പി എം ശ്രീ (എൻ ഇ പി) കപട ശാസ്ത്രം പഠിപ്പിക്കുന്നു, ഇന്ത്യൻ ശാസ്ത്രവും ഇന്ത്യൻ സെക്കുലറലിസവും ഇല്ല; അഭിലാഷ് കൃഷ്ണൻ എഴുതുന്നു


PM ശ്രീ – NEP പദ്ധതിയുടെ അഞ്ച് കുറ്റങ്ങൾ പറയാമോ? ഇങ്ങനെ തുടങ്ങുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടു. പദ്ധതിയെ എതിർക്കുന്ന വിമർശനങ്ങൾ എല്ലാം രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഇതിലെ ധ്വനി. അഞ്ച് ഒന്നുമില്ല. ഒരേയൊരു കുറ്റം പറയാം. അത് പക്ഷേ വളരെ പ്രധാനപെട്ടതും ഇന്ത്യൻ ജനതയുടെ ഭാവിയെ തന്നെ തകരാറിലുമാക്കുന്ന ഗുരുതര പ്രശ്നവുമാണ്.

പി എം ശ്രീയുടെ കോർ എന്ന് പറയുന്നത് NEP 2020 ആണ്. NEP യുടെ കോർ എന്നാൽ Indian knowledge system (IKS) ആണ്. കേൾക്കാൻ നല്ല രസം ഒക്കെ ഉണ്ടെങ്കിലും Indian knowledge system എന്നൊരു സിസ്റ്റം ഇല്ല. ഇന്ത്യൻ ശാസ്ത്രവും ഇന്ത്യൻ സെക്കുലറലിസവും ഇല്ല. ആധുനികലോകത്തെ സൃഷ്ടിച്ച ശാസ്ത്രവും ജ്ഞാന ശാസ്ത്രവും സെക്കുലറലിസവും എല്ലാം പടിഞ്ഞാറൻ ഉത്പന്നങ്ങൾ ആണ്.

ആർഷ ഭാരതത്തിന് അതിൻ്റേതായ ഒരു ജ്ഞാന വ്യവസ്ഥയുണ്ടെന്നും അതിന് പടിഞ്ഞാറൻ ജ്ഞാന വ്യവസ്ഥയ്ക്ക് ഒപ്പം സ്ഥാനം കിട്ടണം എന്നും ആഗ്രഹിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയമാണ് NEP യുടെ പുറകിലുള്ളത്.

Rooted in Indian ethos (e.g., knowledge from ancient texts like Vedas) while embracing global standards.

ഗ്ലോബൽ സ്റ്റാൻഡേർഡ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിൻ്റെയർത്ഥം വേദങ്ങൾക്ക് ആധികാരികത ഉണ്ടാക്കി കൊടുക്കുന്നുവെന്നാണ്.

Indigenous epistemological revival — Reclaiming India’s ancient knowledge systems as valid, scientific, and holistic sources of learning. It is not a rejection of modernity but a synthesis: using Indian roots to inform global practices, and global tools to revive and validate Indian traditions.

ഇന്ത്യൻ ജ്ഞാന വ്യവസ്ഥയുടെ പുനർജീവനം, പക്ഷേ ആധുനികത തള്ളി കളയുന്നുമില്ല. ഇതൊരു സിന്തസിസ് എന്ന് പറയുന്നു. ശരിക്കും ഈ സിന്തസിസ് ഒരു പറ്റിക്കൽ ആണ്. കടശാസ്ത്രങ്ങൾ ശാസ്ത്രത്തോട് ചേർത്ത് വെക്കുന്ന ഏത് സിന്തസിസും ശാസ്ത്ര വിരുദ്ധമാണ്. വേദങ്ങളും ആയുർവേദവും യോഗയും ഒക്കെ വെളുപ്പിച്ച് എടുക്കാൻ ഉള്ള പരിപാടി. അതോടൊപ്പം ആധുനിക ശാസ്ത്രത്തിൻ്റെ കണ്ടെത്തലുകൾ ആർഷഭാരത്തിൽ ഉണ്ടെന്ന് വരുത്തി തീർക്കലും.

Jñāna (knowledge) is not imported or imposed; it is rediscovered, reinterpreted, and revalidated using both ancient pramāṇas and modern scientific methods. The rich heritage of ancient and eternal Indian knowledge… must be integrated… with modern learning… to create well-rounded individuals with 21st-century capabilities.

എന്താണ് ഉദ്ദേശം എന്ന് മുകളിലത്തെ വാചകങ്ങളിൽ വ്യക്തമാണ്. പാച്ഛാത്യ ലോകത്ത് ആത്മാവ് നഷ്ടപെട്ടിരിക്കുന്നുവെന്നും ഇന്ത്യയ്ക്ക് (വിശ്വഗുരുവിന്) ആ ആത്മാവിനെ ആധുനിക ലോകത്ത് നൽകാൻ കഴിയുകയുള്ളുവെന്നും പഴയ ഹിന്ദുത്വവാദികളും നിയോ ഹിന്ദുത്വവാദികളും വിശ്വസിക്കുന്നു. ശാസ്ത്രവും മതേതരത്വം ഉൾപ്പെടെ എല്ലാത്തിനെയും കോളോണിയൽ കാഴ്ചപ്പാടിൽ നിന്ന് രക്ഷപ്പെടുത്തി പഴയ ആത്മാവിനെ തിരിച്ചു നൽകാൻ ആണ് അവരുടെ ശ്രമം.

ഹിന്ദുത്വയുടെ വിമർശകർ പോലും ചോദിക്കുന്ന നിഷ്കളങ്ക ചോദ്യം അങ്ങനെ ആയാലും എന്താണ് പ്രശ്നം! കുട്ടികൾ ആധുനിക ശാസ്ത്രവും പഠിക്കുന്നുണ്ടല്ലോ എന്നാണ്. പക്ഷേ അറിവ് നേടാനുള്ള രീതിയിൽ (epistemology) വെള്ളം ചേർക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ അവർക്ക് കാണാൻ കഴിയുന്നില്ല. ശാസ്ത്രവും ഇന്ത്യൻ ശാസ്ത്രവും ഒരു മരത്തിൻ്റെ രണ്ട് ശാഖകൾ പോലെ എന്നാണ് പലരുടെയും തെറ്റിധാരണ.

ഒരിക്കൽ തെറ്റായ അറിവ് ഉത്പാദന രീതി പരിശീലിച്ചാൽ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന എന്ത് വങ്കത്തരങ്ങളും വിശ്വസിക്കുന്ന തലമുറകൾ സൃഷ്ടിക്കപ്പെടും. ഇപ്പോൾ തന്നെ രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരെ ഈ തെറ്റായ രീതികളുടെ പ്രതിഫലനം കാണാം.

ഇന്ത്യ പുരോഗമിക്കണം എങ്കിൽ ഈ കള്ള ചരക്കിൽ വീണു പോകാതെ യഥാർത്ഥ ജ്ഞാനശാസ്ത്രത്തിലൂന്നിയുള്ള വിദ്യാഭ്യാസ സംസ്കാരം ഉണ്ടായാലേ മതിയാകുകയുള്ളു.

പി എം ശ്രീ (NEP) യെ ഇനി കമ്യൂണിസ്റ്റ് ബുദ്ധിജീവികൾ എതിർക്കാൻ വഴിയില്ല. പക്ഷേ ആ സർക്കിളിന് പുറത്തുള്ള ചില സുഹൃത്തുകളും ഇതൊരു വലിയ പ്രശ്നമല്ല എന്ന തരത്തിൽ അവതരിപ്പിക്കുന്നത് കണ്ടു. എന്താണ് Nep യുടെ അജണ്ടയെന്ന് വ്യക്തമായി മനസിലാക്കത്തതാണ് ഇതിനെ നിസാരവൽക്കരിക്കാൻ കാരണമെന്നാണ് എനിക്ക് തോന്നുന്നത്.

NEP വന്നുവെന്ന് കരുതി പഠിച്ചിറങ്ങിയ എല്ലാവരും RSS ശാഖയിലേക്ക് നടന്നു കയറുമെന്ന് ഭയക്കേണ്ട കാര്യമില്ല എന്നാണ് ഒരു ന്യായം. അങ്ങനെ എല്ലാവരും Rss ശാഖയിൽ പോയി ചേരും എന്നതല്ല NEP യുടെ റിസൾട്ട് ആയി അത് നടപ്പിലാക്കുന്നവർ പോലും ആലോചിക്കുന്നത്. മദ്രസ വിദ്യാഭ്യാസം കഴിഞ്ഞവർ എല്ലാം സിറിയയിലേക്കു പോകുന്നത് കൊണ്ടോ കമ്യൂണിസ്റ്റ് സർക്കാരുകളുടെ പ്രൊപ്പഗണ്ട ചരിത്ര വിദ്യാഭ്യാസത്തിന് ശേഷം എല്ലാവരും വിപ്ലവം നടത്താൻ പോകുന്നത് കൊണ്ടോ അല്ല നമ്മൾ അതിനെയൊക്കെ എതിർക്കുന്നത്.

ഒരു നാടിൻ്റെ സംസ്കാരവും പുരോഗതിയും അവിടെ നിലനിൽക്കുന്ന ഫിലോസഫിയെ അടിസ്ഥാനപെടുത്തിയിരിക്കുന്നു. ആ ഫിലോസഫി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുന്നത് അവിടുത്തെ വിദ്യാഭ്യാസ പ്രക്രിയയിലൂടെ ആകുന്നു. വിദ്യാഭ്യാസ പോളിസികൾ നടപ്പിലാക്കുന്നവരുടെ ഫിലോസഫി സിലിബസിലൂടെ കുട്ടികളിലേക്ക് എത്തും. മോശം ആശയങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനെക്കാളും പ്രശ്നമാണ് മോശം ചിന്താരീതി അടുത്ത തലമുറയ്ക്ക് കൈമാറുന്നത്.

അറിവു നേടുക എന്നാൽ concepts (ആശയങ്ങൾ) മനസിലാക്കുക എന്നാണ് അർത്ഥം. ചെറിയ concepts ൽ നിന്ന് ഉയർന്ന concepts-ലേക്കുള്ള ഈ പഠന യാത്ര hierarchical ആണ്. ആശയങ്ങളെ തെറ്റായി മനസിലാക്കാൻ കുട്ടികളെ പരിശീലിപ്പിക്കാനാവും. ഇതിനോടകം അതാണ് നമ്മുടെ സ്കൂളുകളിൽ നടക്കുന്നത്. ഒരിക്കൽ തെറ്റായ പരിശീലനം കിട്ടിയാൽ അൺ -ലേണിംഗ് ചെയ്യാൻ വളരെ പ്രയാസമാണ്. ഉയർന്ന വിദ്യാഭ്യാസം നേടിയവർ പോലും ശാസ്ത്ര പ്രചാരകരുടെ വീഡിയോകൾ കണ്ടിട്ടു കൂടെയും കുരങ്ങനിൽ നിന്ന് മനുഷ്യൻ ഉണ്ടായോ എന്ന് ചോദിക്കുന്നത് അത് കൊണ്ടാണ്. ചന്ദ്രനെ പിളർത്തി എന്ന് വിശ്വസിക്കുന്നത് അത് കൊണ്ടാണ്.

ജ്ഞാനശാസ്ത്രം(Epistemology) എങ്ങനെ അറിവ് ഉണ്ടാകുന്നു എന്ന കാര്യത്തെ പറ്റി വിവരിക്കുന്ന ഫിലോസഫിക്കൽ ശാഖയാണ്. ജ്ഞാനശാസ്ത്രം ഫിലോസഫിയിലെ പ്രഥമ ശാഖയായ metaphysics നെ അടിസ്ഥാനപെടുത്തിയിരിക്കുന്നു. എന്താണ് ജീവൻ? എന്താണ് മനുഷ്യൻ? എന്താണ് യാഥാർത്ഥ്യം? എന്താണ് പ്രപഞ്ചം എന്ന ചോദ്യങ്ങൾ ആണ് മെറ്റാഫിസിക്സ് ഡീൽ ചെയ്യുന്നത്. മെറ്റാഫിസിക്ക്സ് തെറ്റിയാൽ ജ്ഞാനശാസ്ത്രവും തെറ്റും.

NEP യിലൂടെ ഇവിടെ മുന്നോട്ട് വെക്കുന്നത് ഇന്ത്യൻ ജ്ഞാനവ്യവസ്ഥയാണ്. അത് തെറ്റാകാൻ കാരണം ഇന്ത്യൻ (ഹിന്ദു) മെറ്റാഫിസിക്സ് തന്നെ തെറ്റായത് കൊണ്ടാണ്. എന്താണ് യാഥാർത്ഥ്യം, എന്താണ് മനുഷ്യൻ, പ്രപഞ്ചം എന്നതിനൊക്കെയുള്ള ഹിന്ദു ബോധ്യം തെറ്റാണ്. ആത്മാവ്, പരമാത്മാവ് , ഗുരു(അധ്യാപകൻ അല്ല), ബ്രഹ്മം, പഞ്ചഭൂതം, ത്രിദോഷം, മായ, കർമ്മം, ധർമ്മം തുടങ്ങിയ തെറ്റുകളുടെ ഘോഷയാത്രയാണ് ഇന്ത്യൻ മെറ്റാഫിസിക്സ്.

മറ്റൊന്ന് ഈ തെറ്റുകൾ പഠിപ്പിക്കാനായി ചിലവാക്കുന്ന പണം, ഊർജം, സമയം എന്നിവയുടെ നഷ്ടമാണ്. ഭീമാകാരമായ ഒരു വേസ്റ്റേജാണ് ഇവിടെ സൃഷ്ടിക്കപെടാൻ പോകുന്നത്. ലോകത്തിന് മുന്നിൽ വിശ്വഗുരുവാകാനും യോഗാദിനം ആചാരിക്കാനും ആയി ഇതിനോടകം പൊട്ടിച്ചു കളയുന്ന നികുതി പണത്തെ പറ്റി ഓർക്കുക. ഇനി ഈ തെറ്റായ ബോധ്യങ്ങൾക്ക് അധികാരികത നൽകാനായി കൂടുതൽ ഫണ്ടുകൾ മാറ്റി വെക്കുമ്പോൾ കൂടുതൽ റിസർച്ചുകൾ ആ ഫണ്ടുകൾ സ്വന്തമാക്കാനായി നടക്കും. ഇതിനോടകം ഏറ്റവും നിലവാരം കുറഞ്ഞ സയൻ്റിഫിക് പേപ്പറുകൾ ആണ് ഇന്ത്യയിൽ നിന്നു വരുന്നത് എന്ന് ചീത്ത പേരുണ്ട്. 2029 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ റിസർച്ച് പേപ്പറുകൾ ഉണ്ടാകുന്ന രാജ്യമെന്ന റിക്കോർഡ് ഇന്ത്യയ്ക്ക് കിട്ടും. എന്നാൽ യാഥാർത്ഥ്യം നമ്മുടെ പേപ്പറുകൾ ഒരു പഠനത്തിലും റഫറൻസായി വരുന്നില്ല എന്നാണ്. ഏറ്റവും കുറച്ച് citations ഇന്ത്യൻ സയൻസ് പേറ്റുകൾക്കാണ്. അപ്പോഴാണ് കപടശാസ്ത്രങ്ങൾക്ക് അധികാരികത ഉണ്ടാക്കുന്ന പുതിയ ജ്ഞാനശാസ്ത്രവുമായി NEP യുടെ വരവ്.

എക്കണോമിക്സിൽ Opportunity cost (it is the value of the next-best alternative that is forgone when a choice is made) എന്നൊരു കാര്യമുണ്ട്. നമ്മൾ ഒരു ചോയ്സ് എടുക്കുമ്പോൾ നമുക്ക് നഷ്ടമാകുന്ന ഏറ്റവും മികച്ച ആൾട്ടർനേറ്റീവിൻ്റെ മൂല്യം – ഒരു ഉദാഹരണം പറഞ്ഞാൽ ഗോമൂത്രത്തിൽ നിന്നും ക്യാൻസർ മരുന്നിനുള്ള റിസർച്ചിൽ പണവും സമയും ചിലവിടുമ്പോൾ നഷ്ടപെടുന്നത് ആ സമയം മാത്രമല്ല, പകരം ആ സമയത്ത് ശരിയായ ഗവേഷണം നടത്തി ക്യാൻസർ മരുന്ന് കണ്ടെത്തിയാൽ ഉള്ള ഗുണങ്ങൾ കൂടെയാണ്. പണവും ഊർജവും സമയവും തെറ്റായ ഹിന്ദു മെറ്റാഫിസിക്സിൽ ചിലവാക്കുമ്പോൾ ഇന്ത്യയ്ക്ക് നഷ്ടപെടുന്നത് ശാസ്ത്ര പുരോഗതിയാണ്.

പ്രശസ്ത എഴുത്തുകാരിയും ചരിത്രഗവേഷകയുമായ മീര നന്ദ , Deep lie എന്ന പേരിൽ ഒരു ലേഖനം NEP വന്ന സമയത്ത് എഴുതിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് ട്രമ്പ് പറയുന്ന വലിയ കള്ളങ്ങളെക്കാൾ (big lies) അപകടരമാണ് ആഴത്തിലുള്ള കള്ളങ്ങൾ (Deep lies). വസ്തുതകൾക്ക് അപ്പുറമാണ് പല കാര്യങ്ങൾ എന്നും വിശ്വാസത്തിലൂടെയും വെളിപാടിലൂടെയും അറിവ് നേടാം എന്ന ബോധ്യം സൃഷിടക്കപെട്ടാൽ ഭരണകൂടത്തിന് ആഴത്തിലുള്ള നുണകൾ പ്രചരിപ്പിക്കാൻ കഴിയുമെന്നും അവർ പറയുന്നു. ഇന്ത്യൻ പൗരാണിക വ്യവസ്ഥയിൽ “ചോദ്യം ചെയ്യുക”, നിഷേധപരമായി സമീപിക്കുക എന്നീവയെ അടിസ്ഥാനപെടുത്തിയുള്ള ഏക വ്യവസ്‌ഥയായ ചാർവാകം NEP യിൽ ഉൾപെട്ടിട്ടില്ലയെന്നും മീര നന്ദ നിരീക്ഷിക്കുന്നു. പകരം ജ്യോതിഷത്തെ ജ്യോതിശാസ്ത്രമായും ആയുർവേദത്തെ മോഡേൺ മെഡിസിനുമായും ബന്ധപെടുത്താൻ ആണ് അവിടെ ശ്രമം.

സംസ്കൃതം പഠിച്ചില്ലയെങ്കിലും ഒന്നും നഷ്ടപെടാൻ ഇല്ല. സംസ്കൃതം പഠിക്കുമ്പോൾ ഉള്ള opportunity cost

ആലോചിക്കുക. ഇന്ത്യൻ ദൈനം ദിന ജീവിതത്തിലോ ശാസ്ത്ര വിദ്യാഭ്യാസത്തിനോ ഒന്നും ഒരു തരത്തിലും ഗുണം ചെയ്യുന്ന ഒന്നല്ല സംസ്കൃതം. അതേ സമയം ഇന്ത്യൻ യുവത പഠിക്കേണ്ട എന്തെല്ലാം കാര്യങ്ങൾ ഉണ്ടെന്ന് ആലോചിക്കുക.

കപടശാസ്ത്രത്തെ എതിർക്കുന്നവർ ചെയ്യേണ്ടത് കപടശാസ്ത്രത്തെ സാധൂകരിക്കുന്ന പഠനപ്രക്യയയ്ക്ക് വേണ്ടി നിലനിൽക്കുകയല്ല , പകരം അടിസ്ഥാനപരമായി ഈ കപട ശാസ്ത്രങ്ങൾ എങ്ങനെ കപടമാകുന്നു എന്ന് മനസിലാക്കുകയും പ്രചരിപ്പിക്കുകയും രാജ്യത്തിലെ ജനങ്ങളുടെ പണവും സമയവും എങ്ങനെ വേസ്റ്റ് ആക്കാതെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയും എന്ന് ബോധവൽകരിക്കുകയും ചെയ്യൽ ആണ്. നിർഭാഗ്യവശാൽ

ഇതിനോടകം രാജ്യത്തെ മുന്തിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരിൽ പലരും ഹിന്ദു മെറ്റാഫിസിക്സിൻ്റെ പ്രചാരകർ ആണ്.

രസതന്ത്ര നോബേൽ ജേതാവ് വെങ്കി രാമകൃഷ്ണൻ വർഷങ്ങൾക്ക് മുൻപേ തന്നെ ഇന്ത്യൻ സയൻസ് കോൺഫറൻസിനെ സർക്കസ് എന്നാണ് വിശേഷിപ്പിച്ചത്. മതവും രാഷ്ട്രീയവും ഒക്കെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ശാസ്ത്രവുമായി കൂട്ടികെട്ടാൻ നോക്കുന്നതിനെ വിമർശിച്ച വെങ്കി ഇനി ഈ പരിപാടിക്ക് താനില്ല എന്ന് പറഞ്ഞിരുന്നു.

NEP എന്താണെന്ന് അത് നടപ്പിലാകുന്നവർക്കു വ്യക്തമായ ബോധ്യമുണ്ട്. യഥാർത്ഥ ഹിന്ദുരാഷ്ട്ര പ്രാജക്റ്റ് എന്നാൽ രാജ്യത്തിൻ്റെ ഫിലോസഫി ഹിന്ദു മെറ്റാഫിസിക്‌സാകുക എന്നതാണ്. അല്ലാതെ ഇസ്ലാമിസ്റ്റ് പാർട്ടികൾ ആരോപിക്കുന്ന വരമ്പത്ത് നിൽക്കുന്ന വംശഹത്യ ഒന്നുമല്ല. ഈ ഒരു പ്രോസസിനെ എതിർക്കാൻ കഴിയുന്നത് ശാസ്ത്ര പ്രചാരകർക്കും സ്വതന്ത്രചിന്തകർക്കും മാത്രമാണ്.

അതിലുപരി ആർട്ടിക്കിൾ 51A(h) പ്രകാരം ശാസ്ത്ര ബോധം വളർത്തുക ഇന്ത്യൻ പൗരൻ്റെ കടമയാകുന്നു. ശാസ്ത്രബോധം ഭാരതീയ ജ്ഞാന വ്യവസ്ഥയ്ക്ക് എതിരാകുന്നു.

Loading