”ചെല്ലപ്പന്‍ ചേട്ടന്‍ പണ്ട് വീഡിയോ കാസ്സറ്റ് കട നടത്തിയിരുന്നു. സീഡി വന്നപ്പോള്‍ ചെല്ലപ്പന്‍ അത് കൂടി കച്ചവടം ചെയ്തു. പിന്നെ ഡിവിഡി അങ്ങനെ അങ്ങനെ… പിന്നീട് ഒ.ടി.ടി പ്ലാറ്റുഫോമുകള്‍ വന്നപ്പോളേക്കും ചെല്ലപ്പന്‍ ചേട്ടന്റെ കട ഒരു കഫേ-ബുക്ക് സ്റ്റോര്‍ ആയി പരിണമിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഇന്നൊവേറ്റീവ് ആയി പരിണമിച്ചു ആണ് ചെല്ലപ്പന്‍ ചേട്ടന്‍ ബിസിനസ് നിലനിര്‍ത്തി പോന്നിരുന്നത്. പവിത്രന്‍ ചേട്ടന്‍ ഒരു പാരമ്പര്യവാദി ആയിരുന്നു. വീഡിയോ കാസറ്റ് മാത്രം വിറ്റു ഇന്നോവേഷന്‍ ഒന്നും കൊണ്ട് വരാതെ ഇരുന്ന പവിത്രന്‍ ചേട്ടന്റെ കട പൂട്ടി. സോഷ്യലിസ്റ്റ് അന്ധവിശ്വാസികള്‍ പറയുന്നത് പവിത്രന്‍ ചേട്ടന്റെ കട നിലനിര്‍ത്തണം എന്നാണ്!”- പുതിയ സാങ്കേതികവിദ്യകള്‍ ജോലി നശിപ്പിക്കുന്നു എന്ന അവകാശവാദം, എ ഐ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടുന്നു.
രണ്ടു മാടക്കടകള്‍ തമ്മില്‍ മത്സരിക്കുന്നത് എങ്ങനെയാണ്? ഒന്ന് വിലകുറച്ചു കൊടുത്തു കൊണ്ട്. രണ്ട് നല്ല സര്‍വീസ് കൊടുത്തുകൊണ്ട്. ഏതു ബിസിനസ്സും നിലനില്‍ക്കുന്നത് നൂതനമായ ബിസിനസ് മോഡലിലൂടെ ആണ്. പണ്ട് ട്രാവല്‍ ഏജന്‍സികള്‍ ധാരാളമായി ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് വന്നതോടെ ട്രാവല്‍ ഏജന്‍സിക്കാര്‍ കൂട്ടമായി ആ നിമിഷം അപ്രത്യക്ഷരായോ? അതോ അവര്‍ ബിസിനസ് മാറ്റി പിടിക്കുകയോ, മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുകയോ ചെയ്‌യോ? റെയില്‍വേ ഓണ്‍ലൈന്‍ ബുക്കിംഗ് വന്നതോടെ ആര്‍ക്കാണ് ഗുണമുണ്ടായത്? ട്രെയിന്‍ ടിക്കറ്റ് എടുക്കുന്ന സാധാരണ ജനങ്ങള്‍ക്ക്.
ചെല്ലപ്പന്‍ ചേട്ടന്‍ പണ്ട് വീഡിയോ കാസ്സറ്റ് കട നടത്തിയിരുന്നു. സീഡി വന്നപ്പോള്‍ ചെല്ലപ്പന്‍ അത് കൂടി കച്ചവടം ചെയ്തു. പിന്നെ ഡിവിഡി അങ്ങനെ അങ്ങനെ… പിന്നീട് ഒ.ടി.ടി പ്ലാറ്റുഫോമുകള്‍ വന്നപ്പോളേക്കും ചെല്ലപ്പന്‍ ചേട്ടന്റെ കട ഒരു കഫേ-ബുക്ക് സ്റ്റോര്‍ ആയി പരിണമിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഇന്നൊവേറ്റീവ് ആയി പരിണമിച്ചു ആണ് ചെല്ലപ്പന്‍ ചേട്ടന്‍ ബിസിനസ് നിലനിര്‍ത്തി പോന്നിരുന്നത്. പവിത്രന്‍ ചേട്ടന്‍ ഒരു പാരമ്പര്യവാദി ആയിരുന്നു. വീഡിയോ കാസറ്റ് മാത്രം വിറ്റു ഇന്നോവേഷന്‍ ഒന്നും കൊണ്ട് വരാതെ ഇരുന്ന പവിത്രന്‍ ചേട്ടന്റെ കട പൂട്ടി. സോഷ്യലിസ്റ്റ് അന്ധവിശ്വാസികള്‍ പറയുന്നത് പവിത്രന്‍ ചേട്ടന്റെ കട നിലനിര്‍ത്തണം എന്നാണ്!
ഞാന്‍ കുട്ടിക്കാലത്ത് 5 ദിര്‍ഹം മുടക്കി പല വീട്ടുകാരുമായി ഷെയര്‍ ചെയ്തു ആണ് കാസറ്റ് വാടകക്ക് എടുത്തിരുന്നത്. സീഡി വന്നപ്പോഴും 5 ദിര്‍ഹം തന്നെ വാടക. അന്നൊക്കെ രൂപക്ക് കൂടുതല്‍ മൂല്യം ഉണ്ടായിരുന്നു. ഇപ്പൊ നെറ്റ്ഫിളക്‌സ് രു മാസത്തേക്ക് 29 ദിര്‍ഹം ചാര്‍ജ്. എത്ര മാത്രം സിനിമകളും സീരീസുകളും ആണ് കാണുന്നത്.ഒ.ടി.ടി പ്ലാറ്റ്‌ഫോം വന്നതോടെ അതിനായി എത്ര മാത്രം സിനിമകള്‍/ സീരീസുകള്‍ നിര്‍മ്മിച്ച് എത്ര മാത്രം പേര്‍ക്ക് തൊഴില്‍ കിട്ടുന്നു.
തൊഴില്‍ കൊടുക്കാന്‍ ഉള്ള ഒരൊറ്റ ഉദ്ദേശത്തില്‍ മാത്രം ആണ് സ്ഥാപനങ്ങള്‍ നടത്തുന്നത് എന്ന് സോഷ്യലിസ്റ്റ് അന്ധവിശ്വാസികള്‍ പ്രചരിപ്പിക്കുന്നു. ഉപഭോക്താവിന് ഉല്‍പ്പന്നം വില്‍ക്കുമ്പോള്‍ അതിന്റെകൂടെ സ്വാഭാവികമായി നടന്നു പോകുന്ന ഒരു പ്രക്രിയ ആണ് തൊഴില്‍. ഒരു കോംപ്ലക്‌സ് ഉല്‍പ്പന്നത്തിന് വില കുറക്കണമെങ്കില്‍ അതിന്റെ വിവിധ അസംസ്‌കൃത വസ്തുക്കള്‍ പല സ്ഥലത്തു നിന്ന് ഇറക്കുമതി ചെയ്യണം. രാജ്യങ്ങള്‍ തമ്മില്‍ ഉള്ള വ്യാപാര ബന്ധങ്ങള്‍ അങ്ങനെ മുന്നോട്ട് പോകുന്ന ഒന്നാണ്. കേരളത്തില്‍ നിന്ന് മാത്രം വിവിധ അസംസ്‌കൃത വസ്തുക്കള്‍ സോഴ്‌സ് ചെയ്തു ഒരു ഉല്‍പ്പന്നം ഉണ്ടാക്കിയാല്‍ അതിന്റെ വില കൂടുതല്‍ ആയിരിക്കും. അത് നമ്മള്‍ എങ്ങനെ പുറംനാടുകളിലേക്ക് കയറ്റി അയക്കും? രാജ്യങ്ങള്‍ തമ്മില്‍ ഉള്ള അതിര്‍ത്തികള്‍ വ്യാപാരം കാരണം പ്രതിദിനം മാഞ്ഞു പോയി കൊണ്ടിരിക്കുകയാണ്.
വളരെ ചീപ്പ് ആയി ഗുഡ്‌സ് സപ്ലൈ ചെയ്യുമ്പോള്‍ ആര്‍ക്കാണ് ഗുണം ലഭിക്കുന്നത്? ആരാണ് ഉപഭോക്താവ്? സാധാരണ ജനങ്ങള്‍. മുമ്പ് പണക്കാര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാര്‍ക്കും കൂടി താങ്ങാനാവുകയാണ്.
സ്വതന്ത്ര കമ്പോളത്തിന്റെ പുരോഗതി കൈമാറ്റം ചെയ്യുന്നതിനുള്ള, അടുക്കും ചിട്ടയുമില്ലാത്ത വഴികളുടെ സംക്ഷിപ്ത രൂപമായിട്ടാണ് സാമ്പത്തിക വിദഗ്ധര്‍, ക്രിയേറ്റിവ് ഡിസ്റ്റ്റക്ഷനെ (Creative Destruction) കണക്കാക്കുന്നത്. ഓസ്ട്രിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് ഷുംപീറ്റര്‍ ‘ക്യാപിറ്റലിസം, സോഷ്യലിസം, ജനാധിപത്യം’ (1942), എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതി: ”പുതിയ വിപണികള്‍ തുറക്കുന്നതും കരകൗശലശാലയില്‍ നിന്ന് യു.എസ്. സ്റ്റീല്‍ പോലെയുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ചയെയും, ഇന്‍ഡസ്ട്രീയല്‍ മ്യൂട്ടേഷന്‍ (industrial mutation) എന്ന പ്രക്രിയ ആയിട്ടാണ് ചിത്രീകരിക്കുന്നത്. ഈ ജൈവിക പദം ഉപയോഗിച്ചത് അത് സാമ്പത്തിക ഘടനയില്‍ നിരന്തരം അകത്തു നിന്ന് വിപ്ലവം സൃഷ്ടിക്കുന്നു, സ്ഥിരമായി പഴയതിനെ നശിപ്പിക്കുന്നു, ഇടതടവില്ലാതെ പുതിയത് സൃഷ്ടിക്കുന്നു എന്നത് കൊണ്ടാണ്. ക്രിയേറ്റിവ് ഡിസ്റ്റ്റക്ഷന്റെ ഈ പ്രക്രിയയാണ് ക്യാപിറ്റലിസത്തിന്റെ അടിസ്ഥാന പ്രമാണം.”
ക്യാപിറ്റലിസത്തെ ‘സര്‍ഗ്ഗാത്മക നാശത്തിന്റെ ഒടുങ്ങാത്ത കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിച്ച ഷുംപീറ്റര്‍, ‘The Process of Creative Destruction’ എന്ന അധ്യായത്തിനായി വെറും ആറ് പേജാണ് നീക്കിവച്ചിട്ടുള്ളതെങ്കിലും, സമ്പദ് വ്യവസ്ഥ എങ്ങനെ വികസിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആധുനിക ചിന്തയുടെ കേന്ദ്രബിന്ദുവായി അത് മാറി.
ആധുനിക സാമ്പത്തിക വിദഗ്ധര്‍ സ്വതന്ത്ര കമ്പോളത്തിന്റെ അവിരാമമായ കടയല്‍ ആയിട്ടാണ് അദേഹത്തിന്റെ സംക്ഷിപ്ത സംഗ്രഹത്തെ മനസിലാക്കുന്നത്. നഷ്ടമായ തൊഴിലവസരങ്ങളും തകര്‍ന്ന കമ്പനികളും അപ്രത്യക്ഷമാകുന്ന വ്യവസായങ്ങളും വളര്‍ച്ചാ വ്യവസ്ഥയുടെ (growth system) അന്തര്‍ലീനമായ ഭാഗങ്ങളാണെന്ന ക്യാപിറ്റലിസ്ററ്റ് വിമര്‍ശനത്തിന്റെ കാതല്‍ തന്നെയാണിത്. ക്രിയേറ്റിവ് ഡിസ്റ്റ്റക്ഷനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന സമൂഹങ്ങളിലാണ്, കാലക്രമേണ കൂടുതല്‍ ഉല്‍പ്പാദനക്ഷമവും സമ്പന്നവുമായി വളരുന്നുത്. അവരുടെ പൗരന്മാര്‍ക്ക് പുതിയതും മികച്ചതുമായ ഉല്‍പ്പന്നങ്ങളുടെ ഗുണങ്ങള്‍, കുറഞ്ഞ പ്രവൃത്തി ദിനങ്ങള്‍, മെച്ചപ്പെട്ട ജോലികള്‍, ഉയര്‍ന്ന ജീവിത നിലവാരം എന്നിവ ലഭിക്കുന്നു.
എ ഐ നവ മുതലാളിത്തമോ?
വ്യാവസായിക മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നത് അധികാരവും സമ്പത്തും, മുതലാളിമാരുടെ കൈകളിലേക്ക് കേന്ദ്രീകരിക്കാന്‍ ഇടയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അണികളെ ആഹ്വാനം ചെയ്യുന്ന അന്തരിച്ച മുഖ്യമന്ത്രി ഇ കെ നായനാരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ സൃഷ്ടിച്ച വീഡിയോ പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ പങ്കിട്ടത് നമ്മള്‍ കണ്ടു.
സമീപഭാവിയില്‍ ഇന്നത്തെ തൊഴിലുകളുടെ 90 ശതമാനവും നശിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അതിന്റെ പ്രത്യാഘാതം തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും ആയിരിക്കും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
1800-ല്‍ അമേരിക്കയില്‍ ഉണ്ടായത് ഇത് തന്നെയാണ്. അതുവരെ 80 ശതമാനം അമേരിക്കക്കാരും കര്‍ഷകരായിരുന്നു. ഏഴു ദിവസവും വിശ്രമമില്ലാതെ നടുവൊടിക്കുന്ന കൃഷിപ്പണി കൊണ്ട് തനിക്കും കുടുംബത്തിനും കഷ്ടിച്ചു വിശപ്പകറ്റാന്‍ മാത്രം വിള ഉല്‍പ്പാദിപ്പിച്ചവരായിരുന്നു ഈ കര്‍ഷകര്‍. ഇന്ത്യയിലെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. 1950 ആയപ്പോഴേക്കും വെറും 10 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. കാര്‍ഷികവൃത്തിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവര്‍ തൊഴിലില്ലാത്തവരായി മാറിയോ? ഇല്ല എന്ന് മാത്രമല്ല, പത്തൊന്‍പതാം നൂറ്റാണ്ടും, ഇരുപതാം നൂറ്റാണ്ടും മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. കൃഷിയില്‍ നിന്നു മുക്തമായ ആളുകള്‍, കണ്‍സ്ട്രക്ഷന്‍, ഫാക്ടറി, റെയില്‍ തൊഴിലാളികളായി. അവര്‍ അധ്യാപകരായി, നഴ്സുമാരായി, അഭിഭാഷകരായി, അക്കൗണ്ടന്റുകളായി, ടെക്കികളായി മാറി.
പുതിയ സാങ്കേതികവിദ്യകള്‍ ജോലി നശിപ്പിക്കുന്നു എന്ന അവകാശവാദം പൂര്‍ണ്ണമായും യാഥാര്‍ഥ്യമല്ല, എന്ന് വസ്തുതകള്‍ പരിശോദിച്ചാല്‍ കാണാം. നാം വ്യാവസായിക വിപ്ലവം മുതല്‍ പുതിയ സാങ്കേതികവിദ്യകള്‍ വിനിയോഗിച്ചുവരുന്നു. എ ഐയും റോബോട്ടുകളും ചില ജോലികളെ കാലഹരണപ്പെട്ടതാക്കില്ല എന്നല്ല പറയുന്നത്, എന്നാല്‍ ഓരോ നഷ്ടപ്പെടുന്ന തൊഴിലുനുമുപരി സാങ്കേതികവിദ്യ അതിനേക്കാള്‍ പലപടി കൂടുതലായി പുതിയ തരത്തിലുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
വര്‍ഷം 1910. അമേരിക്കയില്‍ ഒരു കാറ് അസംബ്ലി ചെയ്യാന്‍ വലിയ കഷ്ടപ്പാടോടു കൂടി 12 മണിക്കൂര്‍ എടുത്തിരുന്നു. ഒരു കാര്‍ വാങ്ങാനാണെങ്കില്‍ തീപിടിച്ച വിലയും. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹെന്റി ഫോര്‍ഡ്, അസംബ്ലിലൈന്‍ അവതരിപ്പിക്കുന്നു. വെറും ഒന്നര മണിക്കൂറില്‍ ഒരു കാര്‍ അസംബിള്‍ ചെയ്തു പുറത്തിറങ്ങുന്നു. ഫോര്‍ഡിനു ഈ തൊഴിലാളികളെയെല്ലാം പിരിച്ചു വിടേണ്ടി വന്നില്ല. അസംബ്ലിലൈന്‍ വന്നതോട് കൂടി കാറുകളുടെ വില കുത്തനെ കുറഞ്ഞു. സാധാരണക്കാര്‍ക്കും കാര്‍ വാങ്ങാമെന്ന അവസ്ഥയായി. കുത്തനെ കൂടിയ കാറുകളുടെ ആവശ്യം നിറവേറ്റാന്‍ പതിനായിരക്കണക്കിന് പുതിയ തൊഴിലാളികളുടെ ആവശ്യമുണ്ടായി. അസംബ്ലിലൈന്‍ കാറുകള്‍ നിര്‍മ്മിക്കുന്ന രീതി മാത്രമല്ല മാറ്റിയത്. അത് ജനങ്ങളുടെ ജീവിതശൈലി തന്നെ മാറ്റി. താമസിക്കുന്ന സ്ഥലങ്ങള്‍ മാറി. പെട്രോള്‍ പമ്പുകള്‍, ഓട്ടോ റിപ്പയര്‍ വര്‍ക്ക് ഷോപ്പുകള്‍, കടകള്‍, ഷോപ്പിംഗ് സെന്ററുകള്‍ പോലെയുള്ള വ്യവസായങ്ങളില്‍ പുതിയ ലക്ഷക്കണക്കിന് തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു.
ഇന്റര്‍നെറ്റ്, പത്രങ്ങളുടെ ബിസിനസ് കുറച്ചു. പക്ഷേ, നാം ഒരു തൊഴില്‍രഹിത ദുരന്തത്തിലേക്ക് വീണില്ല. ഡിജിറ്റല്‍ വിപ്ലവം അപരിചിതമായ നിരവധി പുതിയ വ്യവസായങ്ങളെ ഉണര്‍ത്തി. ഇന്ന്, ലോകത്തൊട്ടാകെ കോടിക്കണക്കിന് ആളുകള്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നില്ലാത്ത ഉയര്‍ന്ന പ്രതിഫലമുള്ള ജോലികള്‍ ചെയ്യുന്നു. ആപ്പ് ഡെവലപ്പര്‍മാര്‍, സോഷ്യല്‍ മീഡിയ മാനേജര്‍മാര്‍, ഡിജിറ്റല്‍ പരസ്യവിദഗ്ദ്ധര്‍, ഡാറ്റ സയന്റിസ്റ്റുകള്‍, സൈബര്‍സെക്യൂരിറ്റി വിദഗ്ദ്ധര്‍. വെറും പത്തുവര്‍ഷം മുമ്പ് ‘ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍’ എന്നത് ഒരു തൊഴില്‍ മാര്‍ഗം ആണെന്ന് പറഞ്ഞാല്‍ അത് കേട്ടവര്‍ നിങ്ങളെന്താണ് പുലമ്പുന്നത് എന്ന് അതിശയിച്ചേനെ.
ബാങ്ക് എടിഎമ്മുകള്‍ 1970-കളില്‍ അവതരിപ്പിക്കപ്പെട്ടു. അമേരിക്കയില്‍ എടിഎമ്മുകള്‍ വരുന്നതിന് മുമ്പ്, ഒരു ശരാശരി ബാങ്ക് ശാഖയ്ക്ക് 21 കാഷ്യര്‍മാരെ ആവശ്യമായിരുന്നു. എടിഎമ്മുകള്‍ വന്ന ശേഷം, ഇത് ഓരോ ശാഖക്കും 13 കാഷ്യര്‍മാരായി കുറഞ്ഞു. എന്നിട്ടും അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ടെല്ലര്‍ ജോലികള്‍ ഇരട്ടിയായി വര്‍ദ്ധിച്ചു. എടിഎമ്മുകള്‍, ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചെലവ് കുറച്ചു എന്നതുകൊണ്ട് കൂടുതല്‍ ബാങ്ക് ശാഖകള്‍ തുറക്കപ്പെട്ടു. അത് കൊണ്ടുതന്നെ കൂടുതല്‍ ടെല്ലര്‍മാര്‍ ആവശ്യമായി വന്നു. അവരുടെ ഉദ്യോഗത്തിന്റെ ഗുണമേന്മയും മെച്ചപ്പെട്ടു. ടെല്ലര്‍മാര്‍ ക്യാഷ് എണ്ണുന്നതില്‍ നിന്ന് ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് മാറി. എടിഎമ്മുകള്‍ ടെല്ലര്‍മാര്‍ക്ക് പ്രമോഷന്‍ കൊടുത്തു എന്ന് വേണമെങ്കില്‍ പറയാം.
സാമ്പത്തിക ശാസ്ത്രജ്ഞനായ ഡേവിഡ് ഓട്ടര്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ 80 വര്‍ഷത്തിനുള്ളിലെ തൊഴിലവസരങ്ങളുടെ വളര്‍ച്ചയുടെ 85 ശതമാനവും പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴില്‍ വിഭാഗങ്ങളില്‍ നിന്നാണ് ഉണ്ടായത്. നമ്മില്‍ ഭൂരിഭാഗം പേരുടെയും മുത്തച്ഛന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കണക്കാക്കാന്‍ കഴിയാത്ത ജോലികളിലാണ് നാം ജോലി ചെയ്യുന്നത്.
”എ ഐ ഞങ്ങളുടെ തൊഴില്‍ കവര്‍ന്നെടുക്കും’ എന്ന വാദത്തിലെ അടിസ്ഥാനപരമായ പിശക് എന്തെന്നാല്‍, ഇത് വരെ ഇല്ലാത്ത ഒരു തൊഴില്‍ അഥവാഭാവിയില്‍ പുതുതായി വരാന്‍ പോകുന്ന ഒരു തൊഴില്‍ എന്താണെന്നു ഭാവനയില്‍ കാണാന്‍ കഴിയാത്തതാണ്. യഥാര്‍ത്ഥ നവീകരണം നിലവിലുള്ളത് മെച്ചപ്പെടുത്തുന്നതില്‍ മാത്രമല്ല. അത് പുതിയതായ അനന്തമായ സാധ്യതകള്‍ സൃഷ്ടിക്കുന്നു.
അമേരിക്കയിലെ പകുതി സംസ്ഥാനങ്ങളിലെയും വലിയൊരു വിഭാഗം ജോലി എന്നത് ട്രക്ക് ഡ്രൈവര്‍മാരുടേതാണ്. സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകള്‍ അവരുടെ ജോലി നഷ്ടപ്പെടുത്തും എന്ന് പറയപ്പെടുന്നു. ഒന്നാമത്, മുന്‍ സാങ്കേതിക വിപ്ലവങ്ങള്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ ഈ ട്രക്ക് ഡ്രൈവിംഗ് ജോലികള്‍ തന്നെ നിലവിലുണ്ടാവുമായിരുന്നില്ല. Internal combustion engine പ്രത്യക്ഷപ്പെടുന്നതിന് മുമ്പ്, ട്രക്ക് ഡ്രൈവര്‍മാര്‍ എന്ന തൊഴില്‍ തന്നെ നിലവിലില്ലായിരുന്നു.
മൈനിംഗ് കമ്പനിയായ റിയോ ടിന്റോ അതിന്റെ ഓസ്‌ട്രേലിയന്‍ ഇരുമ്പ് ഖനന കേന്ദ്രങ്ങളിലെ മുഴുവന്‍ ട്രക്കുകളും ഓട്ടോമേറ്റഡ് ആക്കി. ചെറിയ ഒരു കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ ട്രക്കുകള്‍ ഇപ്പോള്‍ മനുഷ്യ ഡ്രൈവര്‍മാരില്ലാതെ തന്നെ ടണ്ണുകളോളം ഖനനവസ്തുക്കള്‍ വഹിച്ചുകൊണ്ട് പോകുന്നു. എന്നിരുന്നാലും, ഒരു ഡ്രൈവര്‍ക്ക് പോലും ജോലി നഷ്ടപ്പെട്ടില്ല. പകരം, അവര്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഓഫിസുകളില്‍ ഇരുന്നു ഈ ട്രക്കുകള്‍ നിയന്ത്രിക്കുന്ന റിമോട്ട് കണ്ട്രോള്‍ ഓപ്പറേറ്റര്‍മാരായി മാറി. Drone delivery networks, underground automated logistics tunnels തുടങ്ങി ഓരോ പുതിയ സാങ്കേതികവിദ്യക്കും മനുഷ്യ മേല്‍നോട്ടവും പരിപാലനവും ആസൂത്രണവും ആവശ്യമായിരിക്കും.
Lump of labour fallacy
സാമ്പത്തിക ശാസ്ത്രത്തില്‍, ‘Lump of labour fallacy’ എന്നത്, ഒരു സമ്പദ്വ്യവസ്ഥയില്‍ നിര്‍വ്വഹിക്കേണ്ട ജോലികളുടെ അളവ് നിശ്ചിതമാണെന്നു കരുതുന്ന തെറ്റിദ്ധാരണയെയാണ്. സമ്പദ്വ്യവസ്ഥയിലെ എല്ലാ ജോലികളും ഒരു നിശ്ചിതമായ ഒരു അപ്പം ആണെന്ന് ചിന്തിക്കുക. ചില ജോലികള്‍ യാന്ത്രികമാകുമ്പോള്‍, മെഷീനുകള്‍ ആ അപ്പത്തില്‍ നിന്ന് ഒരു കക്ഷണം എടുത്താല്‍ മനുഷ്യര്‍ക്ക് ലഭിക്കുന്ന പങ്ക് കുറയും. ഈ ആശയം ശരിയെന്നു ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും യഥാര്‍ത്ഥ ലോകം അങ്ങനെ അല്ല പ്രവര്‍ത്തിക്കുന്നത്. ചെയ്യേണ്ട ജോലികളുടെ അളവ് നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധജലം കുപ്പികളില്‍ വാങ്ങുക, ജിം അംഗത്വം നേടുക, ദൂരയാത്ര പോകുമ്പോള്‍ വളര്‍ത്തുനായ്ക്കളെ പണം കൊടുത്തു ഹോസ്റ്റലില്‍ ഏല്‍പ്പിക്കുക, എന്നതൊക്കെ നമ്മുടെ പൂര്‍വ്വികര്‍ വിചിത്രമായി കരുത്തിയേനെ. എ ഐ നിലവിലുള്ള എല്ലാ ജോലികളും ഏറ്റെടുത്താലും, നമ്മള്‍ പുതിയ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കും.
മിഷലിന്‍ ഗൈഡ് ലോകത്തിലെ മികച്ച റെസ്റ്റോറന്റുകള്‍ക്ക് പ്രശസ്തമായ മിഷലിന്‍ സ്റ്റാര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇത് ആരംഭിച്ചത് രണ്ടു സഹോദരന്മാര്‍ക്ക് കൂടുതല്‍ റബ്ബര്‍ ടയറുകള്‍ വിറ്റഴിക്കാനുള്ള ഉദ്ദേശത്തോടെയാണ്. 1889-ല്‍ മിഷലിന്‍ സഹോദരന്മാരുടെ ഫ്രാന്‍സിലെ റബ്ബര്‍ ഫാക്ടറി നഷ്ട്ടത്തിലോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. ജനങ്ങള്‍ കൂടുതല്‍ യാത്ര ചെയ്താല്‍ തങ്ങളുടെ ടയറുകള്‍ കൂടുതല്‍ വിറ്റഴിക്കാം എന്ന് ചിന്തിച്ചിട്ട് അവര്‍ മാപ്പുകള്‍, റെസ്റ്റോറന്റ് ശുപാര്‍ശകള്‍, ഹോട്ടലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ചെറു കൈപുസ്തകം സൗജന്യമായി പുറത്തിറക്കിയതാണ് ഇന്ന് പ്രശസ്തമായ Michellin Star ആയി മാറിയത്. വിപണന തന്ത്രമായി ആരംഭിച്ച ഒരു പദ്ധതി പിന്നീട് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഭക്ഷ്യ പുരസ്‌കാര സമ്പ്രദായമായി മാറിയത്. കൂടാതെ ഒരു മുഴുനീള റെസ്റ്റോറന്റ് അവലോകന വ്യവസായത്തിനും ഇത് വഴി തുറന്നു.
പവര്‍ ടൂളുകള്‍ ആശാരിപ്പണി നശിപ്പിച്ചില്ല. മൈക്രോസോഫ്റ്റ് എക്‌സല്‍, അക്കൗണ്ടന്റുകളെ ഇല്ലാതാക്കിയില്ല. പുതിയ സാങ്കേതികവിദ്യ, ജോലികളിലെ ഏറ്റവും ബുദ്ധിമുട്ടും പിഴവുകള്‍ക്ക് സാധ്യതയുള്ള ഭാഗങ്ങള്‍ ഇല്ലാതാക്കി, നമ്മളെ കൂടുതല്‍ സങ്കീര്‍ണ്ണവും സൃഷ്ടിപരവുമായ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നു.അലാസ്‌ക എയര്‍ ഗ്രൂപ്പ് (ALK) കഴിഞ്ഞ വര്‍ഷം അതിന്റെ എഐ നാവിഗേഷന്‍ സംവിധാനത്തിന്റെ സഹായത്തോടെ 500,000,000 ഗാലണ്‍ ഇന്ധനം സംരക്ഷിച്ചു. എ ഐ വികസനം ചരിത്രത്തിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയാണ്. ഈ വര്‍ഷം മാത്രം, മൈക്രോസോഫ്റ്റ് (MSFT), ആമസോണ്‍ (AMZN), ഗൂഗിള്‍ (GOOG), ഫേസ്ബുക്ക് (META) എന്നിവ 170 ബില്യണ്‍ ഡോളറിന് മേല്‍ ഡേറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാന്‍ ചെലവഴിക്കും.
മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാന്‍ അല്ലെങ്കില്‍ ആണവ ബോംബ് വികസിപ്പിക്കാന്‍ യുഎസ് സര്‍ക്കാര്‍ ചെലവഴിച്ചതിലുമധികം ഈ കമ്പനികള്‍ അടുത്ത 45 വര്‍ഷത്തിനുള്ളില്‍ ഡേറ്റാ സെന്ററുകളിലേക്കു പണം നിക്ഷേപിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഷ്ടിക്കുന്ന ജോലികളില്‍ നിന്ന് നമ്മെ ‘സംരക്ഷിക്കാന്‍’ ഉദ്ദേശിച്ചുള്ള ഏതെങ്കിലും നിയമങ്ങളെക്കുറിച്ച് നാമെല്ലാവരും സംശയാലുക്കളായിരിക്കണം. സമ്പത് വ്യവസ്ഥയെ മരവിപ്പിക്കുക എന്നതാണ് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. അമ്പതു വര്‍ഷം മുമ്പ് സമ്പദ് വ്യവസ്ഥയെ മരവിപ്പിച്ചിരുന്നെങ്കില്‍ എന്ത് സംഭിവിക്കുമായിരുന്നു? ആ ജോലികള്‍ എല്ലാം ഇന്നത്തെ തൊഴിലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപകടകരവും വിരസവും തൃപ്തികരമല്ലാത്തതുമാണെന്ന് നമുക്ക് തിരിച്ചറിയാം. ചരിത്രത്തിലുടനീളം നാം വിജയകരമായി ‘സംരക്ഷിത ജോലികള്‍’ ചെയ്തിരുന്നെങ്കില്‍ എന്ന് സങ്കല്‍പ്പിക്കുക. ഇന്നത്തെ സമ്പത് വ്യവസ്ഥയിലെ ഏതൊരു ജോലിയേക്കാളും മോശമായിരിക്കും ഇത്.
ഇന്ന് സംരക്ഷിക്കുന്നതിനെക്കുറിച്ച് നമ്മള്‍ ആശങ്കപ്പെടുന്ന ജോലികള്‍, ഭാവിയില്‍ നമ്മുടെ കൊച്ചുമക്കള്‍ സഹതാപത്തോടെ തിരിഞ്ഞുനോക്കുന്നവയായിരിക്കാം. ഡാറ്റാ എന്‍ട്രിക്കായി ഒരു ദിവസം എട്ട് മണിക്കൂര്‍ ചെലവഴിക്കേണ്ടി ക്ലേശത്തെക്കുറിച്ചു അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല.
(റിസ്‌ക് ഹെഡ്ജിന്റെ ചീഫ് അനലിസ്റ്റ് സ്റ്റീഫന്‍ മക്ബ്രൈഡിന്റെ വീഡിയോകളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു എഴുതിയത്)