“ഹുട്ടുകളും ടുട്ട്‌സികളും ഒരേ ഭാഷ സംസാരിക്കുന്നു, ഒരേ പള്ളിയിലും സ്‌കൂളുകളിലും പോകുന്നു, ഒരേ ഗ്രാമത്തലവന്റെ കീഴില്‍ ഒരേ ഗ്രാമത്തില്‍ ഒരുമിച്ച് താമസിച്ചു, ഒരേ ഓഫീസുകളില്‍ ജോലി ചെയ്തിരുന്നു. ഹുട്ടുവും ടുട്‌സിയും മിശ്രവിവാഹവും ചെയ്തിരുന്നു. എന്നിട്ടും വെറും നൂറു ദിവസത്തിനുള്ളില്‍ എട്ട് ലക്ഷം മനുഷ്യര്‍ കൊല്ലപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ ഇവര്‍ തമ്മിലുണ്ടായി. ഒടുവില്‍ ഹുടുകള്‍ പരസ്പരം കൊന്നതിന്റെ കാരണവും എന്താണ്?” -രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു.
ദാരിദ്ര്യവും ക്രൂരതക്ക് പ്രോത്സാഹനം!
‘Haters only hate the people they can’t be and the things they can’t have.’
1994ല്‍ വെറും നൂറു ദിവസത്തിനുള്ളില്‍ റുവാണ്ടയില്‍ ഹുട്ടു വംശജര്‍, ടുട്ട്‌സി വംശജര്‍ക്കെതിരെ നടത്തിയ കൂട്ടക്കൊലകളില്‍ കൊല്ലപ്പെട്ടത് ഏതാണ്ട് എട്ട് ലക്ഷം മനുഷ്യരാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഹോട്ടല്‍ മാനേജരായിരുന്ന ഹുട്ടു വംശജനായ പോള്‍ റുസെസാബാഗിനയുടെയും (Paul Rusesabagina) ടുട്ട്‌സി വംശജയായ ഭാര്യ ടാറ്റിയാനയുടെയും (Tatiana) കലാപസമയത്തെ ജീവിതത്തെ അടിസ്ഥാനമാക്കി 2004-ല്‍ ഇറങ്ങിയ സിനിമയാണ് ‘ഹോട്ടല്‍ റുവാണ്ട.’ പുറത്തു കലാപകാരികളാല്‍ ഉപരോധിക്കപ്പെട്ട ഹോട്ടല്‍ ഡെസ് മില്ലെ കോളിന്‍സില്‍ (Hôtel des Mille Collines) തന്റെ കുടുംബത്തിന്റെയും 1,000-ലധികം അഭയാര്‍ഥികള്‍ക്കും അഭയം നല്‍കിക്കൊണ്ട് അവരുടെ ജീവന്‍ രക്ഷിക്കാനുള്ള പോളിന്റെ ശ്രമങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. കരയാതെ കണ്ടിരിക്കാന്‍ സാധിക്കില്ല ഈ സിനിമ.
റുവാണ്ടയും (Density/Km2 = 525), അയല്‍രാജ്യമായ ബുറുണ്ടിയും (Density/Km2 = 463) ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ട് രാജ്യങ്ങളാണ്. രണ്ട് രാജ്യങ്ങളിലെയും ജനസംഖ്യയില്‍ രണ്ട് പ്രധാന ഗോത്രങ്ങള്‍ ആണ് ഹുട്ടു (യഥാര്‍ത്ഥത്തില്‍ ജനസംഖ്യയുടെ ഏകദേശം 85%), ടുട്‌സി (ഏകദേശം 15%). രണ്ട് ഗോത്രങ്ങളും പരമ്പരാഗതമായി വ്യത്യസ്ത സാമ്പത്തിക റോളുകള്‍ വഹിച്ചിരുന്നു. ഹുട്ടുകള്‍ പ്രധാനമായും കര്‍ഷകര്‍ ആയിരുന്നു, ടുട്‌സികള്‍ ഇടയന്മാരും. പൊതുവെ രണ്ട് ഗോത്രങ്ങള്‍ക്കും കാഴ്ച്ചയിലും വ്യത്യസ്തതകള്‍ ഉണ്ടായിരുന്നു. പൊതുവെ ഹുട്ടുകള്‍ ശരാശരി ഉയരം കുറഞ്ഞതും, തടിയുള്ളതും, ഇരുണ്ടതും, പരന്ന മൂക്കുള്ളതും, കട്ടിയുള്ള ചുണ്ടുള്ളതും, ചതുര താടിയെല്ലുള്ളവരുമായിരുന്നു. പൊതുവെ ടുട്‌സികള്‍ ഉയരം കൂടിയതും മെലിഞ്ഞതും വിളറിയ തൊലിയുള്ളതും നേര്‍ത്ത ചുണ്ടുകളുള്ളതും ഇടുങ്ങിയ താടിയുള്ളവരുമായിരുന്നു. എന്നാല്‍ തന്നെയും ചിലപ്പോള്‍ കാഴ്ച്ചയില്‍ രണ്ടു ഗോത്രക്കാരെയും വേറിട്ട് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്.
ടുട്‌സികള്‍ മികച്ചവരോ?
തെക്ക് നിന്നും പടിഞ്ഞാറുനിന്നും വന്ന ഹുട്ടുകള്‍ ആണ് റുവാണ്ടയിലും ബുറുണ്ടിയിലും ആദ്യം സ്ഥിരതാമസമാക്കിയത് എന്ന് അനുമാനിക്കപ്പെടുന്നു. ടുട്‌സികള്‍ പിന്നീട് വടക്കുനിന്നും കിഴക്കുനിന്നും വന്നവരാണെങ്കിലും അവര്‍ക്ക് ഹുട്ടുകളുടെ മേല്‍ അധികാരം ഉള്ളവരായിത്തീര്‍ന്നു. ആദ്യം ജര്‍മ്മന്‍ (1897) പിന്നീട് ബെല്‍ജിയന്‍ (1916) കൊളോണിയല്‍ ഗവണ്‍മെന്റുകള്‍ ഈ പ്രദേശങ്ങളുടെ അധികാരം ഏറ്റെടുത്തപ്പോള്‍ ഭരണം നടത്താന്‍ ടുട്‌സി ഇടനിലക്കാര്‍ വഴി ഭരിക്കുന്നത് ആണ് ഉചിതമെന്ന് അവര്‍ക്ക് തോന്നി. ടുട്‌സികളുടെ വിളറിയ തൊലി കാരണം കൂടുതല്‍ ഇരുണ്ടിരിക്കുന്ന ഹുട്ടുവിനേക്കാള്‍ ബൗദ്ധികപരമായും മികച്ചത് ടുട്‌സികളാണ് എന്നതായിരുന്നു ഈ കൊളോണിയല്‍ ശക്തികളുടെ അനുമാനം.
1930-കളില്‍ ബെല്‍ജിയംകാര്‍ എല്ലാവരും ഹുട്ടു അല്ലെങ്കില്‍ ടുട്‌സി എന്ന് തരംതിരിക്കുന്ന ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കാന്‍ ആവശ്യപ്പെട്ടു. അത് കാരണം അതിനകം തന്നെ ഉണ്ടായിരുന്ന വംശീയ വ്യത്യാസം ഗണ്യമായി വര്‍ദ്ധിപ്പിച്ചു.
1962-ല്‍ ഇരു രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യം അടുക്കാറായപ്പോള്‍ ഇരു രാജ്യങ്ങളിലെയും ഹുട്ടു വംശജര്‍ ടുട്‌സികളെ അട്ടിമറിച്ചു ആധിപത്യം സ്ഥാപിക്കാന്‍ പോരാട്ടം തുടങ്ങി. ചെറിയ അക്രമ സംഭവങ്ങള്‍ വലുതാവുകയും ഹുട്ടുകള്‍ ടുട്ട്‌സികളെയും, ടുട്ട്‌സികള്‍ ഹുട്ടുകളെയും കൊല്ലുന്നതിലേക്ക് നീങ്ങി.
അതിനൊടുക്കം ബുറുണ്ടിയില്‍ ടുട്ട്‌സികള്‍ ആധിപത്യം നിലനിര്‍ത്തി. പിന്നീട് 1965, 1972-ല്‍ ഒക്കെ കലാപങ്ങള്‍ ഉണ്ടായപ്പോഴും തുടര്‍ന്ന് രണ്ടു ദശാബ്ദത്തില്‍ പത്തു ലക്ഷം ടുട്ട്‌സികളാണ് റുവാണ്ടയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. 1973-ല്‍ ഹുട്ടു ജനറല്‍ ഹബ്യാരിമാന ഹുട്ടു ആധിപത്യമുള്ള സര്‍ക്കാരിനെതിരെ ഒരു പട്ടാള അട്ടിമറി നടത്തുകയും സമാധാനം സ്ഥാപിക്കാനായി ടുട്‌സികളെ വെറുതെ വിടാന്‍ തീരുമാനിക്കുകയും ചെയ്തു. ഹബ്യാരിമാനയുടെ കീഴില്‍, റുവാണ്ട അടുത്ത 15 വര്‍ഷത്തോളം അഭിവൃദ്ധി പ്രാപിക്കുകയും വിദേശ ദാതാക്കളില്‍ നിന്ന് വിദേശ സഹായം സ്വീകരിക്കുകയും ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രകടനം കാഴ്ച്ച വച്ചു.
1993-ല്‍ അരുഷയില്‍ വച്ച് അധികാരം പങ്കുവയ്ക്കാനുള്ള സമാധാന ഉടമ്പടി ഹബ്യാരിമാന ഒപ്പു വെച്ചത് ഹുട്ടു തീവ്രവാദികള്‍ക്ക് ഇഷ്ടമായില്ല. ടുട്‌സിക്കെതിരായ ഹബ്യാരിമാനയുടെ പുതിയ സഹിഷ്ണുത, ഹുട്ടു തീവ്രവാദികള്‍ക്ക് സ്വീകാര്യമല്ലായിരുന്നു. വെട്ടുകത്തികള്‍ക്ക് തോക്കുകളേക്കാള്‍ വില കുറവുള്ളത് കൊണ്ട് ചില ഹുട്ടു വ്യവസായികള്‍ ടുട്‌സികളെ കൊല്ലാന്‍ വിതരണത്തിനായി 5,81,000 വലിയ വെട്ടുകത്തികള്‍ (Machetes) ഇറക്കുമതി ചെയ്തു. ആഭ്യന്തരയുദ്ധങ്ങള്‍ കാരണം ഏതാണ്ട് ഒരു ദശലക്ഷം ആളുകള്‍ ആണ് വിവിധ ക്യാമ്പുകളില്‍ താമസിച്ചിരുന്നത്. അതില്‍ നിന്നും നിരാശരും ക്രുദ്ധരുമായ യുവാക്കളെ മിലിഷ്യകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ എളുപ്പമായിരുന്നു.
രാഷ്ട്രത്തലവന്‍മ്മാര്‍ കൊല്ലപ്പെടുന്നു
ഹുട്ടുകളുടെ മേല്‍ ടുട്‌സികളുടെ നീണ്ട കാലത്തേ ആധിപത്യവും, ടുട്‌സികളുടെ നേതൃത്വത്തില്‍ പലപ്പോഴായി റുവാണ്ട പിടിച്ചടക്കാന്‍ ഉള്ള ശ്രമങ്ങളും, അയല്‍രാജ്യമായ ബുറുണ്ടിയില്‍ ടുട്‌സികള്‍ ഹുട്ടുകളെയും ഹുട്ടു രാഷ്ട്രീയക്കാരെയും കൊലപ്പെടുത്തുന്നത് ചൂണ്ടി കാണിച്ച്, ടുട്‌സികളെ കൂട്ടക്കൊല ചെയ്തില്ലെങ്കില്‍ അതൊക്കെ റുവാണ്ടയിലും ആവര്‍ത്തിക്കും എന്ന് പറഞ്ഞു ഹുട്ടുകള്‍ പ്രചാരണം നടത്തിയത്. 1993-ല്‍ ബുറുണ്ടിയിലെ തീവ്ര ടുട്‌സി സൈനിക ഉദ്യോഗസ്ഥര്‍ ബുറുണ്ടിയുടെ ഹുട്ടു പ്രസിഡന്റിനെ കൊലപ്പെടുത്തി. അതിന് തിരിച്ചടിയായി ബുറുണ്ടിയിലെ ഹുട്ടുകള്‍ ടുട്‌സികളെ കൊലപ്പെടുത്തി. അതിന് പ്രതികാരമായി ബുറുണ്ടിയിലെ ഹുട്ടുകളെ ടുട്‌സികളും കൊലപ്പെടുത്തി.
ഏപ്രില്‍ 6, 1994-ന്, ടാന്‍സാനിയയില്‍ നടന്ന ഒരു മീറ്റിംഗില്‍ നിന്ന് റുവാണ്ടയുടെ പ്രസിഡന്റ് ഹബ്യാരിമാനയെയും, ബുറുണ്ടിയുടെ പുതിയ താല്‍ക്കാലിക പ്രസിഡന്റിനെയും വഹിച്ചുകൊണ്ട് റുവാണ്ടയുടെ പ്രസിഡന്‍ഷ്യല്‍ ജെറ്റ് വിമാനം റുവാണ്ടയുടെ തലസ്ഥാനമായ കിഗാലി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ രണ്ട് മിസൈലുകള്‍ ഈ വിമാനത്തെ വെടിവച്ചു വീഴ്ത്തി. അതിലുണ്ടായ എല്ലാവരും കൊല്ലപ്പെട്ടു. ആരായിരുന്നു ഈ ആക്രമണത്തിന്റെ പിന്നില്‍ എന്നത് ഇന്നും വ്യക്തമല്ല.
ഒരു മണിക്കൂറിനുള്ളില്‍ ഹുട്ടു തീവ്രവാദികള്‍, ഹുട്ടു പ്രധാനമന്ത്രിയെയും പ്രതിപക്ഷത്തിലെ മറ്റ് മിതവാദികളായ അംഗങ്ങളേയും ടുട്‌സികളേയും കൊല്ലാന്‍ വിശദമായി തയ്യാറാക്കിയ പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങി. തീവ്രവാദത്തെ എതിര്‍ത്തിരുന്ന മിതവാദികള്‍ ഉന്മൂലനം ചെയ്യപ്പെട്ടതോടെ, തീവ്രവാദികള്‍ സര്‍ക്കാരും റേഡിയോയും ഏറ്റെടുത്ത് റുവാണ്ടയിലെ ടുട്‌സികളെ ഉന്മൂലനം ചെയ്യാന്‍ പുറപ്പെട്ടു.
സുരക്ഷിത സ്ഥാനങ്ങള്‍ എന്ന് കരുതി ടുട്‌സികള്‍ അഭയം പ്രാപിച്ച സ്ഥലങ്ങളില്‍, പള്ളികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ ഒക്കെ വച്ച് അവര്‍ കൊല്ലപ്പെട്ടു. ഈ വംശഹത്യയില്‍ വലിയ തോതിലുള്ള ഹുട്ടു പൗരന്മാരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഏതാണ്ട് മൂന്നില്‍ ഒരു ഭാഗം ഹുട്ടു പൗരന്മാര്‍ ഈ വംശഹത്യ നടപ്പാക്കാന്‍ പങ്കെടുത്തു എന്ന് ചില കണക്കുകള്‍ സൂചിപ്പിക്കുന്നു.
സമാനതകളില്ലാത്ത ക്രൂരതകള്‍
ഇരകളുടെ കൈകളും കാലുകളും വെട്ടിമാറ്റുന്നത് ഉള്‍പ്പെടെയുള്ള ക്രൂരത അരങ്ങേറി. സ്ത്രീകളുടെ സ്തനങ്ങള്‍ വെട്ടിമാറ്റുക, കുട്ടികളെ കിണറ്റിലേക്ക് എറിയുക, വ്യാപകമായ ബലാത്സംഗങ്ങള്‍ എന്നിവയൊക്കെയുണ്ടായി.റുവാണ്ടയിലെ കത്തോലിക്കാ സഭയുടെ നിരവധി നേതാക്കള്‍ ഒന്നുകില്‍ ടുട്‌സിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു അല്ലെങ്കില്‍ അവരെ സംഘടിപ്പിച്ചു കൊലയാളികള്‍ക്ക് കൈമാറി. അത്തരം ഒരു സംഭവത്തില്‍ കാത്തോലിക്ക പുരോഹിതന്‍ ആയ അത്തനാസ് സെറോമ്പ തന്റെ ഇടവകയില്‍ ഉള്ള 1500 -2000 ടുട്ട്‌സികള്‍ക്ക് പള്ളിയില്‍ അഭയം കൊടുത്ത ശേഷം ഹുട്ടു തീവ്രവാദികളെ വിളിച്ചു വരുത്തി അവരെ കൊലയ്ക്ക് വിട്ടു കൊടുത്തു.
ഫ്രഞ്ച് സര്‍ക്കാര്‍ ഒരു സമാധാന സേനയെ അയച്ചു. പക്ഷേ അവരും വംശഹത്യ നടത്തുന്ന ഹുട്ടു സര്‍ക്കാരിനൊപ്പം നിന്നു. അമേരിക്കന്‍ സര്‍ക്കാര്‍ ഈ വംശഹത്യയില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ആറാഴ്ചയ്ക്കുള്ളില്‍, ഏകദേശം 800,000 ടുട്‌സികള്‍ (ഏകദേശം അവരുടെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തെ പ്രതിനിധീകരിക്കുന്നവര്‍) അതായത് റുവാണ്ടയുടെ മൊത്തം 11% ജനസംഖ്യയില്‍ പെട്ട ടുട്‌സികള്‍ കൊല്ലപ്പെട്ടു. വൈകാതെ തന്നെ ടുട്‌സികളുടെ നേതൃത്വത്തിലുള്ള വിമത സൈന്യം റുവാണ്ടന്‍ പാട്രിയോട്ടിക് ഫ്രണ്ട് (ആര്‍പിഎഫ്) ഹുട്ടു തീവ്രവാദികള്‍ക്കെതിരെ ചെറുത്തുനില്‍പ്പരംഭിച്ചു. 1994 ജൂലൈ 18-ന് ആര്‍പിഎഫ് വംശഹത്യ അവസാനിച്ചതായും തങ്ങള്‍ വിജയിച്ചതായും പ്രഖ്യാപിച്ചു.
റുവാണ്ടയിലെയും ബുറുണ്ടിയിലെയും വംശഹത്യകള്‍ വംശീയ വിദ്വേഷത്തിന്റെ പരിണതഫലമായി, അധികാരം നിലനിര്‍ത്താനായി രാഷ്ട്രീയക്കാര്‍ പടച്ചുണ്ടാക്കിയതാണ് എന്ന് പറയപ്പെടാറുണ്ടെങ്കിലും വംശഹത്യയിലേക്ക് നയിക്കാന്‍ മറ്റു കാരണങ്ങള്‍ ഉണ്ടോ എന്ന് കൂടി പരിശോധിക്കുകയാണ് അമേരിക്കന്‍ ഭൂമിശാസ്ത്രജ്ഞനും, ചരിത്രകാരനുമായ ജാരെഡ് ഡയമണ്ട്. ഹുട്ടുകളും ടുട്ട്‌സികളും ഒരേ ഭാഷ സംസാരിക്കുന്നു, ഒരേ പള്ളികളിലും സ്‌കൂളുകളിലും പോകുന്നു, ഒരേ ഗ്രാമത്തലവന്റെ കീഴില്‍ ഒരേ ഗ്രാമത്തില്‍ ഒരുമിച്ച് താമസിച്ചു, ഒരേ ഓഫീസുകളില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഹുട്ടുവും ടുട്‌സിയും മിശ്രവിവാഹം ചെയ്തിരുന്നു. ബെല്‍ജിയക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ചിലപ്പോള്‍ അവരുടെ വംശീയ സ്വത്വം മാറ്റുകയും ചെയ്തിരുന്നു. റുവാണ്ടയില്‍ ഏകദേശം നാലിലൊന്ന് പേര്‍ക്കും അവരുടെ പൂര്‍വികരില്‍ ഹുട്ടുവും ടുട്‌സിയും കലര്‍പ്പുണ്ട്.
ഈ കലര്‍പ്പു കാരണം പതിനായിരക്കണക്കിന് ആളുകള്‍ക്ക് വ്യക്തിപരമായ ദുരന്തങ്ങള്‍ക്ക് കാരണമായി. എന്തെന്നാല്‍ ഹുട്ടുവിനു ടുട്ട്‌സി ഭാര്യ (ഹോട്ടല്‍ റുവാണ്ട സിനിമയില്‍ കാണിക്കുന്നത് പോലെ), ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ ഒക്കെ മറ്റു ഗോത്രത്തില്‍ പെടുന്നവര്‍. റുവാണ്ടയില്‍ ത്വ (Twa) അല്ലെങ്കില്‍ പിഗ്മികള്‍ എന്നറിയപ്പെടുന്ന ഒരു മൂന്നാം വംശീയ വിഭാഗമുണ്ടായിരുന്നു. ജനസംഖ്യയുടെ 1% മാത്രമുള്ള അവര്‍ സാമൂഹിക സ്‌കെയിലും അധികാര ഘടനയിലും ആര്‍ക്കും ഒരു ഭീഷണി ആയിരുന്നില്ല. എന്നിട്ടും അവരില്‍ ഭൂരിഭാഗവും 1994-ലെ കൊലപാതകങ്ങളില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു.
ഹുട്ടുകള്‍ പരസ്പരം ആക്രമിച്ചതെന്തിന്?
ഒരു കമ്മ്യൂണിറ്റിയില്‍ ഒരൊറ്റ ടുട്‌സി മാത്രമേ ഉണ്ടായിരുന്നുള്ളൂ ബാക്കി എല്ലാവരും ഹുട്ടുവായിരുന്നു. എന്നിട്ടും അവിടെ ഹുട്ടുകള്‍ മറ്റു ഹുട്ടുകളെ കൂട്ടക്കൊല ചെയ്തു. പലയിടത്തും ടുട്‌സികളുടെ എണ്ണം കുറഞ്ഞപ്പോള്‍, ഹുട്ടുകള്‍ പരസ്പരം ആക്രമിക്കാന്‍ തുടങ്ങി. ഹുട്ടുകള്‍ക്ക് പരസ്പരം വംശീയ വിദ്വേഷത്തിന് കാരണങ്ങള്‍ ഇല്ലാതിരിക്കെ അവര്‍ എന്തിനായിരിക്കും കുറഞ്ഞത് 5% സ്വഗോത്രത്തില്‍ പെട്ടവരെ റുവാണ്ടയിലുടനീളം കൊലപ്പെടുത്തിയത് എന്നാണ് ജാരെഡ് ഡയമണ്ട് ചിന്തിച്ചത്.
1798-ല്‍ തോമസ് മാല്‍ത്തൂസ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചതില്‍, മനുഷ്യ ജനസംഖ്യാ വളര്‍ച്ച ഭക്ഷ്യ ഉല്‍പാദനത്തിന്റെ വളര്‍ച്ചയെ മറികടക്കുമെന്ന് അദ്ദേഹം വാദിച്ചു. എന്തെന്നാല്‍, ജനസംഖ്യാ വളര്‍ച്ച ക്രമാതീതമായി (exponential increase) ഉയരുന്നു, അതേസമയം ഭക്ഷ്യ ഉല്‍പ്പാദനം ഗണിതപരമായി (arithmetic increase) മാത്രമാണ് വര്‍ധിക്കുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ജനസംഘ്യ exponentially ആണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നതെങ്കിലും ലോകമെമ്പാടും നടന്നിട്ടുള്ള ഹരിതവിപ്ലവങ്ങളുടെയും കൃഷിസംബന്ധമായ പുതിയ സാങ്കേതികവിദ്യകളുടെയും സഹായത്തോടെ ഇന്ന് ലോകത്തിലെ മനുഷ്യരെയെല്ലാം തീറ്റിപ്പോറ്റാന്‍ ഉള്ള ഭക്ഷ്യോല്‍പ്പാദനം സാധ്യമാണ്.
എന്നാല്‍ പല രാജ്യങ്ങളിലെയും ഗവണ്‍മെന്റുകളുടെ പിഴവ് മൂലവും ആഭ്യന്തരയുദ്ധങ്ങള്‍ മൂലവും മനുഷ്യര്‍ പട്ടിണി കിടക്കേണ്ടി വരുന്നു എന്നതും സത്യമാണ്. എന്നാല്‍ ആധുനിക റുവാണ്ടയില്‍ നടന്ന കൂട്ടക്കൊല തോമസ് മാല്‍ത്തൂസിന്റെ നിഗമനങ്ങളുടെ ഏറ്റവും മോശം സാഹചര്യമാണ് വരച്ചു കാട്ടിയത്. വിദ്യാഭ്യാസത്തിലൂടെയും മോഡേണ്‍ മെഡിസിന്റെ സഹായത്തോടെയും ഒക്കെ രാജ്യങ്ങള്‍ ഉന്നതി നേടുമ്പോള്‍ ജനസംഘ്യയും സ്വാഭാവികമായി നിയന്ത്രണവിധേയമാകും. ഒരു ജനസംഖ്യയുടെ മൊത്തം ഫെര്‍ട്ടിലിറ്റി റേറ്റ് (Total fertility rate-TFR) എന്നത് ഒരു സ്ത്രീക്ക് അവരുടെ ജീവിതകാലത്ത് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണമാണ്. 2023-ലെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് ദക്ഷിണ കൊറിയയില്‍ 0.78 മുതല്‍, നൈജറില്‍ 6.73 വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ചൈനയുടെ TFR, 1.2 ആണ്. ഇന്ത്യയില്‍ TFR, 2.0 ആണ്. അതായത് ഒരു ഇന്ത്യക്കാരിക്ക് ശരാശരി രണ്ടു കുട്ടികള്‍. എന്നാല്‍ ആഫ്രിക്കയില്‍ ഉള്ള ഭൂരിപക്ഷം രാജ്യങ്ങളിലും TFR റേറ്റ് 5.0-ന് മുകളില്‍ ആണ്. ആഫ്രിക്കയില്‍ ഉള്ള ഒരു സ്ത്രീക്ക് ശരാശരി അഞ്ചു കുട്ടികളെങ്കിലും ജനിക്കുന്നു. റുവാണ്ടയില്‍ TFR റേറ്റ് 3.87 ആണ്
സ്വാതന്ത്ര്യാനന്തരം റുവാണ്ടയുടെ ജനസംഖ്യ വര്‍ധിച്ചപ്പോള്‍ രാജ്യം തുടര്‍ന്ന പരമ്പരാഗത കാര്‍ഷിക രീതികള്‍ ആധുനികവല്‍ക്കരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള വിള ഇനങ്ങള്‍, അതിന്റെ കാര്‍ഷിക കയറ്റുമതി വിപുലീകരിക്കല്‍, അല്ലെങ്കില്‍ ഫലപ്രദമായ കുടുംബാസൂത്രണം സ്ഥാപിക്കാനും മറ്റും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശ്രമങ്ങളുണ്ടായില്ല. പകരം, വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യക്ക് വേണ്ടി കാടുകള്‍ വെട്ടിത്തെളിച്ചും ചതുപ്പുനിലങ്ങള്‍ വറ്റിച്ചു പുതിയ കൃഷിയിടങ്ങള്‍ ഉണ്ടാക്കുകയും, തരിശു കാലയളവ് കുറയ്ക്കുകയും, ഒറ്റ വര്‍ഷത്തില്‍ രണ്ടോ മൂന്നോ കൃഷി ചെയ്യുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, വരള്‍ച്ചയും കുമിഞ്ഞുകൂടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും (പ്രത്യേകിച്ച് വനനശീകരണം, മണ്ണൊലിപ്പ്, മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടം) തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് റുവാണ്ടയുടെ സാമ്പത്തിക പുരോഗതി നിലച്ചു. കൂടാതെ 1989-ല്‍ റുവാണ്ടയുടെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളായ കാപ്പിക്കും തേയിലക്കും വിലയിടിഞ്ഞതും പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഉണ്ടായ വരള്‍ച്ചയും അവരെ ബാധിച്ചു.
ഒരു റുവാണ്ടന്‍ ജാരെഡ് ഡയമണ്ടിന് എഴുതി, ‘കര്‍ഷകര്‍ രാവിലെ ഉണര്‍ന്ന് നോക്കുമ്പോള്‍ അവരുടെ മുഴുവന്‍ വയലും (അല്ലെങ്കില്‍ കുറഞ്ഞത് അതിന്റെ മേല്‍മണ്ണും വിളകളും) ഒറ്റരാത്രികൊണ്ട് ഒലിച്ചു പോയിരിക്കുന്നു. അല്ലെങ്കില്‍ അവരുടെ അയല്‍വാസിയുടെ വയലിലെ പാറകളും മറ്റും ഒലിച്ചു വന്നു തങ്ങളുടെ വയല്‍ മൂടപ്പെട്ടിരിക്കുന്നു.’
ദരിദ്രരും അതിദരിദ്രരും തമ്മിലെ യുദ്ധം
റുവാണ്ടയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹുട്ടുകള്‍ മാത്രം താമസിച്ചിരുന്ന കാനമ എന്ന പ്രദേശത്തില്‍ മറ്റ് ഹൂട്ടുകളാല്‍ ഹൂട്ടുകള്‍ കൊല്ലപ്പെട്ടിരുന്നത് ബെല്‍ജിയന്‍ സാമ്പത്തിക വിദഗ്ധരായ കാതറിന്‍ ആന്ദ്രേയും ജീന്‍-ഫിലിപ്പ് പ്ലാറ്റോയും ചേര്‍ന്ന് പഠിച്ചു. കാനമയില്‍ വളരെ ഫലഭൂയിഷ്ഠമായ അഗ്‌നിപര്‍വ്വത മണ്ണാണ് ഉള്ളത്, അതിനാല്‍ അതിന്റെ ജനസാന്ദ്രത റുവാണ്ടയുടെ ശരാശരി ജനസാന്ദ്രതയുടെ നിലവാരമനുസരിച്ച് പോലും ഉയര്‍ന്നതായിരുന്നു. 1988-ല്‍ ചതുരശ്ര മൈലില്‍ 1,740 ആളുകള്‍. 1993-ല്‍ അത് 2,040 ആയി ഉയര്‍ന്നു. ആ ഉയര്‍ന്ന ജനസാന്ദ്രത കാരണം പൊതുവെ വ്യക്തിഗത കര്‍ഷകന് വളരെ ചെറിയ കൃഷിയിടം മാത്രമേ സ്വന്തമാക്കാനാവുമായിരുന്നുള്ളു. ഭൂമി മുഴുവന്‍ ഇതിനകം ആളുകള്‍ കൈവശപ്പെടുത്തിയിരുന്ന കാരണം, യുവാക്കള്‍ക്ക് വിവാഹം കഴിക്കാനും വീടുവിട്ടിറങ്ങാനും കൃഷിയിടം സ്വന്തമായി സ്ഥാപിക്കാനും ബുദ്ധിമുട്ടായി.
യുവാക്കള്‍ വിവാഹം നീട്ടിവെക്കുകയും തുടര്‍ന്നു മാതാപിതാക്കളോടൊപ്പം വീട്ടില്‍ താമസിക്കുകയും ചെയ്തു. ഉദാഹരണത്തിന്, 20 മുതല്‍ 25 വയസ്സുവരെയുള്ള പ്രായത്തില്‍, മാതാപിതാക്കളുടെ ഒപ്പം താമസിക്കുന്ന യുവതികളുടെ ശതമാനം 1988-ന് 39% ഉയര്‍ന്നു 1993-ല്‍ 67% ആയി. യുവാക്കളുടെ ശതമാനം 71% നിന്ന് 100% ആയി.
കൂടുതല്‍ ചെറുപ്പക്കാര്‍ മാതാപിതാക്കളുടെ ഒപ്പം വീട്ടില്‍ നില്‍ക്കാന്‍ തുടങ്ങിയതോടെ ഓരോ കര്‍ഷക കുടുംബത്തിനും ശരാശരി ആളുകളുടെ എണ്ണം വര്‍ദ്ധിച്ചു. 1988-1993 ഇടയില്‍ 4.9 മുതല്‍ 5.3 വരെ. അതേ സമയം കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണം 0.89-ല്‍ നിന്ന് 0.72 ഏക്കറായി കുറഞ്ഞു. കാനമയിലെ ഭൂരിഭാഗം ആളുകള്‍ക്കും വളരെ കുറച്ച് ഭൂമിയില്‍ ആവശ്യത്തിനുള്ള ഭക്ഷണം കണ്ടെത്തുക അസാധ്യമായി തീര്‍ന്നു. പ്രതിദിനം 1,600 കലോറിയില്‍ കുറവ് ആഹാരം കഴിക്കുന്നവരുടെ ശതമാനം (അതായത്, പട്ടിണി നിലവാരത്തിന് താഴെയായി കണക്കാക്കുന്നത്) 1982-ല്‍ 9% നിന്ന് 1990-ല്‍ 40% ആയി ഉയര്‍ന്നു. സ്വാഭാവികമായും മറ്റുള്ളവരെ (ശരാശരി 0.6 ഏക്കറിന് താഴെ) അപേക്ഷിച്ചു ചില ആളുകള്‍ക്ക് വലിയ ഫാമുകള്‍ (ശരാശരി 2.5 ഏക്കറിന് മുകളില്‍) ഉണ്ടായിരുന്നു. ആ അസമത്വം 1988 മുതല്‍ 1993 വരെ വര്‍ദ്ധിച്ചു. വളരെ വലിയ ഫാമുകളുടെ ശതമാനവും വളരെ ചെറിയ ഫാമുകളുടെ ശതമാനം 1988-നും 1993-നും ഇടയില്‍ 5% നിന്ന് 8% വരെയും 36% നിന്ന് 45% യഥാക്രമം വര്‍ധിച്ചു. റുവാണ്ടയില്‍, അവരുടെ ചെറിയ ഫാമുകള്‍ വില്‍ക്കുന്നത് പലപ്പോഴും ഭക്ഷണം, ആരോഗ്യം, എന്നിവ ഉള്‍പ്പെടുന്ന അടിയന്തരാവസ്ഥയ്ക്ക് പണം ആവശ്യമായി വന്നപ്പോഴും കൈക്കൂലി കൊടുക്കാനും വിവാഹം, ശവസംസ്‌കാരം നടത്താനും അല്ലെങ്കില്‍ അമിതമായ മദ്യപാനത്തിനു വേണ്ടിയുമാണ്.
അങ്ങനെ, കാനമയില്‍ ഭൂരിഭാഗം ആളുകളും ദരിദ്രരും പട്ടിണി കിടക്കുന്നവരും നിരാശരും ആയിരുന്നു. എന്നാല്‍ ചില ആളുകള്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ദരിദ്രരും പട്ടിണി കിടക്കുന്നവരും നിരാശരും ആയിരുന്നു. ഈ സാഹചര്യം പലപ്പോഴും ഉള്‍പ്പെട്ട കക്ഷികള്‍ക്ക് പരസ്പരം സംസാരിച്ചു പരിഹരിക്കാന്‍ കഴിയാത്ത ഗുരുതരമായ സംഘര്‍ഷങ്ങള്‍ക്ക് വഴിയുണ്ടാക്കി. ഭൂമി തര്‍ക്കങ്ങള്‍ തന്നെ ആയിരുന്നു ഗുരുതരമായ സംഘട്ടനങ്ങളുടെ മൂലകാരണം.
പരമ്പരാഗതമായി, ഒരു പിതാവ് മരിച്ചാല്‍, അയാളുടെ ഭൂമി മുഴുവന്‍ മൂത്ത മകന് കൈമാറി ആ മകന്‍ മൊത്തം കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റി പോവുകയാണുണ്ടായത്. എന്നാല്‍ ഭൂമിയുടെ അളവ് കുറവാകാന്‍ തുടങ്ങിയതോടെ എല്ലാ സഹോദരങ്ങള്‍ക്കും തുല്യ വീതം വേണമെന്ന ആവശ്യം വരികയും അത് ഭൂമിയുടെ അളവ് പിന്നെയും കുറച്ചു. ഇത് അച്ഛനും മക്കള്‍ക്കും സഹോദരങ്ങള്‍ക്കിടയിലും സംഘര്‍ഷങ്ങളുണ്ടാക്കി.
വിവാഹ മോചിതരായ സ്ത്രീകള്‍ തങ്ങളുടെ മാതാപിതാക്കളുടെയോ സഹോദരന്റെയോ അടുത്തേക്ക് മടങ്ങുമായിരുന്നു. ഒരാളെ കൂടി ഊട്ടാന്‍ സാധിക്കാത്തതിനാല്‍ ഈ പ്രിത്യേക സാഹചര്യത്തില്‍ അവരുടെ സ്വന്തം സഹോദരങ്ങള്‍ അവരുടെ തിരിച്ചുവരവിനെ എതിര്‍ത്തു. അനാഥരാവുന്ന കുട്ടികള്‍ ബന്ധുക്കളാല്‍ ഇറക്കി വിടപ്പെട്ടു. അങ്ങനെ ആ സാമൂഹിക ഘടന തകര്‍ന്നു തുടങ്ങി. 1994-ന് മുമ്പു കൃഷിക്ക് പുറത്ത് വരുമാനമില്ലാത്ത പട്ടിണി കിടക്കുന്ന ഭൂരഹിതരായ ചെറുപ്പക്കാര്‍ക്കിടയില്‍ അക്രമത്തിന്റെയും മോഷണത്തിന്റെയും തോത് വര്‍ദ്ധിച്ചു വരുന്നുണ്ടായിരുന്നു. ഉയര്‍ന്ന ജനസംഖ്യ സാന്ദ്രതയും മോശമായ പട്ടിണിയും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു.
ആന്ദ്രേ നടത്തിയ സര്‍വേയില്‍ ഹുട്ടുകള്‍ മാത്രം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ 5% പേരെങ്കിലും കലാപത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. കൊല്ലപ്പെട്ടവരെ അവര്‍ പല വിഭാഗങ്ങളായി തരം തിരിച്ചു. വലിയ ഭൂവുടമകള്‍ ആയ ഹുട്ടുകള്‍ ആയിരുന്നു കൊല്ലപ്പെട്ടവരില്‍ ഒരു വിഭാഗം. അവരില്‍ ഭൂരിഭാഗവും 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരായിരുന്നു. പിന്നെ കൊല്ലപ്പെട്ട ചെറുപ്പക്കാര്‍ കൃഷിയിതര വരുമാനം കൊണ്ട് ഭൂമി വാങ്ങിച്ചു മറ്റുള്ളവരില്‍ അസൂയ ജനിപ്പിച്ചവര്‍ ആയിരുന്നു. ഇരകളുടെ അടുത്ത വിഭാഗം ‘സ്ഥലത്തെ പ്രധാന പ്രശ്‌നക്കാര്‍’ എന്ന് അറിയപ്പെട്ടിരുന്നവര്‍ ആയിരുന്നു. ഇരകളുടെ മറ്റൊരു വിഭാഗം ദാരിദ്ര്യത്തില്‍ നിരാശരായ യുവാക്കളും കുട്ടികളും ആയിരുന്നു. അവര്‍ മിലിഷ്യകളില്‍ ചേര്‍ന്ന് പരസ്പരം കൊല്ലാന്‍ തുടങ്ങി.
അവസാനമായി, ഏറ്റവും കൂടുതല്‍ ഇരകള്‍ പോഷകാഹരം കഴിക്കാന്‍ ഗതിയില്ലാതെ ആളുകളായിരുന്നു, അവര്‍ പട്ടിണി മൂലം തളര്‍ന്നു മരിക്കുകയാണുണ്ടായത്. ആന്ദ്രേയും പ്ലാറ്റോയും ഇങ്ങനെ കുറിക്കുന്നു, ‘1994-ലെ സംഭവങ്ങള്‍ അസൂയ കൊണ്ട് കലുഷിതമായ മനസ്സുകള്‍ക്ക് പരസ്പരം പ്രതികാരം ചെയ്യാനോ ഭൂസ്വത്തുക്കള്‍ പുനഃക്രമീകരിക്കാനോ ഉള്ള അവസരം ആയിട്ടാണ് ഹുട്ടു ഗ്രാമവാസികള്‍ ഉപയോഗിച്ചത്. ചില റുവാണ്ടക്കാര്‍ ഇന്നും വാദിക്കുന്നത് ജനസംഖ്യയുടെ അധികഭാഗം തുടച്ചുനീക്കുന്നതിനും സംഖ്യ സന്തുലിതാവസ്ഥയില്‍ കൊണ്ടു വരുന്നതിനും ഭൂവിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനും യുദ്ധം ആവശ്യമാണ് എന്നാണ്.’
അസന്തുഷ്ടിയുടെ ഒരു കാരണം അസൂയ
വംശഹത്യയെക്കുറിച്ച് റുവാണ്ടക്കാര്‍ തന്നെ പറഞ്ഞതിന്റെ അവസാനത്തെ ഉദ്ധരണി ആശ്ചര്യപ്പെടുത്തുന്നതാണ്. ജനസംഖ്യാ സമ്മര്‍ദ്ദം, മനുഷ്യ നിര്‍മ്മിത പാരിസ്ഥിതിക ആഘാതം, വരള്‍ച്ചയും മറ്റും ആളുകളെ ദീര്‍ഘകാലമായി നിരാശരാക്കിയിരുന്നു. ഇതൊരു വെടിമരുന്നുശാല പോലെ ആണ്. ഒരു തീപ്പെട്ടി ഉരച്ചാല്‍ മതി, അതെല്ലാം കൂടി പൊട്ടിത്തെറിക്കും. ആ തീപ്പെട്ടി കൊള്ളി ഉരച്ചത് അധികാരം നിലനിര്‍ത്താനായി വംശീയ വിദ്വേഷം പ്രചരിപ്പിച്ച രാഷ്ട്രീയക്കാര്‍ ആയിരുന്നു.
കിഴക്കന്‍ ആഫ്രിക്കയെ കുറിച്ച് പഠിക്കുന്ന ജെറാര്‍ഡ് പ്രൂനിയര്‍ പറയുന്നു: ‘കൊല്ലാനുള്ള തീരുമാനം രാഷ്ട്രീയക്കാര്‍ ആണ് എടുത്തതെങ്കിലും അത് നടപ്പാക്കുന്നതില്‍ സാധാരണ ജനങ്ങളും പങ്കു ചേരാന്‍ കാരണം ചെറിയ അളവ് ഭൂമിയില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. കുറെ പേരെ തുടച്ചു നീക്കിയാല്‍ ബാക്കി വരുന്നവര്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ കിട്ടുമെന്ന ധാരണ ആയിരുന്നു. കൊല്ലപ്പെടാന്‍ പോകുന്ന ഈ ആളുകള്‍ക്കെല്ലാം ഭൂമിയും ചിലര്‍ക്കൊക്കെ പശുക്കളും ഉണ്ടായിരുന്നു. ഈ ഭൂമിയും പശുക്കളെയും ഉടമകള്‍കളുടെ മരണശേഷം ശേഷം ആര്‍ക്കെങ്കിലും ലഭിക്കും. ദാരിദ്രവും വര്‍ദ്ധിച്ചുവരുന്ന ജനസാന്ദ്രതയുള്ളതുമായ ഒരു രാജ്യത്ത് ക്രൂരതയില്‍ ഏര്‍പ്പെടാന്‍ നല്ല പ്രോത്സാഹനമാണ്’.
അസൂയയാണ് അസന്തുഷ്ടിയുടെ ഒരു കാരണം. നിങ്ങള്‍ക്ക് എത്രത്തോളം ഉണ്ട് എന്നതിനേക്കാള്‍ നിങ്ങളുടെ ക്ഷേമത്തിന് ഒരു പ്രധാന ഘടകം ആകുന്നത് നിങ്ങളുടെ അയല്‍ക്കാര്‍ക്ക് നിങ്ങളേക്കാള്‍ കൂടുതല്‍ ഉണ്ടോ ഇല്ലയോ എന്നതിനെയാണ് അടിസ്ഥാനമാക്കുന്നത്. പ്രൂനിയര്‍ അഭിമുഖം നടത്തിയ ഒരു ടുട്‌സി അധ്യാപകന്‍ അതിജീവിച്ചത് കൊലയാളികള്‍ വരുമ്പോള്‍ അയാള്‍ വീട്ടില്‍ ഇല്ലായിരുന്നു. അയാളുടെ ഭാര്യയെയും അഞ്ച് മക്കളില്‍ നാല് പേരെയും അവര്‍ കൊലപ്പെടുത്തി. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ നടന്നു പോകാന്‍ ചെരിപ്പ് വാങ്ങിച്ചു കൊടുക്കാന്‍ കെല്‍പ്പുള്ളവരെ, കുട്ടികള്‍ക്ക് ചെരിപ്പ് വാങ്ങിച്ചു കൊടുക്കാന്‍ കെല്‍പ്പില്ലാത്തവര്‍ കൊന്നൊടുക്കി’!
You see, their morals, their code, it’s a bad joke. Dropped at the first sign of trouble. They’re only as good as the world allows them to be. I’ll show you. When the chips are down, these… these civilized people, they’ll eat each other. Introduce a little anarchy. Upset the established order, and everything becomes chaos.’ – The Joker, The Dark Knight
ഇത്തരം കലാപങ്ങളുടെ ഉത്ഭവം നാം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം കൊലയാളികളെ കുറ്റവിമുക്തരാക്കാന്‍ വേണ്ടിയല്ല, മറിച്ച് അത്തരം കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ നമുക്ക് ആ അറിവ് ഉപയോഗിക്കാം.
Reference
1. Land relations under unbearable stress: Rwanda caught in the Malthusian trap- Catherine Andre, Jean-Philippe Platteau, 1998
2. The Rwanda crisis: History of genocide- Gerard Prunier, 1995
3. Collapse: How societies choose to fail or succeed- Jared Diamond, 2005