വയോ – വിതയും ചിതയും; രവിചന്ദ്രൻ സി. യുടെ പ്രഭാഷണം


മഹാഭാരതത്തിന്റെ 17, 18 പര്‍വങ്ങള്‍ പാണ്ഡവരുടെ മഹാപ്രസ്ഥാനവും സ്വര്‍ഗ്ഗാരോഹണവുമാണ്. കുരുക്ഷേത്രയുദ്ധവും അശ്വമേധവുമൊക്കെ കഴിഞ്ഞ് എല്ലാം ഇട്ടെറിഞ്ഞ്‌ പാണ്ഡവരും ദ്രൗപതിയും സ്വര്‍ഗ്ഗയാത്ര നടത്തുന്നു. സബ്‌സീറോ ഊഷ്മാവ് നിലനില്‍ക്കുന്ന ഹിമാലയത്തിലൂടെയാണ് യാത്ര. ധൃതരാഷ്ട്രരും കുന്തിയും ഗാന്ധാരിയുമൊക്കെ സമാനമായി വാനപ്രസ്ഥം (way of the forest) നടത്തുന്നുണ്ട്. അവര്‍ കാട്ടുതീയില്‍ കൊല്ലപെട്ടതായി ആശ്രമവാസികപര്‍വ്വത്തില്‍ നിന്ന് മനസ്സിലാക്കാം. രാമായണത്തില്‍ രാമനും മഹാഭാരതത്തില്‍തന്നെ പാണ്ഡവര്‍ക്കും (വനപര്‍വം) കാട് കയറേണ്ടി വരുന്നത് ശിക്ഷയുടെ രൂപത്തിലാണ്.

ഹിമാലയമായാലും വനമായാലും ദുഷ്‌കരമായ ജീവിത സാഹചര്യങ്ങളായിരിക്കും എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇരപിടിയന്‍മാരും കാട്ടുതീയും ചതിക്കുഴികളും നിറഞ്ഞ സ്ഥലം. ദുർബലവും രോഗഗ്രസ്ഥവുമായ വാര്‍ദ്ധക്യത്തില്‍ വര്‍ണ്ണാശ്രമങ്ങളുടെ ഭാഗമായ വാനപ്രസ്ഥം നിര്‍ദ്ദേശിക്കുന്നത് പോലും കടുത്ത മനുഷ്യാവകാശ ലംഘനം. വാനപ്രസ്ഥം എന്നൊക്കെ ഓമനപ്പേരിട്ട് വിളിച്ചാലും അവര്‍ പുറന്തള്ളപെടുകയാണ്. കാനനവാസത്തിന് ശേഷം സന്യാസത്തിലേക്ക് കടക്കണം. എന്താണ് സന്യാസം? എന്തൊക്കെ കല്‍പ്പിച്ചാലും സന്യാസിമാര്‍ എല്ലാ ഉപാപചയ പ്രവര്‍ത്തനങ്ങളുമുള്ള സാധാരണ മനുഷ്യരാണ്. ആഹാരം, വെള്ളം, വസ്ത്രം… തുടങ്ങി എല്ലാത്തരം ജൈവിക-ഭൗതിക ആവശ്യങ്ങളും അവര്‍ക്കൊപ്പമുണ്ട്‌.

ജീവിതാന്ത്യത്തില്‍ പരസഹായമില്ലാതെ കാട്ടില്‍ കഴിയേണ്ടിവരുന്നത് പരമദയനീയമാണ്. വര്‍ണ്ണാശ്രമധര്‍മ്മങ്ങളെക്കുറിച്ച് വാതോരാതെ വിതുമ്പുന്നവരില്‍ മഹാഭൂരിപക്ഷവും ജീവിതാന്ത്യം ഇങ്ങനെയാകുന്നത്‌ സങ്കല്‍പ്പിക്കാന്‍പോലും ശേഷിയില്ലാത്തവരാണ്‌. ഇതൊക്കെ പഴയ കാര്യങ്ങളല്ലേ, കഥയല്ലേ, പുരാണങ്ങളല്ലേ എന്നൊക്കെ സമാധാനിക്കാം. ഇന്നും മുതിര്‍ന്ന മനുഷ്യരെ പുറന്തള്ളുന്നതിന് മതപരവും സെക്കുലറുമായ പലതരം മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കപെടുന്നുണ്ട്. പുറന്തള്ളപെടുമെന്ന് ഭയന്ന് പുറത്തേക്ക് പോകുന്നവരുമുണ്ട്. സമൂഹത്തില്‍ തിരസ്‌കരണം ലംബമായും തിരശ്ചീനമായും സംഭവിക്കുന്നു പ്രായം അതിലൊരു മാനദണ്ഡമാണ്. വയോധികരെ പുറന്തള്ളുന്ന ലോകം എഴുതുന്നത് സ്വന്തം ശിക്ഷാവിധിയാണ്‌.

എസ്സെൻസ് ഗ്ലോബൽ കോട്ടയത്ത് നടത്തിയ FINCHES 2k25 എന്ന പ്രോഗ്രാമിൽ രവിചന്ദൻ സി അവതരിപ്പിച്ച പ്രഭാഷണം കേൾക്കാം

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →