ജീവിതത്തിന്റെ അർത്ഥത്തിനായുള്ള അന്വേഷണം – രാകേഷ് ഉണ്ണികൃഷ്ണൻ


സന്തോഷം എന്ന ഒരൊറ്റ ലക്ഷ്യം തേടിപ്പോകുന്നതിലെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ജീവിതത്തിൽ ദുരിതങ്ങൾ വരുമ്പോൾ സന്തോഷം ഇല്ലാതാവുന്നു. പിന്നെ ഒന്നും അവശേഷിക്കുന്നില്ല. അതിനാൽ സന്തോഷത്തേക്കാൾ ഉപരി, അർത്ഥവത്തായ ഒരു ലക്ഷ്യത്തെ നമ്മൾ തേടേണ്ടതുണ്ട്.
Behavioral sink

1960-70-കളിലായി, ജോൺ ബി. കാൽഹൂൺ “Universe 25” എന്ന പേരിൽ, വിഭവസമൃദ്ധമായ, അടച്ചുറപ്പുള്ള ഒരിടം എലികൾക്കായി നിർമ്മിച്ചു. എലികൾക്ക് ആവശ്യാനുസരണം ഭക്ഷണവും വെള്ളവും കൂടൊരുക്കാനുള്ള സ്ഥലവും അതിൽ ഉണ്ടായിരുന്നു. ഇവിടെ ഇരപിടിയന്മാരോ മറ്റ് വെല്ലുവിളികളോ ഉണ്ടായിരുന്നില്ല. താപനിലയും സുഖകരമായിരുന്നു. ആദ്യമൊക്കെ, എലികളുടെ എണ്ണം കുത്തനെ വർദ്ധിച്ചു. എന്നാൽ, ജനസാന്ദ്രത വർധിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. സാമൂഹിക ശ്രേണികൾ തകർന്നു, അക്രമം വർധിച്ചു, അമ്മമാർ കുഞ്ഞുങ്ങളെ അവഗണിക്കുകയോ കൊല്ലുകയോ ചെയ്തു, പ്രജനനം പൂർണ്ണമായി നിലച്ചു. ആ കൃത്രിമ ആവാസവ്യവസ്ഥയിൽ വിഭവങ്ങൾ ധാരാളം ഉണ്ടായിരുന്നിട്ടും ഒടുവിൽ എലികൾക്ക് വംശനാശം സംഭവിച്ചു. കാൽഹൂൺ ഈ തകർച്ചയെ “Behavioral sink” എന്ന് വിളിച്ചു.
കാൽഹൂൺ ഈ തകർച്ചയ്ക്ക് പ്രധാന കാരണം അമിതമായ തിരക്ക് മൂലമുണ്ടായ സാമൂഹിക സമ്മർദ്ദമാണ് എന്ന് വാദിച്ചു. തിരക്ക് വർധിച്ചത് സാധാരണ സാമൂഹിക ധർമ്മങ്ങളെ (ആധിപത്യം, പരിചരണം, ഇണചേരൽ) വികലമാക്കി. എലികൾക്ക് സ്ഥിരമായ സാമൂഹിക ബന്ധങ്ങളോ പ്രാദേശിക ഘടനകളോ (territorial structures) രൂപീകരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. ഇതിൻ്റെ ഫലമായി ആക്രമണം, ലൈംഗിക വ്യതിയാനം, നരഭോജനം പോലുള്ള രോഗാത്മകമായ പെരുമാറ്റങ്ങൾ ഉടലെടുത്തു.

ശാസ്ത്രീയമായി, എലികൾക്ക് മനുഷ്യരെപ്പോലെ “ലക്ഷ്യബോധം” ഉണ്ട് എന്ന് നമുക്ക് പറയാനാവില്ല. കാരണം അവയ്ക്ക് ആത്മപരിശോധന ചെയ്യാനുള്ള കഴിവില്ല. എങ്കിലും, കഷ്ടപ്പാടിൻ്റെയും ലക്ഷ്യബോധത്തിൻ്റെയും അനുരൂപമായ മൂല്യം (adaptive value of struggle and purpose) ഒരു സ്പീഷീസിന് നഷ്ടപ്പെടുമ്പോൾ എന്ത് സംഭവിക്കുമെന്നതിൻ്റെ ഒരു രൂപകമാണ് (metaphor) യൂണിവേഴ്സ് 25. ആധുനിക പെരുമാറ്റ ശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും തത്വചിന്തകരും യൂണിവേഴ്സ് 25-നെ കൂടുതൽ വിശാലമായ കാഴ്ച്ചപ്പാടോടെ വീണ്ടും പരിശോധിച്ചു. ഈ സാഹചര്യത്തിൽ ‘ലക്ഷ്യബോധമില്ലായ്മ’ (lack of purpose) എന്ന സിദ്ധാന്തം മനുഷ്യ സമൂഹങ്ങൾക്ക് ഒരു പ്രബലമായ മനഃശാസ്ത്രപരമായ സമാന്തരമായി ഉയർന്നു വന്നിട്ടുണ്ട്. അതിങ്ങനെ വ്യാഖ്യാനിക്കാം:

1. Material abundance ≠ Psychological fulfilment

എല്ലാ ശാരീരിക ആവശ്യങ്ങളും നിറവേറ്റപ്പെട്ടപ്പോൾ, എലികൾക്ക് വെല്ലുവിളികളോ പ്രവർത്തിക്കാൻ കാരണങ്ങളോ ഇല്ലാതായി. ഭക്ഷണം കണ്ടെത്താൻ പര്യവേക്ഷണം ചെയ്യേണ്ടതില്ല, അതിനായി മത്സരിക്കേണ്ടതില്ല, സ്വയം സംരക്ഷിക്കേണ്ടതുമില്ല. അതിജീവനത്തിൻ്റെ സ്വാഭാവിക പ്രചോദന സംവിധാനങ്ങൾ (motivational circuits) സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു. മനുഷ്യരിലും സമാനമായ രീതികൾ സംഭവിക്കാം: ഭൗതിക ജീവിതം എളുപ്പമാവുകയും എന്നാൽ മനഃശാസ്ത്രപരമായി ശൂന്യമാവുകയും ചെയ്യുമ്പോൾ നിസ്സംഗത, ഉത്കണ്ഠ, വിഷാദം എന്നിവ ഉണ്ടാവാം.

2. Loss of social roles = Loss of meaning

ജനസംഖ്യ വർധിച്ചപ്പോൾ, സാധാരണ സാമൂഹിക ശ്രേണികൾ തകർന്നു. അമ്മമാർ, ആൽഫകൾ (alphas), പോലുള്ള വ്യക്തമായ ധർമ്മങ്ങൾ ഇല്ലാതായപ്പോൾ, എലികൾക്ക് അവരുടെ പെരുമാറ്റപരമായ അടിസ്ഥാന ഘടകങ്ങൾ (behavioral anchors) നഷ്ടപ്പെട്ടു. അവർ ഒറ്റപ്പെടലിലേക്ക് ഉൾവലിഞ്ഞു.

തൊഴിലില്ലായ്മ, ഒറ്റപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ മനുഷ്യർക്ക് അവരുടെ ലക്ഷ്യബോധമുള്ള സാമൂഹിക ധർമ്മങ്ങൾ നഷ്ടപ്പെടുമ്പോൾ അസ്തിത്വപരമായ പ്രതിസന്ധി അല്ലെങ്കിൽ ഐഡൻ്റിറ്റി നഷ്ടം എന്നിവ അനുഭവപ്പെടുന്നതിന് ഇത് സമാനമാണ്.

എങ്കിലും, ഈ പരീക്ഷണം മനുഷ്യസമൂഹവുമായി നേരിട്ട് താരതമ്യം ചെയ്യാവുന്നതല്ല. എലികൾക്ക് ലളിതമായ സാമൂഹിക ഘടനകൾ മാത്രമാണുള്ളത്. മനുഷ്യർക്ക് സങ്കീർണ്ണമായ സംസ്കാരം, ഭാഷ, ധാർമ്മികത എന്നിവയുണ്ട്. ജൈവശാസ്ത്രം നന്നായി സ്വാധീനിക്കുമെങ്കിലും മനുഷ്യൻ്റെ പെരുമാറ്റം രൂപപ്പെടുന്നതിന് വിദ്യാഭ്യാസം, സംസ്കാരം എന്നിവയ്ക്കൊക്കെ പങ്കുണ്ട്.

മാർക്സിസ്റ്റുകൾക്ക് തെറ്റുപറ്റിയത് എന്തു കൊണ്ട്?

ദാരിദ്ര്യത്തിൽ ആരും കഴിയാതിരിക്കുകയും മറ്റുള്ളവർ സമ്പത്ത് കുന്നുകൂട്ടാതിരിക്കുകയും ചെയ്യുന്ന ഒരു വർഗ്ഗരഹിത സമൂഹം കാൾ മാർക്സ് വിഭാവനം ചെയ്തു. ഭൗതികപരമായ അസമത്വം ഇല്ലാതാക്കുന്നത് മനുഷ്യന്റെ സന്തോഷത്തിനും ധാർമ്മികമായ പുരോഗതിക്കും മതിയാകുമെന്ന് അദ്ദേഹവും എംഗൽസും കരുതി. അവിടെയാണ് മാർക്സിസത്തിന് മനുഷ്യ മനഃശാസ്ത്രത്തെ വായിക്കുന്നതിൽ തെറ്റുപറ്റിയത്.

അതിജീവനത്തിനപ്പുറം മനുഷ്യർക്ക് ആവശ്യമുള്ള മറ്റു കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്:
1. സ്വയംഭരണം (തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം): Autonomy (freedom of choice)
2. വൈവിധ്യം (പുതിയ അനുഭവങ്ങൾ): Variety (novel experiences)
3. അംഗീകാരവും സ്ഥാനമാനവും: Recognition and status
4. വിശ്രമവും വിനോദവും: Leisure and entertainment
5. ജീവിതത്തിന് അർത്ഥവും വ്യക്തിത്വവും: Meaning and individuality
ഈ കാര്യങ്ങൾ കമ്യൂണിസം നടപ്പാക്കിയ രാജ്യങ്ങളിൽ/ വ്യവസ്ഥകളിൽ ഇല്ലാതായപ്പോൾ, ആളുകൾക്ക് ഭക്ഷണവും താമസസ്ഥലവും ലഭിച്ചിരുന്നെങ്കിൽ പോലും, അവർക്ക് വിരസതയും, അടിച്ചമർത്തലും, അന്യതാബോധവും (alienation) അനുഭവപ്പെട്ടു.

പഴയ ഒരു സോവിയറ്റ് തമാശ ഇങ്ങനെയാണ്: “They pretend to pay us, and we pretend to work.”
“അവർ ഞങ്ങൾക്ക് ശമ്പളം തരുന്നതായി നടിക്കുന്നു, ഞങ്ങൾ ജോലി ചെയ്യുന്നതായി നടിക്കുന്നു.”

മാർക്സ് മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തിലെ ചില കാര്യങ്ങളെ ഒന്നുകിൽ കുറച്ചു കാണുകയോ അല്ലെങ്കിൽ അവഗണിക്കുകയോ ചെയ്തു:
1. ആത്മപ്രകാശനത്തിനുള്ള ആഗ്രഹം (Desire for self-expression): ഒരു സമൂഹത്തിൽ എല്ലാവരും ഒരേ പോലെ എന്നതിനേക്കാൾ ഉപരി ആളുകൾക്ക് വസ്തുക്കൾ സ്വന്തമാക്കാനും, തനതായ വ്യക്തിത്വം സൃഷ്ടിക്കാനും, സ്വയം വ്യത്യസ്തരാകാനും ആഗ്രഹമുണ്ട്.
2. പദവിക്കുള്ള ആഗ്രഹം (Desire for status): “വർഗ്ഗരഹിതമായ” വ്യവസ്ഥകളിൽ പോലും ഉദ്യോഗസ്ഥവൃന്ദത്തിന്റെയോ പാർട്ടി നേതാക്കളുടെയോ രൂപത്തിൽ ശ്രേണികൾ (Hierarchies) വീണ്ടും ഉയർന്നു വരും.
3. ആന്തരിക പ്രചോദനം (Intrinsic motivation): ആളുകൾ സാമൂഹിക നന്മ എന്നതുകൊണ്ട് മാത്രം പ്രചോദിതരാകുന്നില്ല. മത്സരമോ പ്രതിഫലമോ ഇല്ലാതെ ആയാൽ ഉൽപ്പാദനക്ഷമതയും (productivity) നൂതനത്വവും (innovation) സ്ഥംഭിച്ചു പോകുന്നു.
4. സാംസ്കാരികവും വൈകാരികവുമായ ആവശ്യങ്ങൾ (Cultural and emotional needs): കല, വിനോദം, നർമ്മം, വ്യക്തിബന്ധങ്ങൾ, ചെറിയ ആഢംബരങ്ങൾ എന്നിവ മനുഷ്യന്റെ ക്ഷേമത്തിന് വളരെയധികം പ്രാധാന്യമുള്ളതാണ്.

ദാരിദ്ര്യവും ചൂഷണവും മനുഷ്യന്റെ സാധ്യതകളെ ഇല്ലാതാക്കുന്നു എന്ന് മാർക്സിസ്റ്റുകൾ ചിന്തിച്ചത് ശരിയെങ്കിലും ഭൗതികമായ സമത്വം കൈവരിച്ചാൽ ആളുകൾ സംതൃപ്തരും സദ്ഗുണമുള്ളവരുമായിരിക്കുമെന്ന് അവർ തെറ്റായി അനുമാനിച്ചു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെട്ടപ്പോൾ പോലും (മിക്കപ്പോഴും അതും സാധ്യമായിരുന്നില്ല എന്നതാണ് സത്യം), യാഥാർഥ്യത്തിലേക്ക് എത്തുമ്പോൾ സ്വാതന്ത്ര്യം, സർഗ്ഗാത്മകത, വ്യക്തിത്വം എന്നിവ അടിച്ചമർത്തപ്പെട്ടാൽ ആളുകൾക്ക് മാനസികമായി തടവിലാക്കപ്പെട്ടതുപോലെ അനുഭവപ്പെടും.
“He who has a why to live can bear almost any how.” – Friedrich Nietzsche
വിക്ടർ ഫ്രാങ്കിൾ ഒരു ഓസ്ട്രിയൻ ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, തത്വചിന്തകൻ, ഹോളോകോസ്റ്റ് അതിജീവിച്ച വ്യക്തി എന്നീ നിലകളിൽ പ്രശസ്തനാണ്. 1942-ൽ, വിവാഹം കഴിഞ്ഞ് ഒൻപത് മാസങ്ങൾക്ക് ശേഷം, ഫ്രാങ്കിളിനെയും കുടുംബാംഗങ്ങളെയും നാസികൾ Theresienstadt കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അയച്ചു. അവിടെ വെച്ച് അദ്ദേഹത്തിൻ്റെ പിതാവ് പട്ടിണിയും ന്യുമോണിയയും കാരണം മരണപ്പെട്ടു. 1944-ൽ, അതിജീവിച്ച ബന്ധുക്കളോടൊപ്പം ഫ്രാങ്കിളിനെ ഓഷ്‌വിറ്റ്സിലേക്ക് മാറ്റി. അവിടെ വെച്ച് അദ്ദേഹത്തിൻ്റെ അമ്മയും സഹോദരനും ഗ്യാസ് ചേംബറുകളിൽ കൊല്ലപ്പെട്ടു. പിന്നീട് അദ്ദേഹത്തിൻ്റെ ഭാര്യ ടൈഫസ് ബാധിച്ച് മരിച്ചു.

തൻ്റെ വിഖ്യാത പുസ്തകമായ ‘Man’s Search for Meaning’ എന്ന കൃതിയിൽ, നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിലെ ആളുകൾ എങ്ങനെയാണ് അതിരൂക്ഷമായ ദുരിതങ്ങളെ മാനസികമായി അതിജീവിച്ചത് അല്ലെങ്കിൽ അതിജീവിക്കാതിരുന്നത് എന്നും, അതിൽ വ്യത്യാസമുണ്ടാക്കിയ ആന്തരിക ഗുണങ്ങൾ എന്തൊക്കെയാണെന്നും അദ്ദേഹം പരിശോധിക്കുന്നു. ഫ്രാങ്കിൾ തൻ്റെ ഓർമ്മക്കുറിപ്പിൽ ഓഷ്‌വിറ്റ്സിൽ കഴിഞ്ഞ കാലയളവ് അതിശയോക്തിപരമായി അവതരിപ്പിച്ചു എന്നൊരു വാദമുണ്ട്.

ഓരോ ദിവസവും ക്യാമ്പുകളിൽ ശാരീരികമായ ദുരിതങ്ങളും, അപമാനവും, മരണഭീഷണിയും അനുഭവിച്ചിരുന്ന തടവുകാർക്ക് വസ്തുവകകൾ, വ്യക്തിത്വം, അന്തസ്സ് തുടങ്ങി എല്ലാമെല്ലാം നഷ്ടപ്പെട്ടിരുന്നു. ആ തടവുകാരിൽ ഏറ്റവും കൂടുതൽ കാലം അതിജീവിച്ചവർ ശക്തരായ ആളുകളായിരുന്നില്ല, മറിച്ച് ജീവിക്കാൻ ഒരു കാരണം കണ്ടെത്തിയവരായിരുന്നു എന്ന് ഫ്രാങ്കിൾ നിരീക്ഷിച്ചു. അതായത്, ജീവിതത്തിന് അർത്ഥവും ഉദ്ദേശവും കണ്ടെത്തിയവർ. സ്നേഹം, കല, വിശ്വാസം, അല്ലെങ്കിൽ ഭാവിയിലെ ഒരു ലക്ഷ്യം എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച തടവുകാർ അതിജീവിക്കാൻ കൂടുതൽ സാധ്യതയുള്ളവരായിരുന്നു. തൻ്റെ ഭാര്യയെക്കുറിച്ചുള്ള ചിന്തകളാണ് ഫ്രാങ്കിളിനെ അതിജീവിക്കാൻ പ്രേരിപ്പിച്ചത്.

ഇതിൻ്റെ അടിസ്ഥാനത്തിൽ, ഫ്രാങ്കിൾ ‘Logotherapy’ വികസിപ്പിച്ചെടുത്തു. ഇത് അസ്തിത്വപരമായ വിശകലനത്തിൻ്റെ (existential analysis) ഒരു ശാഖയാണ്. അർത്ഥം കണ്ടെത്താനുള്ള അന്വേഷണമാണ് മനുഷ്യൻ്റെ കേന്ദ്രീകൃതമായ പ്രചോദനം എന്ന് ഇത് ഊന്നിപ്പറയുന്നു.

സയൻസിന്റെ അടിസ്ഥാനത്തിൽ ഇത് കർശനമായി ശാസ്ത്രീയമായതിനേക്കാൾ കൂടുതൽ തത്വചിന്താപരമാണ്. പല പരീക്ഷണങ്ങളും ഇതിന് നല്ല ഫലങ്ങൾ കാണിക്കുന്നുണ്ടെങ്കിലും, നല്ല നിലവാരമുള്ള റാൻഡമൈസ്ഡ് കൺട്രോൾഡ് ട്രയലുകളുടെ (RCTs) എണ്ണം ഇപ്പോഴും പരിമിതമാണ്.

Comfort Zone

കുറെ നാൾ മുമ്പ് ഒരു കുട്ടിക്ക് ബർത്ത്ഡേക്ക് എന്ത് ഗിഫ്റ്റ് വാങ്ങി കൊടുക്കും എന്ന് ഞാൻ കൂലങ്കഷമായി ചിന്തിച്ചു. കാരണം ഒരു കളിപ്പാട്ടവും അവനെ excited ആകുന്നില്ല. ആ കുട്ടിക്ക് എല്ലാം ബോറിങ് ആണ്. ചോദിക്കുന്നത് എല്ലാം ഒരു അധ്വാനവും ഇല്ലാതെ കിട്ടിയിരുന്നത് കൊണ്ട് പിന്നെ ഒന്നിനോടും താല്പര്യം ഇല്ല, ഒന്നിനും വിലയില്ല. ഇനി പറയുന്നത് എന്റെ വ്യക്തിപരമായ അനുമാനവും അഭിപ്രായവും ആയിട്ട് കണ്ടാൽ മതി.

മനുഷ്യൻ അതിജീവനം എന്ന ഒരു ആശയത്തെ മുൻനിർത്തി ആണ് പരിണമിച്ചത്. ഭക്ഷണം കിട്ടാത്ത അവസ്ഥ, വേട്ടയാടപ്പെട്ടോ മറ്റു ഗോത്രങ്ങളാൽ കൊല്ലപ്പെട്ടോ രോഗങ്ങളാലോ മരിക്കാനുള്ള അവസ്ഥകൾ ഒക്കെ മനുഷ്യന് എന്നും stressful ആയിരുന്നു. ഇതിനെ natural stress എന്ന് വിളിക്കാം. മനുഷ്യപരിണാമത്തിന്റെ ഭൂരിപക്ഷം കാലയളവും ഇങ്ങനെ തന്നെ ആയിരുന്നു. എന്നാൽ ഈ കഴിഞ്ഞ ചെറിയ കാലയളവ് കൊണ്ട് നാം ആരോഗ്യവും സാമ്പത്തികവും തുടങ്ങി എല്ലാ രീതിയിലൂടെയും ഉള്ള വികസനത്തിലൂടെ മുന്നേറിയപ്പോൾ നമ്മൾ ഒരു comfort സോണിൽ എത്തി. മേൽ പറഞ്ഞ natural stress വളരെ അധികം കുറഞ്ഞു. ഇപ്പോൾ മനുഷ്യർക്ക് പ്രത്യേകിച്ചു കാരണങ്ങൾ ചൂണ്ടി കാണിക്കാൻ ഇല്ലാതെ മറ്റു പല stress ഉണ്ടാവുന്നു വിഷാദം / ഉത്കണ്ഠ എന്നിവയുടെ ഒക്കെ രൂപത്തിൽ. വിഷാദം / ഉത്കണ്ഠ എന്നിവയുടെ കാരണങ്ങളെ ജനിതക ഘടകങ്ങൾ, മസ്തിഷ്കത്തിലെ രാസമാറ്റങ്ങൾ, സാമൂഹിക ഘടകങ്ങൾ എന്നിവയെല്ലാം സ്വാധീനിക്കുന്നുണ്ട് എന്നതും ഒരു വസ്‌തുതയാണ്‌. Routine ജീവിതം വിരസമായി തോന്നുന്നു. ഇത് പറയുമ്പോൾ നമ്മൾ പൂർണമായി സമ്മർദത്തിൽ ജീവിക്കണം എന്നാണ് ഞാൻ പറയുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. There is a breaking point to high stress. മസ്തിഷ്കത്തിന്റെ സംഘർഷത്തിൽ നിന്ന് കൂടിയാണ് സർഗാത്മക സൃഷ്ട്ടികൾ ജനിക്കുന്നത് എന്ന് പണ്ട് എതിരൻ കതിരവൻ പറഞ്ഞത് ഓർക്കുന്നു.

നമ്മൾ നമ്മുടെ ജീവിതത്തിൽ routine ജോലിയുമായി ബന്ധപ്പെടാത്ത ചില ഹോബികളിൽ invest ചെയ്യണം. സ്ത്രീകൾ വീട്ടിലെ ജോലി ചെയ്യുന്നതും ഒരു routine ജോലിയാണ്. പല ഭാഗത്തു നിന്ന് എതിർപ്പുകൾ നേരിടേണ്ടി വരുമ്പോഴും എന്ത് കൊണ്ട് എസ്സൻസ്സ് ഗ്ലോബലിൽ പ്രവർത്തിക്കുന്നു എന്ന് ചിലർ എന്നോട് ചോദിച്ചിട്ടുണ്ട്. സ്വതന്ത്രചിന്താ പ്രവർത്തനം വീഡിയോകൾ ആയും ലേഖനങ്ങൾ ആയും ചെയ്യുമ്പോൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടണം എന്നതിനോടൊപ്പം എന്റെ ഹോബി സാക്ഷാത്ക്കരിക്കുക എന്നതാണ് എന്റെ self-interest. ഒരു വീഡിയോ ചെയ്യണമെങ്കിൽ എത്ര മണിക്കൂറുകൾ റിസർച്ച് ചെയ്യണം, പുസ്തകങ്ങൾ വായിക്കണം. എന്നെ സംബന്ധിച്ചിടത്തോളം, ശാസ്ത്രം ജീവിതത്തിൽ നിന്ന് അർത്ഥം കവർന്നെടുക്കുന്നില്ല, അത് അർത്ഥത്തിന് ആഴം കൂട്ടുകയാണ് ചെയ്യുന്നത്. പ്രപഞ്ചം നമുക്ക് അർത്ഥം നൽകുന്നില്ല എന്നും, നമ്മൾ തന്നെയാണ് ഈ പ്രപഞ്ചത്തിൽ അർത്ഥം സൃഷ്ടിക്കേണ്ടത് എന്നും ഞാൻ കരുതുന്നു.

ജീവിതം പലപ്പോഴും ദുഷ്‌കരമാണ്, അതിൽ ഒരുപാട് ദുരിതങ്ങളുണ്ട്. ഇതിനെ അഭിമുഖീകരിച്ച് എങ്ങനെ പെരുമാറണമെന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്. സന്തോഷം എന്ന ഒരൊറ്റ ലക്ഷ്യം തേടിപ്പോകുന്നതിലെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ജീവിതത്തിൽ ദുരിതങ്ങൾ വരുമ്പോൾ സന്തോഷം ഇല്ലാതാവുന്നു. പിന്നെ ഒന്നും അവശേഷിക്കുന്നില്ല. അതിനാൽ സന്തോഷത്തേക്കാൾ ഉപരി, അർത്ഥവത്തായ ഒരു ലക്ഷ്യത്തെ നമ്മൾ തേടേണ്ടതുണ്ട്. അതിലൂടെ സന്തോഷം കടന്നുവരികയാണെങ്കിൽ അത് ബോണസ് ആണ്. ആ പുതിയ ലക്ഷ്യം കൂടുതൽ ആഴമുള്ളതും നമ്മെ കൂടുതൽ ദിശാബോധമുള്ളവരാക്കി മാറ്റുകയും ചെയ്യും.

“The universe may have no purpose, but we can give it one.” – Bertrand Russell

Loading