ഹോഴ്‌സ്ഷൂ തിയറി: രാഷ്ട്രീയ ധ്രുവങ്ങളിലെ അപ്രതീക്ഷിത സാമ്യങ്ങൾ – ജോബോയ് തോംസൺ


“രാഷ്ട്രീയം ഒരു നേർരേഖയല്ല, മറിച്ച് ഒരു കുതിരലാടമാണ്; അതിന്റെ രണ്ട് തീവ്രമായ അറ്റങ്ങൾ പലപ്പോഴും ഒരേ ബിന്ദുവിൽ സന്ധിക്കുന്നു.”

ഹോഴ്‌സ്ഷൂ തിയറി (Horseshoe Theory)

രാഷ്ട്രീയ ചിന്താധാരയിൽ തീവ്ര-ഇടതുപക്ഷവും തീവ്ര-വലതുപക്ഷവും പരസ്പരവിരുദ്ധമായ ധ്രുവങ്ങളിലാണെന്ന പൊതുബോധത്തെ തിരുത്തുന്ന ഒന്നാണ് ‘ഹോഴ്‌സ്ഷൂ തിയറി’ (Horseshoe Theory). പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, കുതിരലാടത്തിന്റെ രണ്ട് അറ്റങ്ങൾ തമ്മിലുള്ള അടുപ്പം പോലെയാണ് ഈ രണ്ട് തീവ്രപക്ഷങ്ങളും തമ്മിലുള്ള ബന്ധമെന്ന് ഈ സിദ്ധാന്തം സമർത്ഥിക്കുന്നു.

പരമ്പരാഗതമായ രാഷ്ട്രീയ മാതൃകകൾ പ്രകാരം രാഷ്ട്രീയത്തെ ഒരു നേർരേഖയായാണ് (Linear Spectrum) നാം കണക്കാക്കാറുള്ളത്. എന്നാൽ, ആ രേഖ വളഞ്ഞ് കുതിരലാടത്തിന്റെ രൂപം പ്രാപിക്കുമ്പോൾ അങ്ങേയറ്റത്തെ ഇടതുപക്ഷവും വലതുപക്ഷവും പ്രായോഗിക തലത്തിൽ അദ്ഭുതകരമായ സാമ്യതകളാണ് പുലർത്തുന്നത്.

ജനാധിപത്യ വിരുദ്ധത, ഏകാധിപത്യ പ്രവണതകൾ, വിയോജിപ്പുകളെ അടിച്ചമർത്തൽ, അധികാര കേന്ദ്രീകരണം എന്നിവ ഈ രണ്ട് വിഭാഗങ്ങളുടെയും പൊതുസ്വഭാവമാണ്. ‘നമ്മൾ vs അവർ’ എന്ന രീതിയിലുള്ള വിഭജന രാഷ്ട്രീയവും, തീവ്രദേശീയവാദവും, ജനകീയവാദവും (Populism) ഇവർ ഒരേപോലെ ആയുധമാക്കുന്നു. ഉദാര-ജനാധിപത്യം (Liberal Democracy), വ്യക്തിസ്വാതന്ത്ര്യം (Individualism), മിതമായ മധ്യപക്ഷവാദം (Moderate Centrism) എന്നിവയോടുള്ള വിമുഖതയാണ് ഈ രണ്ട് വിപരീത ധ്രുവങ്ങളെയും ഒന്നിച്ചുനിർത്തുന്ന മറ്റൊരു പ്രധാന ഘടകം.

സോവിയറ്റ് കമ്മ്യൂണിസ്റ്റ്, ജർമൻ നാസി എന്നീ ഭരണകൂടങ്ങളുടെ തന്ത്രങ്ങൾ തമ്മിലുള്ള സമാനതകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്നാണ് കുതിരലാടസിദ്ധാന്തം ഉത്ഭവിച്ചത്. കമ്മ്യൂണിസത്തിലെയും ഫാസിസത്തിലെയും ഏകാധിപത്യശൈലികൾ പരസ്പരം അടുത്തുനിൽക്കുന്നതായി ഈ സിദ്ധാന്തം ചൂണ്ടിക്കാട്ടുന്നു.

ഫ്രഞ്ച് തത്ത്വചിന്തകനായ ഷോൺ-പിയെർ ഫായ് (Jean-Pierre Faye) 1970-കളിലാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചത്. ഇത് പ്രഥമദൃഷ്ട്യാ ശരിയാണെങ്കിലും ചില പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:

അമിത ലളിതവൽക്കരണം

സാർവ്വദേശീയതക്ക് പകരം തീവ്ര-ദേശീയത പോലെയുള്ള ആശയപരമായ അടിസ്ഥാനവ്യത്യാസങ്ങളെ അവഗണിച്ചുകൊണ്ട് സങ്കീർണ്ണമായ പ്രത്യയശാസ്ത്രങ്ങളെ ഈ സിദ്ധാന്തം അമിതമായി ലളിതവൽക്കരിക്കുന്നു (oversimplification).

തീവ്ര-ഇടതുപക്ഷം സാമ്പത്തികസമത്വത്തിൽ ഊന്നിയുള്ളതാണെങ്കിൽ തീവ്ര-വലതുപക്ഷം വംശീയശ്രേണിയിൽ ഊന്നിയുള്ളതാണ് എന്ന യാഥാർഥ്യം അവഗണിച്ചുകൊണ്ട് രണ്ടിനെയും തുല്യതയുള്ളവയായി ഇവിടെ ചിത്രീകരിക്കുന്നു (false equivocation) എന്നതും വ്യക്തമാണ്. സമൂഹത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിലാണ് കാതലായ വ്യത്യാസം: തീവ്ര-ഇടതുപക്ഷം നിലവിലുള്ള സംവിധാനങ്ങളെ പൂർണ്ണസമത്വത്തിനായി തകർക്കാൻ ശ്രമിക്കുന്നു, അതേസമയം തീവ്ര-വലതുപക്ഷം കർശനമായ, ശ്രേണിക്രമത്തിലുള്ള, പരമ്പരാഗതക്രമം പുനഃസ്ഥാപിക്കാനോ പുതുതായി നടപ്പിലാക്കാനോ ശ്രമിക്കുന്നു.

വ്യത്യസ്ത വഴികളിലൂടെ ഏക ലക്‌ഷ്യം

തീവ്ര-ഇടതും തീവ്ര-വലതും അവരുടെ ലക്ഷ്യത്തിൽ എത്തിച്ചേരുന്ന വഴികൾ വ്യത്യസ്തമാണെന്നതും ആ വഴികളിൽ അവർ ഉപയോഗിക്കുന്ന പ്രത്യയശാസ്ത്രങ്ങളും, ആശയസംഹിതകളും, പ്രവർത്തനരീതികളും വ്യത്യസ്തമാണെന്നുള്ളതും തിരിച്ചറിഞ്ഞാലേ ഇവയുടെ വളർച്ചയെ എങ്ങിനെ തടയണം എന്ന് മനസ്സിലാകൂ. തീവ്ര-ഇടതും തീവ്ര-വലതും ഒന്നുതന്നെയാണ് എന്ന് (തെറ്റായി) ചിത്രീകരിക്കുമ്പോൾ മേല്പറഞ്ഞ വ്യത്യാസം തിരിച്ചറിയാൻ പറ്റാതെ വരും.

ഉദാഹരണത്തിന്, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സമത്വസുന്ദരമായ ഭാവി വാഗ്ദാനം ചെയ്തുകൊണ്ട് തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച്, അതിലൂടെ ഭരണത്തിലെത്തി. മറിച്ച്‌, സംഘപരിവാർ സംഘടനകൾ മതരാഷ്ട്രം എന്ന ആശയം ഉപയോഗിച്ച് ഹിന്ദുക്കളും അല്ലാത്തവരും എന്ന വിഭജനം സമൂഹത്തിൽ നടപ്പിലാക്കി, വളരെ ചുരുങ്ങിയ വർഷങ്ങൾകൊണ്ട് അധികാരത്തിലെത്തി, ഇപ്പോഴും അങ്ങിനെ തന്നെ തുടരുന്നു, ഏതറ്റം വരെ പോകും എന്ന കാര്യത്തിൽ മാത്രമേ തർക്കമുള്ളൂ.

കമ്മ്യൂണിസ്റ്റുകൾ സാമ്പത്തികസമത്വവും സംഘപരിവാർ സംഘടനകൾ സാമൂഹിക-അസമത്വവും ആശയപരമായി ഒരേ സമൂഹത്തിൽ തന്നെ പ്രയോഗിച്ചു വിജയിച്ചു എന്നതാണ് വെസ്റ്റ് ബംഗാളിലും ത്രിപുരയിലും സംഭവിച്ചത്തിൽനിന്ന് നാം മനസ്സിലാക്കേണ്ടത്. ഇരുകൂട്ടരും അവരുടെ മുന്നേറ്റത്തിന്റെ പാരമ്യതയിൽ എത്തുമ്പോൾ ഒരേ സ്വഭാവം കാണിച്ചേക്കാമെങ്കിലും അവരുടെ പ്രവർത്തനരീതി ആരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഈ ദുരവസ്ഥക്ക് കാരണം.

ഇനി അമേരിക്കയിലെ (USA) സ്ഥിതി പരിശോധിക്കാം. റിപ്പബ്ലിക്കൻ പാർട്ടിയിലെ മഹാഭൂരിപക്ഷം വരുന്ന ഒരു വിഭാഗം (MAGA) തീവ്രദേശീയതയും, സ്വദേശി-വിദേശി വിഭജനവും ഉപകരണമാക്കി രണ്ടാം തവണയും ഭരണത്തിൽ എത്തിയിരിക്കുന്നു. ഡെമോക്രാറ്റിക്‌ പാർട്ടിയിലെ ചെറുതല്ലാത്ത ഒരു വിഭാഗം (Progressives) സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രയോഗിച്ചു തിരഞ്ഞെടുപ്പിൽ ജയിച്ചത് ഈ അടുത്തനാളുകളിൽ ന്യൂ യോർക്ക് മേയർ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടതാണ്. വിപരീതദിശകളിലേക്ക് സഞ്ചരിക്കുന്ന രണ്ടു പാർട്ടികൾ മാറി മാറി ഭരണത്തിൽ എത്തുന്നു എന്നതുകൊണ്ട് അമേരിക്കയിലെ അവസ്ഥ എളുപ്പം കൈവിട്ടുപോകാനിടയില്ല എന്ന് സമാധാനിക്കാം.

തീവ്രതയുടെ വിപരീതധ്രുവങ്ങൾ: ഹോഴ്‌സ്ഷൂ തിയറി നൽകുന്ന പാഠം

യാഥാസ്ഥിതികത്വവും (Conservatism) ഇസ്ലാം മൗലികവാദവും ഇടതുപക്ഷ ആശയങ്ങളോട് ചേർത്തുപിടിക്കപ്പെടുമ്പോൾ, അവ പ്രയോഗതലത്തിൽ സൃഷ്ടിക്കുന്ന സമാനതകൾ സൂക്ഷ്മമായി തിരിച്ചറിയേണ്ടതുണ്ട്. ഇവ രണ്ടും ഒരേ സ്വഭാവമുള്ളതാണെന്ന് തിരിച്ചറിയാതെ, ഒന്നിനെ മാത്രം പ്രതിരോധിക്കുകയും മറ്റേതിനെ അവഗണിക്കുകയും ചെയ്യുന്നത് ഫലത്തിൽ രണ്ടാമത്തേതിന് ശ്രദ്ധിക്കപ്പെടാതെ വളരാൻ തണലൊരുക്കുകയാവും ചെയ്യുക.

ഇടതായാലും വലതായാലും രാഷ്ട്രീയ ചിന്തകൾ തീവ്രസ്വഭാവം കൈവരിച്ചാൽ എത്തിച്ചേരുന്നത് സമാനതകളേറെയുള്ള ദുരവസ്ഥയിലായിരിക്കുമെന്ന് ‘ഹോഴ്‌സ്ഷൂ തിയറി’ നമ്മെ ഓർമ്മിപ്പിക്കുന്നു. ജനാധിപത്യ സംവിധാനത്തിനുള്ളിൽ തന്നെ ഇത്തരം ഏകാധിപത്യ പ്രവണതകൾ വളരാനുള്ള സാഹചര്യമുണ്ടെന്ന് നാം മനസ്സിലാക്കണം. അതുകൊണ്ടുതന്നെ, ഇത്തരം നീക്കങ്ങളെ തുടക്കത്തിലേ തിരിച്ചറിഞ്ഞ് തടയിടാൻ അവരുടെ പ്രയോഗരീതികൾ കൃത്യമായി വേർതിരിച്ചു മനസ്സിലാക്കി പ്രതിരോധിക്കുക എന്നതാണ് പ്രധാനം.

Loading