ശബ്ദമലിനീകരണ പരാതി ഫോം
നിയമലംഘനങ്ങൾ രേഖപ്പെടുത്താൻ – വീഡിയോ & വിശദാംശങ്ങൾ ചേർക്കുക
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ശബ്ദമലിനീകരണവും ഇലക്ഷൻ പ്രചരണവും: ഒരു പൗര അവബോധ കുറിപ്പ്
ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് 2025 പ്രചാരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്ന ഒരു കാമ്പയിൻ esSence Global കേരളത്തിലെ പ്രബുദ്ധരായ പൊതുജനങ്ങളുടെ സഹകരണത്തോടെ നടത്തുകയാണ്. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പ് കാലം എത്തുമ്പോൾ നമ്മുടെ തെരുവുകളിലും താമസമേഖലകളിലും പരിസരങ്ങളിലും ഉച്ചഭാഷിണി ശബ്ദത്തിന്റെ പ്രളയമാണ് ഉണ്ടാകുന്നത്. എന്നാൽ ഈ ജനാധിപത്യ ആഘോഷത്തിന്റെ പേരിൽ നമ്മുടെ ശാന്തിയും ആരോഗ്യവും അപഹരിക്കപ്പെടാൻ അനുവദിക്കാനാവില്ല. ഭരണഘടനാ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചാൽ തെളിവുകൾ സഹിതം സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് പൗരാവകാശം വിനിയോഗിച്ച് കോടതിയിൽ ഉറപ്പായും പോകുമെന്നതിനാൽ ശാന്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത് അനിവാര്യമാണ്.
തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവരുന്ന ഉച്ചഭാഷിണി ശബ്ദമലിനീകരണം, പൊതുഇടങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ഫ്ലക്സ് ബാനറുകൾ, ആർച്ചുകൾ, സ്റ്റേജുകൾ, ഓടുന്ന വാഹനങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം, പൊതുനിരത്തിലെ ഉച്ചഭാഷിണി ഉപയോഗം, വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിക്കുന്ന കൊടികൾ, ഫ്ലക്സ്, കട്ടൗട്ടുകൾ, വാഹനത്തിൻറെ അനുവദനീയമായ പരിധിക്ക് പുറത്തേയ്ക്ക് തള്ളിനിൽക്കുന്നരീതിയിൽ സ്ഥാപിക്കുന്ന ഉച്ചഭാഷിണികൾ, ജനറേറ്ററുകൾ എന്നിവയ്ക്കെതിരെ പൊതുജനങ്ങളെ അവബോധപ്പെടുത്താനും പ്രവർത്തനം എടുക്കാനുമായി esSence Global ഒരു പൊതുജന പരാതി കാമ്പെയിൻ നടത്തുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ പുതിയ നിയന്ത്രണങ്ങൾക്ക് കാരണമായത്, esSence Global-ന്റെ ‘സൈലൻസ് ദി നോയിസ്’ കാമ്പെയിൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ നീണ്ട കത്തിടപാടുകളുടെയും സമർപ്പിച്ച നിയമപരമായ അഭ്യർത്ഥനകളുടെയും ഫലമാണ് എന്നത് അഭിമാനപൂർവ്വം ഓർമ്മിപ്പിക്കട്ടെ.
ഭരണഘടന നമുക്ക് നൽകിയിരിക്കുന്ന അവകാശങ്ങൾ നമുക്ക് വളരെ വ്യക്തമാണ്. 21-ആം അനുഛേദം പ്രകാരം ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള മൗലികാവകാശം ഓരോ പൗരനുമുണ്ട്. അതോടൊപ്പം 51A(g) അനുഛേദം പ്രകാരം പരിസ്ഥിതി സംരക്ഷിക്കാനുള്ള മൗലിക കടമയും നമുക്കുണ്ട്. സുപ്രീംകോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, “ഒരു പൗരന് കേൾക്കാൻ താൽപ്പര്യമില്ലാത്തത് കേൾപ്പിക്കാൻ മറ്റൊരാൾക്ക് അവകാശമില്ല” എന്ന്. ഈ അവകാശം സംരക്ഷിക്കാനാണ് ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം, 2000 നിലവിൽ വന്നത്.
ഓരോ ഉച്ചഭാഷിണി ഉപയോഗത്തിനും ശബ്ദമലിനീകരണ നിയന്ത്രണ ചട്ട പരിപാലന അതോറ്റിയിൽ നിന്നും രേഖാമൂലമായ മുൻകൂർ അനുമതി ആവശ്യമാണ് എന്നത് വളരെ പ്രധാനപ്പെട്ട വ്യവസ്ഥയാണ്. രാത്രി 10:00 മണി മുതൽ രാവിലെ 6:00 മണി വരെ ഉച്ചഭാഷിണി, പടക്കം, ശബ്ദവർദ്ധിത ഉപകരണങ്ങൾ, വാദ്യമേളങ്ങൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ, വന മേഖലകൾ, വന്യജീവി സങ്കേതങ്ങൾ, പബ്ലിക് ഓഫീസുകൾ തുടങ്ങിയ നിശബ്ദമേഖലകളിൽ 100 മീറ്റർ ചുറ്റളവിൽ ഈ ഉപകരണങ്ങളുടെ ഉപയോഗം പൂർണ്ണമായും നിഷിദ്ധമാണ്. പകൽ സമയത്ത് പോലും, പാർപ്പിട മേഖലകളിൽ 55 dB(A)-യ്ക്കും, വാണിജ്യ മേഖലകളിൽ 65 dB(A)-യ്ക്കും മുകളിൽ ശബ്ദമുണ്ടാക്കാൻ പാടില്ല. കോളാമ്പി, ട്രംപറ്റ് തുടങ്ങിയവയുടെ ഉപയോഗവും പൊതുജനാരോഗ്യത്തിന് ഹാനികരമാണ്.
പ്രത്യേകിച്ചും ഓർമ്മിക്കേണ്ട കാര്യം, വരണാധികാരിയിൽ നിന്നും വാങ്ങുന്ന പ്രചരണ വാഹനാനുമതി ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതിയല്ല എന്നതാണ്. ഓരോ ഇവന്റിനും പ്രത്യേകം പ്രത്യേകം ഉച്ചഭാഷിണി അനുമതി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവരിൽ നിന്നും വാങ്ങേണ്ടതാണ്. ഓടുന്ന വാഹനങ്ങളിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. അനുമതി ലഭിച്ചാൽ പോലും, വാഹനം പൂർണമായും നിർത്തിയതിന് ശേഷം മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാവൂ. ഉച്ചഭാഷിണി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ നിശബ്ദമേഖലകളില്ല എന്നത് ഉറപ്പാക്കേണ്ടതാണ്. മറ്റിടങ്ങളിൽ അതാത് സ്ഥലത്തെ ശബ്ദനിലകൾ പാലിക്കേണ്ടതാണ്. സ്വകാര്യ വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവാദമില്ല. മോട്ടോർ വാഹന നിയമാനുസൃതം വാഹനങ്ങളിൽ കൊടി, ഫ്ലക്സ്, കട്ടൗട്ടുകൾ എന്നിവ ഘടിപ്പിക്കുന്നതും വാഹന പരിധിക്ക് പുറത്തേയ്ക്ക് ഉച്ചഭാഷിണി, ജനറേറ്റർ സ്ഥാപിക്കുന്നതും നിരോധിതമാണ്.
പടക്കം ഉപയോഗിക്കുന്നതിന് ജില്ലാ കളക്ടറിൽ നിന്നുള്ള വ്യക്തമായ അനുമതി നിർബന്ധമാണ്. നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം, ശബ്ദം കേൾക്കുന്ന പടക്കങ്ങളുടെ ഉപയോഗം കുറ്റകരമാണ്. ഗ്രീൻ ക്രാക്കർ വിഭാഗത്തിൽ പെടുന്നതാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം നിബന്ധനകൾ പാലിക്കുന്ന ശബ്ദപരിധി പാലിക്കേണ്ടതും, സമയപരിധി പാലിക്കേണ്ടതുമാണ്. നിശബ്ദമേഖലകളിലേയ്ക്ക് കടക്കുന്ന വിധ പടക്കം ഉപയോഗിക്കാൻ പാടില്ല.
വൈദ്യുതി നിയമം, 2003 പ്രകാരം പൊതുഇടങ്ങളിൽ താൽക്കാലിക വൈദ്യുതി കണക്ഷനുകൾ എടുക്കുന്നതിനും ജനറേറ്റർ ഉപയോഗിക്കുന്നതിനും ലൈസൻസുള്ള ഇലക്ട്രീഷ്യൻമാർ വഴിയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ രേഖാമൂലമായ അനുമതിയോടെയും മാത്രം. വൈദ്യുതി പോസ്റ്റുകളിൽ അലങ്കാര ദീപങ്ങൾ, ഫ്ലക്സ്, കൊടിതോരണങ്ങൾ, ഉച്ചഭാഷിണി എന്നിവ ഘടിപ്പിക്കുന്നത് നിരോധിതമാണ്. വൈദ്യുതി നിയമലംഘനങ്ങൾ തടവ് ഉൾപ്പെടെയുള്ള കനത്ത ശിക്ഷ ഈടാക്കുന്ന ഗുരുതര കുറ്റമാണ്. മൊട്ടുസൂചി കുത്തിയിറക്കിയ വയറിംഗ്, വാട്ടർ പ്രൂഫ് അല്ലാത്ത വയറിംഗ് സാമഗ്രികളുടെ ഉപയോഗം തുടങ്ങി കാലാകാലങ്ങളായി വൈദ്യുതി വകുപ്പ് പുറത്തിറക്കിയ എല്ലാ നിയമങ്ങളും പാലിച്ചിരിക്കേണ്ടത് അനിവാര്യമാണ്.
കേരള പബ്ലിക് വേയ്സ് ആക്ട്, 2011 പ്രകാരം, പൊതുനിരത്തുകൾ തടസ്സപ്പെടുത്തുന്ന സ്റ്റേജുകൾ, റോഡ് വക്കിലെ യോഗങ്ങൾ, ട്രാഫിക് തടസ്സപ്പെടുത്തുന്ന റാലികൾ എന്നിവ നിരോധിതമാണ്. പരിപാടികൾ പൊതു മൈതാനങ്ങളിലോ ഓഡിറ്റോറിയങ്ങളിലോ മാത്രം നടത്താവുന്നതാണ്. പൊതു ഇടങ്ങളിലെയും ഇലക്ട്രിക് പോസ്റ്റിലെയും കൊടി തോരണങ്ങൾ, ഫ്ലക്സ് എന്നിവ, വാഹനങ്ങളിലെ കൊടി, ഫ്ലക്സ്, പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന ഉച്ചഭാഷിണി എന്നിവ, പൊതു ഇടത്തെ സ്റ്റേജ്, ജനറേറ്റർ, ഉച്ചഭാഷിണി തുടങ്ങി എല്ലാം നിയമലംഘനങ്ങളും കാമ്പെയിൻ വഴി റിപ്പോർട്ട് ചെയ്യാവുന്നവയുമാണ്.
ഈ നിയമലംഘനങ്ങൾക്കുള്ള ശിക്ഷാവിധികൾ വളരെ ഗൗരവമേറിയതാണ്. ശബ്ദമലിനീകരണ നിയന്ത്രണ നിയമലംഘനത്തിന് 5 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മറ്റെല്ലാ നിയമലംഘനങ്ങൾക്കും അതാത് നിയമലംഘനത്തിന് വിധിച്ച ശിക്ഷകൾ ലഭിക്കും. സമർപ്പിക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം, ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം 2000 ലംഘനം, ഇലക്ട്രിസിറ്റി ആക്ട് 2003 ലംഘനം, എക്സ്പ്ലോസീവ് ആക്ട് ലംഘനം, കേരള പബ്ലിക് വേയ്സ് ആക്ട്, 2011 ലംഘനം എന്നിവയുടെ പേരിൽ ബാധ്യസ്ഥരായ സ്ഥാനാർത്ഥികൾക്കും ജനപ്രതിനിധികൾക്കും എതിരേ ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കുകയും, സത്യപ്രതിജ്ഞാ ലംഘനം ആരോപിച്ച് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതായിരിക്കും ഈ കാമ്പെയിന്റെ ലക്ഷ്യം.
നിങ്ങൾക്ക് എങ്ങനെ ഈ മാറ്റത്തിന്റെ ഭാഗമാകാം? തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘cVigil’ ആപ്പ് ഉപയോഗിച്ചോ, https://essenseglobal.com/activism എന്ന വെബ്സൈറ്റിലൂടെയോ പൊതുജനങ്ങൾക്ക് തെളിവുകൾ സഹിതം പരാതി സമർപ്പിക്കാം. സമർപ്പിക്കുന്ന വീഡിയോ തെളിവുകൾ രണ്ട് മിനിറ്റിൽ കൂടാത്തതും, വ്യക്തവും കൃത്യവുമായിരിക്കേണ്ടതുണ്ട്. ഫയലിന്റെ വലിപ്പം 100 എം.ബി. കവിയരുത്. സമർപ്പിക്കുന്ന വീഡിയോ/ഫോട്ടോകളിൽ തീയതി, സമയം, സ്ഥലം, വാഹന നമ്പർ, സ്ഥാനാർത്ഥിയുടെ പേര്/ചിഹ്നം എന്നിവ വ്യക്തമായി കാണാവുന്നതായിരിക്കണം. നിങ്ങളുടെ ഒരു ക്ലിക്കിന് ഈ സമൂഹത്തെ മാറ്റിമറിക്കാനാകും.
ഇവിടെ ചേർത്തിരിക്കുന്ന ക്യാമറാ ആപ്പുകൾ ഉപയോഗപ്പെടുത്താവുന്നതാണ്
Android – https://play.google.com/store/apps/details?id=com.jeyluta.timestampcamerafree&hl=en_IN
Apple – https://apps.apple.com/us/app/timestamp-camera-basic/id840110184
രാഷ്ട്രീയ പാർട്ടികളോടും, ജനപ്രതിനിധികളോടും, സ്ഥാനാർത്ഥികളോടും നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണം നീതിയുക്തവും, പൗരാവകാശങ്ങൾ ഹനിക്കാത്തതും, രാജ്യനിയമങ്ങളും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതുമായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു. ചട്ടം ലംഘിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ തെളിവുകൾ ശേഖരിച്ച് ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കുമെന്ന് ഈ കാമ്പെയിൻ വ്യക്തമാക്കുന്നു.
ശാന്തത ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രമല്ല, മുഴുവൻ സമൂഹത്തിന്റെയും പൊതുസമ്പത്താണ്. നിയമങ്ങൾ പാലിച്ചുള്ള ജനാധിപത്യപരമായ പ്രചരണം നടത്തുക എന്നത് ഓരോ സ്ഥാനാർത്ഥിയുടെയും ഉത്തരവാദിത്തമാണ്. ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം ഓരോ പൗരനുമുള്ളതുമാണ്. ഈ ശാന്തമായ പരിസ്ഥിതിക്കായുള്ള പ്രവർത്തനത്തിൽ, കക്ഷി രാഷ്ട്രീയത്തിന് അതീതമായി, എല്ലാ കേരളജനതയും ഒറ്റക്കെട്ടായി പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സൈലൻസ് ദി നോയിസ്
എസ്സൻസ് ഗ്ലോബൽ
