ദൈവം ഇല്ലെങ്കിൽ മനുഷ്യൻ ചെകുത്താനാകുമോ?! പരിഭാഷ: അഭിലാഷ് കൃഷ്ണൻ
ധാർമികതയും വൈദ്യശാസ്ത്രം പോലെ ഒരു ശാസ്ത്രമാണ്. ആരോഗ്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ മനസിലാക്കി എങ്ങനെയാണോ ഒരു ഡോക്ടർ രോഗിയുടെ ഒരു പ്രത്യേക രോഗ അവസ്ഥയ്ക്ക് മരുന്ന് നിർദേശിക്കുന്നത് അത് പോലെ ഓരോരുത്തരും യാഥാർത്ഥ്യത്തെ മനസിലാക്കി വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ദൈനം ദിന ജീവിതത്തിൽ ധാർമ്മികമായി തിരഞ്ഞെടുപ്പകൾ നടത്തുകയും പ്രവർത്തിക്കുകയും വേണം. ധാർമ്മികതയോടുള്ള ശരിയായ സമീപനം നിരന്തരം മനുഷ്യനെ പറ്റിയും പ്രകൃതിയെയും പറ്റി പഠിക്കുക എന്നതാണ്.
നമ്മളുടെ പോപ്പുലർ കൾച്ചറിൽ ദൈവത്തെയും മതത്തെയും വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്ന ട്രോളുകൾ നിരവധിയാണ്. അതേ സമയം ദൈവവും മതവും ഭൂരിഭാഗവും ബഹുമാനിക്കുന്ന ഒരു പ്രബല ശക്തിയായി തുടരുന്നതും നമ്മൾ കാണുന്നു.
സെപ്റ്റംബർ പതിനൊന്നിലെ അറ്റാക്കിന് ശേഷം അമേരിക്കൻ പ്രസിഡൻ്റിൻ്റെ മറുപടികളിൽ ഈ ബഹുമാനം നമുക്ക് കാണാം. തങ്ങളുടെ വിശ്വാസത്തിന് വേണ്ടിയാണ് ടവറുകളിലേക്ക് വിമാനം ഇടിച്ചു കയറ്റിയത് എന്ന് തീവ്രവാദികൾ സമ്മതിച്ചിരിന്നു എങ്കിലും ബുഷ് പറഞ്ഞത് ഇങ്ങനെയാണ് “ഭീകരവാദം എന്നത് ശരിയായ ഇസ്ലാം വിശ്വാസത്തിന് എതിരാണ്. ഇസ്ലാം സമാധാനം ആണ്. തീവ്രവാദികൾ യഥാർത്ഥ മതവിശ്വാസത്തിനെ ചതിക്കുന്നവർ ആണ്. അവർ മതത്തെ തന്നെ ഹൈജാക്ക് ചെയ്യുന്നു.” വർഷങ്ങൾക്ക് ശേഷം ഒബാമ പറഞ്ഞു – “നമ്മൾ യുദ്ധം ചെയ്യുന്നത് ഇസ്ലാമിനെ വഞ്ചിച്ച തീവ്രവാദികളോടാണ്”.
ഇത് ഈ അമേരിക്കൻ പ്രസിഡൻ്റുമാരുടെ മാത്രമല്ല , ഒരു പാട് നേതാക്കളുടെ വികാരം ആണ്. അവരെ സംബന്ധിച്ചിടത്തോളം മതം അല്ല പ്രശ്നം മതത്തെ വക്രീകരിച്ച് ഉപയോഗിക്കുന്ന തീവ്രവാദികൾ ആണ്.
മതം നമ്മുടെ സമൂഹങ്ങളിൽ പ്രബല ശക്തിയായി തുടരുന്നതിൻ്റെ അടിസ്ഥാന കാരണം , മതമില്ലാതെ ധാർമ്മികത ഇല്ല എന്ന ചിന്തയാണ്. ഈ ചിന്തയുടെ ഏറ്റവും ശക്തമായ വാദം ഇതാണ് – ” ധാർമ്മികത മതവുമായി ബന്ധപെട്ടിരിക്കുന്നു. ദൈവമില്ലാതെ നൻമയും തിൻമയും വേർതിരിക്കാൻ ആവില്ല”.
ഇതിനോടകം കോടി കണക്കിന് ആളുകൾ കണ്ട ഒരു വീഡിയോയിൽ മതവാദിയായ ടെലിവിഷൻ അവതാരകൻ പറയുന്നു ” ദൈവമില്ലെങ്കിൽ കൊലപാതകം ഒരു തെറ്റല്ല “. അദ്ദേഹം തുടരുന്നു. ” സെക്കുലർ ലോകത്ത് ധാർമ്മികതയെ പറ്റി അഭിപ്രായങ്ങൾ മാത്രമേ സാധ്യമാകുകയുള്ളു. അത് വ്യക്തിഗതമായ അഭിപ്രായങ്ങൾ ആവാം. സാമൂഹികമായ അഭിപ്രായങ്ങൾ ആവാം. പക്ഷേ എന്തായാലും അതെല്ലാം കേവലം അഭിപ്രായങ്ങൾ മാത്രമാണ്. അഭിപ്രായങ്ങൾക്ക് അപ്പുറം ഉള്ള പൂർണമായ ധാർമ്മികത എത്തണമെങ്കിൽ ഒരു സൂപ്പർ നാച്ചുറൽ ശക്തി ഉണ്ടായേ തീരു. ദൈവം കൊലപാതകം തെറ്റാണ് എന്ന് പറയുന്നത് കൊണ്ടാണ് കൊലപാതകം തെറ്റാകുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ദൈവമില്ലെങ്കിൽ – നൻമ എന്നാൽ ‘എനിക്ക് ഇഷ്ടമുള്ളത് ‘, തിൻമ എന്നാൽ “എനിക്ക് ഇഷ്ടമല്ലാത്തത്” എന്നായി മാറും. ഒരാൾ കൊലപാതകം ചെയ്യാത്തത് അയാൾക്ക് അത് ഇഷ്ടമല്ലാത്തത് കൊണ്ട് മാത്രമാണ് എന്ന് വരും “
അതിന് ശേഷം നമ്മൾ അടുത്തിടെ കേൾക്കുന്ന ഒരു പോപ്പുലർ ആരോപണം കൂടെ അവതാരകൻ ഉന്നയിക്കുന്നു. ” പാച്ഛാത്യ ലോകത്ത് നാസിസവും കമ്യൂണിസവും ജൂത- ക്രിസ്ത്യൻ വിശ്വാസങ്ങൾ ഉപേക്ഷിച്ചത് കോടി കണക്കിന് നിരപരാധികളായ മനുഷ്യരുടെ കൊലപാതകതിന് ഇടയാക്കിയത് യാദൃശ്ചികം അല്ല. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നോ ഇല്ലയോ എന്നത് പ്രസക്തമല്ല. പക്ഷേ ദൈവമില്ലെങ്കിൽ ധാർമ്മികത എന്നാൽ കേവല അഭിപ്രായങ്ങൾ മാത്രമായി മാറും. അത് കൊണ്ട് തന്നെ ഒരു നല്ല ലോകം ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ജൂത-ക്രിസ്ത്യൻ മൂല്യങ്ങളുടെ മരണം നിങ്ങളെ ഭയപ്പെടുത്തും “
അങ്ങനെയാണോ? ഈ അവതാരകൻ പറഞ്ഞത് പോലെ നമ്മൾ ഭയപെടണമോ!!
ജൂത-ക്രിസ്ത്യൻ മതത്തിൻ്റെ മരണം എന്നത് ഒരു അതിശയോക്തിപരമായ പ്രസ്താവനയും ഒരു പരിധി വരെ തെറ്റുമാണ്. യഥാർത്ഥത്തിൽ മതം എല്ലായിടത്തും വളരുകയാണ്. അത് മാറ്റി നിർത്തിയാലും നമ്മൾ പരിഗണിക്കേണ്ട പ്രധാന വിഷയം ധാർമികതയെ പറ്റിയാണ്. ദൈവമാണോ ധാർമ്മികതയുടെ അടിസ്ഥാനം! അത് പരിശോധിക്കണം എങ്കിൽ മതത്തിൻ്റെ, പ്രത്യേകിച്ചും ഏകദൈവ വിശ്വാസമുള്ള മതങ്ങളുടെയും അതിന് ശേഷം എത്തിക്ക്സിനെ സംബന്ധിച്ച് മതത്തിൻ്റെ നിലപാടും നമ്മൾ പരിശോധിക്കണം
എന്താണ് മതം?
മതം ഒരു ലോകവീക്ഷണമാണ്. ലോകം എന്താണ് എന്നും ആ ലോകത്തിൽ എങ്ങനെയാണ് നമ്മൾ ലക്ഷ്യങ്ങൾ വെക്കേണ്ടത് എന്നും അത് നേടേണ്ടതും എന്നതിൻ്റെ ഒരു രൂപരേഖയാണ് മതം. അത് കൊണ്ട് തന്നെ മതവും ഫിലോസഫിയും ഒരേ ചോദ്യങ്ങൾ ആണ് നേരിടുന്നത്. നമ്മൾ അനുഭവിക്കുന്ന ഈ ലോകം മാത്രമാണോ ഉള്ളത്? അതോ ലോകം എന്നാൽ നമ്മൾ അറിയാത്ത ഇതിനും അപ്പുറം മറ്റൊരു ഡൈമൻഷൻ കൂടെ ഉണ്ടോ? യാഥാർത്ഥ്യം എന്നാൽ മനസിലാക്കാൻ ആകുന്നതാണോ അതോ അത് നിഗൂഡവും മാന്ത്രികവുമായ ഒന്നാണോ? നമ്മളുടെ ജീവിതം നമ്മൾക്ക് തന്നെ നിയന്ത്രിക്കാൻ ആകുമോ അതോ മറ്റേതെങ്കിലും ശക്തി ആണോ അത് നിയന്ത്രിക്കുന്നത്? എങ്ങനെയാണ് ഈ ചോദ്യങ്ങളുടെ ഉത്തരം അറിയുക? യുക്തി ഉപയോഗിക്കണോ അതോ വെളിപാടും തോന്നലും ഉപയോഗിക്കണോ അതോ എല്ലാത്തിൻ്റെയും ഒരു മിക്സ് വേണോ? അതോ ഉത്തരങ്ങൾ ഒരിക്കലും നമ്മൾക്ക് എത്തിചേരാൻ ആവില്ലേ? നമ്മൾ എന്നും ഈ അറിവുകൾ നേടാൻ ആവാതെ ഒന്നിലും ഉറപ്പില്ലാതെ ഒരു സംശയ അവസ്ഥയിൽ ആയിരിക്കുമോ? ഇനി യാഥാർത്ഥ്യത്തെ മനസിലാക്കിയാലും (മനസിലാക്കിയില്ലെങ്കിലും) അത് വെച്ച് നമ്മൾ എന്ത് ചെയ്യണം? ഈ ലോകത്തെ നിരാകരിച്ച് അടുത്ത ലോകത്തെ ദൈവത്തിനോട് പ്രാർത്ഥിക്കണമോ? അതോ അധികാരത്തിന് ശ്രമിക്കണമോ? സന്തോഷം പിൻതുടരണമോ? അയൽക്കാരനെ സ്നേഹിക്കണമോ? എല്ലാ തരത്തിലും ഉള്ള ജഡ്ജ്മൻ്റുകളും ഒഴിവാക്കണമോ? എക്സ്ട്രീമായതിനെ ഒഴിവാക്കുകയും കോമ്പ്രമൈസ് ചെയ്യുകയും വേണമോ?
മതവും ഫിലോസഫിയും ജീവിതത്തെ പരിപ്പെടുത്തുന്ന അടിസ്ഥാന ചോദ്യങ്ങളായ എന്താണ് യാഥാർത്ഥ്യം? എങ്ങനെയാണ് അത് അറിയുന്നത്? അറിഞ്ഞാൽ എങ്ങനെ പെരുമാറണം എന്നീ ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. പക്ഷേ മതവും ഫിലോസഫിയും തമ്മിൽ രണ്ട് പ്രധാന വിത്യാസങ്ങൾ ഉണ്ട്.
1. കിട്ടുന്ന ഉത്തരങ്ങളുടെ കാര്യത്തിൽ മതത്തിന് പ്രത്യേകിച്ചും ഏകദൈവവിശ്വാസ മതങ്ങൾക്ക് സൂപ്പർ നാച്ചുറൽ ആയുള്ള ഒരു ശക്തി കേന്ദ്രബിന്ദുവാണ്. നമ്മളുടെ പ്രപഞ്ചത്തിൽ ഉള്ള നിയമങ്ങളൊന്നും ബാധകമാകാത്ത ഒരു ഉയർന്ന തലം ആണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് മതം പറയുന്നു. അത് കൊണ്ട് തന്നെ നമ്മളുടെ ജീവിതം പ്രാഥമികമായി ആ ലോകത്തിനെ കേന്ദ്രീകരിച്ചായിരിക്കണം എന്നും മതം പറയുന്നു.
2. പക്ഷേ മതവും ഫിലോസഫിയും തമ്മിലുള്ള പ്രധാന വിത്യാസം ഉത്തരങ്ങൾ തേടുന്ന വഴിയെ പറ്റിയാണ്. ഫിലോസഫി തെളിവുകളും ലോജിക്കൽ ആർഗുമൻ്റുകളും ഉപയോഗിക്കുമ്പോൾ മതം ഒരു ഡോഗ്മ ആയി തന്നെ നിലനിൽക്കുന്നു. മതം അതിൻ്റെ എല്ലാ ഉത്തരങ്ങളും വിശ്വാസത്തിൽ അടിസ്ഥാനപെടുത്തിയിരിക്കുന്നു. തെളിവുകൾ ഇല്ലെങ്കിലും ലോജിക്കിന് നിരക്കുന്നത് അല്ലെങ്കിൽ കൂടെ ചിലപ്പോൾ എതിർ തെളിവുകൾ ഉണ്ടെങ്കിൽ കൂടെയും മതത്തിൻ്റെ ഉത്തരങ്ങൾ ശാശ്വത ഡോഗ്മയായി നിലനിൽക്കുന്നു. അത് കൊണ്ട് തന്നെ വിശ്വാസം എന്നത് മതത്തിൻ്റെ പര്യായം ആണ് എന്ന് പറയാം.
A religion is a worldview that espouses some version of the supernatural on faith
അത് കൊണ്ട് തന്നെ മതം ഉണ്ടെങ്കിലെ ധാർമ്മികത ഉള്ളു എന്ന വാദം ഒരു സൂപ്പർ നാച്ചുറൽ ശക്തിയിൽ വിശ്വാസം ഉണ്ടെങ്കിലെ ധാർമ്മികത ഉള്ളു എന്നായി മാറുന്നു. ശരിയും തെറ്റും നിശ്ചയിക്കുന്ന ഒരു ദൈവത്തിൽ ഉള്ള വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ശരിയും തെറ്റും തിരിച്ചറിയാൻ ആകു എന്ന് വരുന്നു. ടി വി അവതാരകൻ പറഞ്ഞത് പോലെ ദൈവം കൊലപാതകം തെറ്റാണ് എന്ന് പറഞ്ഞത് കൊണ്ടാണ് കൊലപാതകം തെറ്റാകുന്നത് എന്ന് വരുന്നു.
മതം പറയുന്നത് മാറ്റമില്ലാത്ത ധാർമ്മിക നിയമങ്ങൾ ആണ്. ഒരു ഉദാഹരണം നോക്കാം. ചില മതവിഭാഗങ്ങൾക്ക് ദൈവം പറഞ്ഞത് അനുസരിച്ച് ഭ്രൂണം എന്നാൽ മനുഷ്യൻ തന്നെയാണ്. അത് കൊണ്ട് തന്നെ ഏത് സാഹചര്യത്തിലും ഭ്രൂണഹത്യ തിൻമയാണ്. കുഞ്ഞിനെ സൃഷ്ടിക്കുക എന്നത് ദൈവത്തിൻ്റെ സൃഷ്ടിയെ ഭൂമിയിൽ എത്തിക്കുക എന്നതാണ്. അതിനാൽ അത് നൻമയാണ്. യാതൊരു മാറ്റവും ഈ നിയമങ്ങളിൽ ബാധകം അല്ല. വ്യക്തികളുടെ സാഹചര്യവും തീരുമാനങ്ങളും അവിടെ ബാധകമല്ല.
പക്ഷേ ദൈവം നമ്മളോട് ഒരു നിരപരാധിയെ കൊല്ലാൻ ആവശ്യപ്പെട്ടു എന്ന് കരുതുക. അങ്ങനെയെങ്കിൽ കൊലപാതകം തിൻമ മാറി നൻമയാകുമോ?
ഈ ചോദ്യം കേൾക്കുമ്പോൾ വിശ്വാസി അങ്ങനെ ഒന്നും ദൈവം പറയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് സാധാരണ ചെയ്യുക. പക്ഷേ നമ്മൾക്ക് അതിൽ നിന്ന് ഒരു കാര്യം ഉറപ്പാണ് ഒരു വിശ്വാസി യഥാർത്ഥിൽ കൊലപാതകം തിൻമ ആണ് എന്നു കരുതുന്നു. ഒരു ദൈവത്തിൻ്റെയും നിർദേശം ഇല്ലാതെ മനുഷ്യന് അത് അറിയാം. യഥാർത്ഥത്തിൽ നാം നമ്മളുടെ ധാർമ്മികത ദൈവത്തിൽ വെച്ചു കെട്ടുകയാണ് ചെയ്യുന്നത്. ദൈവം ഒരു നിരപരാധിയെ കൊല്ലാൻ ഉത്തരവ് ഇട്ടാൽ ദൈവം തിൻമയാണ് എന്നതാണ് സത്യം.
ദൈവം പറഞ്ഞത് കൊണ്ട് മാത്രം മതവിശ്വാസിക്ക് കൊലപാതകം തിൻമയായിരിക്കുന്നതും ദൈവം കൊല്ലാൻ പറഞ്ഞാൽ നൻമയാകുന്നതിനെയും ഫിലോസഫിയിൽ divine command theory of ethics എന്നാണ് അറിയപ്പെടുന്നത്.
എല്ലാവരും എബ്രഹാമിൻ്റെയും പുത്രൻ്റെയും കഥ കേട്ടിട്ടുണ്ടാകും.
സ്വന്തം മകനെ ബലി കൊടുക്കാൻ ദൈവം എബ്രഹാമിനോട് ആവശ്യപെടുന്നു. തൻ്റെ നിരപരാധിയായ കുഞ്ഞു മകനെ കൊല്ലാൻ പറഞ്ഞ ഈ ദൈവ ആവശ്യത്തെ എബ്രഹാം എതിർക്കണമായിരുന്നോ? എബ്രഹാം ദൈവപ്രവൃത്തിയെ തിൻമയായി വിലയിരുത്തണമായിരുന്നോ? എബ്രഹാം അതൊന്നും ചെയ്തില്ല. എബ്രഹാം ദൈവത്തെ അനുസരിച്ചു. കത്തി വീശാൻ തയ്യാറായ എബ്രഹാമിനോട് ദൈവം നീ എൻ്റെ പരീക്ഷണം വിജയിച്ചു എന്ന് അറിയിച്ചു.
ഈ കഥയിൽ നിന്ന് മനസിലാക്കുന്ന പ്രധാന കാര്യം ദൈവം ആണ് ധാർമ്മികതയുടെ അടിസ്ഥാനം എങ്കിൽ എബ്രഹാം പരീക്ഷണം വിജയിച്ചു എന്നാണ്. ദൈവം നിരപരാധിയെ കൊല്ലാനാണ് വിധിച്ചത് എങ്കിൽ അത് നൻമ ആണ് എന്നാണ് അർത്ഥം. കൊല്ലാതെ ഇരിക്കുന്നത് തിൻമയും.
ഇവിടെ വിശ്വാസം എങ്ങനെ മതം മുന്നോട്ടു വെക്കുന്ന ധാർമ്മികതിൽ നിർണായകമായ കാര്യമാകുന്നത് എന്ന് വ്യക്തമാണ്. ദൈവം എന്ത് കൊണ്ട് കുഞ്ഞിനെ കൊല്ലണം എന്നതിന് ഒരു ലോജിക്കൽ കാരണവും എബ്രഹാമിനു കൊടുക്കുന്നില്ല. അത് പോലെ ദൈവത്തോട് കാരണം ചോദിക്കുന്നത് എബ്രഹാമിന് ഉചിതവും അല്ല. ആലോചിച്ചു നോക്കു. എബ്രഹാം ദൈവത്തോട് പറയുന്നു. ” ഒരു നിമിഷം. ഞാൻ ചോദിക്കട്ടെ. എന്തിന് ഞാൻ എൻ്റെ നിരപരാധിയായ മകനെ കൊല്ലണം ! ദയവായി വിശദീകരിക്കു”
ദൈവം തൻ്റെ നിർദേശത്തിന് ലോജിക്കൽ ആയുള്ള കാരണങ്ങൾ കൊടുത്താൽ എബ്രഹാം തൻ്റെ അറിവു ഉപയോഗിച്ച് ആ ലോജിക്കിനെ ജഡ്ജ് ചെയ്യേണ്ടതായി വരും. അങ്ങനെ വരുമ്പോൾ ദൈവം ധാർമ്മികതയുടെ കേന്ദ്രം ആകില്ല.അതിനാൽ ഒരു മതവിശ്വാസി ദൈവത്തോട് കാരണങ്ങൾ ചോദിക്കാൻ പാടില്ല. പകരം വിശ്വസിക്കുകയും ആ വിശ്വാസത്തിന് അനുസരിച്ച് പ്രവർത്തിക്കുകയും വേണം. അതായത് എബ്രഹാം തൻ്റെ യുക്തിയെ റദ്ദ് ചെയ്യണം. അവൻ്റെ മനസ് ഉറക്കെ അലറും. സ്വന്തം മകനെ കൊല്ലുന്നത് മാരകമായ തെറ്റാണ്. പക്ഷേ എങ്കിലും അവൻ അനുസരണയോടെ ദൈവത്തെ അനുസരിക്കുന്നു.
ജൂത ക്രിസ്ത്യൻ ഇസ്ലാം മതത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നായി എബ്രഹാം മാറിയത് ഒട്ടും യാദൃശ്ചികം അല്ല. വിശ്വാസത്തിൻ്റെ, ധാർമ്മികതയുടെ, ഏറ്റവും മികച്ച ഉദാഹരങ്ങങ്ങളിൽ ഒന്നായാണ് എബ്രഹാമിൻ്റെ പ്രവൃത്തിയെ നൂറ്റാണ്ടുകളായി വിലയിരുത്തുന്നത്. കാരണം ദൈവമാണ് ധാർമ്മികതയുടെ അടിസ്ഥാനം എന്ന മത സമവാക്യം എബ്രഹാം ശക്തമായി ഉറപ്പിക്കുന്നു.
നമ്മൾ ആദ്യം പറഞ്ഞ ടി വി അവതാരകൻ്റെ പരാതി ഓർക്കുക. മത രഹിത ധാർമ്മികത എന്നാൽ വെറും അഭിപ്രായങ്ങൾ മാത്രം ആണ് എന്നായിരുന്നല്ലോ അദ്ദേഹത്തിൻ്റെ പരാതി. എന്നാൽ മതത്തിലും അത് അങ്ങനെ തന്നെയാണ് എന്ന് ഇതിനോടകം വ്യക്തമാണ്. അവിടെ സൂപ്പർ നാച്ചുറൽ ശക്തിയുടെ തോന്നലുകളും അഭിപ്രായങ്ങളും ആണ് ധാർമ്മികത എന്ന് മാത്രം.
വ്യക്തിഗതവും സാമൂഹികവുമായ സബ്ജ്കറ്റിവിസത്തിന് പകരം മതം ദൈവത്തിൻ്റെ സബ്ജ്കറ്റിവിസം മുന്നോട്ട് വെക്കുന്നു.
നാസിസവും കമ്യൂണിസവും
മതത്തിൻ്റെ ധാർമ്മികതയെ കമ്യൂണിസവും നാസിസവും പകരം വെച്ചപ്പോൾ കൂടുതൽ ദുരിതം ഉണ്ടായി എന്നാണല്ലോ മറ്റൊരു പരാതി. എന്നാൽ കമ്യൂണിസവും നാസിസവും പഴയ മതത്തിൻ്റെ പുതിയ വേർഷൻ ആണ് എന്നതാണ് യാഥാർത്ഥ്യം.” ഞാൻ ഓർഡറുകൾ അനുസരിക്കുക മാത്രമായിരുന്നു ” എന്നാണ് പല നാസി കൊലപാതികളും ട്രയലിൽ മൊഴി കൊടുത്തത്. ഇത് തന്നെയല്ലെ എബ്രഹാമും ചെയ്തത്. അതിൽ തന്നെ ഒരു നാസി പറഞ്ഞത് ഓർഡർ കിട്ടിയാൽ സ്വന്തം അച്ഛനെ വരെ കൊല്ലാൻ തയ്യാറായിരുന്നു എന്നാണ്. എബ്രഹാം മകനെ കൊല്ലാൻ തയ്യാറായത് പോലെ തന്നെ.
മതമായാലും കമ്യൂണിസം ആയാലും, നാസിസം ആയാലും, ഒരു ഉയർന്ന അധികാരശക്തിയെ പ്രതിഷ്ഠിക്കുകയും അതിനെ എതിർക്കാതെ അനുസരിക്കുകയും ചെയ്യുക എന്നത് പ്രധാന നൻമയായി കണക്കാക്കുന്നു. ആ ശക്തി ദൈവമാകാം, ഹിറ്റ്ലർ ആകാം, തൊഴിലാളി വർഗം ആകാം. ഈ മൂന്ന് വിഭാഗങ്ങളും യുക്തിയെ നിരാകരിക്കുകയും വിശ്വാസം എന്നതിൽ എല്ലാം അർപ്പിക്കുകയും ചെയ്യുന്നു. ഇതിൽ തന്നെ കമ്യൂണിസം വൈരുദ്ധ്യാത്മക ഭൗതിക വാദം പോലെ പുതിയ ലോജിക്കുകൾ കണ്ടെത്തുന്നു. പക്ഷേ അടിസ്ഥാനപരമായി വലിയൊരു ശക്തിക്കു മുന്നിൽ സ്വയം ത്യജിക്കുക ആണ് അടിസ്ഥാന ആശയം. ഈ മൂന്ന് വിഭാഗങ്ങളും അടിസ്ഥാനപരമായി അതോറിറ്റേറിയൻ ആശയമാകുന്നു.
അയൻ റാൻഡ് പറഞ്ഞത് പോലെ നാസിസവും കമ്യൂണിസവും കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാൽ കളക്റ്റിവിസം എന്നാൽ മതത്തിൻ്റെ മതേതരവൽക്കരണമാണ്.
അത് കൊണ്ട് തന്നെ ഈ മൂന്ന് വിഭാഗങ്ങളും ഒരു സമ്പൂർണ രാഷ്ട്രപദ്ധതിയായി മാറുമ്പോൾ എല്ലാം അവ തമ്മിൽ വലിയ സാമ്യത നമുക്ക് കാണാൻ കഴിയും. അങ്ങനെയുള്ള സമൂഹങ്ങളിലെ ക്ലാസ് മുറികൾ നിരീക്ഷിച്ചാൽ കാണാം കുട്ടികൾ അനുസരിക്കാൻ പഠിക്കപ്പെടുന്നു. ഡോഗ്മകൾ കാണാതെ പഠിക്കുന്നു. ബൈബിൾ തദ്ദേശ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടാത്ത നൂറ്റാണ്ടുകളിൽ പോലും ബൈബിൾ വചനങ്ങൾ കാണാതെ പഠിച്ചിരുന്നു , അറബി മാതൃഭാഷ അല്ലാതിരിന്നിട്ട് കൂടി ഖുർആൻ അറബിയിൽ മനപാഠം ആക്കുന്ന വിദ്യാർത്ഥികൾ ഇന്നു ലോകം മുഴുവനും ഉണ്ട്. നാസി റാലികൾ ഓർക്കുക, മാവോയുടെ ചുവന്ന പുസ്തകം വായിച്ചു പഠിച്ച ചൈനീസ് കുഞ്ഞുങ്ങളെ ഓർക്കുക.ജീസസും മേരിയും മാർക്സും സ്റ്റാലിനും പോലെ മതത്തിലെയും കമ്യൂണിസത്തിലെയും പുണ്യാളൻമാരുടെ പടങ്ങൾ വീടുകൾ അലങ്കരിക്കുന്നത് കാണുക. വ്യക്തിയെ നിസാര ജീവിയാക്കി തോന്നിപ്പിക്കുന്ന വലിയ പള്ളി മിനാരങ്ങളും പ്രതിമകളും ഗവർൺമൻ്റ് സ്ഥാപനങ്ങളും കാണുക.
ആരാണ് നിങ്ങളുടെ നാഥൻ എന്നും ആരെയാണ് നിങ്ങൾ എതിരില്ലാതെ അനുസരിക്കേണ്ടത് എന്നും ജനങ്ങളെ ഇവയെല്ലാം ദിവസേന ഓർമ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.മതവും മതത്തിൻ്റെ പുതിയ വേർഷനുകളുടെയും ധാർമ്മികത മനുഷ്യന് ചേരില്ല എന്ന് വ്യക്തമാണ്.
മതവും മതവിശ്വാസികളും
മതത്തിൻ്റെ ധാർമ്മികതയോടുള്ള വിമർശനാത്മക സമീപനം ഒരിക്കലും മതവിശ്വാസിയോടുള്ള വിമർശനമായി തെറ്റിധരിക്കരുത്. മതവിശ്വാസികൾ നല്ലത് ചെയ്യുന്നത് അവർ മതത്തിന് ഉപരിയായി നല്ലതിന് വേണ്ടി നിലകൊള്ളുന്നത് കൊണ്ടാണ്.
ധാർമ്മികമായി പ്രവർത്തിക്കണം എന്നും സ്വന്തം തോന്നലുകൾ അല്ല പകരം ബാഹ്യമായ വസ്തുതകളെ അടിസ്ഥാനപെടുത്തിയാകണം ആ ധാർമ്മികത എന്നും ഭൂരിഭാഗവും ചിന്തിക്കുന്നുണ്ട്. ധാർമികത എന്താണ് എന്നും ആരും പറയാൻ ഇല്ലാത്ത സമൂഹത്തിൽ മതം മാത്രമാണ് ശരിയേത് തെറ്റേത് എന്ന ചർച്ച ചെയ്യുന്നത്. അതൊരു ദുരന്തമാണ്.കൊലപാതകം തെറ്റാണ്, സത്യസന്ധതയോട് കൂടെ ജീവിക്കണം, വാക്കു പാലിക്കണം തുടങ്ങി എല്ലാവരും നല്ലത് എന്ന് കരുതുന്ന കാര്യങ്ങൾ മതങ്ങൾ പറയുന്നുണ്ട്. പക്ഷേ അതിൻ്റെ പേരിൽ വിശ്വാസത്തിൽ ഊന്നിയ മത ധാർമ്മികത പൂർണമായും സ്വീകരിക്കാൻ നമ്മൾ നിർബന്ധിക്കപ്പെടുകയും പതിയെ പതിയെ നമ്മുടെ യുക്തിൽ അടിസ്ഥാനമാക്കിയ വിലയിരുത്തൽ നഷ്ടപെടുകയും ചെയ്യുന്നു.
പക്ഷേ മത പണ്ഡിതരും മത പുസ്തകങ്ങളും എന്ത് കൊണ്ട് കൊലപാതകം തെറ്റാണ് എന്നോ എന്ത് കൊണ്ട് സത്യസന്ധരാകണം എന്നോ പറയുന്നില്ല. പകരം വിശ്വസിക്കാൻ ആണ് ആകെ പറയുന്നത്. അതായത് തെളിവുകളിൽ അടിസ്ഥാനപ്പെടുത്തിയ ഡാർവിൻ മോഡൽ അല്ല മതം മുന്നോട്ട് വെക്കുന്നത് പകരം വിശ്വാസത്തിൽ അടിസ്ഥാനപ്പെടുത്തിയ അബ്രഹാം മോഡൽ ആണ്.
ഇങ്ങനെ എല്ലാവർക്കും ശരിയെന്ന് തോന്നുന്ന മോറൽ കമാൻഡുകൾക്ക് ഒപ്പം മതം സാമാന്യ യുക്തിക്ക് നിരക്കാത്ത മോശം കമാൻഡുകൾ കൂടി പാക്കേജ് ആയി അവതരിപ്പിക്കുന്നു. പക്ഷേ ശരിയായ ധാർമിക നിർദേശങ്ങൾക്ക് ഒപ്പം അവതരിപ്പിക്കുകയും അത് പോലെ വിശ്വസിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് കൊണ്ട് യുക്തിക്ക് നിരക്കാത്തത് ആയാലും വിശ്വാസിക്ക് ആ മോശം നിർദേശങ്ങളും സ്വീകരിക്കേണ്ടി വരുന്നു.
ഉദാഹരണമായി മത പണ്ഡിതർ നമ്മളോട് പറയുന്നു. ശത്രുവിനെ സ്നേഹിക്കുക, യാതൊരു പരിശ്രമവും നടത്താത്ത അയൽക്കാരനും നമ്മുടെ സമ്പാദ്യത്തിൽ നിന്ന് വിഹിതം നൽകുക, നീതിക്ക് പകരം കരുണ ഉപയോഗിക്കുക , പ്രത്യുൽപാദനത്തിന് മാത്രം സെക്സ് ചെയ്യുക, സ്വന്തം കഴിവിൽ അഭിമാനിക്കരുത്, ആദം തെറ്റ് ചെയ്തത് കൊണ്ട് നമ്മൾ എല്ലാവരും പാപികൾ ആണ് തുടങ്ങി നിരവധി യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ. പക്ഷേ വിശ്വാസത്തിൽ ഊന്നിയ ഈ ധാർമ്മികത സ്വീകരിക്കാൻ വിശ്വാസി നിർബന്ധിതനാകുന്നു. ഇത് ഒഴിവാക്കിയാൽ ദൈവത്തെ ഉപേക്ഷിക്കുന്നതിന് തുല്യമാണ്, അധാർമ്മികരായ മനുഷ്യർ ആണ് നിങ്ങൾ എന്ന് കൂടി മതപണ്ഡിതൻ പറയുമ്പോൾ പിന്നെ രക്ഷയില്ല.
മത ധാർമ്മികത അനുസരിച്ച് ഒന്നുകിൽ എല്ലാം സ്വീകരിക്കുക അല്ലെങ്കിൽ എല്ലാം ഉപേക്ഷിക്കുക എന്ന നിലപാട് മാത്രമേ സാധ്യമാകുകയുള്ളു. ഇവിടെയാണ് മതത്തിൻ്റെ തന്ത്രം.
അപ്പോൾ ധാർമ്മികത ആഗ്രഹിക്കുന്ന മനുഷ്യർ കണ്ണും പൂട്ടി മതധാർമ്മികത സ്വീകരിക്കാൻ നിർബന്ധിതർ ആകും. ചിലപ്പോൾ യുക്തിക്ക് നിരക്കാത്ത മോശം നിർദേശങ്ങൾ കണ്ടില്ലെന്ന് നടിക്കുകയോ അല്ലെങ്കിൽ വെള്ളം ചേർത്ത് സ്വയം ചതിച്ചോ രക്ഷപെടും.
പക്ഷേ എന്നും തെറ്റു ചെയ്തു എന്ന കുറ്റബോധത്തിൽ ആയിരിക്കും ജീവിതം. പ്രത്യുൽപാദനത്തിന് അല്ലാതെ സെക്സ് പാടില്ല എന്ന മത ധാർമിക നിയമം ഇതിന് ഒരു ഉദാഹരണമാണ്.
ഇതിലും വലിയൊരു പ്രശ്നമാണ് യുക്തിക്ക് നിരക്കുന്ന ധാർമ്മിക നിയമങ്ങൾക്ക് പോലും വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാക്കി ചുരുക്കുന്നത്. ഉദാഹരണമായി കൊലപാതകം തെറ്റാണ് എന്ന നിയമം. അമ്മയെ രക്ഷിക്കാൻ ആയി ഭ്രൂണഹത്യ ചെയ്യുന്നത് തിൻമ ആണോ. നമ്മൾ യുക്തി ഉപയോഗിച്ച് ആണ്, കൊലപാതകം എന്ത് കൊണ്ട് തെറ്റാകുന്നു എന്ന തീരുമാനത്തിൽ എത്തിയത് എങ്കിൽ അവിടെ ഈ കുഴപ്പം ഇല്ല. പക്ഷേ മത ധാർമ്മികതയുടെ വിശ്വാസത്തിൽ ഊന്നിയ തീരുമാനം ആണെങ്കിൽ പ്രതിസന്ധി ആകും.
വർഷങ്ങളായി എപ്പോഴാണ് ഭ്രൂണത്തിൽ ദൈവം ആത്മാവിനെ ചേർക്കുന്നത് എന്ന കാര്യത്തിൽ മതനേതൃത്വം തർക്കത്തിൽ ആണ്. ചില നൂറ്റാണ്ടുകളിൽ എമ്പ്രിയോ അബോർട്ട് ചെയ്യുന്നത് കൊലപാതകവും ചില നൂറ്റാണ്ടുകളിൽ അല്ലാതെയും ആയിട്ടുണ്ട്.
യുക്തിക്ക് നിരക്കുന്ന കാരണങ്ങൾ തരാൻ കഴിയാത്തത് കൊണ്ട് കൊല്ലരുത് എന്ന മത ധാർമ്മിക നിയമം കൊണ്ട് മനുഷ്യന് വേണ്ടത്ര ഗുണങ്ങൾ ഇല്ല. അവൻ പുതിയ ഉത്തരവുകൾക്ക് വേണ്ടി കാത്തിരിക്കുക മാത്രമേ ചെയ്യാനുള്ളു. അപ്പോൾ ധാർമ്മികമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യർക്ക് മെച്ചപ്പെട്ട ധാർമിക വ്യവസ്ഥ ആവശ്യമുണ്ട്. ഭാഗ്യവശാൽ അങ്ങനെ ഒന്നുണ്ട്.
മതേതര ധാർമ്മികത
മത ധാർമികതയെ ഫിലോസഫിയുടെ ഏറ്റവും ഗോത്രീയ രൂപമായി മനസിലാക്കുകയും അതിൻ്റെ പ്രശ്നങ്ങളെ ഏറ്റവും ശക്തിയുക്തം എതിർക്കുകയും അതേ സമയം രൂപത്തിലും ഉള്ളടക്കത്തിലും എല്ലാം മറ്റൊരു ധാർമികത മുന്നോട്ടു വെക്കുകയും ചെയ്ത ഫിലോസഫറാണ് അയൻ റാൻഡ്.
നമ്മൾക്കു സന്തോഷവും സംതൃപ്തിയും കിട്ടണം എങ്കിൽ നമ്മൾ മൂല്യം കൽപിക്കുന്ന ഗോളുകൾ തിരഞ്ഞെടുക്കുകയും ബാഹ്യമായ ഒരു ഫിക്സഡ് പോയിൻ്റിനെ റഫറൻസ് ആക്കി വെച്ച് അതിന് വേണ്ടി നമ്മളുടെ പ്രവൃത്തികളെ ഒരുക്കുകയും വേണം. മതം സൂപ്പർ നാച്ചുറൽ ആയിട്ടുള്ള ദൈവത്തെയാണ് ഈ ഫിക്സഡ് പോയിൻ്റ് ആയി കാണുന്നത്. അതിലെ വിശ്വാസത്തിൽ ഊന്നിയ പ്രവൃത്തികളും.
പക്ഷേ അതിന് പകരം യാഥാർത്ഥ്യത്തെ ആണ് അയൻ റാൻഡ് പ്രതിഷ്ഠിക്കുന്നത്. യുക്തി ഉപയോഗിച്ച് ആ യാഥാർത്ഥ്യത്തെ മനസിലാക്കിയാണ് പ്രവൃത്തിക്കേണ്ടതും.
ധാർമ്മികതയുടെ ശരിയായ പഠനം ആരംഭിക്കുന്നത് യഥാർത്ഥ വസ്തുതളെ അംഗീകരിക്കുമ്പോഴാണ്. ഗ്രാവിറ്റി ഒരു യാഥാർത്ഥ്യം ആണ്. വെള്ളത്തിൻ്റെ മോളിക്കുളർ കോമ്പോസിഷൻ ഒരു യാഥാർത്ഥ്യം ആണ്. നമ്മൾക്ക് ജീവിക്കാൻ വെള്ളം വേണം എന്നത് ഒരു യഥാർത്ഥ വസ്തുത ആണ്. പ്രപഞ്ച നിയമങ്ങൾ നമ്മൾക്ക് ആഗ്രഹിച്ച് മാറ്റാനാവില്ല. ഈ പ്രപഞ്ച യാഥാർത്ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ് നമ്മളുടെ വിജയകരവും സന്തോഷവും ഉള്ള ജീവിതത്തെ ചിട്ടപ്പെടുത്തേണ്ടത്.
പക്ഷേ ഈ ധാർമികതയിൽ നിങ്ങൾ ജീവിക്കണം, സന്തോഷം പിൻതുടരണം എന്ന കമാൻഡുകൾ ഒന്നുമില്ല. ഓരോ വ്യക്തിയും സ്വയം തിരഞ്ഞെടുക്കേണ്ട ഒന്നാണത്.
യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയ യുക്തിപരമായ ധാർമ്മികത ഓരോ മനുഷ്യനോടും അവൻ്റെ തിരഞ്ഞെടുപ്പുകളിലെയും പ്രവൃത്തിയുടെയും ശരി തെറ്റുകൾ വെളിവാക്കി കൊടുക്കുന്നു. നിങ്ങൾ തീർച്ചയായും ഭക്ഷണം കഴിക്കണം. എന്തിന് കഴിക്കണം? ജീവൻ നിലനിർത്തണമെങ്കിൽ. നിങ്ങൾ തീർച്ചയായും ജോലി ചെയ്യണം. എന്തിന് അധ്വാനിക്കണം? ഭക്ഷണം കഴിക്കണമെങ്കിൽ. നിങ്ങൾ തീർച്ചയായും ചിന്തിക്കണം.എന്തിന് ചിന്തിക്കണം? ജോലി ചെയ്യണം എങ്കിൽ. നിങ്ങൾ തീർച്ചയായും യാഥാർത്ഥ്യം മനസിലാക്കണം. എന്തിന് മനസിലാക്കണം? ചിന്തിക്കണം എങ്കിൽ.
You must look at reality, if you want to think—if you want to know what to do—if you want to know what goals to choose—if you want to know how to achieve them
അയൻ റാൻഡ് ഫ്രാൻസിസ് ബക്കോണിൻ്റെ ഒരു വാചകം ഇടയ്ക്ക് പരാമർശിക്കാറുണ്ട്. “പ്രകൃതി കമാൻഡുകൾ തരും. നമ്മൾ അനുസരിക്കുക”. പക്ഷേ ശ്രദ്ധിക്കുക ഈ അനുസരണ അബ്രഹാമിൻ്റെ മത അനുസരണ അല്ല. പകരം ഒരു ശാസ്ത്രജ്ഞൻ വസ്തുതകളോട് തെളിവുകളോട് കാണിക്കുന്ന അനുസരണ ആണ്. ആ വസ്തുതകൾ അവൻ മനസിലാക്കേണ്ടത് യുക്തി ഉപയോഗിച്ചാണ്. ധാർമ്മികത ഉള്ളവർ ആകുക എന്നാൽ യുക്തി ഉപയോഗിക്കുന്നവർ ആകുക എന്നാണ് അർത്ഥം.
ഗുഹാമനുഷ്യനിൽ നിന്നും ചന്ദ്രനിൽ ലാൻഡ് ചെയ്തത് വരെയുള്ള മനുഷ്യരാശിയുടെ ക്രമേണയുള്ള പുരോഗതി ആലോചിക്കുക. മഴ നൃത്തം ചെയ്തത് കൊണ്ടോ പ്രാർത്ഥന കൊണ്ടോ ദൈവത്തിൻ്റെ അടിമയായി നിന്നത് കൊണ്ടോ അല്ല ആ നേട്ടങ്ങൾ ഉണ്ടായത്. പ്രകൃതിയെ പഠിക്കാൻ ചിലർ പരിശ്രമിച്ചത് കൊണ്ടാണ്. ഓരോ പ്രതിഭാസങ്ങളുടെയും ഓരോ വസ്തുതകളുടെയും സ്വഭാവ പ്രത്യേകതകൾ രേഖപ്പെടുത്തുകയും , ക്രമേണ ഓരോ രഹസ്യങ്ങൾ ക്ഷമയോടെ മനസിലാക്കുകയും, നിയമങ്ങൾ കണ്ടെത്തുകയും ആ നിയമങ്ങളുടെ ശക്തി ഉപയോഗിച്ച് ലോകത്തെ തന്നെ മാറ്റി മറിച്ചപ്പോഴും ആണ് മനുഷ്യൻ പുരോഗമിച്ചത്. അരിസ്റ്റോട്ടിലും യൂക്ലിഡും ആർക്കിമിഡസും ഗലീലിയോയും ന്യൂട്ടനും പാസ്റ്ററും മാക്സ്വെലും എഡിസണും ഡാർവിനും തുടങ്ങി അനേകം മനുഷ്യരുടെ ചിന്തയും പരിശ്രമവും ആണ് ആ പുരോഗതിക്ക് മുതൽകൂട്ട്.
റാൻഡ് പറയുന്നത് ഒരു ശാസ്ത്രജ്ഞൻ എത്ര ആരാധനയോടെയാണോ പ്രകൃതിയെ നോക്കി കാണുന്നത് അത് പോലെ ആയിരിക്കണം നമ്മൾ ഓരോരുത്തരും യാഥാർത്ഥ്യത്തെയും നമ്മുടെ ജീവിതത്തെയും അതിൻ്റെ സന്തോഷത്തേയും നോക്കിക്കാണേണ്ടത് എന്നാണ്. ഈ ഒരു സമീപനത്തിൽ ധാർമ്മികതയുടെ തത്വം വൈദ്യശാസ്ത്രത്തിൻ്റെ തത്വം പോലെയാണ്.
മരുന്നിൻ്റെ ശാസ്ത്രം സബ്ജക്റ്റീവ് അല്ല. നിങ്ങളുടെ ഡോക്ടർ ക്യാൻസർ മാറ്റാൻ അയാൾക്ക് അന്നേ ദിവസം തോന്നിയ ഒരു മരുന്നു എഴുതി തരുകയാണ് എങ്കിൽ അല്ലെങ്കിൽ വോട്ടിനിട്ട് തിരുമാനിക്കാം എന്ന് പറയുകയാണ് എങ്കിൽ ആ വ്യാജൻ്റെ മുന്നിൽ നിന്ന് നിങ്ങൾ ഓടി രക്ഷപ്പെടും. മരുന്നിൻ്റെ ശാസ്ത്രം സൂപ്പർ നാച്ചുറലും അല്ല. ദൈവ കോപമല്ല നമുക്ക് അസുഖങ്ങൾ തരുന്നത്
വ്യക്തിഗതവും സാമൂഹികവും സൂപ്പർ നാച്ചുറലും ആയ ഒരു സബ്ജക്റ്റിവിസത്തിനും മോഡേൺ മെഡിസിനിൽ സ്ഥാനമില്ല. മരുന്ന് എന്നാൽ രോഗകാരണങ്ങളെ ഒള്ജക്റ്റീവ് ആയി പരിശോധിച്ച ശേഷം കൃത്യമായി രോഗം മാറ്റുന്ന ഒബ്ജക്റ്റീവ് സൊലൂഷൻ ആണ്.
ഇതേ രൂപരേഖ ധാർമ്മികതയ്ക്കും ആവശ്യമാണ്. റാൻഡ് പറയുന്നു ധാർമികതയുടെ പർപ്പസ് എന്നാൽ നമ്മളെ ജീവിക്കാനും സന്തോഷിക്കാനും പഠിപ്പിക്കുക എന്നതാണ്. വിജയിച്ച അവസ്ഥയുടെ വികാരമാണ് സന്തോഷം. അത് ഏതേങ്കിലും വഴിപോക്കരുടെ അഭിപ്രായങ്ങൾ അനുസരിച്ച് പ്രവൃത്തിച്ചത് കൊണ്ടോ താൽകാലിക കിക്കുകൾക്ക് വേണ്ടി ശ്രമിച്ചത് കൊണ്ടോ കിട്ടില്ല. സന്തോഷം കിട്ടണം
എങ്കിൽ അതിൻ്റെ കാരണങ്ങളെ പറ്റി കൃത്യമായി പഠിക്കണം. അന്വേഷിക്കണം. യാഥാർത്ഥ്യത്തിൻ്റെ അടിസ്ഥാന പ്രത്യേകതകൾ മനസിലാക്കണം.
മരുന്ന് എങ്ങനെയാണോ കാര്യകാരണങ്ങളും തത്വങ്ങളും ഉപയോഗിച്ച് നമ്മുടെ ശാരീരിക ആരോഗ്യത്തെ നിലനിർത്തുന്നത് അത് പോലെ ധാർമികത നമ്മുടെ മാനസിക ആരോഗ്യത്തെ നിലനിർത്തുകയും സന്തോഷം തേടാൻ അവസരം ഒരുക്കുകയും ചെയ്യുന്നു.
ജീവൻ്റെയും ജീവിതത്തിൻ്റെയും അർഹതപ്പെട്ട പ്രണയിതാവ് ആകാൻ നമ്മളെ പരിശീലിപ്പിക്കുകയാണ് ധാർമ്മികതയുടെ പർപ്പസ്.
And The result will be happiness.
അത് കൊണ്ട് തന്നെ എത്തിക്സ് കൈകാര്യം ചെയ്യുന്ന വിഷയം അടിസ്ഥാനപരമായി ജീവിതത്തെ പരിവപ്പെടുത്തുന്ന പ്രശ്നങ്ങൾ ആണ്. മനുഷ്യന് സ്വാതന്ത്ര്യം സാധ്യമാണോ അതോ ഒരു മനുഷ്യനും ഒരു ദ്വീപിനെ പോലെ ആകാൻ സാധ്യമല്ലേ? സത്യസന്ധത ഏറ്റവും മികച്ച നയം ആണോ അതോ ഒരു ട്രാപ്പാണോ? പണവും പ്രശസ്തിയും പവറും തേടുന്നത് ശരിയാണോ? ആണെങ്കിൽ ഏതൊക്കെ സാഹചര്യത്തിൽ? സ്നേഹിക്കപ്പെടുകയും നഷ്ടപെടുകയും ചെയ്യുന്നതണോ നല്ലത്? അതോ നഷ്ടത്തെ ഭയന്ന് സ്നേഹം അറിയാതെ പോലും ജീവിക്കുന്നതോ? ജീവിതത്തിലും പ്രണയത്തിലും തലച്ചോറ് പറയുന്നത് കേൾക്കണമോ മനസ് പറയുന്നത് കേൾക്കണമോ? എന്താണ് സെക്സിൻ്റെ അർത്ഥം,
ലക്ഷ്യം? സ്വയം ത്യജിക്കുക എന്നത് ഒരു പുണ്യമാണോ അതോ അത് സെൽഫ് എസ്റ്റീമിനെ നശിപ്പിക്കുന്ന തിൻമയാണോ? നീതിയാണോ അതോ കരുണയാണോ പ്രാധാന്യം? മറ്റുള്ളവരുടെ ധാർമ്മികത നമ്മൾ വിലയിരുത്തണമോ അതോ വിലയിരുത്തിയാൽ തിരിച്ചും വിലയിരുത്തൽ നേരിടേണ്ടി വരും എന്നതിനാൽ അത് ഒഴിവാക്കണമോ? അഭിമാനം എന്നത് ഏറ്റവും വലിയ പാപം ആണോ അതോ ഏറ്റവും വലിയ നൻമയോ? ജീവിതം എന്നത് വലിയ പ്രപഞ്ചത്തിലെ അർത്ഥമില്ലാത്ത ഒരു കേവല പ്രശ്നമാണോ അതോ ജീവിതം എന്നത് ഏറ്റവും വിലപിടിപ്പുള്ള, അർത്ഥമുള്ള വസ്തുതയോ? ഭീരു പല തവണ മരിക്കുകയും ധൈര്യവാൻ ഒരിക്കലേ മരിക്കുകയുള്ളു എന്നതിൽ കാര്യമുണ്ടോ? ജീവിതം കോമ്പ്രമൈസുകൾ ചെയ്യാൻ ഉള്ളതോ അതോ ആശയത്തിൽ ദൃഡമായി ഉറച്ചു നിൽക്കാൻ ഉള്ളതോ?
ചരിത്രത്തിലെ പ്രധാന ചിന്തകരും ആർട്ടിസ്റ്റുകളും – അരിസ്റ്റോട്ടിൽ ,പ്ലേറ്റോ, ഡെസ്കരറ്റേസ് , ലോക്ക്, ഷേക്സ്പിയർ, മൈക്കിൾ ആഞ്ചലോ, ബീഥോവൻ, ഹ്യൂഗോ തുടങ്ങിയവരെല്ലാം മഹാൻമാരാകുന്നത് ഈ ചോദ്യങ്ങളെ പരിശോധിക്കുകയും അതിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചതും കൊണ്ടാണ്. അയൻ റാൻഡിനും ഈ ചോദ്യങ്ങൾക്ക് പുതിയ ഒരു ദിശാബോധത്തിൽ ഊന്നിയ ഉത്തരങ്ങൾ നൽകാനുണ്ട് – ജീവിതത്തെ പറ്റി , യുക്തിയെ പറ്റി , സ്വാർത്ഥതയെ പറ്റി , നൻമയെയും തിൻമയെയും പറ്റി. സത്യസന്ധതയും പണത്തെയും സെക്സിനെ പറ്റിയും എല്ലാം പുതിയൊരു ചിന്ത.
പക്ഷേ റാൻഡിൻ്റെയോ മറ്റ് ചിന്തകരുടെയോ ഫിലോസഫി ഒന്നോ രണ്ടോ പാരഗ്രാഫിൽ വിവരിക്കുക അസാധ്യമാണ്. അത് കൊണ്ട് കാര്യവും ഇല്ല. മതേതര ധാർമികത എന്നാൽ പത്ത് കൽപനകൾ തന്നിട്ട് – ശരി, ഇനി ഇത് പോലെ ചെയ്ത് സന്തോഷവാനായി ഇരിക്കു എന്ന് പറയുന്ന ഒന്നല്ല.
ധാർമികതയും വൈദ്യശാസ്ത്രം പോലെ ഒരു ശാസ്ത്രമാണ്. ആരോഗ്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ മനസിലാക്കി എങ്ങനെയാണോ ഒരു ഡോക്ടർ രോഗിയുടെ ഒരു പ്രത്യേക രോഗ അവസ്ഥയ്ക്ക് മരുന്ന് നിർദേശിക്കുന്നത് അത് പോലെ ഓരോരുത്തരും യാഥാർത്ഥ്യത്തെ മനസിലാക്കി വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ദൈനം ദിന ജീവിതത്തിൽ ധാർമ്മികമായി തിരഞ്ഞെടുപ്പകൾ നടത്തുകയും പ്രവർത്തിക്കുകയും വേണം. ധാർമ്മികതയോടുള്ള ശരിയായ സമീപനം നിരന്തരം മനുഷ്യനെ പറ്റിയും പ്രകൃതിയെയും പറ്റി പഠിക്കുക എന്നതാണ്.
അത് കൊണ്ട് തന്നെ അയൻ റാൻഡ് ഒരിക്കൽ പറഞ്ഞു. ഞാൻ നിങ്ങളുടെ ഭാഷയിൽ സംസാരിക്കുകയാണ് എങ്കിൽ ഞാൻ പറയും “മനുഷ്യനുള്ള ഒരേയൊരു ധാർമ്മിക കൽപ്പന” “thou shalt think” എന്നാകുന്നു. പക്ഷേ ധാർമ്മിക കൽപ്പന എന്നത് വൈരുദ്ധ്യം ആണ്. കൽപ്പിച്ചാൽ പിന്നെ ധാർമ്മികത ഇല്ല. ധാർമ്മികത റാഷണൽ ആയ ഒന്നാകുന്നു. യുക്തി കൽപ്പനകൾ സ്വീകരിക്കുന്നില്ല.
മതം നമ്മളോട് മനസ് ഉപേക്ഷിച്ച് പരിപൂർണമായി വിശ്വസിക്കാൻ പറയുന്നു. എന്നാൽ മതേതര ധാർമികത പൂർണമായും യുക്തിയിൽ അർപ്പിക്കാൻ പറയുന്നു. അവിടെ ആരാധന യുക്തിയോടാണ്. ജീവനെ നിലനിർത്തുന്നതും പരിപോഷിപ്പിക്കുന്നതും ആയ മനുഷ്യരോടുള്ള ആരാധന.
You worship logical thought—not blind obedience. You worship reason—not faith. You worship intelligence—not stupidity. You worship integrity—not compromise. You worship productive ability—not need.
ആരാധന, ബഹുമാനം തുടങ്ങിയ ധാർമിക വികാരങ്ങൾ എല്ലാം നല്ലതാണ്. പക്ഷേ മതം അതെല്ലാം ദൈവത്തിൽ കൊണ്ട് കെട്ടുന്നു. മതേതര ധാർമ്മികത ആകട്ടെ ആ വികാരങ്ങളുടെ അർത്ഥത്തെ മാനിക്കുകയും ദൈവത്തിന് പകരം ആരാധിക്കപ്പെടേണ്ടതും ബഹുമാനിക്കപെട്ടേണ്ടതും സ്വന്തം ജീവൻ നിലനിർത്താനും സന്തോഷിക്കാനും ശ്രമിക്കുന്ന മനുഷ്യനെ ആയിരിക്കണം എന്ന് പറയുന്നു.
വിശ്വാസത്തിന് പകരം യുക്തി. ദൈവത്തിന് പകരം യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കി ജീവിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന മനുഷ്യൻ. അതാണ് മത ധാർമികതയ്ക്ക് പകരം മതേതര ധാർമ്മികത മുന്നോട്ട് വെക്കുന്ന ഒബ്ജക്റ്റീവ് എത്തിക്സ്.
ഇല്ല. ദൈവമില്ലെങ്കിൽ മനുഷ്യൻ ചെകുത്താൻ ആകില്ല.
Based on “Finding morality and happiness without God”- Onkar Ghate
Translation: Abhilash Krishnan