“നാം വീട്ടില്‍ പൊട്ടിക്കുന്ന സാധാരണ ഓലപ്പടക്കം പോലും 90 ഡെസിബലിന് മുകളില്‍ ശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. അതില്‍ നിന്നുപോലും വീട്ടിലെ ഗര്‍ഭിണിയെ, അവശതയനുഭവിക്കുന്നവരെ, കുട്ടികളെ മാറ്റിനിറുത്താന്‍ നാം ശ്രമിക്കാറുപോലുമില്ല എന്നത് നാം തന്നെ ചെയ്യുന്ന മനഃപ്പൂര്‍വ്വമായ ഒരു കുറ്റകൃത്യമാണ്. അപ്പോഴാണ് വെടിക്കെട്ട്; 120 ഡെസിബലിന് മുകളിലാണ് ഇതിന്റ ശബ്ദനില. 120 ഡസിബല്‍ന് മുകളില്‍ ശബ്ദം പൂര്‍ണ്ണ ആരോഗ്യമുള്ളവരായാലും ഒരു സെക്കന്റ് പോലും കേള്‍ക്കാന്‍ പാടില്ലാത്തതാണ്”– മനു എ എസ് എഴുതുന്നു.
‘എന്റെ മകന് വെറും 24 വയസ്സേ ആയിരുന്നുള്ളൂ. അവന്റെ കല്ല്യാണം അടുത്ത മാസം… പക്ഷേ ഒരു വെടിക്കെട്ട് അപകടം സ്വപ്നങ്ങളെല്ലാം തകര്‍ത്തു…’ പഴയങ്ങാടി വെടിക്കെട്ട് അപകടത്തില്‍ മകനെ നഷ്ടപ്പെട്ട ഒരു അച്ഛന്റെ ഹൃദയം പിളര്‍ക്കുന്ന വാക്കുകള്‍ ശ്രവിക്കുമ്പോള്‍, ആഘോഷങ്ങളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന മരണത്തിന്റെ നിഴലുകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നു. ഈ വേദന ഒറ്റപ്പെട്ടതൊന്നുമല്ല; കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ 110-ലധികം പേര്‍ കൊല്ലപ്പെടുകയും 350-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിക്കെട്ടപകടത്തിന്റെയും മരണത്തിന്റെയും കേരളം മുഴുവനുള്ള കണക്ക് ഇതിലുമേറെയാണ്. അപകടങ്ങളുടെ ഈ നീണ്ടനിര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം എത്രമാത്രമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ആഘോഷങ്ങളിലെ മത്സരബുദ്ധിയാണ് അപകടങ്ങളുടെ വിത്ത്. വീണ്ടും ഒരു ഉത്സവകാലത്തിലൂടെ നാം കടന്നുപോകുമ്പോള്‍, പോയ വര്‍ഷങ്ങളെക്കാള്‍ മത്സരബുദ്ധിയോടെ, പോയവര്‍ഷത്തേതിലും തീവ്രശബ്ദത്തിലും, അതിലും കൂടുതല്‍ ശക്തിയിലും നാടും നാട്ടാരും കിടുങ്ങുമാറുച്ചത്തില്‍ വെടിക്കെട്ട് നടത്താനുള്ള കരക്കാരുടെ/കമ്മിറ്റിക്കാരുടെ ആവേശം വിവരണാതീതമാണ്. യുദ്ധമുഖത്തേക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെ വെടിക്കെട്ട് മത്സരങ്ങള്‍. ഒരു മഹായുദ്ധത്തിന് ഉപയോഗിക്കുന്നതിനേക്കാളധികം വെടിക്കോപ്പുകളാണ് ആഘോഷങ്ങളുടെ പേരില്‍ ജനവാസകേന്ദ്രങ്ങളിലിട്ട് പൊട്ടിക്കുന്നത്. മാനുഷിക ചിന്തയുള്ള ആരെങ്കിലും ഈ യുദ്ധമുഖത്തേയ്ക്ക് പോകാന്‍ സാദ്ധ്യമാകുമോ എന്നത് ഒരു ചോദ്യമാണ്. എന്നിട്ടും ഒന്നുമറിയാത്ത നിഷ്‌കളങ്ക മനുഷ്യര്‍ ഭക്തിയുടെയും ആചാരത്തിന്റെയും മറ്റെന്തിന്റെയുമെങ്കിലുമൊക്കെ പിന്നാലെ കൂടി വെടിപ്പുരക്ക് സമീപമെത്തുന്നു.
ആദ്യ വെടിയില്‍ തന്നെ താല്‍ക്കാലിക കേള്‍വിനഷ്ടം സംഭവിക്കുന്നു. പിന്നെയുള്ള ഓരോ വെടിയിലും ആ നഷ്ടം സ്ഥിരമാക്കാനുള്ള ആണിയടികളാണ് എന്ന് ഇവരാരും അറിയുന്നേയില്ല. അതു കൂടാതെയാണ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അപകടങ്ങളും. ഓരോ കമ്പം കഴിയുമ്പോഴേക്കും പുറത്തുവിടുന്ന ശബ്ദം, പുക, പൊടിപടലം, ചൂട്, മറ്റ് പാഴ് വസ്തുക്കള്‍ എന്നിവയെല്ലാം ജനങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കമൊക്കെ ഹാനികരമാണ്.
മാറ്റങ്ങള്‍ അനിവാര്യമാണെന്നും മനുഷ്യന്റെയും പ്രകൃതിയുടെയും സുരക്ഷയാണ് പ്രധാനമെന്നും നാം തിരിച്ചറിയണം. 100 വര്‍ഷത്തോളമോ അതിലേറെയോ ആയി ആചരിക്കുന്നു എന്ന് പറയപ്പെടുന്നവയാണ് ഇവയില്‍ പലതും, അന്ന് ഉണ്ടായിരുന്ന ജനസാന്ദ്രതയല്ല ഇന്ന് കേരളത്തിനുള്ളത്. ആരാധനാലയങ്ങളുടെ സാന്ദ്രതയും വളരെ വളരെ കൂടുതലാണ്. ഇവയെല്ലാം ജനവാസ മേഖലയാണ് എന്നതാണ് വസ്തുത. പോയകാലത്തൊക്കെ പേരിനു നടത്തിയിരുന്ന വെടിക്കെട്ടുകള്‍ പോലും ഇന്ന് മഹാവെടിക്കെട്ട് മേളകളാക്കി, രാജ്യ നിയമങ്ങളെ പല്ലിളിച്ചുകാട്ടുന്ന അവസ്ഥയിലാണ്.
ലൗഡ്‌സ്പീക്കര്‍ ഇല്ലാതിരുന്ന കാലത്ത് നടത്തിയ ഉത്സവങ്ങളൊക്കെ ഇന്ന് ലൗഡ്‌സ്പീക്കര്‍ ഇല്ലാതെ സാദ്ധ്യമല്ലാതായിരിക്കുന്നു. സ്വന്തം സ്ഥലപരിധിക്ക് പുറത്തേയ്ക്ക് പ്രവഹിക്കുന്ന മറ്റെല്ലാം മാലിന്യവും പോലെ തന്നെയാണ് ശബ്ദവും. അങ്ങനെ സംഭവിച്ചാല്‍ അത് ശിക്ഷാര്‍ഹമായ കുറ്റകൃത്യവും, മനുഷ്യാവകാശ ലംഘനവും, രാജ്യനിയമങ്ങളെ അവഹേളിക്കലുമാണ്. രാജ്യം പരിഷ്‌കൃതമായി മാറണമെങ്കില്‍ മനുഷ്യനും പ്രകൃതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയൊക്കെ മതിയാക്കണം, പുതിയ കാലഘട്ടത്തിനുയോജ്യമായത് തെരഞ്ഞെടുക്കാന്‍ കഴിയണം. ആരാധനാലയങ്ങളിലുള്‍പ്പെടെ നടത്തുന്ന എല്ലാ വെടിക്കെട്ടുകളും എല്ലാകാലത്തും നിയമവിരുദ്ധമായി തന്നെയാണ് നടക്കുന്നത്. എന്തിനേറെ പറയാന്‍ നിശബ്ദമേഖലയായ വിദ്യാഭ്യാസസ്ഥാപനങ്ങളിലും, ആശുപത്രികളിലും, ഓഫീസുകളിലും പോലും വെടിക്കെട്ടുകള്‍ നടത്താന്‍ അധികാരികള്‍ക്ക് ഒരു മടിയും ഇല്ല.
രാത്രി 10 മണിക്ക് ശേഷം രാവിലെ 6 മണിവരെ ശബ്ദം ഉണ്ടാക്കുന്ന ഒന്നും പാടില്ല എന്നതാണ് ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000-ന്റെ നിബന്ധന. കഴിഞ്ഞുപോയ 24 വര്‍ഷമായി ഈ ചട്ടം ഇന്ത്യ മുഴുവന്‍ പ്രാബല്യത്തിലും നടപ്പിലുമാണ്. ഇനിയെങ്കിലും ചട്ട പ്രകാരമുള്ള, ഭരണഘടന നമുക്ക് നല്‍കുന്ന പൗരാവകാശമായ ആര്‍ട്ടിക്കിള്‍ 21-ന്റെ ശാന്തത നമുക്ക് ലഭിക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തുകൊണ്ടുമാത്രമേ മാറ്റം ഉണ്ടാക്കാന്‍ കഴിയൂ എന്നത് ഹെല്‍മറ്റ്/സീറ്റ് ബെല്‍റ്റ് ഉപയോഗത്തിലെ 2025-ലെ മാറ്റം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
നിയമപരമായ ചട്ടക്കൂടുകള്‍
നിരവധി നിയമങ്ങളും സര്‍ക്കുലറുകളും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനായി നിലവിലുണ്ടെങ്കിലും, അവ യഥാര്‍ത്ഥത്തില്‍ നടപ്പിലാകുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഫയര്‍ വര്‍ക്‌സ് ഡിസ്‌പ്ലേസ് സര്‍ക്കുലര്‍, കേരള ഫെസ്റ്റിവല്‍ ഗൈഡ്‌ലൈന്‍സ്, സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍, പരിസ്ഥിതി സംരക്ഷണ ചട്ടങ്ങള്‍, ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ തുടങ്ങി നിരവധി നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്.
കൊറോണക്കാലത്തിന് ശേഷം കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണ് ചെറുതും വലുതുമായ ആഘോഷപരിപാടികളിലെ ശബ്ദമലിനീകരണം. ഇവയില്‍ ലൗഡ്‌സ്പീക്കര്‍ പോലെ തന്നെ വലിയ പങ്ക് വഹിക്കുന്നത് വെടിമരുന്ന് പ്രയോഗവുമാണ്. ഇത്രയേറെ ജനസാന്ദ്രതയുള്ള പ്രദേശത്ത് എല്ലാ നിയമങ്ങളും പാലിച്ചാല്‍ പോലും സുരക്ഷിതമായി വെടിക്കെട്ടുകള്‍, എന്തിനേറെ ഒരു പടക്കം പോലും കത്തിച്ചെറിയാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം.
വീടിനു മുന്നില്‍ ഒരു പടക്കം പൊട്ടിക്കുമ്പോള്‍പോലും നാം എക്‌സ്‌പ്ലോസീവ് ആക്ടിലെ നിബന്ധനകളും, 2000-ലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയും, നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ പുറത്തിറക്കിയ വിവിധ ഉത്തരവുകളുടേതുള്‍പ്പെടെയുള്ള ഉത്തരവുകളുടെയും സര്‍ക്കലുറുകളുടെയും ലംഘനമാകുന്നുണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തി മാത്രം ചെയ്യുക. എങ്ങനെയായാലും പൊതുവായി മനസ്സിലാക്കാവുന്ന ഒരു കാര്യം എന്നത് സ്വന്തം സ്ഥല പരിധിക്ക് പുറത്തേയ്ക്ക് ശബ്ദം ഉള്‍പ്പെടെയുള്ള ഒരു മാലിന്യവും കടത്തിവിടാന്‍ വ്യക്തിക്കോ സ്ഥാപനങ്ങള്‍ക്കോ, അതിനി മതസ്ഥാപനം ആയാലും ഒരു അനുവാദമുല്ലിത്തതും, അങ്ങനെ ചെയ്യുന്നത് നിയമലംഘനവും അത് ശിക്ഷാര്‍ഹമായ പ്രവര്‍ത്തിയുമാണ്.
1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2000-ലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍, സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങള്‍ എന്നിവ ഉള്‍പ്പെടെ വ്യക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചട്ടങ്ങള്‍ പ്രകാരം മാത്രമേ ഓരോ പ്രദേശത്തും ശബ്ദം ഉത്പാദിപ്പിക്കാന്‍ അനുവാദമുള്ളൂ. ചട്ടം ലംഘിച്ചാല്‍ കുറ്റക്കാര്‍ക്ക് പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷന്‍ 15 പ്രകാരം 5 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ്. എക്‌സ്‌പ്ലോസീവ് ആക്ടിന്റെ കാര്യത്തിലും ശിക്ഷകള്‍ വിഭിന്നമല്ല ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇത്.
ആഘോഷങ്ങളുടെ നടുവില്‍ കരയുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ‘അമ്മയുടെ കരച്ചില്‍ എന്റെ ചെവികളില്‍ നിന്ന് മാഞ്ഞിട്ടില്ല… അച്ഛനെ തേടി ആശുപത്രിയിലും മോര്‍ച്ചറിയിലും അലഞ്ഞ ആ രാത്രി… മരിച്ചവരുടെ പട്ടികയില്‍ അച്ഛന്റെ പേര് കണ്ട നിമിഷം…’ – പുറ്റിങ്ങല്‍ ദുരന്തത്തില്‍ അച്ഛനെ നഷ്ടപ്പെട്ട 16 വയസ്സുകാരിയുടെ ഹൃദയഭേദകമായ വാക്കുകള്‍. വെടിക്കെട്ട് ഒരിടത്ത് ആഘോഷമാകുമ്പോള്‍, മറ്റൊരിടത്ത് അത് ഒരാളുടെ ജീവിതം അര്‍ത്ഥമില്ലാതെ കെടുത്തുന്ന വേദനയായി മാറുന്നു. വെടിക്കെട്ട് ഹൃദ്രോഗികള്‍ക്കും, വൈകല്യമുള്ളവര്‍ക്കും, കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മറ്റുള്ളവര്‍ക്കും പറഞ്ഞറിയിക്കാനാകാത്ത ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ശബ്ദമലിനീകരണം: നിശബ്ദ കൊലയാളി
ശബ്ദമലിനീകരണത്തെക്കുറിച്ച് പറയുമ്പോള്‍, 2022-ലെ ബാലാവകാശ കമ്മീഷന്‍ അംഗം ബഹു. റെനി ആന്റണിയുടെ ഉത്തരവിലെ ഗൗരവതരമായ നിരീക്ഷണങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. അമിത ശബ്ദം ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നത് ഇനിയും പൊതുധാരണയായി വളര്‍ന്നിട്ടില്ല. ശബ്ദമലിനീകരണം കേള്‍വിയെ മാത്രമല്ല, മറ്റ് ഒട്ടേറെ ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
അമിതവും സ്ഥിരമായുള്ളതുമായ ശബ്ദം ഗര്‍ഭസ്ഥ ശിശു മുതല്‍ വയോധികര്‍ വരെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നാഡീതന്തുക്കള്‍, ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുന്നതിനും, മാനസിക പിരിമുറുക്കത്തിനും, കേള്‍വിശക്തി നഷ്ടപ്പെടുന്നതിനും ശബ്ദമലിനീകരണം കാരണമാകുന്നു. ജനിതക വൈകല്യങ്ങള്‍ക്ക് വരെ ശബ്ദമലിനീകരണം കാരണമാകുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഗര്‍ഭസ്ഥ ശിശുക്കളും ശബ്ദത്തിന്റെ ദുരന്തവും
ഗര്‍ഭസ്ഥ ശിശുവിന്റെ ശ്രവണേന്ദ്രിയങ്ങള്‍ 4 മുതല്‍ 6 ആഴ്ചയില്‍ വളര്‍ച്ച തുടങ്ങുകയും 20 ആഴ്ചയില്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നു. അതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന് ശ്രവണ ശക്തിയും ശബ്ദത്തോട് പ്രതികരിക്കാനുള്ള ശേഷിയും 20 ആഴ്ചയ്ക്ക് മുന്നേ തന്നെ സ്വായത്തമാകുന്നു. 80 ഡെസിബലില്‍ കൂടുതല്‍ ശക്തിയുള്ള ശബ്ദങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ശ്രവണശേഷി കുറയ്ക്കുന്നതിനും എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. വളര്‍ച്ചക്കുറവ്, പൂര്‍ണ്ണ വളര്‍ച്ചയില്ലാതെയുള്ള പ്രസവം, വളരുമ്പോള്‍ കുട്ടികള്‍ക്ക് ഓര്‍മ്മക്കുറവുണ്ടാകുക, പെരുമാറ്റ വൈകല്യങ്ങള്‍ തുടങ്ങി കുട്ടികളുടെ ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ശബ്ദമലിനീകരണം കാരണമാകുന്നു.
നാം വീട്ടില്‍ പൊട്ടിക്കുന്ന സാധാരണ ഓലപ്പടക്കം പോലും 90 ഡെസിബലിന് മുകളില്‍ ശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. അതില്‍ നിന്നുപോലും വീട്ടിലെ ഗര്‍ഭിണിയെ, അവശതയനുഭവിക്കുന്നവരെ, കുട്ടികളെ മാറ്റിനിറുത്താന്‍ നാം ശ്രമിക്കാറുപോലുമില്ല എന്നത് നാം തന്നെ ചെയ്യുന്ന മനഃപ്പൂര്‍വ്വമായ ഒരു കുറ്റകൃത്യമാണ്. അപ്പോഴാണ് വെടിക്കെട്ട്; 120 ഡെസിബലിന് മുകളിലാണ് ഇതിന്റ ശബ്ദനില. 120 ഡസിബല്‍ന് മുകളില്‍ ശബ്ദം പൂര്‍ണ്ണ ആരോഗ്യമുള്ളവരായാലും ഒരു സെക്കന്റ് പോലും കേള്‍ക്കാന്‍ പാടില്ലാത്തതാണ്.
സുരക്ഷാമാനദണ്ഡങ്ങളും നിയന്ത്രണങ്ങളും
- പൊട്ടിത്തെറിക്കുന്ന സ്ഥലത്ത് നിന്ന് 4 മീറ്റര്‍ അകലത്തില്‍ 125 ഡിബി (എഐ) അല്ലെങ്കില്‍ 145 ഡിബി (സി) പികെ-യില്‍ കൂടുതല്‍ ശബ്ദം സൃഷ്ടിക്കുന്ന പടക്കങ്ങളുടെ നിര്‍മ്മാണം, വില്‍പ്പന അല്ലെങ്കില്‍ ഉപയോഗം നിരോധിച്ചിരിക്കുന്നു.
- പൊട്ടിത്തെറിക്കാവുന്ന പ്രദേശത്തിന് ചുറ്റും ശക്തമായ ബാരിക്കേഡുകള്‍ സ്ഥാപിക്കുക
- അപകട മേഖലകളില്‍ പൊതുജന പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുക
- അംഗീകൃത, പരിശീലനം നേടിയ തൊഴിലാളികളാല്‍ മാത്രം വെടിക്കെട്ട് നടത്തുക.
- അഗ്‌നിശമന & മറ്റ് അടിയന്തര സേവനങ്ങള്‍ സ്ഥലത്ത് സജ്ജമാക്കുക.
- അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ലൈസന്‍സ് നേടണം.
- ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന്റെ അനുമതി ഉറപ്പാക്കുക
- പരിസ്ഥിതി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക.
- ശബ്ദമലിനീകരണം ചട്ടം നിബന്ധനകള്‍ പാലിക്കുക.
- രാത്രി 10 ന് ശേഷവും രാവിലെ 6 ന് മുമ്പും നടത്താതിരിക്കണം.
- ഗര്‍ഭിണികള്‍, കുട്ടികള്‍, അവശതയനുഭവിക്കുന്നവര്‍ എന്നിവരെ മാറ്റിനിര്‍ത്തുക.
- കാഴ്ചക്കാര്‍ പരവമാധി ഇയര്‍ പ്ലഗ്ഗുകള്‍ ഉപയോഗിക്കുക.
- റസിഡന്‍ഷ്യല്‍ ഏരിയയില്‍ പൊട്ടിക്കാതിരിക്കുക.
- നിശബ്ദമേഖലകളില്‍ (ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍, കോടതികള്‍, വന മേഖലകള്‍) അതിശബ്ദം ഉണ്ടാക്കുന്ന ഉപകരണങ്ങള്‍, ലൗഡ്‌സ്പീക്കര്‍, പടക്കം എന്നിവ ഉപയോഗിക്കാതിരിക്കുക.
- പൊതുജന സുരക്ഷയ്ക്കും ആരോഗ്യത്തിനും പ്രാമുഖ്യം നല്‍കി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന എല്ലാ രാജ്യ നിയമങ്ങളും ഉള്‍ക്കൊണ്ടു മാത്രം ആഘോഷങ്ങള്‍ നടത്തുക.
ചില വെടിക്കെട്ട് ഉത്തരവുകള്‍:
- Fire Works Displays — No. T8-24720/2007 – 25-07-2007 PHQ (CIRCULAR No. 18/2007)
- SOP-Kerala-Festival-Guidelines – No. 25548/K2/2016/DMD dated 19.04.2016
- Supreme Court directives dated 18.07.2005
- Gazette of India No. 488 (dated 5.10.1999)
- Environment (Protection) Second Amendment Rules, 1999
- Noise Pollution (Regulation and Control) Rules, 2000
- PHQ Circular Numbers 22/69, 78/69, 22/76, 26/82, 17/02
- PHQ Executive Directive Numbers 25/04 & 02/05
- PHQ Notification Number U6/30380/02 dated 28.11.2002
- Kerala Gazette Extra Ordinary Notification G.O.(P) No.64/02 dated 20.4.2002 (S.R.O.No.289/2002)
- Letter No. FWS(SC) Accdt/363/16 dated 12.04.2016 from the Chief Controller of Explosives, Government of India
- ‘Standard Operating Procedure for Festival Disaster’ (Version 1.0) published by the Institute of Land and Disaster Management, Kerala.
ഉപസംഹാരം: ആഘോഷത്തില്‍ ജീവന്‍ നിലനിര്‍ത്തുക
ജീവിതം ഒരു ഉത്സവമാണ്, കണ്ണുനീര്‍ പൊഴിക്കാനുള്ള വേദിയാക്കരുത്! ആഘോഷങ്ങള്‍ ആനന്ദത്തിന്റെ നിമിഷങ്ങളാണ്, അവ ദുരന്തങ്ങളുടെ ഓര്‍മ്മകളായി മാറാതിരിക്കാന്‍ നാം കൂട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ പാലിച്ച്, ജനങ്ങളുടെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കി, ഭാവിയിലേക്ക് കൂടുതല്‍ സുരക്ഷിതമായ ആഘോഷങ്ങള്‍ ഉണ്ടാകട്ടെ. വെടിക്കെട്ടിനോട് നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വം നിറവേറ്റാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കടമയുണ്ട്. നിങ്ങളുടെ ആഘോഷങ്ങള്‍ മറ്റുള്ളവരുടെ ജീവനെടുക്കാതിരിക്കട്ടെ. സുരക്ഷിതമായ ആഘോഷങ്ങള്‍ക്കായി നമുക്ക് കൈകോര്‍ക്കാം.
മനു എ എസ്
കാമ്പയിന്‍ കോ-ഓര്‍ഡിനേറ്റര്‍
സൈലന്‍സ് ദി നോയിസ്
Silence the Noise: File Your Complaint Today!