“ജൈവ ലോകത്തിലെ ഏറ്റവും മഹത്തരമായ ദൃശ്യ വിസ്മയം തന്നെയാണ് പരിണാമം. നമ്മള്‍ ഇന്ന് കാണുന്ന ഓരോ ജീവിവര്‍ഗങ്ങളുടെ രൂപീകരണത്തിലും പരിണാമ സിദ്ധാന്തം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും തെളിയിക്കുന്നത് അതാണ്”- കിരണ്‍ കണ്ണന്‍ എഴുതുന്നു |
ജൈവ പരിണാമം എന്ന വിസ്മയം
വിചിത്രരൂപികളായ ചെടികളുടെയും ജീവികളുടെയും ആവാസമേഖലയാണ് മഡഗാസ്‌ക്കര്‍. അഗ്രേക്കം സെസ്‌കുപിഡല്‍ (Angraecum sesquipedale) എന്നൊരു വൈല്‍ഡ് ഓര്‍ക്കിഡ് അവിടുത്തെ കാടുകളിലുണ്ട്. പതിനേഴാം നൂറ്റാണ്ടിലാണ് ഈ ഓര്‍ക്കിഡിനെ ആദ്യമായി പരിസ്ഥിതി ചരിത്രത്തില്‍ രേഖപ്പെടുത്തിയതെങ്കിലും, അഗ്രേക്കം സെസ്‌കുപിഡല്‍ സസ്യലോകത്തിലെ താരമായി മാറുന്നത് സാക്ഷാല്‍ ചാള്‍സ് ഡാര്‍വിന്‍ ഈ സസ്യത്തിനെ കുറിച്ച് പറഞ്ഞ പ്രവചനാത്മകമായ പ്രസ്താവനയെ തുടര്‍ന്നാണ്.
35 സെന്റീമീറ്ററോളം നീണ്ട് നേര്‍ത്ത ‘കുഴലിന്റെ’ (spur) ഉള്ളിലൂടെ മാത്രമേ ഏതെങ്കിലും ജീവികള്‍ക്ക് ഈ ഓര്‍ക്കിഡ് പൂവിലെ തേന്‍ കുടിക്കാന്‍ പറ്റുകയുള്ളൂ. പരാഗണം നടക്കണമെങ്കില്‍ ഇത്രമേല്‍ നീളമുള്ള പ്രോബോസിസ് (പൂമ്പാറ്റകളും നിശാശലഭങ്ങളും മറ്റും തേന്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന ചുരുട്ടി വയ്ക്കാവുന്ന സ്‌ട്രോ പോലുള്ള അവയവം) ഉള്ള ഏതെങ്കിലും ഒരു മോത്ത് (നിശാശലഭം) ഓര്‍ക്കിഡ് കാണപ്പെടുന്ന അതേ ആവാസവ്യവസ്ഥയിലുണ്ടാവും എന്ന് ചാള്‍സ് ഡാര്‍വിന്‍ പ്രവചിച്ചു.
അക്കാലത്ത് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്ര ലോകത്ത് തന്നെ അത്രമേല്‍ സ്വീകാര്യമായിട്ടൊന്നുമില്ല. വളരെ ഗൗരവതരമായ ശാസ്ത്രസംവാദങ്ങള്‍ ഈ ഓര്‍ക്കിഡിനെ കുറിച്ചും, അതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്ത പ്രാണിയെ കുറിച്ചും നടന്നു. സ്‌ട്രോ ഉപയോഗിച്ച് ജ്യൂസും മറ്റും കുടിച്ചിട്ടുള്ളവരാണ് നമ്മള്‍. സ്‌ട്രോയുടെ നീളം കൂടുംതോറും വലിച്ചെടുക്കാനുള്ള ആയാസം കൂടുതല്‍ വേണം. വിസ്‌കോസിറ്റി , ഗ്രാവിറ്റി, സ്‌ട്രോയുടെ വശങ്ങളിലെ ഘര്‍ഷണം എന്നിവയെല്ലാം പ്രതികൂല ഘടകങ്ങളാണ്. പ്രൊബോസിസ് നേര്‍ത്തതായാല്‍ ഘര്‍ഷണത്തിന്റെയും ഗ്രാവിറ്റിയുടെയും പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ മാനേജ് ചെയ്യാം, പക്ഷേ കുറഞ്ഞ അളവിലേ തേന്‍ ലഭിക്കൂ, അപകടകരമായ പൊസിഷനില്‍ പ്രാണി അധിക നേരം ചിറകടിച്ച് നില്‍ക്കേണ്ടിവരും !
നിശാശലഭത്തെ പോലെയുള്ള പ്രാണികള്‍ക്ക് സൂക്ഷ്മമായി ഉന്നം പിടിച്ച്, ഇത്രമേല്‍ നീളമുള്ള പ്രോബോസിസ് ഓര്‍ക്കിഡ് പൂക്കളിലെ തേന്‍ കുഴലുകളിലേക്ക് കൃത്യമായി ഇറക്കാനും തേന്‍ വലിച്ച് കുടിക്കാനും വളരെ എളുപ്പമൊന്നുമാകില്ല.മാത്രമല്ല പറക്കുമ്പോഴും മറ്റും നിശാശലഭം നീളന്‍ പ്രോബോസിസ് വൃത്തിയായി ചുരുക്കി വയ്‌ക്കേണ്ടതുണ്ട്. എന്തിന് ഇങ്ങനെ ഒരു സ്പീഷീസ് നിശാശലഭം പരിണമിച്ചുണ്ടാകണം. ഡാര്‍വിന്‍ പറഞ്ഞത് ശരിയാണെങ്കില്‍ നീണ്ട പ്രോബോസിസ് ഉള്ള ശലഭങ്ങളാണോ, നീണ്ട തേന്‍ കുഴലുകളുള്ള ഓര്‍ക്കിഡുകളാണോ ആദ്യം പരിണമിച്ചുണ്ടായിരിക്കുക. ഡാര്‍വിന്‍ ആത്മ വിശ്വാസത്തോടെ പ്രവചിച്ച നിശാശലഭം സാങ്കല്‍പ്പികം മാത്രമാണോ. ശാസ്ത്ര ലോകം തര്‍ക്കം തുടര്‍ന്നു.
പ്രാണിയാണോ ഓര്‍ക്കിഡാണോ ആദ്യം?
നിര്‍ഭാഗ്യവശാല്‍ 1882ല്‍ തന്റെ എഴുപത്തിമൂന്നാം വയസ്സില്‍ ഡാര്‍വിന്‍ മരിക്കുന്നതുവരേക്കും, സുവോളജിസ്റ്റുകള്‍ക്കും നാച്ചുറല്‍ ഹിസ്റ്റോറിയന്മാര്‍ക്കും ഡാര്‍വിന്‍ പ്രവചിച്ച പ്രാണിയെ കണ്ടെത്താനായില്ല. അക്കാലത്ത് ഇന്നത്തേത് പോലെ ക്യാമറാ ട്രാപ്പുകളും സെന്‍സറുകളുമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഡാര്‍വിന്‍ മരിച്ച് 21 വര്‍ഷങ്ങള്‍ക്ക് ശേഷം 1903ല്‍ മാത്രമാണ് Rothschild & Karl Jordan എന്നീ രണ്ട് നാച്ചുറല്‍ ഹിസ്റ്റോറിയന്‍സ്, അദ്ദേഹം പ്രവചിച്ച 35 സെന്റീമീറ്റര്‍ നീളമുള്ള ‘സ്‌ട്രോ’ പിടിപ്പിച്ച നിശാശലഭ സ്പീഷീസിനെ മഡഗാസ്‌കറിലെ കാടുകളില്‍ കണ്ടെത്തുന്നത്. ഡാര്‍വിന്റെ പേപ്പര്‍ 1862ല്‍ പുറത്തിറങ്ങി,നാല് ദശാബ്ദങ്ങള്‍ക്ക് ശേഷം ! ‘എന്റെ ഡാര്‍വിനേ, ഇതൊക്കെ എന്ത് ‘ എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ‘ആത്മാവ്’ പറയുന്നുണ്ടാവും. തിയററ്റിക്കല്‍ ഫിസിക്‌സില്‍ ഐന്‍സ്റ്റീന്റെ ചില പ്രവചനങ്ങള്‍ ശാസ്ത്രലോകത്തിന് തെളിയിച്ചെടുക്കാന്‍ ഒരുനൂറ്റാണ്ട് വേണ്ടിവന്നു എന്നോര്‍ക്കുക. ശാസ്ത്രം അങ്ങിനെയാണ്, സത്യങ്ങള്‍ തെളിയിക്കപ്പെടുക തന്നെ ചെയ്യും …
നമുക്ക് വീണ്ടും കാതലായ ചില ചോദ്യങ്ങളിലേക്ക് വരേണ്ടതുണ്ട്. പ്രാണിയാണോ ഓര്‍ക്കിഡാണോ ആദ്യം പരിണമിച്ചത്? ചാള്‍സ് ഡാര്‍വിനും തുടര്‍ന്ന് ആല്‍ഫ്രഡ് റസ്സല്‍ വാലസ് എന്ന ഡാര്‍വിനോളംതന്നെ പ്രഗല്‍ഭനായ ജൈവശാസ്ത്രജ്ഞനും ഓര്‍ക്കിഡ്ഡ്പൂക്കളിലും മോത്തിലും ഒരേ സമയം പരസ്പര്യത്തോടെ ജൈവപരിണാമം നടക്കുന്നതിനെകുറിച്ചുള്ള പരിണാമ സാഹചര്യം വളരെ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. സസ്യത്തിനും പ്രാണിക്കും ഒരുമിച്ച് Coevolution (സഹ പരിണാമം) ആണ് സംഭവിച്ചിരിക്കുക എന്ന് ഡാര്‍വിനും വാലസും പറഞ്ഞു .
അവര്‍ അവതരിപ്പിച്ച സഹപരിണാമ സാഹചര്യം എങ്ങനെയാണെന്ന് നോക്കാം. സാധാരണ വലിപ്പമുള്ള പ്രോബോസിസ്സ് ഉള്ള ശലഭങ്ങള്‍ നിറഞ്ഞ ഒരു കാട്ടിലെ പൂക്കളിലെല്ലാം, ഓരോ തവണ ശലഭം സഞ്ചരിക്കുമ്പോഴും പരാഗണം നടക്കണം എന്ന് യാതൊരു നിര്‍ബണ്ഡവും ഇല്ല. ശലഭങ്ങള്‍ പൊതുവേ എത്രയും തിടുക്കപ്പെട്ട് പൂന്തേന്‍ ഭക്ഷിച്ച് അടുത്ത പൂവിലേക്ക് പറക്കാന്‍ ശ്രമിക്കും. പലപ്പോഴും ലാന്റിങ്ങ് പോലും ഉണ്ടാകണമെന്നില്ല. കുറഞ്ഞ സമയം കൂടുതല്‍ പൂക്കള്‍ കൂടുതല്‍ ഭക്ഷണം എന്നതായിരിക്കും ശലഭങ്ങളുടെ മൂന്‍ഗണന.
ഇതുമൂലം തന്നെ പൂക്കളിലെ തേന്‍കുഴലിന് നീളം കുറഞ്ഞാല്‍ ശലഭത്തിന് പൂവില്‍ മുഖം മുട്ടിക്കാതെ തന്നെ തേന്‍ കുടിച്ച് മടങ്ങാന്‍ പറ്റും. കൃത്യമായി പരാഗണം നടന്നില്ലെങ്കില്‍ പുതിയ തലമുറ സസ്യങ്ങള്‍ ഉണ്ടാകുന്നതിന്റെ തോത് കുറയുകയും ക്രമേണ സ്പീഷീസ് തന്നെ ഇല്ലാതാവുകയും ചെയ്‌തേക്കാം…
ജനിതക വ്യതിയാനം സംഭവിച്ച ചില സസ്യങ്ങളിലെ തേന്‍കുഴല്‍ (Spur) നീളം കൂടിയതാണെങ്കില്‍, ശലഭം മാക്‌സിമം അതിന്റെ തല പൂവിലേക്ക് അമര്‍ത്തിയാല്‍ മാത്രമേ പ്രോബോസിസ് കൊണ്ട് തേന്‍ വലിച്ചെടുക്കാനാകൂ . അതോടൊപ്പം പൂമ്പൊടി ശലഭത്തിന്റെ മുഖത്ത് പറ്റിപിടിക്കും. അടുത്ത ചെടിയിലും, പൂവിലുമെത്തുമ്പോള്‍ കൃത്യമായി പരാഗണം നടക്കുകയും ചെയ്യും. ക്രമേണ നീളം കൂടിയ തേന്‍കുഴല്‍ ഒരു ജൈവ പരിണാമത്തിലെ അനുകൂലനവും, നീളം കുറഞ്ഞത് പ്രതികൂലവുമാകുന്നു. ഫലം നീളം കൂടിയ തേന്‍ കുഴലുകള്‍ എന്ന ജനറ്റിക്ക് ട്രെയ്റ്റ് കൂടുതല്‍ അതിജീവന സാധ്യത നേടിയെടുക്കുന്നു. അത്തരം പൂക്കള്‍ ഉള്ള ചെടികളുടെ എണ്ണം കാട്ടില്‍ കൂടുന്നു.
കോ-ഇവല്യൂഷന്‍ നടക്കുന്നു
ഇതിനോടൊപ്പം വേറൊന്ന് കൂടി സംഭവിക്കുന്നു. നീളം കൂടിയ തേന്‍കുഴലുകളുള്ള പൂക്കള്‍ക്ക് മേധാവിത്വമുള്ള പരിസ്ഥിതിയില്‍ ചെറിയ പ്രൊബോസിസ് ഉള്ള ശലഭങ്ങളുടെ കാര്യം കട്ടപുകയാവുന്നു. നേരത്തെ പൂക്കള്‍ക്ക് സംഭവിച്ചത് നിശാശലഭങ്ങളില്‍ ഒരു കൂട്ടര്‍ക്കും സംഭവിക്കുന്നു. ഭക്ഷണം എന്ന അത്യാവശ്യമുള്ളതുകൊണ്ട് നീളം കൂടിയ പ്രോബോസിസ് എന്ന ജനറ്റിക്ക് ട്രെയ്റ്റ് ഉള്ള ശലഭങ്ങളുടെ എണ്ണം കൂടുന്നു.
നേരത്തെ സൂചിപ്പിച്ചത് പോലെ പ്രബോസിസ് ഇങ്ങനെ വല്ലാതെ വലുതായാലും ശലഭത്തിന് കുറെ കുഴപ്പങ്ങളും നേരിടേണ്ടി വരും. ലോജിസ്റ്റിക്‌സ് , ഒളിച്ചിരുപ്പ് , പറക്കാനുള്ള ഊര്‍ജം എല്ലാം പ്രശ്‌നമാണ്. എന്തായാലും ശലഭവും ഓര്‍ക്കിഡും പരസ്പരമായ ആവശ്യങ്ങളോടെ വളര്‍ന്ന് വലുതായി ഒരു സമതുലതാവസ്ഥയില്‍ എത്തി നിന്നു എന്ന് വേണം കരുതാന്‍.
കൃത്യമായി 35 സെന്റീമീറ്റര്‍ തന്നെയാണ് നിശാശലഭത്തിന്റെ പ്രോബോസിസിന്റെ നീളവും .പ്രോബോസിസ് അല്‍പ്പം നീളം കുറഞ്ഞാല്‍ തേന്‍ കിട്ടില്ല. നീളം കൂടിയാലോ പരാഗണവും നടക്കില്ല. ജൈവ പരിണാമക്ലാസ്സുകളില്‍ കോ-ഇവല്യൂഷനെ കുറിച്ച് പറയാറുള്ള ടെക്സ്റ്റ്ബുക്ക് ഉദാഹരണമാണ് ഇത്. പക്ഷെ ഓര്‍ക്കിഡിന്റെയും മോത്തിന്റെയും സഹപരിണാമ സാധ്യതയിലേക്ക് മൂന്നാമതൊരാള്‍ കടന്ന് വരുന്നത് 1997 ല്‍ Lutz Thilo Wasserthal എന്ന സുവോളജിസ്റ്റ് അവതരിപ്പിച്ച ഇവല്യൂഷണറി പാത്ത് വേയിലൂടെയാണ് ! ജംപിങ്ങ് സ്‌പൈഡര്‍ എന്ന വേട്ടക്കാരനാണ് ഈ മൂന്നാമത്തെ ആള്‍.
പോളിനേറ്റര്‍ ഷിഫ്റ്റ് മോഡല്‍ (Pollinator shift model) എന്ന ഈ സാധ്യതാ പാത്ത് വേ പ്രകാരം, പൂക്കളില്‍ ഒളിച്ചിരുന്ന് ചാടിപ്പിടിച്ച് ശലഭങ്ങളെ വേട്ടയാടുന്ന ഒരിനം ജമ്പിങ്ങ് സ്‌പൈഡറുകളില്‍നിന്ന് രക്ഷനേടാന്‍ നീളമുള്ള പ്രോബോസിസ് എന്ന ജനിതക സവിശേഷത അനുകൂലനമാണ്. ഇത്തരം ജനിതക സവിശേഷതയുള്ള ശലഭങ്ങള്‍ കൂടുതല്‍ അതിജീവിക്കുകയും ക്രമേണ വംശശുദ്ധിയോടെ ഒരു സ്പീഷീസായി പരിണമിച്ചുണ്ടാവുകയും ചെയ്തു അതോടൊപ്പം നീളം കുറഞ്ഞ പ്രോബോസിസ് ഉള്ള മോത്തുകളുടെ എണ്ണം കുറഞ്ഞു. ഇങ്ങനെയായപ്പോള്‍ ചെറിയ തേന്‍കുഴലുകളുള്ള പൂക്കളില്‍ പരാഗണം നടക്കാതെ വന്നു.
ഫലം, നീളം കൂടിയ തേന്‍ കുഴലുള്ള ജനിതക സവിശേഷതക്ക് കൂടുതല്‍ അതിജീവന സാധ്യത ഉണ്ടായി.ഓര്‍ക്കിഡുകളില്‍ നീളം കൂടിയ തേന്‍കുഴലുകള്‍ എന്ന ജനിതക ‘വൈകൃതം’ അനുകൂലനമായി ഭവിക്കുകയും അങ്ങിനെയുള്ള ചെടികള്‍, ക്രമേണ ഒരു സ്പീഷീസ് ആയി പരിണമിക്കുകയും ചെയ്തു. ഡാര്‍വിന്റെ 1862 ലെ റിസര്‍ച് പേപ്പറില്‍ പ്രവചിച്ച ശലഭത്തെ കണ്ടെത്താന്‍ നാല്‍പ്പത് വര്‍ഷങ്ങള്‍. 129 വര്‍ഷങ്ങള്‍ക്കിപ്പുറം ഡാര്‍വിന്‍ അവതരിപ്പിച്ച Coevolution എന്ന ആശയത്തിന്റെ തിരുത്ത്. ചാള്‍സ് ഡാര്‍വിന്‍ എന്ന പ്രതിഭ അവതരിപ്പിച്ച പരിണാമ സിദ്ധാന്തം എന്ന അടിസ്ഥാന സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ നിന്ന് കൊണ്ട് തന്നെയാണ് ഈ ശാസ്ത്രസംവാദങ്ങളും കണ്ടെത്തലുകളുമെല്ലാം നടക്കുന്നത് എന്ന് നമ്മള്‍ മറന്ന് പോകരുത്.
ജൈവ ലോകത്തിലെ ഏറ്റവും മഹത്തരമായ ദൃശ്യ വിസ്മയം തന്നെയാണ് പരിണാമം. നമ്മള്‍ ഇന്ന് കാണുന്ന ഓരോ ജീവിവര്‍ഗങ്ങളുടെ രൂപീകരണത്തിലും പരിണാമ സിദ്ധാന്തം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൂമിയിലെമ്പാടും ജീവന്റെ ദൃശ്യവിസ്മയങ്ങളാണ്. കണ്ണുകള്‍ തുറന്നിരിക്കുക.