“ടിബറ്റിലെ വായുവിൽ ഓക്സിജൻ സമുദ്രനിരപ്പിനേക്കാൾ ഏതാണ്ട് 40% കുറവാണ്. സൂര്യന്റെ UV radiation വളരെ കൂടുതൽ ആണ്. ഭക്ഷണ ലഭ്യതയും ഈ തണുത്തുറഞ്ഞ മരുഭൂമി പോലെ ഉള്ള പ്രദേശത്തു കുറവാണ്. ഈ അവസ്ഥയെ മറികടക്കാൻ ടിബറ്റിൽ തലമുറകളായി സ്ഥിരതാമസമാക്കിയ ടിബറ്റൻ വംശജരെ പരിണാമം സഹായിച്ചത് രണ്ടു ജനറ്റിക് മ്യുട്ടേഷനിലൂടെയാണ്…”
മനുഷ്യൻ പരിണമിക്കുന്നു: കുറഞ്ഞ ഓക്സിജനിലും അതിജീവനം; പഠനം ടിബറ്റൻ പീഠഭൂമിയിൽ.
കഴിഞ്ഞ ദിവസങ്ങളിലായി പത്രത്തിൽ വന്ന വാർത്തയാണിത്.
ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരെ മുൻനിർത്തി “Higher oxygen content and transport characterize high-altitude ethnic Tibetan women with the highest lifetime reproductive success” എന്ന പേരിൽ കെയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ Shenghao Ye, Jiayang Sun, Sienna R. Craig, Cynthia M. Beall എന്നിവരാണ് പഠനം നടത്തിയത്. ഒരു നിശ്ചിത പരിതസ്ഥിതിയിൽ ഒരു വ്യക്തിയുടെ പരിണാമപരമായ വിജയം പരമാവധി വർദ്ധിപ്പിക്കുന്ന സ്വഭാവഗുണങ്ങൾ ഗർഭധാരണത്തിൻ്റെയും പ്രസവത്തിൻ്റെയും സമ്മർദങ്ങളെ അതിജീവിക്കാൻ കഴിവുള്ള സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഈ സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള സാധ്യത കൂടുതലാണ്. അമ്മമാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച അതിജീവന സ്വഭാവമുള്ള കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകുന്നതുവരെ അതിജീവിക്കാനും അടുത്ത തലമുറയ്ക്ക് സ്വഭാവവിശേഷങ്ങൾ കൈമാറാനും സാധ്യതയുണ്ട്. നേപ്പാളിൽ 3,500 മീറ്റർ ഉയരത്തിൽ ജീവിതകാലം മുഴുവൻ ജീവിച്ച 46 നും 86 നും ഇടയിൽ പ്രായമുള്ള 417 സ്ത്രീകൾ ആയിരുന്നു സാമ്പിൾ പോപ്പുലേഷൻ. ഉയർന്ന പ്രത്യുൽപാദന വിജയ നിരക്ക് ഉള്ള സ്ത്രീകൾക്ക് ശ്വാസകോശത്തിലേക്ക് ഉയർന്ന രക്തപ്രവാഹം ഉണ്ടായിരുന്നു, അവരുടെ ഹൃദയത്തിന് ശരാശരി ഇടത് വെൻട്രിക്കിളുകളേക്കാൾ (ഓക്സിജൻ അടങ്ങിയ രക്തം ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നതിന് ഉത്തരവാദികളായ ഹൃദയത്തിൻ്റെ അറ) വീതിയുണ്ടായിരുന്നു.
2019-ൽ ഞാൻ എഴുതിയ പോസ്റ്റ് ആണ് ചുവടെ കൊടുക്കുന്നത്.
2014 ആഗസ്റ്റ് മാസം ആണ് ഞാൻ കൈലാസ പർവ്വതവും മാനസരോവർ തടാകവും കാണാൻ ചൈനീസ് ടിബറ്റിലേക്ക് യാത്ര ചെയ്തത്. നേപ്പാളിൽ നിന്നും റോഡ് മാർഗം ചൈനീസ് ടിബറ്റിൽ (Altitude- 4550meter) കടന്നു നാല് ദിവസം എടുത്താണ് കൈലാസ പർവതത്തിന്റെ ചുവട്ടിൽ എത്തിയത്. High altitude sickness ശക്തമാണ് ഇവിടെ. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്. പർവതത്തെ ചുറ്റി വലം വയ്ക്കാൻ 48 കിലോമീറ്റർ മൂന്നു ദിവസം എടുത്തു നടക്കണം. Darchen (Altitude- 4700meter) എന്ന സ്ഥലത്തു തുടങ്ങി 16km ട്രെക്കിങ്ങ് ചെയ്തു ആദ്യ ദിവസം Deraphuk (Altitude- 5200meter) എന്ന സ്ഥലത്തു എത്തി അവിടെ ടെന്റിൽ താമസം. രണ്ടാമത്തെ ദിവസം ആണ് ഏറ്റവും കഠിനം. 22km നടന്നു Dolma La pass (Altitude- 5670meter) കേറി താഴോട്ടു ഇറങ്ങണം. അവിടെ Zutulphuk (Altitude- 4800meter) എന്ന സ്ഥലത്തു ടെന്റിൽ താമസം. അവസാന ദിവസം വളരെ എളുപ്പം ആണ്; വെറും 10km നടത്തം.
കൈലാസം ഹിന്ദുക്കളെ കൂടാതെ ടിബറ്റൻ ബുദ്ധമതക്കാർക്കും ജൈനമതക്കാർക്കും ബോൺ മതക്കാർക്കും പരിപാവനമായ സ്ഥലമാണ്. ഇവിടെ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഞാനൊക്കെ ശ്വാസം കിട്ടാതെ കിതച്ചു ഒരു വഴിയായപ്പോ നമ്മോടൊപ്പം ട്രെക്കിങ്ങ് ചെയ്യുന്ന ടിബറ്റൻ വംശജരായ മനുഷ്യർ; സ്ത്രീകളും കൈകുഞ്ഞുങ്ങളും അടക്കം എത്ര നിസ്സാരമായാണ് നടന്നു കേറുന്നത്. അവർക്കത് സാധിക്കുന്നതിന് പരിണാമപരമായ ഒരു കാരണം ഉണ്ട്. ടിബറ്റിലെ വായുവിൽ ഓക്സിജൻ സമുദ്രനിരപ്പിനേക്കാൾ ഏതാണ്ട് 40% കുറവാണ്. സൂര്യന്റെ UV radiation വളരെ കൂടുതൽ ആണ്. ഭക്ഷണ ലഭ്യതയും ഈ തണുത്തുറഞ്ഞ മരുഭൂമി പോലെ ഉള്ള പ്രദേശത്തു കുറവാണു. സാധാരണ ഗതിയിൽ പ്രൊഫഷണൽ പർവതാരോഹകർ ആയിട്ടുള്ളവരുടെ ശരീരം ഓക്സിജൻ രക്തത്തിലൂടെ ഒഴുകാൻ സഹായിക്കുന്ന ബ്ലഡ് പ്രോട്ടീൻ ആയിട്ടുള്ള Haemoglobin താൽക്കാലികമായി ബൂസ്റ്റ് ചെയ്യിച്ചാണ് ശരീരം പൊരുത്തപ്പെടുത്തുക. എന്നാൽ haemoglobin കൂടി കഴിഞ്ഞാൽ രക്തം പമ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുകയും സ്ട്രോക്ക് / ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യും. ഈ അവസ്ഥയെ മറികടക്കാൻ ടിബറ്റിൽ തലമുറകളായി സ്ഥിരതാമസമാക്കിയ ടിബറ്റൻ വംശജരെ പരിണാമം സഹായിച്ചത് രണ്ടു ജനറ്റിക് മ്യുട്ടേഷനിലൂടെയാണ്- EPAS1 & ELGN1. അതോടെ ഭൂമിശാസ്ത്രപരമായ പ്രതികൂലാവസ്ഥയോടു ടിബറ്റൻ വംശജർ adapted ആയി. ടിബറ്റൻ വംശജർ adapted ആയെങ്കിലും എന്നെ പോലെ സമുദ്രനിരപ്പിൽ ജീവിക്കുന്ന മനുഷ്യർക്ക് acclimatizing ഒരു യാതന തന്നെ ആയിരുന്നു.
ഒന്നാം ദിവസം ശ്വാസം ശരിക്കു കിട്ടാതെ എങ്ങനെയൊക്കെയോ നടന്നു രാത്രി ടെന്റിൽ എത്തിയ പാടെ ഞാൻ ബെഡിലേക്ക് വീഴുകയായിരുന്നു. അപ്പൊ ബോധം നഷ്ടപ്പെട്ടു. പിന്നീട് അങ്ങോട്ട് hallucinationകളുടെ ഒരു കളിയായിരുന്നു. ഞെഞ്ചുവേദന തോന്നുന്നു ഹൃദയം പൊട്ടി പുറത്തു വരുന്നതായി തോന്നുന്നു ലോകം മുഴുവൻ കറങ്ങുന്നു വെളിപാടുകൾ കിട്ടുന്നു എന്റെ മരിച്ചു പോയ അപ്പൂപ്പന്റെ ശബ്ദത്തിൽ, പല വർണ്ണങ്ങളിൽ ഉള്ള കാഴ്ചകൾ കാണുന്നു, ഒരു വലിയ കുഴിയിൽ വീണതായി തോന്നുന്നു, മരിക്കാൻ പോകുന്നതായി തോന്നുന്നു, മരിക്കേണ്ട എന്ന് ഞാൻ നിലവിളിക്കുന്നു, നീല നിറമുള്ള കൈകൾ ഉള്ള ഒരാൾ എന്നെ കുഴിയിൽ നിന്നുയർത്തുന്നതായി തോന്നുന്നു. പിന്നെ ഒന്നും ഓർമയില്ല. വെളുപ്പിനേ ബോധം വന്നു എഴുനേറ്റു. ഏതായാലും തിരിച്ചു നാട്ടിൽ എത്തിയ ഞാൻ പുതിയൊരു spiritual highൽ ആയിരുന്നു. ലോകം കീഴടക്കി അജയ്യനായതായ പോലെ ഒരു തോന്നൽ. കുറച്ചു മാസം കഴിഞ്ഞു ഞാൻ ഒരു വലിയ ശിവ ഭക്തയായ അമ്മയോട് പറഞ്ഞു അമ്മയെ വേണമെങ്കിൽ ഞാൻ കൈലാസം കാണിക്കാൻ കൊണ്ട് പോകാം. അമ്മയുടെ മറുപടി: “എനിക്ക് താല്പര്യമില്ല. എനിക്ക് തോന്നുന്നില്ല നീ കണ്ടത് ശരിക്കുള്ള കൈലാസം ആണെന്ന്. എല്ലാ ഇന്ദ്രിയങ്ങളെയും ജയിച്ച ഏറ്റവും പവിത്രമായ മനസ്സുള്ള ആളുകൾക്ക് മാത്രമേ കൈലാസ ദർശനം കിട്ടുകയുള്ളു. നിന്നെ പോലെ ഇപ്പോഴും വലിയ ഈഗോ കൊണ്ട് നടക്കുന്ന ഒരാൾക്ക് കാണാൻ കഴിഞ്ഞെങ്കിൽ നീ കണ്ടത് ശരിക്കുള്ള കൈലാസം ആകാൻ സാധ്യത ഇല്ല!!!”🙁
ആ ഒരൊറ്റ ഡയലോഗിൽ അടിമുടി തേഞ്ഞു പോയ ഞാൻ ശരിക്കും എന്റെ ലോകവീക്ഷണത്തെ കുറിച്ച് കൂടുതൽ ചിന്തിച്ചു. കൂടുതൽ സ്വാതികനാകുക എന്നതാണ് അമ്മ ഉദ്ദേശിച്ചത് എന്നാൽ ഞാൻ തിരിഞ്ഞത് സത്യാന്വേഷണത്തിന്റെ പാതയിൽ ആണ്. അത് സയൻസിന്റെ പാത ആയിരുന്നു. അറിയാത്ത കാര്യങ്ങളെ അറിയാൻ ശ്രമിക്കുകയും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് സമ്മതിക്കുകയും ചെയ്യുന്ന ശാസ്ത്രീയ മനോവൃത്തിയുടെ വഴി. ആ വഴിയിലേക്ക് ദിശ തിരിച്ച മമ്മീജിക്കു താങ്ക്യൂ!! അത് ശരിയായ ദിശ തന്നെ ആയിരുന്നു.🙂
ഓക്സിജൻ ലഭ്യത കുറയുമ്പോൾ ഉണ്ടാവുന്ന Hypoxia എന്ന അവസ്ഥയെ കുറിച്ച് 2019ൽ ആണ് മനസ്സിലാക്കിയത്. ഇത് മനസ്സിലാക്കാൻ ‘Everest’ എന്ന ഇംഗ്ലീഷ് സിനിമ കാണുക. Hypoxia കൊണ്ടുണ്ടാകുന്ന hallucinations നമ്മൾ കുറഞ്ഞ altitudeലേക്ക് സഞ്ചരിക്കുന്തോറും ഇല്ലാതായി നമ്മൾ സാധാരണ അവസ്ഥയിൽ എത്തും. എന്നാൽ Hypoxia ഒന്നും ഇല്ലാതെ സ്ഥിരമായി Hallucinations ഉണ്ടാവുന്ന അവസ്ഥ ആലോചിച്ചു നോക്കൂ.
മാനസിക രോഗം എന്നാൽ പ്രഷർ, പ്രമേഹം, കാൻസർ പോലെ ഒരു രോഗം മാത്രമാണ്. സമയത്ത് ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി ചികിത്സിച്ചാൽ മാറാവുന്ന രോഗം മാത്രം. എന്നാൽ നമ്മുടെ സമൂഹം മാനസികരോഗികളെ ബഹിഷ്കരിക്കുകയോ ആദര്ശവൽക്കരിക്കുകയോ ചെയ്യുന്ന ഒരു അവസ്ഥ ഉണ്ട്. ഒരു നല്ല വാഗ്മി ആയ ഒരാൾ മാനസികരോഗി ആണെന്ന് ഇരിക്കട്ടെ, കാവി കൂടെ ഉടുത്തിട്ടുണ്ടെങ്കിൽ ഉറപ്പായും സാധാരണക്കാരായ ജനങ്ങൾ അയാളെ ഉപദേശങ്ങൾ സ്വീകരിക്കാനായി വളയും.
ശ്രീരാമകൃഷ്ണ പരമഹംസർ Temporal lobe epilepsy എന്നൊരു മസ്തിഷ്ക സംബന്ധമായ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു എന്ന് ഡോ രാജശേഖരൻ നായരേ ഉദ്ധരിച്ചു കൊണ്ട് ഡോ സി വിശ്വനാഥൻ പറഞ്ഞത് ഞാൻ ഓർക്കുന്നു. ഒരാൾ ഒരു സർപ്പത്തെ കണ്ടു എന്ന് പറഞ്ഞാൽ കണ്ടു എന്ന് തന്നെയാണ്, കള്ളം പറയുന്നതല്ല, അതൊരു പക്ഷെ അയാളുടെ മസ്തിഷ്‌കം അയാളെ വഞ്ചിച്ചതാവാം. Hallucinate ചെയ്യുന്ന ദർശനങ്ങൾ കാണുന്നവർ, ഒരു അദൃശ്യ ശക്തിയുടെ വെളിപാടുകൾ കേൾക്കുന്ന ഗുരുക്കന്മാർ/ വിശുദ്ധരാക്കപ്പെട്ടവർക്കൊക്കെ temporal lobe epilepsyയുടെ ലക്ഷണങ്ങൾ കാണാൻ സാധിക്കും. ഇന്ദ്രിയങ്ങളെ അതിജീവിച്ചതായി അവർ കരുതുകയും നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ പരിധിക്കു അപ്പുറം പ്രപഞ്ചത്തെ അറിയുകയും ചെയ്തു എന്ന് മിഥ്യാധരിച്ചു വച്ചിരിക്കുകയും ചെയ്യുന്ന മാനസിക രോഗം ഉള്ള പാവം മനുഷ്യരാണിവർ. തീര്‍ച്ചയായും ഈ മനീഷികള്‍ അവര്‍ ജീവിച്ചിരുന്ന കാലത്തേ ഏറ്റവും ബുദ്ധിയുള്ളവര്‍ ആയിരുന്നു. എന്നാല്‍ അവരുടെ അറിവുകള്‍ക്ക് കാലഘട്ടത്തിന്റെ പരിമിതികള്‍ ഉണ്ടായിരുന്നു എന്നത് നാം ഓർക്കണം.
പഞ്ചേന്ദ്രിയങ്ങളുടെ പരിധിക്കു അപ്പുറം പ്രപഞ്ചത്തെ മനസിലാക്കാൻ സയൻസ് പഠിച്ച മനുഷ്യർക്ക് സാധിച്ചിട്ടുണ്ട്- അവർ ടെലെസ്കോപ്പും മൈക്രോസ്കോപ്പും കണ്ടു പിടിച്ചു. ആ ശാസ്ത്രജ്ഞർ ഇന്ദ്രിയങ്ങളെ എല്ലാം തുറന്നു വച്ച് ഗവേഷണം ചെയ്തു കണ്ടു പിടിച്ച ടെലസ്കോപ്പും മൈക്രോസ്കോപ്പും കൊണ്ട് അതിലൂടെ നോക്കി പ്രപഞ്ചത്തെ മനസ്സിലാക്കിയ കാര്യങ്ങൾ ഗുഹയിൽ അടച്ചിരുന്നു ഇന്ദ്രിയങ്ങളെ പീഡിപ്പിച്ചു ലോകത്തെ ബഹിഷ്കരിച്ചു ഗുരുക്കന്മാർ മനസ്സിലാക്കിയതും ഒരേ കാര്യങ്ങൾ ആണെന്നാണ് പൊതുവെ ഉള്ള പൊതുബോധ പൊട്ട ധാരണ. ആ ഗുരുക്കന്മാർ ലോകത്തിനു സംഭാവന ചെയ്ത ദർശനങ്ങൾ അജ്ഞത മാത്രമാണ്.