പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതില്‍ തെറ്റുണ്ടോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


”ഹല്‍ദിയ ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതുമായി ബന്ധപെട്ടു ആ പരിസരത്തു ഒരു ടൗണ്‍ഷിപ്പ് തന്നെ പണിയുകയും, മാനേജര്‍മാര്‍ക്ക് താമസിക്കാന്‍ ബംഗ്ലാവും, സ്‌കൂളും റോഡുകളും, ഹോസ്പിറ്റലും ഒക്കെ തന്നെ ഉണ്ടായി. എന്നാല്‍ ഈ പ്ലാന്റില്‍ നിന്ന് ഒരു കിലോ വളം പോലും ഉല്‍പ്പാദിപ്പിക്കപ്പെട്ടില്ല. എന്തെന്നാല്‍ അത് സാമ്പത്തികമായി പ്രായോഗികമായിരുന്നില്ല. വളം ഉല്‍പ്പാദിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടത്തെക്കാള്‍ ലാഭം, അത് ഉല്‍പ്പാദിപ്പിക്കാതെ ഇരിക്കുക എന്നതായിരുന്നു.”- രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

പൊതുമേഖലയും സ്വകാര്യമേഖലയും

ഇപ്പോഴത്തെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നു എന്ന ആരോപണം ഈയിടെയായി ധാരാളമായി കേള്‍ക്കുന്നു .സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം, ക്യാപിറ്റലിസത്തെക്കാളും ശ്രേഷ്ഠമാണെന്ന് വിശ്വസിച്ചു നെഹ്രുവിന്റെ ‘മിശ്ര സമ്പത് വ്യവസ്ഥ’ ഇന്ത്യ സ്വീകരിച്ചു. ഉദ്ദേശശുദ്ധിയോട് കൂടി തുടങ്ങിയ ഈ മിശ്ര സമ്പത് വ്യവസ്ഥ നിയന്ത്രണങ്ങളും കുത്തകകളും ലോബികളും സംയോജിപ്പിച്ചാണ് ഉരുത്തിരിഞ്ഞു വന്നത്. പക്ഷേ ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുകയാണ് ചെയ്തത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പൊതുജനാരോഗ്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനു പകരം, അത് സബ്‌സിഡികള്‍ എത്തിച്ചു. സബ്‌സിഡി ഇല്ലാതെ ജീവിക്കാന്‍ കഴിയുമായിരുന്ന മധ്യവര്‍ഗത്തിനും പണക്കാര്‍ക്കും ആണ് ഈ നടപടി പ്രയോജനം ചെയ്തത്.

മിശ്ര സമ്പദ്വ്യവസ്ഥയുടെ പ്രശ്‌നം ഉദ്ദേശശുദ്ധി എന്നതിനേക്കാളുപരി പ്രകടനത്തിന്റെതായിരുന്നു. പലപ്പോഴും ഭരണകൂടം പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ക്ഷേമത്തെക്കാളുപരി രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥ പ്രഭുക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായിരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആരോടും ഉത്തരവാദിത്തമില്ലാത്ത ശക്തമായ ഒരു നിക്ഷിപ്ത താല്‍പ്പര്യ ഗ്രൂപ്പായി മാറി. കെടുകാര്യസ്ഥത മൂലം കമ്പനി നഷ്ട്ടം വന്നാലും, ജോലി ചെയ്തില്ലെങ്കിലും, ശമ്പളം കൃത്യസമയത്തു വാങ്ങേണ്ടവരാണെന്നു ഈ ജീവനക്കാര്‍ സ്വയം വിശ്വസിച്ചു.

ഒറ്റ സ്‌കൂട്ടര്‍ പോലും ഉണ്ടാക്കാത്ത സ്‌കൂട്ടര്‍ കമ്പനി!

ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഹല്‍ദിയ ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതുമായി ബന്ധപെട്ടു ആ പരിസരത്തു ഒരു ടൗണ്‍ഷിപ്പ് തന്നെ പണിയുകയും, മാനേജര്‍മാര്‍ക്ക് താമസിക്കാന്‍ ബംഗ്ലാവും, സ്‌കൂളും റോഡുകളും, ഹോസ്പിറ്റലും ഒക്കെ തന്നെ ഉണ്ടായി. ജീവനക്കാര്‍ പ്ലാന്റില്‍ ജോലിക്ക് പോയി, ക്ലീനിങ് സ്റ്റാഫ് പ്ലാന്റ് വൃത്തിയാക്കി ഇട്ടു, മെഷീനുകളുടെ മെയിന്റനന്‍സ് നടന്നു, ഓവര്‍ടൈമും ബോണ്‍സും ഒക്കെ ഉണ്ടായിരുന്നു എന്നാല്‍ ഈ പ്ലാന്റില്‍ നിന്ന് ഒരു കിലോ വളം പോലും ഉല്‍പ്പാദിപ്പിക്കപ്പെട്ടില്ല. എന്തെന്നാല്‍ അത് സാമ്പത്തികമായി പ്രായോഗികമായിരുന്നില്ല. വളം ഉല്‍പ്പാദിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ട്ടത്തെക്കാള്‍ ലാഭം, അത് ഉല്‍പ്പാദിപ്പിക്കാതെ ഇരിക്കുക എന്നതായിരുന്നു.

മറ്റൊരു ഉദാഹരണം ആണ് 1972-ല്‍ ലക്‌നോവില്‍ സ്ഥാപിക്കപ്പെട്ട സ്‌കൂട്ടര്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം. 1992-ല്‍ ഏതാണ്ട് 3,000 പേര്‍ ജോലിക്ക് വന്നിരുന്ന ആ സ്ഥാപനത്തില്‍ 1982 മുതല്‍ ഒരൊറ്റ സ്‌കൂട്ടര്‍ പോലും ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. നീണ്ട കാലത്തിന് ശേഷം 2021-ല്‍ സര്‍ക്കാര്‍ ഈ സ്ഥാപനം പൂട്ടാന്‍ ഉത്തരവ് കൊടുത്തു!

കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ (CPSE) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1.5 ലക്ഷം കോടി രൂപയുടെ നഷ്ടം ആണ് വരുത്തിയത്. 248-ല്‍ CPSE കളില്‍ 84ഉം നഷ്ടത്തിലാണ്. ONGC, IOC, Power grid, NTPC, SAIL എന്നിവ മികച്ച അഞ്ച് പ്രകടനക്കാരായി ഉയര്‍ന്നതോടെ, 2021-22 കാലയളവില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായം 50.87 ശതമാനം ഉയര്‍ന്ന് 2.49 ലക്ഷം കോടി രൂപയായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷം 1.65 ലക്ഷം കോടി രൂപയായിരുന്നു.

എന്നാല്‍ ഇവിടെ മനസ്സിലാക്കേണ്ട കാര്യം ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒക്കെ സര്‍ക്കാര്‍ കുത്തകകള്‍ ആണ്. അവര്‍ക്ക് ഫ്രീ മാര്‍ക്കറ്റില്‍ മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളുമായി മത്സരിക്കേണ്ടതില്ല. ഉദാ Coal India Limited 82% മാര്‍ക്കറ്റ് ഷെയര്‍ കൈവശം വച്ചിരിക്കുന്നു. IRCTC, HAL ഒക്കെ 100% മാര്‍ക്കറ്റ് ഷെയര്‍ കൈവശം വച്ചിരിക്കുന്നു. അതായത് ഉല്‍പ്പന്നത്തിന്റെ വിലനിയന്ത്രണം പൂര്‍ണമായി ഇവരുടെ കയ്യില്‍ ആണ്. മത്സരമുണ്ടായാല്‍ ഉല്‍പ്പന്നത്തിന്റെ വിലകുറയും. മത്സരമില്ലാത്തതിനാല്‍ ഉപഭോക്താവ് കൂടുതല്‍ പണം കൊടുത്തു ഉല്‍പ്പന്നം വാങ്ങേണ്ടി വരുന്നു.

പൊതുമേഖലയിലെ ടോയ്‌ലറ്റ് നിര്‍മ്മാണം

സ്വച്ഛ് വിദ്യാലയ അഭിയാന്‍ (SVA) പദ്ധതി പ്രകാരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിന് 53 പൊതുമേഖലാ സ്ഥാപനങ്ങള്‍ (CPSE) പങ്കെടുക്കുകയും 1,40,997 ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഏഴ് CPSEIÄ, National Thermal Power Corporation (NTPC), Power Grid Corporation of India Limited (PGCIL), National Hydroelectric Power Corporation (NHPC), Power Finance Corporation (PFC), Rural Electrification Corporation (REC), Oil and Natural Gas Corporation (ONGC) and Coal India Limited, 2,162.60 കോടി രൂപ ചെലവില്‍ 1,30,703 ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു. 15 സംസ്ഥാനങ്ങളിലെ 2048 സ്‌കൂളുകളിലായി 2,695 ടോയ്‌ലെറ്റുകളില്‍ സര്‍വേ നടത്തി ഈ ഏഴു പൊതുമേഖലാ സ്ഥാപനങ്ങളുടെയും ടോയ്‌ലെറ്റുകളുടെ നിര്‍മാണം CAG പരിശോധിച്ചു.

ഇവര്‍ നിര്‍മിച്ച ടോയ്‌ലറ്റുകളില്‍ പകുതിയിലെങ്കിലും (55%) കൈ കഴുകാന്‍ വാഷ് ബേസിന്‍ പോലുള്ള അടിസ്ഥാന സൗകര്യമില്ല. 72% ടോയ്‌ലെറ്റുകളില്‍ ശുചീകരണത്തിനുള്ള വെള്ളത്തിന്റെ അഭാവം, 75% ടോയ്‌ലെറ്റുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തത്, പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ടോയ്‌ലറ്റുകളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം CAG റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വഴിപാട് പോലെ ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏല്‍പ്പിച്ച പണി നടത്തിയത്. സര്‍വേ മൊത്തം ടോയ്‌ലറ്റുകളുടെ 2% മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളു എന്നതിനാല്‍, ശേഷിക്കുന്ന 98% ടോയ്‌ലറ്റുകളില്‍ പുനരവലോകനം ചെയ്യാനും ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും CPSEകളോട് നിര്‍ദ്ദേശിച്ചിരുന്നു.

കേരളത്തില്‍ ബെവ്‌ക്കോവരെ നഷ്ടത്തില്‍

2020-21 ലെ കേരളത്തിലെ പൊതുസംരംഭങ്ങളുടെ വാര്‍ഷിക അവലോകനം കാണിക്കുന്നത് കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് (SLPE) ഉണ്ടായ അറ്റനഷ്ടം മുന്‍ വര്‍ഷത്തെ 1,738.25 കോടി രൂപയില്‍ നിന്ന് 6,055.47 കോടി രൂപയായി വര്‍ദ്ധിച്ചു എന്നതാണ്. 153 SLPEകളില്‍ 116 എണ്ണം മാത്രമാണ് റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വന്നത്. കരാറിലേര്‍പ്പെട്ടവരടക്കം 1.33 ലക്ഷം പേര്‍ ആണ് ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. ലാഭമുണ്ടാക്കുന്ന സംരംഭങ്ങളുടെ എണ്ണം 50 ആയിരുന്നു. എന്നാല്‍ അവര്‍ നേടിയ മൊത്തം ലാഭം 2019-20 ലെ 883.73 കോടി രൂപയില്‍ നിന്ന് 2020-21 ല്‍ 513.79 കോടി രൂപയായി 41.86% കുറഞ്ഞു.

ഏറ്റവും ലാഭകരമായ സംരംഭം KSFE (146.41 കോടി), Kerala minerals and metals limited (85.28 കോടി), Kerala feeds limited (36.07 കോടി) എന്നിവയാണ്. നഷ്ടത്തിലായ സംരംഭങ്ങളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് KSRTC (1,976.03 കോടി രൂപ), KSEB (1,822.35 കോടി), Kerala state beverages corporation, BEVCO (1,608.17 കോടി). ഇവരുടെ കുത്തക ഉള്ള മേഖലകളില്‍ പോലും കെടുകാര്യസ്ഥത കൊണ്ട് നഷ്ട്ടമാണ് സംഭവിച്ചിരിക്കുന്നത്.

ഇവ വെറും തൊഴില്‍ കൊടുക്കുന്ന സ്ഥാപനങ്ങള്‍

സ്വത്ത് പൊതുവായി കൈവശം വയ്ക്കുമ്പോള്‍ അത് വ്യക്തികള്‍ക്ക് വ്യാപാരത്തിനും നിക്ഷേപത്തിനും ഒരു പ്രോത്സാഹനവും നല്‍കുന്നില്ല. മാത്രമല്ല എല്ലാവരും സ്വന്തം താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുകയും മറ്റാരെങ്കിലും ആ ജോലി ചെയ്യുമെന്ന് കരുതുകയും ചെയ്യും എന്ന് കരുതി ആരും പരിപാലിക്കുകയില്ല. ഇത് മനുഷ്യന്റെ അടിസ്ഥാന സ്വഭാവം ആണ്. അതുകൊണ്ട് തന്നെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ബിസിനസ് ഉണ്ടാക്കുന്നതില്‍ പരാജയപ്പെടുകയും, വെറും തൊഴില്‍ കൊടുക്കുന്ന സ്ഥാപനങ്ങള്‍ ആയി മാറുകയും ചെയ്യുന്നത്. ഒരു സ്ഥാപനം നടത്തേണ്ടത് തൊഴില്‍ കൊടുക്കുക എന്ന ഉദ്ദേശത്തോടെ ആവരുത്. പകരം ഉപഭോക്താവിന് മികച്ച ഉല്‍പ്പന്നം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആവണം. ഉല്‍പ്പന്നം എത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍, സ്വാഭാവികമായി ഉണ്ടാവുന്ന ഒരു പ്രക്രിയ ആണ് തൊഴില്‍ കൊടുക്കുക എന്നത്. നികുതിദായകരുടെ പണം കൊടുത്താണ് പുതുമേഖലാ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നത്. നഷ്ട്ടത്തില്‍ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതും നികുതിദായകരുടെ പണം കൊണ്ടാണ്.

ഒരു പ്രൈവറ്റ് സ്ഥാപനം നഷ്ടത്തിലായാല്‍ അത് അടച്ചു പൂട്ടും. ജനങ്ങള്‍ക്ക് അത് കൊണ്ട് യാതൊരു പണച്ചെലവും ഉണ്ടാവുന്നില്ല. എന്നാല്‍ ഒരു പൊതുമേഖലാ സ്ഥാപനം നഷ്ട്ടത്തിലായാല്‍ തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദ്ദം കൊണ്ടും ജീവനക്കാരുടെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകള്‍ നേടണം എന്ന രാഷ്ട്രീയക്കാരുടെ സ്ഥാപിത താല്‍പര്യങ്ങളും മുന്‍നിര്‍ത്തി സര്‍ക്കാര്‍ അതിനെ സബ്‌സിഡി കൊടുത്തു നിലനിര്‍ത്തും. നികുതിദായകരുടെ പണം വെള്ളാനകളെ പോറ്റാന്‍ വേണ്ടി വീണ്ടും വീണ്ടും മുടക്കുന്നത് ഒരനീതി ആണ്. ഇന്‍കം ടാക്‌സോ കോര്‍പ്പറേറ്റ് ടാക്‌സോ അടയ്ക്കുന്നവര്‍ മാത്രമല്ല നികുതിദായകര്‍. Direct tax/ Indirect tax ഇനത്തില്‍ ഗവണ്മെന്റ് വിവിധതരത്തില്‍ നികുതി പിരിക്കുന്നുണ്ട്. ഒരു ദിവസക്കൂലിക്കാരന്‍ തന്റെ കുഞ്ഞിന് വേണ്ടി ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് വാങ്ങിക്കുമ്പോള്‍ ആയാലും കൊടുക്കുന്നുണ്ട് സര്‍ക്കാരിന് നികുതി. അങ്ങനെ പാവപ്പെട്ടവരില്‍ നിന്ന് കൂടി വാങ്ങുന്ന നികുതി വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്താനായി മുടക്കുന്നത് എങ്ങനെ നീതീകരിക്കാന്‍ സാധിക്കും?

മന്‍മോഹന്‍ സിങ്ങിന്റെ സമയത്തു തുടങ്ങിയ disinvestment തുടര്‍ന്ന് കൊണ്ട് പോകാനേ സാധിക്കു, അത് ഏതു സര്‍ക്കാര്‍ ഭരിച്ചാലും. അതാണ് സാമൂഹിക നീതി.

”One of the ways of understanding the consequences of economic decisions is to look at them in terms of the incentives they create, rather than the goals they pursue. This means that consequences matter more than intentions- and not just the immediate consequences, but also the longer run repercussions.’ – Thomas Sowell

Leave a Reply

Your email address will not be published. Required fields are marked *