Click & Register for Litmus
Registration Litmus '24
അധ്യാപികയാണ് തിരുവനന്തപുരം കാരിയായ റാസി സലീം. ഭർത്താവും രണ്ടു മക്കളുമായി രണ്ട് ദശാബ്ദങ്ങളായി അബുദാബിയിൽ പ്രവാസജീവിതം നയിക്കുന്നു. ചിത്രകാരിയാണ്, കലാകാരിയാണ്, പാട്ടുപാടലും കവിത ചൊല്ലലും അഭിനേത്രിയും അങ്ങനെ പറഞ്ഞാൽ ഒടുങ്ങാത്തത്ര കഴിവുകൾ ഉണ്ട് റാസിക്ക്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങൾ കുടുംബത്തിനൊപ്പം ആസ്വദിക്കുന്ന നിമിഷങ്ങളിൽ ആണ് അപ്രതീക്ഷിതമായി ഉന്മാദം പിടിപെട്ട ഒരുകൂട്ടം കോശങ്ങൾ തൻ്റെ ശരീരത്തിൽ സഞ്ചരിക്കുന്ന വിവരം റാസി അറിയുന്നത്. അർബുദം എന്ന വില്ലൻ റാസിയുടെ കുടലിൽ കുടിയേറി.
രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം ഓർത്തെടുക്കുമ്പോളൊക്കെയും റാസിക്ക് കണ്ഠമിടറും. ഓർമകളിലിപ്പോഴും ആശുപത്രി മുറിയിലെ മരുന്നുകളുടെ മണം നിറയും. അബുദാബിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ തേടി. പിന്നീടുള്ളത് യാതനയുടെ ആശുപത്രി കാലം. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഓങ്കോളജി ഡിപ്പാർട്ട്മെന്റ് ഡോക്ടറുടെ നിർദ്ദേശപ്രകാരം റേഡിയേഷനും കീമോതെറാപ്പി ചികിത്സയും. ആശുപത്രിയിൽ പോകാനുള്ള സൗകര്യത്തിനായി തൊട്ടടുത്തുതന്നെ ഒരു വാടക വീട് എടുത്തു. ലോകമാകെ കോവിഡ് സമയത്ത് ക്വാറന്റൈനിൽ കഴിഞ്ഞതിനേക്കാൾ എത്രയോ മുമ്പ് തന്നെ റാസി ക്വാറന്റൈനിൽ പ്രവേശിച്ചു കഴിഞ്ഞു. വേദനയും മാനസിക വിഷയവുമായി നിറഞ്ഞ ഐസൊലേഷൻ കാലം. കുടലിലെ മുഴ ചുരുങ്ങിയില്ല, സർജറി വൈകി പക്ഷേ ഒടുക്കം ബോംബെയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ സർജറി നടത്തി. ശരീരത്തിന് നൽകിയ വേദനയിൽ റാസിക്ക് ആകെ സമാധാനം മുറിയിലെ ജനാലയിലൂടെ നോക്കുമ്പോൾ കാണുന്ന മഞ്ഞനിറത്തിലുള്ള ഡാഫോഡിൽസ് പൂക്കൾ മാത്രമായിരുന്നു. പ്രതീക്ഷയുടെ ഡാഫോഡിൽസ് പൂക്കൾ.
ഓപ്പറേഷൻ ചെയ്ത ക്യാൻസർ കോശങ്ങളെ മാറ്റുന്നതിനൊപ്പം, കുടൽ മുറിച്ച് വയറിന്റെ ഒരു സൈഡിലേക്ക് തുന്നി വെച്ചു. കൂടെയൊരു സഞ്ചിയും. പകുതി ദഹനം നടന്ന ശേഷം വരുന്ന ആഹാരപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ മുറിച്ച കുടലിന്റെ ഒരു ഭാഗത്ത് കൂടി പുറത്തേക്ക് വരുന്ന അവസ്ഥ. ദിനവും ഏഴെട്ടു പ്രാവശ്യം വൃത്തിയാക്കണം, ആഴ്ചയിൽ രണ്ടു തവണ ബാഗ് മാറ്റണം. പിന്നീട് ദുരിത പെയ്ത്തൊഴിഞ്ഞ ഒരു നിമിഷം പോലും റാസിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ദുരിത സഞ്ചിയിൽ ചേർത്തുനിർത്തി കുടുംബം. ആൾക്കൂട്ടത്തിൽ നിന്നും ആരവത്തിൽ നിന്നും ഒഴിഞ്ഞ്, വീണ്ടും മാസങ്ങൾ നീണ്ടുനിന്ന കീമോതെറാപ്പി.
ഒടുക്കം റാസി വിജയിച്ചു കയറി, അർബുദത്തിന് റാസിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. പക്ഷേ ഒരു ഘട്ടത്തിലും റാസി ആരാധനാലയങ്ങൾ കയറിയിറങ്ങിയില്ല, ദൈവത്തെ വിളിച്ചില്ല, നേർച്ചകളും പൂജയും നടത്തിയില്ല. സകലതിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയാണ് ദൈവമെങ്കിൽ ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങനെ ശിക്ഷ വിധിച്ച ഒരു ദൈവത്തെയും റാസിക്ക് വേണ്ടിയിരുന്നില്ല. ആധുനികശാസ്ത്രം ആണ് തന്നെ അർബുദത്തിൽ നിന്ന് ജയിപ്പിച്ചതെന്ന് റാസി എന്നേ തിരിച്ചറിഞ്ഞു.
ഭംഗിയുള്ള ബോട്ടിൽ ആർട്ട് ചെയ്യുന്ന, നിറയെ കവിതകളും കഥകളും എഴുതുന്ന, ചുരുണ്ട മുടിയും, ഉണ്ടക്കണ്ണുകളും ഉള്ള റാസി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ മുടങ്ങാതെ ചെക്കപ്പിന് പോകുന്നതുപോലെ, മുടങ്ങാതെ പങ്കെടുക്കുന്ന മറ്റൊരു പരിപാടിയുണ്ട്. അതിന്റെ പേരാണ് ലിറ്റ്മസ്. ശാസ്ത്രസ്വതന്ത്രചിന്താ സംഘടനയായ എസൻസ് ഗ്ലോബലിൻ്റെ വാർഷിക പരിപാടി. ഒക്ടോബർ ആയാൽ റാസിക്ക് തിരക്കാണ്. 2023ലെ ഒക്ടോബർ മാസത്തിൽ ലിറ്റ്മസിൽ അരങ്ങേറിയ നാടകത്തിൽ റാസി നടിയായിരുന്നു. ഇത്തവണ കളം മാറ്റി ചവുട്ടി, കുറച്ചു കൂടുതൽ ഉത്തരവാദിത്വമുള്ള സ്റ്റേജ് ടീമിലെ വോളണ്ടിയർ ആണ്. അർബുദം തന്ന ശാരീരിക അസ്വസ്ഥതകളിലും റാസി പിന്നോട്ടില്ല. ലിറ്റ്മസിലെ രജിസ്ട്രേഷൻ ഡ്രൈവിലും റാസി സജീവമാണ്. ജീവിതം ആഘോഷിക്കണം എന്നാണ് റാസിയുടെ പക്ഷം.
ഇത്തവണ ലിറ്റ്മസിൻ്റെ സന്ദേശവും ‘സെലിബ്രേറ്റ് യു’ എന്ന് തന്നെയാണല്ലോ. നിങ്ങളെ തന്നെ ആഘോഷമാക്കുന്ന ‘സെലിബ്രേറ്റ് യു’ എന്ന ആഹ്വാനം നാം കണ്ടുപഠിക്കേണ്ടത് റാസിയുടെ ജീവിതത്തിൽ നിന്നാണ്. ക്യാൻസർ പോലെ മാരകരോഗങ്ങൾ വരുമ്പോൾ അതിനെ തടുക്കാൻ ആയുർവേദവും ഹോമിയോയും പോലുള്ള കപട ചികിത്സ തേടി പോകുന്ന ആളുകൾ ഉണ്ട് എന്നത് സങ്കടകരമാണെന്ന് റാസി പറയുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ മനസ്സിലാക്കാൻ ഏവരെയും റാസി ലിറ്റ്മസിലേക്ക് ക്ഷണിക്കുന്നു. വരൂ ഇത് റാസിയുടെ ലിറ്റ്മസ് കൂടിയാണ്.
Click & Register for Litmus
Registration Litmus '24