ശുചിത്വംവും സംസ്കാരവും – മനോജ് നൈരോബി


ശുചിത്വം എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും ഒരു പരിധി വരെ തടയാൻ കഴിയും അതുപോലെ അതു ഉപയോഗിക്കുന്ന മറ്റുള്ള ആൾക്കാരുടെ സന്തോഷവും നാം മറക്കരുത്.

പൊതുസ്ഥലങ്ങളിലെ ശുചിത്വം

ശുചിത്വം നമ്മുടെ സംസ്കാരത്തിന്റെയും വ്യക്തിഗത പരിചരണത്തിന്റെയും അവിഭാജ്യ ഘടകമാണ്. വ്യക്തിശുചിത്വത്തിന് നാം ഏറെ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും, പൊതുസ്ഥലങ്ങളിലെ ശുചിത്വത്തെക്കുറിച്ച് ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ ചെറിയ ലേഖനത്തിലൂടെ.

ലോകമെമ്പാടുള്ള മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ടോയ്‌ലറ്റ് മര്യാദകളുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം പിന്നിലാണ് എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഈ പ്രശ്നം നിലനിൽക്കുന്നത്? കാരണങ്ങൾ പലതായിരിക്കാം. എങ്കിലും, ഓരോരുത്തരുടെയും ചെറിയ ശ്രദ്ധ മതി ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ.

പൊതു ടോയ്‌ലറ്റ് ഉപയോക്താവിന് മാത്രമല്ല, മറ്റുള്ളവർക്കും ഉള്ളതാണ്. അത് വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വൃത്തി, ശരീര ദുർഗന്ധം, വിയർപ്പ് എന്നിവയിൽ നാം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

ഇന്ത്യയിൽ പതിവായ കുളി, കൈകാൽ കഴുകൽ തുടങ്ങിയ വ്യക്തിഗത ശുചിത്വ രീതികൾക്ക് ശക്തമായ ഊന്നൽ നൽകുന്നുണ്ടെങ്കിലും, പൊതു ടോയ്‌ലറ്റ് മര്യാദകളിലും വ്യക്തി ശുചിത്വ രീതികളിലും ചില വെല്ലുവിളികളുണ്ട്. ശുദ്ധമായ വെള്ളത്തിന്റെ ലഭ്യതക്കുറവ്, ശരിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഇല്ലാത്തത് എന്നിവ ഒരു പരിധി വരെ ഇതിനു കാരണമാകുന്നു, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ. എങ്കിലും, ലഭ്യമായ സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ച് വൃത്തി കൈവിടാതെ ഇരിക്കാൻ ശ്രദ്ധിക്കുക. മതിയായ ടോയ്‌ലറ്റുകളുടെ കുറവും അവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകളും ഓരോരുത്തരും ഓർക്കണം.
കക്ഷത്തിലെ വിയർപ്പും ശരീര ദുർഗന്ധവും പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. ദിവസേനയുള്ള കുളി ഒരു പരിധി വരെ സഹായിക്കുമെങ്കിലും, ശരിയായ ശുചിത്വ രീതികൾ പിൻ തുടരുന്നത് വളരെ നല്ലതാണ്. ഇന്ത്യയിൽ യാത്ര ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ് എന്ന് പലരും പറയാറുണ്ട്. അസാധാരണമായ വിയർപ്പ് ഒഴിവാക്കാനും ശരീര ദുർഗന്ധം തടയാനും ശ്രദ്ധ കൊടുക്കണം.

ഇന്ത്യക്കാർ ദിവസേനയുള്ള കുളി, ശുദ്ധിയുമായി ബന്ധപ്പെട്ട ആചാരങ്ങൾ തുടങ്ങിയ വ്യക്തിഗത ശുചിത്വത്തിന് മുൻഗണന നൽകുന്നു. അതിന്റെ കൂടെ ആന്റിപ്രസ്പിറന്റുകൾ അടങ്ങിയ ഡിയോഡറന്റുകൾ ശീലമാക്കുക.

ടോയ്‌ലറ്റ് എങ്ങനെ ഉപയോഗിക്കണം?

പരമ്പരാഗത “ഇന്ത്യൻ ശൈലി” സ്ക്വാറ്റ് ടോയ്‌ലറ്റ് വ്യാപകമായി പ്രചാരത്തിലുണ്ട്, ഇത് ശരിയായി ഉപയോഗിക്കുമ്പോൾ പാശ്ചാത്യ ടോയ്‌ലറ്റുകളേക്കാൾ ശുചിത്വമുള്ളതായി കണക്കാക്കാം. എന്നിരുന്നാലും, പൊതുസ്ഥലങ്ങളിൽ വൃത്തിയുള്ള ടോയ്‌ലറ്റുകളിലേക്കുള്ള പ്രവേശനം ഒരു പ്രധാന പ്രശ്നമായി തുടരുന്നു. എങ്കിലും, ഉള്ള ടോയ്‌ലറ്റുകൾ വൃത്തിയായി ഉപയോഗിക്കാൻ ശ്രമിക്കുക. പാശ്ചാത്യ ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ സീറ്റിൽ മൂത്രവും വെള്ളവും വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ബിഡെറ്റ് ഉപയോഗിക്കുന്നത് ടോയ്‌ലറ്റ് പേപ്പറിനേക്കാൾ ശുചിത്വമുള്ളതാണ്. വെള്ളം പുറത്തേക്ക് തെറിക്കാതെ ശ്രദ്ധിച്ച്, പ്രഷർ ക്രമീകരിച്ച് ഉപയോഗിക്കുക. ആ അവയവങ്ങൾ നമ്മൾക്ക് ജീവിതകാലം മുഴുവൻ വേണ്ടി ഉള്ളതാണ് എന്നോർക്കണം. കൂടുതൽ ശുചിത്വത്തിന്, ശരിയായ പൊസിഷനിൽ ഇരുന്നു ഉപയോഗിച്ചാൽ വെള്ളം പുറത്തേക്ക് പോകുന്നത് ഒഴിവാക്കാം.

ജലത്തിന്റെ ലഭ്യത

ശരിയായ ശുചിത്വത്തിന് ശുദ്ധമായ വെള്ളത്തിന്റെ ലഭ്യത നിർണായകമാണ്, ലഭ്യതക്കുറവ് ശുചിത്വ പ്രശ്നങ്ങൾക്ക് കാരണമാകും. ടോയ്‌ലറ്റ് തറയിൽ മൊത്തം വെള്ളം ഒഴിക്കുന്നത് അനാവശ്യമാണ്, ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം പാഴാക്കാതെ ഇരിക്കുക.

ടോയ്‌ലറ്റിൻറെ ശുചിത്വം

ഉപയോഗിച്ച ശേഷം വൃത്തിയാക്കുന്നത് തങ്ങളുടെ അവകാശമല്ലെന്ന് പല ഇന്ത്യക്കാരും കരുതുന്നു. ഉപയോഗത്തിന് ശേഷം വൃത്തിയാക്കേണ്ടത് മറ്റാരുടെയോ ജോലിയാണെന്ന് അവർ കരുതുന്നു. ഈ ചിന്താഗതി മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ബാത്ത്റൂം ഭിത്തികളെക്കുറിച്ചുള്ള മറ്റൊരു രസകരമായ വസ്തുത, അവ പലപ്പോഴും ഭിത്തിയിലെഴുതാൻ ഉപയോഗിക്കുന്നു, ചിലർ അവരുടെ മുൻ പങ്കാളിയുടെയോ ഇഷ്ടമില്ലാത്തവരുടെയോ വിശദാംശങ്ങൾ പോലും കുറിച്ചിടുന്നു. (ഇതിനു കേരളത്തിലെങ്കിലും കുറെ മാറ്റം വന്നെന്നു കരുതുന്നു) എന്നിരുന്നാലും, നിങ്ങൾ അവിടെ ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ, നിങ്ങളുടെ കാര്യം മാത്രം ശ്രദ്ധിക്കുക, നിങ്ങൾക്ക് ശേഷം വരുന്ന ആളിനും അവ വൃത്തിഹീനമായ രീതിയിൽ കാണാനോ ഉപയോഗിക്കാനോ താല്പര്യമില്ല എന്ന വസ്തുത മനസ്സിലാക്കി പ്രവർത്തിക്കുക. നിങ്ങൾ പോകുന്നതിന് മുമ്പും അതുകഴിഞ്ഞും അത് വൃത്തിയാക്കുക. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി നിങ്ങൾക്കുശേഷം ആ ടോയ്ലറ്റ് ഉപയോഗിക്കും എന്നു വിചാരിക്കുക.

ടോയ്‌ലറ്റ് ഉപയോഗ ചരിത്രം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടോയ്‌ലറ്റ് ഉപയോഗ ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ, മോഹൻജൊദാരോ, ഹാരപ്പൻ സംസ്കാരത്തെക്കുറിച്ച് പരാമർശിക്കേണ്ടത് അത്യാവശ്യമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഈ പുരാതന നാഗരികത അവരുടെ വീടുകളിൽ നിർമ്മിച്ച ടോയ്‌ലറ്റുകൾ ഉപയോഗിച്ചിരുന്നു. ഓരോ വീടിനും സ്വന്തമായി കക്കൂസുകളും അവ ഓടകളുമായി ബന്ധിപ്പിച്ചിരുന്നു. ഒരുപക്ഷെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനം ഇതായിരിക്കാം. അന്നത്തെ ശുചിത്വ ബോധം ഇന്നും നമുക്ക് അത്ഭുതമുളവാക്കുന്നതാണ്. നമ്മുടെ പൂർവികർ കാണിച്ചു തന്ന മാതൃക നമുക്ക് പിൻതുടരാം.

ഇനി നിങ്ങൾ ശ്രദ്ധിക്കേണ്ട ആരോഗ്യപരമായ ചില കാര്യങ്ങൾ കൂടി ചേർത്തുകൊണ്ട് അവസാനിപ്പിക്കുന്നു.

രോഗങ്ങൾ: വൃത്തിയില്ലാത്ത ടോയ്‌ലറ്റുകൾ രോഗങ്ങളുടെ പ്രധാന ഉറവിടമാണ്. കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ രോഗങ്ങൾ ബാക്ടീരിയ, വൈറസ് എന്നിവയിലൂടെ പകരാൻ സാധ്യതയുണ്ട്.

ചർമ്മ പ്രശ്നങ്ങൾ: വൃത്തിയില്ലാത്ത ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിൽ ചൊറിച്ചിൽ, അലർജി, മറ്റ് പ്രശ്നങ്ങൾക്ക് കാരണമാകും.

മാനസികാരോഗ്യം: വൃത്തിയില്ലാത്ത ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് മാനസിക സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും.

ആരോഗ്യം: പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ക്ഷയം പോലുള്ള രോഗങ്ങൾ പകരാൻ കാരണമാകും, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

പൊതു മര്യാദ: ജോലിക്കോ പഠനത്തിനോ വേണ്ടി വിദേശത്തേക്ക് പോകുന്നവർ പൊതു ടോയ്‌ലറ്റ് മര്യാദകളിലും വ്യക്തി ശുചിത്വ രീതികളിലും പ്രത്യേകം ശ്രദ്ധിക്കണം.

ശുചിത്വം എന്ന കർത്തവ്യം

ശുചിത്വം എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും ഒരു പരിധി വരെ തടയാൻ കഴിയും അതുപോലെ അതു ഉപയോഗിക്കുന്ന മറ്റുള്ള ആൾക്കാരുടെ സന്തോഷവും നാം മറക്കരുത്.

“ശുചിത്വം ദൈവത്തിന് തുല്യമാണ്” എന്നും “അതിഥി ദേവോ ഭവ” എന്നും നമ്മുടെ പഴമക്കാർ പറഞ്ഞിട്ടുണ്ട്. ഓരോ വ്യക്തിയുടെയും കടമയാണ് പൊതുസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നത്. ആഗോള താപനം, ഉഷ്ണമേഖലാ കാലാവസ്ഥ എന്നിവ കാരണം ഇന്ത്യയിൽ ധാരാളം ചൂടും വിയർപ്പും ഉണ്ടാവാറുണ്ട്. ദിവസവും കുളിച്ചാലും, ശരിയായ ശുചിത്വ രീതികൾ പിൻ തുടർന്നില്ലെങ്കിൽ ശരീരത്തിൽ ദുർഗന്ധം ഉണ്ടാവാം. അതുകൊണ്ട് വ്യക്തിഗത ശുചിത്വം പോലെ തന്നെ പൊതു ശുചിത്വത്തിനും പ്രാധാന്യം നൽകണം. നമ്മുടെ നാടിനെ വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം.

ഒരു നല്ല ടോയ്ലറ്റ് സംസ്കാരം വളർത്തുന്നതിലൂടെ, രോഗങ്ങളെയും പകർച്ച വ്യാധികളെയും ഒരു പരിധി വരെ തടയാൻ സാധിക്കും. നല്ല ആരോഗ്യം നിലനിർത്തുന്നതിന് ശുചിത്വം അത്യന്താപേക്ഷിതമാണ്. അതു നമ്മുടെ രാജ്യത്തിനോടും ജനങ്ങളോടും ഉള്ള കർത്തവ്യം ആണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കി പ്രവർത്തിക്കണം.

Loading