സി രവീന്ദ്രനാഥും മോളിക്കുലാര്‍ കാറും; പ്രവീണ്‍ രവി എഴുതുന്നു


”കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി, നമ്മളെല്ലാവരും വളരെയധികം അറിവുണ്ടെന്ന് കരുതിയിരുന്ന ഒരു വ്യക്തി അറിവിന്റെ കുത്തകവല്‍ക്കരണത്തെ പറ്റി സംസാരിക്കാന്‍ ആദ്യം ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണ്‍ എടുക്കാന്‍, പിന്നീട് ആവശ്യപ്പെടുന്നത് ഗൂഗിള്‍ എടുക്കാന്‍. ഇത് രണ്ടും വഴിയാണ് അദ്ദേഹം മോളിക്യുലര്‍ കാറിനെ പറ്റി അറിഞ്ഞത് തന്നെ. ഗൂഗിള്‍ എന്നാല് കെ ഗൂഗിള്‍ ആണ് എന്നാണോ അദേഹം കരുതിയിരിക്കുന്നത്? ”- പ്രവീണ്‍ രവി എഴുതുന്നു
ഗൂഗിള്‍ എന്നാല് കെ ഗൂഗിള്‍ ആണോ?

മോളിക്കുലാര്‍ കാര്‍.. ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും ഇതെന്ത് കാര്‍ എന്ന്..
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര് ഭരിക്കാന്‍ കയറിയപ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു മന്ത്രിസഭാംഗമാണ് പ്രൊഫസര്‍ സി രവീന്ദ്രനാഥ്. മുസ്ലിംലീഗിന്റെ കുത്തക ആയിരുന്ന വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തെപ്പോലെ അറിവും പ്രാഗല്ഭ്യവുമുള്ള ഒരു വ്യക്തിയുടെ കയ്യില്‍ കൂടുതല്‍ മികച്ച നിലവാരം കാഴ്ചവയ്ക്കും എന്നതായിരുന്നു എന്റെ സന്തോഷത്തിന്റെ കാരണം.

പൊതുവേ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്ക് അറിവ് കൂടുതലുണ്ട്, അവര്‍ പ്രഗല്‍ഭരാണ് അവര്‍ക്ക് സമൂഹത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ട് എന്നൊക്കെയുള്ള തെറ്റിദ്ധാരണ എല്ലാവരെയും പോലെ എനിക്കും ഉണ്ടായിരുന്നു. പല പൊയ് മുഖങ്ങളും അഴിഞ്ഞുവീണപോഴും രവീന്ദ്രനാഥ് മാഷ് അത്രത്തോളം എക്്‌സ്‌പോസ് ചെയ്യപ്പെട്ടില്ല, അല്ലെങ്കില്‍ അദ്ദേഹത്തില്‍ ഇത്രത്തോളം കമ്മ്യൂണിസ്റ്റ് മതബോധം അടിഞ്ഞുകൂടിയിരിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിഞ്ഞില്ല എന്നത് ഈ അടുത്താണ് ഞാന്‍ മനസ്സിലാക്കുന്നത്.

അതിന് കാരണം അദ്ദേഹത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റും പിന്നീട് അദ്ദേഹത്തിന്റെതായി വന്ന ഒരു പ്രഭാഷണശകലവും ആണ്. അതിനകത്ത് പറയുന്ന വിഷയമാണ് മോളിക്കുലാര്‍ കാര്‍.എന്താണ് മോളിക്കുലാര്‍ കാര്‍ എന്ന് അറിയാന്‍ എല്ലാവരോടും ആദ്യം മൊബൈല്‍ ഫോണ്‍ എടുക്കാന്‍ അദ്ദേഹം പറയുന്നു. അതിന് ശേഷം ഗൂഗിള്‍ എടുക്കാന്‍ പറയുന്നു, ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് ആധുനിക കാലത്ത് നമ്മള്‍ അറിവ് നേടുന്നത് എന്നും പറയുന്നു. ശേഷം മോളിക്കുലാര്‍ കാര്‍ എന്ന ടൈപ്പ് ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു. അതിനുശേഷം അദ്ദേഹം അതിനെക്കുറിച്ച് വിശദീകരിക്കുകയാണ്. ഈ മോളിക്കുലാര്‍ കാര്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലെ നിസ്സാരക്കാരനല്ല, ഇത് ഭാവിയിലെ ചൂഷണ ഉപാധിയാണ്. ഇതിന്റെ പേറ്റന്റ് വരെ ഏതോ കമ്പനികള്‍ സ്വന്തം ആക്കിയിരിക്കുന്നു.

പിന്നീട് അദ്ദേഹം മോളിക്കുലാര്‍ കാര്‍ എന്തെന്ന് വിശദീകരിക്കുകയാണ്.
”നമ്മുടെ തലമുടി നാരിനെക്കാള്‍ ആയിരം മടങ്ങ് ചെറുതായിട്ടുള്ള ഒന്നാണ് ഈ മോളിക്കുലാര്‍ കാര്‍ ഇത് നമ്മുടെ രോമകൂപങ്ങള്‍ വളരുന്ന സുഷിരത്തില്‍ കൂടെ വളരെ എളുപ്പത്തില്‍ ശരീരത്തിനകത്തേക്ക് കടക്കുകയും ശേഷം, ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിച്ച് പുറത്തിറങ്ങി പോവുകയും ചെയ്യും. നോക്കൂ അറിവ് നല്ലതാണ്, പക്ഷേ അറിവിന്റെ കുത്തകവല്‍ക്കരണമാണ് ഇവിടെ സംഭവിക്കുന്നത്. ഇതിനെതിരെയുള്ള ബദലാണ് ഇടതുപക്ഷത്തിന്റെ ബദല്‍. ഈ ബദല്‍ മനസ്സിലാക്കണമെങ്കില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന സംഭവം മനസ്സിലാക്കണം അതിലൂടെയാണ് ലോകം ഇത്രയെങ്കിലും മനുഷ്യപ്പറ്റുള്ള ഒരു ലോകമായി മാറിയത്.” എന്നെല്ലാം പ്രസംഗിച്ചു അദ്ദേഹം അവസാനിപ്പിക്കുകയാണ്. അതിലെ പ്രസക്തമായ ചില വാചകങ്ങള്‍ മാത്രം ആണ് ഞാനിവിടെ പറഞ്ഞത്.

അറിവിന്റെ കുത്തകവത്ക്കരണമുണ്ടോ?

നോക്കൂ, കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി, നമ്മളെല്ലാവരും വളരെയധികം അറിവുണ്ടെന്ന് കരുതിയിരുന്ന ഒരു വ്യക്തി അറിവിന്റെ കുത്തകവല്‍ക്കരണത്തെ പറ്റി സംസാരിക്കാന്‍ ആദ്യം ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണ്‍ എടുക്കാന്‍, പിന്നീട് ആവശ്യപ്പെടുന്നത് ഗൂഗിള്‍ എടുക്കാന്‍. ഇത് രണ്ടും വഴിയാണ് അദ്ദേഹം മോളിക്യുലര്‍ കാറിനെ പറ്റി അറിഞ്ഞത് തന്നെ. ഗൂഗിള് എന്നാല് കെ ഗൂഗില്‍ ആണ് എന്നാണോ അദേഹം കരുതിയിരിക്കുന്നത്?

ഈ സംരംഭങ്ങളെല്ലാം ഉണ്ടായത് സംരംഭകരും മുതലാളിമാരും പണം ഒഴുക്കിയിട്ട് തന്നെയാണ്. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികതയില് വിശ്വസിക്കുന്ന ഒരാള്‍ക്ക് ലോകം അവന്റെ പ്രത്യയശാസ്ത്രത്തിന്റെ സഹായമില്ലാതെ മാറിയെന്നത് അംഗീകരിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ ഈ പുരോഗതിയില്‍ യാതൊരു പങ്കാളിത്തവും ഇല്ല എന്ന് മാത്രമല്ല ഈ സമൂഹത്തെ പരമാവധി പിന്നോട്ട് വലിക്കാന്‍ ശ്രമിച്ചിട്ടും മുന്നോട്ടുപോയ സമൂഹത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ് കമ്മ്യൂണിസ്റ്റ്കള്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. അതിനുള്ള അവരുടെ താത്വിക അടിത്തറയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. പത്ത് പേര് ഡയലക്ടിക് മെറ്റീരിയലിസത്തെ കുറിച്ച് പറഞ്ഞാല്‍ പത്തും പത്തു പോലെ ഇരിക്കും.

വേദാന്തം പോലെ ഒരു ജര്‍മ്മന്‍ ഫിലോസഫി, എന്നതില്‍ കവിഞ്ഞ് ഭൗതിക ജീവിതത്തിലെ യാതൊരു പ്രതിഭാസങ്ങളെയും സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെയും വൈരുദ്ധ്യാത്മക ഭൗതികവാദം കൊണ്ട് വിശദീകരിക്കാനോ അതിലൂടെ പരിഹാരം നേടാനോ കഴിയില്ല. വ്യാഖ്യാനിക്കാന് കഴിഞ്ഞേക്കും. നമുക്ക് ഈ പ്രപഞ്ചത്തില്‍ നടക്കുന്ന എന്തിനെയും നമുക്ക് ഇഷ്ടപ്പെട്ട ഒരു തത്വശാസ്ത്രം വഴി വ്യാഖ്യാനിക്കാന്‍ കഴിയും. അഹം ബ്രഹ്‌മാസ്മി, നിര്‍വാണം, വൈരുദ്ധ്യാത്മക ഭൗതികവാദം ഇങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ലഹരി എടുത്ത് ലോകത്തെ ഓരോ വിഷയത്തെയും അതിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ കഴിയും. വിശ്വാസികള്‍ അതാണ് ചെയ്യുന്നത്. ഇത് തന്നെയാണ് പ്രൊഫസര്‍ രവീന്ത്രനാതും ചെയ്യുന്നത്.

ഒരു അന്ധ മതവിശ്വാസി അവന്റെ മതവും ദൈവവും വിശ്വാസപ്രമാണങ്ങളും മൂലമാണ് മനുഷ്യന്‍ ധാര്‍മികത ഉള്ളവനും അന്തസ്സുള്ളവനുമായി ജീവിക്കുന്നത് എന്ന് കരുതുന്ന പോലെ, ഇന്ന് കാണുന്ന ശാസ്ത്ര പുരോഗതിയുടെ എല്ലാ പ്രമാണങ്ങളും തെളിവുകളും തന്റെ പുസ്തകത്തില്‍ ഉണ്ടായിരുന്നു എന്ന് കരുതുന്ന പോലെ , ഇദ്ദേഹവും ഈ ലോകത്തിന്റെ മാറ്റത്തിനും ശാസ്ത്ര പുരോഗതിക്കും കാരണ ഹേതുവായത് തന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം മൂലം ആണ് എന്ന് ചിന്തിക്കുന്നു. ഒരു മതവിശ്വാസിയെക്കാള്‍ ഒട്ടും മെച്ചമല്ല നമ്മുടെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്..

കമ്മ്യൂണിസം എന്ന മതം

കമ്മ്യൂണിസം എന്ത് കൊണ്ട് മറ്റൊരു മതം ആണ് എന്ന് നമ്മള്‍ പറയുന്നു എന്നതിന്റെ ഒന്നാം തരം തെളിവു കൂടിയാണു രവീന്ദ്രനാഥിന്റെ ഈ പ്രസംഗത്തിലൂടെ വെളിവായിരിക്കുന്നത്. അദ്ദേഹം പറയുന്ന അറിവിന്റെ കുത്തക വല്‍ക്കരണം ഒരുകാലത്ത് ഉണ്ടായിരുന്നു. ഫ്യൂഡല്‍ കാലഘട്ടത്തില്‍ അറിവ് ചിലയാളുകള്‍ക്ക് മാത്രമായി സ്ഥിരപ്പെടുത്തിയിരുന്നു, അറിവ് നേടാന്‍ ശ്രമിക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചിരുന്നു.

അത് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിച്ചിരുന്നവരെ നമുക്ക് ആക്ടിവിസ്റ്റ് എന്ന് വിളിക്കാം. അത്തരത്തില്‍ ഈ സമൂഹത്തില്‍ ഇടപെടുന്നത് ഒരു രാഷ്ട്രീയമാണ്. പക്ഷേ ആക്ടിവിസം കൊണ്ട് പരിഹാരങ്ങള്‍ ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. മറ്റൊരുവന് അറിവ് കൊടുക്കണോ വേണ്ടയോ എന്നത് തീര്‍ത്തും അപ്പോഴും വ്യക്തിയുടെ സ്വതന്ത്രമായ അവകാശമാണ്. നിങ്ങള്‍ക്ക് നിയമം മൂലമോ ഭീക്ഷണി മൂലമോ അറിവിന്റെ കുത്തകവല്‍ക്കരണം തടയാന്‍ കഴിയില്ല. പക്ഷേ പ്രലോഭനത്തില്‍ കൂടി കഴിയും. നിന്റെ അറിവ് നീ മറ്റൊരുവന് പകര്‍ന്നു തന്നാല്‍, നിനക്ക് നേട്ടം ഉണ്ടാകും എന്ന പ്രലോഭനം.

നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന എത്രയോ അധ്യാപകര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, എത്ര ശുഷ്‌കമായ അറിവാണ് അവര്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നത്. നമ്മളൊക്കെ അത്തരം ശുഷ്‌കമായ അറിവുകള്‍ കിട്ടി വളര്‍ന്നു വന്നവരാണ്. ആക്ടിവിസം കൊണ്ട്, രാഷ്ട്രീയം കൊണ്ട് അറിവിന്റെ ക്വാളിറ്റി വര്‍ധിച്ചില്ല, അറിവിന്റെ മേഖല വലുതായില്ല. അത് വലുതായത്ത് അവിടെ സമ്പത്ത് വന്നപ്പോള്‍ ആണ്, അതുകൊണ്ടാണ് യൂട്യൂബിലും ഗൂഗിളും ഒക്കെ പരതി മോളിക്കുലാര്‍ കാറിനെ പറ്റി നിമിഷനേരം കൊണ്ട് പ്രൊഫസര്‍ രവീന്ദ്രനാഥന് മനസ്സിലാക്കി എടുക്കാന്‍ കഴിഞ്ഞത്.

നോക്കൂ, ഇന്നത്തെ കുട്ടികള്‍ക്ക് യൂട്യൂബില്‍ പരതിയാല്‍ ഏറ്റവും മികച്ച മാര്‍ഗത്തില്‍ ഏത് പ്രൊഫസര്‍മാരും പഠിപ്പിക്കുന്നതിലും കൃത്യതയോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നു. പല വിദേശികളും ഇന്ത്യന്‍ അക്കാദമിക് യൂട്യൂബ് ചാനലുകള്‍ ഫോളോ ചെയ്യുന്നു. എനിക്ക് ഏറ്റവും നന്നായി കണക്ക് മനസ്സിലാകുന്നത് ഇന്ത്യന്‍ ടീച്ചറിന്റെ യൂട്യൂബ് ചാനല്‍ കാണുമ്പോഴാണ് എന്നൊക്കെ പല വിദേശികളും പല ചാനലുകളിടെ അടിയിലും കമന്റ് ഇടൂന്ന്. ഇവിടെ യൂട്യൂബും ഗൂഗിള്‍ പോലെയുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ വന്നപ്പോള്‍ അറിവിന്റെ കുത്തകവല്‍ക്കരണം ആണോ സംഭവിച്ചത് അതോ അറിവ് ലോകത്തിലെ ഏറ്റവും സാധാരണക്കാരനിലേക്കും ഒഴുകിയെത്തുകയാണോ ചെയ്തത്?

എന്തിനാണ് പേറ്റന്റ്?

പേറ്റന്റ് ഒരു നിശ്ചിതകാലത്തേക്കാണ് പല കമ്പനികള്‍ക്കും അനുവദിച്ചു കൊടുക്കുക. അതിനര്‍ത്ഥം അവരാ ഉല്‍പ്പന്നം കണ്ടെത്തുന്നതിന് വേണ്ടി മുടക്കിയ എഫര്‍ട്ട് അതിനുള്ള ഇന്‍സെന്റീവ് നല്‍കാന്‍ ഈ സമൂഹം ബാധ്യസ്ഥരാണ്. അത് പേറ്റന്റില്‍ കൂടിയാണ് ഉറപ്പാക്കുന്നത്. പേറ്റന്റ് കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ മറ്റു പലര്‍ക്കും അതുണ്ടാക്കാന്‍ സാധിക്കും. അങ്ങനെയാണ് ഇന്ന് നമ്മള്‍ കാണുന്ന പല മരുന്നുകളും ജനറിക് മരുന്നുകളായി മാറി നമ്മുടെ മുമ്പിലേക്ക് എത്തിയത്. അതിന്റെ വിലകുറഞ്ഞു സാധാരണക്കാര്‍ക്കും പ്രാപ്തമായ രീതിയിലേക്ക്.

ഒരു കമ്പനി സര്‍വ്വ സന്നാഹങ്ങളോടും കൂടി ഏറ്റവും മികച്ച ശാസ്ത്രജ്ഞന്മാരെ അണിനിരത്തി റിസര്‍ച്ച് ചെയ്ത് ഉണ്ടാക്കിയ റിസള്‍ട്ട് ആണ് പിന്നീട് എല്ലാവര്‍ക്കും ആയി നല്‍കുന്നത്. ഈ പേറ്റന്റ് ഇല്ലെങ്കില്‍ അതിലൂടെ ലഭിക്കുന്ന ഇന്‍സെന്റീവ് ഇല്ലെങ്കില്‍ പലരും ഇതിനുവേണ്ടി മെനക്കെടില്ല. നമ്മുക്ക് ഇത്രയധികം മെഡിക്കല്‍ പുരോഗതി ഉണ്ടാകില്ലായിരുന്നു. കൊറോണ വന്നപ്പോള്‍ കേരള സര്‍ക്കാര്‍ വാക്‌സിന്‍ ഉണ്ടാക്കാന്‍ പോകുന്നു എന്ന് വലിയ വീരവാദം മുഴക്കി, ക്യൂബയുമായി സഹകരിച്ച ആണത്രേ. ഇന്ന് വരെ ഒന്നും നടന്നില്ല. കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ ബൂര്‍ഷ്വാ കമ്പനിയായ ഫൈസറിന്റെ വാക്‌സിന്‍ എടുക്കേണ്ടി വന്നു. ഇതാണ് കേരളത്തിന്റെ ബദല്‍.

അങ്ങ് ചൈനയില്‍ ഇതേ നിലപാടുമായി ചൈനീസ് സര്‍ക്കാര്‍ മാസങ്ങളോളം അവിടുത്തെ ജനത്തെ പൂട്ടിയിട്ട് പീഡിപ്പിച്ചു. അറിവിന്റെ കുത്തകവല്‍ക്കരണം സംഭവിക്കാത്ത മാര്‍ഗത്തില്‍ കൂടി വാക്‌സിന്‍ ഉണ്ടാക്കാന്‍ പല മാര്‍ഗങ്ങളും നടത്തി നോക്കി പക്ഷേ ഒന്നും വിജയിച്ചില്ല. അവസാനം കുത്തക കമ്പനിയായ ഫൈസറിന്റെ വാക്‌സിന്‍ എത്രയോ നാളുകള്‍ ആളുകളെ പീഡിപ്പിച്ചതിനു ശേഷം അവരിലേക്ക് കുത്തിവച്ചു. ഇതാണ് കമ്മ്യൂണിസ്റ്റ് ബദല്‍. മാവോയുടെ കാലത്തും, സ്റ്റാലിന്റെ കാലത്തും ഒക്കെ ഈ ഈ ബദലുകള്‍ ശക്തി പ്രാപിച്ചിരുന്നു അപ്പോഴെല്ലാം മനുഷ്യന്‍ ഏറ്റവും വലിയ ദുരിതത്തില്‍ കൂടി കടന്നുപോയി. കമ്മ്യൂണിസ്റ്റ് ബദലിന്റെ നേട്ടങ്ങളുടെ ലിസ്റ്റ് എടുത്താല്‍ തീരില്ല.

മോളിക്യുലര്‍ കാര്‍, ജനറ്റിക് സാങ്കേതിക വിദ്യയും ഒക്കെ വലിയ രീതിയില്‍ വികസിക്കുകയാണ്. ഒരുകാലത്ത് മരണമില്ലാത്ത മനുഷ്യന്‍ വരെ ഉണ്ടായേക്കാം. അപ്പോഴും അതിനായി ഗവേഷണം നടത്താനും അത്യുല്‍സാഹത്തോടെ ജോലി ചെയ്യാനും ഒരുവനെ പ്രേരിപ്പിക്കുന്ന സംഗതികളാണ് ലാഭമായി മാറുന്നത്. ലാഭത്തെ ചൂഷണമായി കണ്ടാല്‍ നമ്മള്‍ ഇന്നും പ്രാകൃത കാലഘട്ടത്തില്‍ തന്നെ കഴിയേണ്ടി വന്നേനെ.

പലര്‍ക്കും ഗ്രാജുവലായി ഉണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കാന്‍ കഴിയുന്നില്ല.
എന്റെ ചെറുപ്പത്തില്‍ അമ്പലത്തില്‍ ഉത്സവത്തിന് പോയി അച്ഛനോട് ഒരു പൊട്ടാസ് തോക്ക് വാങ്ങിച്ചു തരണമെന്ന് പറഞ്ഞ് കരഞ്ഞ് നിലവിളിച്ചാല്‍ പോലും വാങ്ങിച്ചു തരില്ലായിരുന്നു. പലപ്പോഴും അമ്മയാണ് എനിക്ക് എന്തെങ്കിലും ബേക്കറി പലഹാരങ്ങളോ ഇങ്ങനെയുള്ള കളിപ്പാട്ടം ഒക്കെ മേടിച്ചു തരിക. എന്റെ അച്ഛന്റെ കയ്യില്‍ തീരെ പൈസ ഇല്ലാഞ്ഞിട്ടല്ല, അച്ഛന്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരന്‍ ആയിരുന്നു. പക്ഷേ അച്ഛന് അതിലും വലിയ പ്രയോറിറ്റികള്‍ അന്നുണ്ടായിരുന്നു എന്നതുകൊണ്ടാണ്. എന്നാല്‍ ഇന്ന് ഒരു കൂലിപ്പണിക്കാരന്റെ മകന്റെ കയ്യില്‍ പോലും ഏറ്റവും നല്ല കളിപ്പാട്ടങ്ങളും മൊബൈല്‍ ഫോണും ഉണ്ട്.

പണ്ട് ഒരു സ്‌കൂട്ടറോ, കാറോ കണ്ടാല്‍ എത്ര ദൂരവും അതിനകത്ത് ഇടിച്ചു കുത്തി ഇരുന്നു പോകാന്‍ അവസരം കിട്ടിയാല്‍ പോലും പാഴാക്കാറില്ല. കാരണം കാറും, സ്‌കൂട്ടറും ഒക്കെ വലിയ പണക്കാര്‍ മാത്രം ഉപയോഗിക്കുന്ന ആഡംബര സംഭവങ്ങളാണ്. ഇന്ന് റബര്‍ വെട്ടാന്‍ പോകുന്ന ആളും ബൈക്കിലാണ് പോകുന്നത്. ലോകത്തെ ദരിദ്രരുടെ ശതമാനം കുത്തനെ കുറഞ്ഞു, നമ്മുടെ ജീവിത നിലവാരം വളരെയധികം വര്‍ദ്ധിച്ചു. എ സി, ഫ്രിഡ്ജജ് , ടിവി, എന്നിവയൊക്കെ ഒരുകാലത്ത് ആഡംബര വസ്തുക്കള്‍ ആയിരുന്നെങ്കില്‍ ഇന്നത് ഏറ്റവും സാധാരണക്കാരന്റെ വീട്ടില്‍ വരെ എത്തി. ഇറച്ചിയും മീനും മാസത്തിലൊന്നായിരുന്നുവെങ്കില്‍ ഇന്നത് പലരുടെയും വീടുകളില്‍ ദിവസവും ആയി.

ജനനത്തോടൊപ്പം തന്നെ മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നുവെങ്കില്‍ ഇന്നത് വളരെയധികം കുറഞ്ഞു. ലോക ജനതയുടെ ആയുര്‍ദൈര്‍ഘ്യം 50 കൊല്ലം മുമ്പുള്ള വളരെയധികം മുന്നോട്ടു പോയിരിക്കുന്നു. കേരളം പോലെ ഒരു സംസ്ഥാനം പോലും 70കള്‍ക്ക് മുകളിലേക്ക് എത്തിയിരിക്കുന്നു. പണ്ട് 60 വയസ്സായ ഒരാള്‍ എന്നാല്‍ അപ്പൂപ്പന്‍ ആണ് ഇന്ന് 60 വയസ്സായ പലരും ചെറുപ്പക്കാരെ പോലെ നടക്കുന്നു. പക്ഷേ നമ്മള്‍ക്ക് ഇതൊന്നും കാണാനോ മനസ്സിലാക്കാനോ ഉള്ള കഴിവില്ല. കാരണം ഈ മാറ്റങ്ങള്‍ ഒക്കെ ഗ്രാജുവലായി സംഭവിച്ചതാണ്. പൊടുന്നനെ വിപ്ലവത്തില്‍ കൂടി വന്ന മാറ്റങ്ങള്‍ അല്ല.. ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണം ആയി തീര്‍ന്നത് മനുഷ്യന്റെ അടങ്ങാത്ത ഭൗതിക ആസക്തിയും അത് മെച്ചപ്പെടുത്താനുള്ള അവന്റെ ഇച്ഛാശക്തിയും ആണ്. അവിടെ ലാഭവും മത്സരവും ഒഴിച്ചുകൂട്ടാന്‍ ആവാത്ത ഒന്ന് തന്നെയാണ്. അതിനെ കൂച്ചുവിലങ്ങിട്ട് സോഷ്യലൈസ് ചെയ്തു തങ്ങള്‍ വിശ്വസിക്കുന്ന ഒരു മണ്ടന്‍ പ്രത്യയശാസ്ത്രം വഴി ഈ ലോകം മുന്നേറണം എന്നൊക്കെ ഈ നൂറ്റാണ്ടിലും ഒരുവന്‍ ധരിച്ചുവയ്ക്കുന്നുവെങ്കില്‍ അവന്‍ മാനവികതയുടെ ശത്രുവാണ്.

സര്‍ക്കാര്‍ ജീവിതത്തില്‍ പിടിമുറക്കിയാല്‍

താന്‍ അറിവ് നേടിയ മാര്‍ഗ്ഗത്തെ പോലും മനസ്സിലാക്കാന്‍ കഴിയാതെ, താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങള്‍ക്ക് വേണ്ടി ആത്മ വഞ്ചന നടത്തേണ്ടിവരുന്ന ഒരുവന്റെ അവസ്ഥ അതാണ് രവീന്ദ്രനാഥില്‍ ഞാന്‍ കണ്ടത്. മോളിക്കുലാര്‍ കാര്‍ എന്താണ് എന്ന് മനസ്സിലാക്കിയത് തന്നെ കുത്തക ഭിമനായ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ്. എന്നിട്ട് അറിവിന്റെ കുത്തകവല്‍ക്കരണത്തിനെതിരെ നാട്ടുകാരുടെ മുമ്പില്‍ മൈക്കും വെച്ച് പ്രസംഗിക്കുന്ന തൊലിക്കട്ടി ഉണ്ടല്ലോ അതാണ് കമ്മ്യൂണിസത്തിന്റെ പ്രത്യേകത. ഇനി പലരും സമൂഹത്തില്‍ തങ്ങള്‍ പാവങ്ങളോടും അശരണരോടും ഒക്കെ വലിയ കരുതലും സ്‌നേഹവുമുള്ളവരാണ് എന്ന് കാണിക്കുന്നതിന് ഒരു മോറല്‍ സുപ്പീരിയേറ്റ് എടുക്കുന്നതിനു വേണ്ടി പലപ്പോഴും പറയുന്നതാണ് ഞാനൊരു സോഷ്യലിസ്റ്റ് ആണ് എന്ന്.

സത്യത്തില്‍ ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ സോഷ്യലിസത്തെക്കുറിച്ച് കാര്യമായിട്ടുള്ള ഒരു അറിവില്ല എന്ന് തന്നെയാണ് എനിക്ക് പറയേണ്ടി വരിക. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്നവന്‍ കുറെ ആളുകള്‍ക്ക് കുറച്ച് സാധനം ഫ്രീയായിട്ട് കൊടുക്കാന്‍ തീരുമാനിച്ചിട്ട് ചാനലുകാര് വന്നു മൈക്ക് നീട്ടുമ്പോള്‍ അവനും പറയും ഞാനും ഒരു സോഷ്യലിസ്റ്റ് ആണെന്ന്.

കഴിഞ്ഞദിവസമാണ് മാരുതിയുടെ ചെയര്‍മാനായ ആര്‍ സി ഭാര്‍ഗവയുടെ ദ പ്രിന്റിലെ ഇന്റര്‍വ്യൂ കാണുന്നത്. അദ്ദേഹം പറയുന്നുണ്ട് അദ്ദേഹവും ഒരു സോഷ്യലിസ്റ്റ് മനോഭാവമുള്ള ആളാണ് എന്ന്. അദ്ദേഹത്തിന്റെ സോഷ്യലിസം എല്ലാവരും തുല്യരായിരിക്കണം എന്നോ പണക്കാര്‍ ഉണ്ടാവരുതെന്നോ, സ്വകാര്യസംരംഭകര്‍ ഉണ്ടാവരുതെന്നോ ഉള്ള അര്‍ത്ഥത്തില്‍ അല്ല. എല്ലാ ആളുകള്‍ക്കും ജീവിക്കാനുള്ള ബേസിക് ആയിട്ടുള്ള കാര്യങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹതയുണ്ട്, അത് ഉറപ്പാക്കേണ്ടത് ഒരു സമൂഹത്തിന്റെ ബാധ്യതയാണ് എന്ന രീതിയിലാണ് അദ്ദേഹം സ്വയം സോഷ്യലിസ്റ്റ് എന്ന് നിര്‍വചിക്കുന്നത്.

ഈ കാര്യത്തില്‍ നമ്മള്‍ക്കാര്‍ക്കും യാതൊരു അഭിപ്രായ വ്യത്യാസവുമില്ല പക്ഷേ നമ്മള്‍ പറയുന്ന സോഷ്യലിസം ഇതല്ല. നമ്മള്‍ എതിര്‍ക്കുന്നത് എന്തിനെയാണ്? ഉദാഹരണത്തിന് കേരളത്തിലെ റോഡുകളെല്ലാം ദേശസാല്‍ക്കരിക്കുന്നു. അവിടെ ഇനി ഗവണ്‍മെന്റ് വണ്ടികള്‍ മാത്രമേ ഉണ്ടാവുമെന്ന് തീരുമാനിക്കുന്നു. നമ്മള്‍ ഇതിനെ എതിരാണ്. സര്‍ക്കാരിനേക്കാള്‍ കാര്യക്ഷമമായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കൊണ്ട് നടക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കഴിയും എന്ന് അഭിപ്രായക്കാരാണ് ഞാന്‍ ഉള്‍പ്പെടെ ഉളളവര്‍. ദേശസാല്‍ക്കരണത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. കേരളത്തിലെ എല്ലാ ടെക്‌നോളജി കോണ്‍ട്രാക്ടുകളും കെല്‍ട്രോണ്‍ എന്ന പൊതു മേഖലയ്ക്ക് നല്‍കുന്നു. ഇതിനെതിരാണ് ഞങ്ങള്‍. കേരളത്തിലെ സ്വകാര്യ സംരംഭകരുടെ വളര്‍ച്ചയ്ക്ക് വിഘാതമാണ് ഇത്തരത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍. മാത്രമല്ല ഉയര്‍ന്ന കോസ്റ്റ്, നികുതി ചോര്‍ച്ച, ക്വാളിറ്റി ഓഫ് പ്രോഡക്റ്റ് ഇതൊന്നും നല്‍കാന്‍ അവര്‍ക്ക് കഴിയില്ല എന്ന് നമുക്കറിയാം. ഇവിടെയും പണം നഷ്ടപ്പെടുന്നത് നികുതിദായകരുടെയാണ്.

സര്‍ക്കാര്‍ നമ്മുടെ ജീവിതത്തില്‍ എത്രമാത്രം പിടിമുറുക്കുന്നുവോ അത്രത്തോളം നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു ജീവിതം ദുസ്സഹം ആകുന്നു നമ്മുടെ പുരോഗതി തളരുന്നു. ക്യാമറ വച്ചപ്പോള്‍ ഇത് പൗരന്റെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് പറഞ്ഞ് നാലോ അഞ്ചോ വീഡിയോ ഇട്ട ഒരുവനും സ്വകാര്യവല്‍ക്കരണത്തെ മതമായാണ് കാണുന്നത്. പൊതുമേഖല എന്നാല്‍ സര്‍ക്കാരിന്റെ നീരാളി പിടുത്തത്തിന് നിന്നുകൊടുക്കുകയാണ് എന്നറിയാമായിരുന്നിട്ടും അവന്‍ സ്വയം അതിനു വേണ്ടി വാദിക്കുന്നു.

നിങ്ങള്‍ക്ക് മറ്റുള്ളവരോട് സ്‌നേഹമുണ്ട് സമൂഹത്തോട് കരുതല്‍ ഉണ്ട് എന്ന് കാണിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അണിയാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു പൊയ് മുഖം ആണ് സോഷ്യലിസവും കമ്മ്യൂണിസവും എല്ലാം . ഈ മണ്ടത്തരങ്ങള്‍ ഒന്നും വിശ്വസിക്കാതെ തന്നെ നിങ്ങള്‍ക്ക് ഈ സമൂഹത്തെ സ്‌നേഹിക്കാം. ഈ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഉന്നമനത്തിനു വേണ്ടി പ്രയത്‌നിക്കാം, അതിന് വേണ്ടി നിങ്ങളുടെ സമയം മാറ്റിവയ്ക്കാം..

നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ പലരും പറയുന്നതാണ് പ്രാര്‍ത്ഥിക്കാം എന്ന്. അത് പോലെ ആണ് ഞാന്‍ സോഷ്യലിസ്റ്റ് ആണ്, കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറയുന്നതും. ഒരു വ്യത്യാസം മാത്രം, പ്രാര്‍ത്ഥിക്കാം എന്ന് പറയുമ്പോഴും അവിടെ പ്രത്യേകിച്ച് നേട്ടമോ കോട്ടമോ ഒന്നും സംഭവിക്കുന്നില്ല, പക്ഷേ സോഷ്യലിസ്റ്റ് ആണ് കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറഞ്ഞ് ആശയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ സമൂഹത്തിന്റെ നാശം സംഭവിക്കുന്നു.

Asserting oneself as a socialist or communist can, in actuality, threaten the world one inhabits.


Leave a Reply

Your email address will not be published. Required fields are marked *