രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യ അഭിവൃദ്ധിപ്പെടുമോ; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ദുരന്തങ്ങള്‍ ഇല്ലാതാവുമോ!


‘പൊതുവെ പറഞ്ഞാല്‍ നല്ലതും ചീത്തയുമായ ഒരുപിടി നിര്‍ദേശങ്ങളുടെ സമ്മിശ്ര രൂപമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. പ്രദേശവാസികളുടെ ജീവിതം കുറച്ചു കൂടി ദുസ്സഹമാക്കുന്ന, ജൈവകൃഷി ഉള്‍പ്പെടെയുള്ള അശാസ്ത്രീയമായ, ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കരുതെന്ന് പറയുന്ന യാതൊരു ലോജിക്കുമില്ലാത്ത കുറച്ചു നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നമുക്ക് കാണാന്‍ കഴിയും. ഇവയെല്ലാം എതിര്‍ക്കുപ്പെടേണ്ടത് തന്നെയാണ്. രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യ അഭിവൃദ്ധിപ്പെടും എന്ന് പറയുന്ന വാദം എങ്ങനെയാണോ, അതുപോലെ തന്നെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ദുരന്തങ്ങള്‍ ഇല്ലാതെയാവും എന്നു പറയുന്നതും. രണ്ടും പൊള്ളയായ വാദങ്ങള്‍ മാത്രമാണ്!’- സി.എസ് സുരാജ് എഴുതുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിസ്ഥിതിയും!

ഇപ്പോള്‍ നമുക്കിടയില്‍ രണ്ടു വിഭാഗമാളുകളെയാണ് കാണാന്‍ കഴിയുന്നത്. ഒന്ന്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ച് അതിന് വേണ്ടി വാഴ്ത്ത് പാട്ടുകള്‍ പാടുന്നവര്‍. രണ്ട്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി കളഞ്ഞ് അതിനെ ശക്തിയുക്തം എതിര്‍ക്കുന്നവര്‍.എന്തൊക്കെയായാലും ഈ രണ്ട് വാദങ്ങള്‍ക്കുമിടയിലെവിടെയോ ആണ് യാഥാര്‍ഥ്യം എന്നതാണ് സത്യം!

1. അനുകൂലിക്കുന്നവര്‍

ഈ വിഭാഗത്തില്‍ വരുന്ന ഭൂരിഭാഗമാളുകള്‍ക്കും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ് എന്നതിനെപ്പറ്റി യാതൊരു ധാരണയുമില്ല എന്നുള്ളതാണ് വസ്തുത. പ്രകൃതിയില്‍ നിന്നും വിഭിന്നമായ വസ്തുവാണ് മനുഷ്യര്‍, മനുഷ്യര്‍ പ്രകൃതിയുടെ ശത്രുക്കളാണ്, മനുഷ്യനെപ്പോഴും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്, മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ ഒന്ന് കൊണ്ട് മാത്രമാണ് പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാവുന്നത്.. തുടങ്ങിയിട്ടുള്ള അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നതിനാല്‍ മാത്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കണ്ണുമടച്ചു വിശ്വസിക്കുന്നവരാണ് ഇതില്‍ കൂടുതലും.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന ഈ ദുരന്തങ്ങള്‍ കേരളത്തിലുണ്ടാവില്ലായിരുന്നു എന്നൊരു വാദമാണ് ഇക്കൂട്ടര്‍ മുന്നോട്ടു വെക്കുന്നത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ നൂറു ശതമാനം ശാസ്ത്രീയമാണെങ്കില്‍ കൂടി ഇത് സംഭവിക്കാനുള്ള സാധ്യത പൂജ്യത്തോട് അടുത്താണ്. കാരണം, കേരളത്തിലെ ഉരുള്‍പൊട്ടലുകളെ കുറിച്ചോ പ്രളയത്തെ കുറിച്ചോ പഠിക്കാന്‍ വേണ്ടി നിലവില്‍ വന്ന സമിതിയായിരുന്നില്ല ഗാഡ്ഗില്‍ കമ്മിറ്റി. ഇത്തരം പ്രകൃതി ദുരന്തങ്ങളെ എങ്ങനെ കേരളത്തില്‍ നിന്നുമില്ലാതാക്കാം എന്നതിനെ പറ്റി സംസാരിക്കുന്ന ഒന്നല്ലതാനും ഗാഡ്ഗില്‍ റിപ്പോര്‍ട്ട്!

പിന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാതെയിരിക്കുന്ന കാലത്തോളം ഈയൊരു അവകാശവാദം വീണ്ടും വീണ്ടും ഉന്നയിച്ചു കൊണ്ടേയിരിക്കാം എന്നു മാത്രം. കാരണമത് നടപ്പിലാക്കി നോക്കിയിട്ടില്ലല്ലോ!

2. പ്രതികൂലിക്കുന്നവര്‍

റിപ്പോര്‍ട്ട് തയ്യാറാക്കിയവരുടെ ജാതി നോക്കി എതിര്‍ക്കുന്നവര്‍ മുതല്‍ നിര്‍ദേശങ്ങളിലെ അശാസ്ത്രീയത കണ്ട് എതിര്‍ക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

തീര്‍ത്തും അശാസ്ത്രീയമായ, എതിര്‍ക്കപ്പെടേണ്ട നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നുള്ളത് വസ്തുതയാണ്. എന്നാല്‍, റിപ്പോര്‍ട്ടിനെ അങ്ങേയറ്റം വെറുപ്പോടു കൂടി നോക്കി കാണേണ്ട ആവശ്യമില്ല. കാരണം, ആരുടെയെങ്കിലും മുകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ട്.

ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ റിപ്പോര്‍ട്ടിലെവിടെയും പറയുന്നില്ല. മറിച്ച്, അതാത് സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ റിപ്പോര്‍ട്ടിനെപ്പറ്റി വിശദമായി പഠിച്ച്, അത് ജനങ്ങളിലേക്ക് എത്തിച്ച്, അവരുടെ കൂടി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവരുടെ കൂടി നിര്‍ദേശങ്ങള്‍ പരിഗണിച്ച് റിപ്പോര്‍ട്ടില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി നടപ്പിലാക്കാനാണ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. ഇതല്ലേ ജനാധിപത്യ രീതി?
അപ്പോള്‍ പിന്നെ റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധമാണെന്നോ, മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നോ വാദിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. പിന്നീടുള്ള ചോദ്യം റിപ്പോര്‍ട്ട് ശാസ്ത്രീയമാണോ എന്നുള്ളതാണ്. ഇവിടെയാണ് നമുക്ക് വിയോജിപ്പുകള്‍ വരുന്നത്. പ്രദേശവാസികളുടെ ജീവിതം കുറച്ചു കൂടി ദുസ്സഹമാക്കുന്ന, ജൈവകൃഷി ഉള്‍പ്പെടെയുള്ള അശാസ്ത്രീയമായ, ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കരുതെന്ന് പറയുന്ന യാതൊരു ലോജിക്കുമില്ലാത്ത കുറച്ചു നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ നമുക്ക് കാണാന്‍ കഴിയും. ഇവയെല്ലാം എതിര്‍ക്കുപ്പെടേണ്ടത് തന്നെയാണ്.

ഇതേ സമയം തന്നെ, അനധികൃതമായ ക്വാറികളും മൈനുകളും പൂട്ടിക്കണമെന്നും, ക്വാറികള്‍ നിയന്ത്രിക്കണമെന്നും പറയുന്ന നല്ല നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അനധികൃതമായിട്ടുള്ളത് ഒരു മിഠായി കടയാണെങ്കില്‍ അതു പോലും പൂട്ടിക്കേണ്ടതുണ്ട്. കാരണം അത് അനധികൃതമാണ്. അപ്പോള്‍ പിന്നെ അനധികൃത മൈനുകളുടെയും ക്വാറികളുടെയും കാര്യം എടുത്തു പറയാനുണ്ടോ.. പൂട്ടിക്കുക തന്നെ വേണം! ക്വാറികള്‍ നിയന്ത്രിക്കണമെന്ന് പറയുന്നതിലും എന്ത് തെറ്റാണുള്ളത്?!

പൊതുവെ പറഞ്ഞാല്‍ നല്ലതും ചീത്തയുമായ ഒരുപിടി നിര്‍ദേശങ്ങളുടെ സമ്മിശ്ര രൂപമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. പ്രകൃതിയെ പറ്റി നിങ്ങള്‍ എങ്ങനെയാണോ മനസ്സിലാക്കിയിട്ടുള്ളത് എന്നതിനനുസരിച്ച് ഈ നല്ലതും ചീത്തയും മാറി കൊണ്ടിരിക്കുമെന്നു മാത്രം!

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യ അഭിവൃദ്ധിപ്പെടും എന്ന് പറയുന്ന വാദം എങ്ങനെയാണോ, അതുപോലെ തന്നെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ദുരന്തങ്ങള്‍ ഇല്ലാതെയാവും എന്നു പറയുന്നതും. രണ്ടും പൊള്ളയായ വാദങ്ങള്‍ മാത്രമാണ്! പ്രകൃതിയെയും പരിസ്ഥിതിയെയും തെറ്റായി മനസ്സിലാക്കി, സോഷ്യല്‍ മീഡിയ വഴി ഖണ്ഡകാവ്യങ്ങള്‍ എഴുതി തള്ളുന്ന പരിസ്ഥിതി തീവ്രവാദികളോട് പറയാനുള്ളത്, ഞാനും നിങ്ങളും, ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും, ഭൂമികുലുക്കവും സുനാമിയും, പ്രളയവും വരള്‍ച്ചയും, അങ്ങനെയെല്ലാമെല്ലാം ചേര്‍ന്നത് തന്നെയാണീ പ്രകൃതി. അല്ലാതെ നിങ്ങള്‍ക്ക് ഗുണകരമായതെന്തോ അത് മാത്രമല്ല പ്രകൃതി! പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ പുറത്തല്ലതാനും!

പ്രകൃതി ദുരന്തങ്ങളെന്ന് നമ്മള്‍ വിളിക്കുന്ന പ്രകൃതി പ്രതിഭാസങ്ങള്‍ എല്ലാ കാലത്തും ഇവിടെയുണ്ടായിരുന്നതാണ്. ഇനിയുമതുണ്ടാവുകയും ചെയ്യും. എന്നാല്‍, ഇത്തരം പ്രകൃതി പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നതിലുള്ള നമ്മുടെ പങ്ക് നമുക്ക് കുറച്ചു കൊണ്ടു വരാനാവും. അത് വഴി അവയുടെ പ്രഹരശേഷിയും, അവയില്‍ നിന്നും നമുക്കുണ്ടാവുന്ന നാശനഷ്ടങ്ങളുടെ തോതും നമുക്ക് കുറയ്ക്കാന്‍ കഴിയും.
ഇതിനുള്ള വഴികളാണ് നമ്മള്‍ പരിഗണിക്കേണ്ടത്. മാറ്റി താമസിപ്പിക്കേണ്ടവരെ മാറ്റി താമസിപ്പിച്ചും, അപകട മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് അപ്പപ്പോള്‍ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയും, അനാവശ്യമായി പ്രകൃതിവിഭവങ്ങള്‍ നമ്മള്‍ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തിയും, ഈ ലക്ഷ്യം നമുക്ക് കൈവരിക്കാനാവും.

നാളെയൊരു പക്ഷേ ഭൂമി തന്നെ അപ്രത്യക്ഷമായെന്നു വരാം. അതിന് മുന്നേ കേരളവും! നിരന്തരമായി മാറികൊണ്ടിരിക്കുന്നൊരു പ്രപഞ്ചത്തിന് ഇതൊന്നുമൊരു പുത്തരിയല്ലല്ലോ! എന്നാലിതെല്ലാം മനുഷ്യന്റെ പ്രവര്‍ത്തികള്‍ കൊണ്ടു മാത്രമാണെന്നോ, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഇവയില്‍ നിന്നെല്ലാം രക്ഷപ്പെടാമെന്നോ പറയാനാവില്ല.

അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതില്‍ നിന്നും ഒന്നേ മനസ്സിലാക്കാനുള്ളൂ.. യഥാര്‍ത്ഥ പ്രകൃതിയില്‍ നിന്നും എത്രയോ പ്രകാശവര്‍ഷമകലെയാണ്, ഇക്കൂട്ടര്‍ ഇവരുടെ ഭാവനാ ശാലയില്‍ നെയ്തെടുത്ത് മനസ്സില്‍ കൊണ്ടു നടക്കുന്ന ഇവരുടെ പ്രകൃതി!

 


Leave a Reply

Your email address will not be published. Required fields are marked *