വ്യക്തി എന്ന നിലയിൽ നമ്മുടെ വളർച്ച അളക്കേണ്ടത് നമ്മുടെ നേട്ടങ്ങൾ കൊണ്ടല്ല, മറിച്ച് നമ്മുടെ സഹജീവികൾക്ക് നാം നൽകുന്ന പരിഗണന കൊണ്ടാവണം. ഓർക്കുക, ക്യൂ പാലിക്കുക എന്നത് ഒരു നിയമം മാത്രമല്ല, അത് ഒരാളുടെ സമയത്തെയും അധ്വാനത്തെയും ബഹുമാനിക്കുന്ന ഹൃദയവിശാലത കൂടിയാണ്.
നിങ്ങൾ എപ്പോഴെങ്കിലും ഒരു ഇന്ത്യൻ റെയിൽവേ കൗണ്ടറിലോ, സർക്കാർ ആശുപത്രിയിലോ, ഷോപ്പിംഗ് മാളിലോ, സൂപ്പർമാർക്കറ്റിലോ അതുമല്ലെങ്കിൽ ഒരു ആരാധനാലയത്തിലോ ക്യൂ നിന്നിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കറിയാം, അവിടെ നിലനിൽക്കുന്നത് ഒരു വരിയല്ല, മറിച്ച് തന്ത്രപരമായ ഒരു ‘മുന്നേറ്റം’ ആണെന്ന്. ലോകം മുഴുവൻ FIFO (First-In, First-Out) എന്ന മാന്യമായ രീതി പിന്തുടരുമ്പോൾ, നമ്മൾ ഇന്ത്യക്കാർ വികസിപ്പിച്ചെടുത്ത FIFO(Fittest-In, First-Out) എന്ന അത്ഭുതകരമായ വിദ്യയും അതിലുപരി “കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന മനോഭാവവും.
ലോകത്തിലെ തന്നെ ഏറ്റവും മോശം ക്യൂ സംവിധാനമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്നത് നമ്മുടെ ഈ വന്യമായ ‘തിരക്ക് കൂട്ടൽ’ സംസ്കാരം കൊണ്ടാണ്. ഒരുപക്ഷേ ഈ പൊതുസ്വഭാവത്തിന് ഏക മാറ്റം മദ്യശാലകൾക്ക് മുൻപിൽ നിൽക്കുന്നവരാണ്. അവിടെ പൊരിവെയിലത്തും പേമാരിയിലും മഞ്ഞിലും ഒരു പരാതിയുമില്ലാതെ എല്ലാവരും അച്ചടക്കത്തോടെ ക്യൂ നിൽക്കുന്നത് കാണാം.
ഒരു കൗണ്ടർ കണ്ടാൽ മതി, നമ്മുടെയുള്ളിലെ ജനാധിപത്യബോധം പെട്ടെന്ന് ഒരു ‘റസ്‌ലിംഗ് മാച്ച്’ ആയി പരിണമിക്കും. ക്യൂവിൽ നിൽക്കുമ്പോൾ തൊട്ടുമുന്നിലുള്ള ആളുമായി അല്പം അകലം പാലിക്കുന്നത് ഒരു വലിയ അപരാധമായാണ് നമ്മൾ കാണുന്നത്. ഈ വിടവ് കണ്ടാൽ മതി, ഏതോ പ്രൊഫഷണൽ ക്യൂ-ജമ്പർ അവിടെ നുഴഞ്ഞുകയറാൻ തയ്യാറായിട്ടുണ്ടാകും.
ഇവിടെ ഏറ്റവും രസകരമായ കാര്യം ഈ തെറ്റിക്കുന്നവരുടെ കയ്യിലുള്ള വിചിത്രമായ ന്യായീകരണങ്ങളാണ്. “ട്രെയിൻ ഇപ്പോ വിടും”, “വീട്ടിൽ ഒരാൾ അത്യാസന്ന നിലയിലാണ്”, “കുട്ടി കരയുന്നു”, “എന്റെ കല്യാണമാണ്”, എന്നിങ്ങനെ നിമിഷനേരം കൊണ്ട് മെനഞ്ഞെടുക്കുന്ന വൈകാരികമായ നുണക്കഥകൾ ഇവരുടെ പക്കൽ റെഡിയാണ്. പണം വാങ്ങി ക്യൂവിൽ നിൽക്കുന്നവർ മുതൽ, ക്യൂവിന്റെ പകുതിക്ക് വെച്ച് ‘മുൻപേ വന്ന് കർച്ചീഫ് ഇട്ട’ സുഹൃത്തിന് വേണ്ടി സ്ഥലം പിടിക്കുന്നവർ വരെ നീളുന്നു നമ്മുടെ ഈ കുബുദ്ധികൾ.
തലമുറകളായി രാജ്യം അനുഭവിച്ച വിഭവങ്ങളുടെ ദൗർലഭ്യമാണ് ഈ Scarcity Mindset രൂപപ്പെടുത്തിയത്. ഭക്ഷണ സാധങ്ങൾ മുതൽ ട്രെയിൻ ടിക്കറ്റ് വരെയും, ക്യൂ അവസാനിക്കുന്നതിന് മുൻപ് തീർന്നുപോകുമോ എന്ന ഭയത്തിലാണ് നമ്മുടെ മുൻഗാമികൾ വളർന്നത്. അത് ഇന്നും നമ്മുടെ DNA എയിൽ കിടപ്പുണ്ട്. കൗണ്ടറിന് ലംബമായി നിൽക്കുന്നതിന് പകരം സമാന്തരമായി നിൽക്കുന്നത്, കൗണ്ടറിന് പിന്നിലുള്ള ആൾ തന്റെ desperation നേരിട്ട് കാണണം എന്ന ആഗ്രഹം കൊണ്ടാണ്. ശരീരം കൊണ്ട് പരസ്പരം പശ പോലെ ഒട്ടി നിൽക്കുന്നത് വരി നീങ്ങാനല്ല, മറിച്ച് തന്റെ ഒരിഞ്ച് സ്ഥലം പോലും ആരും അപഹരിക്കരുത് എന്ന ‘അതിജീവന’ തന്ത്രത്തിന്റെ ഭാഗമാണ്.
നമ്മുടെ വിദ്യാഭ്യാസ രീതിയിൽ Sociology of the Queue എന്നൊരു പാഠം അത്യന്താപേക്ഷിതമാണ്. ക്യൂ നിൽക്കുക എന്നത് കേവലം കാത്തുനിൽക്കലല്ല, മറിച്ച് അത് ഒരാളുടെ സത്യസന്ധതയുടെയും മര്യാദയുടെയും അടയാളമാണ്. മറ്റൊരാളുടെ സമയത്തെയും ആവശ്യകതയെയും മാനിക്കുക എന്നത് അയാളുടെ ജീവിതത്തെ മാനിക്കുന്നതിന് തുല്യമാണ്.
രാജ്യത്തെ പൗരന്മാരേക്കാൾ കൂടുതൽ ഡിജിറ്റൽ ഫോണുകളുള്ള നമ്മുടെ രാജ്യത്ത്, ഈ പ്രശ്നത്തിന് ഒരു ഹൈടെക് പരിഹാരം വളരെ ലളിതമാണ്. എല്ലാ പൊതുസ്ഥലങ്ങളിലും ഒരു QR കോഡ് അധിഷ്ഠിത ഡിജിറ്റൽ ക്യൂ സിസ്റ്റം നടപ്പിലാക്കിയാൽ, ആർക്കും ആരുടെയും സ്ഥാനം തട്ടിയെടുക്കാൻ കഴിയില്ല. ഒരുപക്ഷേ ഗൂഗിൾ പേയും മറ്റു ഡിജിറ്റൽ QR കോഡ് അധിഷ്ഠിത സിസ്റ്റവും ഇത്ര സർവസാധാരണമായ ഒരു രാജ്യത്ത്. കൗണ്ടറിലിരിക്കുന്ന ഉദ്യോഗസ്ഥന് ഡിജിറ്റലായി വെരിഫൈ ചെയ്ത ശേഷം മാത്രം സേവനം നൽകുന്ന രീതി വന്നാൽ, ഈ തള്ളിക്കയറ്റത്തിന് അന്ത്യമാകും.
നമ്മൾ ചൊവ്വയിലേക്ക് ഉപഗ്രഹം അയക്കുന്നവരാണ്, ഐടി മേഖലയിൽ ലോകം ഭരിക്കുന്നവരാണ്. എന്നിട്ടും മുന്നിൽ നിൽക്കുന്ന ആളുടെ പിൻകഴുത്തിൽ ചൂടുശ്വാസം വിടാതെ ഒരു വരിയിൽ നിൽക്കാൻ നമുക്ക് സാധിക്കുന്നില്ല എന്നത് ഒരു വലിയ വൈരുദ്ധ്യമാണ്.
വ്യക്തി എന്ന നിലയിൽ നമ്മുടെ വളർച്ച അളക്കേണ്ടത് നമ്മുടെ നേട്ടങ്ങൾ കൊണ്ടല്ല, മറിച്ച് നമ്മുടെ സഹജീവികൾക്ക് നാം നൽകുന്ന പരിഗണന കൊണ്ടാവണം. ഓർക്കുക, ക്യൂ പാലിക്കുക എന്നത് ഒരു നിയമം മാത്രമല്ല, അത് ഒരാളുടെ സമയത്തെയും അധ്വാനത്തെയും ബഹുമാനിക്കുന്ന ഹൃദയവിശാലത കൂടിയാണ്.
നിങ്ങളുടെ മുന്നിലുള്ള ആൾക്ക് നിങ്ങളേക്കാൾ വലിയ അത്യാവശ്യങ്ങൾ ഉണ്ടായേക്കാം. ക്യൂ തെറ്റിക്കുന്നത് വെറുമൊരു സമയം ലാഭിക്കലല്ല, മറിച്ച് സഹജീവിയുടെ അന്തസ്സും അവകാശവും മോഷ്ടിക്കലാണ്.
അടുത്ത തവണ ഒരു വരിയിൽ നിൽക്കുമ്പോൾ അല്പം അകലം പാലിക്കാം, മുന്നിൽ നിൽക്കുന്നവന്റെ അവകാശത്തെ ബഹുമാനിക്കാം. ആ വിടവിലൂടെ വരുന്നത് നിങ്ങളുടെ സഭ്യതയും അന്തസ്സുമാണ്. നമ്മുടെ അച്ചടക്കമാണ് നമ്മുടെ യഥാർത്ഥ സംസ്കാരം. അന്യരോട് കാണിക്കുന്ന ഈ സ്നേഹവും പരിഗണനയും ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലേക്കും പകരാൻ ഇത് സഹായിക്കട്ടെ. അതല്ലേ ശരിക്കും പൗരബോധം!
![]()

