് ഒരിക്കലും കാണിച്ചിട്ടില്ല. മാർക്സ് അധ്വാനത്തെ തിരഞ്ഞെടുത്തതാണ്. സമവാക്യങ്ങൾ എന്തിനെയും സ്വീകരിക്കുമായിരുന്നു.
അധ്വാനം തിരഞ്ഞെടുക്കുന്നത് ഒരു ധാർമ്മിക നിലപാടാണ്. അത് ശരിയായിരിക്കാം. പക്ഷേ അതൊരു ശാസ്ത്രീയ ഫലമല്ല. ഇതാണ് ഇതിലെ അടിസ്ഥാനപരമായ കാര്യം.
ഈ കണക്ക് ശാസ്ത്രീയമാണ് എന്ന് തെളിയിക്കുന്നതിനായി എവല്യൂഷൻ തിയറിയും ബിഗ് ബാങ്ക് തിയറിയും ഒക്കെ കൂട്ടുപിടിച്ച് സ്വയം അപഹാസ്യരാകുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളെ നിങ്ങൾ കേൾക്കുന്നുവെങ്കിൽ നിങ്ങളുടെ തലയ്ക്ക് കാര്യമായ എന്തോ തകരാറുണ്ട് എന്ന് വേണം കരുതാൻ.
ഇനിയും അവസാനമായി ഏറ്റവും വലിയ കോമഡി അല്ലങ്കിൽ ആറാമത്തെ പ്രശ്നം. അധികം പേരും ചർച്ച ചെയ്യാത്തതും ചർച്ച ആ പരിസരത്തേക്ക് കൊണ്ടുപോകാതെ ബുദ്ധിജീവികൾ ശ്രദ്ധിക്കുന്നതുമായ കാര്യം.
എഴുപത് വർഷത്തോളം ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം ഈ സിദ്ധാന്തത്തിൽ പൂർണ്ണമായി വിശ്വസിച്ചിരുന്ന ആളുകൾ ഭരിച്ചു. അവർക്ക് അവരുടെ രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ പൂർണ്ണ നിയന്ത്രണമുണ്ടായിരുന്നു. ഇത് പ്രവർത്തിക്കുമെന്ന് തെളിയിക്കാൻ എല്ലാ കാരണങ്ങളുമുണ്ടായിരുന്നു.
എന്നിട്ടും അവരിൽ ഒരാളും അത് ഉപയോഗിച്ചില്ല.
സോവിയറ്റ് യൂണിയൻ ഗോസ്പ്ലാൻ ഭൗതിക അളവുകളിലാണ് പ്രവർത്തിച്ചത്. എത്ര ടൺ ഉരുക്ക് വേണം, എത്ര ഉൽപ്പാദിപ്പിച്ചു. വിലകൾ നിശ്ചയിച്ചത് ഉദ്യോഗസ്ഥർ. ശരാശരി ചെലവ്, പ്രോഫിറ്റ് മാർജിൻ, വിറ്റുവരവ് നികുതി എന്നിവ ചേർത്താണ് അവരത് ചെയ്തത്. അധ്വാന സമയവുമായി ഒരു ബന്ധവുമില്ല.
ക്യൂബ 1963-65 കാലത്ത് ഈ ചോദ്യം രണ്ട് വർഷം ചർച്ച ചെയ്തു. എന്നിട്ടും കണക്കുകൾ പെസോയിൽ തന്നെ സൂക്ഷിച്ചു.
സിദ്ധാന്തം എല്ലാ പാഠപുസ്തകത്തിലും അച്ചടിച്ചു. ഒരു കണക്കുകൂട്ടലിലും ഉപയോഗിച്ചില്ല. അതായത് കുട്ടികൾ സ്കൂളിൽ സയൻസും പഠിക്കും പള്ളിയിൽ വേദപാഠവും പഠിക്കും എന്ന പോലെ.
ഇന്നും ചൈനയിലും വിയറ്റ്നാമിലും ഇത് എല്ലാ ബിരുദ വിദ്യാർത്ഥിക്കും നിർബന്ധിത വിഷയമാണ്. വിയറ്റ്നാമിൽ ഈ കോഴ്സുകൾ പാസ്/ഫെയിൽ അടിസ്ഥാനത്തിലാണ്, ജിപിഎയിൽ എണ്ണില്ല, ബിരുദത്തിന്റെ ക്രെഡിറ്റിൽ പോലും വരില്ല. സൈനിക പരിശീലനത്തിനും കായിക വിദ്യാഭ്യാസത്തിനും ഒപ്പമാണ് അതിന്റെ സ്ഥാനം.
ആ രാജ്യങ്ങളിൽ ശരിക്കും സാമ്പത്തിക ശാസ്ത്രജ്ഞനാകാൻ പോകുന്നവർ പഠിക്കുന്നത് മുഖ്യധാരാ സാമ്പത്തിക ശാസ്ത്രമാണ്. അവരുടെ കേന്ദ്ര ബാങ്കുകളും ധനമന്ത്രാലയങ്ങളും പ്രവർത്തിക്കുന്നതും അതിലാണ്.
ആ ഭരണകൂടങ്ങൾ പോലും സ്വന്തം സിലബസ് വിശ്വസിക്കുന്നില്ല.
ഏഴാമത്തെ പ്രശ്നം, വ്യാഖ്യാനങ്ങളുടെ അന്തമില്ലാത്ത നിര. നോക്കൂ ഇന്നും ഈ കാലത്തിൽ കമ്പ്യൂട്ടറും ക്യാമറയും മൈക്കും തുറന്നു വച്ച് ലേബർ വാല്യൂ തിയറി ശാസ്ത്രീയമാക്കാൻ ശ്രമിക്കുന്ന ആളുകൾ ഉണ്ട് എന്നതാണ്.
മാർക്സ് 1883-ൽ മരിച്ചു. രണ്ടാം വോളിയം 1885-ലും മൂന്നാം വോളിയം 1894-ലുമാണ് പുറത്തുവന്നത്. രണ്ടും എംഗൽസ് അപൂർണ്ണമായ കയ്യെഴുത്തുപ്രതികളിൽ നിന്ന് കൂട്ടിച്ചേർത്തത്. മൂന്നാം വോളിയത്തിലെ പല ഭാഗങ്ങളും ഒന്നാം വോളിയം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എഴുതിയതാണ്.
മുപ്പത് വർഷം കൊണ്ട് പല ഘട്ടങ്ങളിലായി എഴുതിയ, മാർക്സ് തന്നെ അന്തിമ രൂപം നൽകാത്ത കുറിപ്പുകളാണ് ഇവ. അവ പരസ്പരം യോജിക്കാത്തതിൽ അത്ഭുതമില്ല.
ഇതുപോലെ ഒരു പുസ്തകം വേറെയുമുണ്ട്, അതിലും പല ഭാഗങ്ങളും ആട് തിന്നു പോയി എന്ന് പറയപ്പെടുന്നു.
ഇതുകൊണ്ടുള്ള കുഴപ്പം എന്താണെന്ന് വച്ചാൽ, ഇന്ന് മാർക്സിസത്തെ നിർവചിക്കാൻ വരുന്നവർ തന്നെ പല കൂട്ടരാണ്. ഒന്നാം വോളിയത്തിലെ ഓർത്തഡോക്സ് മാർക്സിനെ എടുക്കുന്നവർ. TSSI വ്യാഖ്യാനക്കാർ. മൂല്യരൂപ സിദ്ധാന്തക്കാർ.
എന്തിനു മറുപടി കൊടുത്താലും ഉടൻ വരുന്ന ഉത്തരം ഒന്ന് തന്നെ. നിങ്ങൾ മാർക്സിനെ തെറ്റിദ്ധരിച്ചു. മാർക്സിനെ വായിക്കാതെ ആണ് നിങ്ങൾ വിമർശിക്കുന്നത്.
സത്യത്തിൽ ലേബർ വാല്യൂ തിയറി തെറ്റാണ് എന്ന തെളിയിക്കേണ്ട ആവശ്യമില്ല, അത് നമ്മുടെ നിത്യജീവിതത്തിൽ ആവശ്യമേയില്ല എന്നതാണ് യാഥാർത്ഥ്യം.
ഇത് തെറ്റാണെന്ന് ഇവരുമായി തർക്കിച്ച് തെളിയിക്കാൻ ആർക്കും കഴിയില്ല.
എന്ത് വേരിയേഷൻ കാണിച്ചാലും അത് സ്വാഭാവികം എന്ന് പറയും, അല്ലങ്കിൽ സ്കോപ്പിൽ ഇല്ല എന്ന് പറയും. ഏത് വിമർശനം വന്നാലും “നിങ്ങൾ മാർക്സിനെ തെറ്റിദ്ധരിച്ചു” എന്നും പറയാം.
എവിടെയാണോ അത് കൃത്യമാകുന്നത്, അവിടെ അത് ആവശ്യമില്ലെന്ന് സ്രാഫ കാണിച്ചു. എവിടെയാണോ അത് ധാർമ്മികമാകുന്നത്, അവിടെ അത് പരീക്ഷിക്കാൻ കഴിയില്ല. എന്തൊരു ഗതികേടാണ് അല്ലേ?
കൃത്യമായ കണക്കുകൾ, ആകർഷകമായ ഗണിതം, എല്ലാം വിശദീകരിക്കാൻ കഴിയുന്ന ഒരു ചട്ടക്കൂട്, പക്ഷേ ഒരിക്കലും തെറ്റാൻ കഴിയാത്തത്. ജ്യോതിഷം കളിക്കുന്ന അതേ കളി.
![]()

