“നമ്മളെപ്പോലെയാണ് മറ്റുള്ളവരും ചിന്തിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുന്നതാണ് നമ്മൾ ചെയ്യുന്ന തെറ്റ് എന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. സദ്ദാം ഹുസൈനെ പുറത്താക്കാനുള്ള യുദ്ധം കഴിഞ്ഞ് ഇരുപത്തിരണ്ട് വർഷമായിട്ടും, ഇറാഖ് ഇപ്പോഴും ഒരു ദുർബലമായ ജനാധിപത്യ രാജ്യമായി തുടരുന്നു.”
“In a revolution, as in a novel, the most difficult part to invent is the end.” – Alexis de Tocqueville
പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇന്നലെ ഞാൻ വീണ്ടും ‘ലോറൻസ് ഓഫ് അറേബ്യ’ കണ്ടു. ടി. ഇ. ലോറൻസിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഡേവിഡ് ലീൻ സംവിധാനം ചെയ്‌ത സിനിമയാണ് ഇത്. ഒന്നാം ലോകമഹായുദ്ധകാലത്ത് വിഘടിച്ചു നിൽക്കുന്ന വിവിധ അറബ് ഗോത്രങ്ങളെ ഒരുമിപ്പിച്ചു ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ പടപൊരുതാൻ ആണ് ലോറൻസ് അറേബ്യയിൽ എത്തുന്നത്. ലോറൻസ് ഒരു വഴികാട്ടിയോടൊപ്പം പ്രിൻസ് ഫൈസലിനെ കാണാൻ പോകുന്നു. യാത്രാമധ്യേ അവർ ഒരു കിണറ്റിനരികിൽ എത്തുന്നു. അവിടെ കിണറ്റിൽനിന്ന് വെള്ളം കുടിക്കുന്നതിനിടെ, ഷെരീഫ് അലി വഴികാട്ടിയെ വെടിവെച്ച് കൊല്ലുന്നു. ആ കിണർ തൻ്റെ കുടുംബത്തിൻ്റേതാണെന്ന് ഷെരീഫ് അലി പറയുന്നു. താനും ആ കിണറ്റിൽ നിന്ന് വെള്ളം കുടിച്ചെന്ന് ലോറൻസ് പറയുമ്പോൾ ഷെരീഫ് അലി ലോറൻസിന്റെ പ്രവർത്തി സ്വാഗതം ചെയ്യുന്നു. എന്നാൽ വഴികാട്ടിക്ക് എൻ്റെ കിണറുകളിൽ നിന്ന് വെള്ളം കുടിക്കാൻ അനുവാദമില്ല. അത് വിലക്കപ്പെട്ടതാണെന്ന് അവന് അറിയാമായിരുന്നു എന്നും ഷെരീഫ് അലി പറയുന്നു. ഈ സീൻ കണ്ടപ്പോൾ ഞാൻ താരീഖിനെ ഓർത്തു.
2008-ൽ ഞാൻ ഇറാഖി ആയ ഒരു പരിചയക്കാരൻ താരീഖുമായി സദ്ദാം ഇല്ലാത്ത ഇറാക്കിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ഏകാധിപത്യത്തേക്കാൾ വളരെ ഭേദമാണ് ജനാധിപത്യം അത് കൊണ്ട് സദ്ദാം ഹുസൈൻ ഇല്ലാത്ത ഇറാക്ക് നല്ലതായിരിക്കും എന്നായിരുന്നു എന്റെ ചിന്ത. താരീഖ് പറഞ്ഞത് ഇങ്ങനെയാണ്: “അമേരിക്കയിൽ ജനാധിപത്യം നല്ല രീതിയിൽ നടക്കുന്നു, ജനങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്, ചോദിക്കാനും പറയാനും ആളുകൾ ഉണ്ട്, പരാതിപ്പെടാൻ സംവിധാനമുണ്ട്, പ്രസിഡന്റിനെ ഇലക്ഷനിലൂടെ പുറത്താക്കാൻ പറ്റും. അത് കൊണ്ട് ആ രീതി അമേരിക്ക ലോകമെമ്പാടും നടപ്പിലാക്കാൻ ശ്രമിക്കുന്ന മണ്ടത്തരം ആണ് അവർ ചെയ്യുന്നത്. അമേരിക്കയുടെ വിചാരം എല്ലാവരും അവരെപ്പോലെയാണ് ചിന്തിക്കുന്നത് എന്നാണ്, അവർക്ക് അറബികളെയോ ഞങ്ങളുടെ സംസ്‌കാരത്തെയോ മനസ്സിലായിട്ടില്ല. സദ്ദാമിനെപ്പോലെ ഒരു ക്രൂരനായ ഭരണാധികാരിക്ക് മാത്രമേ ഞങ്ങൾ തമ്മിലടിക്കാതെ അടക്കി നിർത്തി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ.”
നമ്മളെപ്പോലെയാണ് മറ്റുള്ളവരും ചിന്തിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുന്നതാണ് നമ്മൾ ചെയ്യുന്ന തെറ്റ് എന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. സദ്ദാം ഹുസൈനെ പുറത്താക്കാനുള്ള യുദ്ധം കഴിഞ്ഞ് ഇരുപത്തിരണ്ട് വർഷമായിട്ടും, ഇറാഖ് ഇപ്പോഴും ഒരു ദുർബലമായ ജനാധിപത്യ രാജ്യമായി തുടരുന്നു.
Overton Window
അമേരിക്കൻ നയതന്ത്ര വിദഗ്ധനായ ജോസഫ് ഓവർട്ടൻ്റെ പേരിലാണ് ഈ ആശയം അറിയപ്പെടുന്നത്. ഒരു പ്രത്യേക സമയത്ത്, സമൂഹത്തിലോ രാഷ്ട്രീയത്തിലോ ചർച്ച ചെയ്യാനോ പിന്തുണയ്ക്കാനോ കഴിയുന്നതും സാമൂഹികമായി അംഗീകാരമുള്ളതുമായ ആശയങ്ങളുടെയും നയങ്ങളുടെയും പരിധിയെയാണ് ഓവർട്ടൺ വിൻഡോ എന്ന് വിശേഷിപ്പിക്കുന്നത്. ഈ “വിൻഡോ” കാലക്രമേണ മാറാം — ഒരു കാലത്ത് തീവ്രമായിരുന്ന ആശയങ്ങൾ പിന്നീട് മുഖ്യധാരയാകാം, അതുപോലെ മുഖ്യധാരയിലുണ്ടായിരുന്ന കാര്യങ്ങൾ അസ്വീകാര്യമായി മാറുകയും ചെയ്യാം.
Unthinkable → Radical → Acceptable → Sensible → Popular → Policy
ഓവർട്ടൺ വിൻഡോ മാറുന്നതിൻ്റെ ചില ഉദാഹരണങ്ങൾ ഇവയാണ്:
- സ്വവർഗ്ഗ വിവാഹത്തിൻ്റെ കാര്യത്തിൽ ഓവർട്ടൺ വിൻഡോ മാറിയതിങ്ങനെയാണ്:
1980-കളിൽ: ഭൂരിഭാഗം സമൂഹങ്ങളിലും ഇത് ചിന്തിക്കാൻ പോലും കഴിയാത്തതോ വിപ്ലവകരമായതോ ആയ ഒരു ആശയമായിരുന്നു.
1990-2000 കാലഘട്ടം: ഇത് അംഗീകരിക്കാൻ സാധ്യതയുള്ളതും ചർച്ചാവിഷയവുമായി ആയി മാറുന്നു.
2010-2020 കാലഘട്ടം: ലോകത്തിൻ്റെ പല ഭാഗങ്ങളിലും സ്വവർഗ്ഗ വിവാഹം മുഖ്യധാരയാവുകയും നിയമപരമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.
ഇവിടെ, LGBTQ+ അവകാശങ്ങളോടുള്ള അംഗീകാരം വർധിക്കുന്നതിലേക്ക് ഓവർട്ടൺ വിൻഡോ മാറുന്നു.
ശീതയുദ്ധത്തിനു ശേഷം 1990-കളിൽ, പോപ്പുലിസം, ദേശീയത എന്നിവയൊക്കെ ഒരു അപകടകരമായ പിന്നോക്ക ചിന്തയായി ആണ് വീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, 2010-2020 കാലഘട്ടമായപ്പോഴേക്കും ബ്രെക്സിറ്റ് (Brexit), ട്രംപ്, മറ്റ് വലത്പക്ഷ പ്രസ്ഥാനങ്ങൾ എന്നിവ ദേശീയതാ വാദത്തെ പല രാജ്യങ്ങളിലും അംഗീകരിക്കാവുന്നതും പ്രചാരമുള്ളതും ആക്കി മാറ്റി. ഇവിടെ, കുടിയേറ്റം, പരമാധികാരം എന്നീ വിഷയങ്ങളിൽ ഓവർട്ടൺ വിൻഡോ വലതുപക്ഷത്തേക്ക് മാറി.
- ഇനി നിലവിലെ ലിംഗസ്വത്വം (Gender Identity) സംബന്ധിച്ച ചർച്ചകൾ എടുത്താൽ കാണുന്നത് ഇങ്ങനെയാണ്:
2000-കളിൽ, ആൺ-പെൺ ബൈനറി ലിംഗ വ്യവസ്ഥയ്ക്ക് പുറത്തുള്ള ലിംഗസ്വത്വത്തെക്കുറിച്ചും ട്രാൻസ് അവകാശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ വളരെ കുറവോ അപ്രധാനമോ ആയിരുന്നു.
2010-2020 കാലയളവോടെ ഇത് ഒരു പ്രധാന സാംസ്കാരിക-നയ വിഷയമായി മാറുകയും പല സ്ഥാപനങ്ങളിലും അംഗീകരിക്കപ്പെടുകയും ചെയ്തു.
ഇപ്പോഴത്തെ അവസ്ഥയിൽ, ഓവർട്ടൺ വിൻഡോ ഒരു വടംവലിയിലാണ്. ചില സമൂഹങ്ങൾ അംഗീകാരത്തിലേക്ക് നീങ്ങുമ്പോൾ, മറ്റു ചിലർ അതിനെ പിന്നോട്ട് വലിക്കുന്നു. ഇത് ഏതു പക്ഷത്തേക്ക് നീങ്ങും എന്നാൽ കാലം തെളിയിക്കും.
മുകളിൽ പറഞ്ഞ താരീഖിന്റെ ഉദാഹരണത്തിൽ ഇറാക്കിൽ ഉണ്ടായ അരാജകത്വത്തിന് കാരണം, ഏകാധിപത്യം മാത്രം കണ്ടുശീലിച്ച, വളരെക്കാലമായി ജനാധിപത്യ നടപടിക്രമങ്ങൾ അനുഭവിച്ചിട്ടില്ലാത്ത ഒരു ജനതയിലേക്ക് ജനാധിപത്യം പെട്ടെന്ന് നടപ്പിലാക്കിയതാണ്.
ക്വാജാർ വംശം ആയിരുന്നു ഇറാൻ ഭരിച്ചിരുന്നത്. ജനങ്ങൾ ഭൂരിപക്ഷവും യാഥാസ്ഥിതികർ ആയിരുന്നു. പിന്നീട് പഹ്ലവി വംശം അധികാരത്തിലെത്തുകയും 1941 മുതൽ ഷാ മുഹമ്മദ് റേസാ പഹലവി ഭരിച്ചെങ്കിലും 1951-ൽ മുഹമ്മദ് മൊസാഡെഗ് ജനാധിപത്യത്തിലൂടെ അധികാരത്തിൽ എത്തി. എണ്ണ ദേശസാൽക്കരിച്ചതിലൂടെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ മൊസാഡെഗ് സർക്കാരിനെ അമേരിക്ക അട്ടിമറിച്ചു റേസ പഹ്ലവിയെ അധികാരമേല്പിച്ചു. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഒരു സർക്കാരിനെ അമേരിക്ക അട്ടിമറിക്കുന്ന ആദ്യ സംഭവമായിരുന്നു ഇത്. പിന്നീട് 1970 വരെ റേസ പഹ്ലവി ഇറാൻ ഭരിക്കുകയും ചെയ്തു. SAVAK എന്ന രഹസ്യപൊലീസിനെ ഉപയോഗിച്ചു റേസ പഹ്ലവി വിയോജിപ്പുകളെ അടിച്ചമർത്തി. ഒരു ഏകാധിപതി ആയിരുന്നെങ്കിലും ഇറാൻ എന്ന രാജ്യം ആധുനികവൽക്കരിക്കപ്പെട്ടു. ആധുനിക വിദ്യാഭ്യാസം, ആധുനിക കൃഷി രീതികൾ, വിദേശ വസ്ത്രങ്ങൾ ധരിക്കാനും, ഹിജാബ് ഉപേക്ഷിക്കാനും, പുറത്തിറങ്ങി സ്ത്രീകൾക്ക് നടക്കാനുള്ള സ്വാതന്ത്ര്യം, വിവാഹത്തിലൂടെയുള്ള വർണസങ്കരം പ്രോൽത്സാഹിപ്പിക്കുന്നു തുടങ്ങിയ നടപടികൾ ആ കാലത്തു ഉണ്ടായി. എന്നാൽ വേഗത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഇത്തരം പദ്ധതികളൊന്നും ന്യൂനപക്ഷങ്ങളുടെ ഇടയിലും ഭൂരിപക്ഷ മതനേതാക്കളുടെ ഇടയിലും ഒട്ടും ജനകീയം ആകുന്നില്ല. പാശ്ചാത്യവൽക്കരണവും ആധുനികവൽക്കരണവും ഇസ്ലാമികവിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ചില യാഥാസ്ഥിതിക മതവിഭാഗങ്ങൾ മുന്നോട്ടുവരികയും മതവിഭാഗങ്ങളുടെ വികാരം ഞങ്ങളുടെയും വികാരമാണ് എന്ന് പറഞ്ഞുകൊണ്ട് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ സപ്പോർട്ട് കൊടുക്കുകയും ചെയ്തു. ഇറാനിൽ വിഘടനവാദത്തെത്തുടർന്ന് നാടുകടത്തപ്പെട്ട ആയത്തുള്ള കൊമേനി ഈ അവസരം നോക്കി മതച്ചരടിൽ കോർത്ത പ്രതിഷേധത്തിന്റെ തീ ആളിക്കത്തിച്ചു. ഇതിനൊക്കെ വേണ്ട സഹായങ്ങൾ സദ്ദാം ഹുസൈനും ഒക്കെ പുറകിൽ നിന്ന് ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ഷാ ഭരണം അവസാനിക്കുകയും, ഷാ നാടുവിട്ട് ഓടുകയും ചെയ്യുന്നു. അങ്ങനെ ഇംപീരിയൽ സ്റ്റേറ്റ് ഓഫ് ഇറാൻ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആയി മാറുന്നു. മാറ്റം ജനങ്ങളെ വിശ്വാസിത്തിലെടുത്തു ക്രമേണ സംഭവിക്കേണ്ടതിന് പകരം അപ്രതീക്ഷിതമായി സംഭവിച്ചതാണ് ഷായ്ക്ക് വിനയായത്.
മതത്തെ വാരിപ്പുണർന്ന ജനങ്ങൾക്ക് കാര്യം മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടിവന്നു. ജീവിതത്തിൻറെ സമസ്തമേഖലകളിലും മതം പിടിമുറുക്കുന്നു. വസ്ത്രം മുതൽ പ്രാണവായു വരെ മതം തീരുമാനിക്കപ്പെടുന്നു. അതും പല ഇറാനികൾക്കും അപ്രതീക്ഷിതമായ മാറ്റമായിരുന്നു. ഏറ്റവും അധികം ബുദ്ധിമുട്ടിയത് സ്ത്രീകളായിരുന്നു. രാജ്യത്ത് നിലനിന്നിരുന്ന നിയമങ്ങൾ പലതും ശരിയാ നിയമങ്ങൾക്ക് വഴിമാറി. ഇതിനെല്ലാം പിന്നിൽ ഇറാക്കാണ് എന്ന് ആരോപിച്ച് വീണ്ടും യുദ്ധങ്ങളും. അതിൻറെ പിന്നിലും മറ്റൊരു കഥയുണ്ട്. ഇറാനിൽ ഇസ്ലാമികവൽക്കരണം നടത്താൻ ആയത്തുള്ള കൊമേനിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് സദ്ദാം ഹുസൈൻ ആയിരുന്നു. അവിടെയും ഇസ്ലാമിക വിപ്ലവം നടത്തണമെന്ന് കൊമേനി പറഞ്ഞപ്പോൾ സദ്ദാമിന് സംഗതിയുടെ ഗൗരവം മനസ്സിലായി. അതാണ് പിന്നീട് യുദ്ധത്തിന് വഴിതെളിച്ചത്. ഒരു വിരോധാഭാസം എന്തെന്നാൽ വിപ്ലവത്തെ അനുകൂലിച്ച ഒരുപാട് വിപ്ലവകാരികളും അവർ വേണ്ടത്ര ഇസ്ലാമികമായി പ്രവർത്തിക്കുന്നില്ല എന്ന ആരോപണം നേരിട്ട് വധശിക്ഷക്കു വിധേയരായി.
തങ്ങളുടെ സ്വാർത്ഥലാഭത്തിന് വേണ്ടി ഭരണകൂടങ്ങളെ അമേരിക്ക അട്ടിമറിച്ചു അവിടെ ജനാധിപത്യം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അവിടെ മതം പിടിമുറുക്കുന്നതും മോചനമില്ലത്ത തരത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നതും ആണ് അഫ്ഘാനിസ്ഥാനിലും ഇറാക്കിലും ഇറാനിലും കണ്ടു വരുന്നത്. പിടിച്ചതിനെക്കാൾ വലുതാണ് അളയിൽ എന്ന് അമേരിക്ക മനസ്സിലാക്കുന്നില്ല, ചരിത്രപരമായ വിഡ്‌ഢിത്തം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
esSENSE Global പ്രയോഗിക്കാൻ ശ്രമിക്കുന്നത് piecemeal social engineering എന്ന തത്വമാണ്. അതായത്, വിപ്ലവകരമായ പരിഷ്കരണങ്ങളേക്കാൾ ക്രമാനുഗതവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ പ്രവർത്തനങ്ങളിലൂടെ സുസ്ഥിരമായ സാമൂഹിക മാറ്റം കൊണ്ടുവരിക. ശാസ്ത്രീയ മനോഭാവം (scientific temper), യുക്തിപരമായ അന്വേഷണം (rational inquiry), വിമർശനാത്മക ചിന്ത (critical thinking) എന്നിവയുടെ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ സുസ്ഥിരമായ പരിവർത്തനം (sustainable transformation) സാധ്യമാകൂ. ഈ ചെറിയ മെച്ചപ്പെടുത്തലുകൾ കൂടിച്ചേർന്ന് കൂടിച്ചേർന്ന് മൊത്തത്തിൽ സമൂഹത്തെ മാനവ വികസനത്തിലേക്ക് ഉയർത്തും.
“The social engineer who attempts to build a utopia will end by creating a tyranny; the one who works piecemeal will be open to correction.” – Karl Popper
![]()

