നായയെ കെട്ടി വലിച്ചതിന് നിങ്ങള്‍ എന്തിന് ഇസ്‌ലാമിനെ മാത്രം പ്രതിക്കൂട്ടിലാക്കുന്നു; ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT)

‘നായയെ കെട്ടിവലിച്ച ആദ്യ സംഭവത്തിലെ വ്യക്തി മുസ്ലിം ആയതും, കാരണം ഇസ്ലാമികം ആയതും തികച്ചും ആകസ്മികം ആണ്. എന്നാലും, അതില്‍ ഇസ്ലാമിനെ വിമര്‍ശിക്കരുതേ, ശരിക്കും പഠിക്കൂ എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്നവര്‍ ഒന്ന് അങ്ങോട്ട് മാറി നില്‍ക്കുക..! അത് സ്വതന്ത്രര്‍ ആയാലും ശരി..! ആ… മുസ്ലിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ത് എന്ന് പറഞ്ഞില്ലല്ലോ അല്ലേ…! പറയാം…നിങ്ങള്‍ നായയെ കെട്ടി വലിക്കാന്‍ നേരത്ത് കഴമ്പുള്ള എന്തെങ്കിലും കാരണം കണ്ടു പിടിക്കുക, എന്നിട്ട് അത് പറയുക. ഉദാഹരണത്തിന്, നിസ്‌കാരപായയില്‍ മുള്ളി, ബിരിയാണി ചെമ്പില്‍ തലയിട്ടു, കോഴിക്കൂട്ടില്‍ കയറി തുടങ്ങിയ എന്തെങ്കിലും ചേലുള്ള കാരണങ്ങള്‍…! അല്ലെങ്കില്‍ കെട്ടി വലിക്കാതെ ഇരിക്കുക.’- ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

നായയെ കെട്ടി വലിക്കുമ്പോള്‍ മുസ്ലിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ നാട്ടില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൂന്നു സംഭവങ്ങള്‍ ഉണ്ടായി. മൂന്നിലും ഇര ഒരു നായ ആണ്. ‘ക്രൂരന്മാരായ’ മൂന്നു മനുഷ്യര്‍ ‘പാവം’ നായയെ കെട്ടി വലിച്ചു. ഉപദ്രവിച്ചു. ഇതാണ് പ്രശ്‌നം. ഇവയെ ഒന്ന് വിശകലനം ചെയ്യാം എന്ന് കരുതുകയാണ്. കാരണം, ആദ്യത്തെ സംഭവത്തില്‍ ആഗോള വിമര്‍ശന തൊഴിലാളികള്‍ ഇസ്ലാമിനെ പ്രതികൂട്ടിലാക്കിയ പോലെ ബാക്കി വിഷയങ്ങളില്‍ അതിലെ പ്രതികളുടെ അതാത് മതങ്ങളെ പ്രതികൂട്ടില്‍ അടച്ചില്ല എന്നതാണ് ഇപ്പോള്‍ കേള്‍ക്കുന്ന നിലവിളി. അത് സ്വതന്ത്ര ചിന്തകരും, ഇസ്ലാംമത വിശ്വാസികളും ഒരുപോലെ നടത്തുന്നു എന്നതാണ് ഈ വിശകലനം നടത്താനുള്ള പ്രധാന കാരണം.

സംഭവം ഒന്ന്:
ഒരു മുസ്ലിം നാമധാരി ആയ ഒരുവന്‍, കുരച്ച് ബഹളം ഉണ്ടാക്കുന്ന തന്റെ വളര്‍ത്തു നായയെ ചുറ്റും ഉള്ളവരുടെ പരാതിയെ തുടര്‍ന്ന് ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. അതിനായി അയാള്‍ നായയെ തന്റെ കാറില്‍ കെട്ടി വലിച്ചു കൊണ്ട് പോകുന്നു. സംഗതി നാട്ടുകാര്‍ പിടികൂടുന്നു, പിന്നീട് പോലീസ് കേസെടുക്കുന്നു.
കുറ്റകൃത്യം: മൃഗങ്ങളോടുള്ള ക്രൂരത
കെട്ടിവലിക്കാന്‍ ഉള്ള കാരണം: നായ നജസ് (അശുദ്ധം) ആണ് എന്ന മതബോധം. (കാരണം ഇത് തന്നെ ആണോ എന്ന് അറിയാന്‍ വേണ്ടി നടത്തുന്ന ചൂഴ്ന്നുള്ള അന്നെഷണം ബാക്കി വിഷയങ്ങളിലും കാണിക്കണം എന്ന് അപേക്ഷിക്കുന്നു..!)
ആരാണ് കാരണം വെളിപ്പെടുത്തിയത് : പ്രതി തന്ന

സംഭവം രണ്ട്:
ഒരു അമുസ്ലിം നാമധാരി ആയ ഒരുവന്‍, തന്നെ ആക്രമിക്കാന്‍ വന്ന നായയെ കുടുക്കിട്ട് പിടിച്ച് തല്ലി ചതച്ച് റോഡിലൂടെ കെട്ടിവലിച്ചു കൊണ്ടുപോയി. സംഗതി നാട്ടുകാര്‍ പിടികൂടുന്നു, പിന്നീട് പോലീസ് കേസെടുക്കുന്നു.
കുറ്റകൃത്യം: മൃഗങ്ങളോടുള്ള ക്രൂരത.
കെട്ടിവലിക്കാന്‍ ഉള്ള കാരണം: തെരുവ്‌നായ അക്രമിക്കാന്‍ വന്നു.
ആരാണ് കാരണം വെളിപ്പെടുത്തിയത് : പ്രതി തന്നെ

സംഭവം മൂന്ന്:
ഒരു അമുസ്ലിം നാമധാരി ആയ ഒരുവന്‍, ചെരിപ്പ് കടിച്ച് മുറിച്ച് നശിപ്പിച്ച തന്റെ വളര്‍ത്ത് നായയെ നാടുകടത്താന്‍ എന്ന ഉദ്ദേശത്തില്‍ അതിനെ സ്‌കൂട്ടറിന്റെ പിന്നില്‍ കെട്ടിവലിച്ച് കൊണ്ടുപോയി. സംഗതി നാട്ടുകാര്‍ പിടികൂടുന്നു, പിന്നീട് പോലീസ് കേസെടുക്കുന്നു.
കുറ്റകൃത്യം: മൃഗങ്ങളോടുള്ള ക്രൂരത.
കെട്ടിവലിക്കാന്‍ ഉള്ള കാരണം: നായ ചെരിപ്പ് കടിച്ച് മുറിച്ചു.
ആരാണ് കാരണം വെളിപ്പെടുത്തിയത് : പ്രതി തന്നെ

മതം തന്നെയാണ് പ്രതിക്കൂട്ടില്‍

ഇതാണ് സംഭവം. എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ പറഞ്ഞാല്‍ ചേര്‍ക്കാവുന്നതാണ്. ഇനി ഇതിനെ ഒന്ന് വിശകലനം ചെയ്യാം. ആദ്യം സംഭവം രണ്ടും മൂന്നും എടുക്കുന്നു. സംഭവം രണ്ടില്‍ തെരുവ്‌നായ ശല്യം ആണ് വിഷയം ആയത്. തെരുവ് നായകളെ നിയന്ത്രിക്കേണ്ടത് ചര്‍ച്ചയായി. വിവിധ രാജ്യങ്ങളില്‍ എങ്ങനെ ആണ് തെരുവ് നായകളെ നിയന്ത്രിക്കുന്നത് എന്ന് നമ്മള്‍ അന്വേഷണം ആരംഭിച്ചു. കാരണം അവിടെ പ്രതി പറഞ്ഞ കാരണം തെരുവ് നായയുടെ അക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ എന്നതായിരുന്നു എന്നത് തന്നെ. സ്വാഭാവികമായും അവിടെ പ്രതിയുടെ വിശ്വാസമോ മതമോ ചര്‍ച്ചയാകില്ല. ആയില്ല..!

സംഭവം മൂന്നില്‍, നിസ്സാരമായ ഒരു കാരണം ആണ് പ്രതി പറഞ്ഞത്. വളര്‍ത്തു നായ തന്റെ ചെരിപ്പ് കടിച്ച് മുറിച്ചതാണ് കാരണം പറഞ്ഞത്. അത് എന്ത് തന്നെ ആയാലും, നായയെ വളര്‍ത്താന്‍ അറിയാത്തവരും അതിനു ക്ഷമ ഇല്ലാത്തവരും ഇപ്പണിക്ക് നില്‍ക്കരുത് എന്നതാണ് ചര്‍ച്ചയാകുന്നത് കണ്ടത്. അവിടെയും പ്രതിയുടെ മതം ചര്‍ച്ചയായില്ല.

ഇനി സംഭവം ഒന്ന് എടുക്കുക. ഇതില്‍ പ്രതി ഒരു അമുസ്ലിം തന്നെ ആയിരുന്നു എന്ന് കരുതുക. എന്നിട്ട് പോലീസ് ചോദിച്ചപ്പോള്‍ കെട്ടിവലിക്കാന്‍ ഉണ്ടായ കാരണം ആയി പറഞ്ഞത്, ‘തന്റെ മരിച്ചു പോയ വല്യപ്പന്‍ മാലാഖയായി സ്വപ്നത്തില്‍ വന്നു പറഞ്ഞു, ഈ നായ ഒരു ദുഷ്ട ശകുനം ആണ്, അത് തന്റെ വീട്ടില്‍ ഉള്ള കാലത്തോളം അവിടെ ശാന്തി ഉണ്ടാവില്ല, അതുകൊണ്ടു നീ അതിനെ കൊണ്ടുപോയി ഉപേക്ഷിക്കുക’. ഇത് നടപ്പിലാക്കാന്‍ വേണ്ടി ആണ് താന്‍ നായയെ കെട്ടി വലിച്ചു കൊണ്ടുപോയത്. ‘അത്രക്കും ദുഷ്ടശകുനം ആയ ആ നായ തന്റെ കാറില്‍ കേറുന്നത് ഒഴിവാക്കാന്‍ ആണ്, അതിനെ അതില്‍ കയറ്റി കൊണ്ട് പോകാമായിരുന്നിട്ടും അത് ചെയ്യാതെ, അതിനെ കെട്ടി വലിച്ചത്’ എന്നും ഒക്കെ ആണ് പോലീസിനോട് കാരണം പറഞ്ഞത് എന്ന് കരുതുക.

നിങ്ങള്‍ ഈ വിഷയത്തില്‍ എന്ത് വിമര്‍ശനം ആണ് നടത്തുക? അതോ, അതില്‍ വിശ്വാസത്തിന്റെ അംശം ഉള്ളത് കൊണ്ട് മിണ്ടാതെ ഇരിക്കുമോ? ഇത് യഥാര്‍ത്ഥ മതം അല്ല എന്ന് പറയുന്ന, അന്ധവിശ്വാസങ്ങള്‍ക്ക് കുഴലൂത്ത് നടത്തുന്ന ആ ബന്ധപ്പെട്ട മത വിശ്വാസികളോടൊപ്പം കൂടെകൂടുമോ? അറിയാന്‍ ആഗ്രഹം ഉണ്ട്. ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ നിങ്ങള്‍ അയാളുടെ മണ്ടത്തരമായ വിശ്വാസത്തെ വിമര്‍ശിക്കുമോ ഇല്ലയോ? അതോ അയാളുടെ മതവിശ്വാസത്തിനു പരിക്ക് പറ്റിയാലോ എന്ന് കരുതി, അതിലെ ഉള്ളുകളികള്‍ അന്വേഷിച്ച്  നടന്നു, അത് ശരിക്കും വിശ്വാസം അല്ല, അയാളുടെ ‘അന്ധവിശ്വാസം’ മാത്രം ആയിരുന്നു, അയാള്‍ മതം ‘ശരിക്കും പഠിക്കാത്തത്’ കൊണ്ട് ഉണ്ടായ ‘ധാരണ പിശകാണ്’, അതുകൊണ്ടു അയാളുടെ വിശ്വാസത്തിലെ പൊള്ളത്തരവും, അയാളുടെ മതവും വിമര്‍ശന വിധേയമാക്കേണ്ടതില്ല എന്ന് പറയുമോ?

അങ്ങനെ വിമര്‍ശിച്ചാല്‍ അത് ബാക്കി മതവിമര്‍ശനങ്ങളുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തും എന്ന ‘മതഫോബിയ’ ‘ഉളവാക്കുന്ന’ ഒരു ലഘൂകരണത്തില്‍ പിടിച്ച് മിണ്ടാതെ ഇരിക്കുമോ? വിശ്വാസങ്ങളിലെ ശരിയും തെറ്റും അന്വേഷിക്കുന്നതിനേക്കാള്‍ നല്ലത് ജീരകം തൊലി കളയുന്നതാണ്… ഞാന്‍ ആണെങ്കില്‍, അയാളുടെ മതത്തെയും, ഇത്തരം ഊള വിശ്വാസത്തെയും മുച്ചൂടും വിമര്‍ശിക്കും. ഒരു സംശയവും വേണ്ട. അത് ഏത് കോപ്പിലെ മതം ആയാലും ശരി.

ഇതിനെല്ലാം ഉപരി, അവസാന രണ്ടു വിഷയത്തിലും കാരണങ്ങള്‍ ആ പ്രതികള്‍ പറഞ്ഞ പോലെ അത് തന്നെ ആണെങ്കില്‍ ആ പ്രതികള്‍ മുസ്ലിം നാമധാരികള്‍ ആയാല്‍ പോലും അവിടെ ഇസ്ലാം മതം വിമര്‍ശന വിധേയം ആയി കയറി വരില്ല. ഇതറിഞ്ഞിട്ടും, ഒന്നാമത്തെ വിഷയത്തില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇസ്ലാം പ്രതിക്കൂട്ടില്‍ ആകുമ്പോള്‍, ബാക്കി സംഭവങ്ങളില്‍ അതുപോലെ അതാത് മതങ്ങള്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പടുന്നില്ല എന്ന് ചോദിക്കുന്ന മദ്രസപൊട്ടന്മാരുടെ നിലവാരത്തിലേക്ക് സ്വതന്ത്രചിന്തകര്‍ എന്ന് പറയുന്നവര്‍ താഴ്ന്നു പോകുന്നത് കാണുമ്പോള്‍ വിഷമം ഉണ്ട്.

നബി: ആദ്യ സംഭവത്തിലെ വ്യക്തി മുസ്ലിം ആയതും, കാരണം ഇസ്ലാമികം ആയതും തികച്ചും ആകസ്മികം ആണ്. എന്നാലും, അതില്‍ ഇസ്ലാമിനെ വിമര്‍ശിക്കരുതേ, ശരിക്കും പഠിക്കൂ എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്നവര്‍ ഒന്ന് അങ്ങോട്ട് മാറി നില്‍ക്കുക..! അത് സ്വതന്ത്രര്‍ ആയാലും ശരി..! ആ… മുസ്ലിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ത് എന്ന് പറഞ്ഞില്ലല്ലോ അല്ലേ…! പറയാം… നിങ്ങള്‍ നായയെ കെട്ടി വലിക്കാന്‍ നേരത്ത് കഴമ്പുള്ള എന്തെങ്കിലും കാരണം കണ്ടു പിടിക്കുക, എന്നിട്ട് അത് പറയുക. ഉദാഹരണത്തിന്, നിസ്‌കാരപായയില്‍ മുള്ളി, ബിരിയാണി ചെമ്പില്‍ തലയിട്ടു, കോഴിക്കൂട്ടില്‍ കയറി തുടങ്ങിയ എന്തെങ്കിലും ചേലുള്ള കാരണങ്ങള്‍…! അല്ലെങ്കില്‍ കെട്ടി വലിക്കാതെ ഇരിക്കുക. ഒന്നും ഇല്ലെങ്കില്‍ വെറുതെ പട്ടിക്ക് വെള്ളം കൊടുത്താല്‍ പോലും ഹൂറികളെ കിട്ടുമെടെ. എന്തിനാ അത് വെറുതെ കളയുന്നത്..?! ഇച്ചിരി സ്‌നേഹം ഒക്കെ കാണിക്ക്..!

എന്ന്,
ആരിഫ് ഹുസൈന്‍ തെരുവത്ത്
എക്‌സ് മുസ്‌ലീം


Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT)

About Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT)

View all posts by Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT) →

Leave a Reply

Your email address will not be published. Required fields are marked *