“കവിയുടെ ചെകിടത്ത്‌!”; ശബ്ദമലിനീകരണ നിയമലംഘന ആഹ്വാനത്തിനെതിരെ രവിചന്ദ്രൻ സി


“ചിന്തിക്കാനാണ് വിശ്വാസികളോട് ആവശ്യപെടുന്നത്. വിശ്വാസി ചിന്തിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇത്തരം ആഹ്വാനങ്ങള്‍ അസാധ്യമാകും. വിശ്വാസി ചിന്തിക്കാതിരിക്കുന്നതാണ് പൗരോഹിത്യത്തിനും ഭാരവാഹിത്യത്തിനും എക്കാലത്തും നല്ലത്. രണ്ടാമത്തെ ആഹ്വാനം ‘പ്രതികരി’ക്കാനാണ്. ‘പ്രതികരണം’ എന്ന് കേട്ട് തെറ്റിദ്ധരിക്കരുത്. അക്രമം, അസഭ്യം, ആക്രോശം, സദാചാരപോലീസിംഗ്, നുണപ്രചരണം ഊര് വിലക്ക്… ഇത്യാദി മഹനീയമത കര്‍മ്മങ്ങളാണ് പ്രതികരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്…”

കവിയുടെ ചെകിടത്ത്‌!

ദൈവത്തിന്റെ ശബ്ദം കേള്‍പ്പിച്ച് വിശ്വാസികളെ ബോധവത്കരിക്കുന്ന ഒരു മതപുരോഹിതനെ കുറിച്ച് ഇവിടെയൊരു വീഡിയോ പോസ്റ്റിട്ടിരുന്നു. സംഗതി തട്ടിപ്പും ചൂഷണവുമാണെന്ന് അറിയാത്തവരില്ല. നിരീശ്വരവാദികളും മതനിഷേധികളുമായ കുറച്ച് പേര്‍ പരിഹസിച്ചെങ്കിലും അതൊരു മതതമാശയായി കണ്ട് മുന്നോട്ട് പോകുന്നവരാണ് മലയാളികളില്‍ മഹാഭൂരിപക്ഷവും. It can be safely repeated anywhere in Kerala. നമ്മുടെ രാഷ്ട്രീയനേതാക്കളോ മതപണ്ഡിതരോ സാംസ്‌കാരിക നായകരോ ബുദ്ധിജീവികളോ വിശ്വാസികളോ മാധ്യമപുലികളോ ഇതിനെതിരെ ശബ്ദിക്കില്ല. ഇനി, ഇതേ ടീമുകള്‍ താഴെപ്പറയുന്ന വിഷയത്തില്‍ എന്തായിരിക്കും നിലപാട് സ്വീകരിക്കുക എന്ന് നോക്കാം.

കൊല്ലം ജില്ലയില്‍ ചടയമംഗലത്ത്‌ കവി കുരീപ്പുഴ ശ്രീകുമാറിന്റെ അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കാര്‍ക്ക് വേണ്ടിയാണ് പോസ്റ്റര്‍. What do they want? അവര്‍ക്ക് കോളാമ്പി വെച്ച് നാട്ടുകാരെപീഡിപ്പിക്കണം. ഭരണഘടനയും സുപ്രിംകോടതിയും കേന്ദ്ര്-സംസ്ഥാന നിയമങ്ങളൊന്നും വിഷയമല്ല. They just want to torture people! ഭക്തി ഓപ്പറേറ്റ് ചെയ്യാനായി സഹജീവികളെ പീഡിപ്പിച്ചാലേ തൃപ്തിയാകൂ. പരാതിപ്പെടുന്നവര്‍ക്കെതിരെ പോസ്റ്ററടിച്ച്‌ ഭക്തരെ കുത്തിയിളക്കി വിടുകയാണ്.

“ഇളകൂ ഭക്തരെ, മതവികാരംകൊണ്ട് ഇളകി മറിയൂ..!!” പരാതിക്കാരനെ ഒറ്റപ്പെടുത്തണം, ബഹിഷ്‌ക്കരിക്കണം, സാധിക്കുമെങ്കില്‍ രണ്ട് പൊട്ടിക്കണം..!! കോളാമ്പി മൈക്ക് ഇല്ലെങ്കില്‍ പൂജയും കര്‍മ്മവും മുടങ്ങും എന്നാണ് പോസ്റ്ററില്‍ കാണുന്ന എതിര്‍ പരാതി. ഏതാണ് ഈ മൈക്ക് കൊണ്ട് നടത്തുന്ന പോസ്റ്റ് മോഡേണ്‍ പൂജാദികര്‍മ്മം? ഗര്‍ഭസ്ഥ ശിശുക്കള്‍ തൊട്ട് വന്ധ്യവയോധികരുടെ വരെ കര്‍ണ്ണപുടം തകര്‍ക്കുന്ന കര്‍മ്മമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അതൊരു ദുഷ്‌കര്‍മ്മം തന്നെ.

‘ചിന്തിക്കാനാണ്’ വിശ്വാസികളോട് ആവശ്യപെടുന്നത്. അടിപൊളി! വിശ്വാസി ചിന്തിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇത്തരം ആഹ്വാനങ്ങള്‍ അസാധ്യമാകും. വിശ്വാസി ചിന്തിക്കാതിരിക്കുന്നതാണ് പൗരോഹിത്യത്തിനും ഭാരവാഹിത്യത്തിനും എക്കാലത്തും നല്ലത്. രണ്ടാമത്തെ ആഹ്വാനം ‘പ്രതികരി’ക്കാനാണ്. ‘പ്രതികരണം’ എന്ന് കേട്ട് തെറ്റിദ്ധരിക്കരുത്. അക്രമം, അസഭ്യം, ആക്രോശം, സദാചാരപോലീസിംഗ്, നുണപ്രചരണം ഊര് വിലക്ക്… ഇത്യാദി മഹനീയമത കര്‍മ്മങ്ങളാണ് പ്രതികരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആഹ്വാനം നേരിട്ട് നടത്താന്‍ ക്ഷേത്ര ഭരണസമതിക്ക് താല്‍പര്യമില്ല. അതിലൊക്കെ ഒരുപാട് റിസ്‌കുണ്ട്. പകരം ഭക്തജനകൂട്ടായ്മ എന്ന ഫാന്‍സി ഫോര്‍മേഷനെ രംഗത്തിറക്കിയിരിക്കുന്നു. ഇതൊരു കുടുംബക്ഷേത്രമാണ്. ക്ഷേത്രമുതലാളി ഡോക്ടറാണെന്നും അറിയുന്നു. ക്ഷേത്രത്തിന്റെ നൂറ് മീറ്റര്‍ പരിധി നിശബ്ദമേഖല. അതിന്റെ നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന കരിങ്ങന്നൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂളും നിശബ്ദമേഖലയില്‍. ഇങ്ങനെ ആകെമൊത്തം രണ്ട് നിശബ്ദമേഖലകളുടെ സംഗമഭൂമിയില്‍ വെച്ചാണ് നിരോധിത കോളാമ്പി മൂപ്പിച്ച് പ്രായഭേദമന്യേ നാട്ടുകാരുടെ കരണം അടിച്ച് പൊട്ടിക്കുന്നത്.

പരാതിപെട്ടാല്‍ സ്ഥിരമുള്ള നമ്പരുകള്‍ വരും- നാടുമുഴുവന്‍ നടന്ന് അധിക്ഷേപവും നുണപ്രചരണവും. ഇപ്പോള്‍ ലോക്കല്‍ മീഡിയയെ വിളിച്ചുവരുത്തി വികാരപ്രകടനവും നിര്‍ബന്ധമാണ്. ശബ്ദം കുറച്ച് വെക്കാന്‍ ഭാരവാഹികളോട് തന്നെ അഭ്യര്‍ത്ഥിച്ചാല്‍ “എനിക്ക് യോജിപ്പാണ്, ലോ ലവനാണ് കുറയ്ക്കാന്‍ സമ്മതിക്കാത്തത് “എന്ന് പറഞ്ഞ് ടി കമ്മറ്റിയിലെ വേറൊരാളെ ചൂണ്ടിക്കാട്ടും. ഈ ലെ ലവനോട് ചോദിച്ചാല്‍ മറ്റൊരാളെ ചൂണ്ടിക്കാട്ടും. ഇനി പോലീസില്‍ പരാതിപെട്ടാലോ? പരാതി സ്വീകരിച്ച് പോലീസ് സ്ഥലത്ത് എത്തിയാല്‍ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ‘തൊല്ല’ ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കും. പരാതി വരുന്നത് കൊണ്ടാണ്, അല്ലാതെ ഞങ്ങള്‍ക്ക് നിയമംപാലിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്ന ലൈന്‍.

ഈയിടെ കൊല്ലം റൂറല്‍ എസ് പി തന്റെ അധികാരപരിധിക്ക് കീഴിലുള്ള എസ്.എച്ച്.ഒ മാര്‍ക്ക്‌ അയച്ച കത്തിന്റെ വിവരാവകാശരേഖ ലഭ്യമാണ്. സുപ്രിംകോടതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പോലീസ് മാന്വലും അനുസരിച്ച് ശബ്ദമലിനീകരണത്തിനെതിരെയുള്ള നിയമം നടപ്പിലാക്കാന്‍ എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും ബാധ്യതയുണ്ടെന്നും പ്രസ്തുത ഉത്തരവാദിത്വം വേണ്ട പോലെ പാലിക്കാത്തതിനാല്‍ പോലീസ് വകുപ്പിന് വിവരാവകാശകമ്മീഷന്റെ സിറ്റിംഗുകളില്‍ നല്ല ശകാരം കിട്ടുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ഇനിയെങ്കിലും എല്ലാ എസ്.എച്ച്.ഒ മാരും തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലുള്ള ശബ്ദമലിനീകരണം തടഞ്ഞ് നിയമം നടപ്പിലാക്കണമെന്ന നിര്‍ദ്ദേശിക്കുന്ന ഉത്തരവില്‍ പ്രസ്തുത നിര്‍ദ്ദേശം പാലിക്കുന്നു എന്നതിന്റെ Compliance Report അറിയിക്കാനും പ്രത്യേകം പറയുന്നുണ്ട്.

ഇതിന് പുറമേ ജില്ലയിലെ മൈക്ക് ഓപ്പറേറ്റര്‍മാരുടെ പ്രതിനിധികളുടെ അനൗദ്യോഗിക കൂട്ടായ്മ വിളിച്ച് ശബ്ദമലിനീകരണം നടത്തിയാല്‍ നേരിടേണ്ടി വരുന്ന ശിക്ഷകളെ (അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും) കുറിച്ച് ബോധ്യപെടുത്തിയിട്ടുമുണ്ട്. കാര്യം കഴിയുമ്പോള്‍ കമ്മറ്റിക്കാര്‍ സ്ഥലം കാലിയാക്കും. കേസിന് പിന്നാലെ നടക്കാനുള്ള ബാധ്യത പാവം മൈക്ക് ഓപ്പറേറ്റര്‍ക്കും! കുരീപ്പുഴയ്‌ക്കെതിരെ ശബ്ദപീഡകര്‍ കലി തുള്ളുന്നത് ഇതാദ്യമല്ലെന്നോര്‍ക്കണം. ഇതിനൊരു പരിഹാരം ഉണ്ടായേ തീരു. നിരന്തര സമ്മര്‍ദ്ദം അനിവാര്യം. നിയമത്തിന്റെ വഴി തന്നെയാണ് എല്ലാവരും പിന്തുടരേണ്ടത്. കേരളത്തിലെമ്പാടും ശബ്ദശല്യം കൊണ്ട് കഷ്ടപെടുന്നവര്‍ നിരന്തരം 112 ല്‍ വിളിച്ച് പരാതിപ്പെടണം. എല്ലാ പൗരന്‍മാരും ഇതൊരു ശീലമാക്കിയാല്‍ Rule of Law നിലനില്‍ക്കുന്ന ഒന്നായി നമ്മുടെ സമൂഹം മാറാന്‍ ഏറെ വൈകില്ല. പലതുള്ളി പെരുവെള്ളം. നിയമം നല്ല ആചാരമാണ്. അതാണ് ‘സദാചാരം’; നിയമവിരുദ്ധത കുറ്റകരവും. Sound Pollution is an absolute CRIME against humanity.


ശബ്ദമലിനീകരണത്തിനെതിരെ എസ്സെൻസ് ഗ്ലോബൽ നടത്തിവരുന്ന കാമ്പയിനിൽ നിങ്ങൾക്കും പങ്കെടുക്കാം. സന്ദർശിക്കുക ↓

Silence the Noise: File Your Complaint Today!

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →