കൂട്ടനും കുറയ്ക്കാനും പറ്റാത്ത എണ്ണ നികുതി; സി രവിചന്ദ്രൻ എഴുതുന്നു


കേന്ദ്രം നികുതി കൂട്ടുന്നത് സംസ്ഥാനങ്ങള്‍ക്ക് ഉള്ളില്‍ ലഡുപൊട്ടുന്ന അവസ്ഥയുണ്ടാക്കുമെങ്കിലും ജനങ്ങളെ പറ്റിക്കാന്‍ ആ വര്‍ദ്ധനയെ എതിര്‍ത്തും കുറ്റപെടുത്തിയും മുന്നോട്ടുപോകും. ഇത് കണ്ട് നികുതി കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കും.- സി രവിചന്ദ്രൻ എഴുതുന്നു

കൊറച്ചിട്, കൊറയ്ക്ക കൂടാത്, കൊറയ്ക്ക മാട്ടേന്‍

എണ്ണ ഉത്പന്നങ്ങള്‍ GST ക്ക് കീഴില്‍ കൊണ്ടുവരാന്‍ സാധ്യതയില്ല എന്ന്‌ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു (https://essenseglobal.com/response/oil-not-under-gst/). മറിച്ചൊരു തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്തുകൊണ്ടാണ് GST നിര്‍ദ്ദേശം മലപോലെ വന്ന് എലി പോലെ പോയത്? ഇവിടെയും വസ്തുതാപരിശോധന മാത്രമാണ് ഏക അവലംബം. കേരളത്തിലെ ഇന്നലത്തെ പെട്രോള്‍ വില ലിറ്ററിന് 101.65 രൂപ. ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാനവില(base price) ഏകദേശം 44 രൂപയാണ്. കേന്ദ്രനികുതി 33 രൂപ(32.90) കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ 76-77 രൂപ. കേരളത്തിന്റെ പെട്രോളിന്റെ മുകളിലുള്ള VAT-30.8%.(മുമ്പ് 31.08% ആയിരുന്നു), അധിക സെസ്സ്-1.20%. മൊത്തം-32%. കേന്ദ്ര നികുതി ലിറ്ററിന് 32.90 രൂപ എന്നത് എക്‌സൈസ് ഡ്യൂട്ടി, അഡിഷണല്‍ എക്‌സൈസ് ഡ്യൂട്ടി, സെപ്ഷ്യല്‍ അഡിഷണല്‍ എക്‌സൈസ് ഡ്യൂട്ടി, സെസ് എന്നിവ ചേരുന്നതാണ്. ഇതില്‍ എക്‌സൈസ് ഡ്യൂട്ടി സംസ്ഥാനങ്ങളുമായി വീതിക്കണം. അതാകട്ടെ ലിറ്ററിന് കേവലം 1.40 രൂപയാണ്. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുക. അതായത് ലിറ്ററിന് 57 പൈസ. ഈ 57 പൈസയില്‍ കേരളത്തിന് ജനസംഖ്യാനുപാതികമായി ലഭിക്കുന്നത് ഒരു ലിറ്റര്‍ പെട്രോളിന് 1 പൈസ മാത്രം. അതുകൊണ്ട് കേന്ദ്രം കൂട്ടുന്ന നികുതിയില്‍ നിന്നും കേരളത്തിന് കാര്യമായൊന്നും ലഭിക്കുന്നില്ല എന്നൊരു വാദം ആരെങ്കിലും ഉന്നയിക്കുമോ?

ഉന്നയിക്കാറുണ്ട് എന്നതാണ് വാസ്തവം. പക്ഷെ ഇത് തെറ്റാണ്. കേന്ദ്രം നികുതി കൂട്ടുന്നത് മൂലം കേരളത്തിന് വമ്പന്‍ നേട്ടമുണ്ടെന്ന് മാത്രമല്ല കൂട്ടുന്നത് കൊണ്ട് മാത്രമാണ് നേട്ടമുണ്ടാകുന്നത്. അങ്ങനെയെങ്കില്‍ കേന്ദ്രം ചുമത്തുന്ന കൂടിയ നികുതിയെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത് ആത്മവഞ്ചനയല്ലേ? തീര്‍ച്ചയായും. അര്‍ത്ഥശൂന്യ മുദ്രവാക്യങ്ങളും ദൂഷണങ്ങളും പരസ്പരം വാരിയെറിയുമെങ്കിലും ഭരണകൂടങ്ങള്‍ക്ക് ഒരേ ഭാഷയും താല്‍പര്യവുമാണ്. സ്വന്തം വരുമാനം സംരക്ഷിക്കുക, വര്‍ദ്ധിപ്പിക്കുക എന്നതാണ് ആ താല്പര്യം. കേന്ദ്രം എണ്ണനികുതി കൂട്ടിയാല്‍ കേരളത്തിലെ ഭരണപക്ഷത്തിന് എതിര്‍ക്കാനാവില്ല. Because it is not in their interest. പ്രതിപക്ഷത്തിന് എതിര്‍ക്കാം. കാരണം അവര്‍ ഭരണപക്ഷമല്ല. It is as simple as that. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ ബി.ജെ.പി എതിര്‍ത്തിരുന്നു, ഇപ്പോള്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ തിരിച്ചും.

വര്‍ദ്ധിച്ച കേന്ദ്രനികുതികൊണ്ട് കേരളത്തിന് എന്താണ് നേട്ടം എന്ന് നോക്കാം. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ നേട്ടം എക്‌സൈസ് ഡ്യൂട്ടിയിലെ ചെറിയ സംസ്ഥാനവിഹിതം അല്ല. That is too meagre. അതൊരു കൈനീട്ടംപോല കണ്ടാല്‍മതി. യഥാര്‍ത്ഥനേട്ടം സംസ്ഥാനം കേന്ദ്ര നികുതിക്ക് മേല്‍ ചുമത്തുന്ന അധികനികുതിയാണ്. എത്ര ശതമാനം? 32 ശതമാനം. എണ്ണവിലയുടെ മേല്‍ ചുമത്തുന്ന അതേ നികുതിയാണ് സംസ്ഥാനം കേന്ദ്രനികുതിക്കും മുകളില്‍ ചുമത്തുന്നത്. കേന്ദ്രനികുതിയുടെ 32 ശതമാനം സംസ്ഥാനം നേടിയെടുക്കുന്നു എന്ന പറഞ്ഞാല്‍ കേന്ദ്രം നികുതി ഒരു രൂപ കൂട്ടിയാല്‍ സംസ്ഥാനത്തിന് 32 പൈസ ലഭിക്കും, ഒരു രൂപ കുറച്ചാല്‍ 32 പൈസ നഷ്ടപെടും. ഇതിന് പുറമെയാണ് കേന്ദ്രം കൊടുക്കേണ്ട നിര്‍ദ്ദിഷ്ട വിഹിതം. അതായത് കേന്ദ്രനികുതിക്ക് മേല്‍ നികുതിയും (Tax on Tax), നികുതിവിഹിതവും (Tax share) സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.

ഇപ്പോള്‍ കേരളത്തില്‍ 101.65 രൂപയ് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ കേരളത്തിന് VAT ആയി 24.57 രൂപ കിട്ടുന്നു. കേരളത്തിന്റെ VAT നിരക്ക് 32 ശതമാനം. എത്ര രൂപയുടെ 32 ശതമാനമാണ് 24.57? 76.81 രൂപയുടെ. എന്താണ് 76.81 രൂപ? കേന്ദ്രനികുതയടക്കമുള്ള ഒരു ലിറ്റര്‍ പെട്രോളിന്റെ മൊത്തം വിലയാണത്. ഈ വിലയാണ് VAT ചുമത്താന്‍ സംസ്ഥാനം പരിഗണിക്കുന്നത്. എന്നാല്‍ കേന്ദ്രം നികുതി ചുമത്താന്‍ പരിഗണിച്ചത് 44(43.91) രൂപയാണ് (ക്രൂഡ് വില-ലിറ്ററിന് 35.73 രൂപ) + ശുദ്ധീകരണചെലവ് (4.39 രൂപ) + പെട്രോള്‍ പമ്പുകാരുടെ കമ്മീഷന്‍-3.79 രൂപ). ഇത് തന്നെ കേരളം പരിഗണിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന നികുതിവരുമാനം ലഭിക്കില്ല. 44 രൂപയുടെ 32 ശതമാനം എത്രയാണ്? ഏകദേശം 14.05 രൂപ! അതായത് കേന്ദ്രം നികുതി ചുമത്തി ക്രൂരത കാട്ടിയില്ലെങ്കില്‍ കേരളത്തിന് ലഭിക്കുക പെട്രോള്‍ ഒരു ലിറ്ററിന് 14 രൂപ മാത്രം. ഇപ്പോള്‍ ലഭിക്കുന്നത്-24.5 രൂപ. അതായത് 10.24 രൂപ കേന്ദ്രനികുതിയുടെ മേല്‍ ലഭിക്കുന്നതാണ്. പെട്രോളിന്റെ അടിസ്ഥാനവിലയുടെ മുകളിലാണ് സംസ്ഥാനങ്ങളും നികുതി ചുമത്തിയിരുന്നതെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ 92-93 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടേണ്ടതാണ്. ചുരുക്കത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് മേല്‍ ആദായനികുതി ചുമത്തുകയാണ്. ചെക്കര്‍ക്ക് ടിക്കറ്റ് അടിച്ചുകൊടുക്കുന്നു എന്നു സാരം.

ഇതാണ് ഇന്ത്യന്‍ ഫെഡറല്‍ വ്യവസ്ഥയുടെ പ്രത്യേകത. ആദായനികുതിയുടെ (income tax) കാര്യത്തില്‍ തിരിച്ച് സംഭവിക്കുന്നു. സംസ്ഥാനങ്ങളില്‍നിന്ന് നേടുന്ന വ്യക്തിവരുമാനത്തിന് കേന്ദ്രം നികുതി ചുമത്തുന്നു, ശേഷം അതില്‍ ഒരു ഭാഗം(41%) സംസ്ഥാനങ്ങള്‍ക്ക് തിരകെ നല്‍കുന്നു. ഇതൊരു സമീകരണപ്രക്രിയ (balancing) ആണെന്ന് കാണാം. കേന്ദ്രം എണ്ണ ഉത്പന്നങ്ങളുടെ മേലുള്ള നികുതി കുറച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടം വരും. GST യില്‍ ആക്കുക എന്നാല്‍ നികുതി വലിയതോതില്‍ കുറയ്ക്കുക എന്നു തന്നെയാണ് അര്‍ത്ഥം. എണ്ണ GST യില്‍ വന്നാല്‍, നിലവിലുള്ള പരമാവധിയായ 28 ശതമാനം GST ചുമത്തിയാല്‍, ഒരു ലിറ്റര്‍ പെട്രോളിന്റെ വില 56.19 രൂപയാകും. GST നികുതി-15.73 രൂപ. അത് പങ്കുവെച്ചാല്‍ കേരളത്തിന് 7.86 രൂപ കിട്ടും. അതായത് നിലവില്‍ ലിറ്ററിന് മേല്‍ 16.64 രൂപ നഷ്ടം. കേന്ദ്രത്തിന്റെ നഷ്ടം- ലിറ്ററിന് 25.14 രൂപ. രണ്ടു കൂട്ടര്‍ക്കും കനത്ത നഷ്ടം. ഈ നഷ്ടം കേന്ദ്രം താങ്ങുന്നത് പോലെ സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാവില്ല. കാരണം? സംസ്ഥാനങ്ങള്‍ക്ക് വരുമാന സ്രോതസ്സുകള്‍ കുറവാണ്, സാമ്പത്തിക അധികാരങ്ങള്‍ കുറവാണ്, കടം വാങ്ങാനുള്ള അധികാരവും സാധ്യതയും താരതമ്യേന കുറവാണ്.

GST നിരക്ക് കൂട്ടിയാലോ? നിയമപരമായ തടസ്സമൊന്നുമില്ല. പക്ഷെ ഒന്നോര്‍ക്കുക, GST നടപ്പിലാക്കിയ 140 ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടിയ നിരക്ക് ഇന്ത്യയിലാണ്-28 ശതമാനം. രണ്ടാംസ്ഥാനം അര്‍ജന്റിന-27%, യു.കെ. ഫ്രാന്‍സ് -20 % , സിംഗപ്പൂര്‍-7%. എന്നിങ്ങനെ. കേന്ദ്രം നികുതി കൂട്ടുന്നത് സംസ്ഥാനങ്ങള്‍ക്ക് ഉള്ളില്‍ ലഡുപൊട്ടുന്ന അവസ്ഥയുണ്ടാക്കുമെങ്കിലും ജനങ്ങളെ പറ്റിക്കാന്‍ ആ വര്‍ദ്ധനയെ എതിര്‍ത്തും കുറ്റപെടുത്തിയും മുന്നോട്ടുപോകും. ഇത് കണ്ട് നികുതി കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കും. കേരളത്തിന് ഇപ്പോള്‍ ലഭിക്കുന്ന 24.5 രൂപയുടെ സ്ഥാനത്ത് 7.86 രൂപയാകുമ്പോള്‍ വരുന്ന കുറവ് കേന്ദ്രം നികത്തി കൊടുക്കണം എന്നാണ് ആവശ്യം. അതായത് കേന്ദ്രം നികുതി കൂട്ടാന്‍ പാടില്ല, അത് ജനവിരുദ്ധം. കുറയ്ക്കാനും പാടില്ല! കുറച്ചാല്‍ കുറച്ചതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം വരും. അങ്ങനെ വന്നാല്‍ കേന്ദ്രം സ്വന്തം നഷ്ടം സഹിക്കുന്നതിന് പുറമെ സംസ്ഥാനങ്ങളുടെ നഷ്ടം നികത്തി കൊടുക്കണം. അതായത്‌, 2022 ജൂലൈ ഒന്നിന് മുമ്പ് എണ്ണ ഉത്പന്നങ്ങള്‍ GST ക്ക് കീഴില്‍ വന്നാല്‍ സസംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നികുതി നഷ്ടം കേന്ദ്രം നികത്തേണ്ടിവരും. അപ്പോഴും ഒരു ചോദ്യം ബാക്കി. കേന്ദ്രം എണ്ണനികുതി കൂട്ടുമ്പോള്‍ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നതായും എതിരെ സമരം ചെയ്യുന്നതായി അഭിനയിക്കുന്നത് എന്തിനാണ്? ഉത്തരം- അന്യന്‍ (2005, തമിഴ് മൂവി). കൊറച്ചിട്, കൊറയ്ക്ക കൂടാത്, കൊറയ്ക്ക മാട്ടേന്‍!


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *