‘പദവിയോ പണമോ ഉള്ള ദളിത് യുവതിയുവാക്കള്‍ ചാതുര്‍വര്‍ണ്യ മേല്‍ത്തട്ടുകാരെ ലവ് മാര്യേജ് ചെയ്താല്‍ ലഹളയോ കൊലപാതകമോ ഉണ്ടാകാനുള്ള സാധ്യതയേയില്ല. അതുകൊണ്ടാണ് കാസ്റ്റിനെ ഇല്ലായ്മ ചെയ്യാന്‍ കാപ്പിറ്റലിസത്തിന് കഴിവുണ്ടെന്ന് പറയുന്നത്. അവര്‍ണ്ണ സമ്പന്ന -സവര്‍ണ്ണ പ്രണയവിവാഹങ്ങള്‍ അറേഞ്ച്ഡ് മാര്യേജിലേക്കും കൂടി കടന്നുവരുമ്പോഴാണ് അംബേദ്കര്‍ സ്വപ്നം കണ്ട annihilation of case യാഥാര്‍ത്ഥ്യമാകുന്നത്. സുനില്‍ പി ഇളയിടവും സണ്ണി എം കപിക്കാടും ജാതിവെറികളെ ആഘോഷമാക്കുമ്പോള്‍ ദളിതനായ ഡോ. കുഞ്ഞാമന്‍ മുതലാളിയായി രക്ഷപെടാനാണ് ദളിത് സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്. കപിക്കാടില്‍ നിന്ന് കുഞ്ഞാമനിലേക്കുള്ള ദൂരം കവര്‍ ചെയ്യാനുള്ള ശ്രമമാണ് പുതു ദളിത് തലമുറയില്‍ നിന്ന് ഉണ്ടാകേണ്ടത്.’- സജീവ് ആല എഴുതുന്നു… |
കപിക്കാടില്‍നിന്ന് കുഞ്ഞാമനിലേക്കുള്ള ദൂരം!
അടുത്തിടെ പാലക്കാട് ഒരു ഒബിസി യുവതി, ഒരു ഒബിസി യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. സമ്പന്നരായ പെണ്‍വീട്ടുകാര്‍ ദരിദ്രനായ യുവാവിനെ കൊലപ്പെടുത്തി. വ്യത്യസ്ത ജാതിക്കാരെങ്കിലും ആ ദമ്പതികള്‍ ഒരേ പിന്നോക്ക കാറ്റഗറിക്കാരായിരുന്നു. അപ്പോള്‍ എന്താണ് അവിടെ ദുരഭിമാനക്കൊലയ്ക്ക് പ്രേരണമായത് കാരണമായത്…?
ഇനി അടുത്തൊരു സംഭവത്തിലേക്ക് വരാം. എല്ലാ സവര്‍ണ്ണ സൗന്ദര്യലക്ഷണങ്ങളുമുള്ള ഒരു നായര്‍ യുവതി ഒരു ദളിത് യുവാവിനെ പ്രേമിച്ച് വിവാഹം ചെയ്തു. അവര്‍ കോളേജ് ക്‌ളാസ്‌മേറ്റ്‌സ് കൂടിയായിരുന്നു. ദളിത് യുവാവിന്റെ പിതാവ് സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. കുടുംബം സാമ്പത്തികമായി വളരെ മെച്ചപ്പെട്ട സ്ഥിതിയിലുമായിരുന്നു. നായര്‍-വണ്ണാന്‍ ദമ്പതികള്‍ ഇരുവീട്ടുകാരുടെയും പിന്തുണയും സ്‌നേഹവും സഹകരണവും ഏറ്റുവാങ്ങി സന്തോഷത്തോടെ ജീവിക്കുന്നു. കഥയിലെ നായര്‍ സ്ത്രീ ഭര്‍ത്താവിന് പട്ടിക ജാതി സര്‍ട്ടിഫിക്കറ്റിനായി ഓഫീസില്‍ വന്നപ്പോഴാണ് മിശ്രവിവാഹ ജീവിതഗാഥ പങ്കുവെച്ചത്.
ഒരു ഐഎഎസ് ഓഫീസറായ ദളിത് യുവാവ് ഒരു സവര്‍ണ്ണയുവതിയെ പ്രേമിച്ച് പങ്കാളിയാക്കിയാല്‍ അവിടെ ഒരു ജാതി ലഹളയും ഉണ്ടാകില്ല. കെവിന്‍ ഒരു ദരിദ്ര ദളിത് ക്രിസ്ത്യാനി ആയിരുന്നതിനിലാണ് നീനുവിന്റെ മാതാപിതാക്കളും ബന്ധുക്കളും അക്രമാസക്തരായത്. കെവിന്‍ ഉയര്‍ന്ന ഉദ്യോഗക്കാരനോ സമ്പന്ന ബിസിനസുകാരനോ ആയിരുന്നെങ്കില്‍ അയാള്‍ ഇന്നും ജീവനോടെ നീനുവിന്റെ ഭര്‍ത്താവായി സുഖമായി ഈ ഭൂമിയില്‍ തന്നെ കാണുമായിരുന്നു.
ഇന്ത്യയില്‍ കേരളത്തില്‍ ജാതി ആഘോഷിക്കപ്പെടുന്നത് പോലെ സാമ്പത്തിക അസമത്വം കൊണ്ടാടപ്പെടുന്നില്ല. കുലീന ജാതിയും അവര്‍ണ്ണജാതിയും തമ്മിലുള്ള സാമൂഹികാന്തരത്തെ ഇല്ലായ്മ ചെയ്യുവാന്‍ കഴിയുന്ന ഒരേയൊരു ശക്തിമാന്‍ ‘പണം’ ആണ്. പദവിയോ പണമോ ഉള്ള ദളിത് യുവതിയുവാക്കള്‍ ചാതുര്‍വര്‍ണ്യ മേല്‍ത്തട്ടുകാരെ ലവ് മാര്യേജ് ചെയ്താല്‍ ലഹളയോ കൊലപാതകമോ ഉണ്ടാകാനുള്ള സാധ്യതയേയില്ല.
അതുകൊണ്ടാണ് കാസ്റ്റിനെ ഇല്ലായ്മ ചെയ്യാന്‍ കാപ്പിറ്റലിസത്തിന് കഴിവുണ്ടെന്ന് പറയുന്നത്. അവര്‍ണ്ണ സമ്പന്ന-സവര്‍ണ്ണ പ്രണയവിവാഹങ്ങള്‍ അറേഞ്ച്ഡ് മാര്യേജിലേക്കും കൂടി കടന്നുവരുമ്പോഴാണ് അംബേദ്കര്‍ സ്വപ്നം കണ്ട annihilation of case യാഥാര്‍ത്ഥ്യമാകുന്നത്. സുനില്‍ പി ഇളയിടവും സണ്ണി എം കപിക്കാടും ജാതിവെറികളെ ആഘോഷമാക്കുമ്പോള്‍ ദളിതനായ ഡോ. കുഞ്ഞാമന്‍ മുതലാളിയായി രക്ഷപെടാനാണ് ദളിത് സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്. കപിക്കാടില്‍ നിന്ന് കുഞ്ഞാമനിലേക്കുള്ള ദൂരം കവര്‍ ചെയ്യാനുള്ള ശ്രമമാണ് പുതു ദളിത് തലമുറയില്‍ നിന്ന് ഉണ്ടാകേണ്ടത്.
ജാതിമതിലുകള്‍ പൊളിച്ചുകളയാന്‍ പ്രാപ്തിയുള്ള ഒരേയൊരു ബുള്‍ഡോസര്‍ കാപ്പിറ്റലിസം മാത്രമാണ്. പണത്തിന് മീതെ പറക്കില്ല, ഒരു ജാതിപ്പരുന്തും…