ആരാണ് ബൂര്‍ഷ്വ, ആരാണ് പെറ്റി ബൂര്‍ഷ്വാ; സ്വന്തമായി കൈക്കോട്ടുള്ളവൻ വരെ എങ്ങനെയാണ് ബൂര്‍ഷ്വാ ആവുന്നത്; കേരളത്തിന്റെ ‘മുതലാളി’ വിരുദ്ധതയുടെ കാരണം ഇത്തരം പദാവലികളല്ലേ; സി എസ് സുരാജ് എഴുതുന്നു


രാണ് ബൂര്‍ഷ്വ, ആരാണ് പെറ്റി ബൂര്‍ഷ്വാ; സ്വന്തമായി കൈക്കോട്ടുള്ളവൻ വരെ എങ്ങനെയാണ് ബൂര്‍ഷ്വാ ആവുന്നത്; കേരളത്തിന്റെ ‘മുതലാളി’ വിരുദ്ധതയുടെ കാരണം ഇത്തരം പദാവലികളല്ലേ; സി എസ് സുരാജ് എഴുതുന്നു

സ്വന്തമായി കൈക്കോട്ടുള്ളവൻ വരെ ബൂര്‍ഷ്വാ!

പാവപ്പെട്ടവനായ നായകന്‍, പണക്കാരനായ വില്ലന്‍, മോഡേണ്‍ വസ്ത്രങ്ങളും മറ്റും ധരിക്കുന്ന പണക്കാരന്റെ ‘അഹങ്കാരിയായ’ മകളെ നിലക്ക് നിര്‍ത്തുന്ന പാവപ്പെട്ടവനായ നായകന്‍, ഈ നായകനെ പ്രേമിച്ചു കഴിഞ്ഞതിനു ശേഷം സാരിയും മറ്റും ധരിച്ച് ചന്ദനകുറിയും തൊട്ട് ‘അച്ചടക്കമുള്ളവളായി’ മാറുന്ന നായിക, ഇതൊക്കെ നമ്മുടെ സിനിമകളില്‍ നമ്മള്‍ സ്ഥിരം കാണുന്ന രംഗങ്ങളാണ്. അതെന്തു കൊണ്ടാവാം ഭൂരിഭാഗം സിനിമകളിലും നമുക്ക് ഇത്തരം രംഗങ്ങള്‍ കാണാന്‍ കഴിയുന്നത്? ‘നല്ലവര്‍’ ആവാനുള്ള യോഗ്യതയില്‍ പാവപ്പെട്ടവന്‍ (തൊഴിലാളി) ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? പണക്കാരന്‍മാരെല്ലാം പാവപ്പെട്ടവരെ ഉപദ്രവിച്ച് (ചൂഷണം) ഒരു സുപ്രഭാതത്തില്‍ ദുഷ്ടന്‍മാരായ പണക്കാരായി (മുതലാളി) മാറിയതാണോ?

സിനിമകളിലൂടെ അവതരിപ്പിക്കുന്നതോ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയ ഇത്തരം കാര്യങ്ങള്‍ ആ സമൂഹത്തിന്റെ തന്നെ പൊതുബോധങ്ങളായിരിക്കും. സത്യത്തില്‍ സ്വകാര്യ സംരംഭങ്ങളോട്, സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരോട് നമ്മളറിയാതെ തന്നെ നമുക്ക് എന്തെങ്കിലും ശത്രുതയുണ്ടോ? നമ്മുടെ മനസ്സുകളില്‍ പാവപ്പെട്ടവര്‍ക്ക് (തൊഴിലാളികള്‍) ഒരു നായക പരിവേഷവുമുണ്ടോ? അങ്ങനെയുണ്ടെന്നു തന്നെയാണ് നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും നമ്മള്‍ തന്നെ കയ്യടിപ്പിച്ചു വിജയിപ്പിക്കുന്ന ഇത്തരം സിനിമകളും നമ്മോട് പറയുന്നത്.

‘മുതലാളി’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍, ഏതെങ്കിലുമൊരു സ്വകാര്യ സംരംഭങ്ങള്‍ കാണുമ്പോള്‍, നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിനുണ്ടാവുന്ന ആ ഒരു മുറുമുറുപ്പിന്റെ, അസ്വസ്ഥതയുടെ ഉറവിടമെന്താണ്? ആ ഉറവിടത്തിലേക്കാണ് നമ്മുടെയീ യാത്ര..! മുകളില്‍ കാണുന്ന ചില വാക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് ഒരു പ്രമുഖ പാര്‍ട്ടിയെയായിരിക്കും ഓര്‍മ്മ വരുക. ഈ വാക്കുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു കണ്ടിട്ടുള്ളതും അവരായിരിക്കും.

സത്യത്തില്‍ ആരാണ് ബൂര്‍ഷ്വ, ആരാണ് പെറ്റി ബൂര്‍ഷ്വാ?

വളരെ ചുരുക്കി, ‘അധികാരം കൈയ്യാളുന്ന മുതലാളി വര്‍ഗത്തെയാണ് ബൂര്‍ഷ്വാ എന്നും, തൊഴിലാളികള്‍ക്കും ഇത്തരം എക്സ്സ്ട്രീം ബൂര്‍ഷ്വകള്‍ക്കുമിടയില്‍ വരുന്ന വിഭാഗത്തെയാണ് ‘പെറ്റി ബൂര്‍ഷ്വാ’ എന്നും വിളിക്കുന്നതെന്ന് പറയാം. (കാലഘട്ടങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കുമനുസരിച്ച് ഇത്തരം വാക്കുകളുടെ അര്‍ത്ഥം മാറിയിട്ടുണ്ട്.) മാര്‍ക്‌സിയന്‍ പ്രത്യയശസ്ത്രം വിഭാവനം ചെയ്യുന്ന വിപ്ലവാഭിമുഖ്യം പ്രകടമാക്കാത്തവരെയും ബൂര്‍ഷ്വാ എന്ന് വിളിക്കും.

ഈ വാക്കുകളുടെ അര്‍ത്ഥമന്വേഷിച്ച് ഈ പാര്‍ട്ടിയിലെ അംഗങ്ങളുടെ പക്കലെത്തിയാല്‍, സന്ദേശം സിനിമയില്‍ ഇലക്ഷന് തോറ്റു പോയതിന്റെ കാരണം വ്യക്തമാക്കുന്ന ഒരു ഭാഗമുണ്ടല്ലോ… ആ… അങ്ങനത്തെ ഒരു മറുപടിയാവും ഭൂരിഭാഗവും കിട്ടുക. ആരും ഇതൊന്നും മനസ്സിലാക്കാരുതെന്ന ഉദ്ദേശം കൊണ്ട് പറയുകയാണോ അതോ അവര്‍ക്ക് ഇത് മനസ്സിലാവാത്തതു കൊണ്ട് കാണാപാഠം പഠിച്ചു പറയുകയാണോ… ഒന്നുമറിയില്ല.

ഇനി കമ്മ്യൂണിസം നടപ്പിലാക്കിയ രാജ്യങ്ങളിലേക്കൊന്നു എത്തി നോക്കിയാല്‍, കൊലപാതകങ്ങളുടെ നീണ്ട പരമ്പര തന്നെ നമുക്കവിടെ കാണാനാവും. ഇവര്‍ ഇങ്ങനെ കൊന്നുതള്ളിയിട്ടുള്ളതില്‍ പ്രാധാനപ്പെട്ട വിഭാഗമാണ്  ‘Kulaks’ (Higher income – farmers). മനുഷ്യരെ ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന ദുഷ്ട്ടന്മാരാണ് ഇവരെന്ന് ധരിക്കാന്‍ വരട്ടെ. സ്വന്തമായി പണിയായുധങ്ങളും, സ്ഥലവും മറ്റുമുള്ളവരും Kulaks ആണ്! അതായത് നമ്മുടെ നാട്ടിലെ ചെറുകിട കര്‍ഷകര്‍ പോലും Kulaks ആണെന്ന് സാരം.

പ്രശ്‌നം പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ തന്നെ

ഇത്തരം കൂട്ടകൊലപാതകങ്ങളുടെ കണക്കെടുക്കാന്‍ നമ്മളിവിടെ തയ്യാറാവുന്നില്ല. അതല്ല നമ്മുടെ വിഷയം. നമ്മള്‍ പറഞ്ഞ ആ ഉറവിടം ഏകദേശമിപ്പോള്‍ മനസ്സിലായിയെന്ന് കരുതുന്നു. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് വന്നാല്‍, ‘മുതലാളിമാര്‍’ എല്ലാം തന്നെ ശത്രുക്കള്‍ ആണെന്നും, ‘തൊഴിലാളികള്‍’ അവര്‍ക്കെതിരെ സംഘടിക്കണമെന്നും, സ്വകാര്യ സംരംഭങ്ങള്‍ നമുക്ക് ആപത്താണെന്നും, ഏതെങ്കിലുമൊരു സ്വകാര്യ സംരംഭത്തിന്റെ തലവന്‍ (എത്ര വലിയ സംരഭമായാലും ചെറുതായാലും) ദുഷ്ടനാണെന്നും, അവനെ ശത്രുവായി കാണണമെന്നും പറഞ്ഞു പഠിപ്പിച്ച ആ പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ തന്നെയാണ് നമ്മള്‍ നേരത്തെ പറഞ്ഞ, നമ്മുടെയത്തരം ചിന്താഗതികള്‍, രൂപപ്പെട്ടു വന്നതിന്റെ പ്രധാന കാരണം.

‘തൊഴിലാളിവര്‍ഗ സര്‍വാധിപത്യം’ വരാനായി കിണഞ്ഞു പരിശ്രമിക്കുകയും, ഭക്ഷണത്തിനു മുന്‍പും ശേഷവുമെന്നോണം ‘ജനാധിപത്യം’ എന്ന് ഉരുവിടുകയും ചെയ്യുന്ന അതേ പ്രസ്ഥാനം തന്നെ… പറഞ്ഞു വന്നതിത്രയുമാണ്, സ്വാതന്ത്ര്യ ഇക്കോണമിയെന്നു കേള്‍ക്കുമ്പോള്‍ അതിനെ കുറിച്ച് കൂടുതലൊന്നുമറിയിയെങ്കില്‍ കൂടി നമ്മുടെയൊക്കെ മുഖം ചുളിയുന്നതിലും, സ്വകാര്യ സംരംഭകനെ കാണുമ്പോള്‍ അറിയാതെ തന്നെ നമ്മുടെ മനസ്സില്‍ ഒരു പൈശാചിക മുഖമോര്‍മ്മ വരുന്നതിലുമെല്ലാം, കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനം നമുക്ക് കാണാന്‍ കഴിയും. ഇന്ന് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അന്ധവിശ്വാസങ്ങളുടെ പ്രധാന ഉറപ്പിടമന്വേഷിച്ചു പോയാലും, എത്തിച്ചേരുക ഇതേ പ്രത്യയശാസ്ത്ര തത്വങ്ങളില്‍ തന്നെയാവും!

നിങ്ങള്‍ ചൂഷണങ്ങള്‍ക്ക് വിധേയരായവര്‍ ആണെന്ന് ഒരു വിഭാഗത്തെ പറഞ്ഞു പ്രകോപിപ്പിക്കുക്കയും, അവരുടെ ശത്രുക്കള്‍ എന്ന് വിചാരിക്കുന്നവരെ കീഴ്‌പ്പെടുത്താന്‍ തങ്ങള്‍ കൂടെ നില്‍ക്കുമെന്നു പറയുകയും ചെയ്ത് സ്വന്തം നിലനില്‍പ്പ് ഉറപ്പിക്കുന്ന രീതി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചെയ്യാറുണ്ട്. എന്നാല്‍, ഇതിലൂടെ ഒരു സമൂഹം തന്നെ പുറകോട്ടു പോവുകയാണെന്ന് മനസ്സിലാക്കാത്തതെന്തു കൊണ്ടാണ്? മനസ്സിലാക്കിയവരും മൗനമായിരിക്കുന്നതെന്തുകൊണ്ടാണ്?

നമ്മളിതൊക്കെ ഇപ്പോഴെയെങ്കിലും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയില്ലെങ്കില്‍ പിന്നെയെപ്പോള്‍ തുടങ്ങാനാണ്?!

NB : കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തിലോ ലോകത്താകമാനമോ ചെയ്തിട്ടുള്ള നല്ലതോ ചീത്തയോ ആയ കാര്യങ്ങളുടെ കണക്കെടുപ്പോ വിലയിരുത്തലോ അല്ലയീ കുറിപ്പ്. ഒരാശയത്തെ ഒരു രാഷ്ട്രീയ രൂപത്തില്‍ നില നിര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി പല കാര്യങ്ങളെ പറ്റിയുമുള്ള തെറ്റായ പൊതുബോധങ്ങള്‍ നമ്മുടെ സര്‍വ്വ രംഗത്തെയും പിടികൂടിയിട്ടുണ്ട്. അതേ പറ്റിയാണ് സംസാരിച്ചത്. 10 രൂപ കൈവശമുള്ളവന് 100 രൂപ കൈവശമുള്ളവനാണ് പണക്കാരന്‍. അതുകൊണ്ട് ഇതില്‍ ഉപയോഗിച്ച പണക്കാരന്‍, പാവപ്പെട്ടവന്‍ എന്ന വാക്കിന് അവനവന്‍ തന്നെ അര്‍ത്ഥം കൊടുക്കുക. ആശയം വ്യക്തമാക്കാന്‍ ഉപയോഗിച്ച വാക്കുകള്‍ ആ അര്‍ത്ഥത്തില്‍ തന്നെ എടുക്കുക.

Loading