“യാദൃച്ഛികതകളുടെ സാധ്യത കുറവാണെന്നും വേറെന്തെങ്കിലും വിശദീകരണം ഉണ്ടായേ തീരൂ എന്നും ചിന്തിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളാണ് നമ്മുടെ പല കിടിലന്‍ അന്ധവിശ്വാസങ്ങളും. ഒരു വാഹനാപകടം സംഭവിക്കണമെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടായതു മുതല്‍ അപകട സമയം വരെ എന്തെല്ലാം കാര്യങ്ങള്‍ കൃത്യമായി ഒത്തുവരണം എന്നാലോചിച്ചിട്ടുണ്ടോ?”- സി രവിചന്ദ്രന്‍ എഴുതുന്നു |
തികച്ചും യാദൃച്ഛികം
“ഇത്രയും യാദൃച്ഛികമായ സംഭവങ്ങള്‍ ഒരുമിച്ച് എങ്ങനെ സംഭവിക്കുന്നു?” പലരും തങ്ങളുടെ മൂഡവിശ്വാസങ്ങള്‍ ന്യായീകരിക്കാന്‍ സ്ഥിരം ഉന്നയിക്കുന്ന ചോദ്യമാണിത്. ചിത്രത്തില്‍ കാണുന്ന ചതുരം ശ്രദ്ധിക്കുക. സത്യത്തില്‍ അവിടെ ഒരു ചതുരമില്ല. നാല് പാക് മാന്‍ (pac-man) രൂപങ്ങള്‍ നാല് മൂലകളിലായുണ്ട്. അതായത് 4 കറുത്ത വൃത്തഭാഗങ്ങള്‍. എല്ലാറ്റിന്റെയും ഒരു നിശ്ചിതഭാഗം അടര്‍ന്നുപോയിട്ടുണ്ട്. പക്ഷേ നാമങ്ങനെ വിചാരിക്കുന്നില്ല. പകരം അതാര്യമായ ഒരു വെള്ള ചതുരത്തിന്റെ നാല് മൂലകള്‍ ഈ കറുത്തവൃത്തങ്ങളെ ഭാഗികമായി മറക്കുന്നതായാണ് നാം കാണുന്നത്. നമ്മുടെ മസ്തിഷ്‌ക്കം ഇപ്രകാരം പറയും (സാങ്കല്‍പ്പികമായി):”ഈ നാല് ഗോളഭാഗങ്ങള്‍ യാദൃശ്ചികമായി ഇതുപോലെ ക്രമമായി വരാന്‍ സാധ്യതയുണ്ടോ? ഏയ്, ഇല്ലേയില്ല! യാദൃച്ഛികത എന്നു പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ?! ഇത് സംശയിക്കപ്പെടേണ്ടതാണ്!
തീര്‍ച്ചയായും ഈ സംശയത്തിന് പരിണാമപരമായ ചരിത്രമുണ്ട്. കൂടുതല്‍ സാധ്യതയുള്ള വിശദീകരണം മസ്തിഷ്‌ക്കം കണ്ടെത്തുകയാണിവിടെ. കൊന്നും കൊല്ലപ്പെട്ടും അതിജീവിച്ച കാനനജീവിതത്തില്‍ നമ്മുടെ പൂര്‍വികര്‍ക്ക് സഹായകരമായിരുന്ന ഒരു ചിന്താരീതി ആയിരുന്നു ഇത്. മസ്തിഷ്‌ക്കത്തിലെ ദൃശ്യവ്യവസ്ഥ യാദൃശ്ചികത വിശദീകരിക്കാന്‍ (അത് ഒഴിവാക്കാന്‍ എന്നും പറയാം) നല്ലതെന്നു തോന്നുന്ന ഒരു കപട വ്യാഖ്യാനം ഉന്നയിക്കുകയാണ്. അങ്ങനെ നാം ഇല്ലാത്തത് കാണുന്നു, കേള്‍ക്കുന്നു, അറിയുന്നു.
യാദൃച്ഛികതകളുടെ (coincidences) സാധ്യത കുറവാണെന്നും വേറെന്തെങ്കിലും വിശദീകരണം ഉണ്ടായേ തീരൂ എന്നും ചിന്തിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളാണ് നമ്മുടെ പല കിടിലന്‍ അന്ധവിശ്വാസങ്ങളും. എല്ലാം യാദൃച്ഛികമായി സംഭവിച്ചുവെന്നാണോ നിങ്ങള്‍ പറയുന്നത്? ഏയ് അത് സാധ്യമല്ല. ഒന്നോ രണ്ടോ എണ്ണം അങ്ങനെവരാം. പക്ഷെ എല്ലാം ഒന്നിനുപിറകെ ഒന്നായി ഒറ്റയടിക്ക് യാദൃച്ഛികമായി സംഭവിച്ചെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ വേറെ ആളെ നോക്കണം… അന്ധവിശ്വാസികളുടെ സ്ഥിരം പ്രതികരണം.
പക്ഷെ, ഒന്നോര്‍ത്തു നോക്കൂ, ജീവിതത്തിലെ മുഴുവന്‍ സംഭവങ്ങളും നിര്‍വചനപരമായി യാദൃച്ഛികങ്ങളല്ലേ? ചെയ്യാന്‍പോകുന്ന ഒരു കാര്യവും നമുക്ക് മുന്‍കൂട്ടി തീരുമാനിക്കാനാവില്ല. കൈ ഉയര്‍ത്തി മുഖം ചൊറിയണമെങ്കില്‍ അതിനാധാരമായ രാസമാറ്റങ്ങളും ന്യൂറോണ്‍ നിര്‍ദ്ദേശങ്ങളും മുമ്പേ ശരീരത്തില്‍ സംഭവിച്ചിരിക്കണം. മുന്നേ അങ്ങനെ സംഭവിച്ചാല്‍ അങ്ങനെ ചെയ്യാതിരിക്കാനും നിവര്‍ത്തിയില്ല. ഇവിടെ സ്വതന്ത്രേച്ഛ (free will) എന്നതുപോലെ നിങ്ങളുടെ ആസൂത്രണവും ലക്ഷ്യവുമൊക്കെ മിഥ്യാധാരണകളാണ്. ആസൂത്രിതമായി കണക്കാക്കപ്പെടുന്ന സംഭവങ്ങളില്‍പോലും അനുനിമിഷം യാദൃച്ഛികതകള്‍ കടന്നുവരും, വരുന്നുണ്ട്.
ഒരു വാഹനാപകടം സംഭവിക്കണമെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടായതു മുതല്‍ അപകട സമയം വരെ എന്തെല്ലാം കാര്യങ്ങള്‍ കൃത്യമായി ഒത്തുവരണം എന്നാലോചിച്ചിട്ടുണ്ടോ? സഹസ്രകോടി സംഭവങ്ങള്‍ നിരനിരയായി അണമുറിയാതെ കടന്നുവരണം. എവിടെയെങ്കിലും നേരിയ വ്യതിയാനം വന്നാല്‍ പ്രസ്തുത അപകടംസംഭവിക്കില്ല. നാം ഈ കാലഘട്ടത്തില്‍ ജനിച്ചതും അച്ഛന്‍ അമ്മയെ തന്നെ ജീവിതപങ്കാളിയാക്കിയതും യാദൃച്ഛികമല്ലേ? ഇരുവര്‍ക്കും മറ്റ് ബന്ധങ്ങള്‍ സാധ്യമായിരുന്നു. ഒരു വണ്ടി മാറി കയറിയിരുന്നുവെങ്കില്‍ ഇന്നത്തെ നിലയില്‍ നാമുണ്ടാകുമായിരുന്നില്ല. നോക്കൂ, ഒരു മിനിറ്റ് വൈകി ഉണര്‍ന്നിരുന്നെങ്കില്‍ അത് വേണ്ടിവരുമായിരുന്നു. ജനനവും ജീവിതവും മരണവും ആസൂത്രണം ചെയ്യാനാവില്ല. ആകെയുള്ളത് ആസൂത്രണണം ചെയ്യുന്നു എന്ന മിഥ്യാധാരണ മാത്രം. എത്ര ആസൂത്രണംചെയ്താലും അതിനെയൊക്കെ നിസ്സാരമായി അട്ടിമറിക്കാനുള്ള വെടിമരുന്ന് ഒരുനിമിഷത്തിലുമുണ്ട്. പക്ഷെ പലപ്പോഴും എല്ലാം ഒത്തുവന്നല്ലോ എന്നു നാം ആശ്ചര്യപ്പെടുന്നു. പക്ഷെ മറുചോദ്യം കൂടുതല്‍ ലളിതമാണ്: എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുകൂടാ? അങ്ങനെയെന്തെങ്കിലും നിയമം?
ഒരു സംഭവം യാദൃച്ഛികമാകുന്നത് നമ്മുടെ അറിവിനെ ആധാരമാക്കിയാണ്. സത്യത്തില്‍ എല്ലാം സ്വാഭാവികമായ പരിണതികള്‍ മാത്രം. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായവ സംഭവങ്ങളെ നാം യാദൃച്ഛികം, ഓര്‍ക്കാപ്പുറത്ത്, അപ്രതീക്ഷിതം എന്നൊക്കെ വിശേഷിപ്പിക്കുന്നു എന്ന് മാത്രം. പ്രതീക്ഷകള്‍ തകരുന്നത് മുന്നറിവ് (prior information) അപര്യാപ്തമാകുമ്പോഴാണ്. ഭാര്യയുടെ കാമുകനെ ശയനമുറിയില്‍ കാണുമ്പോള്‍ കാര്യമറിയാത്ത ഭര്‍ത്താവിന് അത് അപ്രതീക്ഷിതമായിരിക്കാം. പക്ഷെ മുന്‍വിവരമുള്ള ഭാര്യയ്ക്ക് അതങ്ങനെയല്ല. അതായത് ഒരു സംഭവവും എല്ലാവര്‍ക്കും ഒരു പോലെ യാദൃച്ഛികമാകണമെന്നില്ല.
യാദൃച്ഛികസംഭവങ്ങള്‍ അനുസ്യൂതമായി പ്രവഹിക്കാം. പക്ഷെ അവയുടെ ആവര്‍ത്തനം നമ്മുടെ മസ്തിഷ്‌ക്കത്തില്‍ സംശയമുണര്‍ത്തും. സിനിമയില്‍ നായിക ആത്മഹത്യ ചെയ്യാന്‍ പോകുമ്പോള്‍ കൃത്യമായ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന നായകന്‍ ജീവിതത്തിലും അപ്പടി സാധ്യമാണ്-സാധ്യത കുറവാണെന്നുമാത്രം. ഒരു സിനിമയില്‍തന്നെ അതേ സ്വഭാവമുള്ള രംഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍, മറ്റു സിനിമകളിലും സമാനരംഗങ്ങള്‍ വിലക്ഷണമായി ആവര്‍ത്തിക്കപ്പെടുമ്പോള്‍ മസ്തിഷ്‌ക്കം സംശയിക്കുന്നു, ആസൂത്രണം മണക്കുന്നു. പരിണാമപരമായ അനുകൂലനത്തിനുപരി മറ്റൊന്നുകൂടി ഇവിടെ പ്രസക്തമാണ്. അതായത്, സിനിമയുടെ കഥയും ചിത്രീകരണവുമൊക്കെ മനുഷ്യന്‍ മെനഞ്ഞെടുത്തതാണെന്ന് നമുക്കറിയാം; ജീവിതത്തില്‍ എല്ലായ്പ്പോഴും ഇത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്നും. പ്രാപഞ്ചികസംഭവങ്ങളുടെ കാര്യത്തില്‍ അത്തരമൊരു വിലയിരുത്തല്‍ അസംബന്ധമാണ്.
യാദൃച്ഛികതകള്‍ ജീവിത തന്മാത്രയിലെ മൗലികകണങ്ങളാകുന്നു. Coincidences are the fundamental particles of life. സഹജമായ മസ്തിഷ്‌ക്ക നിലപാടെന്ന നിലയില്‍ യാദൃശ്ചികതകളോടുള്ള ഈ വിരോധം (abhorrence to coincidences) ചില സാഹചര്യങ്ങളില്‍ ഗുണപ്രദമാണെങ്കിലും പല അന്ധവിശ്വാസങ്ങളും ലോകാവസാനംവരെ പേറി നടക്കാന്‍ അത് ഹേതുവായി തീരാറുണ്ട്. ജൈനമതസ്ഥാപകനായ മഹാവീരന്‍ ഭാര്യയെ പരിത്യജിച്ച് സന്യാസജീവിതം സ്വീകരിച്ചു. ഭര്‍ത്താവില്ലാതെ ശേഷകാലം ജീവിക്കേണ്ടിവന്ന ആ വനിതയുടെ പേര് യശോദ എന്നായിരുന്നു. ബുദ്ധനും ഭാര്യയെ പരിത്യജിച്ച് സന്യാസത്തിലേക്ക് പോയി. യോശോദര എന്നായിരുന്നു ബുദ്ധന്റെ ഭാര്യയുടെ പേര്. നരേന്ദ്രമോദി വിവാഹത്തിന് ശേഷം സന്യാസജീവിതം കാംക്ഷിച്ച് ഭാര്യയെ പരിത്യജിച്ചു. മോദിയുടെ ഭാര്യയുടെ പേര് യശോദാബെന്‍.
സന്യാസിജീവിതം നയിക്കാനായി ഭാര്യയെ പരിത്യജിച്ച പ്രസിദ്ധരായ ഈ മൂന്നുപേരുടെയും ഭാര്യമാരുടെ പേര് കൃത്യമായും യശോദ ആകാന്‍ എന്തായിരിക്കും കാരണം? എന്തുകൊണ്ടത് സുപര്‍ണ്ണയോ സരളയോ യാമിനിയോ ആയില്ല? കേവലം യാദൃച്ഛികം എന്നു പറഞ്ഞ് ഇത് തള്ളാനാവുമോ? തീര്‍ച്ചയായും ഇവിടെ ‘നിഗൂഡമായ’ എന്തോ ഉണ്ട്. നമുക്കത് മനസ്സിലാകുന്നില്ല എന്നത് വിഷയമല്ല. പക്ഷെ അവിടെ എന്തോ ഉണ്ടെന്ന് സമ്മതിക്കേണ്ടതുണ്ട്… ഇങ്ങനെ മതംതുപ്പിയിരുന്ന ഒരു ചങ്ങാതി എനിക്കുണ്ടായിരുന്നു. അവനിപ്പോള്‍ എവിടെയാണോ എന്നറിയാനുള്ള കൗതുകമില്ല. കാരണം അവനത് യാദൃച്ഛികം ആണെന്ന് തോന്നാതിരുന്നത് തികച്ചും സ്വാഭാവികമാകുന്നു!