ദളിതര്‍ക്ക് മുഖ്യധാര പ്രവേശനം സാധ്യമാക്കിയ ക്യാപിറ്റലിസം; പ്രമോദ് കുമാര്‍ എഴുതുന്നു


“1990 കളില്‍ റാവു-മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടപ്പിലാക്കിയ ആഗോളവത്കരണവും നവലിബറല്‍ നയങ്ങളും ഇന്ത്യയില്‍ ദലിത് സമൂഹത്തിനു ഗുണകരമായിത്തീരുകയായിരുന്നു എന്നത് എം കുഞ്ഞാമന്റെ ശക്തമായ നിരീക്ഷണമാണ്.വര്‍ണ-ജാതി വ്യവസ്ഥ സൃഷ്ടിച്ചുവെച്ചിട്ടുള്ള ഇടുങ്ങിയ ചട്ടക്കൂടുകളെ ഭേദിക്കാന്‍ ഇത്തരം പുതിയ സാധ്യതകള്‍ ദളിതര്‍ക്കു സഹായകമാവുകയാണു ചെയ്തിട്ടുള്ളത്. കുഞ്ഞാമന്‍ തന്റെ ആത്മകഥയായ ‘എതിരില്‍’ അര്‍ത്ഥശങ്കയ്ക്ക് ഇടനല്‍കാതെ പറയുന്നു.”- പ്രമോദ് കുമാര്‍ എഴുതുന്നു
ദലിതര്‍ക്ക് നല്ലത് ക്യാപിറ്റലിസം!

ജാതിയമായി കടുത്ത സാമൂഹിക വിവേചനത്തെ നിശ്ചയദാര്‍ഢ്യത്തോടെ, നേരിട്ട് ഇന്ത്യന്‍ ആക്കാദമിക്ക് രംഗത്ത് മുന്‍ നിരയിലേക്ക് എത്തിയ ചിന്തകനാണ് ഡോ.എം.കുഞ്ഞാമന്‍. മുന്‍ ഇന്ത്യന്‍ പ്രസിഡണ്ട് കെ. ആര്‍. നാരായണന് ശേഷം എം. എ. സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്ക് നേടിയ വിജയച്ച ആദ്യ ദളിത് വിദ്യാര്‍ത്ഥി കൂടിയാണ് കുഞ്ഞാമന്‍. ആത്മകഥയായ ‘എതിര്’ അദ്ദേഹം നേരിട്ട സാമൂഹിക അനീതികളെ കുറിച്ചും, ജാതീയമായ വേര്‍തിരിവിനെ കുറിച്ചും സമകാലിക കേരളം നേരിടുന്ന സാമൂഹിക- സാംസ്‌കാരിക പ്രതിസന്ധികളെ കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണം കൊണ്ട് മികച്ച വായാനാനുഭവമായി മാറുന്നുണ്ട്.

‘മാര്‍ക്‌സിന്റെയും അംബേദ്കറിന്റെയും ആശയലോകമാണ് കുഞ്ഞാമനെ പ്രചോദിപ്പിക്കുന്നത്. സൈദ്ധാന്തിക സൂക്ഷ്മതയോടെ മനസ്സിലാക്കിയോ, ലോക രാഷ്ട്രീയത്തെ സൂക്ഷ്മ നിരീക്ഷണം നടത്തിയുമാണോ ഗ്രന്ഥകാരന്‍ മാര്‍ക്‌സിസത്തെ അംഗീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതെന്ന സംശയമുണ്ട്. തൊഴിലാളികളുടെയും മറ്റ് അദ്ധ്വാനിക്കുന്ന വിഭാഗങ്ങളുടെയും പക്ഷം പിടിക്കുന്ന സിദ്ധാന്തം എന്ന പരിഗണന മാത്രം നല്‍കി കൊണ്ടാണ് അദ്ദേഹം മാര്‍ക്‌സിസത്തെ കാണാന്‍ ശ്രമിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് പരീക്ഷണങ്ങള്‍ പലതും മനുഷത്വ വിരുദ്ധമായതിനെ കുറിച്ചോ തകര്‍ന്നതിനെക്കുറിച്ചോ ഉള്ള പരാമര്‍ശങ്ങളൊന്നുമില്ല. എങ്കിലും, കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സംഭവിച്ചിട്ടുള്ള അധഃപതനത്തെ വരച്ചുകാട്ടുന്നുമുണ്ടെന്നും.’- അവതാരികയില്‍ കെ. വേണു കുഞ്ഞാമന്റെ നിലപാടുകളെ നിരീക്ഷിക്കുന്നുണ്ട്. തന്റെ ചുറ്റുപാടുകളില്‍ ഉണ്ടാകുന്ന സാമൂഹിക മാറ്റങ്ങളെ ജൈവികമായി മനസിലാക്കുന്നതില്‍ കുഞ്ഞാമന്‍ സാമ്പ്രദായിക ഇടതുപക്ഷത്തില്‍ നിന്ന് വളരെ വ്യത്യസ്തനാകുന്നുണ്ട്. ആഗോളവത്കരണവും നവലിബറല്‍ നയങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്.

നവലിബറല്‍ നയങ്ങള്‍

1990 കളില്‍ റാവു-മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടപ്പിലാക്കിയ ആഗോളവത്കരണവും നവലിബറല്‍ നയങ്ങളും ഇന്ത്യയില്‍ ദളിത് സമൂഹത്തിനു ഗുണകരമായിത്തീരുകയായിരുന്നു എന്നത് കുഞ്ഞാമന്റെ ശക്തമായ നിരീക്ഷണമാണ്. ആഗോളവത്കരണവും ലിബറല്‍ നയങ്ങളും ദളിതര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും വിധം പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. വര്‍ണ-ജാതി വ്യവസ്ഥ സൃഷ്ടിച്ചുവെച്ചിട്ടുള്ള ഇടുങ്ങിയ ചട്ടക്കൂടുകളെ ഭേദിക്കാന്‍ ഇത്തരം പുതിയ സാധ്യതകള്‍ ദളിതര്‍ക്കു സഹായകമാവുകയാണു ചെയ്തിട്ടുള്ളത്. കുഞ്ഞാമന്‍ തന്റെ ആത്മകഥയായ ‘എതിരില്‍’ അര്‍ത്ഥശങ്കയ്ക്ക് ഇടനല്‍കാതെ പറയാന്നു.

ഇന്ത്യയില്‍ ദലിത് പരിണാമത്തിന് മൂന്നു ഘട്ടങ്ങളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒന്ന്, ഭരണഘടന നിലവില്‍ വന്നതോടെ ദളിതര്‍ മനുഷ്യജീവിയായി. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ആവിര്‍ഭാവത്തോടെ ദളിതര്‍ രാഷ്ട്രീയജീവിയായി. നവലിബറല്‍ സാമ്പത്തികക്രമം വന്നതോടെ ദലിതര്‍ സാമ്പത്തികജീവിയായി. കുഞ്ഞാമന്‍ തന്റെ ആത്മകഥയില്‍ കൂടി വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രധാന കാര്യമാണിത്. ദളിതര്‍ക്ക് അവന്റെ സാമൂഹിക- പിന്നോക്ക അവസ്ഥയില്‍ നിന്ന് മോചനം നേടാണമെങ്കില്‍, അവന്‍ സാമ്പത്തികമായി മുന്നേറുക തന്നെ വേണം. അതിന് നവലിബറല്‍ നയങ്ങളാണ് അനുപേക്ഷണിയമെന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ കുതിപ്പ്

രാജ്യത്തൊട്ടാകെയുള്ള കണക്കെടുത്താല്‍, ദലിത് ആദിവാസി വിഭാഗം യുവാക്കളില്‍ ഗണ്യമായൊരു ശതമാനം ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നുണ്ട്. അതൊരു വലിയ വര്‍ധനവാണ്. ഈ വര്‍ധനവുണ്ടായ കാലഘട്ടം പരിഗണനാര്‍ഹമാണ്. ഉദാരസാമ്പത്തികനയം നടപ്പാക്കിത്തുടങ്ങിയ കാലഘട്ടത്തിലാണ് ഈ വര്‍ധന രേഖപ്പെടുത്തിയത്. വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് പുറന്തള്ളപ്പെടുന്ന വിഭാഗങ്ങളെ നവലിബറലിസം പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പൊതുവേ ധാരണ. അത് തെറ്റിച്ച് ഈ വിഭാഗങ്ങളില്‍ നിന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് പോയി എന്ന് കുഞ്ഞാമന്‍ പറയുന്നു.

ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് കാമ്പസുകള്‍ തുറന്നുകൊടുക്കണമെന്നത് നിയമമായിത്തന്നെ വന്നിട്ടുണ്ട്. പണ്ട് യോഗ്യരാണെങ്കിലും ഐ.സി.എസ്.എസ്. ആര്‍ സ്ഥാപനങ്ങളില്‍ ദലിത്-ആദിവാസി വിഭാഗക്കാരെ കയറ്റയിരുന്നില്ല, ഇന്ന് അവരെ എടുക്കണം എന്ന മൗലികമായ നിര്‍ദേശമുണ്ട്. അതുമാത്രമല്ല പല കാമ്പസുകളിലെയും കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ദളിത് വിദ്യാര്‍ത്ഥികളുടെ സമരങ്ങളെ പിന്തുണയ്ക്കുന്ന മറ്റുള്ളവരുടെ എണ്ണവും കൂടിവരുന്നുണ്ടെന്നും, പുരോഗമനചിന്താഗതിക്കാരായ മറ്റു വിഭാഗക്കാര്‍ കൂടെ, സവര്‍ണരുമുണ്ട് എന്നും അദ്ദേഹം പറയുന്നു.

മുന്നേറ്റത്തിന്റെ പടികള്‍

പണ്ട്, അധഃകൃതനെ തിരിച്ചറിഞ്ഞിരുന്നത് അഞ്ച് ഘടകങ്ങളില്‍ നിന്നാണ്. പേര്, വസ്ത്രം, ഭാഷ, തൊഴില്‍, താമസസ്ഥലം. അംബേദ്കര്‍ ദളിതര്‍ക്കായി മുന്നോട്ടുവച്ച നിര്‍ദേശമാണ്, പേരു മാറ്റണം, നല്ല വസ്ത്രം ധരിക്കണമെന്നത്. സാമ്പത്തിക പരാധീനതയ്ക്കിടയിലും അദ്ദേഹം ആധുനിക വേഷങ്ങളായ കോട്ടും സ്യൂട്ടുമിട്ട് നടന്നതും ഫലപ്രദമായി ഇംഗ്ലിഷ് സംസാരിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിട്ടാണ്.

ഭരണഘടന നിലവില്‍ വന്നതോടെയാണ് ഈ പഴയ ഘടകങ്ങള്‍ക്കു മാറ്റം വന്നത്. ജന്മി പറയുന്ന പേരല്ല, ഇഷ്ടമുള്ള പേരിടാമെന്നായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ജാതി മാറി വിവാഹം കഴിക്കാം, തൊഴില്‍ മാറാം, എവിടെ വേണമെങ്കിലും താമസിക്കാം. നഗരവല്‍ക്കരണത്തിലൂടെ സാങ്കേതിക മാറ്റങ്ങള്‍ പുതിയ തലമുറ ഉള്‍ക്കൊള്ളുന്നു. ആ മാറ്റത്തിന് അവര്‍ തയാറായിക്കഴിഞ്ഞു, ആര്‍ക്കും അവരെ തടയാനാകില്ല. ദലിതത്വം എന്നത് അവര്‍ക്ക് ഇന്ന് അഭിമാനമാണ്.

വിവേചനമില്ലാത്ത ദളിത് വ്യവസായികള്‍

ചില ദലിത് ഉദ്യോഗസ്ഥര്‍ പറയുന്നത് തങ്ങള്‍ക്ക് ജാതിപ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നാണ് എന്നാല്‍, പൂനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ദലിത് ക്യാപിറ്റലിസ്റ്റുകളുടെ അഭിപ്രായം ഈ സാഹചര്യത്തില്‍ വ്യത്യസ്തവും ഏറെ പ്രസക്തമാണ്. ദലിത് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ പ്രസിഡന്റ് മിലിന്ദ് കാംബ്ലെയാണ്. ധാരാളം മുതലാളിമാരുള്ള സംഘടന. അവര്‍ പറയുന്നു. ഞങ്ങള്‍ തൊഴിലന്വേഷകരല്ല, തൊഴില്‍ദായകരാണ്. ഞങ്ങളില്‍നിന്ന് കൂടുതല്‍ മുതലാളിമാരെയും വ്യവസായികളെയുമുണ്ടാക്കും. അത് പുതിയ മുദ്രാവാക്യമാണ്. അത് പുതിയ മാനസികാവസ്ഥയെ കുറിക്കുന്നതാണ്.

അംബേദ്കര്‍ സന്ദേശമുള്‍ക്കൊണ്ട് സ്വയം ഉയര്‍ന്നുവരാനുള്ള ദൃഢപ്രതിജ്ഞയെടുക്കുകയായിരുന്നു പൂനെയിലെ ക്യാപിറ്റലിസ്റ്റുകള്‍. പൂനെ കേന്ദ്രീകരിച്ചുള്ള ദലിത് ക്യാപിറ്റലിസ്റ്റുകളും വ്യവസായികളും പറയുന്നത്, തങ്ങള്‍ക്ക് ജാതിപ്രശ്‌നം നേരിടേണ്ടിവരുന്നില്ല എന്നാണ്. ‘സമ്പത്ത് നിയന്ത്രിക്കുന്നവരാണ് ഞങ്ങള്‍. ഉയര്‍ന്ന ജാതിക്കാരായ തൊഴിലന്വേഷകര്‍ ഞങ്ങളിലേക്കു വരികയാണ്’.
സമ്പത്ത് നിയന്ത്രിക്കുന്നവരാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ദളിതര്‍ക്ക് സമ്പത്തില്ല, രാഷ്ട്രീയത്തില്‍ സ്വാധീനവുമില്ല. സമ്പത്ത് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ജാതി ഇല്ലാതാകും. ദളിതര്‍ക്ക് അടിച്ചമര്‍ത്തപ്പെടേണ്ടിവന്നത് സമ്പത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതുകൊണ്ടായിരുന്നു. ദളിത് മുതലാളിമാര്‍ക്ക് യാതൊരു വിവേചനവുമില്ല. ദളിത് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിവേചനമുണ്ട്. ദളിതരില്‍നിന്നും ആദിവാസികളില്‍ നിന്നും സമ്പന്നരുണ്ടാകുക, മുതലാളിമാരുണ്ടാകുക എന്നതാണ് സ്വാഭാവികമായും വേണ്ടത്. അതിശക്തരായ കാപിറ്റലിസ്റ്റിക് ക്ലാസ്. രണ്ട്, റാഡിക്കല്‍ ഇന്റലിജന്‍ഷ്യ. നല്ല പണ്ഡിതന്മാര്‍. ഇവര്‍ക്കേ വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ കഴിയൂ.

കായികാധ്വാനമല്ല പുരോഗതിക്ക് നിദാനം

വ്യവസായ വിപ്ലവകാലത്ത് ലാഭം കൂടുതല്‍ കിട്ടിയ മുതലാളിമാര്‍, തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് മൂല്യമുണ്ടാക്കുകയും മിച്ച മൂല്യമുണ്ടാക്കുകയുമാണു ചെയ്തിട്ടുള്ളത്. എന്നാല്‍ ഇന്ന് മൂല്യത്തിന്റെ ഉറവിടം കായികാധ്വാനമല്ല. ഇന്ന് കൂടുതല്‍ ലാഭം കിട്ടാന്‍ മുതലാളി ഉപയോഗിക്കുന്നത് ഏറ്റവും നല്ല യന്ത്രമാണ്. അതില്‍ അന്തര്‍ലീനമായിട്ടുള്ളത് ഹ്യൂമന്‍ ഫാക്കല്‍റ്റിസാണ്. കായികാധ്വാനം ചെയ്യുന്നവര്‍ക്ക് അവരുടെ ഹ്യൂമണ്‍ ഫാക്കല്‍റ്റിസ് വികസിപ്പിക്കാന്‍ അവസരം കിട്ടുന്നില്ല. കഠിനാധ്വാനമാണ് പുരോഗതിയുടെ നിദാനമെന്നു പറയുന്നത് പരമ അബദ്ധമാണ്. മനുഷ്യനേക്കാള്‍ കഠിനാധ്വാനം ചെയ്യുന്നവയാണ് കഴുതകള്‍. പക്ഷേ, കഴുതകളല്ല ഏറ്റവും പുരോഗമിച്ചിട്ടുള്ള ജീവികള്‍.

ചരിത്രത്തില്‍, അമേരിക്ക പോലുള്ള, യൂറോപ്യന്‍ രാജ്യങ്ങളിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും ഏറ്റവും കൂടുതല്‍ കായികാധ്വാനം ചെയ്തിട്ടുള്ളത്, കറുത്തവരായ അടിമകളായിരുന്നു. ഇന്ത്യയില്‍ ദലിതരാണ് ഏറ്റവും കൂടുതല്‍ കായികാധ്വാനം ചെയ്തിട്ടുള്ളത്. ഇത് അവര്‍ക്ക് ദൈനംദിന ജീവിതത്തിനുള്ള ഉപജീവനം പോലും നല്‍കിയിരുന്നില്ല. ഇവര്‍ പുരോഗമിക്കാതിരുന്നത് കഠിനാധ്വാനം ചെയ്യാത്തതുകൊണ്ടല്ല. കഠിനാധ്വാനം ചെയ്യരുത് എന്നാണ് കുഞ്ഞാമന്‍ പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളോടു പറയുന്നത്. ‘dont do hardwork do productive and creative work’ എന്നാണ്. ഉത്പാദനക്ഷമമായ മേഖലകളിലേക്കു നീങ്ങണം, അതിന് കഴിയണമെങ്കില്‍ മനുഷ്യര്‍ക്ക് ദൈനംദിന ആവശ്യം നിറവേറ്റിക്കഴിഞ്ഞ് വിശ്രമസമയം വേണം.

ദളിതര്‍ക്ക് വായിക്കാനും ചിന്തിക്കാനും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ടാണ്, അവരില്‍നിന്ന് അത്തരമൊരു വിഭാഗം ഉയര്‍ന്നുവരാതിരുന്നത്. ദളിതര്‍ ഒരിക്കലും സാമൂഹികമായി സ്വതന്ത്രാരായിരുന്നില്ല. സ്വത്താണ് സ്വാതന്ത്ര്യം, ഈ സ്വാതന്ത്ര്യം കിട്ടാത്തവര്‍ക്ക് ഹ്യൂമന്‍ ഫാക്കല്‍റ്റിസ് വളര്‍ത്താന്‍ അവസരം കിട്ടുന്നില്ല. പാണ്ഡിത്യവും ധൈഷണിക പുരോഗതിയും കൈവരിച്ചവര്‍ക്കുമാത്രമേ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉയരത്തിലെത്താന്‍ കഴിയൂ.

ഭരണഘടന എന്ന വിമോചനശാസ്ത്രം

ഭരണഘടനാപരമായ മാറ്റങ്ങള്‍ പുതിയ വഴി തുറന്നു. ഇന്ന് നിയമപ്രകാരം പരമ്പരാഗത തൊഴില്‍ ചെയ്യണമെന്നു നിര്‍ബന്ധമില്ല. ജാതി മാറി കല്യാണം കഴിക്കരുത് എന്ന് നിയമമില്ല, ഉന്നത വിദ്യാഭ്യാസം ചെയ്യരുത് എന്ന് നിര്‍ബന്ധമില്ല. ജനിച്ച സ്ഥലത്തുതന്നെ ജീവിക്കണം എന്ന് നിയമമില്ല. ഇതെല്ലാം സാധ്യമാകുകയാണെങ്കില്‍ ജാതിവര്‍ഗീയത അപ്രത്യക്ഷമായെന്നുവരും. എന്നാല്‍, നമ്മുടെ കുട്ടികള്‍ക്കു ജാതി മാറി വിവാഹം കഴിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. മറ്റു പ്രദേശങ്ങളില്‍ പോയി ജീവിക്കാനാകാത്തതും ഇഷ്ടമുള്ള വിദ്യാഭ്യാസം ചെയ്യാനാകാത്തതും എന്തുകൊണ്ടാണ്?

കാരണം സാമ്പത്തിക പരാധീനത. ജാതി മാറി വിവാഹം കഴിച്ച രണ്ടുപേര്‍ക്ക് ബോംബെയിലോ ദല്‍ഹിയിലോ പോയി ജീവിക്കാം തൊഴിലെടുക്കാം. അതിന് അവര്‍ക്കു കഴിയാത്തത് പണമില്ലാത്തതുകൊണ്ടാണ്. ഇത്തരം സാധ്യതകള്‍ തുറന്നുകിടക്കുന്നുവെങ്കിലും അതിനെ ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് സാമ്പത്തികപ്രശ്‌നം മൂലമാണ്. സാമ്പത്തിക സ്വാതന്ത്ര്യമുണ്ടെങ്കില്‍ ജാതിയും സമുദായവും മതവും അപ്രസക്തമാകും. ഭരണഘടനയിലൂടെ അധഃസ്ഥിതന് ലഭിച്ച സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാകാന്‍ ഈയൊരു വഴിയേയുള്ളൂ.

ഉടമസ്ഥാവകാശം അഥവാ സ്വകാര്യ സ്വത്ത്

ഭൂമിയുടെ ഉടമസ്ഥാവകാശം എങ്ങനെയാണ് ആദിവാസി സമൂഹത്തിന്റെ സാമൂഹിക ഉന്നമനത്തിനു കാരണമത് എന്നതിന് കുഞ്ഞാമന്‍ ഒരു ഉദാഹരണം പറയുന്നുണ്ട്. ജനകീയാസൂത്രണത്തിന്റെ കാലത്ത് ഒരു സ്ഥിതിവിവരക്കണക്ക് പരിശോധിച്ചപ്പോള്‍, ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ ഏറ്റവും ധനികരായ കുടുംബങ്ങളില്‍ മൂന്നുശതമാനം ആദിവാസി കുടുംബങ്ങളാണ്. തിരുവിതാംകൂര്‍ സംസ്ഥാനത്തെ ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങളിലുള്ള പ്രത്യേകിച്ച് മലയരയര്‍ വിഭാഗത്തിലുള്ളവരാണ് അവര്‍.

പഴയ തിരുവിതാംകൂര്‍ വനങ്ങളിലുണ്ടായിരുന്ന ആദിവാസികള്‍, ആദിവാസികളല്ലാതിരുന്നവരേക്കാള്‍ മുന്നിലായിരുന്നു. അവരെ സഹായിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, മൗലികമായ സ്വത്തവകാശം, അത് ഭരണകൂടം നല്‍കി സംരക്ഷിച്ചതാണ്. രണ്ട്, കമ്പോള പങ്കാളിത്തം, തൊഴിലാളികളെന്ന നിലയ്ക്കല്ല, ഉത്പാദകര്‍ എന്ന നിലയ്ക്ക്. അവര്‍ ഏലം വിറ്റ് സാധനങ്ങള്‍ വാങ്ങി ഉത്പാദിപ്പിച്ച് കോയമ്പത്തൂരില്‍ വിറ്റ് സാധനങ്ങള്‍ വാങ്ങി ഊരുകളില്‍ കൊണ്ടുവന്നു.അവര്‍ക്ക് സാമ്പത്തിക അടിത്തറയും വിപുലമായ സാമൂഹിക ഇടപെടലുകളുമുണ്ടായിരുന്നു. ഇതിന്റെ ഫലമായി തെക്കന്‍ ജില്ലയിലെ ആദിവാസികള്‍ സാമ്പത്തികമായി ഏറെ മുന്നോട്ട് പോയി.

ആദിവാസികള്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ വരുന്നവര്‍ ഭൂരിപക്ഷവും മലയരയര്‍, മണ്ണാന്‍ വിഭാഗക്കാരായിരുന്നു. അവര്‍ക്ക് ഒരു പിന്നാക്കവാസ്ഥയുമില്ല. അവര്‍ക്ക് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. എന്നാല്‍, അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികള്‍ക്ക് ഈ അവസരമുണ്ടായില്ല. ഇവിടെ, ഭൂമി സ്വന്തമായുണ്ടായിരുന്ന കുറിച്യരെ ഒഴിച്ചു നിര്‍ത്തിയാല്‍ ആദിവാസികള്‍ അടിമകളായിരുന്നു.

എല്ലാവര്‍ക്കും സാമ്പത്തിക അടിത്തറയുള്ള, സ്വത്തുള്ള ജനാധിപത്യം എന്നതിന് അസംഘടിതമേഖലയിലെ ഒരു ഉദാഹരണം കൂടി കുഞ്ഞാമന്‍ പറയുന്നുണ്ട്. ഓട്ടോറിക്ഷ സ്വന്തമായുള്ള ഒരു ഓട്ടോ ഡ്രൈവറുടെ മനോഭാവവും, മറ്റുള്ളവരുടെ ഓട്ടോ വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന ഡ്രൈവറുടെ മനോഭാവവും വ്യത്യസ്തമായിരിക്കും. രണ്ടുപേരും തൊഴിലാളികളാണെങ്കിലും, റോഡുവക്കില്‍ ചായ വില്‍ക്കുന്ന കടയുടെ ഉടമസ്ഥനുള്ള സ്വാതന്ത്ര്യം, അവിടെ സഹായിയായി നില്‍ക്കുന്ന ആളിനില്ല. കട ഉടമയ്ക്ക് ശക്തി പകരുന്നത് ഉടമസ്ഥാവകാശമാണ്. സമ്പത്ത് ശക്തരാക്കുന്നത് ഇങ്ങനെയാണ്. സമ്പത്ത് വന്നാല്‍ പല കാര്യങ്ങളും തനിയെ വരും.

സാമൂഹികനീതിയുമായി ബന്ധപ്പെടുത്തിയും ഇതിനെ വ്യാഖ്യാനിക്കാം. നീതി പാവപ്പെട്ടവര്‍ക്കുള്ളതല്ല. സാമൂഹികനീതി പാവങ്ങള്‍ക്ക് ചരിത്രത്തില്‍ ഒരിക്കലും വിധിച്ചിട്ടില്ല. പാവപ്പെട്ടവര്‍ സമ്പന്നരാകുമ്പോള്‍ നീതി താനേ ലഭിക്കും. പാവങ്ങള്‍ക്കു സാമൂഹികനീതിക്കുവേണ്ടി ശ്രമിക്കുമെന്നു പറയുന്നത് അയഥാര്‍ത്ഥമായ പ്രഖ്യാപനമാണ്. സാധിക്കേണ്ട കാര്യം പാവങ്ങള്‍ ഇല്ലാത്ത സമൂഹത്തെ സൃഷ്ടിക്കലാണ്. പാവപ്പെട്ടവര്‍ ഇല്ലാതാകുമ്പോള്‍, അശക്തന്‍ ശക്തനാകുമ്പോള്‍ പല പരിരക്ഷകളും സ്വാഭാവികമായും അയാള്‍ക്കു കിട്ടും. ദരിദ്രരുടെ പിന്നാക്കാവസ്ഥ വിധിനിര്‍മിതമല്ല. സാമൂഹിക സൃഷ്ടിയാണ്. ക്ഷേമപദ്ധതികൊണ്ട് പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഭരണവര്‍ഗതന്ത്രമാണ്. ക്ഷേമപ്രവര്‍ത്തനം പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. പാവപ്പെട്ടവര്‍ക്കു സ്വാഭാവികമായി ഗുണം ലഭിക്കുന്ന വികസനപ്രവര്‍ത്തനമാണു വേണ്ടത്.

വ്യക്തി എന്ന കേന്ദ്രം.

നവലിബറല്‍ ആശയങ്ങളുടെ ശക്തി കേന്ദ്രമെന്ന് പറയുന്നത് വ്യക്തിയാണ്. എന്ത് കൊണ്ട് വ്യക്തി അധിഷ്ഠിതമായി ലോകക്രമം മാറുന്നു എന്നതിന് കുഞ്ഞാമന്‍ നല്‍കുന്ന ത്വാതിക വിശദീകരണണം ഇങ്ങനെയാണ്, സ്ഥലകാലശക്തികള്‍ക്ക് ചിന്തയെയും ധൈഷണിക അന്വേഷണത്തെയും നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്ന ഒരു സാമൂഹികാവസ്ഥയ്ക്ക് പുരോഗമിക്കാനാകില്ല. ഏതു സമൂഹവും മുന്നോട്ടുപോകുന്നത്. സ്ഥലകാലപരിമിതികളെ വ്യക്തികള്‍ക്ക് പരമപ്രാധാന്യം നല്‍കിയാണ്. സ്ഥലകാല പരിമിതികള്‍ ലംഘിച്ചാണ് വ്യക്തികള്‍ ചിന്തിക്കുന്നത്. ഭരണകൂടം എന്നാണ് നമ്മള്‍ പൊതുവേ പറയാറുള്ളത് എങ്കിലും സാധാരണക്കാരെ സംബന്ധിച്ച് ദൈനംദിന ജീവിതത്തില്‍ പ്രസക്തം സര്‍ക്കാറാണ്. മറ്റു ഘടകങ്ങള്‍ പിന്നീടേ വരൂ. സര്‍ക്കാറാണെങ്കില്‍, സമ്പന്നരുടെയും ശക്തരുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. അത് അത്തരക്കാരുടെ താത്പര്യം സംരക്ഷിക്കാനുള്ള സംവിധാനമാണ്. ഇവിടെ, രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്ന സാമൂഹികനീതി, സാമൂഹികതാത്പര്യം എന്നീ ആശയങ്ങള്‍ക്ക് അര്‍ഥമില്ലാതാകുന്നു. മാത്രമല്ല, സാമൂഹിക താത്പര്യം എന്നുപറയുന്ന ഒരു താത്പര്യമില്ല. താത്പര്യം മൂര്‍ത്തമായ രീതിയിലുള്ളത് വ്യക്തികള്‍ക്കാണ്. നീതി എന്നു പറയുന്നത് വ്യക്തിക്കു കിട്ടുന്ന നീതിയാണ്.

ക്യാപിറ്റലിസം ദളിതന് ഗുണം ചെയ്യുന്നു, സ്വാതന്ത്ര്യം നല്‍കുന്നു. ക്യാപിറ്റലിസം ലാഭത്തിനുവേണ്ടി എന്തിനെയും പ്രമോട്ടുചെയ്യും. ക്യാപിറ്റലിസം, താത്വികമായി ജാതീയതയ്ക്ക്, മതത്തിന് എതിരാണ്. ശരിക്കും ക്യാപിറ്റലിസമാണ് ഏറ്റവും നല്ല സാമൂഹികാവസ്ഥ. അവിടെ ആര്‍ക്കുവേണമെങ്കിലും പ്രവേശിക്കാം. അത് അസമത്വം സൃഷ്ടിക്കുന്നുണ്ട്. അസമത്വം നവസാമ്പത്തിക ക്രമത്തിന്റെ സൃഷ്ടിയല്ലല്ലോ. ഭൂതകാലത്തല്ലേ അതു രൂക്ഷമായിരുന്നത്. ക്യാപിറ്റലിസം മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ക്യാപിറ്റലിസമല്ല. പത്തൊമ്പതാം നൂറ്റാണ്ടിലേത്. ഇരുപതാം നൂറ്റാണ്ടില്‍ തന്നെ പല തരത്തിലുള്ള ക്യാപിറ്റലിസമുണ്ട്. ഇതാണ് ക്യാപിറ്റലിസം എന്നു പറയാന്‍ സാമൂഹികശാസ്ത്രം കൈകാര്യം ചെയ്യുന്നവര്‍ക്കു കഴിയില്ല. ക്യാപിറ്റലിസത്തിന്റെ ഏറ്റവും വലിയ വിജയം അത് ചരിത്രപരമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നതാണ്. ആവശ്യാനുസരണം മാറ്റം വരുത്തി. അതിന്റെ അടിസ്ഥാനഘടകം വ്യക്തിയുടെ സ്വാതന്ത്ര്യവും അതിനനുസരിച്ച പ്രവര്‍ത്തനവുമാണ്.

സോഷ്യലിസത്തിന്റെ ഘടന നല്ലതായിരുന്നു. പക്ഷേ, അത് വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ അതില്‍നിന്ന് പിന്തിരിഞ്ഞു. മനുഷ്യന്‍ എന്നു പറയുന്ന വ്യക്തിക്ക് സ്വാതന്ത്ര്യം ഏറെ പ്രധാനമാണ്. ഭക്ഷണവും വസ്ത്രവും കിട്ടിയതു കൊണ്ട് മനുഷ്യന്‍ സംതൃപ്തനാകുന്നില്ല. മാര്‍ക്‌സിസത്തില്‍ അടിസ്ഥാനപരമായി ഹ്യൂമനിസം ഉണ്ട്. അത് പ്രയോഗത്തില്‍ വന്നില്ല. ഫ്യൂഡലിസത്തില്‍ ഒരാളുടെ സാമൂഹികാവസ്ഥയാണ് അയാളുടെ റോള്‍ നിര്‍വഹിക്കുന്നത്. ക്യാപിറ്റലിസത്തില്‍ അങ്ങനെയല്ല. അത് കഴിവിനാണ്. ക്യാപിറ്റലിസം എപ്പോഴൊക്കെ മനുഷ്യ വിരുദ്ധമായിട്ടുണ്ടോ, അപ്പോഴൊക്കെ അതിനെ തിരുത്താനുള്ള മാര്‍ഗങ്ങള്‍ അതിനകത്ത് രൂപപ്പെട്ടുവന്നിട്ടുണ്ട്. തിരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോഴാണ് ആ വ്യവസ്ഥിതിയെ തൂത്തെറിയേണ്ടത്. ക്യാപിറ്റലിസം നാലഞ്ചു നൂറ്റാണ്ടായി നിലനില്‍ക്കുകയാണ്.

ഉപസംഹാരം

തൊഴിലാളി, അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ വിമോചന പ്രത്യയ ശാസ്ത്രം എന്ന നിലയില്‍ കമ്മ്യൂണിസത്തെ കാണുന്ന കുഞ്ഞാമന്‍ സ്വയം താന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ് എന്ന് വിശ്വസിക്കുമ്പോഴും അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും ആഗോളവല്‍ക്കരണവും നവലിബറല്‍ നയങ്ങളും ഏറ്റവും പാവപ്പെട്ട, അരികുവല്‍ക്കരിച്ചവന്റെ പോലും, ജീവിത നിലവാരം ഉയര്‍ത്തുന്നുണ്ടെന്നു കൃത്യമായി മനസ്സിലാകുന്നുണ്ട്. വൈരുദ്ധ്യാത്മിക ഭൗതിക വാദത്തിനും കളക്റ്റിവിസത്തിനും സ്വകാര്യ സ്വത്ത് ആര്‍ജിക്കുന്നതിന് എതിരായുമുള്ള കമ്മ്യുണിസത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ മുഴുവനും പൊള്ളത്തരമാണെന്നും അതിനു നേര്‍ എതിര്‍ ദിശയിലുള്ള വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യ സ്വത്ത് ആര്‍ജിക്കുക എന്ന ക്യാപിറ്റലിസ്റ്റ് ആശ്യങ്ങളാണ് സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതെന്നതിന്റെ വിശദീകരണം കൂടിയാകുന്നുണ്ട് ഈ ആത്മകഥ.

പ്രത്യയശാസ്ത്ര ചട്ടക്കൂടുകളില്‍ നിന്നും മോചിതകരാകാത്ത ബുദ്ധിജീവികളാണ് നമ്മുടെ സാമൂഹിക സാംസ്‌കാരിക ലോകത്തെ ഇപ്പോഴും നിയന്ത്രിക്കുന്നത്. കുഞ്ഞാമനെ പോലെയുള്ള ജൈവിക ബുദ്ധിജീവികള്‍ ഇപ്പോഴും സാംസ്‌കാരിക പൊതു മണ്ഡലത്തിന്റെ അരുകുകളില്‍ നിര്‍ത്താനാണ് അവര്‍ക്ക് താത്പര്യം. ഇതിന് ‘എതിര്’ ആയി മുന്നേറാനുള്ള അര്‍ജവമുള്ള കൃതിയാണ് കുഞ്ഞാമന്റെ ആത്മകഥ. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക അവസ്ഥകളെ മനസിലാക്കാന്‍ എല്ലാവരും അത്യാവശ്യം വായിച്ചിരിക്കേണ്ട കൃതിയാണ് ‘എതിര്’.

Loading