ടാറ്റ ബിര്‍ള മൂര്‍ദാബാദ് എന്ന് വിളിച്ച കാലത്തില്‍നിന്ന് നാം ഇനിയും മോചിതരായിട്ടുണ്ടോ; കാര്‍ഷിക നിയമ ഭീതിവ്യാപാരത്തിന്റെ യഥാര്‍ഥ കാരണം കോര്‍പ്പറേറ്റ് ഫോബിയയോ? – പി ബി ഹരിദാസന്‍ എഴുതുന്നു


‘കോര്‍പ്പറേറ്റുകള്‍ എന്നുവച്ചാല്‍ രാവിലെ എഴുന്നേറ്റ് ആരെ ചൂഷണം ചെയ്യാം എന്ന് ആലോചിച്ചുനടക്കുന്ന കൊള്ളക്കാരല്ല. ടാറ്റ ബിര്‍ള മൂര്‍ദാബാദ് എന്ന് വിളിച്ചുവളര്‍ന്നതിന്റെ കണ്ടിഷനിങ്ങില്‍ നിന്ന് മലയാളി മോചിതനാകുന്നില്ല എന്നതാണ് കാര്‍ഷികബില്‍ ചര്‍ച്ചകളില്‍ തെളിയുന്നത്. മദ്രസ വിദ്യാഭ്യാസത്തില്‍ ഉറച്ചുപോയ മത വിശ്വാസം പോലെ അംബാനി-അദാനി ഫോബിയകളില്‍ മലയാളി യുവാക്കള്‍ തടഞ്ഞു കിടക്കുന്നു. കോര്‍പറേറ്റുകള്‍ ചൂഷകരാണ് എന്ന പത്താം ക്ലാസ്സ് അറിവ് വെച്ച് സമീപിച്ചാല്‍ നിങ്ങള്‍ക്ക് ഒരിക്കലും കാര്‍ഷിക ബില്‍ മനസ്സിലാവുകയില്ല. അടഞ്ഞ വിപണിയില്‍നിന്ന് തുറന്ന വിപണിയിലേക്കുള്ള മോചനമാണ് പുതിയ കാര്‍ഷിക നിയമം. അരിവാള്‍ ഉയര്‍ത്തിപ്പിടിച്ചു മുദ്രാവാക്യം വിളിച്ചപ്പോള്‍ അവനറിയുന്നില്ല, അവന്‍ കൊയ്തെടുത്ത കറ്റകളുടെ വില അവനറിയാതെ അപഹരിച്ചു മാറ്റപ്പെടുകയാണെന്ന്.’ – സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ പി ബി ഹരിദാസന്‍ വിവാദ കാര്‍ഷിക നിയമത്തെ വിലയിരുത്തുന്നു.
കാര്‍ഷിക ബില്ലും കോര്‍പ്പറേറ്റ് ഫോബിയയും

കാര്‍ഷിക ബില്ലിന്റെ കേരളത്തിലെ ചര്‍ച്ചകള്‍ നിരീക്ഷിച്ചാല്‍ വ്യക്തമാകുന്ന ഏറ്റവും പ്രധാനമായ കാര്യം കാര്‍ഷിക ബില്ലിലെ പോരായ്മകളോ ശരികളോ അല്ല. മലയാളിയുടെ കോര്‍പറേറ്റ് ഫോബിയകളാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ടാറ്റ ബിര്‍ള മൂര്‍ദാബാദ് എന്ന് വിളിച്ചുവളര്‍ന്നതിന്റെ കണ്ടിഷനിങ്ങില്‍ നിന്ന് മലയാളി മോചിതനാകുന്നില്ല എന്നതാണ് കാര്‍ഷികബില്‍ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന പ്രധാന പോയിന്റുകളിലൊന്ന്.  മദ്രസ വിദ്യാഭ്യാസത്തില്‍ ഉറച്ചുപോയ മതവിശ്വാസം പോലെ അംബാനി -അദാനി ഫോബിയകളില്‍ മലയാളി യുവാക്കള്‍ തടഞ്ഞു കിടക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ എല്ലാ സാമ്പത്തിക വിചിന്തനങ്ങളും പ്രത്യേകിച്ച് കാര്‍ഷിക ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിതെറ്റിപോകുന്നു. യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്ന് വെനം തുപ്പല്‍ മാത്രമായി അധഃപതിക്കുന്നു. ”കോര്‍പ്പറേറ്റുപക്ഷ സാമ്പത്തിക നയങ്ങള്‍, സ്വദേശ-വിദേശ കുത്തകകളുടെ സമ്പൂര്‍ണ ആധിപത്യം, മൂലധന ശക്തിക്കു മുമ്പില്‍ നിസ്സഹായ ഇരകള്‍” മുതലായ ജാര്‍ഗണുകള്‍ പ്രയോഗിച്ച് ആത്മസംതൃപ്തി അടയുന്നു. (പക്ഷെ സ്വന്തം മക്കളെ ഈ അംബാനി അദാനി കമ്പനികളിലെ ജോലിക്ക് വേണ്ടി ഉല്‍ക്കടമായി ആഗ്രഹിക്കുന്നു, അപേക്ഷിക്കുന്നു, കിട്ടിയാല്‍ അഭിമാനിക്കുന്നു – അത് വേറെകാര്യം).

സുഹൃത്തുക്കളെ, മഹാനുഭാവന്മാരെ… കോര്‍പറേറ്റുകള്‍ എന്നുവച്ചാല്‍ രാവിലെ എഴുന്നേറ്റ് ആരെ ചൂഷണം ചെയ്യാം എന്ന് ആലോചിച്ചുനടക്കുന്ന കൊള്ളക്കാരല്ല. അവര്‍ വെല്‍ത്ത് ക്രിയേറ്റേഴ്‌സ് ആകുന്നു. അവര്‍  പാവപെട്ട നാട്ടുകാര്‍ക്ക് വിദ്യാഭ്യാസവും സൗജന്യ ആരോഗ്യരക്ഷ കൊടുക്കുന്ന ഉപകാരികള്‍ കൂടിയാണ്. ഇതൊക്കെ ഞങ്ങളുടെ സര്‍ക്കാരല്ലേ കൊടുക്കുന്നത് എന്നാണ് നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നതെങ്കില്‍ You are illiterate number one.

വീട്ടില്‍പോയിരുന്ന് ഒറ്റക്കിരുന്ന് ഒന്ന് ആലോചിക്കുക. ഈ കോടാനുകോടി വരുന്ന ജനതക്ക് ആരോഗ്യവും വിദ്യാഭ്യാസവും കൊടുക്കാനുള്ള ഫണ്ട് എവിടെനിന്നാണ് വരുന്നത്. എവിടെ നിന്നാണ് നിങ്ങളുടെ പ്രൊഫസര്‍മാര്‍ക്ക് കൊടുക്കുന്ന ഒന്നര ലക്ഷം വരുന്ന മാസ ശമ്പളം വരുന്നത്. എവിടെനിന്നാണ് നിങ്ങളുടെ വാധ്യാന്മാര്‍ക്ക് കൊടുക്കുന്ന മാസം എണ്‍പത്തിനായിരത്തോളം വരുന്ന മാസ ശമ്പളം വരുന്നത്. എവിടെ നിന്നാണ് ആശുപതികള്‍ നടത്താനുള്ള ഫണ്ടുകള്‍ കിട്ടുന്നത്. എവിടെ നിന്നാണ് നിങ്ങളുടെ മക്കള്‍ ഓടിച്ചുനടക്കുന്ന ഇരുചക്രവാഹനത്തിനുള്ള സമ്പത്ത് നിങ്ങളില്‍ എത്തിയത്. പട്ടിണിമരണങ്ങള്‍ സര്‍വസാധാരണമായി പത്ര വാര്‍ത്ത ആയിരുന്ന കാലത്തുനിന്ന് പട്ടിണി ഇല്ലാതായത് ഈ കോര്‍പറേറ്റുകള്‍ സമ്പത്ത് ഉണ്ടാക്കിയതുകൊണ്ടുകൂടിയാണെന്ന് മനസ്സിലാക്കി അറിയുക. കോര്‍പറേറ്റുകളായ ടാറ്റാസ് ഉണ്ടാക്കുന്ന ഉരുക്കും സിമന്റും കൊണ്ടാണ് രാജ്യത്തിലെ സാമ്പത്തിക ആക്ടിവിറ്റികള്‍ മുഴുവന്‍ നടക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാത്തതാണോ. ടി.സി.എസ്, വിപ്രോ, മുതലായ കോര്‍പറേറ്റ് കമ്പനികള്‍ കൊണ്ടുവരുന്ന സമ്പത്തുകൊണ്ടാണ് മേല്പറഞ്ഞ ആശുപതികളും വാധ്യാന്മാരുടെ ശമ്പളവും കൊടുക്കപെടുന്നത് എന്ന് നിങ്ങള്ക്ക് എന്തെ അറിയാത്തത്, ചിന്തിക്കാത്തത്? ആരാണ് നിങ്ങളുടെ കോര്‍പറേറ്റ് വന്‍കിട ചൂഷകന്‍? ശ്രീ ചിറ്റിലപ്പള്ളിയാണോ, ഉജാലയുടെ രാമചന്ദ്രനാണോ, ഐടിസി അഗ്രാ ആണോ, ഗോദറേജ് ആണോ, ആരാണ് നിങ്ങളുടെ കോര്‍പറേറ്റ് ചൂഷകന്‍?

കോര്‍പറേറ്റുകള്‍ ചൂഷകരാണ് എന്ന പത്താം ക്ലാസ്സ്, കോളേജ് കാലത്തെ അറിവ് വെച്ച് സമീപിച്ചാല്‍ നിങ്ങള്‍ക്ക് ഒരിക്കലും കാര്‍ഷിക ബില്‍ മനസ്സിലാവുകയില്ല.  ITC agro, Godrej Agro , Dabur മുതലായ കോര്‍പറേറ്റുകള്‍ കഴിഞ്ഞ ചുരുങ്ങിയത് ഒരു പതിറ്റാണ്ട് ആയിട്ടെങ്കിലും കര്‍ഷകരുമായി നിരന്തരം ബിസിനസ് നടത്തുന്നവരാണ്. അവരാരും നിങ്ങള്‍പറയുന്ന ‘കുത്തകകളുടെ സമ്പൂര്‍ണ ആധിപത്യവും അതുവഴി ദരിദ്ര, ചെറുകിട, ഇടത്തരം കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമ്പൂര്‍ണ നാശവും’ നടത്തിയിട്ടില്ല.

ഒരു ബിസിനസ് ഹൗസിന്റെ, കോര്‍പറേറ്റുകളുടെ അടിസ്ഥാനമായ principle ‘grow together’ എന്നതാണ്. ‘Win -Win ‘ സിറ്റുവേഷന്‍ ആണ് അവരുടെ ആപ്തവാക്യം. ഒന്നിച്ചു വളരാം. നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു വളരാന്‍ ഇവിടെ സാഹചര്യങ്ങളുണ്ട്, നമുക്ക് ഒന്നിച്ച് വളരാം എന്നതാണ് അവരുടെ നയം. അല്ലാതെ മറ്റവനെ എങ്ങനെയെങ്കിലും ചൂഷണം ചെയ്തു എനിക്ക് വളരണം എന്ന കേരള രാഷ്ട്രീയ നയമല്ല അവരുടേത്. കേരള രാഷ്ട്രീയ ചര്‍ച്ച മാത്രം കണ്ടു വളര്‍ന്ന് നിങ്ങള്‍ എല്ലാവരെയും ആ കണ്ണുകൊണ്ട് കാണരുത്.



Protect ‘GOOD WILL’ ആണ് ഒരു കോര്‍പറേറ്റ് ഹൗസിന്റെ ജീവന്മരണ ശ്രമം, ഒരു പക്ഷെ ലാഭത്തേക്കാള്‍ അവര്‍ പെടാപാടുപെടുന്നത്, അവരുടെ ഗുഡ് വില്‍ നിലനിര്‍ത്താനാണ്. കാരണം അവര്‍ക്കറിയാം ഒരു നീണ്ട കാലത്തെ നിലനില്‍പ്പിന് മറ്റെന്തിനേക്കാളും സല്‍പ്പേരിനാണ് അടിത്തറ എന്ന്. ഇക്കാര്യങ്ങള്‍ക്ക് ഒന്നും മനസ്സിലാക്കാതെ, സ്ഥാനം കൊടുക്കാതെ, കോര്‍പറേറ്റുകള്‍ ചൂഷണം ചെയ്യും എന്ന് പുരപ്പുറത്തുനിന്ന് കൂവുന്നത് അജ്ഞതയാണ് . ഇത് പറഞ്ഞാല്‍ ഉടനെ കുറെ ഉദാഹരണങ്ങളും എടുത്തുകൊണ്ടുവരും. മഹാനുഭാവാ.., ഇന്ത്യാ മഹാരാജ്യത്തു നടക്കുന്ന ലക്ഷോപലക്ഷം കോര്‍പറേറ്റുകളുടെ ഗുണപരമായ ഇടപെടലുകളുമായി  തട്ടിച്ചു നോക്കികൊണ്ട് നിങ്ങളുടെ ഉദാഹരണങ്ങള്‍ പറയുക.

മേല്പറഞ്ഞ കാര്യങ്ങളെ വെച്ചുകൊണ്ട് കാര്‍ഷിക ബില്ലിനെ ചെറുതായി ഒന്ന് വിലയിരുത്താം. മീഡിയകളില്‍ വന്ന എതിര്‍പ്പുകള്‍ മാത്രം വിലയിരുത്താം. എന്തൊക്കെയാണ് ഈ ബില്ലിന് എതിരെ വന്ന വിമര്‍ശനങ്ങള്‍ എന്ന് നോക്കാം. (പലതും വിമര്‍ശനങ്ങളല്ല. ഹൈസ്‌കൂള്‍ ധാരണകളെ മധുര മനോഹര ചപ്പടാച്ചികളാക്കി ചോദിക്കപ്പെട്ടവയാണ്. കേരളത്തിലെ മീഡിയകളുടെ ഒരു പ്രധാന പ്രശ്നം അതിലെ നമ്മള്‍ കാണുന്ന തലകള്‍ക്കൊന്നിനും (anchors ) സാമ്പത്തിക കാര്യങ്ങളില്‍ വലിയ പിടിയില്ല എന്നതുമാണ്.

താങ്ങുവിലയില്‍ സംഭവിക്കുന്നത്

താങ്ങുവില: താങ്ങുവില എന്നത് മിനിമം വില ആണെന്ന് ഉള്ളു തുറന്ന് അറിയുക. കര്‍ഷകന് എന്തുകൊണ്ട് ഏറ്റവും കൂടിയ വില കിട്ടിക്കൂടാ? മിനിമത്തിനു പകരം മാക്സിമം വില കിട്ടിക്കൂടാ? താങ്ങുവില എന്നത്  ‘wages to the subsistence level’ (Marx) ആണെന്ന് തിരിച്ചറിയുക. കര്‍ഷകനും പണക്കാരനാകാനുള്ള അവകാശമില്ലേ? ഇപ്പോള്‍ കര്‍ഷകര്‍ക്ക് മാക്സിമം വില ലഭിക്കാതിരിക്കാനുള്ള കാരണം APMC എന്ന മണ്ഡികളും അവിടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരനും ഇടനിലക്കാരന്മാരും കൂടി നടത്തുന്ന ഉപജാപങ്ങള്‍ കൊണ്ടാണെന്ന് മണ്ഡികളില്‍ ഒരു തവണ സന്ദര്‍ശിച്ചാല്‍ മനസ്സിലാകും. കര്‍ഷകന് വില കൂടുതല്‍ കിട്ടുന്ന മാര്‍ക്കറ്റുകളില്‍ പോയി വില്‍ക്കാന്‍ അനുവാദമില്ല. അവര്‍ക്ക് പരിസരത്തുള്ള മണ്ഡിയില്‍ മാത്രമേ വില്‍ക്കാന്‍ അനുവദിച്ചിട്ടുള്ളു. ഈ നിസ്സഹായാവസ്ഥ അവിടത്തെ കാര്‍ട്ടലുകള്‍ മുതലാക്കുന്നു. രാവിലെ തന്റെ ഉല്‍പ്പന്നവുമായി മണ്ഡിയിലെത്തുന്ന കര്‍ഷകന് അത് തിരിച്ചുകൊണ്ടുപോകാനുള്ള അവസ്ഥയല്ല ഉള്ളത്. ആ മണ്ഡിയില്‍ പുറത്തുനിന്നുള്ള ആര്‍ക്കും വാങ്ങാന്‍ അനുവാദമില്ല. പുറത്തുനിന്ന് ആരെയും മാര്‍ക്കെറ്റില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. എന്തുകൊണ്ടാണ് കര്‍ഷകനെ ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്? ഇത് ഒരുതരം അധീശത്വമല്ലേ. ഇതാണ് നിങ്ങള്‍ ഉത്തരം പറയേണ്ട പ്രധാന പോയിന്റ്.

ബംഗാളില്‍ കിലോക്ക് നാലുരൂപവരെ എത്തുന്ന ഉരുളക്കിഴങ്ങു എന്തുകൊണ്ട് അവന് കേരളത്തില്‍ കൊണ്ടുവന്ന് നാല്പതുരൂപക്ക് വിറ്റുകൂടാ? അത് തടയാന്‍ നിങ്ങളാരാണ്. നിങ്ങള്‍ കര്‍ഷകനെ നിസ്സഹായാവസ്ഥയില്‍ എത്തിക്കുന്ന നിയമം ഉണ്ടാക്കിയിട്ട് പാവപെട്ട കര്‍ഷകന്‍ എന്ന് മുതലക്കണ്ണീർ പൊഴിച്ച് നടക്കുന്നു. എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്റ്റ് മുതലായ കൊളോണിയല്‍ നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവന്റെ സാമ്പത്തിക ഉന്നമനത്തെ കടിഞ്ഞാണിടുക. അവനെ എന്നെന്നും പാവപെട്ടവനായി നിലനിര്‍ത്തുക. ഇതാണ് ഇപ്പോള്‍ നടക്കുന്നത്. താങ്ങുവില എന്ന മോഹന ദാക്ഷീണ്യങ്ങള്‍ നല്‍കി കര്‍ഷകനെ എന്നെന്നും പാവപെട്ടവനായി മധ്യവര്‍ഗ്ഗ ത്തിന്റെ വണ്ടിക്കാളയായി നിര്‍ത്തുന്ന ഒരു വ്യവസ്ഥ ആണ് നടക്കുന്നത്. അവന് ഫ്രീ മാര്‍ക്കറ്റ് ബെനിഫിറ്റ് എന്തുകൊണ്ട് ലഭിക്കുന്നില്ല?

ഈ കാര്‍ഷിക ബില്ലില്‍ താങ്ങു വില ഇതുപോലെ തുടര്‍ന്ന് കൊണ്ടിരിക്കും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരു നീണ്ട കാലയളവില്‍ അത് പാലിക്കപ്പെടണമെന്നില്ല, ഇതൊരു ആകാംക്ഷയാണു്. മിക്കവാറും ആ ആകാംക്ഷ ശരിയായിത്തന്നെ വരും. കാരണം എല്ലാ സര്‍ക്കാരുകളും കാലാ കാലങ്ങളിലുള്ള ട്രേഡ് യൂണിയന്‍ ശക്തികള്‍ക്ക് കൊടുക്കാനുള്ള DA, Leave encashment മുതലായ അവകാശങ്ങള്‍, പേ കമ്മീഷനുകള്‍ നടപ്പാക്കല്‍ ഇതൊക്കെ കഴിഞ്ഞുള്ള തുക മാത്രമാണ് താങ്ങുവിലയില്‍ കിട്ടുക. അതുകൊണ്ട് ഒരു സര്‍ക്കാരിനും മാര്‍ക്കറ്റില്‍ സപ്പോര്‍ട്ട് ചെയ്യാനുള്ള താങ്ങുവില കൊടുക്കാനാകില്ല. താങ്ങുവില എന്ന പൊടിക്കൈകള്‍ വിളംബരം ചെയ്തു സമാധാനിപ്പിക്കള്‍ മാത്രമായിരിക്കും നടക്കുക. (ഇപ്പോഴുള്ള താങ്ങുവിലയിലെ ഒരുഭാഗം സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്നു. അത് സമയാ സമയങ്ങളില്‍, നെല്ലെടുപ്പ് നടത്താതെ, പാലക്കാടന്‍ കര്‍ഷകന്‍ എന്നും മില്ലുകാരുടെ ദാക്ഷീണ്യത്തിലാണ് എന്ന് താങ്ങുവില എന്ന സുന്ദര പദത്തില്‍ മയങ്ങി കിടക്കുന്നവര്‍ അറിയുക).

91-ലെ ഉദാരവത്ക്കരണക്കാലത്തുപോലുള്ള മാറ്റം

കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഈ ബില്‍ സമൂലമായ മാറ്റം ഉണ്ടാക്കും. 1991-ല്‍ മന്മോഹന്‍ സിങ് ലൈസന്‍സ് ക്വാട്ട രാജ് മാറ്റി ഇക്കോണോമിയെ എങ്ങനെ സ്വാതന്ത്രമാക്കിയോ അതുപോലൊരു മാറ്റം കാര്‍ഷിക മേഖലയില്‍ നടക്കാന്‍ പോകുന്നു. വന്‍കിട കോര്‍പറേറ്റ്, അംബാനി, അദാനി എന്നീ വാക്കുകളില്‍ ചിന്ത കുടുങ്ങി കിടക്കുന്നവര്‍ക്ക് വരാന്‍ പോകുന്ന ഈ മാറ്റം കാണാന്‍ കഴിയില്ല. 1991 ല്‍ മന്മോഹന്‍ സിങ് ഇന്ത്യന്‍ ഇക്കണോമിയെ ലിബറലൈസ് ചെയ്തപ്പോഴും കാര്യങ്ങളുടെ അന്തഃസത്ത മനസ്സിലാക്കാത്തവരുടെ ഇതുപോലുള്ള ധാരാളം എതിര്‍പ്പുകള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നിരുന്നു. കോര്‍പറേറ്റുകള്‍ ചൂഷകരാണെന്ന മുന്‍ധാരണകള്‍, അന്ധവിശ്വാസങ്ങള്‍ വെച്ചുകൊണ്ട് കാര്‍ഷിക ബില്ലിനെ വിലയിരുത്തിയാല്‍ ഈ ബില്ല് അവര്‍ക്കൊരു കീറാമുട്ടിയായിരിക്കും. കോര്‍പറേറ്റുകള്‍ രാവിലെ മുതല്‍ ആരെയൊക്കെ ചൂഷണം ചെയ്യാം എന്ന് ആലോചിച്ചു നടക്കുന്നവരല്ല. യൂട്യൂബ് നായികാ നായകന്മാരുടെ ചപ്പടാച്ചികള്‍, ലൈക്കുകള്‍ കേരളത്തിന്റെ പൊതു ബോധത്തെ സ്വാധീനിക്കാന്‍ ഇടകൊടുക്കരുത്.


ഇന്ത്യയെ സ്നേഹിക്കുന്ന സാധാരണക്കാരുടെ ഇന്ത്യയെ മാനിക്കുന്ന ഒരു നീണ്ട നിര കോര്‍പറേറ്റ് ഹൗസ് ഇവിടെയുണ്ട്. ഈ ബില്‍ കര്‍ഷകരും കോര്‍പറേറ്റുകളും തമ്മിലുള്ള ഒരു മാര്യേജിനാണ് വഴിയൊരുക്കുന്നത്. കോര്‍പറേറ്റ്സ് എല്ലാവരും കര്‍ഷകരെ ചൂഷണം ചെയ്യുന്നവരാണ് എന്ന മുന്‍വിധി വെച്ച് കാര്യങ്ങളെ കണ്ടാല്‍ നിങ്ങളൊരിക്കലും ഈ ബില്ലിന്റെ പൊട്ടന്‍ഷ്യല്‍ കാണുകയില്ല. കാര്‍ഷിക നിക്ഷേപങ്ങളുടെ കാര്യത്തില്‍ കോര്‍പറേറ്റ് ഹൗസുകളെ നിയമങ്ങള്‍ കൊണ്ട് കെട്ടിയിട്ട ഒരു നയങ്ങളായിരുന്നു കഴിഞ്ഞ പല പതിറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനിന്നിരുന്നത്. ആ നിയന്ത്രണങ്ങള്‍ ഈ ബില്‍ എടുത്തുകളഞ്ഞിരിക്കുന്നു. അടുത്ത പതിറ്റാണ്ടില്‍ ഇന്ത്യ ഒരു വന്‍ വാല്യൂ ആഡഡ് കാര്‍ഷിക ഉത്പന്ന കയറ്റുമതി രാജ്യം ആയി മാറാന്‍ ഈ ബില്‍ വഴിതുറന്നിരിക്കുന്നു. ഐടി, ഫാര്‍മ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുമായി തുലനം ചെയ്യുന്നത് ഒരു അധികപ്രസംഗം ആകുമെങ്കിലും സമാന രീതിയില്‍ കാര്‍ഷിക മേഖലയിലും വരുന്ന പതിറ്റാണ്ടില്‍ നേടാനുള്ള കഴിവും ശക്തിയും സാമര്‍ഥ്യവും ഇന്ത്യക്കുണ്ട്.

എസ്സന്‍ഷ്യല്‍ കൊമ്മോഡിറ്റീസ് ആക്ട് മുതലായ കര്‍ഷകനെയും കോര്‍പറേറ്റുകളെയും തടയിട്ട ഭയപ്പാടിന്റെ നിയമങ്ങള്‍ എടുത്ത് കളഞ്ഞതു എപിഎംസി എന്ന കുത്തക മണ്ഡികളില്‍നിന്ന് കര്‍ഷകനെ മോചിപ്പിച്ചതും കൂടി ചേരുമ്പോള്‍ നിക്ഷേപങ്ങളുടെ ഒരു പ്രവാഹം ഈ മേഖലയിലേക്ക് ഉണ്ടാകും. ഗ്രാമീണ മേഖലയില്‍ ഇത് വലിയ തോതില്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കും. കോള്‍ഡ് സ്റ്റോറേജുകളുടെ ഉദാഹരണമെടുത്താല്‍ ഇന്ത്യയിലെ ഇന്നത്തെ കോള്‍ഡ് സ്റ്റോറേജുകളുടെ അവസ്ഥ എന്താണ്? എത്ര എണ്ണം ഉണ്ട്, അവയില്‍ എത്ര എണ്ണം നേരാം വണ്ണം നടക്കുന്നുണ്ട്? അതില്ലാത്തതുമൂലം എത്രമാത്രം കാര്‍ഷിക ഉല്‍പന്നങ്ങള്‍ നഷ്ടപെടുന്നുണ്ട്. 30 ശതമാനം കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടു പോകുന്നതായി ഒരു കണക്കില്‍ പറയുന്നു. ഈ മേഖലക്ക് ആവശ്യമായ നിക്ഷേപങ്ങള്‍ ഒരിക്കലും സര്‍ക്കാരുകളെ കൊണ്ട് നടപ്പാക്കാന്‍ കഴിയില്ല. ഇതുവരെ കഴിഞ്ഞിട്ടുമില്ല. 30 ശതമാനം കാര്‍ഷിക ഉത്പന്നങ്ങെളെങ്കിലും നശിച്ചുപോകുന്നു എന്ന വാര്‍ത്ത ഒരു മുപ്പതു വര്‍ഷമായെങ്കിലും നമ്മള്‍ വായിക്കുന്ന സ്ഥിരം പല്ലവിയാണ്. അത് മാറാന്‍ പോകുന്നു. ഇന്ത്യയുടെ തലങ്ങും വിലങ്ങും കോള്‍ഡ് സ്റ്റോറേജുകള്‍ ഘടിപ്പിച്ച ട്രക്കുകള്‍ ഓടാന്‍ പോകുന്നു. It is going to change the way we shop.

കോണ്‍ട്രാക്ട് ഫാമിങ് കര്‍ഷകന് നാശമോ?

ഈ നിയമത്തെക്കുറിച്ചുള്ള  പ്രധാന ആരോപണങ്ങളിലൊന്ന് കോണ്‍ട്രാക്ട് ഫാമിങ്ങിലൂടെ വന്‍ കോര്‍പറേറ്റുകള്‍ കര്‍ഷകനെ നിസ്സഹായാവസ്ഥയില്‍ എത്തിക്കും, കര്‍ഷകന് വന്‍കിടകളോട് മത്സരിച്ചു നില്‍ക്കാന്‍ കഴിവില്ല എന്നൊക്കെയാണ്. ഗുണ നിലവിവാരം ഇല്ല മുതലായ ന്യായം പറഞ്ഞു വന്‍കിടകള്‍ പറഞ്ഞുറപ്പിച്ച വിലക്ക് വിളവ് എടുക്കുന്ന സമയത്ത് വാക്കു പാലിക്കില്ല, വില ഇടിപ്പിക്കും മുതലായ വാദങ്ങളാണ് കേള്‍ക്കുന്നത്. ആശയലോകത്ത് ലോജിക്കുകള്‍ ഉപയോഗിച്ച് നടത്തുന്ന ചില നിഗമനങ്ങള്‍ മാത്രമാണ് ഇതൊക്കെ. കോര്‍പറേറ്റുകള്‍ ചൂഷണം നടത്താന്‍ സാഹചര്യം കാത്തിരിക്കുന്നവരാണ് എന്ന ബാലിശമായ മനോവൈകല്യം ആണ് ഈ വിലയിരുത്തലിന് കാരണം. കോര്‍പറേറ്റുകളും കര്‍ഷകരും തമ്മിലുള്ള ഒരു മ സഹവര്‍ത്തിത്വത്തിനുള്ള വന്‍ സാധ്യതയാണ് ഈ ബില്‍ സംജാതമാക്കുക. കോര്‍പറേറ്റുകള്‍ പരസ്പര പൂരകമായ വളര്‍ച്ചയാണ് എപ്പോഴും ശ്രമിക്കുക. ഇതവരുടെ പ്രായോഗിക അറിവാണ്. കോര്‍പറേറ്റുകള്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ പടക്കോപ്പുകൂട്ടി തയാറായി ഇരിക്കുന്നത് കോണ്‍ട്രാക്ട് ഫാര്‍മിംഗിലൂടെ ആണെന്നാണ് പല വിശാരദന്മാരുടെയും അങ്കലാപ്പ്.


മലയാളിയുടെ കോര്‍പറേറ്റ് ഫോബിയയുടെ ഉത്തമമായ ഉദാഹരണമാണ് കോണ്‍ട്രാക്ട് ഫാമിങ്ങിനെ കുറിച്ചുള്ള മീഡിയ വിലയിരുത്തലുകള്‍. ഇവിടെ നേരത്തെ പറഞ്ഞ സഹവര്‍ത്തിത്വലൂടെ ഒന്നിച്ച് വളരുക, എന്നതാണ് കോര്‍പറേറ്റുകള്‍ നൂറ്റാണ്ടുകളായി അല്ലെങ്കിലും ദശാബ്ദങ്ങളായി അവരുടെ മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ അറിഞ്ഞു മനസ്സിലാക്കി നയമായി കൊണ്ടുനടക്കുന്നത്. അങ്ങെനെയുള്ള കോര്‍പറേറ്റുകള്‍ മാത്രമേ ഒരു മത്സരാധിഷ്ഠിത വിപണി വളരുകയുള്ളു, നിലനില്‍ക്കുകയുള്ളൂ. പക്ഷെ കേരളത്തിലെ വിശാരദന്മാര്‍ക്ക് അതങ്ങനെയല്ല. ”ഉല്പന്നങ്ങൾക്ക് നിശ്ചിത ഗുണനിലവാരമില്ലെന്ന് കുത്തകകളുടെതന്നെ ‘വിദഗ്ദ്ധസംഘം’ വിധിയെഴുതിയാല്‍ കർഷകർക്ക് മൂന്നിലൊന്ന് വില നഷ്ടമാകും, മൂലധനശക്തിക്കു മുമ്പില്‍ നിസ്സഹായ ഇരകളായി കര്‍ഷകര്‍ തകരും”’ എന്നൊക്കെയാണ് വെളിപാടുകള്‍.

കോണ്‍ട്രാക്ട് ഫാമിങ് അരക്കിട്ടുറപ്പിച്ച നിയമവ്യവസ്ഥയില്‍ ഒന്നുമല്ല നടക്കുന്നത്. ഏതെങ്കിലും കര്‍ഷകന് കോണ്‍ട്രാക്ട് നിയമങ്ങള്‍ക്ക് വെളിയില്‍ വിറ്റാല്‍ പിടിച്ചു ജയിലിലിടാനൊന്നും പറ്റില്ല സുഹൃത്തേ. കോണ്‍ട്രാക്ട് ഫാമിങ് കര്‍ഷകര്‍ക്ക് ഒരു സുരക്ഷിതത്വം ആണ് ഉണ്ടാക്കുന്നത്. തന്റെ ഉത്പന്നങ്ങള്‍ക്ക് ഒരു നിശ്ചിത വില കിട്ടും എന്ന ഉറപ്പ് കര്‍ഷകനെ അവന്റെ കൂടെപ്പിറപ്പായ അങ്കലാപ്പുകളില്‍ നിന്നുള്ള മോചനം ആണ് ഉണ്ടാക്കുക. തന്റെ ആകെ കൃഷിയിടത്തില്‍ ഏതൊക്കെ എത്രയോക്കെ ഏരിയ എന്തൊക്കെ കൃഷി ചെയ്യാം എന്ന ഒരുറപ്പ് അവനില്‍ ഉണ്ടാക്കുന്ന ആശ്വാസം ആണ് കോണ്‍ട്രാക്ട് ഫാമിങ്.

ഇനി ഏതെങ്കിലും ഒരു കോര്‍പറേറ്റ് കോണ്‍ട്രാക്ട് പ്രകാരമുള്ള ചരക്ക് എടുക്കല്‍ മുടക്കിയാല്‍, ഗുണം കുറവാണെന്നോ മുതലായ കൗശലം പ്രയോഗിച്ചാല്‍ ആ കോര്‍പറേറ്റിന്റെ വന്‍കിടയുടെ ഗുഡ് വില്‍ അതോടെ തകരും. പിന്നെ അവര്‍ക്കു ആ ജില്ല പോയിട്ട് ആ സംസ്ഥാനത്തുപോലും ബിസിനസ് ചെയ്യാന്‍ ബുദ്ധിമുട്ടാകും. പോരാത്തതിന് ‘ഈ കമ്പനിയെ ബഹിഷ്‌കരിക്കുക’ മുതലായ ആയുധങ്ങള്‍ ഈ കമ്പനികളുടെ തലക്കു മീതെ എന്നും തൂങ്ങിക്കൊണ്ടിരിക്കും . Please understand Indian farmer is very smart. ഗ്രൗണ്ട് ലെവലില്‍ നിന്ന് കൊണ്ട് കാര്യങ്ങളെ വിലയിരുത്താതെ ആശയലോകത്ത് അഭിരമിക്കുന്നവര്‍ക്കുണ്ടാകുന്ന തെറ്റുകളാണ് മേല്പറഞ്ഞതൊക്കെ. ബിസിനസ് സഹകരണമാണ്, ഒന്നിച്ചുള്ള വളര്‍ച്ചയാണ് രണ്ടു പേര്‍ക്കും ഗുണകരം എന്ന ആശയം കോര്‍പറേറ്റുകള്‍ക്കും അറിയാം. ഒന്നിച്ചു വളര്‍ന്നാല്‍ മാത്രമേ രണ്ടു പേര്‍ക്കും ഭാവിയുള്ളു. അതാണ് രണ്ടുപേര്‍ക്കും ഗുണകരം എന്നത് എല്ലാ ബിസിനസ്സ് കളുടെയും പ്രാഥമിക അറിവാണ്, പ്രായോഗിക അറിവാണ്, നയമാണ്.

കൃഷിഭൂമി വന്‍കിടകള്‍ തട്ടിയെടുക്കുമോ?

കര്‍ഷക ബില്ലിനെക്കുറിച്ചു യൂട്യൂബ് ജ്ഞാനികള്‍ പറഞ്ഞു പരത്തുന്ന വേറൊരു ന്യായവാദമാണ് കടബാദ്ധ്യകളില്‍ അകപ്പെട്ട കര്‍ഷകന്റെ ഭൂമി വന്‍കിടകള്‍ തട്ടിയെടുക്കും, ചെറുകിടകര്‍ഷകര്‍ മാത്രമായ സാധാരണ കര്‍ഷകര്‍ക്ക് വന്‍കിടകളോട് നിയമയുദ്ധം നടത്തി വിജയിക്കാനാവില്ല എന്നൊക്കെ. ഈ പറച്ചില്‍ ബാലിശമാണ്. ഇന്ത്യന്‍ കര്‍ഷകരുടെ ഭൂമി ആര്‍ക്കും നടത്തി എടുക്കാന്‍ കഴിയില്ല. ഒരു ബിസിനസ് ഹൗസിനും ഒഴിപ്പിച്ചെടുക്കാന്‍ കഴിയില്ല . നിയമത്തിലൂടെ കടബാധ്യതകള്‍ക്ക് പകരമായി കര്‍ഷക ഭൂമി ഇന്ത്യയില്‍ നടത്തിയെടുക്കാന്‍ കഴിയില്ല . വ്യവസായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കൃഷിഭൂമി ഏറ്റെടുക്കലും അവിടെ നടക്കുന്ന സമരങ്ങളും എതിര്‍പ്പുകളും ഇക്കാര്യവുമായി കൂട്ടി കുഴച്ചു ചിന്തിക്കരുത്. രണ്ടും രണ്ടാണ്.

കോണ്‍ട്രാക്ട് ഫാമിങ് കര്‍ഷകര്‍ക്ക് അവരുടെ അരക്ഷിതാവസ്ഥയില്‍ നിന്നുള്ള മോചനമായിരിക്കും. വിലവ്യതിയാനങ്ങളുടെ കടക്കെണിയില്‍ നിന്ന് അവര്‍ക്കു അവരുടെ ഭൂമിയിലെ എത്ര നിലത്ത് ഏതു കൃഷി ഇറക്കാം മുതലായ കാര്യങ്ങളില്‍ ഒരു പ്ലാനിങ് നടത്താന്‍ കഴിയും. അരക്ഷിതാവസ്ഥ ഇല്ലാത്തൊരു പ്ലാനിങ്. ഇപ്പോള്‍ തന്നെ പലയിടങ്ങളിലും പല കൃഷികളിലും അഗ്രോ ടെക് കമ്പനികളുമായി ചേര്‍ന്ന് ഇത് നടന്നുകൊണ്ടിരിക്കുന്നു. ഉദാഹരണം തേന്‍. എത്ര വര്‍ഷങ്ങളായി തേനീച്ച വളര്‍ത്തല്‍ വന്‍കിടകളുമായി ചേര്‍ന്ന് നടന്നു കൊണ്ടിരിക്കുന്നു. തേന്‍, ചോളം, ചാമ (millet) ചുവന്ന മുളക് മുതലായ കൃഷികളില്‍, കോണ്‍ട്രാക്ട് ഫാര്‍മിംഗിന്, ഒരു സ്‌കെയിലും ആത്മവിശ്വാസവും ഈ നിയമം ഉണ്ടാക്കിയെടുക്കുന്നുണ്ട്.

പൂഴ്ത്തിവെപ്പ് ഉണ്ടാവുമോ?

ദൗര്‍ലഭ്യം ഉണ്ടാക്കി വിലകളില്‍ കൃത്രിമം നടത്തും: ഇക്കാര്യത്തിലെ വേറൊരു ആരോപണം, വന്‍കിടകള്‍ കോര്‍പറേറ്റുകള്‍ പൂഴ്ത്തിവെപ്പ് നടത്തി ക്ഷാമം ഉണ്ടാക്കി വിലകളില്‍ കൃത്രിമം നടത്തും എന്നൊക്കെയാണ്. ഇതൊരു പഴയ ഹൈസ്‌കൂള്‍ അറിവ് കേറി പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന വിലയിരുത്തലാണ്. ഈ ബില്ല് വന്നതോടുകൂടി മാര്‍ക്കറ്റിന്റെ വ്യാപ്തി പലമടങ്ങായി വികസിക്കുകയാണ് ഉണ്ടാകുക. കര്‍ഷകരെ മണ്ടികളില്‍ നിന്ന് മോചിപ്പിക്കുന്നതോടുകൂടി അവിടെയുള്ള ഇടനിലക്കാര്‍ ഇല്ലാതാകുന്നതോടുകൂടി അതിവികസിതമായ ഒരു ആള്‍ ഇന്ത്യാ അഗ്രി മാര്‍ക്കറ്റ് രൂപാന്തരപ്പെടും . മലയാളികള്‍ രാജസ്ഥാനില്‍ പോയി മാര്‍ബിള്‍ വാങ്ങി ഇവിടെകൊണ്ടുവന്നു വില്‍ക്കുന്നതുപോലെ, മലയാളികള്‍ മാര്‍ബിള്‍ ക്വാറികള്‍ സ്വന്തമായി വാങ്ങി കച്ചവടം വികസിക്കുന്നതുപോലെയുള്ള, പല തലങ്ങളിലുള്ള അഗ്രി മാര്‍ക്കറ്റുകള്‍ നിലവില്‍ വരും. നാഗ്പൂരിലെയും പഞ്ചാബിലെയും കര്‍ഷകര്‍ കച്ചവട സംഘങ്ങളായി വളരും. ആന്ധ്രാ പ്രദേശിലെ വന്‍കിട കര്‍ഷകര്‍ ബിസിനസ് സംരംഭകര്‍ ആയി ഉയരും. ആന്ധ്രായിലെയും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും വന്‍കിട കൃഷിക്കാര്‍ വന്‍കിട ബിസിനസ് ഹൗസ് കളായി വളരട്ടെ. കുനുഷ്ടോടുകൂടി കാണേണ്ട.

മൂന്നു രീതികളിൽ മാര്‍ക്കറ്റുകള്‍ നിലവില്‍ വരും. 1) മേല്പറഞ്ഞ ഇന്റര്‍ സ്റ്റേറ്റ് എന്‍ടര്‍പ്രണേഴ്‌സ്, ട്രേഡേഴ്സ് മാര്‍ക്കറ്റ്. 2) ഇന്നത്തെ മണ്ഡികള്‍. സ്വയം വികസിപ്പിച്ചു കാലത്തിനനുസരിച്ചു കച്ചവടം നടത്തുന്ന മണ്ഡികള്‍. (ഇവയില്‍ പലതും പൂട്ടി പോകാനും ഇടയുണ്ട്. കര്‍ഷകനെ ഒരു കണ്‍സ്യൂമര്‍ ആയി കണ്ടു അര്‍ഹിക്കുന്ന മാന്യത കൊടുക്കാത്ത APMC കള്‍ പൂട്ടുന്നതാണ് നല്ലത് ). ഇതിനെല്ലാം പുറമെ 3) ഇ മാര്‍ക്കറ്റിങ്ങ് അനുവദിച്ചിരിക്കുന്നു. ഫലം ഇന്നത്തെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ പലതും പാക്കേജ് ചെയ്യപ്പെട്ട ചാമയും ചോളവും ഉഴുന്നും കടലയും പരിപ്പും മുളകും കര്‍ഷകന്റെ മുറ്റത്തുപോയി ഡെലിവറി എടുത്ത് നിങ്ങളുടെ വീട്ടില്‍ എത്തിച്ചു തുടങ്ങും. മണ്ഡികളുടെ മുറ്റത്ത് ഊഴവും കാത്ത് മണ്ഡി ട്രേഡ് മുതലാളിമാരുടെ ധാര്‍ഷ്ട്യം സഹിച്ചു് നിസ്സഹായനായി ഇരിക്കുന്ന കര്‍ഷകന്റെ പല ചിത്രങ്ങളും ഒരു കര്‍ഷക പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഈ ലേഖകന്റ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് മനസ്സില്‍ മായാതെ കിടക്കുന്നു. അതാണ് ഇല്ലാതാകാന്‍ പോകുന്നത്. ഈ ബില്‍ വരുന്നതോടുകൂടി പഴയ മണ്ഡി പ്രഭുക്കള്‍ കര്‍ഷകരെ പ്രീതിപ്പെടുത്താന്‍ കര്‍ഷകരുടെ പുറകെ നടക്കുന്ന ചിത്രം ഈ ലേഖകന്‍ മനസ്സില്‍ സന്തോഷത്തോടെ കാണുന്നു, പ്രതീക്ഷിക്കുന്നു.

എസ്സന്‍ഷ്യല്‍ കൊമ്മോഡിറ്റീസ് ആക്ട് ഭേദഗതി ചെയ്തതോടെ അഗ്രോ ടെക് കമ്പനികളുടെ സര്‍ക്കാര്‍ ബ്യുറോക്രസികളോടുള്ള ഭയം, സ്റ്റോക്ക് ചെയ്തു പാക്കേജിങ് ചെയ്തു കച്ചവടം ചെയ്യാനുള്ള ഇന്നത്തെ ഭയം ഇല്ലാതാകും. ആ ഉദ്ദേശത്തോടുകൂടിയാണ് Essential Commodities Act ഭേദഗതി ചെയ്തിരിക്കുന്നത് . (അല്ലാതെ കോര്‍പറേറ്റ് ഫോബിയക്കാര്‍ പറയുന്നതുപോലെ അംബാനിയെയും അദാനിയേയും സഹായിക്കാനല്ല). ഈ രംഗത്ത് ഇപ്പോള്‍ തന്നെ വന്‍ മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. ITC agro, Godrej agro, Bigbasket, Bigbazar (Reliance) , D Mart, എന്നിവ തമ്മില്‍ വന്‍ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. അവരുടെ സ്റ്റോക്കിങ് മുതലായ കാര്യങ്ങളിലുള്ള ഭയം ഇല്ലാതാകുന്നതോടെ ആ മത്സരം അതിവിപുലമായ വികസിക്കും. കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ അവരുടെ മുറ്റത്തുനിന്ന് സംഭരിച്ചു് നമ്മുടെ വീട്ടുപടിക്കല്‍ കൊണ്ടുതരുന്ന രീതികള്‍ വികസിക്കും. കര്‍ഷകന് മണ്ഡികളില്‍ ചെന്ന് മണ്ഡി ദാദാക്കളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന അവസ്ഥ ഇല്ലാതാകും. ഈ മണ്ഡികള്‍ തന്നെ സ്വയം ഉരുത്തിരിഞ്ഞു കര്‍ഷകന്റെ ആജ്ഞാനുവര്‍ത്തികളായി മാറുകയും ചെയ്യും.

കാപിറ്റല്‍ മാര്‍ക്കറ്റ് വരുന്നു

അതിനു പുറമെയാണ് കമ്മോഡിറ്റി മാര്‍ക്കറ്റ് എന്ന കാപിറ്റല്‍ മാര്‍ക്കറ്റിലേക്ക് ഇവയിലെ പല ഉല്‍പ്പന്നങ്ങളും അനുവദിക്കുമ്പോളുണ്ടാകാവുന്ന വില ഭദ്രത. അതോടുകൂടി കാര്യങ്ങള്‍ ഡിമാന്‍ഡ് സപ്ലൈ എന്ന ഫ്രീ മാര്‍ക്കറ്റില്‍ വിലകള്‍ തീരുമാനിക്കപെടും. കമ്മോഡിറ്റി മാര്‍കെറ്റില്‍ കച്ചവട കുത്തകകള്‍ക്ക് വില നിയന്ത്രിക്കുന്ന അവസ്ഥ നടക്കില്ല. അവിടെ വില ഉരുത്തിരിയുന്നത് കമ്പ്യൂട്ടിന്റെ മുന്നിലിരിക്കുന്ന പതിനായിരക്കണക്കിന് ട്രേഡുകളിലാണ്. നിങ്ങള്‍ക്ക് ആ ഉത്പന്നങ്ങളില്‍ തൊടേണ്ട മണക്കേണ്ട ഡെലിവറി എടുത്ത് വീട്ടില്‍ സ്റ്റോര്‍ ചെയ്യേണ്ടതില്ല. കമ്പ്യൂട്ടറിലെ ചില അക്കങ്ങളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഏതു ചന്ത മുതലാളി വിചാരിച്ചാലും സ്റ്റോക്ക് ചെയ്തു ക്ഷാമം ഉണ്ടാക്കി ലാഭമുണ്ടാക്കാമെന്ന മുന്‍കാല കലാപരിപാടി കമ്മോഡിറ്റി മാര്‍ക്കറ്റില്‍ നടക്കില്ല.


ഇക്കാര്യത്തില്‍ നമുക്ക് കടലെണ്ണയുടെ കാര്യത്തില്‍ സംഭവിച്ച ഉദാഹരണം വിലയിരുത്താവുന്നതാണ്. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് പത്രം വായിക്കുന്നവര്‍ക്ക് പരിചയമുള്ള ശബ്ദമാണ്  ”തേലിയ കിങ്‌സ്”. തേല്‍, കടലെണ്ണ, ആണ് ഉദ്ദേശിക്കപ്പെടുന്നത്. ഗുജറാത്തിലെ ചില വന്‍കച്ചവടക്കാര്‍, എണ്ണ ആട്ടു മില്ലുകാര്‍, ഗ്രൗണ്ട് നട്ട് വിളവെടുക്കുന്ന കാലത്ത് കടലെണ്ണയുടെ വന്‍ ശേഖരം ഉണ്ടാക്കും. പിന്നീട് ഇന്ത്യ മുഴുവനുമുള്ള കടലെണ്ണയുടെ വില അവരുടെ കൈകളിലാണ്. ഇന്നത്തെ പത്രം വായിക്കുന്ന ജനറേഷന് ‘തേലിയ കിങ്‌സ്’ എന്ന പദം തന്നെ അപരിചിതമാണ്. മാര്‍ക്കറ്റ് ഡെപ്ത് എന്ന് ഞാന്‍ പറഞ്ഞതിനെ ഇങ്ങനെയും കൂടി മനസ്സിലാക്കുക . ഇന്ന് ഗ്രൗണ്ട് നട്ട് ഓയില്‍ കൊമ്മോഡിറ്റി മാര്‍ക്കറ്റിലെ ഒരു ലിസ്റ്റഡ് ഐറ്റം ആകുന്നു.

ഗ്രൗണ്ട് നട്ട് ഓയിലിന്റെ വില അവിടെയാണ് തീരുമാനിക്കപ്പെടുന്നത്. ഇപ്പോള്‍ തന്നെ പല അഗ്രി ഉല്പന്നങ്ങളും കൊമ്മോഡിറ്റി മാര്‍ക്കെറ്റില്‍ ലിസ്റ്റഡ് ആണ് . ഈ ബില്‍ വന്നതോടുകൂടി അതിന് കുറെ കൂടി ഗഹനതയും ആ രംഗത്തുള്ള നിക്ഷേപകരുടെ എണ്ണവും വ്യാപ്തിയും വര്‍ദ്ധിക്കാനിടയാക്കും. മേല്‍പ്പറഞ്ഞതെല്ലാം  കൂടി ചേരുമ്പോള്‍ ദൗര്‍ലഭ്യം ഉണ്ടാക്കി വില നിയന്ത്രിക്കുക, മാര്‍ക്കറ്റ് മാനിപുലേറ്റ് ചെയ്യുക എന്നത് പഴങ്കഥയാകും. ഇന്ന് കര്‍ഷകന്‍ മധ്യവര്‍ഗ്ഗത്തിന്റേയും വരേണ്യ വര്‍ഗത്തിന്റെയും കച്ചവടക്കാരനും മണ്ഡിമുതലാളി – രാഷ്ട്രീയ ദാദാമാരുടെയും അടിയാളനാണ്. അവന്റെ ഉല്പന്നങ്ങള്‍ക്ക് അവന്റെ അദ്ധ്വാനത്തിനും മേല്പറഞ്ഞ വിഭാഗങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയില്‍ നിന്നും ഉള്ള മോചനം ആണ് കാര്‍ഷിക ബില്‍ 2020, അതിലേക്കുള്ള വഴിയാണ്. നിലവിൽ കര്‍ഷകന്റെ ഉല്പന്നങ്ങള്‍ക്ക് മേല്‍ അവന് യാതൊരു നിയന്ത്രണവുമില്ല. അവനെ സഹായിക്കാനെന്ന ന്യായത്തില്‍ ഒരു കണ്‍ട്രോള്‍ഡ് സാമ്പത്തിക വ്യവസ്ഥിതി അവനുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു.

ഫ്രീ മാര്‍ക്കറ്റിന്റെ സൗകര്യങ്ങള്‍ മധ്യവര്‍ഗ്ഗവും ഉപരിവര്‍ഗ്ഗവും ഉപയോഗിക്കുമ്പോള്‍, നേട്ടമുണ്ടാക്കുമ്പോള്‍ കര്‍ഷകന് താങ്ങുവില എന്ന subsistence വില കൊടുത്ത് സമാധാനിപ്പിച്ച്, കര്‍ഷകനെ കണ്‍ട്രോള്‍ഡ് ഇക്കണോമിയുടെ നിയന്ത്രണങ്ങള്‍ തളപ്പൂട്ട് ഇട്ട് മറ്റുവര്‍ഗ്ഗങ്ങള്‍ അവന്റെ അദ്ധ്വാനത്തെ അനുഭവിക്കുന്ന ഒരു വ്യവസ്ഥിതിയാണ് കഴിഞ്ഞ എഴുപതു വര്‍ഷങ്ങളായി ഫ്രീ ഇന്ത്യ നടപ്പാക്കികൊണ്ടിരിക്കുന്നത്. കര്‍ഷകന്റെ അദ്ധ്വാനവും വിയര്‍പ്പും ഊറ്റിയെടുത്തുകൊണ്ട് മധ്യവര്‍ഗം തുടുത്ത കവിളും പൊണ്ണത്തടിയുമായി ജീവിക്കുന്ന വ്യവസ്ഥിതി.  അരിവാള്‍ ഉയര്‍ത്തിപ്പിടിച്ചു മുദ്രാവാക്യം വിളിച്ചപ്പോള്‍ അവനറിയുന്നില്ല, അവന്‍ കൊയ്തെടുത്ത കറ്റകളുടെ വില അവനറിയാതെ അപഹരിച്ചു മാറ്റപ്പെടുകയാണെന്ന്.

പോളിറ്റക്കല്‍ വിരോധങ്ങളും കോര്‍പറേറ്റ് ഫോബിയകളും കൂടി കര്‍ഷകന്റെ സാമ്പത്തിക വിമോചനത്തിന് എതിര്‍നില്‍ക്കുന്നത് കാണുന്നതു കൊണ്ടാണ് ഈ  കുറിപ്പ്. സോഷ്യല്‍ മീഡിയയിലെ ചപ്പടാച്ചി കള്‍ പൊതു ബോധത്തെ സ്വാധീനിക്കുമ്പോള്‍ വസ്തുതകള്‍ വിശദീകരിക്കപ്പെടാതെ പോകരുതല്ലോ.

Loading