എന്തുകൊണ്ട് മനുഷ്യർ എന്ന ഒന്നാമത്തെ അധ്യായത്തിൽ ഈ പുസ്തകത്തെ കുറിച്ചുള്ള ഉദ്ദേശ്യത്തെ കുറിച്ച് ഡോക്കിൻസ് വിവരിക്കുന്നു – “കാര്യങ്ങൾ എപ്രകാരമാണ് പരിണമിച്ചത് എന്നാണ് ഞാൻ പറയുന്നത്. മനുഷ്യർ നമ്മൾ ധാർമ്മികമായി എങ്ങിനെയാണ് പെരുമാറേണ്ടത് എന്നല്ല ഞാൻ പറയുന്നത്. ഒരു കാര്യം എങ്ങിനെയാണ് എന്ന അഭിപ്രായവും ഒരു കാര്യം എങ്ങിനെ ആയിരിക്കണം എന്ന നിലപാടും തമ്മിൽ വേർതിരിച്ചറിയാനാവാത്ത ആളുകൾ ധാരാളമുണ്ട്. അവർ എന്നെ തെറ്റിദ്ധരിക്കും എന്ന അപകടമുണ്ട്.”
“കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ?”
ഈ വരികൾ എഴുതിയ പൂന്താനം കണ്ടത് ശരീരങ്ങളെയാണ്. ജീനുകളെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരുന്നു. അതു കുറവായി കാണേണ്ടതില്ല. ചാൾസ് ഡാർവ്വിനും ജീനുകളെ കുറിച്ച് അറിവില്ലായിരുന്നു. നാം ആകുന്ന ശരീരങ്ങൾക്കുള്ളിൽ നാം കാണുന്ന എല്ലാ സ്പീഷീസിലെയും ശരീരങ്ങൾക്കുള്ളിലും ജീനുകൾ മത്സരിച്ചു കൊണ്ടിരിക്കുന്നു. അവയുടെ സ്വാധീന മേഖല ശരീരത്തിനു പുറത്തേക്കുമുണ്ട് എന്നറിയുമ്പോൾ നാം അത്ഭുതപ്പെട്ടു പോകുന്നു.
സെൽഫിഷ് ജീൻ
എവല്യൂഷണറി ബയോളജിസ്റ്റും സുവോളജിസ്റ്റും ശാസ്ത്ര പ്രചാരകനും സർവ്വോപരി നവനാസ്തികതയുടെ അമരക്കാരനുമായ റിച്ചാർഡ് ഡോക്കിൻസിൻ്റെ വിഖ്യാതമായ കൃതിയാണ് ‘ദി സെൽഫിഷ് ജീൻ.’
1976 ൽ പുറത്തിറങ്ങിയ സെൽഫിഷ് ജീൻ 48 വർഷങ്ങൾ വേണ്ടി വന്നു മലയാള വിവർത്തനത്തിന് എന്നത് അൽപം നീരസത്തോടെ ഓർക്കേണ്ട വിഷയമാണ്. ഫിക്ഷനിലെ സകല കൃതികളും മലായാളത്തിൽ ലഭ്യമാണ് എന്നിരിക്കിലും, ശാസ്ത്രസംബന്ധിയായ വിഷയങ്ങൾ മലയാളിയുടെ വായനാ ശേഖരത്തിൽ ഇന്നും കുറവാണ് എന്നത് അത്യന്തം ദൗർഭാഗ്യകരമാണ്.
ഡി.സി. ബുക്ക്സ് പുറത്തിറക്കിയ സെൽഫിഷ് ജീനിൻ്റെ മലയാള പരിഭാഷക്ക് പിന്നിൽ പ്രവർത്തിച്ചത് ഡോ. മനോജ് ബ്രൈറ്റായിരുന്നു. ഒരു ശാസ്ത്രകൃതി മലയാളത്തിലേക്ക് വിവർത്തനത്തിനായി തയ്യാറാക്കുക എന്നത് അത്യന്തം ഭാരിച്ച പണിയാണ്. സെൽഫിഷ് ജീൻ എന്ന കൃതിയുടെ ഉള്ളടക്കം മനസ്സിലാക്കിയവർക്ക് അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാവും. ശ്രേഷ്ഠഭാഷ എന്നൊക്കെ പറയുമെങ്കിലും ശാസ്ത്ര വിഷയങ്ങളിൽ തത്തുല്യമായ പദങ്ങൾ മലയാളത്തിൽ ഇല്ല എന്നത് സങ്കടകരമായ വസ്തുതയാണ്. കടുപ്പമേറിയ ഉള്ളടക്കത്തെ ബ്രൈറ്റ് അമിത ലളിതവത്ക്കരണത്തിനൊന്നും ശ്രമിച്ചിട്ടില്ല. അങ്ങിനെ ചെയ്താൽ അർത്ഥവും ലക്ഷ്യവും തന്നെ മാറിപ്പോകും. ഒരു പക്ഷേ ഒരു വിവർത്തകൻ എന്ന നിലയിൽ ബ്രൈറ്റിന് ഇതൊരു പരീക്ഷണശാല തന്നെയായിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്.
സെൽഫിഷ് ജീൻ എന്ന പുസ്തകം കൈയ്യിലെടുക്കും മുൻപ് പരിണാമത്തെ കുറിച്ച് ഒരേകദേശ ധാരണയുള്ളയാൾക്കു മാത്രമേ 526 പേജുള്ള ഈ പുസ്തകം ആസ്വാദ്യമായിരിക്കുകയുള്ളൂ. കാരണം പരിണാമത്തെ കുറിച്ചുള്ള മിക്കവരുടേയും ധാരണയെ കുറിച്ച് ഫ്രഞ്ച് ബയോകെമിസ്റ്റായ ജാക്വേസ് മൊണോദ് പറയുന്നത് ഇപ്രകാരമാണ് – “പരിണാമ സിദ്ധാന്തത്തിൻ്റെ മറ്റൊരു കൗതുകകരമായ കാര്യം എന്തെന്നാൽ സകലരും തങ്ങൾക്ക് അത് മനസ്സിലായിട്ടുണ്ട് എന്ന് വിചാരിക്കുന്നു.”
പറഞ്ഞു വരുന്നത് നിങ്ങൾ പരിണാമം മനസ്സിലാക്കിയിട്ടുണ്ടാവും. പക്ഷേ അത് ഏത് രീതിയിലാണ് എന്നതും പ്രധാനമാണ്. നിങ്ങളുടെ മുന്നിൽ ശരീരങ്ങളോടു കൂടിയ ജീവികൾ ഉണ്ട്. അവയെ കുറിച്ച് നിങ്ങൾക്ക് ബോധമുണ്ട്. രൂപമുണ്ട്. എന്നാൽ സെൽഫിഷ് ജീനിൽ എത്തുമ്പോൾ ശരീരങ്ങൾ കേവലം ജീനുകൾക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങൾ മാത്രമാവുകയും. ഈ ലോകം ജീനുകളുടെ മാത്രം പോരാട്ട ഭൂമിയായി മാറുകയും ചെയ്യും. അതു മനസ്സിലാക്കാൻ ശരിക്കും ബുദ്ധിമുട്ടുണ്ട്. അതിലും ബുദ്ധിമുട്ടാണ് അതിനെ അംഗീകരിക്കാൻ.
ഈ കൃതിയുടെ വിവിധ പതിപ്പുകൾക്ക് ഡോക്കിൻസ് എഴുതിയ മുഖവുരകൾ ആണ് തുടക്കത്തിൽ അതിൽ എമ്പാടും ഈ വിഷയം കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും സയൻ്റിസ്റ്റുകൾ തന്നെ അത് തെറ്റായി മനസ്സിലാക്കിയതിൻ്റെ പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. തൻ്റെ ആദ്യ രചനയായ Unweaving the Rainbow പുറത്തിറങ്ങിയ ശേഷം പുറത്തു വന്ന വിവിധ അഭിപ്രായങ്ങൾ അദ്ദേഹം മുഖവുരയിൽ പറയുന്നുണ്ട്.
ആ ഗ്രന്ഥത്തിൻ്റെ വിദേശ പ്രസാധകന് അതു വായിച്ചശേഷം മരവിപ്പിക്കുന്ന, പ്രതീക്ഷ നൽകാത്ത സന്ദേശത്തിൽ അസ്വസ്ഥനായി മൂന്നു ദിവസം ഉറങ്ങാനായില്ല എന്ന് പറയുന്നു. മറ്റു ചിലരാകട്ടെ എങ്ങിനെയാണ് തനിക്ക് കാലത്ത് ഉണരാനാവുക എന്ന് ചോദിച്ചിരിക്കുന്നു. വിദൂര രാജ്യത്തെ ഒരധ്യാപകൻ ഡോക്കിൽസിനു കത്തയച്ചിരിക്കുന്നു. ആ പുസ്തകം വായിച്ച ശേഷം തൻ്റെ ഒരു വിദ്യാർത്ഥിനിക്ക് ജീവിതം നിഷ്പ്രയോജനവും ശൂന്യവും ആണെന്ന് തോന്നിയത്രേ. അവൾ കരഞ്ഞു കൊണ്ടാണ് തന്നെ സമീപിച്ചത്. ആരെയും ഇനി ഈ നിഷേധവാദ പുസ്തകം കാണിക്കരുത് എന്നദ്ദേഹം അവളെ ഉപദേശിച്ചത്രേ!
സെൽഫിഷ് ജീനിനു മുൻപ് ഡോക്കിൻസ് ഇതു പറയാൻ കാരണം ഈ കൃതിയെയും വേണ്ടവിധത്തിൽ മനസ്സിലാക്കാനായിട്ടാണ്. തുടർന്ന് അദ്ദേഹം പറയുന്നു. -“ഏതെങ്കിലും ഒരു കാര്യം സത്യമാണെങ്കിൽ ആഗ്രഹചിന്ത കൊണ്ടൊന്നും അതിനെ ഇല്ലാതാക്കാനാവില്ല”
ഒരു വായനക്കാരൻ ജീനുകളെ കുറിച്ച് മനസ്സിലാക്കിയിട്ടില്ലങ്കിൽ അയാൾക്ക് ഈ ഗ്രന്ഥം കുറെയൊക്കെ ഞെട്ടൽ ഉണ്ടാക്കുന്നതായിരിക്കും എന്ന് അതിശോയ്ക്തിയില്ലാതെ പറയാം. സാമൂഹിക ശാസ്ത്രത്തിൽ മുഴുകി കിടക്കുന്നവർക്ക് നേരിയ ഈർഷ്യയും ഉണ്ടാവാൻ സാധ്യതയുണ്ട്.
13 അദ്ധ്യായങ്ങൾ
എന്തുകൊണ്ട് മനുഷ്യർ? എന്ന ഒന്നാം അധ്യായത്തിൽ തുടങ്ങി ജീനിൻ്റെ ദൂരവ്യാപകത്വം വരെ 13 അധ്യായങ്ങളിലായി നീണ്ടു കിടക്കുന്നതാണ് സെൽഫിഷ് ജീനിൻ്റെ ലോകം. നാൽപ്പതാം പതിപ്പിൻ്റെ ഉപസംഹാരവും കുറിപ്പുകളുമായി നൂറ് പേജോളം കൂട്ടി ചേർക്കലുകളും തിരുത്തുകളും കൂടി വായിച്ചാലെ പുസ്തകം പൂർണ്ണമാവുകയുള്ളൂ.
സാധാരണ ഒരു പുസ്തകത്തെ റിവ്യൂ ചെയ്യുന്ന പോലെ ചെയ്യാൻ ആകുന്ന ഒരു പുസ്തകമല്ല സെൽഫിഷ് ജീൻ. കാരണം ഓരോ വരിയും ഓരോ വാക്കും അതീവ ശ്രദ്ധയോടെ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു കൃതിയാണത്. ചുരുക്കമായി അതിൻ്റെ ആശയം ഇതാണ് – ജീനുകളുടെ ലോകമാണിത്. പകർപ്പുകൾ എടുക്കുന്നതിൽ വികവു പുലർത്തുന്ന ജീനുകൾക്ക് അടുത്ത തലമുറയിലേക്കു പോകാം. അവയുടെ വാഹകർ മാത്രമാണ് ജീവികളുടെ ശരീരങ്ങൾ സകലതിലും ജീനുകൾ ഇടപെടുന്നു. ആഹാരത്തിലും ഇണചേരലിലും എന്നു വേണ്ട സകല ഇടങ്ങളിലും ഇസങ്ങളിലും – അഹം: ജീനാസ്മി:
ഡോക്കിൻസ് പറയുന്നു – “ഇത് ഏതാണ്ട് ശാസ്ത്ര കഥ പോലെ വായിക്കേണ്ട പുസ്തകമാണ്. ഇത് ഭാവനയ ഉണർത്തുന്ന രീതിയിൽ ഉണ്ടാക്കപ്പെട്ടതാണ്. പക്ഷേ ഇത് ശാസ്ത്ര കഥയല്ല, ശാസ്ത്രമാണ്. കഥയെക്കാൾ വിചിത്രം.”
നമ്മൾ അതിജീവന യന്ത്രങ്ങളാണ്. ജീനുകൾ എന്ന സ്വാർത്ഥ തൻമാത്രകളെ സംരക്ഷിക്കാനായി അന്ധമായി സംവിധാനം ചെയ്യപ്പെട്ട യാന്ത്രിക വാഹനങ്ങൾ.
എന്തുകൊണ്ട് മനുഷ്യർ എന്ന ഒന്നാമത്തെ അധ്യായത്തിൽ ഈ പുസ്തകത്തെ കുറിച്ചുള്ള ഉദ്ദേശ്യത്തെ കുറിച്ച് ഡോക്കിൻസ് വിവരിക്കുന്നു – “കാര്യങ്ങൾ എപ്രകാരമാണ് പരിണമിച്ചത് എന്നാണ് ഞാൻ പറയുന്നത്. മനുഷ്യർ നമ്മൾ ധാർമ്മികമായി എങ്ങിനെയാണ് പെരുമാറേണ്ടത് എന്നല്ല ഞാൻ പറയുന്നത്. ഒരു കാര്യം എങ്ങിനെയാണ് എന്ന അഭിപ്രായവും ഒരു കാര്യം എങ്ങിനെ ആയിരിക്കണം എന്ന നിലപാടും തമ്മിൽ വേർതിരിച്ചറിയാനാവാത്ത ആളുകൾ ധാരാളമുണ്ട്. അവർ എന്നെ തെറ്റിദ്ധരിക്കും എന്ന അപകടമുണ്ട്.” ജീനുകൾ സ്വാർത്ഥരാണ് എന്ന് വിശദീകരിക്കുമ്പോൾ സാമൂഹിക സാഹചര്യത്തിൽ അതു മനസ്സിലാക്കുന്ന വായനക്കാരുടെ മനസ്സിലാക്കലിലെ അപകടത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
പകർപ്പുകാർ എന്ന രണ്ടാം അദ്ധ്യായം ജീനുകൾ ഉണ്ടായ സാഹചര്യത്തെ കുറിച്ചുള്ള വിവരണമാണ്.
ചിരഞ്ജീവിയായ ചുരുളുകൾ എന്ന മൂന്നാം അദ്ധ്യായം കോശങ്ങളെ കുറിച്ചും DNA യെ കുറിച്ചും ജീനുകളെ നിർവ്വചിക്കുന്നതിനെ കുറിച്ചും പറയുന്നു. ജീനുകളുടെ സ്വഭാവം അവയിലെ വ്യത്യസ്തമായ പ്രവർത്തന രീതികൾ, സ്വാർത്ഥത…
നാലാം അദ്ധ്യായം ജീൻ യന്ത്രം കാര്യങ്ങളെ കുറെ കൂടി വ്യക്തമാക്കി പോവുകയാണ്. ജീൻ വാഹകരായ ശരീരങ്ങളിൽ അവയുടെ പ്രവർത്തനമാണ് മുഖ്യ വിഷയം. ജീനുകൾ അവരുടെ അതിജീവന യന്ത്രമായ ശരീരത്തെ എപ്രകാരമാണ് നിയന്ത്രിക്കുന്നതെന്നും മറ്റും പറയുന്നു.
തുടർന്നു വരുന്ന അധ്യായങ്ങളിൽ ജീനുകൾ എത്രത്തോളം സ്വാർത്ഥരാണ് എന്നും ബന്ധുജനങ്ങളുമായുള്ള നിസ്വാർത്ഥതയെന്നു നാം വിളിക്കപ്പെടുന്ന പല കാര്യങ്ങളിലും അടങ്ങിയിരിക്കുന്ന സ്വാർത്ഥതയുടെ അംശങ്ങളും പുസ്തകം ചൂണ്ടികാണിക്കുന്നു.
മീമുകൾ
പുതിയ പകർപ്പു യന്ത്രങ്ങൾ എന്ന അധ്യായത്തിലാണ് ഡോക്കിൻസ് മീം എന്ന ആശയം അവതരിപ്പിക്കുന്നത്.
ഈണങ്ങൾ, ആശയങ്ങൾ, മുദ്രാവാക്യങ്ങൾ, വസ്ത്രധാരണ രീതികൾ, പാത്രങ്ങൾ നിർമ്മിക്കുന്നതിനും കമാനങ്ങൾ നിർമ്മിക്കുന്നതിനുമുള്ള രീതികൾ ഇവയൊക്കെ മീമുകളുടെ ഉദാഹരണങ്ങളാണ്. ജീനുകൾ ബീജങ്ങളും അണ്ഡങ്ങളും വഴി സഞ്ചരിച്ച് ജീൻ സഞ്ചികയിൽ അഭിവൃദ്ധി പ്രാപിക്കുമ്പോൾ മീമുകൾ അനുകരണം എന്ന വിശാല അർത്ഥത്തിൽ വിളിക്കാവുന്ന ഒരു പ്രക്രിയയിലൂടെ തലച്ചോറിൽ നിന്നു തലച്ചോറിലേക്കു ചാടി മീം സഞ്ചികയിൽ അഭിവൃദ്ധി പ്രാപിക്കുന്നു.
ദൈവം എന്ന മീം എങ്ങിനെയാണ് ഇത്ര കാലമായിട്ടും മീം സഞ്ചികയിൽ പിടിച്ചു നിൽക്കുന്നത് എന്ന് ഡോക്കിൻസ് ഈ ഭാഗത്ത് വിവരിക്കുന്നു.
മാന്യൻമാർ ഒന്നാമതെത്തും എന്ന അദ്ധ്യായം വളരെയധികം ശ്രദ്ധയോടെ വായിക്കേണ്ട ഒന്നാണ്. ജീനുകളുടെ പരസ്പര സഹകരണത്തിൽ അന്യോന്യമുള്ള സഹകരണവും സ്വാർത്ഥയും ചതിയും വഞ്ചനയുമെല്ലാം വിവരിക്കുന്നത് ഈ ഭാഗത്താണ്. ഉദാഹരങ്ങൾ നമ്മുടെ ദൃശ്യലോകത്തിലെ ജീവികളെ വച്ച് തന്നെയാണ് നൽകുന്നത്. വിവിധ രീതികൾ സ്വീകരിക്കുന്ന ജീനുകളിൽ ഒടുവിൽ മാന്യൻമാർ ആയവർ ഒന്നാമത് എത്തുന്നത് എന്തുകൊണ്ടാണ് എന്ന് ഡോക്കിൻസ് വ്യക്തമാക്കുന്നു.
ജീനിൻ്റെ ദൂരവ്യപകത്വം എന്ന അവസാന അദ്ധ്യായം നമ്മളെ അത്ഭുതപ്പെടുത്തും. നമ്മുടെ ഈ ലോകത്ത് ജീനുകൾ നടത്തുന്ന കളികൾ വായിക്കുമ്പോൾ ഇതൊക്കെ ശാസ്ത്രമോ കൽപിത കഥയോ എന്ന് ആശ്ചര്യത്തോടെ ചിന്തിക്കാനാണ് നമുക്കു തോന്നുക.
ഇത് ഈ പുസ്തകത്ത കുറിച്ചുള്ള ഏറ്റവും ചെറുതിൽ ചെറിയ വായന അനുഭവമാണ്. വിശദമായി എഴുതാൻ പോയാൽ അതിവിടെ തീരില്ല.
ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ നമ്മളെ കൂടുതലായി ഇഷ്ടപ്പെടാൻ കാരണം നമ്മുടെ 100% ജീനുകളും ഉള്ളത് നമ്മളിൽ മാത്രമായതുകൊണ്ടാണ്. നമ്മുടെ പകുതി ജീനുകൾ പങ്കിടുന്നവർ ഏറ്റവും അടുത്ത ബന്ധുക്കളും. ബന്ധം അകലും തോറും ജീനുകൾ പങ്കിടുന്നതിൻ്റെ എണ്ണവും കുറയുന്നു. പക്ഷേ നമ്മുടെ പൊതുവായ ജീനുകൾ മത്സ്യങ്ങളിലും ഇതര ജീവികളിലുംവരെയുണ്ട് എന്ന് ഓർക്കുമ്പോൾ നമുക്ക് ബന്ധുക്കൾ അല്ലാത്തവർ ആര് എന്ന ചോദ്യമാണ് ബാക്കിയായിട്ടുള്ളത്.
പ്രാണിലോകത്ത് നടക്കുന്ന, പ്രത്യേകിച്ച് ഷഡ്പദങ്ങളുടേയും ഉറുമ്പുകളുടേയും തേനീച്ചകളുടേയും ലോകത്ത് നടക്കുന്ന വമ്പൻ അടിമത്ത വ്യവസായവും എന്തിന് മറ്റൊരു കൂട്ടത്തിലെ റാണിയുടെ കഴുത്തറുത്തു നീക്കി അവരുടെ കൂട്ടരെ കൊണ്ട് തൻ്റെ പിൻഗാമികളും തൊഴിലാളികളുമാക്കി മാറ്റുന്ന ഗൂഢതന്ത്രങ്ങളും ഈ കൃതിയിലൂടെ ഡോക്കിൻസ് പറയുന്നുണ്ട്.
സെൽഫിഷ് ജീൻ കേവലമൊരു പുസ്തകം മാത്രമല്ല. അതൊരു തിരിച്ചറിവിൻ്റെ ജ്ഞാന ഗ്രന്ഥം തന്നെയാണ്. ഈ പ്രപഞ്ചത്തിൽ ജീനുകളുടെ വാഹനങ്ങളായ ശരീരങ്ങളുമായി നാം ജീവിക്കുകയാണ് നമ്മൾ എന്ന സത്യം. ആഗ്രഹ ചിന്തകൾക്കൊണ്ടൊന്നും അതിനെ ഇല്ലാതാക്കാനാവില്ല. പക്ഷേ ഇതൊക്കെ മനസ്സിലാക്കാൻ മനുഷ്യന് മാത്രമേ കഴിയുകയുള്ളൂ എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
‘The Selfish Gene’ -ന്റെ, ഡോ. മനോജ് ബ്രൈറ്റ് എഴുതിയ മലയാള വിവർത്തനം 2023 ഒക്ടോബർ 1 -ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലിറ്റ്മസ്’23 -ന്റെ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. പ്രസാധകരായ ഡീസീ ബുക്സിന്റെ സ്റ്റാളുകളിൽ പുസ്തകം ലഭ്യമാണ്.