‘ദൃശ്യം’ മോഡല്‍ കൊലയും ആവിയായ സ്വപ്‌ന ദര്‍ശനവും; എത്ര യുക്തിഹീനമാണ് നമ്മുടെ പൊലീസും മാധ്യമങ്ങളും; എം. റിജു എഴുതുന്നു


കൊല്ലം ഭാരതീപുരത്തെ ദൃശ്യം മോഡല്‍ കൊല വെളിപ്പെടാന്‍ ഇടയാക്കിയ സ്വപ്‌ന ദര്‍ശനം ആയിരുന്നു ഇന്നലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. പക്ഷേ അത് നേരം വെളുത്തപ്പോഴേക്കും ആവിയായി. പക്ഷേ ഇത് ഒരു ടെസ്റ്റ് ഡോസാണ്. മലയാളി മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിന്റെ നേര്‍ക്കുള്ള ഒരു ലിറ്റ്മസ് ടെസ്റ്റ്. സമ്പൂര്‍ന്ന സാക്ഷരതയുടെ അഭിമാനത്തില്‍ ജീവിക്കുന്ന, ശാസ്ത്രബോധമില്ലാത്ത ഒരു ജനത, അങ്ങേയറ്റം അപമാനകരം തന്നെയാണ്. നോക്കുക. ആര്‍ക്കും പറ്റിക്കാവുന്ന വിഡ്ഡികളായി അധപ്പതിക്കയാണോ നമ്മുടെ മാധ്യമലോകം. ഒരു നിസ്സാര കാര്യത്തില്‍ നിങ്ങള്‍ക്ക് സാമന്യയുക്തി ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെ ഐ.എസ്.ആര്‍.ഒ ചാരക്കേസ് പോലുള്ള അപസര്‍പ്പകഥകള്‍ ഉണ്ടായതില്‍ എന്താണ് അത്ഭുതം!
അശാസ്ത്രീയതയുടെ അനാഫിലസ് കൊതുകുകള്‍!

‘ഒരു മദ്യപാനി പത്തനംതിട്ട ഡി.വൈ.എസ്.പി ഓഫീസ് മുമ്പാകെ എത്തുകയാണ്. അടിച്ച് കോണ്‍ തെറ്റി വരുന്ന, അയാള്‍ തനിക്ക് ഒരു കൊലപാതകത്തിന്റെ വിവരം പറയാനുണ്ടെന്ന് പറഞ്ഞ് നിര്‍ബന്ധം പിടിക്കുന്നു. കുടിയന്‍ ആയതുകൊണ്ട് പൊലീസ് പരമാവധി, നിരുല്‍സാഹപ്പെടുത്തുന്നു. ഒടുവില്‍, ഗത്യന്തരമില്ലാതെ അവര്‍ അയാളെ ഡി.വൈ.എസ്.പിയെ കാണാന്‍ അനുവദിക്കുന്നു. അപ്പോള്‍ മദ്യപന് പറയാന്‍ ഉണ്ടായിരുന്നത്, ‘കാണാതായ തന്റെ ഒരു ബന്ധു സ്വപ്‌നത്തില്‍ വന്ന് പറഞ്ഞ വിചിത്രമായ അനുഭവം’ ആയിരുന്നു. അയാള്‍ മരിച്ചുവെന്നും ഇന്ന സ്ഥലത്ത് കുഴിച്ചിട്ടിരിക്കുകയാണെന്നും ബന്ധു സ്വപ്‌നത്തില്‍ പറഞ്ഞുവത്രേ . അത് പൊലീസ് പൂര്‍ണമായും വിശ്വസിക്കുന്നു. എന്നിട്ട് ആയാള്‍ പറഞ്ഞ സ്ഥലത്ത് കുഴിച്ചനോക്കുമ്പോഴാണ് മഹാത്ഭുദം. മദ്യപന്‍ പറഞ്ഞുപോലെ മൃതദേഹം കിട്ടുന്നു.

പോരെ പൂരം! പിന്നെ മാധ്യമങ്ങള്‍ അങ്ങോട്ട് തകര്‍ക്കുകയാണ്. മദ്യപന്റെ സ്വപ്‌ന ദര്‍ശനക്കഥ, അവര്‍ ആഞ്ഞ് തള്ളി. സോഷ്യൽ മീഡിയ ഒരടികൂടി മുന്നോട്ട് പോയി. ആത്മാവ്, പ്രേതം, കൂടുവിട്ട് കൂടുമാറല്‍ എന്നിവയൊക്കെയായി ചര്‍ച്ച. സകലചാനലുകളും ഒരുപോലെ ഈ തള്ളലില്‍ പങ്കെടുത്തു. ഒരാള്‍ പോലും ഇങ്ങനെ സംഭവിക്കാന്‍ വിദൂര സാധ്യതയില്ലെന്നും, വാര്‍ത്ത തന്ന മദ്യപനെ വിശദമായി ചോദ്യം ചെയ്യണം എന്ന് പറഞ്ഞില്ല. അന്ധവിശ്വാസത്തിന്റെ അനാഫിലസ് കൊതുകുകളെപ്പോലെ മാധ്യമങ്ങള്‍ ഈ ‘ദിവ്യാദ്ഭുതം’ പടര്‍ത്തുകയായിരുന്നു. മാധ്യമങ്ങളെ മാത്രം കുറ്റം പറയേണ്ട. ആദ്യഘട്ടത്തില്‍ പൊലീസും ഈ കുപ്രാചാരണത്തിന് നല്ല ബലം കൊടുത്തു.

പക്ഷേ വെറും ഒറ്റ ദിവസം മാത്രമേ ഈ കഥ നിലനിന്നള്ളൂ. പിറ്റേന്ന് കള്ളം പൊളിഞ്ഞു. തന്റെ അമ്മയുടെ ജ്യേഷ്ഠത്തിയാണ്, അവര്‍ നേരിട്ട് സാക്ഷിയായ സംഭവം ഇയാളോട് പറയുന്നത്. സ്വപ്‌നം ദര്‍ശനം അയാള്‍ ഉണ്ടാക്കിയ ഒരു നുണക്കഥ മാത്രമായിരുന്നു…

ദൃശ്യം മോഡല്‍ കൊലയുടെ യാഥാര്‍ഥ്യം ഇങ്ങനെ

രണ്ടര വര്‍ഷം മുമ്പ് സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ, ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതില്‍വീട്ടില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് ഇപ്പോള്‍ കണ്ടെടുത്തത്. ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തതിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്. മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിന്‍ കഷ്ണണങ്ങളുമാണ് പോലീസും ഫോറന്‍സിക് വിദഗദ്ധരും പുറത്തെടുത്തത്. സംഭവത്തില്‍ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരന്‍ സജിനും അമ്മ പൊന്നമ്മയും അറസ്റ്റിലായിരുന്നു. ഇരുവരും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്.

2018ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്. സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്കിനിടെ സജിന്‍ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തുവീണു. ഇവര്‍ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാല്‍ സംഭവം മറ്റാരും അറിഞ്ഞില്ല.സജിനും അമ്മ പൊന്നമ്മയും ചേര്‍ന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു. നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവില്‍ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്.

പല കേസുകളിലും പ്രതിയായിരുന്നതിനാല്‍ പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. പോലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാര്‍ പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമര്‍ശിക്കപ്പെട്ടു. പൊന്നമ്മയില്‍ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെത്തി മദ്യലഹരിയില്‍ കാര്യങ്ങള്‍ പറഞ്ഞു. തന്റെ ‘സോഴ്‌സ്’ വെളിപ്പെടുത്താതിരിക്കാന്‍ അദ്ദേഹം ഇട്ട ഒരു അടവായിരുന്നു സ്വപ്‌ന ദര്‍ശനം. പക്ഷേ അന്ധവിശ്വാസികളും കാളപ്രസവ വിദഗ്ധരുമായ ഒരു സമൂഹം അത് ഏറ്റെടുത്തു.

ഇത് ഒരു ടെസ്റ്റ് ഡോസാണ്. മലയാളി മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിന്റെ നേര്‍ക്കുള്ള ഒരു ലിറ്റ്മസ് ടെസ്റ്റ്. സമ്പൂര്‍ന്ന സാക്ഷരതയുടെ അഭിമാനത്തില്‍ ജീവിക്കുന്ന, ശാസ്ത്രബോധമില്ലാത്ത ഒരു ജനത, അങ്ങേയറ്റം അപമാനകരം തന്നെയാണ്. നോക്കുക. ആര്‍ക്കും പറ്റിക്കാവുന്ന വിഡ്ഡികളായി അധപ്പതിക്കയാണോ നമ്മുടെ മാധ്യമലോകം. ഒരു നിസ്സാര കാര്യത്തില്‍ നിങ്ങള്‍ക്ക് സാമന്യയുക്തി ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെ ഐ.എസ്.ആര്‍.ഒ ചാരക്കേസ് പോലുള്ള അപസര്‍പ്പകഥകള്‍ ഉണ്ടായതില്‍ എന്താണ് അത്ഭുതം!

Loading


About M Riju

Freethinker, Journalist, Writer

View all posts by M Riju →