Part 1: തൊഴിലാളി മുതലാളി വിഭജനത്തിൽ അർത്ഥമുണ്ടോ?
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഉള്ള പ്രസംഗങ്ങളും തൊഴിലാളികളോട് ഉള്ള ഐക്യദാർഢ്യങ്ങളും മുദ്രാവാക്യങ്ങളും നമ്മൾ നിരവധി കേൾക്കാറുണ്ട്. ഇടത് വലത് ഭേദമില്ലാതെ എല്ലാ തൊഴിലാളി സംഘടനകളുടെയും മുദ്രാവാക്യങ്ങൾ തൊഴിലാളികൾ മുതലാളിമാർ തുടങ്ങി 2 വർഗ്ഗങ്ങൾ ആയി ഉള്ള വിഭജനത്തെ അടിസ്ഥാനപ്പെടുത്തി ഉള്ളത് ആണ്. എന്നാൽ ശരിക്കും തൊഴിലാളി, മുതലാളി എന്നിങ്ങനെ ഉള്ള വിഭജനത്തിൽ എന്തെങ്കിലും പ്രാധാന്യം ഉണ്ടോ എന്ന് കൂടി നമുക്ക് ഒന്ന് പരിശോധിക്കാം.
നമ്മുടെ നാട്ടിൽ കച്ചവടത്തിനായി എത് രണ്ട് വ്യക്തികളും തമ്മിൽ നടക്കുന്ന കൊടുക്കൽ വാങ്ങലുകൾ പോലെ തന്നെ മറ്റൊരു കൊടുക്കൽ വാങ്ങൽ മാത്രമാണ് തൊഴിലും. ഒരു ഉപഭോക്താവ് എന്ന നിലയിൽ കടയിൽ നിന്ന് നമ്മൾ നമുക്ക് ആവശ്യം ഉള്ള സാധനങ്ങൾ സ്വമേധയാ നമ്മുടെ കൈയിലെ പണം കൊടുത്ത് വാങ്ങുന്ന പോലെ തന്നെ ആണ് ഒരു സംരംഭകൻ തൻ്റെ സംരംഭത്തിൻ്റെ നടത്തിപ്പിന് ആവശ്യം ആയ തൊഴിലാളികളെ കൂലി കൊടുത്ത് വാങ്ങുന്നത്. അതായത് നിങ്ങളുടെ കൈവശം ഉള്ള തൊഴിൽ വാങ്ങുന്ന ഒരു കൺസ്യൂമർ മാത്രം ആണ് നിങ്ങൾക്ക് ജോലി തരുന്ന ഒരു സംരംഭകൻ. ഉപഭോക്താവിന് വേണ്ട സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരെ പോലെ സംരംഭകന് വേണ്ട തൊഴിൽ വിൽക്കുന്ന കച്ചവടക്കാരൻ ആണ് എല്ലാ തൊഴിലാളികളും.
ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങൾക്ക് വാങ്ങുവാൻ ആവശ്യം ഉള്ള സാധനങ്ങൾ മാർക്കറ്റിൽ സുലഭമായി ഉണ്ടെങ്കിൽ കുറഞ്ഞ വിലയിലും മറിച്ചാണെങ്കിൽ ഉയർന്ന വിലയിലും ലഭിക്കുന്ന പോലെ തന്നെ ആണ് തൊഴിൽ മാർക്കറ്റും പ്രവർത്തിക്കുന്നത്. നമുക്ക് ആവശ്യം ഉണ്ട് എന്ന് തോന്നിയാൽ മികച്ച സേവനങ്ങൾക്ക് ഉപഭോക്താവ് എന്ന നിലയിൽ വളരെ ഉയർന്ന വില നൽകാനും നമ്മൾ തയ്യാറാകും. അത് പോലെ തന്നെ നമ്മൾക്ക് അത്ര മൂല്യം തോന്നാത്ത സാധന സേവനങ്ങൾ കുറഞ്ഞ വിലയിൽ ലഭിച്ചാൽ പോലും വാങ്ങാൻ തയ്യാറാകുകയും ഇല്ല. ഉപഭോക്താവും കച്ചവടക്കാരനും അവിടെ തങ്ങളുടെ ലാഭം ആണ് മുന്നിൽ കാണുന്നത്. അവർക്ക് രണ്ടു പേർക്കും സമ്മതം ആയ വിലയിൽ കച്ചവടം നടക്കുമ്പോൾ രണ്ടു പേർക്കും അവരെ സംബന്ധിച്ച് ലാഭം ഉണ്ടാകുന്നു (ഇവിടെ ലാഭം എന്നത് ഇരു കൂട്ടർക്കും subjective ആയ കാര്യമാണ്).
തൊഴിൽ മാർക്കറ്റിലും ഇത് തന്നെ ആണ് സംഭവിക്കുന്നത്. സംരംഭകരുടെ പ്രധാന ലക്ഷ്യം ലാഭം ഉണ്ടാകുക എന്നത് ആണ്. മറ്റ് സംരംഭകരുമായി മാർക്കറ്റിൽ മത്സർക്കുമ്പോൾ ലാഭം ഉണ്ടാക്കാൻ ഉള്ള ഒരേ ഒരു വഴി എന്നത് ഏറ്റവും മികച്ച സാധന സേവനങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് കൊടുക്കുക എന്നത് ആണ്. അതിന് സാധിക്കുന്ന തരത്തിൽ അവർക്ക് ഏറ്റവും ആവശ്യം ഉള്ള തൊഴിൽ നൈപുണ്യം ഉള്ള തൊഴിലാളികളെ ലഭിക്കാൻ അവർ ശ്രേമിക്കും. തൊഴിലാളികളുടെയും ലക്ഷ്യം കൂടുതൽ വേതനം ലഭിക്കുക ഇന്നത് ആണ്. മാർക്കറ്റിലെ മറ്റ് തൊഴിലാളികളും ആയി മത്സരിക്കുമ്പോൾ ഏറ്റവും മികച്ച വേതനം ലഭിക്കുക സംരംഭകർക്ക് ആവശ്യം ഉള്ള തൊഴിൽ നൈപുണ്യം ഉണ്ടാക്കി എടുക്കുമ്പോൾ ആണ്. അങ്ങിനെ മത്സരധിഷ്ഠിത വിപണിയിൽ തൊഴിലാളിയും സംരംഭകനും പരസ്പരം സമ്മതം ആയ ഒരു വേതനം ഉറപ്പിക്കുമ്പോൾ രണ്ടു പേർക്കും അവരെ സംബന്ധിച്ച് ലാഭം ഉണ്ടാകുന്നു.
ആയതിനാൽ നിങ്ങളുടെ തൊഴിൽ നൈപുണ്യം കൂടുതൽ സംരംഭകർക്ക് ആവശ്യം ആണെങ്കിലും അവർ നിങ്ങളുടെ സേവനം ലഭിക്കാൻ ഉയർന്ന വില കൊടുക്കാൻ തയ്യാർ ആണെങ്കിലും നിങ്ങൾക്ക് തൊഴിലിന് ഉയർന്ന വേതനവും മറ്റ് പല ഗുണങ്ങളും ലഭിക്കും. അതായത്, മാർക്കറ്റിൽ ഉയർന്ന വേതനം ഒരു തൊഴിലിന് ലഭിക്കുന്നു എന്നതിൻ്റെ അർത്ഥം നിങൾ ചെയ്യുന്ന തൊഴിൽ കൂടുതൽ ആളുകളുടെ ആവശ്യങ്ങൾ സാധിച്ച് കൊടുക്കുന്നു എന്നത് ആണ്. അതിനുള്ള പ്രതിഫലം ആയി ആണ് ഉയർന്ന വേതനം ലഭിക്കുന്നത്. കൂടാതെ, ഈ ഉയർന്ന വേതനം മറ്റുള്ളവർക്കും ഈ മേഖലയിലേക്ക് കടന്നു വരുവാൻ ഉള്ള ഒരു സിഗ്നൽ ആണ്. ആവശ്യക്കാർ കൂടുതൽ ഈ തൊഴിലിന് ആണ് എന്ന് ഉയർന്ന വിലയിലൂടെ അവർക്ക് മനസ്സിലാക്കുവാൻ സഹായിക്കുന്നു.
നേരെ മറിച്ച് നിങ്ങളുടെ തൊഴിൽ നൈപുണ്യം ആളുകൾക്ക് ആവശ്യം ഇല്ല എങ്കിൽ ആരും നിങ്ങൾക്ക് തൊഴിൽ തരുവാനും അവർ അധ്വാനിച്ച പണം നിങ്ങൾക്ക് തരുവാനും ആഗ്രഹിക്കില്ല. ഇതും മാർക്കറ്റിൽ ഒരു സിഗ്നൽ ആണ്. ഈ തൊഴിൽ എടുക്കാൻ വേണ്ടത്തിലും കൂടുതൽ ആളുകൾ ഇപ്പോള് തന്നെ ഉണ്ട്, അത് കൊണ്ട് ഉയർന്ന വേതനം ലഭിക്കാൻ മറ്റ് മേഖലകളിൽ തൊഴിൽ കണ്ടെത്തുന്നതിന് ഉള്ള നൈപുണ്യം നേടി എടുക്കണം എന്ന സിഗ്നൽ കുറഞ്ഞ വേതനത്തിലൂടെ ആളുകൾക്ക് ലഭിക്കുന്നു. അത്കൊണ്ട് തന്നെ വേതനം കൂടിയ ജോലികൾ ലഭിക്കാനും ജീവിതം മെച്ചപ്പെടുത്താനും ആഗ്രഹം ഉളളവർ ചെയ്യേണ്ടത് വിപണിയിൽ കൂടുതൽ ആവശ്യം ഉള്ള തൊഴിലുകൾക്ക് വേണ്ട നൈപുണ്യങ്ങൾ ആർജിച്ച് എടുക്കാൻ ശ്രമിക്കുകയും നിരന്തരം അപ്ഡേറ്റ് ചെയ്തു കൊണ്ടേ ഇരിക്കുകയൂം ആണ് വേണ്ടത്.
അവിടെ കുറുക്കു വഴികൾ ഇല്ല എന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം. തൊഴിലാളി മുതലാളി എന്നിങ്ങനെ ആളുകളെ വിഭജിച്ച്, തൊഴിലും ഉയർന്ന വേതനവും ഒക്കെ ഒരു അവകാശം ആണ്, സംരംഭകനു ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും തൊഴിലാളികളെ ഉയർന്ന വേതനത്തിൽ എടുത്ത് തൊഴിൽ സംരക്ഷിച്ച് നിർത്തേണ്ടത് സംരംഭകരുടെ ബാധ്യത ആണ് എന്നൊക്കെ യാഥാർത്ഥ്യ ബോധം തെല്ലും ഇല്ലാതെ ശാഠ്യം പിടിക്കുന്ന ആളുകളുടെ കപടതയിൽ വീഴാതെ ഇരിക്കുക. കേൾക്കുമ്പോൾ ഭയങ്കര ആകർഷണം തോന്നുന്ന അത്തരം പിടിവാശികൾ സർക്കാരുകൾ വഴി നിയമം ആക്കി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.
അത്തരം പ്രത്യാഘാതങ്ങളെ പറ്റി മുമ്പ് എഴുതിയ ലേഖനങ്ങളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.
വ്യവസായ സൗഹൃദവും ‘ന്യായമായ’ കൂലിയും; വിഷ്ണു അജിത്ത് എഴുതുന്നു
‘ആയിരം മണ്‍വെട്ടി തൊഴിലാളികള്‍ക്ക് പകരം പതിനായിരം സ്പൂണുകള്‍ ഉപയോഗിക്കുന്നവരെ നിയമിക്കാമോ’; വിഷ്ണു അജിത്ത് എഴുതുന്നു
Part 2: ചൂഷണത്തിൽ നിന്നുള്ള സംരക്ഷണവും പ്രായോഗികതയും
തൊഴിലാളി മുതലാളി വേർതിരിവ് നടത്തുന്നത്തിലെ ലോജിക് ഇല്ലായ്മയെ കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അതിൻ്റെ അവസാന ഭാഗത്ത് മാർക്കറ്റ് സിഗ്നൽ എങ്ങിനെ തൊഴിലാളികളെയും സംരംഭകരെയും തൊഴിലും തൊഴിലാളികളും കണ്ടെത്താനും ആവശ്യം ഉള്ള തൊഴിലിന് വേണ്ട നൈപുണ്യം (Skill) കണ്ടെത്താനും പ്രേരിപ്പിക്കുന്ന ഇൻസെൻ്റീവ് നൽകുന്നു എന്നും ലേബർ നിയമങ്ങൾ അതിന് എങ്ങിനെ പ്രശ്നം സൃഷ്ടിക്കുന്നു എന്നും പ്രതിപാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോളാമ്പി എന്ന ഫേസ്ബുക്ക് പേജിൽ അതിന് താഴെ ഒരു സുഹൃത്ത് എഴുതിയ കമൻ്റിലെ എതിർ വാദങ്ങളുടെ ചുരുക്കവും അതിൻ്റെ മറുപടിയും ആണ് ഈ ഭാഗം.
പറയുന്നത് തിയററ്റിക്കലി ശരിയായാലും ഇതിന് പ്രായോഗികത ഇല്ല. കാരണം മാർക്കറ്റ് സിഗ്നൽ തൊഴിലാളികളിലേക്ക് എത്തണം എന്ന് നിർബന്ധം ഇല്ല. കഴിവ് കുറഞ്ഞ, താഴെ തട്ടിൽ ഇല്ല തൊഴിലാളികൾക്ക് മികച്ച തൊഴിലിനുള്ള അവസരം ഉണ്ടെന്ന് അറിയാൻ സാധിക്കില്ല.
- മാർക്കറ്റ് സിഗ്നൽ എന്നത് കൊണ്ട് Price mechanism ആണ് ഉദ്ദേശിക്കുന്നത്. Price അഥവാ വില ആണ് എല്ലാവർക്കും അവരുടേത് ആയ വിവരങ്ങൾ ഉപയോഗപ്പെടുത്തി തീരുമാനങ്ങൾ എടുക്കാൻസഹായകമാകുന്ന മാർക്കറ്റിൻ്റെ സിഗ്നൽ. നിങ്ങൾ എടുക്കുന്ന ജോലിക്ക് മറ്റ് ജോലികളെക്കാൾ കുറഞ്ഞ വേതനം ആണോ ലഭിക്കുന്നത് എന്നത് ജോലി എടുക്കുന്ന എല്ലാവർക്കും മനസ്സിലാകുന്ന കാര്യമാണ്. കൂടുതൽ വേതനം ഉള്ള ജോലികൾക്ക് വേണ്ട Skill സ്വായത്തമാക്കി കഴിഞ്ഞാൽ കൂടുതൽ വേതനം തനിക്ക് ലഭിക്കാൻ സാധ്യത ഉണ്ട് എന്നത് ഉയർന്ന skill ഉള്ളവർക്കും താഴ്ന്ന skill ഉള്ളവർക്കും ഒക്കെ മനസ്സിലാക്കാൻ കഴിയുന്ന കാര്യം ആണ്. ഒരു ജോലിക്ക് വളരെ കുറഞ്ഞ വേതനം ആണ് ലഭിക്കുക എന്ന് പറഞ്ഞാൽ ഈ ജോലി മാർക്കറ്റിന് ആവശ്യം ഇല്ല എന്ന മാർക്കറ്റ് സിഗ്നൽ ആണ് കൊടുക്കുന്നത്. അത് കുറഞ്ഞ കൂലിയുടെ രൂപത്തിൽ ആളുകൾക്ക് communicate ചെയ്യപ്പെടുന്നു. ഇതല്ലാതെ ഒരു ജോലിയെ പറ്റി ഉള്ള അഗാധമായ അറിവ് അല്ല മാർക്കറ്റ് സിഗ്നൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
- ഇതേ മാർക്കറ്റ് സിഗ്നൽ തന്നെ ആണ് ബിസിനസ് ചെയ്യുന്നവന് അവൻ്റെ പ്രോഡക്ടിന് ലാഭം കിട്ടുന്നില്ല എന്നും ഈ ബിസിനസ് ഒഴിവാക്കി മറ്റ് ബിസിനസ് ചെയ്താലേ മികച്ച വരുമാനം ഉണ്ടാകൂ എന്നും മാർക്കറ്റിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് പറഞ്ഞു കൊടുക്കുന്നത്. അത് പോലെ തന്നെ തൊഴിലാളിക്കും ഉപഭോക്താവിനുമെല്ലാം ഈ price mechanism അവരുടെ ജീവിതത്തിൽ മെച്ചപ്പെട്ട ചോയ്സുകൾ തിരഞ്ഞെടുക്കാൻ വേണ്ട സിഗ്നൽ കൊടുക്കുന്നു. അത് വഴി ആണ് മാർക്കറ്റിൽ എത്ര ആളുകൾ ഡ്രൈവർ ആകണം, എത്ര ആളുകൾ എഞ്ചിനീയർ ആകണം, എത്ര ഡോക്ടർ ഉണ്ടാകണം, എത്ര പേര് കൃഷി പണി ചെയ്യണം എന്നൊക്കെ ഉള്ള സിഗ്നൽ കൊടുക്കുന്നത്.
- ഒരു വിദ്യാഭ്യാസവും ഇല്ലാത്ത തെരുവ് കച്ചവടക്കാർ വരെ അവർ വിൽക്കുന്ന സാധനങ്ങൾ ഏതൊക്കെ വേണം എന്ന് നിശ്ചയിക്കുന്നത് ഈ price സിഗ്നൽ കൊണ്ട് തന്നെ ആണ്. സ്വന്തം ഉൽപന്നത്തിന് എടുക്കുന്ന അധ്വാനത്തെക്കാൾ വില ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ skilled/unskilled വ്യത്യാസം ഇല്ലാതെ എല്ലാവർക്കും സാധിക്കും. ഇതിനെ ഒക്കെ കൺട്രോൾ ചെയ്യാനും വിഭവങ്ങളെ വിനിയോഗിക്കാനും ഒരു കേന്ദ്ര ആസൂത്രകൻ്റെയും ആവശ്യം ഇല്ല എന്ന് മാത്രം അല്ല, അങ്ങിനെ നിയമങ്ങൾ ഉണ്ടാക്കി മാർക്കറ്റിലെ വിഭവങ്ങളുടെ വിനിമയം കൺട്രോൾ ചെയ്യാൻ പോകുന്നത് മാർക്കറ്റിൻ്റെ കാര്യക്ഷമത കുറയ്ക്കുക മാത്രമേ ചെയ്യുക ഉള്ളൂ.
പൊളിറ്റിക്കൽ സിസ്റ്റം വലിയ രീതിയിൽ ഇടപെട്ട് പ്രവർത്തിക്കുന്നത് കൊണ്ടുതന്നെ മാർക്കറ്റിൽ സ്വഭാവികമായി ഇതെല്ലാം സംഭവിക്കാൻ ഉള്ള സാധ്യത കുറവാണ്.
- വളരെ ശരിയാണ്. പൊളിറ്റിക്കൽ സിസ്റ്റം മാർക്കറ്റിൽ ഇടപെടുമ്പോൾ കൂടുതൽ അധികാരം രാഷ്ട്രീയ അധികാരികൾക്ക് ലഭിക്കുന്നു. കൂടുതൽ നിയമങ്ങളും നിയന്ത്രണങ്ങളും സൃഷ്ടിക്കും തോറും അവർക്ക് അധികാരം കൂടുന്നു. എന്നാൽ സർക്കാർ തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ക്ഷേമത്തിന് എന്ന പേരിൽ കൊണ്ട് വരുന്ന നിരവധി സംരക്ഷണ നിയമങ്ങളുടെ നൂലാമാലകൾ മാർക്കറ്റിൻ്റെ ഈ സിഗ്നൽ അനുസരിച്ച് പ്രവർത്തിക്കുവാൻ തൊഴിലാളികളെയും സംരംഭകരെയും ഉപഭോക്താക്കളുടെയും അനുവദിക്കുന്നതിൽ തടസ്സം ആയി നിൽക്കുന്നു. അത്തരം നിയമങ്ങൾ തൊഴിലാളികൾക്കും സംരംഭകർക്കും മുന്നോട്ട് പൊക്ക് കൂടുതൽ ദുഷ്കരം ആക്കുകയാണ് എന്നത് യാഥാർത്ഥ്യം ആണ്.
- പക്ഷേ അതിനുള്ള പരിഹാരം നിയമങ്ങൾ ശക്തമാകുകയല്ല, മറിച്ച് അത്തരം കർശനമായ തൊഴിൽ നിയമങ്ങൾ ഒഴിവാക്കുകയും അത് വഴി പൊളിറ്റിക്കൽ സിസ്റ്റത്തിന് മാർക്കറ്റിൽ പ്രവർത്തിക്കാനുള്ള അവസരം ഇല്ലാതെ ആക്കുകയും ചെയ്യുക എന്നതു മാത്രമാണ്.
Low skilled labours ന്റെ ചൂഷണം നടക്കാൻ സാധ്യത കൂടുതൽ ആണ്, നിയമങ്ങൾ അതിനെ ചെറുക്കുന്നു.
- നിയമങ്ങൾ കൊണ്ട് വരുമ്പോൾ ആർക്കും അധികം ബുദ്ധിമുട്ട് ഇല്ലാതെ ചൂഷണം ഇല്ലാതെ ആകും/കുറയും എന്നുള്ള നറേറ്റീവ് മറ്റൊരു ഇടത് വരട്ട് സാഹിത്യം മാത്രം ആണ്. ഇങ്ങനെ ചൂഷണം തടയാൻ കൊണ്ട് വരുന്ന എല്ലാ നിയമങ്ങളും തൊഴിലവസരങ്ങൾ ഇല്ലാതെ ആക്കുകയും മത്സരം കുറയ്ക്കുകയും ആണ് ചെയ്യുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ വെക്കുന്നത് മികച്ച നൈപുണ്യം ഉള്ള തൊഴിലാളികൾക്കും വലിയ കമ്പനികൾക്കു പാലിക്കാൻ വലിയ ബുദ്ധിമുട്ടും ഇല്ല. എന്നാല് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ചെറുകിട കമ്പനികൾക്കും ചൂഷണം ചെയ്യപ്പെടും എന്ന് നിങ്ങൾ പറയുന്ന പാവങ്ങൾക്കാണ്.
- ഇത് വിശദീകരിക്കാൻ തൊഴിൽ ചൂഷണം തടയുന്നതിന് എന്ന കാരണം പറഞ്ഞു കൊണ്ട് വരുന്ന നിയമങ്ങളിൽ ഏറ്റവും പേരുകേട്ട മിനിമം വേതന നിയമം ഉദാഹരണമായി എടുക്കാം. മിനിമം വേതനം ഉയർത്തിയാൽ ആ ഉയർത്തിയ വേതനത്തിൻ്റെ അത്രയും ഉല്പാദന ക്ഷമത ഇല്ലാത്ത ആർക്കും ജോലി ലഭിക്കാതെ ആകുക മാത്രമേ സംഭവിക്കുകയുള്ളൂ. ഒപ്പം ചെറുകിട സംരംഭകർക്ക് കുറഞ്ഞ കൂലിയിൽ അവർ ആളുകളെ ജോലിക്ക് എടുക്കാൻ സാധിക്കാതെ വരികയും ചെയ്യും. അത് അനുകൂലമാകുന്നത് ചൂഷണം ചെയ്യും എന്ന് നിങ്ങളൊക്കെ പറയുന്ന വലിയ കമ്പനികൾക്കും ഉയർന്ന സ്‌കിൽ ഉള്ള തൊഴിലാളികൾക്കും ആയിരിക്കും.
- അതിൻ്റെ ഫലം വലിയ കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും മാർക്കറ്റിലെ മത്സരം കുറയുകയും ചെയ്യും. കൂടാതെ ഉയർന്ന Skill നേടിയ ആളുകൾക്ക് കുറഞ്ഞ കൂലിയിൽ ജോലി ചെയ്യാൻ വരുന്ന താരതമ്യേനെ കഴിവ് കുറഞ്ഞ ആളുകളുടെ മത്സരം ഒഴിവാകുകയും ചെയ്യും.
- ഇതിന് പുറമെ നിയമം ശക്തം ആക്കുമ്പോൾ നിങ്ങൾ തന്നെ പറഞ്ഞ പൊളിറ്റിക്കൽ സിസ്റ്റത്തിന് മാർക്കറ്റിൽ കൂടുതൽ ഇടപെടാനും സ്വാഭാവിക പ്രക്രിയകൾ താറുമാറാക്കാനും ഉള്ള പവർ കൂടുക ആണ്. ഒപ്പം നിയമങ്ങൾ നടപ്പാക്കുന്നത്തിലെ കെടുകാര്യസ്ഥതയും ഫേവറിറ്റ്സവും കൂടെ ഉണ്ടാകുമ്പോൾ ചൂഷണം എന്ന് നിങ്ങൾ പറയുന്ന അവസ്ഥയെക്കാൾ മോശമായ അവസ്ഥയിൽ പാവപെട്ട ആളുകൾ എത്തും.
- ഇങ്ങനെ ഉള്ള പ്രായോഗികമായ സാഹചര്യങ്ങൾ ഒന്നും ആലോചിക്കാതെ ചൂഷണം തടയാൻ നിയമങ്ങൾ ശക്തമാക്കണം എന്ന് പറയുന്നവർ മറ്റുള്ളവർക്ക് പ്രയോഗികത ഇല്ല എന്ന് കരുതുന്നു എന്നത് ഒരു വിരോധാഭാസം ആണ് എന്ന് പറയാതെ വയ്യ.
തൊഴിലാളിക്ക് ബയാസ്ഡ് അല്ലാതെ കൃത്യവും പൂർണവും ആയ വിവരങ്ങൾ ലഭിക്കാൻ സാധിക്കണം, അതിന് തൊഴിൽ നിയമങ്ങൾ സഹായിക്കും.
- തൊഴിൽ നിയമങ്ങൾ ഉണ്ടാക്കി സർക്കാർ കൂടുതൽ കൺട്രോൾ ചെയ്യുമ്പോൾ ബയാസ്ഡ് അല്ലാതെ ഉള്ള വിവരങ്ങൾ ലഭിക്കും എന്ന് കരുതുന്നത് ഒട്ടും പ്രയോഗികത ഇല്ലാത്ത തെറ്റിദ്ധാരണ മാത്രം ആണ്. എല്ലാവർക്കും ഒരേ ഇൻഫർമേഷൻ ലഭിക്കുക എന്നത് എല്ലാവർക്കും ഒരേ സമ്പത്ത് ഉണ്ടാകുന്ന പോലെ ഒരേ വേതനം ലഭിക്കുന്ന പോലെ തന്നെ ഉള്ള ഉട്ടോപ്യൻ ആഗ്രഹം മാത്രം ആണ്. അതിനേക്കാൾ പ്രായോഗികത ഇല്ലാത്ത വാദം ആണ് സർക്കാർ ഇടപെട്ടാൽ മറ്റ് പ്രശ്നങ്ങൾ അധികം ഇല്ലാതെ ഈ വിവരശേഖരണത്തിലെ അസന്തുലിതാവസ്ഥ (Information asymmetry) കുറച്ച് പക്ഷപാതപരമല്ലാത്ത വിവരങ്ങൾ ഓരോ തൊഴിലാളിക്കും ലഭിക്കാൻ കഴിയും എന്നുള്ളത്.
- വ്യത്യസ്തരായ കഴിവുകളും താൽപര്യങ്ങളും സാഹചര്യങ്ങളും ആയി ജീവിക്കുന്ന ആളുകൾ ആണ് ഓരോ മനുഷ്യരും എന്നത് കൊണ്ട് തന്നെ Information asymmetry എന്നത് എല്ലാ കാലത്തും ഉണ്ടാകുക തന്നെ ചെയ്യും. ഇവിടെ നമ്മൾ നോക്കേണ്ട കാര്യം എല്ലാവരിലേക്കും തൊഴിലിനെ സംബന്ധിച്ച് ഇൻഫർമേഷൻ ലഭ്യം ആക്കാൻ മാർക്കറ്റിലെ ഇൻസെൻ്റീവ് സഹായിക്കുന്നുണ്ടോ എന്നത് ആണ്. തൊഴിൽ കൊടുക്കുന്ന ആളിന് തനിക്ക് വേണ്ട തൊഴിലുകളെ പറ്റിയുള്ള വിവരം ഏറ്റവും കൂടുതൽ ആളുകളിൽ എത്തുന്നത് ആണ് അഭികാമ്യം. അപ്പോൾ മാത്രം ആണ് ഏറ്റവും മികച്ച ആളുകളെ അവർക്ക് തൊഴിൽ ചെയ്യാൻ ലഭിക്കുക. തൻ്റെ ഉൽപന്നം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടി ശ്രമിക്കുന്ന പോലെ തന്നെ തൊഴിലാളികളുടെ ആവശ്യകതയും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രമിക്കും, തൊഴിലാളികൾ തിരിച്ചും. ഇങ്ങനെ മാർക്കറ്റ് തന്നെ ഈ വിവരങ്ങൾ എത്തിക്കാൻ ഏറ്റവും മികച്ച രീതിയിൽ ശ്രമിക്കുന്നുണ്ട്.
- ഇനി സർക്കാർ നിയമങ്ങൾ വഴി പക്ഷപാതം ഇല്ലാതെ കൃത്യമായ കാര്യങ്ങള് എല്ലാവരിലും ഒരുപോലെ എത്തിക്കാൻ കഴിയുമോ എന്ന് ആലോചിച്ചാൽ അതിലെ അർഥശൂന്യതയും മനസ്സിലാക്കാം. സർക്കാരിൻ്റെ ഇൻസെൻ്റീവ് കൂടുതൽ വോട്ട് നേടുക, കൂടുതൽ അധികാരം നേടുക, നിലനിർത്തുക എന്നത് ആണ്. അത് കൊണ്ട് തന്നെ സ്വഭാവികമായും സർക്കാരുകൾ തങ്ങളുടെ ഇഷ്ടക്കാരെയും വോട്ട് ബാങ്കിനെയും പ്രീതിപ്പെടുത്തുന്നതും സർക്കാരിൻ്റെ മുഖചയക്ക് കോട്ടം തട്ടാതെ ഇരിക്കുന്നതും ആയ രീതിയിൽ മാത്രമേ വിവരങ്ങൾ കൊടുക്കുക ഉള്ളൂ. വോട്ട് ബാങ്കിന് കോട്ടം തട്ടാത്ത കാലത്തോളം എത്ര പക്ഷപാതം നിറഞ്ഞ വളരെ തെറ്റായ വിവരങ്ങൾ കൊടുത്ത് കൊണ്ട് ഇരുന്നാലും അധികാരികൾക്ക് യാതൊരു വിലയും അതിന് കൊടുക്കേണ്ടി വരുന്നില്ല. ഇൻസെൻ്റീവ് ഇങ്ങനെ ആയത് കൊണ്ട് തന്നെ മറ്റാരു പറയുന്ന വിവരങ്ങളെ പോലെ തന്നെയോ അതിൽ അധികമോ പക്ഷപാതവും കൃത്രിമത്വവും സർക്കാരിൻ്റെ വിവരങ്ങളിലും ഉണ്ടാകും എന്നതാണ് യാഥാർത്ഥ്യം.
- അപ്പോൾ പിന്നെ പക്ഷപാതമായല്ലാതെ, കൃത്രിമത്വം ഇല്ലാത്ത വിവരങ്ങൾ കൃത്യമായി കൂടുതൽ ആളുകൾക്ക് ലഭിക്കുവാനും ഏറ്റവും സാധ്യത ഉണ്ടാകുക, വിവരങ്ങൾ നിരവധി സോഴ്സുകളിൽ നിന്ന് ലഭിക്കുമ്പോളും നിരവധി ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനും പരസ്യം ചെയ്യാനും ആവശ്യങ്ങൾ അറിയിക്കാനും എല്ലാം സ്വതന്ത്ര്യം ഉണ്ടാകുമ്പോഴും ആണ്. നിരവധി ആളുകൾ തങ്ങളുടെ പക്കൽ ഉള്ള വിവരങ്ങളും അഭിപ്രായങ്ങളും പറയുന്ന ഒരു മാർക്കറ്റിൽ സ്വഭാവികമായും മത്സരം ഉണ്ടാകുകയും മികച്ച രീതിയിൽ ആവശ്യം ഉള്ള വിവരങ്ങൾ കഴിയാവുന്നത് പോലെ നിരവധി ആളുകളിലേക്ക് എത്തുകയും ചെയ്യുന്നു. അങ്ങിനെ കൂടുതൽ സോഴ്സ് ഉണ്ടാകാനും മത്സരം ഉണ്ടാകാനും സർക്കാരിൻ്റെ നിയന്ത്രണം കുറഞ്ഞേ തീരുള്ളൂ. നിയന്ത്രണങ്ങൾ കൂട്ടുന്നത് ഈ പ്രശ്നവും പരിഹരിക്കില്ല.