ഗോവിസർജ്യങ്ങളുടെ മഹത്വവൽക്കരണം: ചരിത്രവും ശാസ്ത്രവും – മനോജ് നൈരോബി എഴുതുന്നു


ചാണകവും ഗോമൂത്രവും ജൈവവിസർജ്യങ്ങളാണ്. അവ കാർഷികമായി ഉപകാരപ്രദമാണോ? എന്നാൽ അവ അണുരഹിതമോ പവിത്രമോ ആണോ? പ്രാചീന കാലത്തെ കാർഷിക ആവശ്യങ്ങളിൽ നിന്ന് തുടങ്ങി ഇന്നത്തെ രാഷ്ട്രീയ-മത ആചാര തലങ്ങൾ വരെയെത്തിയ പശുവിന്റെയും വിസർജ്യങ്ങളുടെയും ചരിത്രപരമായ പരിണാമവഴികളും ശാസ്ത്രീയ വശങ്ങളും.

യാഥാർത്ഥ്യങ്ങളും ചരിത്രപരമായ പരിണാമവും

ഗോക്കളും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ഭാരതീയ സംസ്കാരത്തിലും ചരിത്രത്തിലും എക്കാലത്തും സവിശേഷമായ സ്ഥാനമുള്ള വിഷയങ്ങളാണ്. ജീവശാസ്ത്രപരമായി പശുവിന്റെ വിസർജ്യങ്ങളായ ചാണകത്തിലും ഗോമൂത്രത്തിലും എന്താണ് അടങ്ങിയിരിക്കുന്നത്? പുല്ല്, തീറ്റ എന്നിവ ദഹിപ്പിച്ചശേഷം പുറത്തുവരുന്ന ചാണകത്തിൽ ഭാഗികമായി ദഹിച്ച സസ്യനാരുകൾ, ജൈവവസ്തുക്കൾ, സൂക്ഷ്മജീവികൾ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നു. അതോടൊപ്പം ധാരാളം രോഗാണുക്കളും ഉണ്ടാകാം. ഗോമൂത്രത്തിൽ ജലം, യൂറിയ, ലവണങ്ങൾ, മറ്റു ഉപാപചയ മാലിന്യങ്ങൾ എന്നിവയാണുള്ളത്.

ചുരുക്കത്തിൽ, ചാണകവും ഗോമൂത്രവും ജൈവവിസർജ്യങ്ങളാണ്. അവ കാർഷികമായി ഉപകാരപ്രദമാണോ? ചില സാഹചര്യങ്ങളിൽ, തീർച്ചയായും. എന്നാൽ അവ അണുരഹിതമോ പവിത്രമോ ആണോ? അല്ല, അത് സംസ്കാരവും ആചാരങ്ങളും കൂടിക്കലർന്ന് മഹത്വവൽക്കരിക്കപ്പെട്ട വിസർജ്യം മാത്രമാണ്. പ്രാചീന കാലത്തെ കാർഷിക ആവശ്യങ്ങളിൽ നിന്ന് തുടങ്ങി ഇന്നത്തെ രാഷ്ട്രീയ-മത ആചാര തലങ്ങൾ വരെയെത്തിയ പശുവിന്റെയും വിസർജ്യങ്ങളുടെയും ചരിത്രപരമായ പരിണാമവഴികളും ശാസ്ത്രീയ വശങ്ങളും ഒന്ന് നോക്കാം.

ഹാരപ്പൻ കാലഘട്ടവും പ്രായോഗിക ആസ്തിയും ‘സീറോ-വേസ്റ്റ്’ ഉപയോഗവും: (BCE 3500–1900)

സിന്ധു നദീതട സംസ്കാര കാലത്ത് കന്നുകാലികൾക്ക്, പ്രത്യേകിച്ച് സീബു (Zebu) കാളകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഹാരപ്പൻ മുദ്രകളിലും കൊത്തുപണികളിലും ഇവ വ്യാപകമായി കാണപ്പെടുന്നുണ്ട്. എന്നാൽ അക്കാലത്ത് കന്നുകാലികൾ കൃഷിക്കും ഭാരം ചുമക്കാനുമുള്ള സാമ്പത്തിക-കാർഷിക ആസ്തികൾ മാത്രമായിരുന്നു. ഗോമൂത്രമോ ചാണകമോ ദിവ്യമാണെന്നോ രോഗം മാറ്റുമെന്നോ ഉള്ള യാതൊരുവിധ ഹാരപ്പൻ തെളിവുകളും നാളിതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, ഹാരപ്പൻ ജനത കന്നുകാലികളെ ഒരു ‘സീറോ-വേസ്റ്റ്’ ഭൗതിക വിഭവമായി കണ്ടിരുന്നു. പാലും മാംസവും പ്രധാന ഭക്ഷണസ്രോതസ്സായും തോലും അസ്ഥികളും പല രീതിയിലും ഉപയോഗിച്ചിരുന്നു.

അസ്ഥികൊണ്ടുള്ള ഉളികളും (bone awls) ചുരണ്ടികളും (scrapers) ഹാരപ്പൻ ഖനനങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ‘ശൃംഗ’ അഥവാ ‘വിഷാന’ എന്ന് വിളിക്കപ്പെട്ടിരുന്ന കൊമ്പുകളും അസ്ഥികളും കരകൗശല വസ്തുക്കൾക്കും ആയുധങ്ങളുടെ പിടികൾ, സൂചികൾ, വാദ്യോപകരണങ്ങൾ എന്നിവയ്ക്കും ഉപയോഗിച്ചു. ചാണകം ഇന്ധനമായും തറകളും ഭിത്തികളും മേൽക്കൂരയും മെഴുകാനും ഉപയോഗിച്ചിരുന്നു. ചാണകവും ഗോമൂത്രവും ജൈവവളമായി മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനായി ജൈവവളമായും കമ്പോസ്റ്റായും ഉപയോഗിച്ചിരുന്നുവെന്ന് പുരാവസ്തു-ഐസോടോപ്പ് പഠനങ്ങൾ സ്ഥിരീകരിക്കുന്നു. അതുപോലെ തുകൽ എളുപ്പത്തിൽ ജീർണ്ണിച്ചുപോകുന്നതിനാൽ ഇതിന് പ്രത്യക്ഷമായ തെളിവുകളുടെ അഭാവമുണ്ടെങ്കിലും, അവയുടെ ഉപയോഗവും യുക്തിസഹമായി അനുമാനിക്കാം.

വേദകാലഘട്ടം: സമ്പത്തും യാഗപാരമ്പര്യവും (BCE 1500–500)

വേദകാലഘട്ടത്തിന്റെ ആരംഭത്തിൽ കന്നുകാലികൾ പ്രധാനപ്പെട്ട സ്വത്തായിരുന്നു. പാൽ, നെയ്യ് എന്നിവ ആഹാരത്തിലും യാഗങ്ങളിലും ഉപയോഗിച്ചു. അക്കാലത്ത് മൃഗങ്ങളെ യാഗങ്ങൾക്കായി ബലി നൽകുന്ന പതിവും ഗോമാംസം ഭക്ഷിക്കുന്ന രീതികളും നിലവിലുണ്ടായിരുന്നു. സമ്പത്തിന്റെ അളവുകോലായി കന്നുകാലികളെ കണക്കാക്കിയിരുന്ന ഈ കാലഘട്ടത്തിൽ അവയ്ക്ക് ആരാധനാപരമായ പവിത്രതയേക്കാൾ സാമ്പത്തിക പ്രാധാന്യമായിരുന്നു ഉണ്ടായിരുന്നത്. ഋഗ്വേദം, അഥർവ്വവേദം തുടങ്ങിയ ഗ്രന്ഥങ്ങളിൽ കന്നുകാലികളുടെ തുകൽ ഉപയോഗിച്ച് നിർമ്മിച്ച യുദ്ധക്കവചങ്ങൾ, ഷീൽഡുകൾ, വില്ലിന്റെ ഉറകൾ, ചെരുപ്പുകൾ, വെള്ളം സൂക്ഷിക്കാനുള്ള സഞ്ചികൾ (ധൃതി), രഥങ്ങളുടെ ഭാഗങ്ങൾ എന്നിവയെക്കുറിച്ച് പരാമർശമുണ്ട്. കൊമ്പുകൾ വാദ്യോപകരണങ്ങളായും കൊമ്പ് വിളികളായും അക്കാലത്ത് ഉപയോഗിച്ചിരുന്നു. ചാണകോപയോഗം ഏറെക്കുറെ ഹാരപ്പൻ രീതി തന്നെ ആയിരുന്നു.

ബുദ്ധ-ജൈന പാരമ്പര്യങ്ങളും അഹിംസയുടെ വളർച്ചയും (BCE 600–300)

BCE ആറാം നൂറ്റാണ്ടിൽ ആവിർഭവിച്ച ബുദ്ധ-ജൈന പ്രസ്ഥാനങ്ങൾ അഹിംസ കേന്ദ്രതത്വമാക്കിയതോടെ, വേദകാലത്തെ വലിയതോതിലുള്ള മൃഗബലികൾക്കും യാഗങ്ങൾക്കുമെതിരെ ശക്തമായ ധാർമ്മിക മുന്നേറ്റമുണ്ടായി. രണ്ടാം നഗരവൽക്കരണ കാലഘട്ടത്തിൽ (Second Urbanization) ഇരുമ്പ് കലപ്പകൾ ഉപയോഗിച്ചുള്ള കാർഷികവൃത്തി വ്യാപകമായപ്പോൾ, കന്നുകാലികളുടെ സംരക്ഷണം കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമായി മാറി. ബുദ്ധമത ഗ്രന്ഥമായ ‘സുത്തനിപാത’യിൽ പശുക്കളെ അന്നവും ബലവും നൽകുന്ന ഉറ്റമിത്രങ്ങളായി വിശേഷിപ്പിച്ചപ്പോൾ, ജൈനമതം അഹിംസയെ എല്ലാ ജീവജാലങ്ങളിലേക്കും വ്യാപിപ്പിച്ച് പരമധർമ്മമായി പ്രതിഷ്ഠിച്ചു.

പിൽക്കാലത്ത് മൗര്യ ചക്രവർത്തിയായ അശോകൻ തന്റെ ശിലാശാസനങ്ങളിലൂടെ മൃഗബലി നിരോധിക്കുകയും മൃഗങ്ങൾക്കായി ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തതതു. ഈ മാറ്റങ്ങൾ വൈദിക സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ചു. ഇത് യാഗങ്ങളിലെ മൃഗബലികൾ വലിയതോതിൽ കുറയുന്നതിനും, കന്നുകാലി സംരക്ഷണം ഭാരതീയ ചിന്തയിൽ ഒരു പ്രമുഖ ധാർമ്മിക-സാംസ്കാരിക മൂല്യമായി സ്ഥാനം പിടിക്കുന്നതിനും വഴിതെളിച്ചു.

മനുസ്മൃതിയും ധർമ്മശാസ്ത്രങ്ങളും ആചാരശുദ്ധിയും (BCE 200 – CE 200)

പശുവിനെ നേരിട്ട് ദൈവമായി പ്രഖ്യാപിക്കുന്നില്ലെങ്കിലും, മനുസ്മൃതി ഉൾപ്പെടെയുള്ള ധർമ്മശാസ്ത്രങ്ങൾ പശുവിന് ആചാരപരവും നിയമപരവുമായ ദിവ്യത്വം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. ഗോവധത്തെ മനുസ്മൃതി (11.60) ‘ഉപപാതകം’ (ശിക്ഷാർഹമായ പാപം) ആയി പ്രഖ്യാപിക്കുകയും, അതിന് കഠിനമായ പ്രായശ്ചിത്തങ്ങൾ (11.109-116) വ്യവസ്ഥ ചെയ്യുകയും ചെയ്തു. കുറ്റവാളി ഒരു മാസം പശുവിനെ അനുഗമിക്കണമെന്നും, ഗോശാലയിൽ ഉറങ്ങണമെന്നും, പശുവിനെ സംരക്ഷിക്കണമെന്നും ഇതിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ശരീരത്തിന്റെയും മനസ്സിന്റെയും ആചാരപരമായ ശുദ്ധീകരണത്തിന് പഞ്ചഗവ്യം (പാൽ, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം) അത്യന്താപേക്ഷിതമാക്കി. ഇത്തരം കർശനമായ ധാർമ്മിക-നിയമ വ്യവസ്ഥകളിലൂടെ പശു സംരക്ഷണത്തെ മതപരമായ കടമയാക്കി മാറ്റിയ മനുസ്മൃതി, ഭാരതത്തിൽ പശു പൂജനീയ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതിന് പ്രമാണികമായ അടിത്തറ പാകി.

പുരാണങ്ങളും വേദാന്ത ദർശനങ്ങളും: (CE 800–1400)

ഭാഗവതം, പദ്മപുരാണം, സ്കന്ദപുരാണം തുടങ്ങിയ വിഷ്ണുക്ഷേത്ര കേന്ദ്രീകൃത പുരാണങ്ങളിലൂടെ പശു, ശ്രീകൃഷ്ണ സങ്കൽപ്പങ്ങളുമായി (ഗോപാലൻ) അഭേദ്യമായി ബന്ധിക്കപ്പെട്ടു. സമുദ്രമഥനത്തിലെ കാമധേനു സങ്കൽപ്പവും, പശുവിന്റെ ശരീരത്തിൽ 33 കോടി ദേവതകൾ അധിവസിക്കുന്നുവെന്ന ‘ഗോമാതാ’ സങ്കൽപ്പവും ജനകീയമായത് ഈ കാലഘട്ടത്തിലാണ്. ശങ്കരാചാര്യരുടെ അദ്വൈത ദർശനം സർവ്വജീവജാലങ്ങളിലുമുള്ള ഏക ബ്രഹ്മചൈതന്യത്തെ ഉയർത്തിക്കാട്ടിയപ്പോൾ, രാമാനുജാചാര്യരുടെയും മാധവാചാര്യരുടെയും വിശിഷ്ടാദ്വൈത ദ്വൈത ദർശനങ്ങൾ ഭക്തിപ്രസ്ഥാനങ്ങളിലൂടെ ഗോസേവയെ സാക്ഷാൽ ഈശ്വരസേവയായി സ്ഥാപിച്ചു. ക്ഷേത്ര സംസ്കാരത്തിലും ധർമ്മശാസ്ത്ര വ്യാഖ്യാനങ്ങളിലും ഗോദാനവും ഗോസംരക്ഷണവും പാപമുക്തി നൽകുന്ന പരമോന്നത പുണ്യമായി മാറിയതോടെ, കേവലം ഒരു കാർഷിക മൃഗമെന്നതിലുപരി പശു ആത്മീയ വിശുദ്ധിയുടെയും സാംസ്കാരിക ഐഡന്റിറ്റിയുടെയും പരമോന്നത പ്രതീകമായി മാറി.

മധ്യകാലഘട്ടം: (CE 600–1600)

മധ്യകാലഘട്ടത്തിൽ ക്ഷേത്രകേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയുടെയും ഭക്തിപ്രസ്ഥാനങ്ങളുടെയും വളർച്ചയോടെ ഗോസംരക്ഷണം സാമൂഹിക ഘടനയുടെ പ്രധാന അടിത്തറയായി മാറി. ‘ബ്രഹ്മദേയം’, ‘ദേവദാനം’ തുടങ്ങിയ ഭൂദാനങ്ങളോടൊപ്പം ‘ഗോദാനം’ പരമോന്നത പുണ്യമായി കരുതപ്പെടുകയും, ക്ഷേത്ര അനുഷ്ഠാനങ്ങൾക്കായി പാൽ, നെയ്യ് എന്നിവയുടെ വൻതോതിലുള്ള ആവശ്യകത ഉയർന്നുവരികയും ചെയ്തു. ജാതി-ആചാര ശുദ്ധി വ്യവസ്ഥകൾ ശക്തമായ ഈ കാലഘട്ടത്തിൽ, സന്യാസിമാരും സ്മൃതി വ്യാഖ്യാതാക്കളും പശുവിനെ ആത്മീയ ദാതാവായും പവിത്രമായ മാതാവായും പ്രതിഷ്ഠിച്ചു. അതോടൊപ്പം, ഗ്രാമീണ കർഷകസമ്പദ്‌വ്യവസ്ഥയിൽ പശുക്കൾ അവിഭാജ്യ ഘടകമായിത്തീർന്നു. ചുരുക്കത്തിൽ, ആത്മീയ പവിത്രതയും കാർഷിക പ്രായോഗികതയും സംയോജിപ്പിച്ച് പശു സംരക്ഷണത്തെ ധാർമ്മികതയുടെയും സാമൂഹിക പദവിയുടെയും അളവുകോലാക്കി മാറ്റിയ കാലഘട്ടമായിരുന്നു ഇത്.

ആധുനിക കാലം: (CE 1850 മുതൽ)

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർ എൻഫീൽഡ് തോക്കുകളിലെ തോട്ടകളിൽ പശുക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാർത്ത പ്രചരിച്ചതോടെ, പശു സംരക്ഷണം ബ്രിട്ടീഷ് വിരുദ്ധ വികാരത്തെ പ്രജ്വലിപ്പിക്കുന്ന വലിയൊരു രാഷ്ട്രീയ-മത പ്രതിരോധ ആയുധമായി മാറി. തുടർന്ന്, 1882-ൽ ദയാനന്ദ സരസ്വതി ‘ഗൗരക്ഷിണി സഭ’ സ്ഥാപിച്ചതോടെയാണ് ആര്യസമാജത്തിലൂടെ ഇതിന് ഒരു സംഘടിത രൂപം ലഭിച്ചത്.

ഇരുപതാം നൂറ്റാണ്ടിൽ ബാലഗംഗാധര തിലക്, മദൻ മോഹൻ മാളവ്യ, മഹാത്മാ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ പശു സംരക്ഷണത്തെ ഭാരതീയ സാംസ്കാരിക ഐഡന്റിറ്റിയുടെയും കോളനിവിരുദ്ധ പോരാട്ടത്തിന്റെയും കേന്ദ്രബിന്ദുവായി ഉയർത്തിക്കാട്ടി. സർദാർ വല്ലഭായി പട്ടേൽ കാർഷിക-ദേശീയതാ കാഴ്ചപ്പാടിൽ ഇതിനെ പിന്തുണച്ചു. അതേസമയം, പട്ടിണി കിടക്കുന്ന മനുഷ്യരെ കാണാതെ പശുക്കൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ആചാരപരമായ ഗോരക്ഷാ പ്രസ്ഥാനങ്ങളെ സ്വാമി വിവേകാനന്ദൻ നിശിതമായി വിമർശിക്കുകയും ചെയ്തു. പിൽക്കാലത്ത് ഈ സാംസ്കാരിക ചിഹ്നം ഇന്ത്യൻ രാഷ്ട്രീയത്തിലൂം ഹിന്ദു മതത്തിലും വലിയതോതിൽ ഉപയോഗിക്കപ്പെട്ടു.

കാർഷിക-ജീവശാസ്ത്ര ‘സീറോ-വേസ്റ്റ്’ യാഥാർത്ഥ്യങ്ങൾ

മനുഷ്യന്റെ ജീവൻ നിലനിർത്താൻ പാലുൽപ്പന്നങ്ങൾ ജീവശാസ്ത്രപരമായി നിർബന്ധമല്ലെങ്കിലും അവ നമ്മുടെ ആഹാരശൃംഖലയുടെ അവിഭാജ്യഘടകമാണ്. പാലിനൊപ്പം കന്നുകാലി മാംസക്കയറ്റുമതിയിലും (പ്രത്യേകിച്ച് കാരാബീഫ്) ലോകത്ത് മുൻനിരയിലാണ് ഇന്ത്യ. പ്രാചീനകാലം തൊട്ടേ കൊഴുപ്പേറിയ പാലിനും കാർഷിക ആവശ്യങ്ങൾക്കും എരുമകൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ തൂണായിരുന്നെങ്കിലും, പശുവിനെപ്പോലെ അവയെ ദൈവികമായി ചിത്രീകരിച്ചിരുന്നില്ല.

കന്നുകാലികളുടെ ഓരോ ഭൗതിക വിഭവവും സമഗ്രമായി ഉപയോഗിക്കപ്പെടുന്ന ഒരു ‘സീറോ-വേസ്റ്റ്’ (Zero-waste) മാതൃകയാണ് ഇതിന്റെ പ്രായോഗിക വശം. വീടുകൾ മെഴുകാൻ ചാണകം ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇന്ന് സിമന്റ് വന്നെങ്കിലും, ചാണകം മികച്ചൊരു ജൈവവളമായി ഇപ്പോഴും പ്രയോജനപ്പെടുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഉയർന്ന വിളവ് നൽകുന്ന രാസവളങ്ങൾ ഹരിതവിപ്ലവത്തിന് വഴിതെളിച്ചു. ഇതോടൊപ്പം കന്നുകാലികളുടെ കൊമ്പുകൾ കരകൗശല വസ്തുക്കൾ, ബട്ടണുകൾ, ‘ഹോൺ മീൽ’ ജൈവവളം, കോസ്മെറ്റിക്-ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ കെരാറ്റിൻ/പ്രോട്ടീൻ എന്നിവ നിർമ്മിക്കാൻ പ്രയോജനപ്പെടുത്തുന്നു. തുകൽ കയറ്റുമതി മേഖലയും (Leather exports) ഇന്ത്യൻ സാമ്പത്തിക ഘടനയുടെ മറ്റൊരു പ്രധാന തൂണാണ്.

പഞ്ചഗവ്യവും ഗോമൂത്രവും ആചാരപരമായി പുണ്യമായി കരുതുന്നതിൽ മാറ്റമൊന്നുമില്ലെങ്കിലും, സാംസ്കാരിക-ദൈവിക സങ്കൽപ്പങ്ങൾക്കപ്പുറം കന്നുകാലി ഉൽപ്പന്നങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലും വൻ വിദേശനാണ്യവും നൽകുന്ന വലിയൊരു വ്യവസായ മേഖലയായി തുടരുന്നു എന്നതാണ് യഥാർത്ഥ വസ്തുത.

ശാസ്ത്രവും ആധുനിക കപടശാസ്ത്ര അബദ്ധങ്ങളും

ആധുനിക കാലത്ത് ഗോവിസർജ്യങ്ങളെ മഹത്വവൽക്കരിക്കാൻ ശാസ്ത്രീയ പദപ്രയോഗങ്ങൾ തെറ്റായി ഉപയോഗിച്ചുകൊണ്ട് നിരവധി വ്യാജ അവകാശവാദങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ഗോമൂത്രത്തിൽ സ്വർണ്ണത്തിന്റെ അംശമുണ്ടെന്ന (തങ്കഭസ്മം) വാദം ശാസ്ത്രീയമല്ല. മൃഗങ്ങളുടെ ഉപാപചയ പ്രക്രിയയിലൂടെ ശരീരത്തിനുള്ളിൽ സ്വർണ്ണം ഉത്പാദിപ്പിക്കപ്പെടാൻ കഴിയില്ലെന്നും, തീറ്റയിലൂടെയോ മണ്ണിലൂടെയോ ലഭിക്കുന്ന നിസ്സാരമായ ‘ട്രേസ് എലമെന്റുകളെ’യാണ് സ്വാമിമാർ തങ്കഭസ്മമായി വിപണനം ചെയ്യുന്നതെന്നും വ്യക്തമാണ്.

അതുപോലെ, പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ തന്നെ പുറത്തുവിടുന്നു എന്ന പ്രചാരണവും തെറ്റാണ്. മറ്റ് എല്ലാ സസ്തനികളെയും പോലെ പശുവും ഓക്സിജൻ സ്വീകരിച്ച് കാർബൺ ഡയോക്സൈഡ് തന്നെയാണ് പുറത്തുവിടുന്നത്. അതിൽ ഓക്സിജനും മറ്റു ഗ്യാസുകളും ഉണ്ടാവും. കൂടാതെ, ചാണകത്തിന് റേഡിയോ ആക്റ്റീവ് വികിരണങ്ങളെയോ മൊബൈൽ ടവർ റേഡിയേഷനെയോ തടയാൻ കഴിയുമെന്ന വാദത്തിനും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ചാണകം അണുരഹിതമാണെന്നും ഗോമൂത്രം ക്യാൻസർ, പ്രമേഹം, കോവിഡ് തുടങ്ങിയ രോഗങ്ങൾ മാറ്റുമെന്നുമുള്ള അവകാശവാദങ്ങൾ തികച്ചും അപകടകരമാണ്. ലാബുകളിൽ കാണിക്കുന്ന ചില പ്രാഥമിക ബാക്ടീരിയ വിരുദ്ധ ഫലങ്ങൾ മനുഷ്യരിലെ ചികിത്സയ്ക്ക് പകരമാവില്ലെന്ന് മാത്രമല്ല, സംസ്കരിക്കാത്ത ഗോമൂത്രവും ചാണകവും നേരിട്ട് ഉപയോഗിക്കുന്നത് ഇ. കോളൈ (E. coli), ബ്രൂസെല്ല (Brucella) തുടങ്ങിയ മാരക ബാക്ടീരിയൽ അണുബാധകൾക്ക് കാരണമാവുകയും ചെയ്യും.

ഉപസംഹാരം

പശു ഭാരതീയ കൃഷിയുടെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും അവിഭാജ്യവും വിലമതിക്കാനാവാത്തതുമായ ഭാഗമായിരുന്നു. എന്നാൽ പ്രായോഗികമായ ഈ ഉപകാരങ്ങളെ അന്ധമായ മിഥ്യകളാക്കി മാറ്റാതെ, ചരിത്രപരമായ യാഥാർത്ഥ്യങ്ങളെ വസ്തുതാപരമായി മനസ്സിലാക്കുകയാണ് വേണ്ടത്. പരമ്പരാഗത വിശ്വാസങ്ങളെ ശാസ്ത്രീയ അടിത്തറയില്ലാത്ത അതിമാനുഷിക ഔഷധങ്ങളായി അവതരിപ്പിക്കുന്ന ആധുനിക പ്രവണത തികച്ചും ആശങ്കജനകമാണ്.

ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഉപഭോഗം രോഗശാന്തി നൽകുമെന്ന വാദങ്ങൾക്ക് പ്രമുഖ അന്താരാഷ്ട്ര വൈദ്യശാസ്ത്ര ജേണലുകളുടെയോ ക്ലിനിക്കൽ പരീക്ഷണങ്ങളുടെയോ യാതൊരു ശാസ്ത്രീയ പിൻബലവുമില്ല. ഇതിഹാസങ്ങളിലെ ചരിത്രപരമായ യാഥാർത്ഥ്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് അവയിൽ ശാസ്ത്രീയത കണ്ടെത്താൻ ശ്രമിക്കുന്നവരോട് ഒന്നുമാത്രം ചോദിക്കാനുണ്ട്. ഏത് ജീവിയുടേതായാലും വിസർജ്യം എന്നത് ആ ശരീരത്തിന് ആവശ്യമില്ലാത്ത ജൈവമാലിന്യം മാത്രമാണ്. അതിൽ അത്ഭുതങ്ങളും ദിവ്യത്വവും തിരഞ്ഞുപോകുന്നത് നിരർത്ഥകമാണ്. പുരാതന കാലത്തെ പ്രായോഗിക ആവശ്യങ്ങളെ അന്ധമായി മഹത്വവൽക്കരിച്ച് നമ്മെത്തന്നെ ശിലായുഗത്തിലേക്ക് പിടിച്ചുകെട്ടണോ, അതോ യുക്തിയുടെയും തെളിവുകളുടെയും വെളിച്ചത്തിൽ മുന്നേറണോ!

Loading