തായ്‌ലന്‍ഡിലെ ബുദ്ധമഠങ്ങളിലെ പെണ്‍കുട്ടികള്‍ വേശ്യാലയങ്ങളില്‍ എത്തുന്നത് എങ്ങനെ?


‘ബാങ്കോക്കിലെ വേശ്യാലയങ്ങളില്‍ തായ്‌ലന്‍ഡിലെ പാവപ്പെട്ട പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നതില്‍ അവിടത്തെ ചില ഭിക്ഷുക്കള്‍ക്കും, സന്യാസമഠങ്ങള്‍ക്കും പങ്കുള്ളതായി എസ്. ധമ്മികയുടെ The broken Buddha – Critical Reflections on Theravada and a Plea for a New Buddhism എന്ന പുസ്തകത്തില്‍ പറയുന്നു. ഈ വേശ്യാലയങ്ങളാണ് ബുദ്ധമഠങ്ങളിലെ ആഘോഷങ്ങളുടെ സ്‌പോണ്‍സര്‍മാര്‍. ഈ മഠങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളെ ഭിക്ഷുക്കള്‍ പറഞ്ഞു തിരിച്ച് അവരെ വേശ്യകളാകാന്‍ പ്രേരിപ്പിക്കും.’- എഴുത്തുകാരനും പ്രഭാഷകനുമായ ഡോ മനോജ്‌ബ്രൈറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്  ‘ബുദ്ധമതത്തിലെ കര്‍മ്മസിദ്ധാന്തം’ വായിക്കാം.

ബുദ്ധമതത്തിലെ കര്‍മ്മസിദ്ധാന്തം

ഹിന്ദു, ബുദ്ധ, ജൈന മതങ്ങളില്‍ എല്ലാം തന്നെ കര്‍മ്മസിദ്ധാന്തവും, അതിന്റെ അടിസ്ഥാനത്തിളുള്ള പുനര്‍ജ്ജന്മവും പ്രത്യേകം എടുത്തു പറയേണ്ടതില്ലാത്ത, സര്‍വ്വാംഗീകാരമുള്ള ഒരു കാര്യം എന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. ആയിരം പശുക്കള്‍ക്കിടയില്‍ നിന്ന് പശുക്കിടാവ് സ്വന്തം അമ്മയെ തിരിച്ചറിയുന്നത് പോലെയാണ് കര്‍മ്മഫലം അത് പ്രവര്‍ത്തിച്ചയാളെ തേടിയെത്തുന്നത് എന്നാണ് മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തില്‍ വിദുരര്‍ പറയുന്നത്. നല്ല നടപടിയും സ്വഭാവവും ഉള്ളവര്‍ നല്ല ജന്മം, അതായത് ബ്രാഹ്മണന്റെയോ, ക്ഷത്രീയന്റെയോ, വൈശ്യന്റെയോ ജന്മം നേടുന്നു. ചീത്ത നടപടിയും സ്വഭാവവും ഉള്ളവരാകട്ടെ നായയുടെയോ, പന്നിയുടേയോ, ചണ്ഡാളന്റേയോ ജന്മമാണു നേടുക എന്ന് ഛാന്ദോഗ്യോപനിഷത്ത് (5:10:7) പറയുന്നു. നമ്മുടെ ‘ബുദ്ധന്‍ ഫാന്‍സ്’ വിശ്വസിക്കാന്‍ പ്രയാസപ്പെടുമെങ്കിലും, ഇതേ അഭിപ്രായം തന്നെയാണ് ബുദ്ധനും പറയുന്നത്.

ബുദ്ധന്റെ അഭിപ്രായത്തില്‍ വക്രതയുള്ള മനോഭാവം (ക്രൂരത) കാണിക്കുന്നവര്‍ ഒന്നുകില്‍ നരകത്തില്‍ പോകും. അല്ലെങ്കില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്ന വല്ല പഴുതാര, തേള്, പാമ്പ് മുതലായ ജന്തുക്കളായി പുനര്‍ജ്ജനിക്കും. കാരണം അവരുടെ ശരീരവും, വാക്കും, മനസ്സും വക്രഗതിയിലാണ്. ജീവികള്‍ അവരുടെ കര്‍മ്മത്തിന്റെ അവകാശികളാണ്.

ഇങ്ങനെ പലതരം ദുഷ്‌കര്‍മ്മങ്ങളെയും, അതു മൂലമുണ്ടാകുന്ന മൃഗജന്മങ്ങളെയും കുറിച്ച് വിവരിച്ച ശേഷം നല്ല കര്‍മ്മഫലത്തെക്കുറിച്ചും പറയുന്നുണ്ട്. നല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നവവരുടേത്  ഋജുവായ ജീവിതമാണ്. അതിനാല്‍ അവരുടെ പുനര്‍ജ്ജന്മവും മികച്ചതായിരിക്കും. അവര്‍ക്ക് ഒന്നുകില്‍ സ്വര്‍ഗ്ഗം കിട്ടും, അല്ലെങ്കില്‍ അവര്‍ പ്രമാണിമാരും, ധനവാന്‍മാരുമായ, ക്ഷത്രീയര്‍, ബ്രാഹ്മണര്‍, വൈശ്യര്‍ എന്നിവരുടെ കൂട്ടത്തില്‍ പുനര്‍ജ്ജനിക്കും. (ഈ ലിസ്റ്റില്‍ ശൂദ്രര്‍ ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെയും വര്‍ണ്ണങ്ങളുടെ ക്രമം പറയുമ്പോള്‍ ക്ഷത്രീയരെ ആദ്യം പറയുന്നതും നോക്കുക.) മുജ്ജന്മ സുകൃതം ഉള്ളവര്‍ ശൂദ്രരായി ജനിക്കില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

വേറൊരിടത്ത് ബുദ്ധന്‍ വിഡ്ഢികളുടെയും, ബുദ്ധിമാന്‍മാരുടെയും ലക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിഡ്ഢികള്‍ മോശം കര്‍മ്മഫലം മൂലം മൃഗങ്ങളായി പുനര്‍ജ്ജനിക്കും. ഏറ്റവും മോശം വിഡ്ഢികള്‍ കുറെ മൃഗജന്മങ്ങള്‍ക്കു ശേഷം മനുഷ്യജന്മം കിട്ടിയാലും അതൊക്കെ താഴ്ന്ന കുടുംബത്തില്‍ ആയിരിക്കും. അതായത് ചണ്ഡാളര്‍, നായാടികള്‍, മുള നെയ്യുന്നവര്‍, വണ്ടിപ്പണിക്കാര്‍, തൂപ്പുകാര്‍ എന്നീ അഞ്ചു തരം കുടുംബങ്ങളില്‍. മാത്രമല്ല, ഇവര്‍ വികലാംഗരും, വിരൂപരും, ദരിദ്രരും ആയിരിക്കും.

നല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ബുദ്ധിമാന്‍മാരാണ്. അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകും. അവരില്‍ കൂടുതല്‍ മികച്ചവര്‍ സ്വര്‍ഗ്ഗവാസവും കഴിഞ്ഞ് ഭൂമിയില്‍ നല്ല ക്ഷത്രീയ, ബ്രാഹ്മണ, വൈശ്യ കുടുംബങ്ങളില്‍ ജനിക്കും. (ഇവിടെയും ശൂദ്രര്‍ ഇല്ല) അവര്‍ ധനവാന്‍മാരും, അംഗവൈകല്യങ്ങളില്ലാത്ത, വെളുത്തുതുടുത്ത സുന്ദരപുരുഷന്‍മാരുമായിരിക്കും. (അപ്പോള്‍ ബുദ്ധമതം എന്താണെന്നാ അംബേദ്കര്‍ പറഞ്ഞത്? ശൂദ്രമതം അല്ലെ ??? )

ബാങ്കോക്കിലെ വേശ്യാലയങ്ങളില്‍ തായ്‌ലാന്റിലെ പാവപ്പെട്ട പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നതില്‍ അവിടത്തെ ചില ഭിക്ഷുക്കള്‍ക്കും, സന്യാസമഠങ്ങള്‍ക്കും പങ്കുള്ളതായി എസ്. ധമ്മികയുടെ  The broken Buddha- Critical Reflections on Theravada and a Plea for a New Buddhism എന്ന പുസ്തകത്തില്‍ പറയുന്നു. ഈ വേശ്യാലയങ്ങളാണ് ബുദ്ധമഠങ്ങളിലെ ആഘോഷങ്ങളുടെ  സ്‌പോന്‍സര്‍മാര്‍. ഈ മഠങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളെ ഭിക്ഷുക്കള്‍ പറഞ്ഞു തിരിച്ച് അവരെ വേശ്യകളാകാന്‍ പ്രേരിപ്പിക്കും. വേശ്യയാകേണ്ടി വരുന്നത് അവരുടെ മുന്‍ജന്മ കര്‍മ്മഫലമാണ് എന്നവരെ വിശ്വസിപ്പിക്കും. വേശ്യാവൃത്തിയില്‍ നിന്നു ലഭിക്കുന്നതില്‍ ഒരു പങ്ക് ബുദ്ധമഠത്തിന് കൊടുത്താല്‍ മതി. കര്‍മ്മഫലത്തില്‍നിന്ന് അവര്‍ രക്ഷപ്പെടും എന്ന് ഉപദേശിക്കും. അവരുടെ പണം തട്ടിപ്പറിക്കുന്നതു കൂടാതെ ഇങ്ങനെ വേശ്യാലയങ്ങളില്‍ എത്തിക്കുന്നവരുടെ തലയെണ്ണി മഠത്തിന്റെ അധിപന്‍ വേശ്യാലയങ്ങളില്‍ നിന്ന് ബ്രോക്കര്‍ കാശുവാങ്ങുകയും ചെയ്യും. കര്‍മ്മസിദ്ധാന്തം ഇത്ര ക്രീയേറ്റീവായി ഉപയോഗിക്കുന്നത് വേറെ കണ്ടിട്ടുണ്ടോ?

ബുദ്ധന്‍ കര്‍മ്മത്തെക്കുറിച്ച് വിചിത്രമായ ഒരു കാര്യവും പറയുന്നുണ്ട്. വളരെ നിസ്സാരമായ ഒരു തെറ്റ് തന്നെ ചിലരില്‍ ഭീകരമായ കര്‍മ്മഫലവും, വേറെ ചിലരില്‍ നിസ്സാരമായ കര്‍മ്മഫലവും ഉണ്ടാക്കാം. ഒരു കപ്പിലെ വെള്ളത്തില്‍ അല്‍പ്പം ഉപ്പ് കലര്‍ത്തുന്നു എന്നു കരുതുക. ആ വെള്ളത്തിന് ഉപ്പുരസമുണ്ടാകും. എന്നാല്‍ അത്രയും ഉപ്പു തന്നെ ഗംഗാനദിയില്‍ കലര്‍ത്തിയാല്‍ അതിലെ വെള്ളത്തിന് ഉപ്പുരസമുണ്ടാകില്ല. അതായത് നേരത്തെ തന്നെ കുറച്ചു മാത്രം മുജ്ജന്മ സുകൃതം മാത്രമുള്ള ഒരാള്‍ക്ക് ഈ ജന്മത്തിലെ ചെറിയൊരു തെറ്റുകൊണ്ടു തന്നെ അതൊക്കെ നഷ്ടപ്പെട്ട് നരകം കിട്ടാം. അല്‍പ്പം വെള്ളത്തില്‍ ഉപ്പു കലരുന്നപോലെയാണ് അത്. അതേസമയം നേരത്തെതന്നെ കൂടുതല്‍ ‘മേന്മ പോയിന്റുകള്‍’ നേടിയിട്ടുള്ള ആള്‍ക്ക് ഈ ജന്മത്തിലെ ഒരു ചെറിയ തെറ്റു കൊണ്ട് വലിയ ദോഷമൊന്നും ഉണ്ടാകില്ല. ഗംഗാനദിയില്‍ അല്പം ഉപ്പു കലരുന്ന പോലെ അതുള്ളൂ.

ഇത് വിശദീകരിക്കാന്‍ വേറെയും ഉദാഹരണങ്ങള്‍ ബുദ്ധന്‍ പറയുന്നുണ്ട്. ഒരു ദരിദ്രവാസി അല്പം പണം മോഷ്ടിച്ചാല്‍ അയാളെ ജയിലിലടക്കും. എന്നാല്‍ അതേ ചെറിയ മോഷണത്തിന് ഒരു സമ്പന്നനെ ആരും ശിക്ഷിക്കില്ല. അതുപോലെ ഒരു ദരിദ്രന്‍ ഒരു കശാപ്പുകാരന്റെ ആടിനെ മോഷ്ടിച്ചാല്‍  ഉടമസ്ഥന് അയാളെ അടിക്കാന്‍ പറ്റും. എന്നാല്‍ ഒരു പണക്കാരന്‍ അതു ചെയ്താല്‍ ആടിനെയോ, അതിന്റെ വിലയോ തരാന്‍ കൈകൂപ്പി അപേക്ഷിക്കാനേ പറ്റൂ. അല്ലാതെ അയാളെ ശിക്ഷിക്കാന്‍ പറ്റില്ല. അതുപോലെ ‘മേന്മ പോയിന്റുകള്‍’ കുറവുള്ളവരുടെ തെറ്റുകള്‍ക്ക് നരകശിക്ഷ കിട്ടുമ്പോള്‍, കൂടുതല്‍ ‘മേന്മ പോയിന്റുകള്‍’ നേടി ഉന്നതകുലത്തില്‍ ജനിച്ചവരുടെ അതേ തെറ്റുകള്‍ ഇഹലോകത്തു തന്നെ തീര്‍പ്പാകും.

ചുരുക്കിപ്പറഞ്ഞാല്‍ ബൈബിളില്‍ മത്തായിയുടെ സുവിശേഷത്തില്‍ പറയുന്ന പോലെ ഉള്ളവന് ഇനിയും കൂടുതല്‍ കിട്ടും, ഇല്ലാത്തവന്റെ ഉള്ളതുകൂടി നഷടപ്പെടും. അതായത് ഈ ജന്മത്തില്‍ അടിമയോ, ചണ്ഡാളനോ ആയി ജനിക്കുന്ന ആള്‍ക്ക്, നിസ്സാരമായ ഒരു വീഴ്ച കൊണ്ട് ഉള്ളതുകൂടി നഷ്ടപ്പെട്ട് വീണ്ടും ചണ്ഡാള ജന്മം തന്നെ കിട്ടാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ നല്ല കര്‍മ്മഫലത്തോടെ ഉയര്‍ന്ന കുടുംബത്തില്‍  ജനിച്ച ആള്‍ക്ക് അത്തരം ചെറിയ തെറ്റുകള്‍ കൊണ്ട് കാര്യമായ ദോഷമൊന്നും സംഭവിക്കുകയുമില്ല. (സമൂഹത്തിലെ പ്രമാണിമാരെ സന്തോഷിപ്പിക്കാനുള്ള ഒരു അടവാണോ ഇത് എന്ന് ന്യായമായും സംശയിക്കാം. ഈ വകുപ്പ് ഉദ്ധരിച്ച് പ്രമാണിമാരെ അവരുടെ പാപങ്ങളില്‍ നിന്ന് നിസ്സാരമായി ഊരികൊടുക്കാം. അവരുടെ തെറ്റുകളെല്ലാം ഗംഗാനദിയില്‍ അല്‍പ്പം ഉപ്പു കലര്‍ന്നപോലയെ ഉള്ളൂ.)


ബോധിവൃക്ഷത്തിലെ മുള്ളുകള്‍
– ബുദ്ധമതം വിമര്‍ശിക്കപ്പെടുന്നു.

Loading


Leave a Reply

Your email address will not be published. Required fields are marked *