കേരളത്തില്‍ കൗമാരക്കാരുടെ ഇടയില്‍ വയലന്‍സ് വളരെയധികം കൂടുന്നു എന്ന് മാത്രമല്ല, ഞെട്ടല്‍ ഉളവാക്കുന്ന രീതിയില്‍ അതിന്റെ തീവ്രത കൂടുന്നു. അതിനുപരി, ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് കുറ്റവാളികള്‍ക്ക് കുറ്റബോധം ഇല്ലാത്തതും ശിക്ഷയെ പറ്റി ഭയം ഇല്ലാത്തതും കേരളീയ സമൂഹം വളരെ ഗൗരവമായി ചര്‍ച്ച ചെയ്യുന്നു. മാര്‍ക്കോ സിനിമയാണോ അതോ ടെസ്റ്റസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ ആണോ ഇവിടെ വില്ലന്‍. കൗമാരക്കാരുടെ ഹോര്‍മോണ്‍ വ്യതിയാനവും, ഗുഡ് പാരന്റിങിനെകുറിച്ചും ടീച്ചിങിനെകുറിച്ചും അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു
ടോവിനോയുടെ രണ്ട് സിനിമകളുടെ പേരാണ് തലക്കെട്ടിലുള്ളത്. ഈ രണ്ട് വാക്കുകളും നമ്മുടെ ഇടയിലേക്ക് വന്നിട്ട് അധിക നാള്‍ ആയില്ലെങ്കിലും, ഇന്ന് കേരളം സംസാരിക്കുന്ന പ്രധാന വിഷയങ്ങളാണ് ഇത് രണ്ടും. കേരളത്തില്‍ കൗമാരക്കാരുടെ ഇടയില്‍ വയലന്‍സ് വളരെയധികം കൂടുന്നു എന്ന് മാത്രമല്ല ഞെട്ടല്‍ ഉളവാക്കുന്ന രീതിയില്‍ അതിന്റെ തീവ്രത കൂടുന്നു. അതിനുപരി, ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് കുറ്റവാളികള്‍ക്ക് കുറ്റബോധം ഇല്ലാത്തതും, ശിക്ഷയെ പറ്റി ഭയം ഇല്ലാത്തതും, കേരളീയ സമൂഹം വളരെ ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ്.
നമ്മുടെ ചില പ്രധാന രാഷ്ട്രീയക്കാര്‍ എല്ലാം ഈ പ്രശ്‌നങ്ങളിലെ പ്രധാന വില്ലന്‍ ആയി കാണുന്നത് സിനിമയെയാണ്. സിനിമയില്‍ വയലന്‍സ് ഗ്ലോറിഫൈ ചെയ്യുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അവര്‍ പറയുന്നു. റൈഫിള്‍ ക്ലബിന്റെ സംവിധായകനും ഇരയിലെ നായകനും വരെ ഈ അഭിപ്രായമുണ്ട്, എന്ന തമാശ അതിലുണ്ടെങ്കിലും സിനിമയ്ക്ക് അങ്ങനെ ഒരു സ്വാധീന ശക്തി ഉണ്ടോ എന്നും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്.
സിനിമ മാത്രമല്ല സമൂഹത്തിലെ എല്ലാ കാര്യങ്ങളും മനുഷ്യരെ സ്വാധീനിക്കും. പക്ഷേ അതില്‍ ഏതെങ്കിലും ഒരു കാരണത്തിലേക്ക് ഫോക്കസ് കൊണ്ടുപോകുന്നത്, രാഷ്ട്രീയക്കാരും മറ്റ് സാംസ്‌ക്കാരിക നായകരും ചെയ്യുന്ന എളുപ്പ പണിയാണ്. ചിലപ്പോള്‍ അവരും കൂടെ കണ്ണികളായ മറ്റ് കാരണങ്ങളെ പറ്റി ചര്‍ച്ച ചെയ്യാതെ ഇരിക്കാന്‍ ഉള്ള ഒളിച്ചോട്ടവും. കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ എന്ന് പറഞ്ഞ് വര്‍ഷങ്ങളായി റേഡിയോയിലും ടിവിയിലും ഇപ്പോ സോഷ്യല്‍ മീഡിയയിലും വിഗദ്ധര്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഒരു വിധം എല്ലാവര്‍ക്കും ഇതൊക്കെ അറിയാവുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപെട്ട ചര്‍ച്ചകളില്‍ ആ കാര്യങ്ങളുമായി ഒരു ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിരളമാണ്. മന:പൂര്‍വമോ അല്ലാതെയോ വളരെ പ്രാധാന്യമുള്ള ആ ചങ്ങല നമ്മള്‍ മുറിക്കുന്നു.
മുറിഞ്ഞു പോയ ചങ്ങല കണ്ണികള്‍ തിരിച്ച് കൂട്ടി ചേര്‍ക്കാനുള്ള ഒരു ശ്രമമാണ് ഈ എഴുത്ത്.
It Not Marco But Testro
ഈ കഥയില്‍ മാര്‍ക്കോയും ഉണ്ടെങ്കിലും പ്രധാന വില്ലന്‍ ടെസ്റ്റസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ ആണ്. വില്ലന്‍ മാത്രമല്ല നായകനും. മനുഷ്യരെ മനുഷ്യരാക്കുന്നതില്‍ ഇവന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആണിനെയും പെണ്ണിനെയും നിര്‍മ്മിക്കുന്നതും, കരുത്തുള്ളവരെയും ഇല്ലാത്തവരെയും സൃഷ്ടിക്കുന്നതും, ആക്രമകാരികളെയും ശാന്തന്‍മാരെയും സൃഷ്ടിക്കുന്നതിലും, നമ്മള്‍ക്ക് ലൈംഗിക താല്‍പര്യങ്ങളില്‍ ഏറ്റകുറച്ചില്‍ ഉണ്ടാക്കുന്നതിലും എല്ലാം ടെസ്റ്റസ്റ്ററോണ്‍ തന്നെ പ്രധാനി.
കുഞ്ഞുങ്ങളില്‍ ടെസ്റ്റ്‌റോണിന്റെ അളവ് ഏറ്റവും കുറവാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അളവ് കൂടുകയും കൗമാരത്തില്‍ ഏററവും ഉന്നതിയില്‍ എത്തുകയും ചെയ്യും. അതില്‍ തന്നെ ലേറ്റ് ടീന്‍സ് (15-19 വയസ്) പ്രായത്തില്‍ ആണ് മനുഷ്യര്‍ക്ക് ഏറ്റവും അധികം ടെസ്റ്റസ്റ്ററോണ്‍ കാണപ്പെടുന്നത്. ഇരുപത് – മുപ്പത് വയസിനിടയില്‍ അത് കൂടുതല്‍ ആണെങ്കിലും കൗമാര സമയത്തെക്കാള്‍ കുറയും. മുപ്പത് വയസിന് ശേഷം വീണ്ടും വളരെ കുറയും . തുടര്‍ന്നങ്ങോട്ട് കുറഞ്ഞു കൊണ്ടേയിരിക്കും.
അഗ്രഷനും ചോരതിളപ്പിനും എടുത്തു ചാട്ടത്തിനും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോര്‍മോണ്‍, കൗമാര പ്രായത്തില്‍ ഏറ്റവും കൂടി നില്‍ക്കുന്നതും പിന്നീടങ്ങോട്ട് ക്രമേണ കുറയുന്നതും ഈ പറഞ്ഞ കാര്യങ്ങളിള്‍ ഓരോ ഏജ് ഗ്രൂപ്പിലും അപ്പോള്‍ വിത്യാസപ്പെട്ടിരിക്കുന്നതില്‍ അപ്പോള്‍ അത്ഭുതമില്ലല്ലോ . തല്ലുമാലയും തന്ത വൈബും ബയോളജിയുടെ സൃഷ്ടിയാണ്. കാലക്രമേണ ലോകം കണ്ട് കൂടുതല്‍ ഓണം ഉണ്ട് ഒതുങ്ങി ജീവിച്ചു വൈബ് മാറുന്നത് എന്ന് പലരും പറയാറുണ്ടെങ്കിലും ശരീരം നമ്മളെ തന്ത വൈബിലേക്ക് നയിക്കുകയാണ്.
ഇനി ഒരാള്‍ തന്ത ആകുമ്പോള്‍ നേരത്തെ പറഞ്ഞ പ്രായത്തില്‍ ഉള്ള ടെസ്റ്റസ്റ്ററോണിന്റെ കുറവിന്റെ കൂടെ അധികമായി വീണ്ടും ഒരു കുറവ് നടക്കുന്നുണ്ട്. നവജാത ശിശുക്കളെ പരിപാലിക്കുന്ന പുതിയ അച്ഛന്‍മാരില്‍ ടെസ്റ്റസ്റ്ററോണ്‍ കുറയുന്നുണ്ട്. തന്ത വൈബ് എന്ന പേര് സംഭാവന ചെയ്ത ഇന്‍ഫ്‌ളുവന്‍സര്‍ ഇതൊന്നും ആലോചിക്കാതെയാണ് അത് പറഞ്ഞതെങ്കിലും ആ വാക്ക് കറക്റ്റ് ആണ്. തന്തയാകുമ്പോള്‍ നമ്മളുടെ ശരീരത്തിന്റെ വൈബ് മാറുന്നുണ്ട് .
തല്ലുമാല ഗ്ലോബല്‍ ആണോ?
കൗമാരക്കാരില്‍ ഉള്ള അഗ്രഷന്‍ കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസമല്ല. മനുഷ്യന്‍ ഒരു സ്പീഷിസ് ആയതിനാല്‍ ബയോളജി സൃഷ്ടിക്കുന്ന പാറ്റേണുകള്‍ സര്‍വ്വദേശീയവും എല്ലാ കാലത്തും ഉള്ളതാണ്. ക്രിമിനോളജി റിസര്‍ച്ചുകളും സൈക്കോളജി റിസര്‍ച്ചുകളും ശരി വെക്കുന്ന ഒരു കാര്യമുണ്ട്. കൗമാരക്കാര്‍ മറ്റുള്ളവരെക്കാള്‍ വയലന്റ് ആണ്. ഗ്ലോബല്‍ ക്രൈം സ്റ്റാസ്റ്റിക്‌സ് പ്രകാരം 15-24 ഏജ് ഗൂപ്പില്‍ ആണ് വയലന്റ് ക്രൈം പീക്ക് ചെയ്യുന്നത്.
പന്ത്രണ്ട് വയസില്‍ താഴെ വരെ അഗ്രഷന്‍ ഉണ്ടെങ്കിലും ശാരീരികമായി അത് മാറുന്നില്ല . വയലന്‍സില്ലാത്ത വാശിയും ദേഷ്യം ഒക്കെയാണ് കാണുന്നത്.
ഇരുപത് വയസിന് മുകളില്‍ അഗ്രഷന്‍ ഉണ്ടെങ്കിലും അത് കൗമാരപ്രായത്തിനെക്കാള്‍ കുറവും അതിലുപരി ഈ അഗ്രഷന്‍ മത്സരം , സ്ട്രസ് തുടങ്ങിയവിലേക്ക് മാറ്റപെടുകയും ചെയ്യുന്നു.
തലച്ചോറിലെ വെള്ളവരകള്‍
ടെസ്റ്റസ്‌റോണ്‍ കൂടിയാല്‍ അഗ്രഷന്‍ കൂടും എന്ന് മനസിലാക്കരുത്. ടെസ്റ്റസ്‌റോണ്‍ അഗ്രഷന്‍ ബന്ധം അത്ര ലീനിയര്‍ അല്ല. പ്രധാന നായകന്‍ / വില്ലന്‍ ആണെങ്കിലും ഈ കഥയില്‍ മറ്റ് സഹ നടന്‍മാരുണ്ട്. കുടുംബം , കൂട്ടുകെട്ട് തുടങ്ങിയ സാമൂഹിക കാരണങ്ങളും, കോര്‍ട്ടിസോള്‍ പോലുള്ള മറ്റ് ഹോര്‍മോണുകളും, അതിലുപരി നമ്മുടെ തലച്ചോറും എല്ലാം കൂടെ ചേര്‍ന്നുള്ള സങ്കീര്‍ണമായ പ്രകൃയ ആണ് ഇത്.
നമ്മളുടെ തലച്ചോറിലെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സ് (PFC) എന്ന ഭാഗം ഇതില്‍ ഏറ്റവും ക്രിട്ടിക്കല്‍ ആയുള്ള ഒരു ഘടകമാണ്. നമ്മുടെ തലയുടെ മുന്‍വശത്തു കാണുന്ന PFC തലച്ചോറിന്റെ എക്‌സ്‌ക്യൂട്ടിവ് കണ്‍ട്രോള്‍ സിസ്റ്റം എന്നറിയപ്പെടുന്നു . മനുഷ്യനെ മനുഷ്യനാകുന്ന വളരെ പ്രധാനപ്പെട്ട കാര്യങ്ങളായ ഇംപള്‍സ് കണ്ട്രോള്‍ (പെട്ടെന്നുള്ള ത്വരയില്‍ പ്രവര്‍ത്തിക്കണമോ അതോ വേണ്ടയോ), ഡിസിഷന്‍ മേക്കിംഗ് (ഗുണവും ദോഷവും മനസിലാക്കി തീരുമാനമെടുക്കുക), പ്ലാനിംഗ് , സോഷ്യല്‍ ബിഹേവിയര്‍ (സമൂഹത്തിലെ രീതികള്‍ മനസിലാക്കി പ്രവര്‍ത്തിക്കുക), ഇമോഷണല്‍ റെഗുലേഷന്‍ എല്ലാം പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സിന്റെ ജോലിയാണ്.
അതില്‍ തന്നെ നമ്മളുടെ വികാരങ്ങളുമായും അഗ്രഷനുമായും ബന്ധപെട്ട തലച്ചോറിലെ ആല്‍മണ്ട് വലുപ്പത്തിലുള്ള ഭാഗം അമിഗ്ദലയെ കൗണ്ടര്‍ ബാലന്‍സ് ചെയ്യുന്നത് PFC ആണ് എന്നുള്ളത് ഇപ്പോള്‍ സംസാരിക്കുന്ന വിഷയത്തില്‍ വളരെ പ്രാധാന്യമുള്ള കാര്യമാണ്. ചുരുക്കി പറഞ്ഞാല്‍ PFC ഒരു ബ്രേക്കിംഗ് സിസ്റ്റം ആണ്. അമിഗ്ദലയെ അഴിഞ്ഞാടാന്‍ വിടാത്ത ബ്രേക്ക്.
എന്നാല്‍ PFC പൂര്‍ണമായും വളര്‍ച്ചയെത്താന്‍ ഇരുപത്തിയഞ്ച് വയസാകും. കുഞ്ഞായി ഇരിക്കുമ്പോള്‍ PFC ഉണ്ടെങ്കിലും പ്രവര്‍ത്തനം വളരെ കുറവാണ്. ബേസിക്ക് ആയ വൈകാരിക നിയന്ത്രണം ഒക്കെ ഉണ്ടെങ്കിലും ഒട്ടും സ്ഥിരതയില്ലാത്തതും വളരെ കുറഞ്ഞ രീതിയിലുമാണ് പത്ത് വയസു വരെയുള്ള പ്രായത്തില്‍ PFC യുടെ പ്രവര്‍ത്തനം കാണാനാവുന്നത്.
11-14 പ്രായത്തില്‍ നമ്മളുടെ പ്രധാന നായകന്‍ ടെസ്റ്റസ്‌ട്രോണും മറ്റ് ഹോര്‍മോണുകളും കൂടെ ചേര്‍ന്ന് നമ്മളുടെ തലച്ചോറിനെ പുതുക്കി പണിയും. ഈ സമയത്ത് നടക്കുന്ന മറ്റൊരു സംഭവമാണ് Synaptic pruning. ഉപയോഗിക്കുന്ന ന്യൂറല്‍ കണക്ഷനുകളെ കൂടുതല്‍ ശക്തമാക്കുകയും ഉപയോഗിക്കാത്തവയെ ഇല്ലാതെയാക്കുകയും ചെയ്യുന്ന പ്രതിഭാസം. ഒരു വലിയ മരത്തിന്റെ ചില ശാഖകള്‍ മാത്രം വളര്‍ത്തുകയും, ചിലത് വെട്ടികളയുന്നതും പോലെ. ഇത് പേരന്റിംഗിലും ടീച്ചിംഗിലും വളരെ പ്രാധാന്യമുള്ള കാരണമാണ്. കുട്ടികളെ ഈ സമയത്ത് എന്താണോ പരിശീലിപ്പിക്കുന്നത് അതിനനുസരിച്ച് അവരുടെ തലച്ചോറും പരിവര്‍ത്തനം ചെയ്യും. ഈ സമയം നഷ്ടപെട്ടാല്‍ അത് തിരിച്ചു കിട്ടുകയും ഇല്ല.
പക്ഷേ അതേ സമയം വൈകാരിക നിയന്ത്രണം ഈ സമയത്ത് അത്ര മികച്ചതായിരിക്കില്ല . കാരണം PFC പൂര്‍ണമായും വളര്‍ന്നിട്ടുമില്ല. അതേ സമയം ഹോര്‍മോണുകള്‍ നമ്മളുടെ അമിഗ്ദലയെ നന്നായി പ്രവര്‍ത്തിപ്പിച്ചു തുടങ്ങുകയും ചെയ്യും. ബ്രേക്ക് കുറവ്, ആക്‌സിലേറ്റര്‍ കൂടുതല്‍.
15-19 സമയത്ത് PFC കൂടുതല്‍ പക്വമാകുമെങ്കിലും ഈ സമയത്ത് അമിഗ്ദലയെ പിടിച്ചു കെട്ടാന്‍ വേണ്ടത്ര കരുത്ത് അതിനില്ല. വൈകാരികവും റിസ്‌കിയും ആയ ടാസ്‌കുകളില്‍ കൗമാരക്കാരും മുതിര്‍ന്നവരും ഇടപെടുമ്പോള്‍ അവരുടെ അമിഗ്ദലയും PFC യും എങ്ങനെ പ്രതികരിക്കുന്നു എന്ന് പഠനങ്ങളില്‍ കണ്ട് പിടിച്ചിട്ടുണ്ട്.
കൗമാര പ്രായത്തില്‍ പള്‍സറില്‍ റോഡിലൂടെ പായാനും, ദേഷ്യം വരുമ്പോള്‍ റിമോട്ട് എറിയാനും ഒക്കെ നമ്മള്‍ക്ക് തോന്നുന്നത് തലച്ചോറില്‍ സംഭവിക്കുന്ന ഈ മിസ്മാച്ച് കാരണമാണ്. വികാരങ്ങളുടെ ലിംബിക് സിസ്റ്റം പക്വമാകുകയും, അതിന്റെ ബ്രേക്ക് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ ഇരിക്കുകയും ചെയ്യുന്നു.
ഈ സമയത്ത് നടക്കുന്ന മറ്റൊരു പ്രക്രിയയാണ് തലച്ചോറിലെ വൈറ്റ് മാറ്ററിന്റെ സൃഷ്ടി. ഇതിനെ മൈയിലിനേഷന്‍ (Myelination) എന്ന് പറയുന്നു. മൈലിന്‍- പ്രോട്ടീനും ഫാറ്റും ഒക്കെ ചേര്‍ന്ന് തലച്ചോറില്‍ നിര്‍മ്മിക്കുന്ന ഒരു കവചമാണ്. ഒരു സെമി കണ്ടക്ടര്‍ കവചം. ഇവ നിര്‍മ്മിക്കപ്പെടുന്നതോടെ തലച്ചോറിലെ ന്യൂറല്‍ കമ്യൂണിക്കേഷന്‍ കൂടുതല്‍ ഇഫക്റ്റീവ് ആകും. മൈയിലിനേഷന്‍ നടക്കുമ്പോള്‍ തലച്ചോറിന് വെള്ള നിറം വരുകയും അതിനെ വൈറ്റ് മാറ്റര്‍ എന്നറിയപ്പെടുകയും ചെയ്യുന്നു.
23-25 വയസാകുമ്പോള്‍ മൈയിലിനേഷന്‍ പൂര്‍ണമാകുകയും അതോടൊപ്പം തന്നെ PFC യും മിക്കവരിലും പരിപൂര്‍ണമായും പക്വമാകുകയും ചെയ്യും.
ചിലപ്പോള്‍ രൂക്ഷമായി നോക്കി എന്ന് പറഞ്ഞ് കൗമാരക്കാരന്‍ ചാടി അടിച്ചു എന്ന് വരാം. പക്ഷേ അതേ സമയം ഇരുപത്തിയഞ്ച് വയസിന് ശേഷം അടിച്ചാല്‍ എന്ത് സംഭവിക്കും എന്ന് PFC ഒന്ന് ആലോചിക്കും.
ടീച്ചിങ്/പാരന്റിങ്
കൗമാരം കഴിയുമ്പോള്‍ അഗ്രഷന്‍ പൂര്‍ണമായും അപ്രത്യക്ഷമാകുകയില്ല. പകരം അതിന്റെ രൂപവും അത് പ്രകടമാകുന്ന മേഖലകളും മാറും. കൗമാരത്തിലും കുറഞ്ഞ ടെസ്റ്റസ്ട്രാണ്‍, അമിഗ്ദലയെ പിടിച്ചു കെട്ടുന്ന PFC, മൈയിലിനേഷന്‍ നടന്ന തലച്ചോറ് ഇതെല്ലാം കൂടെ ചേര്‍ന്ന് കൗമാരത്തിലെ പെടപ്പ് യൗവനത്തില്‍ ഇല്ലാതെയാക്കും. ക്ഷേ അത് മത്സരം ആവശ്യപെടുന്ന മറ്റ് കാര്യങ്ങളില്‍ പ്രകടമാകും. തിരഞ്ഞെടുപ്പുകള്‍ , സ്‌പോര്‍ട്ട്‌സ് മത്സരങ്ങള്‍ തുടങ്ങിയവയില്‍ ഒക്കെയായി അത് മാറും. കൗമാരത്തില്‍ കളി തോറ്റതിന് കളിയാക്കിയത് ആത്മഹത്യയിലേക്കോ അല്ലെങ്കില്‍ അടിപിടിയിലേക്കോ പോകാം. പക്ഷേ യൗവന സമയത്ത് അത് അടുത്ത കളി ജയിക്കാനുള്ള വാശിയായി പരിവര്‍ത്തനം ചെയ്‌തേക്കും. തല്ല് കൂടിയാല്‍ ഉണ്ടാകുന്ന ഭവിഷത്തുകളെ പറ്റി PFC പഠിക്കും. (ഇതിനര്‍ത്ഥം യൗവന കാലത്ത് ഗ്രൗണ്ടില്‍ അടിപ്പിടി ഉണ്ടാകില്ല എന്നല്ല. ജീവന്‍ മരണ പോരാട്ടങ്ങളില്‍ ഒക്കെ അത് പുറത്തു വരും. എങ്കിലും കൗമാരത്തിന്റെ ചോരതിളപ്പ് പൊതുവെ കാണില്ല).
സ്‌കൂളില്‍ നിന്നുള്ള പ്രഷര്‍, രക്ഷകര്‍ത്താക്കളുമായുള്ള വഴക്ക്, സാമൂഹികമായ ഒഴിവാക്കല്‍ തുടങ്ങി പലതും കുട്ടികളില്‍ സ്ട്രസ് ഉണ്ടാക്കുകയും അത് അഗ്രഷന്‍ ട്രിഗര്‍ ചെയ്യുകയും ചെയ്യും. പതിനാറു വയസുകാരന്‍ രക്ഷകര്‍ത്താക്കളോടും സഹോദരങ്ങളോടും ശബ്ദമുയര്‍ത്തി ബഹളം വെക്കാനും ദേഷ്യത്തില്‍ എറിഞ്ഞു പൊട്ടിക്കാനും ഉള്ള സാധ്യതയുണ്ട്. അതേ സമയം യൗവനത്തില്‍, സ്ട്രസ് – അത് ജോലിയില്‍ നിന്നുള്ളതാകാം, ദാമ്പത്യജീവിതത്തിലെയാകാം അനുഭവിക്കുന്നുണ്ടെങ്കിലും മേല്‍ പറഞ്ഞ കാരണങ്ങള്‍ ഒക്കെ കൊണ്ടു തന്നെ അവര്‍ക്ക് അത് മാനേജ് ചെയ്യാം.
സ്ട്രസ് കൊടുത്തിട്ട്, ‘അയ്യോ എന്റെ മകന്‍ / വിദ്യാര്‍ത്ഥി ഇങ്ങനെ എന്തേ പെരുമാറുന്നു’ എന്ന് സങ്കടപ്പെടുകയല്ല. മറിച്ച് സ്ട്രസ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ റീസണബിള്‍ ആയി നേരിടാന്‍ കൗമാരക്കാരന്റെ തലച്ചോറ് പരുവപ്പെട്ടിട്ടില്ല എന്ന് മനസിലാക്കി സ്ട്രസ് ഒഴിവാക്കുക ആണ് മികച്ച പേരന്റിംഗ്.
എല്ലാ കൗമാരക്കാരും അഗ്രസീവ് ആണെന്നും, പ്രായ കൂടുതല്‍ ഉള്ളവര്‍ ശാന്തരും ആണെന്ന് ഒരു ജനറലൈസേഷന്‍ ഈ ലേഖനത്തിലില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ…