അറപ്പിന്റെ ശാസ്ത്രം…. – മനോജ് ബ്രൈറ്റ്


“ചരിത്രത്തിലുടനീളം അറപ്പുളവാക്കുന്ന ചില സ്വഭാവവിശേഷങ്ങൾ—വഴുവഴുപ്പ്, ദുർഗന്ധം, ജീർണ്ണത, മ്ലേച്ഛത—എന്നിവ, ശ്രേഷ്ഠവിഭാഗങ്ങൾ തങ്ങളുടെ ഉയർന്ന മനുഷ്യ പദവി നിർവചിക്കാൻ മറ്റു ചില വിഭാഗങ്ങളുടെ മേൽ ആവർത്തിച്ച് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജൂതർ, സ്ത്രീകൾ, സ്വവർഗ്ഗാനുരാഗികൾ, തൊട്ടുകൂടാത്തവർ ഇവരെല്ലാം ശരീരത്തിൻ്റെ അഴുക്കിനാൽ കളങ്കിതരാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു.” – മാർത്ത നുസ്ബാം – അമേരിക്കൻ തത്വചിന്തക.

എന്താണ് അറപ്പ്?

മലയാളത്തിൽ ജുഗുപ്സ എന്നും പറയും. Disgust എന്ന് ഇംഗ്ലീഷ്. നവരസങ്ങളിലെ ബീഭത്സ രസം. മൂക്ക് ചുളിച്ച്, ചുണ്ടിന്റെ അരികുകള്‍ താഴോട്ടക്കി വായ അല്‍പ്പം തുറന്ന് നാക്ക്‌ പുറത്തേക്കിട്ടുകൊണ്ടുള്ള നില. എന്തോ സാധനം വായിലൂടെ പുറത്താക്കാന്‍ ഭാവിക്കുന്നതായാണ് അറപ്പിന്റെ മുഖഭാവം. മറ്റു പല ജീവികളിലും ഇതിനു സമാനമായ അവസ്ഥ നിരീക്ഷിക്കപ്പെട്ടിടുണ്ട്. വളരെ പെട്ടെന്ന് ഉത്തേജിപ്പിക്കപ്പെടുന്നതാണ് അറപ്പും, അതിന്റെ ശാരീരികമായ ആവിഷ്കരമായ ഓക്കാനവും, അതിനെ തുടര്‍ന്നു ചര്‍ദ്ദിയുമൊക്കെ. അത് പേടി പോലെ തന്നെ ശക്തമായ ഒരു വികാരമാണ്. 

എന്താണ് അറപ്പ് എന്ന വികാരത്തിന്റെ ആവശ്യം?

നമ്മൾ ഭക്ഷണം, വിശേഷിച്ചും മാംസം കഴിക്കുന്നത് കൊണ്ട് ചില പ്രശ്നങ്ങളുണ്ട്. നമുക്ക് അണുക്കളോട് മത്സരിക്കേണ്ടി വരും. പല അണുക്കളും (ബാക്ടീരിയ, ഫംഗസ്) ഭക്ഷണം തങ്ങളുടേതു മാത്രമാക്കാൻ, മറ്റു അണുക്കൾ തട്ടിയെടുക്കാതിരിക്കാൻ അതിൽ വിഷം കലർത്തും. ഉദാഹരണത്തിന്, പെൻസിലിയം നൊട്ടേറ്റം എന്ന ഫംഗസ് പെൻസിലിൻ പുറപ്പെടുവിക്കുന്നത് അതിന്റെ ശത്രു ബാക്ടീരിയയെ തുരത്താനാണ്.

അങ്ങനെ രോഗാണുക്കളുള്ള ചീഞ്ഞളിഞ്ഞ മാംസം അകത്താക്കാതിരിക്കാനുള്ള മാർഗ്ഗമാണ് അറപ്പ്. നമുക്ക് പരിചിതമായ, ശരീരത്തിന്റെ പ്രതിരോധ സംവിധാനം (immunity) നൂറു ശതമാനം ഫലപ്രദമല്ലെന്നു മാത്രമല്ല അത് ചെലവേറിയതും സ്വന്തം കോശങ്ങള്‍ക്കും കേടുവരുത്തുന്നതുമാണ്. അസുഖം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് അസുഖം വരാതെ നോക്കുന്നതല്ലേ? ആ സംവിധാനമാണ് Behavioral immune system. മലയാളത്തില്‍ പെരുമാറ്റ രോഗപ്രതിരോധം എന്ന് പറയാമെന്നു തോന്നുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ രോഗാണുവിനെ ശാരീരികമായി നേരിടുന്നതല്ല, മറിച്ച് പ്രത്യേക പെരുമാറ്റങ്ങളിലൂടെ രോഗബാധക്കുള്ള സാധ്യത കുറക്കുക എന്നതാണ്.

ഈ പെരുമാറ്റ രോഗപ്രതിരോധ വ്യവസ്ഥയുടെ (Behavioral immune system) ഭാഗമാണ് അറപ്പ്. പല ജന്തുക്കളിലും രോഗം വരാതിരിക്കാനുള്ള പ്രത്യേക പെരുമാറ്റ രീതികള്‍ ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. അനിഷ്ടകരമായ ഭക്ഷണം മൂലമുണ്ടാകുന്ന ഓക്കാനവും, തുടര്‍ന്നുണ്ടാകുന്ന വിരക്തിയും (conditioned taste aversion (CTA)) സാര്‍വത്രികമായി കാണപ്പെടുന്നുണ്ട്. അപ്പോള്‍ അറപ്പ് ചീഞ്ഞളിഞ്ഞ സാധനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും അതു വഴി രോഗബധക്കുള്ള സാധ്യത കുറയ്ക്കാനുമുള്ള ഒരു പ്രോഗ്രാമാണ് (Brain algorithm) എന്നാണ് അനുമാനം.

പേടി നമ്മളെ അപകടങ്ങളിൽ നിന്ന് (ഉദാഹരണത്തിന്, വലിയ മൃഗങ്ങൾ നമ്മളെ ആക്രമിക്കുന്നതിൽ നിന്ന്) രക്ഷിക്കാൻ സഹായിക്കുന്നത് പോലെ, അറപ്പ് നമ്മളെ ചെറിയ ജീവികൾ—അതായത്, നമ്മുടെ ശരീരത്തെ ആക്രമിക്കാൻ ശ്രമിക്കുന്ന വൈറസുകൾ, ബാക്ടീരിയകൾ, പരാദങ്ങൾ എന്നിവയിൽ നിന്നു സംരക്ഷിക്കുന്നു.

അറപ്പും, വെറുപ്പും അനിഷ്ടകരമായ വസ്തുക്കളോടുള്ള സമാനമായ എന്നാല്‍ വ്യത്യസ്തവുമായ രണ്ടു പ്രതികരണങ്ങളാണ്. ദുഃസ്വാദുള്ള ഭക്ഷണത്തോട് വെറുപ്പു തോന്നാമെങ്കിലും അറപ്പ് തോന്നുന്നത് അപൂര്‍വ്വമാണ്. ഇഷ്ടമല്ലാത്ത സസ്യജന്യമായ വസ്തുക്കളോട് തോന്നുന്നത് വെറുപ്പായിരിക്കും, അറപ്പല്ല.

അറപ്പുണ്ടാക്കുന്ന വസ്തുക്കള്‍ മൃഗങ്ങളോ, മൃഗങ്ങളില്‍നിന്നു പുറപ്പെടുന്നതോ, ചുരുങ്ങിയ പക്ഷം മൃഗങ്ങളുമായി ബന്ധപ്പെടുന്നതോ ആയിരിക്കും. ചില ജന്തുക്കള്‍‍, പ്രാണികള്‍, പുഴുക്കള്‍, മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍, ശരീര സ്രവങ്ങൾ പ്രത്യേകിച്ചും വഴുവഴുപ്പുള്ള ഈര്‍പ്പമുള്ള വസ്തുകള്‍, (രക്തം, പഴുപ്പ്, ചര്‍ദ്ദില്‍‍, മലമൂത്രങ്ങള്‍ ) വ്രണങ്ങള്‍, ചീഞ്ഞളിഞ്ഞ വസ്തുക്കള്‍, രോഗികള്‍ എല്ലാം നമ്മില്‍ അറപ്പുണ്ടാക്കും. വഴുവഴുപ്പുള്ള വസ്തുക്കളോടുള്ള അറപ്പ് ഹൊറര്‍ സിനിമകള്‍ വിജയകരമായി ഉപയോഗിക്കാറുണ്ട്. പ്രസിദ്ധമായ Alien സിനിമകളിലെ ആ അന്യ ഗ്രഹ ജീവിയുടെ വായില്‍നിന്ന് ഇറ്റു വീഴുന്ന കൊഴുത്ത ഒട്ടുന്ന ദ്രാവകം ഓര്‍ക്കുക.

മനുഷ്യന്‍ പ്രധാനമായും കാഴ്ചയെ ആശ്രയിക്കുന്ന ജീവിയായതുകൊണ്ട്, അറപ്പുണ്ടാക്കുന്ന വസ്തുവുമായി കാഴ്ചയിലുള്ള എന്തെങ്കിലും സാമ്യം പോലും അറപ്പുണ്ടാക്കും. കാഴ്ചയില്‍ മനുഷ്യ മലം പോലിരിക്കുന്ന ഒരു പലഹാരം നിങ്ങള്‍ കഴിക്കുമോ? അത് ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കിയതാണെന്ന് നിങ്ങള്‍ക്ക് ഉറപ്പാണെങ്കില്‍ പോലും? അല്ലെങ്കില്‍ അതും പോകട്ടെ, വൃത്തിയായി കഴുകി സ്റ്റെറിലൈസ് ചെയ്ത ഒരു ബെഡ് പാനില്‍ ഭക്ഷണം തന്നാല്‍ കഴിക്കാമോ? അതാണ് അറപ്പിന്റെ ശക്തി.

ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന പോൾ റോസിൻ അറപ്പിന്റെ രണ്ട് അടിസ്ഥാന നിയമങ്ങൾ പറയുന്നുണ്ട്. (1) സാമ്യതാനിയമം (homeopathic magic): കാഴ്ചയിലുള്ള സാമ്യം യാഥാര്‍ഥ്യത്തെ കുറിക്കുന്നു. കാഴ്ചയിൽ മലം പോലിരിക്കുന്ന ഒരു വസ്തു തിന്നാൻ കൊള്ളാത്തതു തന്നെയായിരിക്കും, അത് ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കിയതാണെന്ന് നിങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ടെങ്കിൽ പോലും. (2) ഗുണവ്യാപന നിയമം (Law of contagion):സമ്പര്‍ക്കം മൂലം ഗുണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും. അതായത് അറപ്പുണ്ടാക്കുന്ന വസ്തു മറ്റൊരു വസ്തുവില്‍ സ്പര്‍ശിച്ചാല്‍‍, അതെത്ര ചുരുങ്ങിയ സമയത്തേക്കായാലും ആ വസ്തുവും അറപ്പുണ്ടാക്കുന്ന വസ്തുവായി മാറും.

വളരെ ന്യായമായ, പലപ്പോഴും ജീവരക്ഷക്ക് ഉതകുന്ന പേടി എന്ന വികാരം ആസ്ഥാനത്ത് പ്രവര്‍ത്തിച്ച് ചിലരില്‍ “ഫോബിയ”എന്ന പ്രശ്നം ഉണ്ടാക്കുന്നതുപോലെ അറപ്പ് എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്നുണ്ടോ? ശിലായുഗത്തില്‍ പ്രയോജനകരമായിരുന്ന ഈ അല്‍ഗോരിതം ആധുനിക കാലത്ത് എങ്ങിനെയായിരിക്കും പ്രവര്‍ത്തിക്കുക? തൊട്ടുകൂടായ്മയുടെയും റേസിസത്തിന്റേയും അയിത്തത്തിന്റേയും അപര വിദ്വേഷത്തിന്റെയും (xenophobia) തുടക്കം ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റത്തില്‍ നിന്നാകാന്‍ സാധ്യതയുണ്ട് എന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു. സാധാരണ ഇമ്മ്യൂണിറ്റി ആസ്ഥാനത്ത് പ്രവര്‍ത്തിച്ച് അലര്‍ജി അല്ലെങ്കില്‍ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നതുപോലെ ബിഹേവിയര്‍ ഇമ്മ്യൂണിറ്റി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതാകാം ഇത്. നിലവില്‍ ധാരാളം പരോക്ഷത്തെളിവുകള്‍ മാത്രമുള്ള ഒരു ഹൈപ്പോത്തസിസ്‌ ആണ് ഇതെങ്കിലും.

ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം

നമ്മുടെ ശരീരത്തിൽ ഒരു ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റമുണ്ട്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച ശേഷം അവയോടു പൊരുതുന്ന, നമുക്ക് പരിചിതമായ, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, പ്രത്യേക പെരുമാറ്റങ്ങളിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതു തടയുക എന്നതാണ് ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം ചെയ്യുന്നത്.
ഈ പെരുമാറ്റ രോഗപ്രതിരോധ വ്യവസ്ഥയുടെ (ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം) ഭാഗമാണ് അറപ്പ്.

പല ജന്തുക്കളിലും രോഗം വരാതിരിക്കാനുള്ള പ്രത്യേക പെരുമാറ്റരീതികള്‍ ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ചില ജീവികള്‍ അവയുടെ വിസര്‍ജ്ജ്യങ്ങള്‍ കൂട്ടില്‍നിന്നു ദൂരേക്ക് തെറിപ്പിച്ചു കളയും. ചെമ്മരിയാടുകള്‍ അവയുടെ കാഷ്ഠം വീണ സ്ഥലത്തെ പുല്ലു ഭക്ഷിക്കാറില്ല എന്ന് കാണുന്നു. വിസര്‍ജ്ജ്യത്തിലൂടെ പാരസൈറ്റുകളോ അവയുടെ മുട്ടകളോ ശരീരത്തിലെത്താതിരിക്കാനുള്ള മാര്‍ഗ്ഗം. എലികള്‍ക്ക് രോഗം ബാധിച്ച സഹജീവികളെ മണത്തിലൂടെ തിരിച്ചറിയാമത്രേ. ആ രോഗികളുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കും. ചിമ്പാന്‍സികളിലും രോഗം ബാധിച്ചാല്‍ അതിനെ കൂട്ടത്തില്‍നിന്നു പുറത്താക്കും.
പ്രധാനമായും നാലു തരത്തിലാണ് രോഗാണുക്കള്‍ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നതും പടരുന്നതും. ഒന്നാമത്തെ മാര്‍ഗം വളരെ അടുത്ത, ‘ഇന്റിമേറ്റ്’ ആയ ബന്ധത്തില്‍ കൂടി ഒരു ശരീരത്തില്‍നിന്നു നേരിട്ടു മറ്റൊരു ശരീരത്തിലേക്ക് കടക്കുക. ഉദാഹരണം. ലൈംഗിക രോഗങ്ങള്‍.‍ രണ്ടാമത്തെ മാര്‍ഗം വായുവിലൂടെയോ, അല്ലെങ്കില്‍ സാധാരണ സ്പര്‍ശനത്തിലൂടെയോ പകരുക. ഉദാഹരണം… ഇന്‍ഫ്ളുവെന്‍സ എന്ന ഫ്ലൂ.’ഇന്റിമേറ്റ്’ അല്ലെങ്കിലും വളരെ അടുത്ത ഇടപഴകല്‍ രോഗപകര്‍ച്ചക്ക് ആവശ്യമാണ്. മൂന്നാമത്തെ രീതി വല്ല കൊതുക്, പ്രാണി, ചെള്ളുകള്‍ ഇവയുടെ ശരീരത്തില്‍ കയറി ലക്ഷ്യത്തിലെത്തുക. മലേറിയ, പ്ളേഗ്, ടൈഫസ് എന്നിവ ഉദാഹരണങ്ങള്‍. നാലാമത്തെ രീതി ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെ പകരുക. ഉദാഹരണം. കോളറ, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ്. പിന്നെ വൃത്തിഹീനമായ പരിസരങ്ങളില്‍ തക്കം പാര്‍ത്തിരുന്നു പിടികൂടുന്ന അസുഖങ്ങളുമുണ്ട്. ഉദാഹരണം..ടെറ്റനസ്സ്.

ഇതിൽ ആദ്യത്തെ രണ്ടെണ്ണവും, കുറച്ചൊക്കെ മൂന്നാമത്തേതും മറ്റുള്ള ആളുകളുമായുള്ള സമ്പർക്കം നിയന്ത്രിച്ചു കൊണ്ട് രോഗപകർച്ച തടയാനാകും. ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം ചെയ്യുന്നത് അതാണ്.

നമ്മുടെ ബ്രെയിന്‍ അല്‍ഗോരിതം

ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം അടിസ്ഥാനപരമായി ഇതാണ്… അപരിചിതരോട് അഥവാ സ്വന്തം ഗോത്രത്തിനു പുറത്തുള്ളവരോട് എപ്പോഴും അകലം പാലിക്കുക. നമുക്ക് പ്രതിരോധം ഇല്ലാത്ത രോഗാണുക്കള്‍ അവരുടെ ദേഹത്തുണ്ടാകാം. (ഒരു ഗോത്രത്തിലെ പൊതുവെ എല്ലാവര്‍ക്കും അവരുടെ ഇടയില്‍ സാധാരണമായ എല്ലാ രോഗാണുക്കള്‍ക്കും പ്രതിരോധം ഉണ്ടായിരിക്കും.) നിങ്ങള്‍ കണ്ടു ശീലിച്ചതില്‍നിന്നും വ്യത്യസ്തമായ ശരീരപ്രകൃതിയുള്ളവരെ പോലും സൂക്ഷിക്കുക. അവനെ ‘തൊട്ടുകൂടാത്തവനായി’ കണക്കാക്കുക. ചെറിയ കണ്ണുകള്‍ ചൈനക്കാരുടെ ഇടയില്‍ നോര്‍മല്‍ ആണെങ്കിലും മറ്റൊരു സമൂഹത്തില്‍ അത് കണ്ണിനെ ബാധിച്ച ഏതെങ്കിലും ഇന്‍ഫെക്ഷന്‍ ആയിരിക്കാം. നിങ്ങളുടെ കൂട്ടത്തിലുള്ളവരെല്ലാം വെളുത്ത തൊലിയുള്ളവരാണെങ്കില്‍ ഒരു കറുത്ത തൊലിക്കാരനോടോ, മഞ്ഞത്തൊലിക്കാരനോടോ ഒക്കെ അകല്‍ച്ച പാലിക്കുക. നേരെ തിരിച്ചും. കാരണം ചിലപ്പോള്‍ ഈ തൊലിയുടെ നിറവ്യത്യാസം ഏതെങ്കിലും പകര്‍ച്ചവ്യാധിയുടെ ലക്ഷണമായിരിക്കാം. തൊലിയുടെ നിറവ്യത്യാസം മോശമാണ് എന്നതല്ല, ബ്രെയിന്‍ അല്‍ഗോരിതം അങ്ങിനെയാണ് സെറ്റ്‌ ചെയ്തിരിക്കുന്നത് എന്നെ ഇതിനര്‍ത്ഥമുള്ളൂ.

അതായത് താന്‍ കണ്ടു പരിചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി കാണുന്ന എല്ലാവരോടും അകല്‍ച്ച പാലിക്കുക എന്ന അൽഗോരിതമാണ് നമ്മുടെ മസ്തിഷ്‌കം ഉപയോഗിക്കുന്നത്.
ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍ മറ്റു പ്രദേശങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പാരസൈറ്റുകള്‍ ഉണ്ടായിരിക്കും എന്നതിന് ധാരാളം തെളിവുകളുണ്ട്. അപ്പോള്‍ രസകരമായ ചോദ്യം, ഒരു പ്രദേശത്തെ പാരസൈറ്റുകളുടെ അളവ് അവിടത്തെ ആളുകളുടെ വ്യക്തിത്വത്തേയും, പെരുമാറ്റത്തെയും എങ്ങിനെ ബാധിക്കും എന്നതാണ്.ഒരു ജനതയുടെ അന്തര്‍മുഖത്വവും, ബഹിര്‍മുഖത്വവും അവിടത്തെ പാരസൈറ്റുകളുടെ പ്രാബല്യത്തെ (prevalence) ആശ്രയിച്ചിരിക്കുമത്രെ. പകർച്ചവ്യാധികൾ കൂടുതലുള്ള രാജ്യങ്ങളിൽ, ആളുകൾ കൂടുതൽ യാഥാസ്ഥിതികരായിരിക്കും എന്നാണ് കാണുന്നത്. അതായത് പാരസൈറ്റുകള്‍ കുറഞ്ഞ ഇടങ്ങളില്‍ പുതുമയോടുള്ള അഭിമുഖ്യവും (neophilia), കൂടിയ ഇടങ്ങളില്‍ പുതുമയോടുള്ള ഭയവും (neophobia) കൂടുതലായിരിക്കും. ലോകവ്യാപകമായി നടത്തിയ ചില പഠനങ്ങളില്‍ ഈ പ്രവചനം ശരിവച്ചിട്ടുണ്ട്.

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? യൂറോപ്യന്മാര്‍ സ്നേഹം പ്രകടിപ്പിക്കുന്നത് കെട്ടിപ്പിടിച്ചിട്ടാണ്. നമ്മള്‍ എന്തുകൊണ്ട് കെട്ടിപിടിച്ചു സ്നേഹം പ്രകടിപ്പിക്കുന്നില്ല? നമ്മുടെ പരസ്പരാഭിവാദ്യം പോലും കൈ കൂപ്പിയാണല്ലോ. നിവര്‍ത്തിയുണ്ടെങ്കില്‍ പരസ്പരം തൊടില്ല. തണുപ്പന്മാരായ യൂറോപ്യന്‍മാര്‍ക്ക് ആരെയും ധൈര്യമായി കെട്ടിപ്പിടിക്കാം. പാരസൈറ്റുകളെ അത്ര പേടിക്കേണ്ടതില്ല. അതു പോലെയല്ല ഉഷ്ണപ്രദേശങ്ങളിൽ. ലോകത്തിലെ ഏറ്റവും ലിബറലായ രാജ്യങ്ങള്‍ യൂറോപ്പിലെത്തന്നെ തണുപ്പന്‍ രാജ്യങ്ങളായ സ്കാന്റിനേവിയന്‍ രാജ്യങ്ങളാണെന്നത് യാദൃശ്ചികമല്ല. ഇവിടെ കൊടുത്തിരിക്കുന്ന മാപ്പ് നോക്കൂ..മതവിശ്വാസികളുടെ എണ്ണം ഭൂമദ്ധ്യരേഖയില്‍നിന്നു അകലുംതോറും കുറഞ്ഞു വരുന്നത് കാണാം. അവര്‍ പാരമ്പര്യവാദികളാകാന്‍ താല്പര്യം കാണിക്കുന്നില്ല എന്ന് കരുതാവുന്നതാണ്.

നമ്മുടെ സൈക്കോളജിയും അതു വഴി നമ്മുടെ സംസ്കാരവും രൂപപ്പെടുത്തുന്നതില്‍, നമ്മളെ neophobic ആക്കുന്നതില്‍ രോഗാണുക്കള്‍ ഒരു പങ്ക് വഹിച്ചിരിക്കാം. പുതിയ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയാനുള്ള ഈ കാലഹരണപെട്ട അല്‍ഗോരിതം ഉണ്ടാക്കുന്ന യഥാര്‍ത്ഥ പ്രശ്നം വ്യത്യസ്തങ്ങളായ ജാതികളും, വര്‍ണ്ണങ്ങളുമായി പിരിയാനുള്ള പ്രവണതയാണ്. റേസിസത്തിന്റേയും അയിത്തത്തിന്റേയും വിദേശീയ വിദ്വേഷത്തിന്റെയും (xenophobia) തുടക്കം ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റത്തില്‍ നിന്നാകാന്‍ സാധ്യതയുണ്ട് എന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു.

പാര്‍പ്പിടം, അവയുടെ പരസ്പരമുള്ള അകലം, വാസസ്ഥലങ്ങളുടെ പേര്, ധരിക്കുന്ന വസ്ത്രം, ജീവിതരീതി, കുടുംബ ബന്ധം, ബന്ധങ്ങളെ സൂചിപ്പിക്കുന്ന പദങ്ങള്‍‍, (അതായത് ഭാഷ) ആചാരങ്ങള്‍, കഴിക്കുന്ന ഭക്ഷണം, പേരുകള്‍ ഇവയെല്ലാം പരസ്പരം തിരിച്ചറിയാനുള്ള ഉപാധികളായി മാറി.

Loading