ശബ്ദ മലിനീകരണം; മന്ത്രി സജി ചെറിയാന് ഒരു തുറന്ന കത്ത്


”ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 എന്നത് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച് 2000 മുതല്‍ നിലനില്‍ക്കുന്ന ഒരു ചട്ടമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ലോകോത്തരമായ ഈ ചട്ടം ഇന്ത്യയില്‍ നിലവില്‍ വന്നത്. നിര്‍ഭാഗ്യവശാല്‍ നൂറുശതമാനം വിദ്യാസമ്പന്നരുള്ള കേരളത്തിലെ ഭരണസംവിധാനത്തിനുപോലും ഇത് ഫലപ്രദമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി കാണുന്നില്ല എന്നത് ലജ്ജാവഹമാണ്”- എസ്സെന്‍സ് ഗ്ലോബലിന്റെ സൈലന്‍സ് ദ നോയ്‌സ് കാമ്പെയിന്‍ കോര്‍ഡിനേറ്റര്‍, മനു എ എസ്, സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന് എഴുതുന്ന തുറന്ന കത്ത്”

ബഹു. യുവജന-സാംസ്‌കാരിക വകുപ്പ് മന്ത്രി, ശ്രീ. സജി ചെറിയാനുള്ള തുറന്ന കത്ത്

കേരളത്തിന്റെ സാംസ്‌ക്കാരിക പരിസ്ഥിതിയില്‍ എക്കാലവും കലാകാരന്മാര്‍ അതിപ്രധാനമായ പങ്കു വഹിക്കുന്നുവെന്നും, അത് കേരളത്തിലെ ഇന്നിന്റെ രാഷ്ട്രീയം സാംസ്‌കാരിക-കലാ പ്രവര്‍ത്തനങ്ങളില്‍ അഗാധമായി വേരൂന്നിയിട്ടുണ്ടെന്നും അംഗീകരിച്ചുകൊണ്ടാണ് കുറിപ്പ് അങ്ങയ്ക്ക് സമര്‍പ്പിക്കുന്നത്.

നിലവിലെ പ്രശ്‌നം

ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 എന്നത് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച് 2000 മുതല്‍ നിലനില്‍ക്കുന്ന ഒരു ചട്ടമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ലോകോത്തരമായ ഈ ചട്ടം ഇന്ത്യയില്‍ നിലവില്‍ വന്നത്. നിര്‍ഭാഗ്യവശാല്‍ നൂറുശതമാനം വിദ്യാസമ്പന്നരുള്ള കേരളത്തിലെ ഭരണസംവിധാനത്തിനുപോലും ഇത് ഫലപ്രദമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി കാണുന്നില്ല എന്നത് ലജ്ജാവഹമാണ്.

പൊതുജനാരോഗ്യം വോട്ടുബാങ്കല്ല എന്നും അത് അനിവാര്യതയാണെന്നും അങ്ങേക്കറിയാമല്ലോ.

ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പോലും ശബ്ദമലിനീകരണമൂലം ജനിതകതകരാര്‍, ഓര്‍മ്മക്കുറവ്, പഠന വൈകല്യം, ബധിരത, എന്നിവയുണ്ടാകാം എന്ന് വ്യക്തമാക്കുന്നു ഉത്തരവുകള്‍ അങ്ങയുടെ തന്നെ വിരല്‍ത്തുമ്പില്‍ കിട്ടും (ഉദാ: Child Rights Commission Order – 155302LA12022KeSCPCR & 836202LA12019KeSCPCR). ജനങ്ങളെ ബോധവത്ക്കരിക്കാന്‍ 2015- ല്‍ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നല്‍കിയ കേരള ഗവണ്‍മെന്റ് ഉത്തരവ് (GO(P) No 06/2015 Env dt 28.04.2015) ഒന്നു മറിച്ചു നോക്കാന്‍ അങ്ങ് തയ്യാറാകണം. അതില്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ പറയുന്നുണ്ട്.

ഇനിയും പിറകിലേക്ക് പോയാല്‍, CHURCH OF GOD (FULL GOSPEL) IN INDIA Vs K.K.R. MAJESTIC COLONY WELFARE ASSOCIATION AND OTHERS 30.8.2000, SC 17 Jul 2005 Forum vs UOI, ആലപ്പുഴയിലെ സുമനന്‍ സാറിന്റെ ഫോറം ഓഫ് പ്രിവന്‍ഷന്‍ സുപ്രീം കോടതി ഉത്തരവ്,

നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് Dated 01.08.2019, O.A. No. 519 Of 2016 ല്‍ പറയുന്ന ചട്ടം ലംഘിച്ചാല്‍ ലഭിക്കാവുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്ത് ഉടന്‍ 10,000 രൂപ പിഴ വിധിക്കാനുള്ള ഉത്തരവ്… അങ്ങനെയങ്ങനെ അനവധി സുപ്രീംകോടതി- ഹൈക്കോടതി ഉത്തരവുകളില്‍ ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം പാലിക്കപ്പെടണം എന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു.

മുകളില്‍ നല്‍കിയ സുപ്രീംകോടതി ഉത്തരവുകളിലും 2025 ല്‍ ഇറങ്ങിയ ബോംബേ ഹൈക്കോടതി CRIMINAL WRIT PETITION NO. 4729 OF 2021 ഉത്തരവിലൂടെയും, അടിവരയിട്ടു പറഞ്ഞിരിക്കുന്നതുമായ, ആരാധനാലയങ്ങള്‍ക്ക് ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കുന്നത് അവകാശമാണ് എന്നു പറയാന്‍ കഴിയില്ല എന്നും, പൗരാവകാശമായ ആര്‍ട്ടിക്കിള്‍ 21 കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്നതും നിയമ അവബോധമുള്ള അങ്ങ് ശ്രദ്ധിക്കേണ്ടിയിരുന്നു.

മാത്രവുമല്ല കേരള സര്‍ക്കാര്‍ പുറത്തിറക്കിയ സോണ്‍ തിരിക്കാനുള്ള ഉത്തരവും, കേരള പോലീസ് ലൗഡ്‌സ്പീക്കര്‍ ലൈസന്‍സ് കണ്ടീഷനിലും, നിശബ്ദമേഖലയിലാണ് ആരാധനാലയങ്ങള്‍ എന്നും അതിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവാദമില്ല എന്നതും നിയമം ആണ്. പിന്നെ എങ്ങനെയാണ് അതേ ആരാധനാലയത്തില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ച് സ്റ്റേജ് പ്രോഗ്രാമുകള്‍ നടത്താന്‍ കഴിയുന്നത്.

കുഞ്ഞുകുഞ്ഞു ഭാഗവതരും അഗസ്റ്റിന്‍ ജോസഫും 1930-കളില്‍ ലൗഡ്‌സ്പീക്കറുകള്‍ ഇല്ലാതിരുന്ന കാലത്ത് ജനഹൃദയങ്ങളില്‍ ഇടം നേടി. അന്ന് ഇന്ത്യയില്‍ ആംപ്ലിഫയറുകളോ ലൗഡ്‌സ്പീക്കറുകളോ ലഭ്യമല്ലായിരുന്നു എന്നതും അങ്ങേക്കറിയാമല്ലോ. എന്നാല്‍ ഇന്ന് കലാകാരന്മാര്‍ക്ക് ലൗഡ്‌സ്പീക്കറുകളിലൂടെ ശബ്ദം വര്‍ധിപ്പിച്ചാലേ അതിജീവിക്കാന്‍ കഴിയൂ എന്ന വാദം വലിയ വൈരുദ്ധ്യമാണെന്ന്.

ഇന്നത്തെ പരിപാടികളില്‍ ഉപയോഗിക്കുന്ന 50,000 വാട്ട് (50 kW) ശക്തിയുള്ള സൗണ്ട് സിസ്റ്റങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ഇവ ഉറവിടത്തിന് സമീപം 135-145 ഡെസിബെല്‍ ശബ്ദവും, 1 കിലോമീറ്റര്‍ അകലെയാണെങ്കിലും 90-100 ഡെസിബെല്‍ ശബ്ദവും സൃഷ്ടിക്കപ്പെടുന്നുണ്ട്. നിയമപ്രകാരം പൊതുസ്ഥലങ്ങളില്‍ അനുവദനീയമായ പരിധി 55 ഡെസിബെല്‍ ആണ്. ഇയര്‍ പ്രൊട്ടക്ഷനോടെ പരിമിത സമയത്തേക്ക് സുരക്ഷിതമായി കേള്‍ക്കാവുന്ന പരമാവധി ശബ്ദ നില 85 ഡെസിബെല്ലും. സമയം അല്ല ഇവിടെ പ്രശ്‌നം എന്നത് ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

തെറ്റിനെ ന്യായീകരിക്കലല്ല വേണ്ടത് രാജ്യ നിയമങ്ങളും, ചട്ടങ്ങളും പാലിക്കുന്ന ബദല്‍ എന്ത് എന്നതാണ് ആലോചിക്കേണ്ടത്.

മാറുന്ന കാലം

കേരളത്തില്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്ന മിക്ക വിവാഹങ്ങളും സ്വന്തം വീടിനു മുന്നില്‍ പന്തലുകള്‍ കെട്ടിയും, സംഗീത പരിപാടികളോടെയും നടത്തിയിരുന്നു. ഇന്ന് ഇവയൊന്നും അതേ രീതിയില്‍ നടക്കുന്നില്ല. കാലം മാറിയിരിക്കുന്നു. നാം കൂടുതല്‍ പരിഷ്‌കൃതരായിരിക്കുന്നു. ഇന്ന് കേരളത്തില്‍ ഓഡിറ്റോറിയങ്ങളോ കമ്മ്യൂണിറ്റി ഹാളുകളോ ഇല്ലാത്ത ഒരു പ്രദേശവും ഇല്ലെന്ന് അങ്ങേയ്ക്കറിയാമല്ലോ.

പ്രായോഗിക പരിഹാരം

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നിലവിലെ ഇടതുപക്ഷ സര്‍ക്കാരിന് ശബ്ദമലിനീകരണ നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയും.

സര്‍, എല്ലാ സ്റ്റേജ് പരിപാടികളും നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് ഓഡിറ്റോറിയങ്ങളില്‍ നടത്താം. പോലീസിന്റെ ലൗഡ് സ്പീക്കര്‍ ലൈസന്‍സുകള്‍ ഇല്ലാതെ തന്നെ ദിവസവും മൂന്നോ നാലോ പരിപാടികള്‍ നടത്താനും കഴിയും. ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 പ്രകാരം, അടച്ചുമൂടിയ ഓഡിറ്റോറിയങ്ങള്‍ക്ക് സമയ നിയന്ത്രണങ്ങള്‍ ഇല്ല. ശബ്ദം സ്വന്തം പരിസരത്തിനു പുറത്തേക്ക് പോകാത്ത വിധത്തില്‍ ശരിയായ സൗണ്ട് മിക്‌സിംഗോടെ എല്ലാ സ്റ്റേജ് പരിപാടികളും നടത്താന്‍ കഴിയുമെന്നിരിക്കെ, കേരളത്തിലെ കലാകാരന്മാര്‍ ഈ വിഷയത്തില്‍ ഇത്രയധികം ദുഃഖിതരാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

കലാകാരന്മാരുടെ പ്രശ്‌നപരിഹാരത്തിനായി ശരിയായതും നിയമപരമായതും ശാസ്ത്രീയവുമായ നിലപാട് ഇതായിരിക്കും. പലകാര്യങ്ങളിലും മാതൃകയായ കേരളത്തിന്, പൊതുജനാരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനായി, ശബ്ദമലിനീകരണം നിയന്ത്രിച്ചുകൊണ്ട് തന്നെ സാംസ്‌കാരികവും കലാപരവുമായ മേഖലയെ പിന്തുണയ്ക്കുന്നതിന് എളുപ്പത്തില്‍ കഴിയും.

മനു എ എസ്
കാമ്പെയിന്‍ കോര്‍ഡിനേറ്റര്‍
സൈലന്‍സ് ദ നോയ്‌സ്
എസ്സെന്‍സ് ഗ്ലോബല്‍

Silence the Noise: File Your Complaint Today!

Loading