കമ്മ്യുണിസം യുദ്ധവിരുദ്ധ പ്രസ്ഥാനമോ? രവിചന്ദ്രൻ സി എഴുതുന്നു


ലോകത്ത് ആണവായുധം ഉപയോഗിച്ച ആദ്യത്തെയും അവസാനത്തെയും രാജ്യം അമേരിക്കയാണ്. അതിന്റെ പാപഭാരം ഒരിക്കലും ആ രാഷ്ട്രത്തെ വിട്ടുപോകുകയില്ല. ഹിരോഷിമയും നാഗസാക്കിയും ലോകത്തെ പഠിപ്പിച്ചത് സമാനമായ ആവർത്തനങ്ങൾ അനിവാര്യമായും ഒഴിവാക്കണമെന്നാണ്. എന്നാൽ, അതിന് വിരുദ്ധമായി ലോകം വീണ്ടും ഒരു ആണവദുരന്തത്തിന്റെ രുചി അറിയണമെന്ന് നിർബന്ധമുള്ള മാർക്സിസ്റ്റ് നേതാക്കളായിരുന്നു ഫിദൽ കാസ്ട്രോയും ചെഗുവേരയും.

ഇവന് പ്രാന്താടാ!

കേരളത്തിലെ യുദ്ധവിരുദ്ധ റാലികളുടെ ബാനർ നോക്കിയാൽ അതിൽ പൊതുവേ ഏതെങ്കിലും മാർക്സിസ്റ്റ്-ഇടത് സംഘടനകളുടെ പേരാവും ഉണ്ടാവുക. കമ്മ്യൂണിസം യുദ്ധവിരുദ്ധ പ്രസ്ഥാനമാണ്, അഹിംസയും മാനവികതയുമാണ് അതിന്റെ ആധാരശിലകൾ എന്നൊക്കെയുള്ള വ്യാജപ്രചാരണത്തിന് കേരളത്തിൽ വലിയ ഡിമാൻഡ് ആണ്. ലോകസമാധാനത്തിന് കോടിക്കണക്കിന് രൂപ ബജറ്റിൽ വകയിരുത്തി സമാധാനപ്രേമം തെളിയിക്കുന്ന ശൈലിയുമുണ്ട്. ഓപ്പറേഷന് സിന്തൂർ കാലത്ത് യുദ്ധവിരുദ്ധതയും ആര്ദ്രതയും മൂത്ത് മസ്തിഷ്കമരണത്തിന്റെ വക്കോളമെത്തിയ പാർട്ടി സാഹിത്യകാരന്മാരെ തട്ടി നടക്കാനാവാത്ത അവസ്ഥയുണ്ടായി.

ലോകത്ത് ആണവായുധം ഉപയോഗിച്ച ആദ്യത്തെയും അവസാനത്തെയും രാജ്യം അമേരിക്കയാണ്. അതിന്റെ പാപഭാരം ഒരിക്കലും ആ രാഷ്ട്രത്തെ വിട്ടുപോകുകയില്ല. ഹിരോഷിമയും നാഗസാക്കിയും ലോകത്തെ പഠിപ്പിച്ചത് സമാനമായ ആവർത്തനങ്ങൾ അനിവാര്യമായും ഒഴിവാക്കണമെന്നാണ്. എന്നാൽ, അതിന് വിരുദ്ധമായി ലോകം വീണ്ടും ഒരു ആണവദുരന്തത്തിന്റെ രുചി അറിയണമെന്ന് നിർബന്ധമുള്ള മാർക്സിസ്റ്റ് നേതാക്കളായിരുന്നു ഫിദൽ കാസ്ട്രോയും ചെഗുവേരയും. ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയ 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി ഒരു മാർക്സിസ്റ്റ് ഫാന്റസിയാണ്. എപ്പോൾ വേണമെങ്കിലും അമേരിക്ക തങ്ങളെ ആക്രമിച്ചേക്കാം എന്നൊരു ഭീതി കൊണ്ടുനടന്ന ഫിദൽ കാസ്ട്രോയുടെ ഭരണകൂടമാണ് സോവിയറ്റ് സൈനികസാന്നിധ്യം ക്യൂബയിലേക്ക് ക്ഷണിച്ചത്. കാസ്ട്രോ മന്ത്രിസഭയിലെ ചെഗുവേര ആ മിസൈലുകൾ എടുത്തുമാറ്റുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. കാസ്ട്രോയാകട്ടെ, അമേരിക്കയെ ആണവായുധങ്ങൾ കൊണ്ട് ആദ്യം ആക്രമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ക്യൂബയിൽ നിന്ന് ശരാശരി 145 കിലോമീറ്റർ അകലെയാണ് അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനം. ക്യൂബൻ മിസൈൽ പ്രതിസന്ധി എന്ന് കേൾക്കുമ്പോൾ സോവിയറ്റ് യൂണിയൻ ഏതോ കുറച്ച് മിസൈലുകൾ ക്യൂബയിൽ കൊണ്ടുവെച്ച് അമേരിക്കയെ വിരട്ടിയ സംഭവം എന്ന രീതിയിൽ ചുരുക്കിക്കാണരുത്. ആണവ മിസൈലുകൾ മാത്രമല്ല, വൻ സൈനിക സന്നാഹമാണ് ‘ഓപ്പറേഷൻ അനദിർ’ (Operation Anadyr) എന്ന പേരിൽ സോവിയറ്റ് യൂണിയൻ അന്ന് ക്യൂബയിൽ രഹസ്യമായി സജ്ജീകരിച്ചത്. അമേരിക്കയെ പൂർണ്ണമായി ലക്ഷ്യമിടാൻ ശേഷിയുള്ള 40-ലധികം ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളും (R-12, R-14 മിസൈലുകൾ), 60-ലധികം ആണവ പോർമുനകളും (nuclear warheads) ഈ മിഷന്റെ ഭാഗമായി ക്യൂബയിലെത്തി. കൂടാതെ തന്ത്രപ്രധാനമായ യുദ്ധവിമാനങ്ങളും (IL-28 ബോംബറുകൾ), തന്ത്രപരമായ ആണവായുധങ്ങളും വിന്യസിക്കപ്പെട്ടു. ഇതിനെല്ലാം പുറമേ, നാൽപ്പതിനായിരത്തിലധികം സോവിയറ്റ് സൈനികരും രഹസ്യമായി ക്യൂബയിലെത്തി.

1961-ൽ അമേരിക്ക സോവിയറ്റ് യൂണിയന്റെ തൊട്ടടുത്തുള്ള തുർക്കിയിലും ഇറ്റലിയിലും ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ജൂപ്പിറ്റർ മിസൈലുകൾ (Jupiter Missiles) സ്ഥാപിച്ചിരുന്നു. ഇതാണ് ഈ സൈനികവിന്യാസത്തിന് സോവിയറ്റ് പ്രസിഡന്റ് ക്രൂഷ്ചേവിനെ പ്രേരിപ്പിച്ച പ്രധാന കാര്യം. മോസ്കോയെ മിനിറ്റുകൾക്കകം ചാരമാക്കാൻ ഈ ജൂപ്പിറ്റർ മിസൈൽ വിന്യാസത്തിന് കഴിയുമായിരുന്നു. ഇതിന് പകരമായി അമേരിക്കയുടെ മുൻവാതിലിൽ ഒരു തോക്ക് ചൂണ്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്രൂഷ്ചേവ് ക്യൂബയെ തിരഞ്ഞെടുത്തത്. ഫിദൽ കാസ്ട്രോയുടെ ലക്ഷ്യം വേറെയായിരുന്നു. ബേ ഓഫ് പിഗ്സ് അധിനിവേശം (Bay of Pigs – 1961) എന്നറിയപ്പെടുന്ന അട്ടിമറി ശ്രമത്തിന് ശേഷം അദ്ദേഹം കൂടുതൽ ആശങ്കാകുലനായിരുന്നു. കാസ്ട്രോ ഭരണകൂടത്തെ അട്ടിമറിക്കാൻ സി.ഐ.എ നടത്തിയ സായുധ നീക്കവും, കാസ്ട്രോയെ വധിക്കാൻ അമേരിക്ക നടത്തിയ തുടർച്ചയായ രഹസ്യ ശ്രമങ്ങളും കാരണം കാസ്ട്രോ വല്ലാതെ ചകിതനായിരുന്നു. സ്വയം സംരക്ഷിക്കാനും അധികാരം നിലനിർത്താനും ഒരു ആണവ സംരക്ഷണ കവചം ആരാണ് ആഗ്രഹിക്കാത്തത്?!

സോവിയറ്റ് യൂണിയന്റെ സൈനികവിന്യാസം അമേരിക്കയെ ഞെട്ടിച്ചു. പ്രസിഡന്റ് കെന്നഡിയുടെ മുന്നറിയിപ്പ് ശക്തമായിരുന്നു: ക്യൂബയിലെ സൈനികവിന്യാസം പിൻവലിച്ചേ തീരൂ, അല്ലെങ്കിൽ ഫലം വളരെ മോശമായിരിക്കും എന്ന് കെന്നഡി ക്രൂഷ്ചേവിനോട് പറഞ്ഞു. വൈകാതെ കെന്നഡി ക്യൂബയ്ക്ക് ചുറ്റും നാവിക ഉപരോധം (Quarantine) ഏർപ്പെടുത്തി. ഇത് ക്രൂഷ്ചേവിനെ പ്രതിരോധത്തിലാക്കി. മിസൈൽ വിന്യാസവുമായി കുറച്ചുകാലം വിലപേശാമെന്നായിരുന്നു അദ്ദേഹം കരുതിയത്. സോവിയറ്റ് ആയുധവിന്യാസം പൂർത്തിയായതോടെ ചെഗുവേരയുടെയും ഫിദൽ കാസ്ട്രോയുടെയും നിലപാടുകൾ കൂടുതൽ വിനാശകരമായിത്തീർന്നു. പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ (1962 ഒക്ടോബർ 27), അമേരിക്ക ക്യൂബയെ ആക്രമിക്കുകയാണെങ്കിൽ അമേരിക്കയ്ക്ക് മേൽ സോവിയറ്റ് യൂണിയൻ നേരിട്ട് ആണവാക്രമണം നടത്തണമെന്ന് (First Nuclear Strike) ആവശ്യപ്പെട്ട് കാസ്ട്രോ ക്രൂഷ്ചേവിന് കത്തെഴുതി.

കാസ്ട്രോയുടെ ഈ സന്ദേശം 1962 ഒക്ടോബർ 27-ന് രാവിലെ ക്രെംലിനിലെത്തിയപ്പോൾ ക്രൂഷ്ചേവ് പ്രകടിപ്പിച്ച നടുക്കവും രോഷവും സോവിയറ്റ് ഉന്നത ഉദ്യോഗസ്ഥരും ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂഷ്ചേവിന്റെ മകനും സോവിയറ്റ് റോക്കറ്റ് ശാസ്ത്രജ്ഞനുമായിരുന്ന സെർജി ക്രൂഷ്ചേവിന്റെ പുസ്തകത്തിൽ (Nikita Khrushchev and the Creation of a Superpower, Penn State University Press, 2000), കത്ത് വായിച്ചയുടൻ ക്രൂഷ്ചേവ് തന്റെ വിദേശകാര്യ മന്ത്രി ആന്ദ്രേ ഗ്രോമിക്കോയോടും മറ്റ് പോളിറ്റ്ബ്യൂറോ അംഗങ്ങളോടും പറഞ്ഞതായി സെർജി രേഖപ്പെടുത്തുന്നു: “എന്ത്? നമ്മൾ ഒരു ആണവയുദ്ധം തുടങ്ങണമെന്നാണോ അവൻ പറയുന്നത്? ഇത് ശുദ്ധ ഭ്രാന്താണ്! ഒരു ആണവയുദ്ധം എന്നാൽ എന്താണെന്നത് സംബന്ധിച്ച് ഫിദലിന് ഒരു ചുക്കും അറിയില്ല. നമ്മളെയും കൂടി അവന്റെ കൂടെ കുഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല!”

കെന്നഡി നിലപാട് കടുപ്പിച്ചുകൊണ്ടിരുന്നു. ഒരു തുറന്ന ആണവയുദ്ധം താങ്ങാനുള്ള സാമ്പത്തിക-സൈനിക ശേഷി അന്ന് സോവിയറ്റ് യൂണിയന് ഉണ്ടായിരുന്നില്ല. ഒടുവിൽ മിസൈലുകൾ പിൻവലിച്ച് ക്രൂഷ്ചേവ് ഒഴിഞ്ഞുമാറി. എന്നാൽ അതൊരു നിരുപാധിക കീഴടങ്ങലായിരുന്നില്ല; മറിച്ച് ഒരു രഹസ്യ ഒത്തുതീർപ്പായിരുന്നു. പരസ്യമായ കരാർ പ്രകാരം സോവിയറ്റ് യൂണിയൻ ക്യൂബയിൽ നിന്ന് മിസൈലുകൾ പിൻവലിക്കാമെന്ന് സമ്മതിച്ചു; പകരം ക്യൂബയെ ഇനി ഒരിക്കലും സൈനികമായി ആക്രമിക്കില്ല എന്ന് അമേരിക്ക പരസ്യമായി ഉറപ്പുനൽകി. എന്നാൽ, പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും രഹസ്യമായി വെച്ചുകൊണ്ട്, തുർക്കിയിലെ അമേരിക്കൻ ജൂപ്പിറ്റർ മിസൈലുകൾ ഏതാനും മാസങ്ങൾക്കുള്ളിൽ അമേരിക്ക പിൻവലിക്കാമെന്ന് കെന്നഡി ക്രൂഷ്ചേവിനോട് സമ്മതിക്കുകയും പിന്നീട് ആ വാക്ക് അമേരിക്ക കൃത്യമായി പാലിക്കുകയും ചെയ്തു.

പ്രതിസന്ധി അയഞ്ഞ ശേഷം ഒക്ടോബർ 30-ന് ക്രൂഷ്ചേവ് കാസ്ട്രോയ്ക്ക് നേരിട്ട് ഒരു ഔദ്യോഗിക മറുപടിക്കത്ത് അയച്ചു. അതിൽ കാസ്ട്രോയുടെ നിലപാടിനെ ക്രൂഷ്ചേവ് പരസ്യമായി തിരുത്തുന്നുണ്ട്. കത്തിലെ വാക്കുകൾ: “ശത്രുവിനെതിരെ നമ്മൾ ആദ്യം തന്നെ ഒരു ആണവാക്രമണം നടത്തണം എന്നാണ് നിങ്ങൾ നിർദ്ദേശിച്ചത്… ഇത് എങ്ങോട്ടാണ് കാര്യങ്ങളെ എത്തിക്കുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതൊരു ലളിതമായ തിരിച്ചടിയാകില്ല, മറിച്ച് ഒരു ആഗോള തെർമോ-ന്യൂക്ലിയർ യുദ്ധത്തിന്റെ തുടക്കമായിരിക്കും… അതിൽ സർവ്വതും കത്തിച്ചാമ്പലാകുന്നത് ഏറ്റവും ആദ്യം ക്യൂബൻ ജനതയായിരിക്കും” (Ref: Cold War International History Project, Wilson Center).

ഈ ഒത്തുതീർപ്പിൽ ഏറ്റവും അപമാനിതനായത് കാസ്ട്രോയും ചെഗുവേരയുമായിരുന്നു. തങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെ ക്രൂഷ്ചേവ് അമേരിക്കയുമായി രഹസ്യമായി വിലപേശി മിസൈലുകൾ തിരിച്ചുകൊണ്ടുപോയപ്പോൾ കാസ്ട്രോ രോഷാകുലനായി. ചരിത്രകാരന്മാരായ അലക്സാണ്ടർ ഫുർസെങ്കോ, തിമോത്തി നഫ്താലി എന്നിവർ ചേർന്ന് സോവിയറ്റ്-കെ.ജി.ബി, ക്യൂബൻ ആർക്കൈവുകൾ പരിശോധിച്ച് എഴുതിയ ചരിത്രഗ്രന്ഥത്തിൽ (One Hell of a Gamble: Khrushchev, Castro, and Kennedy, 1958–1964, W. W. Norton & Company, 1997), 1962 ഒക്ടോബർ 28-ന് റേഡിയോ മോസ്കോയിലൂടെ മിസൈലുകൾ പിൻവലിക്കാൻ ക്രൂഷ്ചേവ് സമ്മതിച്ചു എന്ന വാർത്ത കാസ്ട്രോ കേട്ട നിമിഷത്തെക്കുറിച്ച് പറയുന്നുണ്ട് (അധ്യായം 15-16). രോഷംപൂണ്ട കാസ്ട്രോ കയ്യിലിരുന്ന ഗ്ലാസ് വലിച്ചെറിഞ്ഞ് ഭിത്തിയിൽ ആഞ്ഞടിക്കുകയും, റഷ്യൻ ഭാഷയിലെയും സ്പാനിഷിലെയും തെറിവാക്കുകൾ (“Son of a bitch, bastard, no cojones” തുടങ്ങിയവ) ഉപയോഗിച്ച് ക്രൂഷ്ചേവിനെ അധിക്ഷേപിക്കുകയും ചെയ്തു. ഹവാനയിലെ തെരുവുകളിൽ കാസ്ട്രോയുടെ അനുയായികളും സാധാരണക്കാരും ക്രൂഷ്ചേവിനെതിരെ പാടിനടന്ന കുപ്രസിദ്ധമായ സ്പാനിഷ് വരി ഇതാണ്: “Nikita, mariquita, lo que se da no se quita!” (“നികിതാ, ഭീരുവായ തെമ്മാടീ, ഒരിക്കൽ കൊടുത്തത് ആരെങ്കിലും തിരിച്ചെടുക്കുമോ!”).

പ്രതിസന്ധി അവസാനിച്ച ശേഷം 1962 നവംബറിൽ ലണ്ടനിലെ ‘ഡെയ്ലി വർക്കർ’ (Daily Worker) പത്രത്തോട് സംസാരിക്കവെ ചെഗുവേര തുറന്നടിച്ചു: “ആ മിസൈലുകൾ ഞങ്ങളുടെ കൈവശം അവശേഷിച്ചിരുന്നെങ്കിൽ, ഞങ്ങൾ തീർച്ചയായും അവ തൊടുക്കുമായിരുന്നു. സാമ്രാജ്യത്വത്തിന്റെ കേന്ദ്രങ്ങളെ ഞങ്ങൾ തകർക്കുമായിരുന്നു, അതിന്റെ പേരിൽ ക്യൂബ പൂർണ്ണമായി ചാരമായാലും ശരി.” വിപ്ലവ ലക്ഷ്യങ്ങൾക്ക് വേണ്ടി ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വന്തം ജനതയുടെ നിലനിൽപ്പും പണയം വെക്കാൻ ചെഗുവേരയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.

പിന്നീട് 1990-കളിൽ ഹവാനയിൽ അമേരിക്കൻ-റഷ്യൻ-ക്യൂബൻ പ്രതിനിധികൾ പങ്കെടുത്ത ചരിത്ര സമ്മേളനങ്ങളിൽ (1992 Havana Conference on the Cuban Missile Crisis), കാസ്ട്രോ ഈ കത്തെഴുതിയ കാര്യം നിഷേധിച്ചില്ല; മറിച്ച്, അമേരിക്ക അധിനിവേശം നടത്തിയാൽ ക്യൂബൻ വിപ്ലവം സംരക്ഷിക്കാൻ അങ്ങനെ ചെയ്യണമെന്ന് താൻ ആഗ്രഹിച്ചിരുന്നു എന്ന് സ്വയം ന്യായീകരിക്കുകയാണ് ചെയ്തത്. ബാറ്റിസ്റ്റ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സംഭവമാണ് വിപ്ലവം എന്ന വാക്ക് കൊണ്ട് കാസ്ട്രോ അർത്ഥമാക്കിയത്. ഇത്തരത്തിൽ അട്ടിമറികളിലൂടെ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ നിലനിർത്താൻ ഒരു ആണവയുദ്ധമായാലും പ്രശ്നമില്ല എന്നതായിരുന്നു കാസ്ട്രോയുടെയും ചെഗുവേരയുടെയും കാഴ്ചപ്പാട്. ഒടുവിൽ ക്രൂഷ്ചേവ് കാണിച്ച വിവേകം കൊണ്ടാണ് ലോകം മറ്റൊരു ആണവദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ, അമേരിക്കയ്ക്ക് മുന്നിൽ വഴങ്ങി മിസൈൽ പിൻവലിച്ചുവെന്ന അപമാനം സോവിയറ്റ് പാർട്ടിക്കുള്ളിൽ വലിയ തിരിച്ചടിയുണ്ടാക്കുകയും, രണ്ടു വർഷത്തിനകം (1964-ൽ) ക്രൂഷ്ചേവിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലേക്ക് അത് നയിക്കുകയും ചെയ്തു.

സോവിയറ്റ് യൂണിയന്റെ സമാധാനപ്രേമം കൊണ്ടല്ല ക്രൂഷ്ചേവ് പിന്മാറിയത്; മറിച്ച് അമേരിക്കൻ യുദ്ധക്കപ്പലുകളെ നേരിടാനുള്ള നാവികശേഷി ഇല്ലാത്തതുകൊണ്ടും, തുർക്കിയിലെ മിസൈലുകൾ അമേരിക്ക മാറ്റാമെന്ന രഹസ്യ ഉറപ്പ് കിട്ടിയതുകൊണ്ടുമാണ്. കാസ്ട്രോയ്ക്ക് വേണ്ടിയിരുന്നത് സ്വന്തം അധികാരത്തിനുള്ള ആണവ സുരക്ഷ മാത്രമായിരുന്നു. ചെഗുവേരയെപ്പോലുള്ള തീവ്രവാദികൾക്കാകട്ടെ മനുഷ്യജീവനുകളേക്കാൾ വലുത് പ്രത്യയശാസ്ത്ര വിജയം മാത്രമായിരുന്നു. അടുത്ത തവണ യുദ്ധവിരുദ്ധ സന്ദേശങ്ങളും സമാധാന പോസ്റ്ററുകളുമായി മാർക്സിസ്റ്റുകാർ തെരുവിൽ പ്രത്യക്ഷപ്പെടുമ്പോൾ നാം മറക്കാൻ പാടില്ലാത്ത ചരിത്രയാഥാർത്ഥ്യമാണിത്.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →