റഷ്യയിലെ സ്റ്റാലിനിസത്തിന്റെ അന്ത്യം; പ്രമോദ് കുമാർ എഴുതിയ പുസ്തക നിരൂപണം


“കേരള കമ്മ്യുണിസത്തിന്റെ അറിയപ്പെടാത്ത ചരിത്രത്തെ അനാവരണം ചെയ്യുന്ന രാമചന്ദ്രന്റെ നക്ഷത്രവും ചുറ്റികയും എന്ന കേരള കമ്യുണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തെ അവലോകനം ചെയ്യുന്ന ഉജ്ജ്വല കൃതിയിൽ ക്രൂഷ്ചേവിന്റെ രഹസ്യ റിപ്പോർട്ടിനെ കുറിച്ചും ആ രഹസ്യം ലോകത്തിന് മുന്നിൽ എത്തിപ്പെട്ട സംഭവങ്ങളെ കുറിച്ചും വിശദമായി അവതരിപ്പിക്കുന്നുണ്ട്.” -പ്രമോദ് കുമാർ എഴുതുന്നു

1991 ഡിസംബർ 25 ന് മിഖായേൽ ഗോർബചേവ്, താൻ USSR ന്റെ പ്രസിഡന്റ് സ്ഥാനത്തിൽ നിന്നും രാജി വെയ്ക്കുന്നെന്ന് പ്രഖ്യാപിക്കുന്നതാണ് ഔദ്യോഗികമായ സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്കിന്റെ ചരമകുറിപ്പ്. ആ പ്രഖ്യാപനം കമ്യുണിസ്റ്റ് സഹയാത്രികർക്ക് വലിയ ഞെട്ടലുണ്ടാക്കിയെങ്കിലും, സോവിയറ്റ് യൂണിയൻ അതിന്റെ ഊർദ്ധ്വാൻ വലിച്ചു കൊണ്ടിരിക്കുകയാണെന്നും, അതിന്റെ മരണം ഏത് നേരത്ത് വേണമെങ്കിലും പ്രഖ്യാപിക്കപ്പെടുമെന്ന് എല്ലാ രാഷ്ട്രീയ നിരീക്ഷകർക്കും അറിയാമായിരുന്നു.

എന്നാൽ, ഗോർബചേവിന്റെ പ്രഖ്യാപനത്തിനും 35 വർഷം മുമ്പ്, 1956 ഫെബ്രുവരി 25 ന് ലോകത്തെ ഞെട്ടിക്കുകയും കമ്യുണിസ്റ്റ് സഹയാത്രികരെ നിരാശയുടെ പടുകുഴിയിലേക്ക് വലിച്ചെറിയുകയും ചെയ്ത മറ്റൊരു പ്രഖ്യാപനയുണ്ടായിരുന്നു. പാർട്ടിയുടെ 20-ാം കോൺഗ്രസിന്റെ രഹസ്യസമ്മേളനത്തിൽ സ്റ്റാലിന്റെ വ്യക്തിപൂജക്കെതിരായ പാർട്ടിയുടെ ഒന്നാം സെക്രട്ടറി ക്രൂഷ്ചേവ് അവതരിപ്പിച്ച റിപ്പോർട്ടായിരുന്നു അത്. 1956 ഫെബ്രുവരി 25 പാതിര കഴിഞ്ഞാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം കോൺഗ്രസിന്റെ രഹസ്യസമ്മേളനത്തിൽ സ്റ്റാലിന്റെ വ്യക്തിപൂജക്കെതിരായ പാർട്ടി റിപ്പോർട്ട് വായിക്കാൻ ക്രൂഷ്ചേവ് ആരംഭിച്ചത്. അത് പുലർച്ചെ നാലുവരെ നീണ്ടു. ക്രൂഷ്ചേവിന്റെ പ്രസംഗത്തിനിടയ്ക്ക് ചിലർക്ക് ഹൃദയാഘാതമുണ്ടായെന്നും കോൺഗ്രസിനു ശേഷം ചിലർ ആത്മഹത്യ ചെയ്തുവെന്നും പിന്നീട് വാർത്തകൾ പടർന്നിരുന്നു.

വളരെ രഹസ്യമായി അവതരിപ്പിച്ച ഈ റിപ്പോർട്ട്, പുറം ലോകത്തേക്ക് എത്തിയതും സാവധാനമായിരുന്നു. പ്രഭാഷണത്തിന്റെ ഉടൻ പ്രത്യാഘാതം അത് ചൈന-സോവിയറ്റ് തർക്കം അതിരൂക്ഷമാക്കുകയും കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ, ചൈനയുടെ മാവോയും അൽബേനിയയുടെ എൻവർ ഹോജയും ക്രൂഷ്ചേവിനെ റിവിഷനിസ്റ്റായി മുദ്രകുത്തുകയും ചെയ്തു എന്നതാണ്. ക്രൂഷ്ചേവിനെ ചൈന ഭരണകൂട മുതലാളിത്തത്തിന്റെയും സോഷ്യൽ സാമ്രാജ്യത്വത്തിന്റെയും വക്താവായി കുറ്റപ്പെടുത്താനും തുടങ്ങി. ഇന്ത്യയിലെ പാർട്ടിയാകട്ടെ അതുവരെ ജനത്തിന് മുന്നിൽ വച്ച സിദ്ധാന്തങ്ങളെല്ലാം പിൻവലിക്കേണ്ട നിലയിലെത്തി. പാർട്ടിയുടെ അസ്തിവാരം തന്നെ തോണ്ടുന്ന പ്രഭാഷണമായിരുന്നു അത്. ഇന്നും ലോകത്തുള്ള പല സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസ്റ്റുകളും അവരുടെ സഹയാത്രികരും, ക്രൂഷ്ചേവ് പറഞ്ഞത് നുണയാണെന്നും, റിപ്പോർട്ടിൽ പറയുന്ന പ്രകാരം സ്റ്റാലിൻ ഒരിക്കലും അതിക്രമങ്ങളോ വ്യക്തി ആരാധനായോ നടത്തിട്ടില്ലെന്നും വിശ്വസിക്കാൻ ശ്രമിക്കുന്നവരാണ്.

‘ഇതൊന്നും പത്രങ്ങളിലെത്തിക്കൂടാ, ശത്രുക്കൾക്കു മുന്നിൽ നാം വിഴുപ്പലക്കിക്കൂടാ’ എന്ന താക്കീതോടെ പാർട്ടിയുടെയും രാജ്യത്തിന്റെയും തലവനായിരുന്ന സ്റ്റാലിന്റെ നയസമീപനങ്ങൾ തുറന്നുകാട്ടിയ ഈ പ്രാമാണിക രേഖ ഫലത്തിൽ യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ “ഏകശിലാ സംസ്ക്കാരത്തിനും അപ്രമാദിത്തത്തിനും ആഘാതമേൽപ്പിക്കുകയും തന്മൂലം തമസ്ക്കരിക്കപ്പെടുകയുമാണുണ്ടായത്.” പിന്നീട് ഈ രേഖ മറ്റു വഴികളിലൂടെ പുറം ലോകത്ത് വെളിച്ചം കണ്ടപ്പോഴും മലയാളികളിലേക്ക് എത്തുകയുണ്ടായില്ല. കേരളീയ സോഷ്യലിസ്റ്റ് ആശയരംഗത്ത് ഇന്നും അധീശത്വം പുലർത്തുന്നത് സ്റ്റാലിനിസ്റ്റ് പാരമ്പര്യങ്ങളാണ് ഈ കുഴിച്ചു മൂടലിന് കാരണം.

കേരള കമ്മ്യുണിസത്തിന്റെ അറിയപ്പെടാത്ത ചരിത്രത്തെ അനാവരണം ചെയ്യുന്ന രാമചന്ദ്രന്റെ നക്ഷത്രവും ചുറ്റികയും എന്ന കേരള കമ്യുണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തെ അവലോകനം ചെയ്യുന്ന ഉജ്ജ്വല കൃതിയിൽ ക്രൂഷ്ചേവിന്റെ രഹസ്യ റിപ്പോർട്ടിനെ കുറിച്ചും ആ രഹസ്യം ലോകത്തിന് മുന്നിൽ എത്തിപ്പെട്ട സംഭവങ്ങളെ കുറിച്ചും വിശദമായി അവതരിപ്പിക്കുന്നുണ്ട്.

സ്റ്റാലിന്റെ വ്യവസായ നയത്തെ പ്രസംഗത്തിൽ ക്രൂഷ്ചേവ് വിമർശിക്കുന്നില്ല. പലകാലത്തും ഒറ്റതിരിഞ്ഞ് വ്യക്തികളെ പീഡനത്തിനിരയാക്കിയതും വിമർശിക്കുന്നില്ല. അതിന്റെ ഗുണകാംക്ഷി പാർട്ടിയാണല്ലോ. 1932-1933 കാലത്ത് സ്റ്റാലിൻ നടപ്പിലാക്കിയ, മനുഷ്യനിർമിത ക്ഷാമമായ ‘ഹോളോഡോമോറി’ൽ ദശലക്ഷക്കണക്കിന് ഉക്രേനികളാണ് കൊല്ലപ്പെട്ടത്. ഹോളോഡോമോറിൻ്റെ (“പട്ടിണി കൊണ്ടുള്ള കൊലപാതകം”) ഉക്രേനിയൻ വംശഹത്യയുടെ ഇരകളുടെ കൃത്യമായ എണ്ണം നിർണ്ണയിക്കുക അസാധ്യമാണെങ്കിലും, ഏകദേശം 3.5 ദശലക്ഷം മുതൽ 7 ദശലക്ഷം വരെയാണ് എന്ന് കണക്കാക്കുന്നു. ഉക്രേനിയൻ ദേശിയത തകർക്കുന്നതിന് സ്റ്റാലിന് നടപ്പിലാക്കിയ വംശഹത്യയുടെ ഗുണഭോക്താവ് പാർട്ടി കൂടിയായതിനാൽ ക്രുഷ്ചേവിന്റെ റിപ്പോർട്ടിൽ ഇതിനെ കുറിച്ച് ഒരു പരാമർശം പോലുമില്ല. വ്യക്തിപൂജയും സ്റ്റാലിന്റെ സ്വന്തം ദൗർബല്യങ്ങളും ചേർന്ന് സ്റ്റാലിൻ പാർട്ടിയുടെ ‘ശത്രു’വും രഹസ്യപോലീസ് മേധാവിയുമായ ലാവ്റേന്റി ബേറിയയുടെ കുരുക്കിൽ വീഴുകയായിരുന്നവെന്നാണ് പ്രസംഗത്തിൽ ആരോപിക്കുന്നത്.

ക്രൂഷ്ചേവിന്റെ പ്രഭാഷണത്തിന്റെ പ്രധാനപ്പെട്ട ഒരുവശം, അത് ലെനിൻ, ലെനിന്റെ ഭാര്യ ക്രുപ്സ്യ എന്നിവരോടുള്ള സ്റ്റാലിന്റെ ശത്രുത മറനീക്കി പുറത്തുകൊണ്ടുവന്നു എന്നതാണ്. ലെനിൻ 1922 ഡിസംബർ 23 നും 1923 മാർച്ച് രണ്ടിനുമിടക്ക് എഴുതിയ അവസാന കത്തുകളും ലേഖനങ്ങളും ‘ലെനിന്റെ രാഷ്ട്രീയ ഒസ്യത്ത്’ എന്നറിയപ്പെടുന്നു. ഇവയുടെ ഉള്ളടക്കം എന്താണെന്ന് ലോകം ആദ്യമായറിയുന്നത് ക്രൂഷ്ചേവിന്റെ പ്രഭാഷണത്തിലൂടെയാണ്.

പോലോവ് ചെയർമാനും കൊമറോവ്, അരിസ്റ്റോവ്, ഷ്വെർനിക് എന്നിവർ അംഗങ്ങളുമായി 1955 ജനുവരി 31 ന് കേന്ദ്ര കമ്മിറ്റി കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൂഷ്ചേവ് പ്രസംഗം തയാറാക്കിയത്. 1934 ലെ പതിനേഴാം പാർട്ടി കോൺഗ്രസ് പ്രതിനിധികളിൽ ഭൂരിക്ഷവും ഉന്മൂലനം ചെയ്യപ്പെട്ടതിനെപ്പറ്റി അന്വേഷിക്കുകായിരുന്നു ഈ കമീഷന്റെ സവിശേഷ ദൗത്യം. ‘വിജയികളുടെ കോൺഗ്രസ്’ (Congress of Victors) എന്നാണ് ഈ കോൺഗ്രസ് അറിയപ്പെട്ടത്. എന്നിട്ടും കോൺഗ്രസിലെ ഭൂരിപക്ഷം പ്രതിനിധികളും പാർട്ടി ശത്രുക്കളായി മുദ്രകുത്തപ്പെട്ടതെങ്ങനെ?

1934 ലെ 17-ാം പാർട്ടി കോൺഗ്രസിൽ കുറെ പ്രതിനിധികൾ സ്റ്റാലിനെ മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നു. അവരെല്ലാം സ്റ്റാലിനെതിരെ വോട്ടുചെയ്തു. എന്നാൽ, ആ കോൺഗ്രസിൽ പങ്കെടുത്ത 1960 പ്രതിനിധികളിൽ 1108 പേരെയും 17-ാം കോൺഗ്രസ് തെരഞ്ഞെടുത്ത 139 കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ 98 പേരെയും സ്റ്റാലിൻ കൊന്നു. ലെനിന്റെ ഒസ്യത്തിൽ പേരെടുത്ത് പറഞ്ഞ എല്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും കൊന്നു. 1937-38 ൽ, ‘മഹത്തായ ശുദ്ധീകരണ'(Great Purge) ത്തിന്റെ ഉച്ചസ്ഥായിയിൽ, സോവിയറ്റ് വിരുദ്ധരെന്ന് മുദ്രകുത്തി 15 ലക്ഷം പേരെ അറസ്റ്റ് ചെയ്യുകയും അതിൽ 6,80,000 പേരെ വകവരുത്തുകയും ചെയ്തതായി പോലോവ് കമീഷൻ കണ്ടെത്തിയിരുന്നു.

ഇരുപതാം പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ:

സഖാക്കളേ!

ഇരുപതാം കോൺഗ്രസിനുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്, പ്രതിനിധികളുടെ നിരവധി പ്രസംഗങ്ങൾ, മുമ്പുനടന്ന കേന്ദ്രകമ്മിറ്റി/പാർട്ടി പ്ലീനം എന്നിവയിലെല്ലാം വ്യക്തിപൂജയെയും അതുണ്ടാക്കുന്ന മാരകമായ പ്രത്യാഘാതങ്ങളെയും പറ്റി ഒരുപാട് പറയുകയുണ്ടായി.

സ്റ്റാലിന്റെ മരണശേഷം കേന്ദ്രകമ്മിറ്റി സംഗ്രഹിച്ച് ഒരു സ്ഥിരനയം വിശദീകരിക്കാൻ തുടങ്ങി. ഒരാളെ ഉയർത്തിക്കാട്ടി അയാളെ അതീത സ്വഭാവങ്ങളുള്ള അമാനുഷനും ദൈവവുമാക്കി മാറ്റുന്ന പ്രവണത അനുവദിക്കില്ല. അത് മാർക്സിസം-ലെനിനിസത്തിന്റെ സത്തക്ക് നിരക്കില്ല. അത്തരമൊരാൾ സർവ്വജ്ഞാനിയും സർവ്വദർശിയും എല്ലാവർക്കും വേണ്ടി ചിന്തിക്കുന്നവനും എന്തും ചെയ്യാൻ കെൽപുള്ളവനും ഒക്കെയാണ്.

ഒരു വ്യക്തിയെപ്പറ്റി, സ്റ്റാലിനെപ്പറ്റി, അങ്ങനെ ഒരു വിശ്വാസം നിരവധി വർഷങ്ങളായി നമുക്കിടയിൽ വളർത്തപ്പെട്ടു. സ്റ്റാലിന്റെ ജീവിതവും കർമവും സമഗ്രമായി വിലയിരുത്തുക ഈ റിപ്പോർട്ടിന്റെ ലക്ഷ്യമല്ല. സ്റ്റാലിന്റെ മേന്മകളെപ്പറ്റി അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ വേണ്ടത്ര പുസത്കങ്ങളും ലഘുലേഖകളും പഠനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം, ആഭ്യന്തരയുദ്ധം, സോഷ്യലിസത്തിന്റെ നിർമാണം എന്നിവയിൽ സ്റ്റാലിന്റെ പങ്ക് ലോകത്തെല്ലാവർക്കും നന്നായി അറിയാം.

ഇപ്പോൾ എക്കാലത്തേക്കും നിർണായകമായ ഒരു പ്രശ്നമാണ് പാർട്ടിക്ക് മുന്നിലുള്ളത്. എങ്ങനെയാണ് സ്റ്റാലിൻ വ്യക്തിപൂജ ഉണ്ടായത്? പാർട്ടി തത്ത്വങ്ങളെ അതിഗുരുതരമായി വക്രീകരിച്ച ചില സംഭവങ്ങളുടെ ഉറവിടമായി അത് മാറിയതെങ്ങനെ? പാർട്ടി ജനാധിപത്യം, വിപ്ലവനീതി എന്നിവ തകർക്കപ്പെട്ടതിന്റെ കാരണമായി ചില ഘട്ടങ്ങളിൽ അത് മാറിയതെങ്ങനെ?

അളവറ്റ അധികാരം വ്യക്തിപൂജയുടെ പ്രായോഗിക പ്രത്യാഘാതങ്ങൾ ഇപ്പോഴും എല്ലാവർക്കും അറിയില്ല. പാർട്ടി ലക്ഷ്യത്തിനുള്ള കൂട്ടുത്തരവാദിത്തം ലംഘിക്കപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റിയോ ഒരാളുടെ കൈയിൽ കുമിഞ്ഞുകൂടിയാലുണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയോ അറിയില്ല. അതിനാൽ ഇതുസംബന്ധിച്ച് ലഭ്യമായ രേഖകൾ സോവിയറ്റ് പാർട്ടിയുടെ 20-ാം കോൺഗ്രസ് മുമ്പാകെ വയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രകമ്മിറ്റി കരുതുന്നു.

ലെനിനോടുള്ള സ്റ്റാലിന്റെ ശത്രുത

പിൽക്കാലത്ത് ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കിയ സ്വഭാവദൂഷ്യങ്ങൾ സ്റ്റാലിനിൽ നേരത്തേ തന്നെ ലെനിൻ കണ്ടെത്തിയിരുന്നു. പാർട്ടിയുടെയും രാജ്യത്തിന്റെയും ഭാവി അവതാളത്തിലാകാതിരിക്കാൻ സ്റ്റാലിന്റെ സമ്പൂർണ സ്വാഭാവചിത്രം ലെനിൻ വരച്ചിട്ടു. സ്റ്റാലിൻ മുരടനെപ്പോലെ സഖാക്കളോട് പെരുമാറുന്നു. ദുരമൂത്ത് അധികാരം ദുർവിനിയോഗം ചെയ്യുന്നു എന്നീ കാരണങ്ങളാൽ അദ്ദേഹത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ലെനിൻ അഭിപ്രായപ്പെട്ടിരുന്നു.

1922 ഡിസംബറിൽ പാർട്ടി കോൺഗ്രസിനുള്ള കത്തിൽ ലെനിൻ എഴുതി: “ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റശേഷം സഖാവ് സ്റ്റാലിൻ അളവറ്റ അധികാരം കുന്നുകൂട്ടി. അവധാനതയോടെ ഈ അധികാരം അദ്ദേഹം ഉപയോഗിക്കുമെന്ന് എനിക്ക് ഉറപ്പില്ല.”

വ്ളാദിമിർ ഇലിയിച്ച് (ലെനിൻ) പറഞ്ഞു: “സ്റ്റാലിൻ മുരത്ത മുരടനാണ്. ഈ ദോഷം നമ്മളും കമ്യൂണിസ്റ്റുകൾക്കിടയിലും സഹിച്ചെന്നുവരാം. എന്നാൽ, ഇത് ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേർന്നതല്ല. ഇക്കാരണത്താൽ സ്റ്റാലിനെ ഈ സ്ഥാനത്തുനിന്ന് നീക്കി മറ്റൊരാളെ തെരഞ്ഞെടുക്കുന്നതിനെപ്പറ്റി സഖാക്കൾ ആലോചിക്കണം. സഖാക്കളോട് സ്റ്റാലിനെക്കാൾ സഹിഷ്ണുതയും കൂറും ദയയും കരുതലും ക്ഷമയുമുള്ള ഒരാളെ പകരം കണ്ടെത്തണം.

ലെനിന്റെ ഈ കത്ത് 13-ാം പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്ക് വിതരണം ചെയ്തു. സ്റ്റാലിനെ മാറ്റുന്ന കാര്യം ആലോചിച്ചു. എന്നാൽ, സ്റ്റാലിനെ നിലനിർത്താനാണ് പ്രതിനിധികൾ തീരുമാനിച്ചത്. ലെനിന്റെ വാക്കുകൾ കേട്ട് സ്റ്റാലിൻ ദോഷങ്ങൾ അകറ്റുമെന്ന് അവർ കരുതി.

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യൽ

സ്വാധീനം, വിശദീകരണം, ക്ഷമാപൂർവമുള്ള സഹകരണം എന്നിവ വഴിയല്ല സ്റ്റാലിൻ ജനവുമായി ഇടപെട്ടത്. തന്റെ ആശയങ്ങൾ അദ്ദേഹം അടിച്ചേൽപിച്ചു. തന്റെ അഭിപ്രായങ്ങൾക്ക് എല്ലാവരും കീഴടങ്ങണമെന്ന് നിർബന്ധിച്ചു. ഈ ആശയങ്ങളെ എതിർക്കുകയോ സ്വന്തം അഭിപ്രായങ്ങൾ തെളിയിക്കാൻ ശ്രമിക്കുകയോ സ്വന്തം നിലപാടിന്റെ കൃത്യത തെളിയിക്കാൻ ശ്രമിക്കുകയോ ചെയ്ത ആരെയും നേതൃത്വത്തിൽ നിന്നൊഴിവാക്കി. മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് വിധേയരാക്കി. 17-ാം പാർട്ടി കോൺഗ്രസിനുശേഷം, കമ്യൂണിസത്തിന് സ്വയം സമർപ്പിച്ചു. സത്യസന്ധരായ നിരവധി നേതാക്കളും പാർട്ടി പ്രവർത്തകരും ഇങ്ങനെ സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തിന് ഇരകളായി.

‘ജനശത്രു’ എന്ന ആശയം സൃഷ്ടിച്ചത് സ്റ്റാലിനാണ്. ഇതോടെ, ഒരു പ്രശ്നത്തിൽപെട്ടയാളുടെ പ്രത്യയശാസ്ത്രപരമായ തെറ്റ് തെളിയിക്കേണ്ടതില്ല എന്നുവന്നു. ഇതോടെ, സ്റ്റാലിനോട് വിയോജിച്ചവരെയും ദുഷ്ടലാക്കുണ്ടെന്നു സംശയിക്കുന്നവരെയും ദുഷ്കീർത്തിയുള്ളവരെയും വിപ്ലവനീതി ലംഘിച്ച് ക്രൂരമായി അടിച്ചമർത്താം എന്നുവന്നു. പ്രത്യയശാസ്ത്ര പോരാട്ടങ്ങൾ, സ്വന്തം അഭിപ്രായം രേഖപ്പെടുത്തൽ എന്നിവയുടെ സാധ്യകളെ ‘ജനശത്രു’ എന്ന ആശയം ഇല്ലായ്മ ചെയ്തു. എല്ലാ നിയമങ്ങളും ലംഘിച്ച് പ്രതിയുടെ കുറ്റസമ്മതം മാത്രമാണ് തെളിവായി സ്വീകരിക്കപ്പെട്ടത്. പ്രതികളെ ശാരീരിക പീഡനങ്ങൾക്കു വിധേയരാക്കിയാണ് ഈ കുറ്റസമ്മതങ്ങൾ സൃഷ്ടിച്ചിരുന്നത്.

അടുത്തിടെ, ബേറിയ സംഘത്തെ മറനീക്കി കാട്ടിയശേഷം, ഈ സംഘം ചമച്ച ഒരുപാട് സംഭവങ്ങളിലൂടെ കേന്ദ്രകമ്മിറ്റി കടന്നുപോയി. സ്റ്റാലിന്റെ പരുഷ പ്രകൃതവുമായി ബന്ധപ്പെട്ട ആക്രമണത്വര വെളിവാക്കുന്നതായി ഈ പ്രക്രിയ. കേന്ദ്ര കമ്മിറ്റിയുടെ പേരിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ അനുവാദം ചോദിക്കാതെ, പി.ബി. അംഗങ്ങളുടെ അനുവാദമില്ലാതെ, സ്റ്റാലിൻ നിരവധി ദുഷ്കൃത്യങ്ങൾ നടത്തി. നിർണായക പാർട്ടി, സർക്കാർ കാര്യങ്ങളിൽ വ്യക്തിപരമായി തീരുമാനങ്ങൾ എടുത്തശേഷം സ്റ്റാലിൻ അവ അറിയിക്കുകപോലും ചെയ്തില്ല.

ലെനിന്റെ മരണശേഷമുള്ള ആദ്യ ഏതാനും വർഷങ്ങളിൽ പാർട്ടി കോൺഗ്രസുകളും പ്ലീനങ്ങളും ഏതാണ്ട് ക്രമമായി നടന്നു. പിന്നീട് സ്റ്റാലിൻ അധികാരം ദുർവിനിയോഗം ചെയ്തപ്പോൾ തത്ത്വങ്ങൾ നിർദാക്ഷിണ്യം ലംഘിക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ അവസാനത്തെ 15 വർഷങ്ങളിൽ വളരെ വ്യക്തമായിരുന്നു. നമ്മുടെ പാർട്ടിയും രാജ്യവും നിർണായക സംഭവങ്ങൾ നേരിട്ട കാലത്ത്, 18-ാം കോൺഗ്രസ് കഴിഞ്ഞ് 13 വർഷത്തിനുശേഷമാണ് 19-ാം കോൺഗ്രസ് ചേർന്നതെന്ന സത്യം സാധാരണമായി കണ്ടാൽ മതിയോ? യുദ്ധശേഷമുള്ള നിർമാണത്തിനായി പാർട്ടി സുപ്രധാന പ്രമേയങ്ങൾ പാസാക്കേണ്ടിയിരുന്ന ഘട്ടങ്ങളാണ് ഇതിനിടയിൽ കടന്നുപോയത്. രാജ്യമെമ്പാടും നിന്ന് കേന്ദ്രകമ്മിറ്റി അംഗങ്ങൾ വിളിക്കപ്പെട്ട 1941 ഒക്ടോബറിൽ കേന്ദ്ര കമ്മിറ്റി പ്ലീനം ചേരാൻ ശ്രമമുണ്ടായിരുന്നു. പ്ലീനത്തിനായി അവർ രണ്ടുദിവസം വെറുതെ കാത്തിരുന്നു. സ്റ്റാലിൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ കാണാനോ സംസാരിക്കാനോ തയ്യാറായില്ല. യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ സ്റ്റാലിൻ എത്ര നിരാശനായിരുന്നുവെന്നും കേന്ദ്രകമ്മിറ്റി അംഗങ്ങളെ അദ്ദേഹം എത്ര അഹങ്കാരത്തോടെ, പുച്ഛത്തോടെയാണ് കണ്ടിരുന്നതെന്നും ഇത് വ്യക്തമാക്കുന്നു.

പാർട്ടിയും ഭരണവും പ്രതിസന്ധികളെ നേരിട്ട 1918-23 ൽ പാർട്ടിയുടെ ആറ് കോൺഗ്രസുകളും അഞ്ച് സമ്മേളനങ്ങളും 70 കേന്ദ്ര കമ്മിറ്റി പ്ലീനങ്ങളും നടന്നു. എന്നാൽ, സ്റ്റാലിൻ, വ്യക്തിപൂജ കൊടിപാറിച്ച 1934-58 ൽ മൂന്ന് കോൺഗ്രസുകളും ഒരു സമ്മേളനവും 23 പ്ലീനങ്ങളും മാത്രമാണ് നടന്നത്. 18-ാം കോൺഗ്രസ് കഴിഞ്ഞ് 13 വർഷത്തിനുശേഷം മാത്രമാണ് 19-ാം കോൺഗ്രസ് നടന്നത്. 1941, 42, 43, 45, 48, 50, 51 വർഷങ്ങളിൽ ഒരു പ്ലീനവും നടന്നില്ല.

പാർട്ടിയോടും കേന്ദ്ര കമ്മിറ്റി അംഗങ്ങളോടുമുള്ള സ്റ്റാലിന്റെ ധാർഷ്ട്യം 1934 ലെ പാർട്ടി കോൺഗ്രസ് പൂർണമായും പ്രകടമാക്കി. പാർട്ടി പ്രവർത്തകരോടുള്ള ഇത്തരം ക്രൂരതയുടെ വസ്തുതകൾ കിട്ടിയപ്പോൾ കേന്ദ്രകമ്മിറ്റി പ്രസിഡീയത്തിനു കീഴിൽ ഒരു കമ്മീഷനെ വച്ചു. (1934 ലെ) 17-ാം കോൺഗ്രസിൽ തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം കേന്ദ്രകമ്മിറ്റി അംഗങ്ങളും പ്രതിനിധികളും ഉന്മൂലനം ചെയ്യപ്പെട്ടതെങ്ങനെ എന്നന്വേഷിക്കുകയായിരുന്നു കമ്മീഷന്റെ ചുമതല.

പതിനേഴാം പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്ത 139 കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ 98 പേർ, അതായത് എഴുപതുശതമാനം (മിക്കവാറും 1937-38ൽ) അറസ്റ്റു ചെയ്ത് വധിക്കപ്പെട്ടു. 1966 പ്രതിനിധികളിൽ 1108 പേർ, ഭൂരിപക്ഷത്തിലധികം, വിപ്ലവ വിരുദ്ധ കറ്റങ്ങൾക്ക് അറസ്റ്റിലായി. 17-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവർക്കെതിരായ കുറ്റം ചുമത്തൽ എത്ര അസംബന്ധവും കാടുകയറിയതുമായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാകുന്നു.

ഹാളിൽ രോഷപ്രകടനം

17-ാം കോൺഗ്രസിനു മുമ്പുവരെ സ്റ്റാലിൻ കൂട്ടായ നേതൃത്വത്തെ കണക്കിലെടുത്തിരുന്നു. എന്നാൽ, ട്രോട്സ്കി, സിനൊവിവ്, ബുഖാറിൻ ഗ്രൂപ്പുകളിൽപ്പെട്ടവരുടെ രാഷ്ട്രീയ ഉന്മൂലനത്തിനുശേഷം, പാർട്ടി ഐക്യം സാധ്യമായ ശേഷം, സ്റ്റാലിൻ കേന്ദ്ര കമ്മിറ്റി, പി.ബി അംഗങ്ങളെ കണക്കാക്കാതെയായി. എല്ലാം ഒറ്റക്ക് ചെയ്യാമെന്ന് സ്റ്റാലിൻ കരുതി. കുറച്ച് കണക്കപ്പിള്ളമാരുടെ സഹായം മാത്രം മതി. പറഞ്ഞാൽ കേൾക്കുന്നവരെയും തന്നെ പ്രകീർത്തിക്കുന്നവരെയും മാത്രം സ്റ്റാലിൻ പരിഗണിച്ചു.

സോഷ്യലിസത്തോട് അടുക്കുന്തോറും നമുക്ക് കൂടുതൽ ശത്രുക്കളുണ്ടാകുമെന്ന സ്റ്റാലിന്റെ സിദ്ധാന്തവും കേന്ദ്ര കമ്മിറ്റി പ്ലീനത്തിലെ പ്രമേയവും ഉപയോഗിച്ച്, ഭരണ, സുരക്ഷാ സംഘടനകളിൽ നുഴഞ്ഞുകയറിയവർ മനസ്സാക്ഷിയില്ലാത്ത സ്ഥാനമോഹികൾക്കൊപ്പം ചേർന്ന് പാർട്ടിയുടെ സൽപേരുപയോഗിച്ച് പാർട്ടിയുടെയും ഭരണകൂടത്തിന്റെയും പ്രവർത്തകർക്കും സാധാരണ പൗരന്മാർക്കുമെതിരായ ഭീകരതയെ സംരക്ഷിച്ചു. 1936-37 ൽ വിപ്ലവ വിരുദ്ധ കുറ്റങ്ങളുടെ പേരിൽ നടന്ന അറസ്റ്റുകൾ മുമ്പത്തേതിന്റെ പത്തിരട്ടിയായിരുന്നു എന്നുപറഞ്ഞാൽ കാര്യങ്ങൾ വ്യക്തമാകും.

വ്യക്തിപൂജയുടെ പാരമ്യത്തിലേക്ക്

മഹത്തായ ദേശാഭിമാന യുദ്ധകാലത്ത്, സ്റ്റാലിൻ എന്ന ഒറ്റയാളിൽ കുമിഞ്ഞു കൂടിയ അധികാരം ഗുരുതര പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്. നാം നമ്മുടെ നോവലുകളും സിനിമകളും ചരിത്ര, ശാസ്ത്ര പഠനങ്ങളും നോക്കുമ്പോൾ, ദേശാഭിമാനയുദ്ധത്തിൽ സ്റ്റാലിന് തീർത്തും അസാധ്യമായ പങ്കാണ് നൽകിയിരിക്കുന്നത് എന്ന് കാണാം. തന്റെ മാത്രം ചങ്കൂറ്റവും ബുദ്ധിയും കൊണ്ടാണ് സോവിയറ്റ് യൂണിയന് ഓരോ വിജയവും ഉണ്ടായതെന്ന ചിന്ത ജനമനസ്സിൽ കുത്തിവെക്കാൻ സ്റ്റാലിൻ ശ്രമിച്ചു. നമ്മുടെ മിലിട്ടറി സിനിമകൾ നോക്കുക. അവ കണ്ടാൽ ഓക്കാനം വരും. അതേസമയം ‘ഫാൾ ഓഫ് ബർലിൻ’ കാണുക. നമ്മുടെ സിനിമയിൽ സ്റ്റാലിൻ മാത്രമാണ് പടനയിക്കുന്നത്. നിരവധി കാലി കസേരകളുള്ള ഒരു ഹാളിൽ നിന്ന് സ്റ്റാലിൻ ആജ്ഞാപിക്കുകയാണ്. മിലിട്ടറി നേതൃത്വം എവിടെ? പൊളിറ്റ് ബ്യൂറോക്ക് എന്താണ് പണി? സിനിമയിൽ അവരെപ്പറ്റി ഒന്നും തന്നെ ഇല്ല.

മഹത്തായ ദേശാഭിമാന യുദ്ധത്തിൽ, സ്റ്റാലിനല്ല, വിജയമുണ്ടാക്കിയത് പാർട്ടിയും ഭരണകൂടവും കഴിവും ധീരതയുമുള്ള സൈന്യവും രാജ്യമാകെയും ചേർന്നു കൊയ്തതാണ് ആ വിജയം. ഫാഷിസ്റ്റ് ആക്രമണത്തിനെതിരെ കിഴക്കും പടിഞ്ഞാറുമുള്ള ശതകോടികൾ കാട്ടിയ ഗംഭീരമായ ധീരകൃത്യങ്ങൾ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും മാനവരാശിയുടെ ഓർമകളിൽ പച്ചയായി നിൽക്കും.

സഖാക്കളെ!

വ്യക്തിപൂജ ഇത്ര ഭീമാകാരമായിത്തീർന്നത് തന്റെ വ്യക്തിമഹിമയെ ഉയർത്തിക്കാട്ടാൻ സ്റ്റാലിൻ തന്നെ തുനിഞ്ഞിറങ്ങിയതുകൊണ്ടാണ്. 1948 ൽ ഇറങ്ങിയ സ്റ്റാലിന്റെ ലഘുജീവചരിത്രം, അദ്ദേഹം തന്നെ അനുവദിച്ചതും, എഡിറ്റ് ചെയ്തതുമായ,ഭീകരമായ അതിശയോക്തികളുടെ സമാഹാരമാണ്. തന്റെ പ്രകീർത്തനങ്ങൾ പോരാ എന്ന് തോന്നിയിടങ്ങളെല്ലാം സ്റ്റാലിൻ തന്നെ അടയാളപ്പെടുത്തി. സ്റ്റാലിൻ സ്വന്തം കൈപ്പടയിൽ കൂട്ടിച്ചേർത്ത സ്വന്തം മഹിമകൾക്ക് ഒരുദാഹരണം: “പാർട്ടിയുടെയും ഭരണകൂടത്തിന്റെയും നിയാമകശക്തി സ്റ്റാലിനായിരുന്നു.” സ്റ്റാലിൻ തന്നെയാണ് ഇതെഴുതുന്നത്! എന്നിട്ടദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ജനനേതാവ് എന്ന നിലക്കുള്ള കടമകൾ ഗംഭീരമായി നിർവഹിച്ചിരുന്ന അദ്ദേഹം ഒരിക്കലും അവയെ അഹങ്കാരമോ പൊങ്ങച്ചമോ സ്വാർത്ഥതയോ തൊട്ടുതീണ്ടാൻ അനുവദിച്ചിരുന്നില്ല.” എങ്ങനെ, എവിടെ, ഇങ്ങനെ ഒരു നേതാവ് സ്വയം പ്രശംസിച്ചിട്ടുണ്ടാകും?

വ്യക്തിപൂജ പാർട്ടി ജനാധിപത്യത്തെ ലംഘിക്കുകയും ഭരണത്തെ വന്ധ്യംകരിക്കുകയും എല്ലാം വളച്ചൊടിക്കുകയും മൂടിവയ്ക്കുകയും യാഥാർഥ്യങ്ങളെ വെള്ളപൂശുകയും ചെയ്തു. നമ്മുടെ രാജ്യം നിരവധി സ്തുതിപാഠകരെയും ചമയക്കാരെയും പ്രസവിച്ചു.

അന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന് പലരും ചോദിച്ചേക്കാം. വേണ്ട നേരത്ത് വ്യക്തിപൂജയെ എന്തുകൊണ്ട് എതിർത്തില്ല? എന്തുകൊണ്ട് ഇപ്പോൾ മാത്രം രംഗത്തുവരുന്നു? ഭിന്നഘട്ടങ്ങളിൽ ഭിന്ന തരത്തിലാണ് പി.ബി. അംഗങ്ങൾ കാര്യങ്ങളെ കണ്ടിരുന്നത്. തുടക്കത്തിൽ പലരും സ്റ്റാലിനെ തുണച്ചു. കാരണം, സ്റ്റാലിൻ കരുത്തനായ മാർക്സിസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ യുക്തിയും ശക്തിയും ഇച്ഛയും പാർട്ടിപ്രവർത്തനത്തെ സ്വാധീനിച്ചു. ലെനിന്റെ മരണശേഷം, പ്രത്യേകിച്ചും ആദ്യ വർഷങ്ങളിൽ, സ്റ്റാലിൻ ലെനിനിസത്തിനു വേണ്ടിയും അതിൽനിന്ന് വ്യതിചലിച്ചവർക്ക് എതിരായും പോരാടി. അക്കാലത്ത് ലെനിനിസ്റ്റ് പാതയിൽനിന്ന് വ്യതിചലിച്ചവർക്ക് എതിരെ പാർട്ടി പൊരുതേണ്ടിയിരുന്നു. ട്രോട്സ്കി പക്ഷം, സിനൊവിവ് പക്ഷം, വലതുപക്ഷ വ്യതിയാനക്കാർ, ദേശീയ ബൂർഷ്വകൾ എന്നിവരെ തോൽപിക്കേണ്ടിയിരുന്നു. പക്ഷേ, പിന്നീട് സ്റ്റാലിൻ സത്യസന്ധർക്കെതിരെ പോരാടാൻ തുടങ്ങി. അടിസ്ഥാനമില്ലാത്ത ആരോ പണങ്ങളെയും ശങ്കകളെയും ചെറുത്തവർ പീഡനങ്ങൾക്കിരയായി.

കഴിഞ്ഞ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വ്യക്തിപൂജക്കെതിരെ കേന്ദ്ര കമ്മിറ്റി യുദ്ധം പ്രഖ്യാപിക്കുകയാണ്. സ്റ്റാലിൻ വ്യാജ മഹിമയിലേക്ക് ഉയർത്തപ്പെട്ടതായി ഞങ്ങൾ കാണുന്നു. ഒരു യഥാർത്ഥ ബോൾഷെവിക്കിന് സ്വാഭാവത്തിന്റെ ഭാഗമാണ് വിനയം എന്ന് ലെനിൻ ആവർത്തിച്ചുപോന്നു. ഗംഭീര വിനയത്തിന്റെ ആൾരൂപമായിരുന്നു ലെനിൻ. എല്ലാതരത്തിലും നാം ഈ മാതൃക പിന്തുടർന്നു എന്നു പറയാനാവില്ല. നാം ഇത് തിരുത്തണം. ഇതുപക്ഷേ, ശാന്തമായി വേണം. ഇക്കാര്യം പാർട്ടിക്ക് പുറത്തേക്ക്, പ്രത്യേകിച്ചും മാധ്യമങ്ങളിലേക്ക് ചോർന്നുപോകരുത്. അതുകൊണ്ടാണ് പാർട്ടികോൺഗ്രസിന്റെ ഈ അടഞ്ഞ സമ്മേളനത്തിൽ നാം ഇത് പരിഗണിക്കുന്നത്. നാം ശത്രുക്കൾക്ക് ആയുധം കൊടുക്കരുത്; നാം അവർക്ക് മുന്നിൽ വിഴുപ്പലക്കരുത്.

നാം എന്നന്നേക്കുമായി വ്യക്തിപൂജ അവസാനിപ്പിക്കണം. നാം ചരിത്രത്തിലും തത്ത്വശാസ്ത്രത്തിലും ശാസ്ത്രങ്ങളിലും ഇതിനെ സംബന്ധിച്ച വീക്ഷണങ്ങൾ തിരുത്തണം. കൂട്ടു നേതൃത്വവും സ്വയം വിമർശവും വഴി കേന്ദ്ര കമ്മിറ്റി കഴിഞ്ഞ കാലങ്ങളിൽ ചെയ്ത ജോലി തുടർന്നുകൊണ്ടുപോകണം.

ക്രൂഷ്ചേവിന്റെ രഹസ്യ റിപ്പോർട്ടിന്റെ പ്രസക്തി

സ്റ്റാലിന്റെ കാലത്ത് തടവിലാക്കപ്പെട്ട പരശ്ശതം രാഷ്ട്രീയ തടവുകാർ 50 കളുടെ അവസാനത്തോടെ വിട്ടയയ്ക്കപ്പെടുകയും പുനരധിവസിക്കപ്പെടുകയും ചെയ്തു. സ്റ്റാലിന്റെ കാലത്ത് വധശിക്ഷയ്ക്ക് ഇരയായവരിൽ ഏറെപേർ മരണാന്തരം പുനരധിവസിപ്പിക്കപ്പെട്ടു. 1961 ൽ ചേർന്ന പാർട്ടിയുടെ ഇരുപത്തിരണ്ടാം കോൺ ഗ്രസ്സിൽ തുറന്ന സഭയിൽ തന്നെ സാലിന്റെ അതിക്രമങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഇതോടെ നിർസ്റ്റാലിനീകരണം ത്വരിതഗതി യിലായി. സ്റ്റാലിന്റെ പേരിൽ അറിയപ്പെട്ട സ്ഥലങ്ങളുടെ പേര് മാറ്റാൻ തുടങ്ങി. സ്റ്റാലിൻ ഗ്രാഡിന്റെ പേര് വോൾഗാഗ്രാഡ് എന്നാക്കി. അതുവരെ റെഡ് സ്ക്വയറിലെ മുസോളിയത്തിൽ ലെനിന്റെ മൃതദേഹത്തിനടുത്തായി സൂക്ഷിച്ചിരുന്ന സ്റ്റാലിന്റെ മൃതശരീരം അവിടെ നിന്നും മാറ്റി.

അര നൂറ്റാണ്ടോളം പഴകിയ സ്ഥല, കാല, വ്യക്തിമുദ്രകൾ പതിഞ്ഞ ഈ രാഷ്ട്രീയ പ്രത്യയശാസ്ത്രരേഖയ്ക്ക് ഒരു ചരിത്രരേഖയുടെ പ്രാധാന്യമാണ് ഇന്നുള്ളത്. സോവിയറ്റ് യൂണിയനും സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ആന്തരികമായ പ്രതിസന്ധി നേരിട്ട് തകർന്നു കഴിഞ്ഞിരിക്കുന്നു. അത് യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് ലോകം പൊതുവിൽ നേരിട്ട – നേരിടുന്ന – പ്രതിസന്ധിയുടെയും തകർച്ചയുടെയും ഭാഗമാണ്. ചരിത്രപരമായി കാലഹരണപ്പെട്ട ഈ ലോകത്തെയാണ് ക്രൂഷ്ചേവ് റിപ്പോർട്ട് പ്രതിനിധാനം ചെയ്യുന്നത്.

ഈ നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിച്ച് സോവിയറ്റ് യൂണിയന്റെ രൂപീകരണം മുതൽ തിരോധാനം വരെയുള്ള ചരിത്രസംഭവങ്ങളുടെ വെളിച്ചത്തിൽ കൊഴിഞ്ഞുപോയ ആ വ്യവസ്ഥയുടെ അന്തർസംഘർഷങ്ങളുടെ ആദ്യ ഔദ്യോഗിക രേഖ ഇന്ന് പുതുതായി വായിക്കുന്നത് കൗതുകകരമാണ് ആശയപരവും സാമൂഹികവുമായ ഒരു പഴയ പരിസരത്തെ സ്വതന്ത്രമായി പരിചരിക്കാനുള്ള ബുദ്ധിപരമായ സഹൃദയത്വം അത് ആവശ്യപ്പെടുന്നു. സാമൂഹ്യമാറ്റത്തെ സംബന്ധിച്ചിടത്തോളം പാടേ വ്യത്യസ്തമായ ഒരു പ്രശ്ന പരിസരമുള്ള, ജനാധിപത്യ, പരിഷ്ക്കരണവാദപരമായ പരിസരത്തു നിന്ന് കൊണ്ട് അതിൽ നിന്നും വിരുദ്ധവുമായ സോഷ്യലിസ്റ്റ് രാഷ്ട്ര നിർമിതിയേയും അതിന്റെ വളർച്ച തളർച്ചകളും പഠിക്കേണ്ടത് ഇത്തരത്തിലുള്ള സമഗ്രധിപത്യ ഭരണകൂടം വ്യവസ്ഥകളുടെ ആവർത്തനത്തെ തടയന്നതിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ക്രൂഷ്ചേവ് രഹസ്യ റിപ്പോർട്ട് ഇന്നും വായിക്കപ്പെടേണ്ടതും ചർച്ച ചെയ്യേണ്ടതുമായ രാഷ്ട്രീയ ജാഗ്രതയാണ്.