എം.എ. ബേബിയില്‍നിന്ന് ഇമ്മാനുവേല്‍ മാക്രോണിലേക്കുള്ള ദൂരം!


ഫ്രാന്‍സില്‍ തലയറുത്ത് കൊല്ലപ്പെട്ട അധ്യാപകന്‍ സാമുവല്‍ പാറ്റിക്കും, ചോദ്യപേപ്പര്‍ വിവാദത്തില്‍ കുടുങ്ങി കൈ വെട്ടിമാറ്റപ്പെട്ട നമ്മുടെ ജോസഫ് മാഷിനും തമ്മില്‍ അതിശയകരമായ സമാനകളാണുള്ളത്. സറ്റയറിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ജോസഫ് മാഷിന്റെ ശൈലിക്ക് സമാനമായിരുന്നു, സാമുവല്‍ പാറ്റിയുടെ ക്ലാസുകളും. തികഞ്ഞ മതേതരവാദികളായ രണ്ടുപേരും ബോധപുര്‍വമല്ല വിവാദത്തില്‍ പെട്ടത്. വിദ്യാര്‍ഥികള്‍ തൊട്ടുള്ളവര്‍ രണ്ടുപേരെയും ഒറ്റുകൊടുത്തു. പക്ഷേ അവിടെ ഒരു പ്രകടമായ മാറ്റം ഉണ്ടായിരുന്നു. ഫ്രാന്‍സിന് ഒരു നട്ടെല്ലുള്ള പ്രസിഡന്റും മതങ്ങളെ ഭയക്കാത്ത ഭരണകൂടവുമുണ്ട്.

‘മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. അവസാന ശ്വാസംവരെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയും ഞങ്ങള്‍ നിലകൊള്ളും. ലോകവ്യാപകമായി പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‌ലാം. ഇത്തരം ക്രൂരതകള്‍ കൊണ്ടൊന്നും ഞങ്ങള്‍ അശേഷം ഭയപ്പെടില്ല’- ഇമ്മാനുവേല്‍ മാക്രാണ്‍ 

മതങ്ങള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴഞ്ഞ് പ്രീണിപ്പിക്കുന്ന രാഷ്ട്രീയക്കാരെ കണ്ടുശീലിച്ച നമുക്ക് ഇമ്മാനുവേല്‍ മാക്രോണ്‍ എന്ന, 42 വയസ്സുമാത്രം പ്രായമുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അമ്പരപ്പ് സ്വാഭാവികം മാത്രം. പ്രവാചക നിന്ദ ആരോപിച്ച് തലവെട്ടി മാറ്റപ്പെട്ട സാമുവല്‍ പാറ്റി എന്ന അധ്യാപകന്, രാജ്യത്തിന്റെ പരമോന്നത പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് മാക്രോണ്‍ പറഞ്ഞ ഈ വാക്കുകള്‍, ജനാധിപത്യത്തിലും അഭിപ്രായ സ്വതന്ത്ര്യത്തിലും വിശ്വസിക്കുന്നവര്‍ ഫ്രെയിം ചെയ്ത് സുക്ഷിക്കേണ്ടതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത് വെറുതെയല്ല.

നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനുശേഷം ഫ്രാന്‍സ് കണ്ട പ്രായം കുറഞ്ഞ ഭരണാധികാരി, ഇടതിനെയും വലതിനെയും ഒരുപോലെ ഒരുപോലെ വിമര്‍ശിച്ച്, ആം ആദ്മി പാര്‍ട്ടിപോലെ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി ഒറ്റ വര്‍ഷം കൊണ്ട് അധികാരം പിടിച്ച നേതാവ്… ഇമ്മാനുവേല്‍ മാക്രാണ്‍ എന്ന ഫ്രഞ്ച് പ്രസിഡന്റിന് വിശേഷണങ്ങളും സവിശേഷതകളും ഏറെയായിരുന്നു. കുടിയേറ്റ വിരുദ്ധത പുലര്‍ത്താത്ത ലിബറല്‍ ചിന്താഗതിക്കാരനായ, ഉദാരവത്ക്കരണത്തെ അനുകൂലിക്കുന്ന സോഷ്യലിസ്റ്റായാണ് മാക്രോണ്‍ വിലയിരുത്തപ്പെട്ടത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ടൈറ്റിലുകള്‍ മാറിമറിയുകയാണ്. ഇസ്‌ലാമിക ലോകത്തിന്റെ ഇപ്പോഴത്തെ നമ്പര്‍ വണ്‍ ശത്രു ആരാണെന്ന് ചോദിച്ചാല്‍ അത് അമേരിക്കയും ജൂതന്‍മ്മാരും ഒന്നുമല്ല. മാക്രോണ്‍ എന്നാണ് മറുപടി. ഇസ്‌ലാമോഫോബ്, അഴിമതിക്കാരന്‍, തുടങ്ങി 15ാം വയസ്സില്‍ സഹപാഠിയുടെ അമ്മയുമായി ഒളിച്ചോടിയ തെമ്മാടി എന്നൊക്കെ പറഞ്ഞാണ് അദ്ദേഹത്തിനെതിരായ വ്യക്തിഹത്യാ കാമ്പയിന്‍, ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ലോക വ്യാപകമായി നടത്തുന്നത്. ഇസ്‌ലാം വേഴ്‌സസ് ഫ്രാന്‍സ് എന്ന രീതിയില്‍ ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം മാറുകയാണ്. ‘അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച്’ എന്ന് പറഞ്ഞപോലെയാണ് തുര്‍ക്കി അടക്കമുള്ള ഇസ്‌ലാമിക രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന നയം. അധ്യാപകന്റെ തലയറുത്തതിനെ നിയമ നടപടികള്‍ ശക്തമാക്കുകയും ഇസ്‌ലാമിനെ പ്രത്യയശാസ്ത്രപരമായി വിമര്‍ശിക്കുകയും ചെയ്തതോടെയാണ് മാക്രോണ്‍ അവരുടെ ശത്രുവാകുന്നത്. പഴയപോലെ കൊല്ലാനുള്ള ഫത്‌വ ഇറക്കുന്നില്ലന്നേയുള്ളൂ. ഇറാനും, സൗദിയും, ഖത്തറും, തുര്‍ക്കിയും, ഒക്കെ ഫ്രാന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ബഹിഷ്‌ക്കരിക്കയാണ്. കാരണം, ഫ്രഞ്ച് പ്രസിഡന്റ് ഒരു ഇസ്‌ലാമോഫോബ് ആണത്രേ.

മാക്രാണിനെപ്പോലെ നട്ടെല്ല് വളക്കാത്ത നേതാക്കളെ കാണുമ്പോഴാണ് നാം നമ്മുടെ ജോസഫ് മാഷിന്റെ കൈവെട്ട് കേസ് ഓര്‍ത്തുപോകുന്നത്. ഫ്രാന്‍സില്‍ കൊല്ലപ്പെട്ട അധ്യാപകന്‍ സാമുവല്‍ പാറ്റിക്കും ജോസഫ് മാഷിനും ഉണ്ടായത് സമാനമായ അനുഭവമാണ്.

ജോസഫും മാഷും സാമുവല്‍ പാറ്റിയും തമ്മില്‍

രണ്ടുപേരും ആരുടെയെങ്കിലും വികാരം വ്രണപ്പെടണമെന്ന് ബോധപൂര്‍വം ഉദ്ദേശിച്ചിട്ടില്ല. പി.ടി. കുഞ്ഞുമുഹമ്മിദിന്റെ ‘തിരക്കഥയുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തില്‍നിന്ന് ഒരു ഭ്രാന്തനും പടച്ചോനും തമ്മിലുള്ള സംഭാഷണ ശകലം എടുത്ത്, അനുയോജ്യമായ ചിഹ്‌നം ചേര്‍ക്കാനുള്ള ചോദ്യമായി കൊടുക്കുമ്പോള്‍, ആ മുഹമ്മദിനെ ഈ മുഹമ്മദായി വ്യഖാനിക്കപ്പെടുമെന്ന് പ്രൊഫസര്‍ ടി ജെ ജോസഫ് സ്വപ്‌നത്തില്‍പോലും കരുതിയില്ല. രണ്ടിടത്തും അധ്യാപകരെ ഒറ്റിക്കൊടുത്തതില്‍ വിദ്യാര്‍ഥികളും പെടുന്നു. ഒരു പെണ്‍കുട്ടി തന്നോട് ഈ ചോദ്യം എങ്ങനെ വന്നു എന്ന് ചോദിച്ചത് തന്റെ ആത്മകഥയില്‍ ജോസഫ് മാസ്റ്റര്‍ പറയുന്നുണ്ട്. പിന്നീട് അത് മാധ്യമം അടക്കമുള്ള ഇസ്‌ലാമിക മാനേജ്‌മെന്റിന് കീഴിലുള്ള പത്രങ്ങളില്‍ വലിയ വാര്‍ത്തയാവുന്നു, സമരം ആളിക്കത്തുന്നു. (പ്രാദേശികമായി തീര്‍ക്കേണ്ട ഒരു സംഭവത്തെ എഴുതി പര്‍വതീകരിപ്പിച്ച് സമരം നടത്തി, ചാനലുകള്‍ വാര്‍ത്തയാക്കി, കൈവെട്ടിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്, മാധ്യമം അടക്കമുള്ള പത്രങ്ങളാണ്. എന്നിട്ട് കൈയറ്റ് കിടുക്കുന്ന ജോസഫ് മാഷിന് രക്തം കൊടുത്ത്, മാധ്യമം നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിക്കാര്‍ മാതൃകയായി. സോളിഡാരിറ്റിക്കാര്‍ നാവെടുത്താല്‍ ഈ രക്തക്കഥ നമുക്ക് കേള്‍ക്കാം. എത്ര ഉദാത്തമായ ഇരവാദം. ജമാഅത്ത് തട്ടൊരുക്കുന്നു, പോപ്പുലര്‍ ഫ്രണ്ട് വെട്ടുന്നു. വെട്ടുകൊണ്ടവന് രക്തം കൊടുത്ത് ഒരു കൂട്ടര്‍ മാന്യന്‍മ്മാര്‍ ആകുമ്പോള്‍, കുറ്റം മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ടിന്!)



സറ്റയറിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ജോസഫ് മാഷിന്റെ ശൈലിക്ക് സമാനമായിരുന്നു, ഫ്രാന്‍സിലെ അധ്യാപകന്‍ സാവുവല്‍ പാറ്റിയുടെ ക്ലാസും. ഒരു സംഭവം ക്ലാസെടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടതെല്ലാം കാണിച്ച് പഠിപ്പിക്കയാണ് അദ്ദേഹത്തിന്റെ രീതി. അങ്ങനെയാണ് ആ അധ്യാപകന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോള്‍ ഷാര്‍ലി ഹെബ്‌ദോയുടെ വിവാദ കാര്‍ട്ടൂണുകള്‍ കാണിക്കുന്നത്. അല്ലാതെ ഇന്ന് രാവിലെ അല്‍പ്പം മതവിമര്‍ശനം ആവാം എന്ന അജണ്ടവെച്ച് ക്ലാസിലേക്ക് വന്നതല്ല. അപ്പോഴും അദ്ദേഹം പറഞ്ഞു. മുസ്‌ലീം വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ പുറത്തുപോകാം. ആ അധ്യാപകന്റെ ജനാധിപത്യബോധം നോക്കുക. കുറച്ചു കുട്ടികള്‍ അങ്ങനെ പുറത്തുപോയി. എന്നാല്‍ ഒരു പെണ്‍കുട്ടി ഒളിഞ്ഞുനോക്കി കണ്ടെന്നും ഇത് ആ കുട്ടി വീട്ടില്‍ അറിയിച്ചുവെന്നുമാണ് ഫ്രഞ്ച് പത്രങ്ങള്‍ എഴുതിയത്. തുടര്‍ന്ന് ഒരു കുട്ടിയുടെ രക്ഷിതാവാണ് നവമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച് ഈ അധ്യാപകനെ കൊലക്ക് കൊടുത്തത്. ഇയാളും അറസ്റ്റിലായിട്ടുണ്ട്. അതുപോലെ മൂന്ന്കൂട്ടികള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നത് അന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്. അധ്യാപകനെ കൊല്ലാന്‍ പോവുകയാണെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നത്രേ. ഇസ്‌ലാമിക തീവ്രാവാദിയില്‍നിന്ന് പണം വാങ്ങി അവരാണ് അധ്യാപകനെ കാണിച്ചുകൊടുത്തത്! നോക്കുക, സ്വന്തം അധ്യാപകനെ ഒറ്റിക്കൊടുക്കുന്ന വിദ്യാര്‍ഥികള്‍. ഒരു കുട്ടിപോലും പറഞ്ഞില്ല, എക്കാലവും മാനവികതക്കും മതേതരത്വത്തിനും വേണ്ടി നിലനിന്ന വ്യക്തിയാണ് സാവുമല്‍ പാറ്റി എന്ന്. ഒരു മതവെറിയന്‍ ആയിട്ടാണ് അദ്ദേഹം ചിത്രീകരിക്കപ്പെട്ടത്. സമാനമായ അനുഭവം ആയിരുന്നു ജോസഫ് മാസ്റ്റര്‍ക്കും. സ്വന്തം കുട്ടികളും കോളജും അയാളെ ഒറ്റുകൊടുത്തു. ഒരു മതവെറിയന്‍ അല്ല ജോസഫ് മാസ്റ്റര്‍ എന്ന് ആരും പറഞ്ഞില്ല. എത്രകാലമായിട്ട് അദ്ദേഹത്തെ ഈ നാടിന് അറിയാമായിരുന്നു.

മഠയന്‍ വിവാദവും മതമില്ലാത്ത ജീവനും

ചോദ്യപ്പേപ്പര്‍ വിവാദം ഉണ്ടായപ്പോള്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും, വിപ്ലവകേരളത്തിന്റെ ആശയും അഭിലാഷവും ആയിരുന്ന, എം.എ ബേബി പറഞ്ഞത് ഈ ചോദ്യപേപ്പറിട്ട അധ്യപകന്‍ ഒരു മഠയന്‍ ആണെന്നാണ്. അവിടെയാണ് ഫ്രാന്‍സും കേരളവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. അധ്യാപകനെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതായിരുന്നു ബേബിയുടെ പ്രസ്താനയെങ്കില്‍, ഫ്രഞ്ച് പ്രസിഡന്റ് അടക്കമുള്ളവര്‍ വിമര്‍ശിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയായിരുന്നു. ഇത് ഇവിടെയായിരുന്നെങ്കില്‍ ‘എന്തിനാണ് ഇതുപോലത്തെ ഉദാഹരണങ്ങള്‍ കാണിക്കുന്നതെന്നും, സാവുമല്‍ പാറ്റി ഒരു മഠയന്‍ ആണെന്നും’ ആയിരിക്കും എം എ ബേബി അടക്കമുള്ള നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ പറയുക. അവിടെ മാക്രോണ്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌ക്കാരം കൊടുത്താണ് മരിച്ച അധ്യാപകനെ ആദരിച്ചത്. ഇവിടെയോ അറ്റുപോയി കൈയുമായി മരണാസന്നനായ ജോസഫ് മാഷിന് സസ്‌പെന്‍ഷനാണ് കിട്ടിയത്. അത് പിന്‍വലിക്കാനും ദീര്‍ഘനാള്‍ നിയമയുദ്ധം വേണ്ടിവന്നു. ശമ്പളമില്ലാതെ ജീവിതം ബുദ്ധിമുട്ടി. ഒടുവില്‍ ഡിപ്രഷന്‍ ബാധിച്ച് അദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തു. ശരിക്കും സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് മരണം.

അവസാനം കേസിലെ പ്രതികള്‍ മുഴുവനായി പിടിക്കപ്പെട്ടോ. ആസൂത്രകര്‍ ഇന്നും ഇവിടെ സുഖമായിരിക്കുന്നു. കേസിലെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയും കിട്ടിയില്ല. പാല്‍പുഞ്ചിരി തൂകി, ലോകകപ്പ് നേടിയപോലെ അഭിമാനത്തോടെ, ജയിലിലേക്ക് പോകുന്ന പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ചിത്രം, പത്രങ്ങളുടെ ഒന്നാം പേജ് അലങ്കരിച്ചത് ഓര്‍മ്മയില്ലേ? തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കൈവട്ടുകേസിലെ ഒരു പ്രതി മൂവാറ്റുപുഴയില്‍നിന്ന് ജയിച്ച് മതേതര കേരളത്തെ നാണം കെടുത്തി. മതത്തിന്റെ പേരിലുള്ള ഏത് അക്രമവും അങ്ങനെയാണ്. പുറമെ അപലപിക്കുന്ന നല്ലൊരു ശതമാനവും അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്നു. തങ്ങള്‍ ചെയ്യാത്തത് ചെയ്തവരെ രഹസ്യമായി അഭിനന്ദിക്കുന്നു.

പക്ഷേ ഫ്രാന്‍സില്‍ അങ്ങനെയല്ല. അധ്യാപകന്റെ തലവെട്ടിയ സംഭവത്തില്‍, ‘യഥാര്‍ഥ ഇസ്‌ലാം ഇങ്ങനെയല്ല, അവര്‍ ഇങ്ങനെ ഒന്നും ചെയ്യില്ല’ എന്ന നിലവിളി ശബ്ദമായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ മാക്രാണ്‍ അത് ഇസ്‌ലാമിന്റെ കുഴപ്പം തന്നെയായി വിലയിരുത്തി. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ തുടങ്ങി. തീവ്രാവാദ പ്രസംഗത്തിന്റെ പേരില്‍ ചില പള്ളികള്‍ അടച്ചു പൂട്ടി. പാരീസിന്റെ തെരുവുകള്‍ മുഴവന്‍ ഷാര്‍ലി ഹെബ്‌ദോയുടെ കാര്‍ട്ടുണിന്റെ വലിയ ഫ്‌ളക്‌സുകള്‍ വന്നു. എന്താണോ തീവ്രാവാദികള്‍ മറയ്ക്കാൻ ശ്രമിച്ചത് അത് ലോകം മുഴുവന്‍ കണ്ടു. (കേരളത്തിലോ. ചോദ്യപേപ്പറിലെ ആ വിവാദ ഭാഗം തന്റെ പുസ്തകത്തില്‍നിന്ന് എടുത്തതാണെന്ന് പറയാന്‍ പോലും ഇടത് ബുജിയായ പി.ടി കുഞ്ഞുമുഹമ്മദിന് ആദ്യ ഘട്ടത്തില്‍ പേടിയായിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ അദ്ദേഹം ജോസഫ് മാസ്റ്ററോട് മാപ്പുപറയുകയാണ് ചെയ്തത്) വെള്ളിയാഴ്ചകളില്‍ അള്ളാഹു അക്ബര്‍ വിളിച്ച് തെരുവില്‍ നിസ്‌ക്കരിക്കുന്നവരുടെ അടുത്തേക്ക്, ഫ്രഞ്ച് ദേശീയ ഗാനം ആലപിച്ചുകൊണ്ട് ജനം എത്തുന്നു. ഇമാമുമാര്‍ക്കും മതപ്രഭാഷകര്‍ക്കും കര്‍ശന സ്‌ക്രൂട്ടിനി ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കയാണ്. അല്ലാതെ വ്യാജ മതസൗഹാര്‍ദ വാദങ്ങള്‍ മാക്രാണ്‍ ഉയര്‍ത്തിയില്ല. ഇതോടെ ഇസ്‌ലാമിക ലോകം ആകെ വിഹ്വലര്‍ ആയിരിക്കയാണ്. മാക്രോന്‍ ഇസ്‌ലാമഫോബ് ആണെന്ന കണ്ടെത്തല്‍ ഇതിന്റെ ഭാഗം മാത്രം.

ഇരരവാദത്തിലൂടെ എം.എ ബേബി ഇന്നും ഇന്ത്യയിലെ ഇസ്‌ലാമിസ്റ്റുകളുടെ അരുമയാണ്. നേരത്തെ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠഭാഗം പിന്‍വലിച്ചുകൊണ്ട് കേരളത്തിലെ വര്‍ഗീയ കുശനിസംഘങ്ങള്‍ക്ക് അടുക്കളപ്പണി ചെയ്തുകൊടുത്തതും, ‘കുണ്ടറ ചെഗുവേരയുടെ’ ജീവ ചരിത്രത്തിലെ പൊന്‍ തൂവല്‍ ആണ്. പക്ഷേ മാക്രോണ്‍ ആവട്ടെ ഇസ്‌ലാമിക ലോകത്തിന്റെ ഹിറ്റിലിസ്റ്റിലെ നമ്പര്‍ വണ്ണും. നാളെ ഒരു ജിഹാദിയുടെ പൊട്ടിത്തറിയില്‍ അയാള്‍ കൊല്ലപ്പെട്ടേക്കാം. പക്ഷേ അപ്പോഴും ലോകം പറയും നട്ടെല്ലിന് പകരം വാഴപ്പിണ്ടിവെക്കാത്ത, നാലുവോട്ടിനുവേണ്ടി പ്രീണന സമവാക്യങ്ങളുമായി ബാലന്‍സ് കെ നായര്‍ കളിക്കാത്ത, നല്ല നേതാവായിരുന്നു അയാള്‍ എന്ന്.

ഫ്രഞ്ച് വിപ്ലവക്കാലത്തെ ലോകത്തെ മാറ്റിമറിച്ച മുദ്രാവാക്യങ്ങള്‍പോലെ ‘മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണ്’ എന്ന മാക്രോണിന്റെ വാക്കുകള്‍ ലോകത്തിലെ മതേതരവാദികള്‍ സംഗീതംപോലെ ആസ്വദിക്കും. ബേബിയില്‍നിന്ന് മാക്രോണിലേക്കുള്ള ദൂരം ശരിക്കും പ്രകാശ വര്‍ഷങ്ങള്‍ തന്നെയാണ്.

വാല്‍ക്കഷ്ണം: പക്ഷേ കേരളത്തിലെ കൈവെട്ടും ഫ്രാന്‍സിലെ തലവെട്ടും തമ്മില്‍ പ്രകടമായ മറ്റൊരു ഒരു വ്യത്യാസം ഉണ്ടായിരുന്നു. മതം ശരിക്ക് പഠിച്ചതുകൊണ്ട് ഫ്രാന്‍സിലെ തീവ്രവാദി തക്ബീര്‍ മൂഴക്കി കുത്തിക്കൊന്നശേഷം തലയറുത്തു. എന്നാല്‍ വലതുകാല്‍ ഇടതുകൈ, അല്ലെങ്കില്‍ ഇടതുകാല്‍ വലതുകൈ എന്ന റസിപ്രോക്കല്‍ ഇക്ക്വേഷനിലുള്ള മതശാസന നമ്മുടെ കൈവെട്ടുകാര്‍ ഓര്‍ക്കാതെപോയതുകൊണ്ട് പാവം ജോസഫ് മാഷ് ഒരു വെട്ടുകൂടി അധികം കൊള്ളേണ്ടി വന്നു! കാലുമാറിപ്പോയ വിവരം വെട്ടുകാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞപ്പോഴാണ്, ഇക്വേഷന്‍ ശരിയാക്കാന്‍ അടുത്തവെട്ടുണ്ടായത്. മതം പഠിക്കുന്നവര്‍ അത് ശരിയായ അര്‍ഥത്തില്‍ പഠിക്കണമെന്ന് ഇടത് ഇരവാദ ചിന്തകര്‍ പറയുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടുന്നത്!

Loading


About M Riju

Freethinker, Journalist, Writer

View all posts by M Riju →

3 Comments on “എം.എ. ബേബിയില്‍നിന്ന് ഇമ്മാനുവേല്‍ മാക്രോണിലേക്കുള്ള ദൂരം!”

  1. ഇന്ത്യയിലെ ഭൂരിപക്ഷ ,ന്യൂനപക്ഷ
    മത സ്വാധീനം തുറന്നു പറയുന്നവരെ അലോരസ പ്പെടുത്തുന്നുണ്ട്, വിശിഷ്യാ കേരളത്തിൽ അധികാര അപ്പക്കഷ്ണത്തിന്നുള്ള കടിപിടിയിൽ?
    താങ്കളുടെ വീക്ഷണം ശരിയാണ്.

    1. Good observation and well written. silence from the intellectuals, writers and other left leaning parties are more worrying.
      Its kundara stalin. Not kundara che guevara

Comments are closed.