‘ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ പ്രസവവും ശിശുപരിപാലനവുമായി കഴിഞ്ഞു കൂട്ടേണ്ടിവരുന്ന വരുന്ന സ്ത്രീകള്‍ക്ക് മറ്റൊരു മേഖലയിലേക്കും അവരുടെ വ്യക്തിത്വത്തെ പടര്‍ത്തി വളര്‍ത്താനാവുകയില്ല. സ്ത്രീകളെ വെറും പേറ്റുയന്ത്രങ്ങളായി മാത്രമാണ് മതമൗലികവാദികള്‍ കാണുന്നത്. ഒരു സൊസൈറ്റിയില്‍ വനിതകള്‍ക്കുള്ള സ്ഥാനം അറിയുവാന്‍ അവിടുത്തെ ജനനനിരക്ക് മാത്രം പരിശോധിച്ചാല്‍ മതി. ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മോശമാണ് വടക്കന്‍ കേരളത്തിലെ മുസ്ലീം കുടുംബങ്ങളിലെ സന്താനോല്പാദന നിരക്ക്.’ -പാലക്കാട് സ്വന്തം മകനെ ഉമ്മ കഴുത്തറത്ത് കൊന്ന ദാരുണ സംഭവത്തില്‍ മറ്റൊരു വശം സജീവ് ആല എഴുതുന്നു. |
പേറ്റുയന്ത്രങ്ങളും മതമൗലികവാദവും!
പാലക്കാട് സ്വന്തം മകനെ കഴുത്തറത്ത് കൊന്ന ഉമ്മയുടെ മനോനില തകരാറിലാണതില്‍ ഒരു സംശയവുമില്ല. ഉന്മാദത്തിന്റെ ഉത്തുംഗതയില്‍ തീഷ്ണമതബോധം കൂടി കലര്‍ന്നപ്പോള്‍ ഓമനമകന്‍ ബലിയര്‍പ്പിക്കപ്പെട്ടു. ഗോത്രകഥയിലെ പോലെ മകന്‍ ജീവനോടെ തിരിച്ചുവരുമെന്നും ആ സ്ത്രീ കരുതിയിട്ടുണ്ടാവും. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഈ ദാരുണസംഭവുമായി ബന്ധമില്ലാത്ത മറ്റൊരു വശം കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
മൂന്ന് ആണ്‍മക്കളുടെ മാതാവായ ആ സ്ത്രീ നാലാമതും ഗര്‍ഭിണിയായിരുന്നു. നമ്മളൊന്ന് നമുക്കൊന്ന് എന്ന നിലയിലേക്ക് നാട് മാറുന്ന കാലഘട്ടത്തില്‍ അഞ്ചും ആറും പ്രസവിക്കേണ്ടി വരുന്ന ഗതികേടിലാണ് ഇന്നും മുസ്ലീം സ്ത്രീകള്‍. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും രണ്ട് കുട്ടികളില്‍ കൂടുതലുള്ള മുസ്ലീം കുടുംബങ്ങള്‍ ഇല്ലെന്ന് പറയാം. എന്നാല്‍ വടക്കോട്ട് പോകുന്തോറും സ്ഥിതി വ്യത്യസ്തമാകുന്നു. ഒരു നാടിന്റെ ഒരു പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വികാസത്തിന്റെ അളവുകോല്‍ കൂടിയാണ് കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം. ഫ്യൂഡലിസത്തില്‍ നിന്ന് ആധുനിക കേരളത്തിലേക്കുള്ള പരിണാമത്തിന്റെ ലക്ഷണം കൂടിയാണ് സക്‌സസ്ഫുള്‍ ഫാമിലി പ്ലാനിംഗ്.
മലബാര്‍ ഏരിയായില്‍ ഉന്നത വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള മുസ്ലീം കുടുംബങ്ങളില്‍ പോലും മിനിമം മൂന്ന് കുഞ്ഞുങ്ങളെങ്കിലും ഉണ്ട്. ആര്‍ത്തവവിരാമം വരെ പ്രസവിച്ചു കൊണ്ടിരിക്കുക എന്ന ദുരവസ്ഥയില്‍ നിന്ന് ലോകം മുഴുവനുമുള്ള സ്ത്രീകളെ വിമോചിപ്പിച്ചത് നവോത്ഥാനവും മോഡേണ്‍ സയന്‍സുമാണ്. ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് ലൈംഗികതയുടെ സന്തോനോല്പാദന ആക്രമണത്തില്‍ നിന്ന് സ്ത്രീകളെ രക്ഷപെടുത്തിയത്. അമ്മമാരുടെ കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും സമൂഹികവുമായ ആരോഗ്യത്തിന് ചെറിയ ഫാമിലി അത്യന്താപേക്ഷിതമാണ്. കുടുംബത്തിന്റെ വലുപ്പം കൂടുന്തോറും മക്കള്‍ക്ക് കിട്ടുന്ന കെയറും ഷെയറും കുറയുന്നു.
ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ പ്രസവവും ശിശുപരിപാലനവുമായി കഴിഞ്ഞു കൂട്ടേണ്ടിവരുന്ന വരുന്ന സ്ത്രീകള്‍ക്ക് മറ്റൊരു മേഖലയിലേക്കും അവരുടെ വ്യക്തിത്വത്തെ പടര്‍ത്തി വളര്‍ത്താനാവുകയില്ല. സ്ത്രീകളെ വെറും പേറ്റുയന്ത്രങ്ങളായി മാത്രമാണ് മതമൗലികവാദികള്‍ കാണുന്നത്. ഒരു സൊസൈറ്റിയില്‍ വനിതകള്‍ക്കുള്ള സ്ഥാനം അറിയുവാന്‍ അവിടുത്തെ ജനനനിരക്ക് മാത്രം പരിശോധിച്ചാല്‍ മതി. ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മോശമാണ് വടക്കന്‍ കേരളത്തിലെ മുസ്ലീം കുടുംബങ്ങളിലെ സന്താനോല്പാദന നിരക്ക്.
ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത് പാവപ്പെട്ട മുസ്ലീം സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളുമാണ്. ഇസ്ലാമിനെ തൊട്ടാല്‍ പൊള്ളും എന്ന പേടിയില്‍ ആരോഗ്യ വകുപ്പോ സോഷ്യല്‍ സയന്റിസ്റ്റുകളോ ഈ വിഷയം വേണ്ടത്ര രീതിയില്‍ അഡ്രസ് ചെയ്യുന്നില്ല. വര്‍ഗീയമായല്ലാതെ ഒരു സാമൂഹിക പ്രശ്‌നമായി ഈ ഉയര്‍ന്ന ജനനനിരക്കിനെ വിലയിരുത്തി സര്‍ഗാത്മകമായ ബോധവത്കരണ ക്യാമ്പെയിന്‍ തന്നെ നടത്തേണ്ടിയിരിക്കുന്നു. നാലും അഞ്ചും പ്രസവിക്കുന്നത് അപമാനകരമാണെന്ന അവബോധമാണ് വളര്‍ത്തിയെടുക്കേണ്ടത്. എന്നും എപ്പോഴും ലേബര്‍ വാര്‍ഡില്‍ എന്ന ദുരന്തത്തില്‍ നിന്ന് പെണ്ണുങ്ങള്‍ വിമോചിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സ്ത്രീകളുടെ വിവാഹപ്രായം കുറവായ ഏത് സമുദായത്തിലും സ്വാഭാവികമായും ജനനനിരക്ക് വളരെ കൂടുതലായിരിക്കും. ഉത്തരേന്ത്യന്‍ ഗ്രാമീണ ഹിന്ദു കുടുംബങ്ങളിലെയും മലബാര്‍ മുസ്ലീം ഫാമിലികളിലും കുട്ടികളുടെ എണ്ണം ഏതാണ്ട് തുല്യമാണ്. ഒരു സമൂഹം സമ്പൂര്‍ണമായി ആധുനികവത്ക്കരിക്കപ്പെടണമെങ്കില്‍ അതിലെ എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണം.
അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ ആരോഗ്യം, നാടിന്റെ ആരോഗ്യം. ചെറുതാണ് കൂടുതല്‍ മനോഹരം ആരോഗ്യകരം. പ്രത്യുല്പാദനത്തില്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത എത് സമൂഹവും പ്രാകൃതത്വത്തിലേക്ക് കൂപ്പുകുത്തും.